2020, ഓഗസ്റ്റ് 25, ചൊവ്വാഴ്ച

DUNNO 20

ബ്ലോബ്സ് ചിത്രരചനയിൽ 

ബെൻഡമും ട്വിസ്റ്റമും പട്ടം പട്ടണത്തിലായിരിക്കവേ, ഗ്രീൻവില്ലിൽ മഹാസംഭവങ്ങൾ അരങ്ങേറുന്നുണ്ടായിരുന്നു. അതിലൊന്നാമത്തെ സംഭവം ബ്ലോബ്സ്  ഹിമബിന്ദുവിൻ്റെ ഛായാപടം വരച്ചതാണ്. അയാൾ പടം വരക്കാൻ രണ്ടു മണിക്കൂറെടുത്തു. പക്ഷേ, ചിലവിട്ട സമയം വ്യർത്ഥമായില്ല. ഹിമബിന്ദുവിനെ പറിച്ചു വെച്ചതു പോലെയായിരുന്നു ചിത്രം. അതിന് ഹിമബിന്ദുവിനേക്കാൾ ഭംഗിയുണ്ടെന്നാണ് പെൺമൈറ്റുകളിൽ ചിലർ പറഞ്ഞത്. എങ്കിലും, അത് ശരിയായിരുന്നില്ല. ഹിമബിന്ദുവിനെക്കാൾ കൂടുതൽ ഭംഗി വരുത്തുക കഠിനമാണ്. വേണമെങ്കിൽ, ബ്ലോബ്സ് അവളുടെ മുഖഭാവത്തിന് കൂടുതൽ ആകർഷകത്വവും തീക്ഷ്ണതയും നൽകിയെന്ന് പറയാം. പക്ഷേ, അതാണല്ലോ, തീർച്ചയായും, ഏതു യഥാർത്ഥ കലയുടെയും ലക്ഷ്യം. 

താഴത്തെ നിലയിലെ മുറിയിൽ, എല്ലാവർക്കും കാണാൻ കഴിയുന്ന രീതിയിലാണ് ഛായാചിത്രം തൂക്കിയത്. അതു കണ്ടവരൊക്കെയും താന്താങ്ങളുടെ ചിത്രവും അപ്പോൾത്തന്നെ വരച്ചു തരണമെന്ന് ബ്ലോബ്സിനോട് ആവശ്യപ്പെട്ടു. എന്നാൽ, ഹിമബിന്ദുവാകട്ടെ, മുകളിലിരുന്ന് ധാന്യമണിയുടെ ഛായാപടം തീർക്കുന്ന ബ്ലോബ്സിനടുത്തേക്ക്  ആരെയും കടത്തി വിട്ടില്ല.

ചിത്രരചനയെക്കുറിച്ച് തനിക്കെല്ലാം അറിയുമെന്ന് വരുത്തിത്തീർക്കാൻ ബ്ലോബ്സിനു ചുറ്റും ചാഞ്ചാടി നടന്ന് അനാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയായിരുന്ന ഡന്നോ താഴെ നിന്നുയർന്ന വലിയൊരു ശബ്ദം ശ്രവിച്ചു. "എന്താണീ ബഹളമൊക്കെ? എന്താണീ ബഹളമൊക്കെ?" അവൻ ഒച്ചയുയർത്തി ചോദിച്ചുകൊണ്ട് താഴേക്ക് ഓടിയിറങ്ങി. "എല്ലാവരും ഇവിടെനിന്നൊന്ന് പോയിത്തരൂ." 

കലാകാരനെ കാണാനുള്ള ആകാംക്ഷയിൽ ആ പാവം പെൺകുട്ടികൾ ഡന്നോയുടെ മര്യാദയില്ലായ്മ ശ്രദ്ധിച്ചില്ല. അതിനു പകരം, അവർ അവനെ പൊതിഞ്ഞ് 'നല്ല തങ്കപ്പെട്ട ഡന്നോ ' എന്നു വിളിച്ചു; തങ്ങളെ പറഞ്ഞയക്കരുതെന്ന് കേണപേക്ഷിച്ചു.

"എങ്കിൽ വരിവരിയായി നിൽക്ക്," പെൺകുട്ടികളെ ചുമരരികിലേക്ക് പരുഷമായ് തള്ളിനീക്കി അവൻ ഒച്ചയിട്ടു. "ക്യൂ പാലിക്ക് എന്നല്ലേ ഞാൻ പറഞ്ഞത്. അല്ലെങ്കിൽ എല്ലാറ്റിനെയും ഞാൻ ആട്ടിയോടിക്കും."

"ഛീ, എന്തൊരു ജന്തുവാ നീ!" ഹിമബിന്ദു പറഞ്ഞു. "നിന്നെ കണ്ടിട്ട് എനിക്കാണ് ലജ്ജ വരുന്നത്."

"ലജ്ജിക്കണ്ടാന്ന് ഞാൻ പറഞ്ഞില്ലല്ലോ?" ഡന്നോ പറഞ്ഞു. 

ആ സമയം മറ്റൊരു പെൺമൈറ്റ് അവിടേക്ക് കയറി വന്നു. ആ സാമാന്യ ബഹളത്തിനിടയിൽ ആരുടേയും കണ്ണിൽപ്പെടാതെ അവൾക്ക് പടികൾ കയറാൻ പറ്റി. ഡന്നോ ഓടിച്ചെന്ന് അവളുടെ കൈ കവരാൻ ശ്രമിച്ചപ്പോൾ അവൾ നിന്നു; അവനെ ദഹിപ്പിക്കാൻ പോന്ന ഒരു നോട്ടമയച്ച്, അവൻ്റെ മുഖത്തിനു നേരെ ഒരു വിരൽ ചൂണ്ടി. 

"തൊട്ടു പോകരുതെന്നെ!" അവൾ പറഞ്ഞു. "എനിക്ക് ക്യൂവിൽ നിൽക്കേണ്ട കാര്യമില്ല. ഞാനൊരു കവയിത്രിയാണ്."

ഇതു തീരെ പ്രതീക്ഷിക്കാതിരുന്ന ഡന്നോ വാ പൊളിച്ച് നിന്നു പോയി. കവയിത്രിയാകട്ടെ ശാന്തമായ് പടി കയറിപ്പോയി. 

"ആരാ ഇവൾ?" അവളെ ചൂണ്ടി ഡന്നോ ചോദിച്ചു. 

"ഒരു കവയിത്രി. കവിതയെഴുതുന്നവൾ," പെൺകുട്ടികൾ പറഞ്ഞു.

"അതാണോ ഇത്ര വലിയ കാര്യം?" സ്വാരമിഴച്ചുകൊണ്ട് ഡന്നോ ചോദിച്ചു. "എൻ്റെ നാട്ടിലും ഒരു കവിയുണ്ടല്ലോ. എൻ്റെ ഒരു ശിഷ്യൻ. ഞാനാണ് അയാളെ കവിത കെട്ടാൻ പഠിപ്പിച്ചത്. ഇപ്പൊ, അയാൾ തന്നത്താനെഴുതാറായി."

"അപ്പൊ, നീയുമൊരു കവിയാ?" ശ്വാസം നിന്നുപോയ പെൺകുട്ടികൾ ചോദിച്ചു.

"ഉവ്വല്ലോ."

"ഒന്നോർത്തുനോക്കിയേ! കവിയും കലാകാരനും!"

"സംഗീതകാരൻ കൂടി," ഡന്നോ ഗർവ്വോടെ പറഞ്ഞു.

"ഞങ്ങൾക്ക് വേണ്ടി നിൻ്റെ ഒരു കവിത ചൊല്ലിയാട്ടെ," അവർ ആവശ്യപ്പെട്ടു .

"പിന്നെയാകട്ടെ," അതിനേക്കാൾ ഗൗരവമുള്ള പലകാര്യങ്ങളും ആലോചിക്കാൻ കിടപ്പുണ്ടെന്ന ഭാവത്തോടെ ഡന്നോ പറഞ്ഞു.  

"നിൻ്റെയാ കവിയുടെ പേരെന്താണ്?"

"പോസി."

"പോസി?" പെൺകുട്ടികൾ ആഹ്‌ളാദത്തോടെ കയ്യടിച്ചു. "നിൻ്റെ കവിയുടെ പേര് പോസി. ഞങ്ങളുടേത് ബ്ലോസം. രണ്ടുപേരും ഒരുപോലിരിക്കുന്നില്ലേ?"

"ഒരൽപ്പം."

"നിനക്കവളുടെ പേരിഷ്ടമായോ?"

"കുഴപ്പമില്ല."

"അവളുടെ കവിത നീയൊന്ന് കേൾക്കണം!" പെൺകുട്ടികൾ ഉച്ചത്തിൽ പറഞ്ഞു. "എത്ര മധുരമാണെന്നോ! മുകളിലേക്ക് പോയാൽ അവൾ നിന്നെ ചൊല്ലിക്കേൾപ്പിക്കും. അതു കേട്ട ശേഷം നിൻ്റെ അഭിപ്രായം പറ."

"കേട്ടേക്കാമെന്ന് എനിക്കും തോന്നുന്നു,"ഡന്നോ പറഞ്ഞു. 

അവൻ മുകളിലത്തെ നിലയിലെത്തിയപ്പോൾ ബ്ലോബ്സ് ധാന്യമണിയുടെ ഛായാപടത്തിൽ അവസാന മിനുക്കുപണികൾ നടത്തുകയായിരുന്നു. ബ്ലോസം ട്രിൽസിനടുത്ത് സോഫായിലിരുന്ന് സംഗീതം ചർച്ച ചെയ്യുകയായിരുന്നു. കവയിത്രിയെ ഇടയ്ക്കിടെ കള്ളക്കണ്ണിട്ട് നോക്കിക്കൊണ്ട്, കൈകൾ പിറകിൽ കെട്ടി ഡന്നോ അങ്ങോട്ടുമിങ്ങോട്ടും നടന്നു. 

"നീയെന്തിനാണിങ്ങനെ പെൻഡുലം പോലെ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുന്നത്?" ബ്ലോസം ചോദിച്ചു. "ഒന്നിരിക്കപ്പാ. നീയെനിക്ക് തലകറക്കം വരുത്തുന്നു."

"നീ നിൻ്റെ പണി നോക്ക്. അതല്ലെങ്കിൽ നിൻ്റെ ചിത്രം വരക്കരുതെന്ന് ഞാൻ ബ്ലോബ്‌സിനോട് പറയും," ഡന്നോ പറഞ്ഞു.

"എന്ത്! ഇവന് നിങ്ങളോട് ആജ്ഞാപിക്കാൻ കഴിയുമോ?"

"അവനു കഴിയും," ചിത്രമെഴുതുന്ന തിരക്കിൽ ഡന്നോ പറഞ്ഞത് കേൾക്കാതിരുന്ന ബ്ലോബ്സ് പറഞ്ഞു.

"കണ്ടാ!" ഡന്നോ പറഞ്ഞു."ഞാൻ ചീഫ് ആയതിനാൽ, എല്ലാവരും എന്നെ അനുസരിച്ചേ പറ്റൂ."

ഇത്രയും പ്രാധാന്യം അവനുണ്ടെന്ന് ധരിച്ച ബ്ലോസം അവനോടിണങ്ങാൻ തീരുമാനിച്ചു. 

"നീയാണോ ആ ബലൂണുണ്ടാക്കിയത്?" അവൾ ചോദിച്ചു .

"പിന്നല്ലാതാര്?"

"എന്നെങ്കിലുമൊരു നാൾ നിന്നെക്കുറിച്ച് ഞാനൊരു കവിതയെഴുതും."

"എനിക്ക് നിൻ്റെ കവിതയൊന്നും വേണ്ട," ഡന്നോ ചീറ്റി.

"അതു പറയരുത്," ബ്ലോസം മെല്ലെ പറഞ്ഞു. "ഞാൻ എത്ര നന്നായ്   കവിതയെഴുതുമെന്ന് നിനക്കറിഞ്ഞൂടാ. ഞാനൊന്ന് ചൊല്ലിക്കേൾപ്പിക്കട്ടേ?" 

"നിനക്കു വേണമെങ്കിൽ ആയിക്കോ," താൽപ്പര്യമില്ലാതെ ഡന്നോ പറഞ്ഞു.

"എൻ്റെ പുതിയ കവിതകളിലൊന്നു ചൊല്ലാം. ഇതൊരു തവളയെക്കുറിച്ചാണ്:

ശാലൂരമൊന്നിൻ്റെ   കാൽ  പിടിച്ചൂ  ഞാൻ 

ലാലാല ... ലാല .... ലാലാലലാ   ....

പിന്നീടു  ഞാനതിനെ  വെറുതെ  വിട്ടൂ. 

തവളകളുമെലികളുമേറെയിഷ്ടം 

അവരത്ര  നല്ല ജന്തുക്കളല്ലോ .

പിന്നെപിപ്പിടിച്ചതോ ഒരു  വണ്ടിനെ 

വണ്ടിൻ്റെ  കൊമ്പു  ഞാൻ  കണ്ടതില്ലേ 

ആ കൊമ്പെൻ്റെ  വിരലിലോ  ആഞ്ഞു  കുത്തി 

ഹയ്യയ്യോ  ... ഹയ്യോ  ... ഹയ്യോ ഹയ്യോ . 

തവളയും വണ്ടും  എനിക്കു  വേണ്ടേ 

കുസൃതിയും വേണ്ട ; മരങ്കേറ്റവും 

അവയെൻ്റെ  തലയെ  വളർത്തുകില്ലാ 

ഇനിയെനിക്കാവശ്യം പുസ്തകങ്ങൾ." 

" ബലേ ഭേഷ്!" ബ്ലോബ്സ് ആർത്തു വിളിക്കുക മാത്രമല്ല, കരഘോഷവും മുഴക്കി.

"വളരെ നല്ല കവിത," ട്രിൽസ് പറഞ്ഞു. "തവളകളെക്കുറിച്ചു പറയുക മാത്രമല്ല, അതു കുട്ടികളെ പുസ്തകങ്ങൾ വായിക്കാൻ പ്രോത്സാഹാഹിപ്പിക്കുന്നുമുണ്ട്. വളരെ ബോധനപ്രദം."

"ഇതാ വേറൊന്ന്," കവയിത്രി പറഞ്ഞു. ഇത്തവണ തവളക്കു പകരം മിന്നാമിനുങ്ങായിരുന്നു. 'ഇനിയെനിക്കാവശ്യം പുസ്തകങ്ങൾ" എന്ന്  അവസാനിക്കുന്നതിനു പകരം അതവസാനിച്ചത് 'ഇനി ഞാനൊരുക്കട്ടെ എൻ്റെ മെത്ത' എന്നാണ്. അടുത്ത കവിത കൊതുകിനെക്കുറിച്ചായിരുന്നു. 'ഇനീയെനിക്കു തീറ്റണം കോഴികളെ," എന്ന വരിയിലാണ് അതവസാനിച്ചത്. അവസാനത്തെ കവിതയുടെ അന്ത്യമാകട്ടെ, "ഇനിയെൻ്റെ കോഴിപ്പുരക്കടിക്കട്ടെ ചായം,' എന്നായിരുന്നു. 

അപ്പോഴേക്കും ബ്ലോബ്സ് ധാന്യമണിയുടെ ചിത്രം പൂർത്തിയാക്കി. അതെല്ലാവരേയും ആനന്ദതുന്ദിലരാക്കി.

"വശ്യമനോഹരം!" അവർ പറഞ്ഞു. "രമണീയം! ഒരു ശ്രേഷ്ഠ രചന!"

"എന്നെ ഇതു പോലെ ഒരു നീല വസ്ത്രത്തിൽ വരക്കാമോ?" ബ്ലോബ്‌സിനോട് ബ്ലോസം ചോദിച്ചു.

"അതിനു നിൻ്റെ വേഷം പച്ചയാണല്ലോ," ബ്ലോബ്സ്‌ പറഞ്ഞു.

"അതിനെന്താ? പച്ചയാണെങ്കിലും, നീലയായ് വരക്കാമല്ലോ. അങ്ങനെ വരക്ക്, പൊന്നേ. ധാന്യമണിയുടെ പടം നീലയിൽ ഇത്ര ഭംഗിയായ് വരുമെന്നറിഞ്ഞിരുന്നുവെങ്കിൽ , ഞാൻ നീലയുടിപ്പിട്ടു വന്നേനെ.

"വരക്കാൻ പറ്റുമെന്നാണ് എനിക്കു തോന്നുന്നത്," ബ്ലോബ്സ് പറഞ്ഞു.

"എൻ്റെ കണ്ണുകളും നീലയാക്കണം."

"കണ്ണുകളോ? പക്ഷേ, അവ തവിട്ടു നിറമാണ്," ബ്ലോബ്സ് പറഞ്ഞു.

"അതത്ര കാര്യമാക്കാനുണ്ടോ? പച്ചയുടുപ്പ് നീലയാക്കാമെങ്കിൽ, തവിട്ടു കണ്ണുകളും നീലയാക്കിക്കൂടെ? എൻ്റെ പൊന്നല്ലേ!" അവൾ കൊഞ്ചി.

"ഉടുപ്പും കണ്ണും തമ്മിൽ വലിയ വ്യത്യാസമുണ്ട്," ബ്ലോബ്സ് പറഞ്ഞു. ഉടുപ്പ് മാറ്റാൻ പറ്റും; കണ്ണുകൾ അങ്ങനെയല്ലല്ലോ."

"അതു ശരിയാണ്. ആട്ടെ; കണ്ണുകൾ തവിട്ടായേ വരയ്ക്കാൻ പറ്റുമെങ്കിൽ, അങ്ങനെ വരച്ചോളൂ. പക്ഷേ, അവയെ ആകാവുന്നത്ര വലുതാക്കണം."

"അവയ്ക്കിപ്പോൾത്തന്നെ ആവശ്യമുള്ളത്ര വലുപ്പമുണ്ട്."

"ഒരിത്തിരി കൂടി വലുതാക്കൂ, പ്ലീസ്! കൺപീലികൾ നീണ്ടുനീണ്ടിരിക്കണം."

"ശരി."

"സ്വർണ്ണമുടിയായിരിക്കണം. പൊതുവേ, എൻ്റെ മുടിക്ക് ഏറെക്കുറെ സ്വർണ്ണ നിറമാണ്, അല്ലേ?"

"ഏറെക്കുറെ," ബ്ലോബ്സ് പറഞ്ഞു. 

അയാൾ കവയിത്രിയെ വരക്കാൻ ആരംഭിച്ചു. ഓരോ മിനിട്ടു കൂടുമ്പോഴും അവൾ തുള്ളിയെഴുന്നേറ്റ് ചിത്രം നോക്കും; ഉറക്കെപ്പറയും:

"കണ്ണുകൾ വലുതാക്കൂ ---. ഇനിയും വലുപ്പത്തിൽ; ഇനിയുമിനിയും!" "കൺപീലികൾ നീട്ടൂ --- ഇനിയും നീട്ടൂ; ഇനിയുമിനിയും."

ചിത്രം പൂർത്തിയായപ്പോഴോ, കണ്ണുകൾക്ക് ഭീമമായ വലുപ്പം; വായയാകട്ടെ, ഒരു സൂചിത്തലയുടെ വലുപ്പത്തിൽ; മുടിയോ, ശുദ്ധമായ സ്വർണ്ണം കൊണ്ടുണ്ടാക്കിയതു പോലെ. ചിത്രത്തിന് ബ്ലോസവുമായ് കാര്യമായ സാദൃശ്യമൊന്നുമുണ്ടായിരുന്നില്ല.  പക്ഷേ, അവൾക്കതിഷ്ടമായി; അവൾ വിചാരിച്ചതിൽവെച്ച് ഏറ്റവും നല്ലതാണതെന്ന് പറയുകയും ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഗലീലിയോ

ലോകം - ഗലീലിയോവിന് മുമ്പ്  ബഹിരാകാശഗോളങ്ങളുടെ സഞ്ചാരം പഠിക്കുന്നവരെ നമ്മൾ ജ്യോതിർശാസ്ത്രജ്ഞന്മാർ - astronomers - എന്നാണ് വിളിക്കാറ്. സഹസ്രാബ...