* സ്വത്വത്തെ വെളിപ്പെടുത്താൻ ജീനുകൾക്കാകുമോ എന്ന് സംശയിക്കുന്നവർ വേറൊരു ലോകത്തായിരിക്കണം ജീവിക്കുന്നത്. മനുഷ്യർ, അടിസ്ഥാനപരമായ്, രണ്ടു ജാതികളായാണ്, ആണും പെണ്ണുമായാണ്, പിറവികൊള്ളുന്നതെന്ന് അവർ മനസ്സിലാക്കുന്നില്ല. സംസ്കാരവിമർശകർ, സ്വവർഗ്ഗരതിയുടെ സൈദ്ധാന്തികർ, ഫാഷൻ ഫോട്ടോഗ്രാഫർമാർ, ലേഡി ഗാഗ എന്നിവരൊക്ക നമ്മെ ഒരു കാര്യം ശരിയായ് ബോദ്ധ്യപ്പെടുത്തുന്നുണ്ട്: [ആണും പെണ്ണുമെന്ന] ഈ തരംതിരിവ് അടിസ്ഥാനപരമല്ല; അതിൻ്റെ അതിരുകളിൽ പലപ്പോഴും താറുമാറാക്കുന്ന അവ്യക്തതകൾ ഒളിഞ്ഞിരിപ്പുണ്ട്. എങ്കിലും, മൂന്ന് അടിസ്ഥാന വസ്തുതകൾ തള്ളിക്കളയുക കഠിനമാണ്. ഒന്ന്, ആണും പെണ്ണും രൂപപരമായും ധർമ്മപരമായും വ്യത്യസ്തരാണ്. രണ്ട്, ഈ വ്യത്യാസത്തിനു കാരണം ജീനുകളാണ്. മൂന്ന്, സ്വത്വത്തിൻ്റെ സാമൂഹിക, സാംസ്കാരിക നിർമ്മിതിയുമായ് ഈ വ്യത്യാസം ഉൾച്ചേരുമ്പോൾ, അത് വ്യക്തികളെന്ന നിലയിലുള്ള നമ്മുടെ സ്വത്വത്തെ വെളിപ്പെടുത്തുന്നതിൽ വീര്യമേറിയ ഒരു സ്വാധീനമായിത്തീരുന്നു. ലിംഗം, ലിംഗ(വ്യക്തി)ത്വം, ലിംഗസ്വത്വം (2) എന്നിവ നിർണ്ണയിക്കുന്നതിൽ ജീനിനു പങ്കുണ്ടെന്നുള്ള ആശയം നമ്മുടെ ചരിത്രത്തിൽ താരതമ്യേന നവീനമാണ്. ഈ മൂന്നു വാക്കുകൾ തമ്മിലു...