2020, ജൂൺ 2, ചൊവ്വാഴ്ച

2: രഹസ്യങ്ങളുടെ രഹസ്യം

 "രഹസ്യങ്ങളുടെ രഹസ്യം" 

കാട്ടിലെയൊരു വെള്ളക്കുരങ്ങിൻ്റെ മനസ്സിലതു യദൃച്ഛയാ കൊള്ളും വരെ 
എല്ലാം അന്ധമായ് ഉരുളുകയാണെന്ന് പറയാനാണവർ തുനിഞ്ഞത്;
എന്നിട്ടും അതിനു തപ്പിത്തടയേണ്ടിവന്നു; 
 അബദ്ധങ്ങളിൽ വീഴേണ്ടിവന്നു;
ഒരു കാലം ഭൂമിയിൽ ഡാർവിൻ വരുംവരെ.
                                         --- റോബർട്ട് ഫ്രോസ്റ്റ് , യദൃച്ഛയാ, മന :പൂർവ്വം.  

1831ലെ ശീതകാലത്ത്, സൈലേഷ്യയിൽ മെൻഡൽ സ്‌കൂൾകുട്ടി ആയിരിക്കെ, വൈദിക പരിശീലനത്തിലായിരുന്ന ചാൾസ് ഡാർവിൻ എന്ന ഒരു യുവാവ്, ഇംഗ്ലണ്ടിലെ തെക്കുപടിഞ്ഞാറൻ തീരത്തുള്ള പ്ലിമത് സൗണ്ടിൽ നിന്നും  പത്തുതോക്കുകളുള്ള എഛ് എം എസ് ബീഗിൾ എന്ന യുദ്ധക്കപ്പലിൽ കയറി. അപ്പോൾ ഡാർവിനു പ്രായം ഇരുപത്തിരണ്ട്. അദ്ദേഹത്തിൻ്റെ അപ്പനപ്പൂപ്പന്മാരും അമ്മയമ്മൂമ്മമാരും ഡോക്ടർമാരായിരുന്നു. അച്ഛൻ്റെ സമചതുരസുകുമാര മുഖമായിരുന്നൂ അദ്ദേഹത്തിന്റേത്; നിറമോ, അമ്മയുടെ ചീനപ്പിഞ്ഞാണനിറവും.  തലമുറകളോളം ഡാർവിൻ കുടുംബത്തിൽ കാണാമായിരുന്ന കട്ടിക്കൺപുരികങ്ങളും അദ്ദേഹത്തിനുമുണ്ടായിരുന്നു. എഡിൻബർഗ്ഗിൽ മെഡിസിൻ പഠിക്കാൻ മൂപ്പർ ശ്രമിച്ചിരുന്നു. അത്, പക്ഷേ, വിജയിച്ചില്ല. "ഈർച്ചപ്പൊടിക്കും ചോരക്കുമിടയിൽ തളച്ചു താഴെക്കിടത്തിയ ഒരു കുട്ടിയുടെ നിലവിളികൾ" കേട്ട് പേടിച്ചരണ്ട അദ്ദേഹം വൈദ്യശാസ്ത്രത്തിൽ നിന്ന് പലായനം ചെയ്ത്,  കേംബ്രിഡ്ജിലെ ക്രൈസ്റ്റ് കോളേജിൽ ദൈവശാസ്ത്രം പഠിക്കാൻ പോയി. ഡാർവിൻ്റെ പ്രതിപത്തി, പക്ഷേ, ദൈവശാസ്ത്രത്തിനുമേറെ അപ്പുറത്തായിരുന്നു.  സിഡ്‌നി സ്ട്രീറ്റിലെ ഒരു പുകയിലക്കച്ചവടക്കാരൻ്റെ മുറിക്കു മുകളിലെ മാളത്തിലിരുന്ന് അദ്ദേഹം വണ്ടുകളെ ശേഖരിക്കുന്നതിലും, സസ്യശാസ്ത്രവും, ഭൂഗർഭശാസ്ത്രവും, ജ്യാമിതിയും, ഭൗതിക ശാസ്ത്രവും പഠിക്കുന്നതിലും, ദൈവത്തെയും, ദൈവികമായ ഇടപെടലുകളെയും, ജീവോൽപ്പത്തിയെയും കുറിച്ചുള്ള ആവേശമാർന്ന തർക്കങ്ങളിലും സ്വയം വ്യാപൃതനായി. ദൈവശാസ്ത്രത്തിലോ, തത്ത്വചിന്തയിലോ ഉള്ളതിലുപരി അദ്ദേഹത്തിൻ്റെ അഭിരുചി പ്രകൃതി വിജ്ഞാനീയത്തിലായിരുന്നു ---ക്രമബദ്ധമായ ശാസ്ത്രീയ തത്ത്വങ്ങളെ മുൻനിർത്തിയുള്ള പ്രകൃതിപഠനത്തിൽ. പ്രകൃതിവിജ്ഞാനീയത്തിൻ്റെ വിശാലമായൊരു  വാതിൽപ്പുറമ്യൂസിയമായ കേംബ്രിഡ്ജ്  ബൊറ്റാണിക് ഗാർഡൻ്റെ   നിർമ്മാതാവും പരിപാലകനുമായ, സസ്യശാസ്ത്രജ്ഞനും ഭൂഗർഭശാസ്ത്രജ്ഞനുമായ ജോൺ ഹെൻസ്ലോ എന്ന വേറൊരു വൈദികനു കീഴിൽ അദ്ദേഹം തൊഴിൽ പരിശീലിച്ചു.  ഇവിടെ വച്ചാണ് ഡാർവിൻ ആദ്യമായ്  സസ്യജന്തു മാതൃകകളെ ശേഖരിക്കാനും, തിരിച്ചറിയാനും വർഗ്ഗീകരിക്കാനും പഠിച്ചത്.    

വിദ്യാർത്ഥിയായിരിക്കേ, ഡാർവ്വിൻ്റെ ഭാവനക്ക് രണ്ടു പുസ്തകങ്ങൾ, വിശേഷിച്ചും, തിരി കൊളുത്തി. അതിലൊന്ന് 1802ൽ, ഡാൾസ്റ്റണിൽ മുമ്പ് വികാരിയായിരുന്ന, വില്യം പെയ് ലി പ്രസിദ്ധീകരിച്ച പ്രാകൃതിക ദൈവശാസ്ത്രമാണ്. അതിലെ വാദം ഡാർവിനിൽ ഗഹനമായ 
അനുരണനങ്ങളുളവാക്കി.  പെയ് ലി പറയുകയാണ്: തരിശുഭൂമിയിലൂടെ നടന്നു പോകുന്ന ഒരാൾ നിലത്തൊരു വാച്ച് കിടക്കുന്നത് കാണുന്നുവെന്നിരിക്കട്ടെ. അതയാൾ പെറുക്കിയെടുത്ത് തുറന്നു നോക്കുകയാണ്. സമയമറിയുക സാദ്ധ്യമാക്കുന്ന ഒരു യന്ത്രത്തിൽ കലാശിക്കുന്ന, പല്ലുകളും ചക്രങ്ങളുമുള്ള  അതിവിശിഷ്ടമായൊരു സംവിധാനം അയാൾ കാണുന്നു. ഒരു വാച്ചുനിർമ്മാതാവിനു മാത്രമേ അത്തരമൊരുപകരണം നിർമ്മിക്കാൻ കഴിയൂവെന്ന് അയാൾ ഊഹിച്ചാൽ അത് യുക്തിസഹമല്ലേ? അതേ യുക്തി പ്രകൃതിക്കും ബാധകമായേ പറ്റൂവെന്നാണ് പെയ് ലി യുക്തിവിചാരം ചെയ്തത്. ജീവികളുടെയും, മനുഷ്യാവയവങ്ങളുടെയും --- തലത്തിരുന്ന ചുഴി, ചന്തിയിലെ സന്ധിക്കുഴിയിലുള്ള കെട്ട്  ---  വൈശിഷ്ട്യമാർന്ന നിർമ്മാണം ഒരേയൊരു വസ്തുതയിലേക്ക് മാത്രമാണ് വിരൽ ചൂണ്ടുന്നത്: എല്ലാ ജീവികളെയും സൃഷ്ടിച്ചിരിക്കുന്നത് പരമമായ വിധം നിഷ്ണാതനായൊരു പരികല്പകനാണ്: ദിവ്യനായൊരു വാച്ചുനിർമ്മാതാവ്, ദൈവം.

രണ്ടാമത്തെ പുസ്തകം, ജ്യോതിശ്ശാസ്ത്രജ്ഞനായ സർ ജോൺ ഹെർഷൽ 1830ൽ പ്രസിദ്ധീകരിച്ച പ്രാകൃതിക വിജ്ഞാനപഠനത്തെക്കുറിച്ചുള്ള ഒരു പ്രാഥമിക വ്യവഹാരമാണ്. അതേറെ വിപ്ലവകരമായൊരു വ്യത്യസ്ത വീക്ഷണമാണ് ഉന്നയിച്ചത്. പ്രകൃതി, ആദ്യനോട്ടത്തിൽ, വിസ്മയമാംവിധം സങ്കീർണ്ണമാണെന്ന് തോന്നാമെന്ന് ഹെർഷൽ സമ്മതിക്കുന്നു; പക്ഷേ, പ്രത്യക്ഷത്തിൽ  സങ്കീർണ്ണമായ പ്രതിഭാസങ്ങളെ കാര്യകാരണങ്ങളിലേക്ക് ചുരുക്കാൻ ശാസ്ത്രത്തിനു കഴിയും:  ഉദാഹരണത്തിന്, ഒരു വസ്തുവിൽ ബലമുണ്ടാക്കുന്ന ആഘാതമാണ് ചലനം; ഊർജ്ജത്തിൻ്റെ സ്ഥാനാന്തരമാണ് ചൂടുണ്ടാക്കുന്നത്; വായുവിലുള്ള കമ്പനമാണ് ശബ്ദത്തിൻ്റെ ഹേതു. രാസപ്രതിഭാസങ്ങളെയും, ആത്യന്തികമായ്, ജൈവപ്രതിഭാസങ്ങളെയും കൂടി ഇത്തരം കാര്യകാരണ പ്രക്രിയകളുമായ് ബന്ധപ്പെടുത്താമെന്നതിൽ ഹെർഷലിന് ഒരു സംശയവുമുണ്ടായില്ല.

ജീവജന്തുക്കളുടെ സൃഷ്ടിയിലായിരുന്നൂ ഹെർഷലിൻ്റെ സവിശേഷ താൽപ്പര്യം. സൂക്ഷ്മവിഷാദശാംശങ്ങളിൽ ശ്രദ്ധയൂന്നുന്ന അദ്ദേഹം ഈ പ്രശ്നത്തെ രണ്ടടിസ്ഥാന ഘടകങ്ങളായ് വിഭജിച്ചു.   ജീവനില്ലാത്തതിൽനിന്നുമുള്ള ജീവൻ്റെ സൃഷ്ടിയാണ് ആദ്യത്തെ പ്രശ്നം --- ശൂന്യതയിൽനിന്നുമുള്ള ഉൽപ്പത്തി. ഇവിടെ, ദൈവസൃഷ്ടിയെന്ന ന്യായത്തെ വെല്ലുവിളിക്കാനുള്ള ധൈര്യം അദ്ദേഹത്തിനുണ്ടായില്ല. "കാര്യങ്ങളുടെ ഉല്പത്തിയിലേക്ക് കയറി സൃഷ്ടിയെക്കുറിച്ച് നിരൂപിക്കുക ഒരു ഭൗതികചിന്തകൻ്റെ പണിയല്ല," അദ്ദേഹമെഴുതി. ഇന്ദ്രിയങ്ങളും, ജീവവജാലങ്ങളും ഊർജ്ജതന്ത്രത്തിൻ്റെയും രസതന്ത്രത്തിൻ്റെയും നിയമങ്ങൾക്കനുസരിച്ചായിരിക്കാം പെരുമാറുന്നത് --- എന്നാൽ,  ഈ നിയമങ്ങളിലൂടെ ജീവോൽപ്പത്തിയെത്തന്നെ മനസ്സിലാക്കാൻ ഒരിക്കലും കഴിയുകയില്ല. ഏദനിൽ ആദാമിന് ദൈവമൊരു പരീക്ഷണശാല കൊടുത്തതിനുശേഷം, തോട്ടമതിലിനപ്പുറത്തെന്തെന്ന് ഒളിഞ്ഞുനോക്കുന്നത് വിലക്കിയതുപോലെയായീ കാര്യം.

രണ്ടാമത്തെ പ്രശ്നം കൂടുതൽ കൈകാര്യക്ഷമമാണെന്ന് ഹെർഷൽ വിചാരിച്ചു. ജീവോല്പത്തിക്ക് ശേഷം, പ്രകൃതിയിൽ കാണുന്ന വൈവിധ്യത്തെ ഏതു പ്രക്രിയയാണ് സൃഷ്ടിക്കുന്നത്? ഉദാഹരണമായ്, ഒരു ജീവിവർഗ്ഗത്തിൽനിന്ന് മറ്റൊരു പുതിയ ജീവിവർഗ്ഗമെങ്ങനെ ഉണ്ടാകുന്നു?   വാക്കുകളുടെ രൂപം മാറിയാണ് പുരാതന ഭാഷകളിൽനിന്ന് നവീന ഭാഷകൾ ഉണ്ടാകുന്നതെന്ന്, ഭാഷകൾ പഠിച്ച നരവംശശാസ്ത്രജ്ഞർ തെളിയിച്ചിട്ടുണ്ടായിരുന്നു. സംസ്കൃതത്തിലെയും ലത്തീനിലേയും
പദങ്ങളുടെ വേരുകൾ പുരാതനമായൊരു ഇന്തോയൂറോപ്യൻ ഭാഷയിലുണ്ടായ ഭേദങ്ങളിലും പരിവർത്തനങ്ങളിലും കണ്ടെത്താനാകും. ഇംഗ്ലീഷിനും ഫ്ലെമിഷിനും പൊതുവായൊരുറവിടമുണ്ട്. പൂർവ്വഭൂതങ്ങളുടെ ഉൾപ്പരിവർത്തനമാണ് ഭൂമിയെ ഇന്നത്തെ ആകാരം --- അതിലെ പാറകളും, ഗർത്തങ്ങളും, പർവ്വതങ്ങളും --- സൃഷ്ടിച്ചതെന്ന് ഭൂഗർഭശാസ്ത്രജ്ഞരും അഭിപ്രായപ്പെട്ടിട്ടുണ്ട്.  "പോയ യുഗങ്ങളുടെ ഇടിഞ്ഞു പൊളിഞ്ഞ തിരുശേഷിപ്പുകളിൽ, സുഗ്രാഹ്യമായ വിശദീകരണം സാദ്ധ്യമാക്കുന്ന, മായ്ച്ചു കളയാൻ പറ്റാത്ത  രേഖകളുണ്ട്," ഹെർഷൽ എഴുതി. അതൊരു ഉൾക്കാഴ്ച്ച തരുന്ന വെളിച്ചമായിരുന്നു: ഭൂതകാലത്തെ "ഇടിഞ്ഞു പൊളിഞ്ഞ തിരുശേഷിപ്പുകൾ" പരിശോധിക്കുക വഴി, ഒരു ശാസ്ത്രകാരന് ഭാവിയും വർത്തമാനവും മനസ്സിലാക്കുക സാദ്ധ്യമാണ്. ജീവോല്പത്തിയുടെ   ശരിയായ തന്ത്രം  ഹെർഷലിൻ്റെ കയ്യിലുണ്ടായിരുന്നില്ല; എങ്കിലും, അദ്ദേഹം ശരിയായ ചോദ്യമാണുന്നയിച്ചത്. അതിനെ അദ്ദേഹം "രഹസ്യങ്ങളുടെ രഹസ്യം" എന്നു വിളിച്ചു.

                                                                               ⧭         

കേംബ്രിഡ്ജിൽ ഡാർവ്വിനെ ഗ്രസിച്ച പ്രകൃതി വിജ്ഞാനം, ഹെർഷലിൻ്റെ "രഹസ്യങ്ങളുടെ രഹസ്യത്തെ" പരിഹരിക്കാനായ് പ്രത്യേകം തയ്യാറാക്കപ്പെട്ടതായിരുന്നില്ല. തീവ്രജിജ്ഞാസുക്കളായ ഗ്രീക്കുകാരെ സംബന്ധിച്ച് ജീവജന്തുക്കളുടെ പഠനം പ്രാകൃതികലോകത്തിൻ്റെ ഉത്ഭവവുമായ് ഗാഢബന്ധമുള്ളതായിരുന്നു. പക്ഷേ, ഇത്തരത്തിലുള്ള അന്വേഷണ മാർഗ്ഗം അരുചികരമായ സിദ്ധാന്തങ്ങളിലേക്കെ നയിക്കൂവെന്ന് മദ്ധ്യകാലക്രിസ്ത്യാനികൾ ക്ഷണത്തിൽ തിരിച്ചറിഞ്ഞു. "പ്രകൃതി" ദൈവസൃഷ്ടിയാണ് ... അതിനാൽ, കൃസ്തീയപ്രമാണവുമായ് ഒത്തുപോകുന്നതിന്, പ്രാകൃതികചരിത്രകാരന്മാർ പ്രകൃതിയുടെ കഥ ഉൽപ്പത്തിപുസ്തകപ്രകാരമേ പറയാവൂ.

പ്രകൃതിയെപറ്റിയുള്ള ഒരു വിവരണാത്മക വീക്ഷണം --- തിരിച്ചറിയുന്നതും, പേരിടുന്നതും, സസ്യങ്ങളെയും ജന്തുക്കളെയും  വർഗ്ഗീകരിക്കുന്നതുമൊക്കെ --- തീർത്തും അംഗീകരിക്കാവുന്നതു തന്നെ. പ്രകൃതിയിലെ വിസ്മയങ്ങൾ വിവരിക്കുക വഴി, നാം സർവശക്തനായ ദൈവം സൃഷ്ടിച്ച ജീവികളുടെ മഹാവൈവിദ്ധ്യം കൊണ്ടാടുകയാണ്, ഫലത്തിൽ, ചെയ്യുന്നത്. എന്നാൽ, ഭൗതികപ്രക്രിയകളെമാത്രം മുൻനിർത്തി പ്രകൃതിയെ വീക്ഷിക്കുന്നത് സൃഷ്ടിസിദ്ധാന്തത്തിൻ്റെ
അടിസ്ഥാനത്തെത്ത ചോദ്യം ചെയ്യലാകും. എന്തിന്, എപ്പോഴാണ് മൃഗങ്ങൾ സൃഷ്ടിക്കപ്പെട്ടതെന്ന് ചോദിക്കുന്നത് --- ഏത് തന്ത്രത്താൽ അല്ലെങ്കിൽ ശക്തിയാൽ എന്നത് --- ദൈവസൃഷ്ടിയെന്ന കഥയെ വെല്ലുവിളിക്കലാണ്; അപകടകരമാവിധം വേദനിന്ദയിലേക്ക് ചായലാണ്.  പതിനെട്ടാം നൂറ്റാണ്ടിൻെറ അവസാനത്തോടെ പ്രാകൃതിക ചരിത്രത്തിൽ അധീശത്വം പുലർത്തിയിരുന്നത്, സ്വാഭാവികമായും, ഉദ്യാനങ്ങൾ നട്ടുവളർത്തുകയും, ദൈവസൃഷ്ടിയിലെ വിസ്മയങ്ങളെ ആരാധിക്കുന്നതിനായ് സസ്യജന്തുക്കളുടെ മാതൃകകൾ ശേഖരിക്കുകയും, എന്നാൽ ആ സൃഷ്ടിയെക്കുറിച്ചുള്ള അടിസ്ഥാനപ്രശ്നങ്ങൾ ഉന്നയിക്കുന്നതിൽനിന്ന് മാറിനടക്കുകയും ചെയ്ത, പുരോഹിത-പ്രാകൃതിക വിജ്ഞാനീയർ എന്ന് വിളിക്കപ്പെട്ടിരുന്നവർ ആയിരുന്നു ----  വികാരികൾ, ഇടവകപുരോഹിതന്മാർ, മഠാധിപതികൾ, ശെമ്മാച്ചന്മാർ, സന്യാസികൾ.  ഈ ശാസ്ത്രജ്ഞർക്ക് ഒരു സുരക്ഷിത താവളമായിരുന്നു; പക്ഷേ, അതേ സമയം അത്, ഫലപ്രദമായി, അവരുടെ ജിജ്ഞാസയുടെ വരിയുടക്കുകയും ചെയ്തു.  തെറ്റായ തരത്തിലുള്ള ഗവേഷണങ്ങൾക്കെതിരേയുണ്ടായിരുന്ന അനുശാസനങ്ങൾ ഏറെ കർക്കശമായിരുന്നതിനാൽ, ഈ പുരോഹിത ശാസ്ത്രജ്ഞർ സൃഷ്ടിയെക്കുറിച്ചുള്ള വേദകഥകളെ  ചോദ്യം ചെയ്യുക പോലുമുണ്ടായില്ല. സഭയും മാനസികസ്ഥിതിയും തമ്മിലുള്ള അത്യുത്തമമായ വേർതിരിവായിരുന്നൂ അത്. ഫലമോ, പഠനമേഖലയിലെ വിചിത്രമായൊരു വക്രീകരണവും.  സസ്യങ്ങളെയും ജന്തുക്കളെയും വർഗ്ഗീകരിക്കുന്ന ശാസ്ത്രം പുഷ്ടി പ്രാപിച്ചപ്പോൾ, ജീവോൽപ്പത്തിയെക്കുറിച്ചുള്ള അന്വേഷണങ്ങൾ നിരോധിതമായ പാർശ്വമേഖലകളിലേക്ക് പിന്തള്ളപ്പെട്ടു. ചരിത്രമില്ലാത്ത പ്രകൃതിയായ് പ്രാകൃതിക ചരിത്രം ക്ഷയിച്ചു.

പ്രകൃതിയെപ്പറ്റിയുള്ള ഈ സ്തംഭിതസിദ്ധാന്തമാണ് ഡാർവ്വിനെ ശല്യപ്പെടുത്തിയത്. ഡാർവ്വിൻ്റെ യുക്തിയനുസരിച്ച്, കാര്യകാരണങ്ങളുടെ ബലത്തിൽ പ്രകൃതിയെ വിവരിക്കാൻ ഒരു പ്രാകൃതികചരിത്രകാരൻ പ്രാപ്തനായിരിക്കേണ്ടതുണ്ട് ....  വായുവിലൂടെയുള്ള ഒരു പന്തിൻ്റെ ചലനം ഒരു ഭൗതികശാസ്ത്രജ്ഞൻ വിവരിക്കുന്നതുപോലെ. പ്രകൃതിയെ, ഒരു
വസ്തുതയായല്ലാതെ, ഒരു പ്രക്രിയായ്, പുരോഗതിയായ്, ചരിത്രമായ്    നോക്കിക്കാണാനുള്ള  കഴിവാണ് ഡാർവ്വിൻ്റെ സർഗാത്മക ബുദ്ധിയുടെ കാതൽ. അദ്ദേഹത്തിനും മെൻഡലിനുമിടയിലുണ്ടായിരുന്ന പൊതുവായൊരു ഗുണം. പ്രകൃതിയെ നിരീക്ഷിക്കുന്നതിൽ കമ്പമുണ്ടായിരുന്ന ഇവരിരുവരും, ഒരേ ചോദ്യത്തിൻ്റെതന്നെ വിഭിന്ന രൂപങ്ങൾ ഉയർത്തിക്കൊണ്ടാണ് നിർണ്ണായകമായ കുതിച്ചുചാട്ടങ്ങൾ  നടത്തിയത്: പ്രകൃതി "ഉണ്ടാകുന്ന"തെങ്ങിനെ?  മെൻഡലിൻ്റെ ചോദ്യം അതിസൂക്ഷ്മമായിരുന്നു: ഒരൊറ്റ ജീവി ഒരൊറ്റ തലമുറയിലൂടെ എങ്ങനെയാണ് അതിൻ്റെ സന്തതിയിലേക്ക് വിവരങ്ങളെത്തിക്കുന്നത്?  ഡാർവ്വിൻ്റെ ചോദ്യമാകട്ടെ ബൃഹത്തായിരുന്നു: എങ്ങനെയാണ് ജീവികൾ ഒരായിരം തലമുറകളിലൂടെ തങ്ങളുടെ ലക്ഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പരിവർത്തിപ്പിക്കുന്നത്?  കാലക്രമത്തിൽ  ഈ രണ്ടു ചോദ്യങ്ങളും ഒരിടത്ത് കേന്ദ്രീകരിക്കും. അതുവഴി, ആധുനിക ജീവശാസ്ത്രത്തിലെ അതിപ്രധാനമായ ഒരു സമന്വയം ആവിർഭവിക്കും; മനുഷ്യപാരമ്പര്യത്തെക്കുറിച്ചുള്ള അതിശക്തമായൊരറിവും.

                                                                               ⧭

1831 ആഗസ്തിൽ,  കേംബ്രിഡ്ജിൽ നിന്ന് ബിരുദം നേടി രണ്ടു മാസങ്ങൾക്കു ശേഷം, ഡാർവ്വിന് തൻ്റെ മാഗ്ഗദർശിയായ ജോൺ ഹെൻസ്ലോയിൽ നിന്ന് ഒരു കത്തു കിട്ടി: തെക്കേ അമേരിക്കയെ സംബന്ധിച്ച ഒരു പര്യവേക്ഷണ"സർവ്വേ"യുടെ ദൗത്യം ഏല്പിക്കപ്പെട്ടിട്ടുണ്ട്; ഈ ഗവേഷണ പര്യടനത്തിൽ മാതൃകകൾ സമ്പാദിക്കുന്നതിൽ സഹായിക്കുന്നതിനായ് ഒരു "മാന്യശാസ്ത്രജ്ഞൻ്റെ" സേവനം ആവശ്യമാണ്. അതുവരെ  പ്രമുഖമായ യാതൊരു ശാസ്ത്രലേഖനവും പ്രസിദ്ധീകരിച്ചിട്ടില്ലാതിരുന്ന, ശാസ്തജ്ഞനെന്നതിലുപരി മാന്യനായിരുന്ന ഡാർവ്വിൻ  താനതിന് സ്വാഭാവികമായും യോഗ്യതയുള്ളവനാണെന്നു സ്വയം വിചാരിച്ചു.  ബീഗിളിൽ അദ്ദേഹം സഞ്ചരിക്കുക "എല്ലാം തികഞ്ഞൊരു പ്രാകൃതിക ശാസ്ത്രജ്ഞനായിട്ടല്ല"; മറിച്ച്, "പ്രാകൃതിക ചരിത്രത്തിൽ ശ്രദ്ധാർഹമായിട്ടുള്ളതെന്തും ശേഖരിക്കാനും, നിരീക്ഷിക്കാനും, കുറിച്ചു വെക്കാനുമുള്ള തികഞ്ഞ യോഗ്യതയുള്ള ഒരു ശാസ്ത്രപഠിതാവായിട്ടായിരിക്കും".

1831 ഡിസംബർ 27നാണ് ബീഗിൾ  നങ്കൂരമൂരിയത്.  എഴുപത്തിമൂന്ന് യാത്രക്കാർ ഉണ്ടായിരുന്നു.  ഒരു കൊടുങ്കാറ്റിനെ ഒഴിവാക്കി കപ്പൽ തെക്കോട്ട് റ്റെനെറൈഫിലേക്ക് ഗതി മാറ്റി.  ജനുവരി ആദ്യമായപ്പോഴേക്കും ഡാർവ്വിൻ കേപ്പ് വെർദേയിലേക്ക് നീങ്ങുകയായിരുന്നു. കപ്പൽ അദ്ദേഹം പ്രതീക്ഷിച്ചതിലും കൊച്ചായിരുന്നു; കാറ്റ് ചതിക്കുന്നതും. അദ്ദേഹത്തിനു കീഴെ കടൽ നിരന്തരം ഇളകിമറിഞ്ഞു. ഏകാകിയും, വമനബാധിതനും, ദാഹപീഡിതനുമായിരുന്ന അദ്ദേഹം ഉണക്കമുന്തിരിയും റൊട്ടിയും തിന്നാണ് ജീവൻ നിലനിർത്തിയത്.  ആ മാസം അദ്ദേഹം തൻ്റെ ഡയറിയിൽ കുറിപ്പുകളെഴുതാൻ തുടങ്ങി. ലവണധാവള്യം പൂണ്ട സർവ്വേ മാപ്പുകൾക്കു മുകളിലെ തൂക്കുവലയിൽ ചാഞ്ഞുകിടന്ന്, അദ്ദേഹം യാത്രക്ക് കൂട്ടായികൊണ്ടുവന്ന കുറച്ചു പുസ്തകങ്ങൾ പഠിച്ചു --- മിൽട്ടണിൻ്റെ നഷ്ടസ്വർഗ്ഗവും (അതദേഹത്തിൻ്റെ അവസ്ഥക്ക് യോജിച്ചതായ് തോന്നി), ചാൾസ് ലയലിൻ്റെ, 1830നും 1833നും പ്രസിദ്ധീകരിക്കപ്പെട്ട, ഭൂഗർഭശാസ്ത്രതത്ത്വങ്ങളും.

ഇവയിൽ ലയലിൻ്റെ പുസ്തകങ്ങൾ, പ്രത്യേകിച്ച്,  അദ്ദേഹത്തിൽ മായാത്ത മുദ്ര പതിപ്പിച്ചു. ദൈവത്തിൻ്റെ കൈകളാലല്ല,  ബൃഹത്തായൊരു കാലയളവിലൂടെ, മണ്ണൊലിപ്പും, ഊറലും, എക്കൽ അടിയലും പോലുള്ള പ്രകൃതി പ്രതിഭാസങ്ങളിലൂടെയാണ് പാറകളും പർവ്വതങ്ങളും പോലുള്ള സങ്കീർണ്ണ ഭൗമരൂപങ്ങൾ സൃഷ്ടിക്കപെട്ടതെന്നായിരുന്നൂ ലയലിൻ്റെ , അക്കാലത്ത് കോളിളക്കമുണ്ടായ, വാദം. ലയലിൻ്റെ തർക്കമനുസരിച്ച്, ബൈബിളിൽ പറയുന്ന ഒരു മഹാപ്രളയമല്ല, ദശലക്ഷക്കണക്കിന് പ്രളയങ്ങളുണ്ടായിരുന്നു. ദൈവം ഭൂമിയെ രൂപപ്പെടുത്തിയത് ഒറ്റപ്പെട്ട മഹാവിപ്ലവങ്ങൾ കൊണ്ടല്ല; ദശലക്ഷം കൊച്ചുകൊച്ചു കുത്തുകളും വെട്ടുകളും കൊണ്ടാണ്. പ്രകൃതി ശക്തികളുടെ പതിയെപ്പത്തിയേയുള്ള ഉച്ഛ്വാസനിശ്വാസങ്ങളാണ് ഭൂമിയെ രൂപപ്പെടുത്തുന്നതും പുനർരൂപപ്പെടുത്തുന്നതെന്നും, പ്രകൃതിയിൽ   കൊത്തുവേല ചെയ്യപ്പെടുകയുമാണെന്നുമുള്ള ലയലിൻ്റെ കേന്ദ്രാപ്രമേയം, ഡാർവ്വിനെ സംബന്ധിച്ച് ശക്തമായൊരു ബൗദ്ധിക പ്രേരണയായ്ത്തീരും.  1832 ഫെബ്രുവരിയിൽ, അപ്പോഴും "അസ്വസ്ഥനും ക്ഷിപ്രകോപിയുമായിരുന്ന" ഡാർവ്വിൻ തെക്കേ അർദ്ധഗോളത്തിലേക്ക് കടന്നു. കാറ്റിൻ്റെ വഴി മാറി. ജലപ്രവാഹങ്ങൾ അവയുടെ ഗതി മാറ്റി. അദ്ദേഹത്തെ കാണാനായ് പുതിയൊരു ലോകം ഒഴുകി വന്നു.

                                                                          ⧭

ഡാർവ്വിൻ്റെ വഴികാട്ടികൾ പ്രവചിച്ചതുപോലെ, അദ്ദേഹം മാതൃകകളുടെ ഉത്കൃഷ്ടനായൊരു സമാഹർത്താവും നിരീക്ഷകനുമായിരുന്നു. മോണ്ടെവിഡോ, ബാഹിയ ബ്ലാൻകാ, പോർട്ട് ഡിസയർ എന്നിവകളെ കടന്ന് ബീഗിൾ  തെക്കേ അമേരിക്കയുടെ കിഴക്കൻ ഭാഗത്തിലൂടെ കളിയാടി നീങ്ങുമ്പോൾ, ഡാർവ്വിൻ കപ്പലിലേക്ക് വൈവിദ്ധ്യമാർന്ന നിരവധി അസ്ഥികൂടങ്ങളും, ചെടികളും, കല്ലുകളും, പാറകളും, ചിപ്പികളും വലിച്ചുകയറ്റി. "ചപ്പുചവറുകളെന്നു തോന്നിപ്പിക്കുന്ന ചരക്കുകൾ," കപ്പിത്താൻ പരാതിപ്പെട്ടു. ജീവനുള്ളവയുടെ മാതൃകകൾ മാത്രമല്ല കരകൾ നൽകിയത്; പുരാതന ഫോസിലുകൾ കൂടിയായിരുന്നു. കപ്പലിൻ്റെ മുകൾത്തട്ടിൽ ഇവയെ നീണ്ട നിരകളിലായ് നിരത്തിയിട്ടിരിക്കുന്നത് കണ്ടാൽ, ശരീരഘടനകളുടെ താരതമ്യപഠനത്തിനായ് ഡാർവ്വിൻ സ്വന്തമായൊരു  മ്യൂസിയം നിർമ്മിച്ചതാണോ എന്നു തോന്നിപ്പോകുകയുമായിരുന്നു.  1832 സപ്തംബറിൽ പ്യുണ്ടാ ആൾട്ടക്കരികിലെ ചാരനിർമാർന്ന തൂക്കാം പാറകളിലും, താഴെയുള്ള പശമണ്ണു നിറഞ്ഞ മലയിടുക്കകളിലുമായ് അദ്ദേഹം അമ്പരപ്പിക്കുന്ന, പ്രകൃതിദത്തമായൊരു ശവപ്പറമ്പ് കണ്ടെത്തി: വംശനാശം വന്ന ഭീമൻ സസ്തനങ്ങളുടെ ശിലീഭൂതമായ അസ്ഥികൾ അദ്ദേഹത്തിനു മുമ്പിൽ പരന്നുകിടന്നു. ഭ്രാന്തു വന്ന ഒരു ദന്തവൈദ്യനെപ്പോലെ അദ്ദേഹം പാറയിൽനിന്ന് ഒരു ഫോസിലിൻ്റെ താടിയെല്ല് പറിച്ചെടുത്തു; അടുത്തയാഴ്ച തിരിച്ചുവന്ന് അതേ വെങ്കല്ലിൽനിന്ന് ഒരു കൂറ്റൻ തലയോടും പിഴുതെടുത്തു. ഒരു ഭീമൻ തേവാങ്കായിരുന്ന  മെഗാത്തീരിയത്തിന്റേതായിരുന്നൂ ആ തലയോട്.

ആ മാസം, കല്ലുകൾക്കും പാറകൾക്കുമിടയിലായ് ചിതറിക്കിടക്കുന്ന കൂടുതൽ എല്ലുകൾ ഡാർവ്വിൻ കാണുകയുണ്ടായി. നവംബറിൽ, അദ്ദേഹം ഉറുഗ്വാക്കാരനായ ഒരു കർഷകന് പതിനെട്ട് പെൻസ് കൊടുത്ത്, വംശനാശം ഭവിച്ച മറ്റൊരു സസ്തനത്തിൻ്റെ ഭീമൻ തലയോട്ടി കരസ്ഥമാക്കി. ഒരു കാലത്ത് സമതലങ്ങളിൽ വിഹരിച്ചിരുന്ന, വലിയ അണ്ണാൻപല്ലുകളോടുകൂടിയ, കാണ്ടാമൃഗത്തെപ്പോലുള്ള, ടാക്സഡോണിൻ്റെ തലയോട്ടി. "അവിശ്വസനീയമാണ് എൻ്റെ ഭാഗ്യം," ഡാർവ്വിൻ എഴുതി. "ചില സസ്തനങ്ങൾ ഭീമാകാരികകളായിരുന്നു; പലതും തീർത്തും പുതിയവയും."പന്നിയുടെ വലുപ്പമുള്ള ഒരു പന്നിയെലിയുടെ ശകലങ്ങളും, പീരങ്കിപോലുള്ളൊരു  ഇത്തിൾപ്പന്നിയുടെ കവചവും, ആനവലുപ്പത്തിലുള്ള തേവാങ്കുകളുടെ കുറേ ആനപ്പല്ലുകളും അദ്ദേഹം ശേഖരിക്കുകയും, പെട്ടികളിലാക്കി  ഇംഗ്ലണ്ടിലേക്ക് അയക്കുകയും ചെയ്തു.

റ്റിയേറാ ഡെൽ ഫ്യുയേഗോയുടെ കീഴ്ത്താടി വളവു ചുറ്റി ബീഗിൾ തെക്കേ അമേരിക്കയുടെ പടിഞ്ഞാറൻ കര പറ്റി. 1835ൽ, പെറുവിൻ്റെ തീരത്തുള്ള ലിമ വിട്ട്, കപ്പൽ എക്വഡോറിന് പടിഞ്ഞാറുള്ള അഗ്നിപർവ്വതനിബിഡമായ, കത്തിക്കരിഞ്ഞ ദ്വീപസമൂഹത്തിലെ ഏകാന്തമായൊരു ശിഖരമായ  ഗലാപഗോസി ലേക്ക് തിരിച്ചു.  "ഇരുണ്ടതും ശോകമൂകമെന്നു   തോന്നിപ്പിക്കുന്നതുമായ, പാളിപ്പൊളിഞ്ഞ ശിലാദ്രവങ്ങളുടെ കൂനകളായിരുന്ന ആ ദ്വീപസമൂഹം, പിശാചുക്കളുടെ സമ്മേളനത്തിനനുയോജ്യമായൊരു കര"യുണ്ടാക്കി" യെന്നാണ് കപ്പിത്താൻ കുറിച്ചുവച്ചത്. നരകസമാനമായൊരു ഏദൻ തോട്ടം: ഏകാന്തം, അസ്പൃശ്യം, ശുഷ്‌കം , ശിലാനിബിഡം. ഉറഞ്ഞുപോയ ലാവയുടെ കട്ടകൾക്കുമീതെ ഇഗ്വാനകളുടെയും, ആമകളുടേയും, പറവകളുടെയും ബാഹുല്യം.  ദ്വീപുദ്വീപാന്തരം കപ്പൽ അലഞ്ഞുതിരിഞ്ഞു. ആകെയൊരു   പതിനെട്ടോളം ദ്വീപുകൾ. ഡാർവ്വിൻ ഒരുമ്പെട്ട് കരക്കിറങ്ങി; അഗ്നിപർവ്വതശിലകൾ പൊത്തിപ്പിടിച്ചു കയറി; പക്ഷികളെയും, ചെടികളെയും, ഓന്തുകളെയും സമാഹരിച്ചു; ഓരോ ദ്വീപും അപൂർവ്വ തരം ആമകളെ പ്രദാനം ചെയ്തതിനാൽ, കപ്പൽജീവനക്കാർ മുറക്ക് ആമയിറച്ചി തിന്ന് ജീവിച്ചു. അഞ്ചാഴ്ചകളിലൂടെ ഡാർവ്വിൻ മൈനകളുടെയും, നീളവാലൻ  പാട്ടുപാടും പക്ഷികളുടെയും, പാട്ടുപാടും കരിമ്പൻ പക്ഷികളുടെയും, തടിച്ചുണ്ടൻ മൈനകളുടെയും, വെളുമ്പൻ കടൽപ്പക്ഷികളുടെയും, ഇഗ്വാനകളുടെയും ജഡങ്ങൾ ശേഖരിച്ചു; ഒപ്പം ഒരു നിര കടൽച്ചെടികളും, കരച്ചെടികളും.  കപ്പിത്താൻ മുഖം ചുളിച്ചു; തല കുലുക്കി.

ഒക്റ്റോബർ 20ന് ഡാർവ്വിൻ കടലിലേക്ക് മടങ്ങി; റ്റഹീറ്റിയിലേക്ക് നീങ്ങി. ബീഗിളിലെ തൻ്റെ മുറിയിലിരുന്ന് അദ്ദേഹം സമാഹരിക്കപ്പെട്ട പക്ഷികളുടെ ജഡങ്ങൾ ചിട്ടയോടെ അപഗ്രഥിക്കാൻ ആരംഭിച്ചു. അനുകരണപക്ഷികൾ (മോക്കിങ് ബേഡ്സ്) അദ്ദേഹത്തെ പ്രത്യേകം വിസ്മയപ്പെടുത്തി. രണ്ടോ മൂന്നോ ജാതികൾ  ഉണ്ടായിരുന്നു. പക്ഷേ, ഓരോ ഉപജാതിയും തിരിച്ചറിയാൻ കഴിയുമാറ് വ്യത്യസ്തമായിരുന്നു; ഓരോന്നും അതിന്റേതായ  ദ്വീപിൽ മാത്രം കാണപ്പെടുന്നതും.  താൻ പിന്നീടെഴുതിയ സുപ്രധാനമായ ശാസ്ത്രീയ വാചകങ്ങളിലൊന്ന്  അദ്ദേഹം അപ്പോൾ അലക്ഷ്യമായ് കുറിച്ചിട്ടു: "ഓരോ ജാതിയും അതാതിൻ്റെ ദ്വീപിൽ മാറ്റമില്ലാത്തതാണ്."  ഇത്തരമൊരു ക്രമം മറ്റു ജന്തുക്കളുടെ കാര്യത്തിലും ശരിയായിരിക്കുമോ? ഉദാഹരണത്തിന്, ആമകളുടെ കാര്യത്തിൽ? ഓരോ ദ്വീപിനും അതിന്റേതായ ഇനം ആമകളുണ്ടായിരിക്കുമോ? ഇതേ ക്രമം കടലാമകളുടെ കാര്യത്തിലും തെളിയിക്കാൻ അദ്ദേഹം ശ്രമിച്ചുവെങ്കിലും, അതേറെ വൈകിപ്പോയി. കപ്പൽജീവനക്കാരും അദ്ദേഹവും കൂടി അവയെ ഉച്ചഭക്ഷണ സമയത്ത് തിന്നുപോയിരുന്നു.

                                                                                   ⧭

കടലിൽ അഞ്ചുകൊല്ലങ്ങളോളം കഴിച്ചുകൂട്ടിയ ശേഷം, ഡാർവ്വിൻ ഇംഗ്ലണ്ടിലേക്ക് മടങ്ങി. അപ്പോഴേക്കും, പ്രാകൃതിക ചരിത്രകാരന്മാർക്കിടയിൽ അദ്ദേഹമൊരു കൊച്ചു താരമായ് മാറിയിരുന്നു. തെക്കേ അമേരിക്കയിൽ നിന്നുള്ള അദ്ദേഹത്തിൻ്റെ ബൃഹത്തായ കൊള്ളമുതലുകൾ ഇതിനകം കെട്ടഴിച്ച്, പരിപാലിച്ച്, ഇനം തിരിച്ച്, ചിട്ടപ്പെടുത്തിയെടുക്കപ്പെടുകയായിരുന്നു. അവയെ ഉൾപ്പെടുത്തി മ്യൂസിയങ്ങൾ തന്നെ നിർമ്മിക്കമായിരുന്നു. പക്ഷികളുടെ ചിത്രകാരനും ചർമ്മപ്രസാധകനുമായ ജോൺ ഗൗൾഡ് പക്ഷികളുടെ വർഗ്ഗീകരണം ഏറ്റെടുത്തു. ജിയളോജിക്കൽ സൊസൈറ്റിയിലെ തൻ്റെ അദ്ധ്യക്ഷ പ്രഭാഷണത്തിനിടയിൽ ലയൽ സ്വയം ഡാർവ്വിൻ്റെ മാതൃകകൾ പ്രദർശിപ്പിച്ചു. ഇംഗ്ലണ്ടിലെ പ്രാകൃതിക ചരിത്രകാരന്മാർക്കു മീതെ ആഢ്യനായൊരു ഗരുഡനെപ്പോലെ വട്ടമിട്ടു പറന്നിരുന്ന ഫോസിൽ വിദഗ്ദ്ധൻ റിച്ചാർഡ് ഒവൻ, ഡാർവ്വിൻ്റെ ശിലീഭൂതമായ അസ്ഥിപഞ്ജരങ്ങൾ പരിശോധിക്കാനും ഇനം തിരിക്കാനുമായ് റോയൽ കോളേജ് ഓഫ് സർജൻസിൽ നിന്ന് പറന്നിറങ്ങി.

ഒവനും, ഗൗൾഡും, ലയലും തെക്കേ അമേരിക്കയിൽ നിന്നുള്ള നിധികൾക്ക് പേരിടുകയും,  അവയെ ഗണം തിരിക്കുകയും  ചെയ്യുന്ന നേരം, ഡാർവ്വിൻ, പക്ഷേ, തൻ്റെ മനസ്സിനെ ഇതര സന്ദേഹങ്ങളിലേക്ക് തിരിച്ചു. അദ്ദേഹം കീറിപ്പൊളിക്കുന്ന ആളായിരുന്നില്ല; എല്ലാം സംയോജിപ്പിക്കുന്നവനായിരുന്നു. ആഴമേറിയ ശരീരശാസ്ത്രം അന്വേഷിക്കുന്നയാൾ. വർഗ്ഗീകരണവും, സാങ്കേതികസംജ്ഞയും അദ്ദേഹത്തിന് ലക്ഷ്യത്തിലേക്കുള്ള മാർഗ്ഗം മാത്രം. മാതൃകകൾക്കു പിറകിലുള്ള വിന്യാസങ്ങൾ ---- സംഘടനാസംവിധാനങ്ങൾ ---- വെളിപ്പെടുത്തുന്നതിലാണ് അദ്ദേഹത്തിൻ്റെ സഹജമായ ബുദ്ധി കുടികൊണ്ടിരുന്നത്. വംശങ്ങളിലോ വർഗ്ഗങ്ങളിലോ അല്ല; മറിച്ച്, ജീവലോകത്തിൽ വ്യാപിച്ചിരിക്കുന്ന വ്യവസ്ഥാമണ്ഡലത്തിലാണ്. വിയന്നയിലെ അദ്ധ്യാപകപരീക്ഷയിൽ മെൻഡലിനെ കുഴക്കിയ അതേ ചോദ്യം 1836ൽ, ഡാർവ്വിനെയും മഥിച്ചു: എന്തുകൊണ്ടാണ് ജീവികൾ ഈ രീതിയിൽ  സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്?

ആ വർഷം രണ്ടു വസ്തുതകൾ മുന്നിട്ടു നിന്നു. ഒന്നാമതായ്, ഒവനും ലയലും ഫോസിലുകൾ പഠിച്ചു കൊണ്ടിരുന്നപ്പോൾ, ആ മാതൃകളിലെല്ലാം അന്തർഭവിച്ചിരിക്കുന്ന ഒരു വിന്യാസം (പാറ്റേൺ) അവർ കണ്ടെത്തി. ആ ഫോസിലുകൾ ഏതു സ്ഥലത്താണോ കണ്ടെത്തപ്പെട്ടത്, ആ സ്ഥലത്ത് അപ്പോഴും ജീവിച്ചിരിക്കുന്ന ജന്തുക്കളുടെ, വംശനാശം വന്ന  ഭീമാകാരങ്ങളായ ജന്തുരൂപങ്ങളുടെ അസ്ഥിപഞ്ജരങ്ങളായിരുന്നു. കുറ്റികാടുകളിലൂടെ ഇപ്പോൾ സഞ്ചരിക്കുന്ന ചെറിയ ഇത്തിൾപ്പന്നികളുടെ സ്ഥാനത്ത്, ഒരിക്കലാ താഴ്വരയിൽ ഭീമൻ കവചങ്ങളുള്ള ഇത്തിൾപന്നികൾ അലഞ്ഞു തിരിഞ്ഞിരുന്നു.  രാക്ഷസാകാരമുള്ള തേവാങ്കുകൾ ഇരതേടിയിടത്ത് ഇപ്പോൾ കഴിയുന്നത് കുറിയ തേവാങ്കുകളാണ്. മണ്ണിൽനിന്ന് ഡാർവ്വിൻ വലിച്ചെടുത്ത കൂറ്റൻ തുടയെല്ലുകൾ
ആനവലുപ്പമുള്ള  ഒരു ലാമായുടേതായിരുന്നു.; അതിൻ്റെ ഇപ്പോഴത്തെ കൊച്ചുപതിപ്പ് തെക്കേ അമേരിക്കയിൽ മാത്രമേയുള്ളൂ.

രണ്ടാമത്തെ വിചിത്ര വസ്തുത പുറത്തു വന്നത് ഗൗൾഡിലൂടെയാണ്.  ഡാർവ്വിൻ തനിക്കയച്ച വൈവിധ്യം നിറഞ്ഞ കുരുവികളും, പാട്ടുപാടും പക്ഷികളും, തടിച്ചുണ്ടൻ മൈനകളും വിഭിന്നമായവയോ, വ്യത്യസ്തങ്ങളോ അല്ലെന്ന്, 1837ലെ വസന്തകാലത്തിൻ്റെ തുടക്കത്തിൽ അദ്ദേഹം ഡാർവ്വിനോട് പറഞ്ഞു. ഡാർവ്വിൻ അവയെ തെറ്റായി വർഗ്ഗീകരിച്ചതാണ്.അവയെല്ലാം തന്നെ ഫിഞ്ചുകളാണ് (തടിച്ചുണ്ടും, വർണ്ണച്ചിറകുമുള്ള വിത്തുതീനിയായ പാട്ടുപാടും  പറവകൾ).... അത്ഭുതപ്പെടുത്തുന്ന ഒരു പതിമൂന്ന് ജാതി ഫിഞ്ചുകൾ.  പരിശീലനം നേടിയ ഒരു കണ്ണിന് മാത്രമേ
അവയ്ക്കടിയിലൊളിഞ്ഞിരിക്കുന്ന ഏകത കാണാനാകൂ; അവയുടെ നഖങ്ങളും, കൊക്കുകളും, പൂടകളും അത്ര മാത്രം വ്യതിരിക്തമായിരുന്നു. മെലിഞ്ഞ കഴുത്തുള്ള റെന്നിനെപ്പോലുള്ള വോബ്ലറും,
പന്നിക്കാൽക്കഴുത്തും, ചവണച്ചുണ്ടുമുള്ള ബ്ലാൿ ബേഡും ശരീരഘടന പ്രകാരം മാതുലേയരാണ് --- ഒരേ ജാതിയുടെ വിഭിന്നരൂപങ്ങൾ. വോബ്ലർ ആഹരിക്കുന്നത് പ്രാണികളെയും ഫലങ്ങളെയുമായിരിക്കണം. അതിനാലാകാം അവയുടെ കൊക്കുകൾ ഓടക്കുഴൽ പോലെയിരിക്കുന്നത്. സ്പാനർകൊക്കുള്ള ഫിഞ്ച് കരയിലിരതേടുന്ന, കുരു തിന്നുന്നവനാണ്. അതാകണം അവൻ്റെ കൊക്ക് പാക്കുവെട്ടി പോലെയിരിക്കുന്നത്.  ഓരോ ദ്വീപിനും സ്വന്തമായുള്ള മോക്കിങ് ബേഡുകളും മൂന്ന് വ്യത്യസ്ത ജാതികളിലുള്ളവയായിരുന്നു. എവിടെ നോക്കിയാലും ഫിഞ്ചുകളും ഫിഞ്ചുകളും മാത്രം. ഓരോ സ്ഥലവും അതിന്റേതായ വിഭിന്നരൂപത്തെ സൃഷ്ടിച്ചതുപോലെ ... ഓരോ ദ്വീപിനും അതിന്റേതായ ബാർ കോഡുള്ളൊരു പക്ഷി.

ഈ രണ്ടു വസ്തുതകളും ഡാർവിൻ എങ്ങനെ പൊരുത്തപ്പെടുത്തും? ലളിതമായൊരു രൂപരേഖ അദ്ദേഹത്തിൻ്റെ മനസ്സിൽ അപ്പോഴേ കൂടിച്ചേർന്നു വരുന്നുണ്ടായിരുന്നു. ഒരു ജീവശാസ്ത്രജ്ഞനും പൂർണ്ണമായും പരിശോധിക്കാൻ ധൈര്യപ്പെട്ടിട്ടില്ലാത്തത്ര വിധം വിപ്ലവാത്മകവും, എന്നാൽ ലളിതവുമായൊരാശയം: പൊതുവായൊരു ഫിഞ്ചു പൂർവ്വികനിൽ നിന്നാണ് ഈ ഫിഞ്ചുകളെല്ലാം ഉത്ഭവിച്ചതെങ്കിൽ? ഇന്ന് കാണുന്ന കുഞ്ഞു തേവാങ്കുകൾ പൂർവ്വകാലത്തെ ഒരു വൻ തേവാങ്കിൽ നിന്ന് വന്നതാണെങ്കിൽ? പ്രകൃതി ശക്തികളുടെ ഫലമായ് ദശലക്ഷം വർഷങ്ങളിലൂടെ സ്വരൂപിക്കപ്പെട്ടതാണ് ഇക്കാലത്തെ ഭൂഭാഗങ്ങളെന്ന് ലയൽ വാദിച്ചിട്ടുണ്ട്. നിലവിലുള്ള സൗരയൂഥം പോലും ആവിർഭവിച്ചത്, ദ്രവ്യങ്ങൾ ദശലക്ഷം സംവത്സരങ്ങളിലൂടെ തണുത്തുറഞ്ഞതു കൊണ്ടാണെന്ന് പിയർ സൈമൺ ലാപ്ലാസ് ,1796ൽ, അഭിപ്രായപ്പെട്ടിട്ടുണ്ടായിരുന്നു (ലാപ്ലാസിൻ്റെ സിദ്ധാന്തത്തിൽ പ്രത്യക്ഷമായ്ത്തന്നെ ദൈവത്തിൻ്റെ അഭാവം എന്തുകൊണ്ടുണ്ടായീയെന്ന് നെപ്പോളിയൻ അദ്ദേഹത്തോട് ചോദിച്ചപ്പോൾ, ഐതിഹാസികമായ ധിക്കാരത്തോടെ ലാപ്ലാസ് ഉത്തരമോതി:  "മഹാരാജാവേ, ആ പരികല്പന എനിക്കാവശ്യമില്ലായിരുന്നു"). ഇന്ന് കാണുന്ന ജന്തുരൂപങ്ങളും, ദശലക്ഷം വർഷങ്ങളിലൂടെ സ്വരൂപിക്കപ്പെട്ട പ്രകൃതിശക്തികളുടെ പരിണതഫലമാണെങ്കിലോ?

                                                                           ⧭
1837 ജൂലായിൽ, മാൾബറോ സ്ട്രീറ്റിലെ തൻ്റെ പഠനമുറിയിലെ ശ്വാസം മുട്ടിക്കുന്ന ചൂടിൽ, ബി- നോട്ട് ബുക്ക് എന്ന് വിളിക്കപ്പെട്ട ഒരു പുതിയ നോട്ടുപുസ്തകത്തിൽ ഡാർവ്വിൻ, കാലാന്തരത്തിലൂടെ മൃഗങ്ങൾക്കെങ്ങനെ മാറാൻ കഴിയുമെന്നതിനെപ്പറ്റിയുള്ള ആശയങ്ങൾ തൊടുത്തു വിടുന്ന കുറിപ്പുകളെഴുതിത്തുടങ്ങി. കുറിപ്പുകൾ ദുർഗ്രാഹ്യവും, അസംസ്കൃതവും, അയത്നലളിതവുമായിരുന്നു.  ഒരു താളിൽ, തൻ്റെ മനസ്സിനെ നിരന്തരം വേട്ടയാടിയ ഒരാശയത്തിൻ്റെ രേഖാചിത്രം അദ്ദേഹം വരച്ചു വച്ചു: ദൈവസൃഷ്ടിയുടെ കേന്ദ്രബിന്ദുവിൽ നിന്ന് എല്ലാ ജീവജാതികളും പ്രസരിക്കുന്നതിന് പകരം,  അവ ഒരു "മര" ത്തിൻ്റെ ശാഖകളെപ്പോലെ  അല്ലെങ്കിൽ, ഒരു നദിയിൽനിന്നുള്ള അരുവികളെപ്പോലെ ആവിർഭാവിച്ചതാകാം. പൂർവ്വീകമായ ഒരു തായ്ത്തടി
ശാഖോപശാഖകളായ് പിരിഞ്ഞ് ഇന്ന് കാണുന്ന അനവധി  സന്തതികളായതാകാം. ഭാഷകളെപ്പോലെ, ഭൂഭാഗങ്ങളെപ്പോലെ, പതിയേ തണുത്തുവരുന്ന പ്രപഞ്ചത്തെപ്പോലെ, ഒരു പക്ഷേ, ഈ സസ്യമൃഗജാലവും അനുക്രമമായ നിരന്തര പരിവർത്തനത്തിലൂടെ പൂർവ്വരൂപങ്ങളിൽ നിന്ന് അവരോഹിതമായ്  വന്നതാകാം.

ഈ രേഖാചിത്രം അങ്ങേയറ്റത്തെ ദൈവനിന്ദയാണെന്ന് ഡാർവ്വിന് അറിയാമായിരുന്നു.  ജീവോൽപ്പത്തിയെക്കുറിച്ചുള്ള കൃസ്തീയ സിദ്ധാന്തം പ്രഭവകേന്ദ്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത് ദൈവത്തെയാണ്. അവൻ സൃഷ്ടിച്ച ജീവജാലങ്ങളെല്ലാം സൃഷ്ടിയുടെ മുഹൂർത്തത്തിൽ പുറത്തേക്ക് തൂവി വന്നു.  ഡാർവ്വിൻ്റെ ചിത്രത്തിൽ ഒരു കേന്ദ്രമില്ല.  ആ പതിമൂന്നു ഫിഞ്ചുകൾ, ദൈവീകമായ  ഏതെങ്കിലുമൊരു ഭ്രാന്തഭാവനയുടെ സൃഷ്ടിയല്ല; "പ്രകൃതിയിലെ അവരോഹണ"ത്തിൻ്റെ സൃഷ്ടിയാണ് .... പൂർവ്വികനായൊരു ആദിഫിഞ്ചിൽനിന്നുള്ള താഴേക്കും പുറത്തേക്കുമുള്ളൊരു നിര്‍ഝരി. ഇതുപോലെത്തന്നെ, വലിയൊരു പൂർവ്വികമൃഗത്തിൽനിന്നുള്ള അവരോഹണമാണ് ആധുനിക ലാമാ. "എന്നാണ് ഞാൻ വിചാരിക്കുന്നത് ," ഒരു വീണ്ടുവിചാരം പോലെ അദ്ദേഹം താളിനു മുകളിലെഴുതി; ജീവശാസ്ത്രത്തിന്റേയും, ദൈവശാസ്ത്രത്തിന്റേയും വൻകരയിൽനിന്നുള്ള അവസാന വഴിത്തിരിവ് അടയാളപ്പെടുത്തുന്നത് പോലെ. 

പക്ഷേ, ദൈവം ഒരരുകിലേക്ക് തള്ളിമാറ്റപ്പെട്ട നിലക്ക്, ജീവോൽപ്പത്തിയുടെ പ്രേരകശക്തിയെന്താണ്? ഉദാഹരണമായ്,  ഫിഞ്ചുകളുടെ പതിമ്മൂന്നു വൈജാത്യങ്ങളെ നവജീവോല്പത്തിയുടെ രൂക്ഷമായ ധാരകളിലൂടെ അവരോഹിതമാക്കിയ പ്രേരകശക്തിയെന്താണ്? ഈ പ്രേരക ശക്തിയുടെ പ്രകൃതത്തെപ്പറ്റി തനിക്ക് കൂടുതൽ ആശയങ്ങളുണ്ടെന്ന്,1838ലെ വസന്തത്തിൽ, ഡാർവ്വിൻ തൻ്റെ നോട്ടുപുസ്തകത്തിൽ (ഇത്തവണ ഇളംതവിട്ടുകലർന്ന ചുവപ്പു നിറമുള്ള സി-നോട്ടുബുക്ക്)  കുത്തിക്കുറിച്ചു. 

ഉത്തരത്തിൻ്റെ ആദ്യഭാഗം, ഹെർഫോഡിലെയും ഷ്രൂസ്‌ബറിയിലെയും കൃഷി    
നിലങ്ങളിൽ താൻ ചെലവിട്ട ബാല്യം മുതൽക്ക്, അദ്ദേഹത്തിൻ്റെ മൂക്കിന് താഴെത്തന്നെ ഉണ്ടായിരുന്നു. അതു കണ്ടുപിടിക്കാൻ ഡാർവ്വിൻ ലോകത്തിനു ചുറ്റും എണ്ണായിരം നാഴിക സഞ്ചരിച്ചത് വൃഥാവിലാണ്. വൈജാത്യം എന്നാണ് ഈ പ്രതിഭാസത്തിൻ്റെ പേര്.മൃഗങ്ങൾ ഇടക്കിടക്ക് അവയുടെ മാതാപിതാക്കളിൽ നിന്ന് വിഭിന്നമായ ലക്ഷണങ്ങളുള്ള സന്തതികളെ ഉൽപ്പാദിപ്പിക്കാറുണ്ട്. സഹസ്രാബ്ദങ്ങളായ് കർഷകർ ഈ പ്രതിഭാസത്തെ പ്രയോജനപ്പെടുത്തുന്നുണ്ടായിരുന്നു.  ഒരേ ജാതിയിലുള്ളവയെ ഇണചേർപ്പിച്ചും, ഇതരജാതികളെ തമ്മിൽ ഇണചേർപ്പിച്ചും അവർ സഹജമായ വൈജാത്യമുള്ള സന്തതികളെ
ഉൽപ്പാദിപ്പിച്ച്, അനവധി തലമുറകളോളം അവയെ തെരെഞ്ഞെടുക്കാറുണ്ടായിരുന്നു. ഇംഗ്ലണ്ടിലെ കന്നുകാലിവളർത്തുകാർ പുതിയ ഇനങ്ങളുടെയും സങ്കരയിനങ്ങളെയുംളുടെയും സൃഷ്ടി അങ്ങേയറ്റം പരിഷ്കൃതമായ നിലയിലിലേക്കുയർത്തിവരായിരുന്നു. ഹെർഫോഡിലെ കുറുകിയ കൊമ്പുള്ള കാളകൾക്ക് ക്രെയ്‌വണിലെ നീളൻകൊമ്പുള്ള കാളകളുമായ് യാതൊരു സാമ്യവുമില്ലായിരുന്നു.  ഗലാപഗോസിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് (ഡാർവ്വിൻ്റെ യാത്രക്ക് നേർവിപരീതമായ്) യാത്ര ചെയ്യുന്ന നിന്ന്  തിരിച്ചുള്ള)  ജിജ്ഞാസിയായ ഒരു പ്രകൃതിശാസ്ത്രജ്ഞൻ, ഓരോ ദേശത്തിനും അതിന്റേതായ പശുജാതിയുണ്ടെന്ന് കണ്ട് അമ്പരന്നേനെ.  പക്ഷേ, ഈ ജാതികളൊന്നും യദൃച്ഛയാ ഉണ്ടായതല്ലെന്ന്  ഡാർവ്വിൻ അല്ലെങ്കിൽ, ഏതൊരു കാളവളർത്തുകാരനും നമ്മോട് പറയുമായിരുന്നു. അവയെല്ലാം, ഒരേ പൂർവ്വികപശുവിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട വിവിധ ജാതികളെത്തമ്മിൽ ഇണചേർക്കുക വഴി  മനുഷ്യർ മന:പൂർവ്വം ഉണ്ടാക്കിയവയാണ്.

വൈജാത്യവും കൃത്രിമമായ തെരഞ്ഞെടുപ്പും തമ്മിലുള്ള സമർത്ഥമായ ചേർച്ച അസാധാരണമായ ഫലങ്ങളുണ്ടാക്കുമെന്ന് ഡാർവ്വിന് അറിയാവുമായിരുന്നു. പ്രാവുകളെ കോഴികളോ, മയിലുകളോ പോലെ തോന്നിപ്പിക്കാനാകും. പട്ടികളെ കുറുവാലുള്ളതാക്കാം; നീണ്ട വാലുള്ളതാക്കാം; വാലുവെട്ടിയതാക്കാം; പുള്ളികളുള്ളതാക്കാം; വില്ലുകാലുള്ളതോ, രോമമില്ലാത്തതോ, രൂക്ഷഭാവവമുള്ളതോ, സൗമ്യഭാവമുള്ളതോ, ധൈര്യം കുറഞ്ഞതോ, കരുതലുള്ളതോ, കലഹശീലമുള്ളതോ ആക്കിമാറ്റാം. പക്ഷേ, ഈ പശുക്കളുടെയും, പട്ടികളുടെയും, പ്രാവുകളുടെയും തെരെഞ്ഞെടുപ്പിനു പിന്നിൽ പ്രവർത്തിക്കുന്ന കൈകൾ മനുഷ്യരുടേതാണ്. അഗ്‌നിപർവ്വതങ്ങൾ നിറഞ്ഞ വിദൂരമായ ആ ദ്വീപുകളിലെ നാനാവിധ വൈവിധ്യങ്ങളുടെ സൃഷ്ടിക്കു പിന്നിൽ പ്രവർത്തിച്ച കരങ്ങളേതാണ്? തെക്കേ അമേരിക്കയിലെ സമതലങ്ങളിൽ ഭീമരായ പൂർവ്വികരിൽ നിന്ന് കുറുകിപ്പോയ
ഇത്തിൾപ്പന്നികളെ ഉണ്ടാക്കിയ കൈകളാരുടെതാണ്?

ഇക്കാലമായപ്പോഴേക്കും,  താൻ അറിയപ്പെടുന്ന ലോകത്തിൻ്റെ അതിരിലൂടെ അപകടകരമായ് തെന്നിനീങ്ങി വേദനിന്ദയിലേക്ക് കുതിക്കുകയാണെന്ന്   ഡാർവ്വിൻ മനസ്സിലാക്കി. അദ്ദേഹത്തിന് അനായാസം ആ അദൃശ്യഹസ്തം ദൈവത്തിൽ ആരോപിക്കാമായിരുന്നു. പക്ഷേ, മറ്റൊരു പുരോഹിതനായിരുന്ന റവറണ്ട് തോമസ് മാൽത്തൂസിൻ്റെ ഒരു പുസ്തകത്തിലൂടെ,1838 ഒക്ടോബറിൽ,  അദ്ദേഹത്തിനു ലഭ്യമായ ഉത്തരത്തിന് ദൈവീകതയുമായ് യാതൊരു ബന്ധവുമില്ലായിരുന്നു.

                                                                             ⧭

സറേയിലെ ഓക് വുഡ് ചാപ്പലിലെ വികാരിയുടെ സഹായിയായിരുന്നൂ പകൽനേരം തോമസ് മാൽത്തൂസ്; രാത്രിയിൽ, പക്ഷേ, ആരുമറിയാതെ,1798  ഒരു ധനശാസ്ത്രജ്ഞനും. അദ്ദേഹത്തിൻ്റെ ഇഷ്ടവിഷയം ജനസമൂഹങ്ങളും അവയുടെ വളർച്ചയുമായിരുന്നു. 1798ൽ അദ്ദേഹം ഒരു തൂലികാനാമത്തിൽ വിപ്ലവകരമായൊരു ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി --- ജനസംഖ്യയുടെ മൂലകാരണത്തെക്കുറിച്ചൊരു പ്രബന്ധം. ജനസമൂഹം അതിനുള്ള പരിമിതമായ വിഭവശേഖരവുമായ് നിരന്തര സംഘർഷത്തിലാണെന്നായിരുന്നൂ അദ്ദേഹത്തിൻ്റെ വാദം. മാൽത്തൂസിൻ്റെ യുക്തിയനുസരിച്ച്, ജനസംഖ്യ വർദ്ധിക്കുന്നതോടെ, അതിൻ്റെ വിഭവശേഖരം ക്ഷയിക്കുകയും, വ്യക്തികൾക്കിടയിൽ മത്സരം കടുക്കുകയും ചെയ്യും. ഒരു ജനസമൂഹത്തിന് വളരാനുള്ള സഹജ പ്രവണതയെ രൂക്ഷമായ് പ്രതിതുലനം ചെയ്യുന്നതാണ് വിഭവങ്ങളുടെ പരിമിതികൾ ... ജനസമൂഹത്തിൻ്റെ ശീലങ്ങൾക്കെതിരായ് നിൽക്കുന്ന ദൗർലഭ്യം. അതിനു പിന്നാലെ പ്രബലമായ സർവ്വനാശകശക്തികളായ "ദീനകാലങ്ങളും, മഹാമാരികളും, പകർച്ചവ്യാധികളും, പ്ളേഗുകളും ഉഗ്രഭീതി പടർത്തിക്കൊണ്ട് അണിയണിയായ് വന്ന് ആയിരങ്ങളെയും പതിനായിരങ്ങളെയും തൂത്തു വാരിക്കളയും";  അങ്ങനെ, ജനസംഖ്യയെ ലോകത്തിലെ ആഹാരവുമായ്  സന്തുലനത്തിലാക്കും . ഈ "പ്രകൃതിനിർദ്ധാരണം" അതിജീവിക്കുന്നവർ ഈ ഭീകരചക്രം വീണ്ടും തുടരും. ഒരു ക്ഷാമത്തെകാലത്തിൽ നിന്ന് മറ്റൊരു ക്ഷാമകാലത്തിലേക്ക് നീങ്ങുന്ന സിസിഫസ്.

മാൽത്തൂസിൻ്റെ ലേഖനത്തിൽ ഡാർവ്വിൻ ഉടൻ തന്നെ തൻ്റെ സന്ദേഹാവസ്ഥക്കുള്ള പരിഹാരം കണ്ടു. അതിജീവനത്തിനുള്ള മത്സരമാണ് കരുപ്പിടിപ്പിക്കുന്ന ആ കരം. പ്രകൃതിയുടെ തെരെഞ്ഞെടുപ്പുകാരനും, ഉഗ്രനായ രചയിതാവും മരണമാണ്.  പ്രകൃതി നിർദ്ധാരണത്തിൻ്റെ  "ഈ സാഹചര്യത്തിൽ ഹിതമായ വൈജാത്യങ്ങൾ പരിപാലിക്കപ്പെടാനും   അഹിതമായവ നശിപ്പിക്കപ്പെടാനുമുള്ള പ്രവണതയുണ്ടാമെന്ന് എനിക്കുടനെ തോന്നി." അദ്ദേഹം കുറിച്ചു.  "തൽഫലമായ്  ഒരു പുതിയ വംശം രൂപപ്പെടും."*

ഡാർവ്വിനിപ്പോൾ തൻ്റെ മഹാസിദ്ധത്തിനുള്ള അടിസ്ഥാനരൂപരേഖയായി. മൃഗങ്ങൾ പ്രത്യുൽപ്പാദിപ്പിക്കുമ്പോൾ, അവ മാതാപിതാക്കളിൽ നിന്ന് ഭേദമുള്ളവയെ ഉൽപ്പാദിപ്പിക്കുന്നു.** ദുർല്ലഭമായ വിവഭങ്ങൾക്കു വേണ്ടി ഒരു വംശത്തിലെ വ്യക്തികൾ തമ്മിൽ നിരന്തരമായ മത്സരത്തിലാണ്. ഈ വിഭവങ്ങൾ, ക്ഷാമകാലം പോലുള്ള  നിർണ്ണായകമായ ഒരു സ്തംഭനത്തിലെത്തുമ്പോൾ, പരിസ്ഥിതിയുമായ് കൂടുതൽ മെച്ചമായ് ഇണങ്ങുന്ന വകഭേദം "പ്രകൃതിയാൽ തെരഞ്ഞെടുക്കപ്പെടുന്നു".  പരിസ്ഥിതിക്ക് അങ്ങേയറ്റം അനുരൂപമായത്, ഏറ്റവും അർഹമായത്, അതിജീവിക്കുന്നു (മാൽത്തൂസിയൻ ധനശാസ്ത്രജ്ഞനായ ഹെർബർട്ട് സ്‌പെൻസറിൽനിന്ന് കടമെടുത്ത പ്രയോഗമാണ് അത്യർഹമായതിൻ്റെ  അതിജീവനം എന്ന വാക്യം).  അതിജീവിച്ചവയാകട്ടെ, തങ്ങളുടെ തരത്തിലുള്ളവയെ പുനരുൽപ്പാദിപ്പിക്കുകയും, അതുവഴി ആ വംശത്തിനകത്തെ പരിണാമസംബന്ധിയായ വ്യതിയാനത്തെ മുന്നോട്ടു ത്വരിതപെടുത്തുകയും  ചെയ്യുന്നു.    

ഗലാപഗോസിലെ പ്യുണ്ടാ ആൾട്ടയിലെ ലവണമാർന്ന മലയിടുക്കുകളിൽ ഈ പ്രക്രിയ ചുരുൾ നിവരുന്നത് ഡാർവ്വിന് മിക്കവാറും കാണുവാൻ  തന്നെ കഴിഞ്ഞു. യുഗദൈർഘ്യമുള്ള ഒരു സിനിമ അതിദ്രുതഗമനത്തിലെന്ന പോലെ. ഒരു സഹസ്രാബ്ദം ഒരു നിമിഷത്തിലേക്കൊതുക്കിയതു പോലെ. ഫിഞ്ചുകളുടെ പറ്റങ്ങൾ പഴങ്ങൾ തിന്ന്തിന്ന് മുട്ടയിട്ടു പെരുകി. അങ്ങനെയിരിക്കേ, ദ്വീപിൽ കഷ്ടകാലം വന്നു. നശിച്ച ഒരു മഴക്കാലം. അതല്ലെങ്കിൽ, വരൾച്ച വിതച്ചയൊരു ചൂടുകാലം.  ഫലസാമഗ്രികൾ ഗുരുതരമായ് ക്ഷയിച്ചു വന്നു. ബൃഹത്തായ ആ പറവക്കൂത്തിലെവിടെയോ, വിത്തു പൊട്ടിക്കാൻ പ്രാപ്തമായ വിലക്ഷണമായ കൊക്കുകളുള്ള ഒരു വകഭേദം പിറന്നു. ഫിഞ്ചുകളുടെ ലോകത്തിൽ ക്ഷാമം പടർന്നുപിടിക്കേ, തടിച്ചുണ്ടുള്ള ഈ വകഭേദം കടുത്ത വിത്തുകൾ ആഹരിച്ച് അതിജീവിച്ചു. അത് പ്രത്യുൽപ്പാദനം നടത്തുകയും, ഫിഞ്ചുകളുടെ പുതിയൊരിനം   പ്രത്യക്ഷപ്പെടാൻ തുടങ്ങുകയും ചെയ്തു. പ്രകൃതിയിലെ ഈ വികൃതി അങ്ങനെ സാധാരണമായിത്തീരുകയും ചെയ്തു. മാരിയും, ക്ഷാമവും, പരാന്നഭോജികളും പോലുള്ള മാൽത്തൂസിയൻ പരിധികൾ ഭാരമായ് വന്നപ്പോൾ,  പുതിയ ഇനങ്ങൾ പ്രബലമായി. വൈകൃതങ്ങൾ സാധാരണമായി. സാധാരണമായവ കുറ്റിയറ്റുപോയി. വികൃതജന്തുക്കളിലൂടെ പരിണാമം പുരോഗമിച്ചു.

                                                                                     ⧭

1839ഓടെ ഡാർവ്വിൻ തൻ്റെ സിദ്ധാന്തത്തിനാവശ്യമായ അടിസ്ഥാന രൂപരേഖകൾ സമാഹരിച്ചു കഴിഞ്ഞിരുന്നു. അടുത്ത ചില വർഷങ്ങളിൽ, അദ്ദേഹം ഒരുന്മാദിയെപ്പോലെ തൻ്റെ ആശയങ്ങളെ വെട്ടുകയും തിരുത്തുകയും  ഓമനിക്കുകയും ചെയ്തു. തൻ്റെ ഫോസിൽ മാതൃകകൾ പോലുള്ള "വികൃത വസ്തുതകൾ" ക്രമീകരിക്കുകയും, പുനർക്രമീകയ്ക്കുകയും ചെയ്തു. എങ്കിലും, തൻ്റെ സിദ്ധാന്തം പ്രസിദ്ധീകരിക്കാൻ അദ്ദേഹത്തിനായില്ല. 1844ൽ, അദ്ദേഹം തൻ്റെ
വാദത്തിൻ്റെ നിർണ്ണായക ഭാഗങ്ങൾ ശുദ്ധി ചെയ്ത്,  255 പേജുകളുള്ള ഒരുപന്യാസമാക്കി സുഹൃത്തുക്കൾക്ക് സ്വകാര്യമായ്‌ വായിക്കാൻ അയച്ചുകൊടുത്തു. എന്നിട്ടും, ആ പ്രബന്ധം അച്ചടിക്കാൻ അദ്ദേഹം തയ്യാറായില്ല. പകരം, ചിപ്പികളെ പഠിക്കുന്നതിലും, ഭൂഗർഭശാസ്ത്ര സംബന്ധിയായ ലേഖനങ്ങളെഴുതുന്നതിലും, കടൽജന്തുക്കളെ കീറിമുറിക്കുന്നതിലും, കുടുംബം നോക്കുന്നതിലും അദ്ദേഹം ശ്രദ്ധ ചെലുത്തി. അദ്ദേഹത്തിന് ഏറ്റവും പ്രിയങ്കരിയായിരുന്ന മൂത്തമകൾ ആനി ഒരു പകർച്ചവ്യാധി പിടിച്ച് മരിച്ചത്  ഡാർവ്വിനെ ഖേദത്താൽ മരവിപ്പിച്ചു. ഇതിനിടയിൽ ക്രിമിയൻ ഉപദ്വീപിൽ ഒരാഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടു. പുരുഷന്മാർ യുദ്ധമുന്നണിയിലേക്ക്  വലിച്ചിഴക്കപ്പെട്ടു. യൂറോപ്പ് സാമ്പത്തിക മാന്ദ്യത്തിലേക്കാഴ്ന്നു. മാൽത്തൂസും, അതിജീവനസമരവും യഥാർത്ഥ ലോകത്തിൽ അവതരിച്ചതു പോലെയായി.

ഡാർവ്വിൻ മാൽത്തൂസിനെ വായിക്കുകയും, നവജീവോൽപ്പത്തിയെക്കുറിച്ചുള്ള സ്വന്തം ആശയങ്ങൾ ഘനീഭവിപ്പിക്കുകയും ചെയ്ത് ഏകദേശം ഒന്നൊര ദശാബ്ദത്തിന് ശേഷം, ആൽഫ്രഡ് റസ്സൽ വാലസ് എന്നൊരു യുവ പ്രാകൃതിക ചരിത്രകാരൻ, അപ്പോഴും അപ്രകാശിതമായിരുന്ന ഡാർവ്വിൻ്റെ സിദ്ധാന്തത്തോട് അപകടകരമാം അരികെയെത്തുന്ന ഒരു ലേഖനം ആനൽസ് ഏൻഡ് മാഗസിൻ  ഓഫ് നാച്ചുറൽ ഹിസ്റ്ററിയിൽ പ്രസിദ്ധീകരിച്ചു. വാലസിൻ്റെയും ഡാർവ്വിൻ്റെയും സാമൂഹിക, പ്രത്യയശാസ്ത്ര പശ്ചാത്തലങ്ങൾ വ്യത്യസ്തങ്ങളായിരുന്നു. മാന്യനായ ജീവശാസ്ത്രകാരനും, വൈകാതെ ഇംഗ്ലണ്ടിൽ അതിശ്ലാഘിക്കപ്പെടാനുള്ള പ്രാകൃതിക ശാസ്ത്രജ്ഞനുമായ ഡാർവ്വിനിൽ നിന്ന് വിഭിന്നമായ്‌, വാലസ് മൺമൗത്ഷയറിലെ ഒരു മദ്ധ്യവർഗ്ഗ കുടുംബത്തിൽ പിറന്നവനായിരുന്നു. ജനസമൂഹങ്ങളെക്കുറിച്ചുള്ള മാൽത്തൂസിൻ്റെ ലേഖനം അദ്ദേഹവും വായിച്ചിരുന്നു --- പഠനമുറിയിലെ ചാരുകസേരയിലിരുന്നല്ല; ലെയ് സസ്റ്റയറിലെ പണമീടാക്കാത്ത ലൈബ്രറിയിലെ പരുക്കൻ ബെഞ്ചിലിരുന്ന് (മാൽത്തൂസിൻ്റെ പുസ്തകം ഗ്രെയ്റ്റ് ബ്രിട്ടനിലെ ബുദ്ധിജീവി മണ്ഡലങ്ങളിൽ പരക്കെ പ്രചരിച്ചിരുന്നു). ഡാർവ്വിനെപ്പോലെ വാലസും മാതൃകകളും ഫോസിലുകളും ശേഖരിക്കാൻ (ബ്രസീലിലേക്ക്) ഒരു കപ്പൽയാത്ര നടത്തിയിരുന്നു.
ഡാർവ്വിനെയെന്നപോലെ, വാലസിനെയും ആ യാത്ര മാറ്റിയിരുന്നു.

1854ൽ, ഒരു കപ്പൽച്ചേതത്തിൽപെട്ട്, വാലസിന് താൻ ശേഖരിച്ച മാതൃകകളും, കയ്യിലുണ്ടായിരുന്ന തുച്ഛമായ കാശും നഷ്ടപ്പെട്ടു.  അങ്ങേയറ്റം ദരിദ്രനായ്ത്തീർന്ന വാലസ്, ആമസോൺ അടിവാരം വിട്ട് തെക്കുകിഴക്കൻ ഏഷ്യയിലെ മലായ് ദ്വീപസമൂഹത്തിലെ അങ്ങിങ്ങായ് ചിതറിക്കിടക്കുന്ന അഗ്നിപർവ്വതപൂരിതമായ ദ്വീപുകളിലേക്ക് നീങ്ങി. ഡാർവ്വിനെപ്പോലെ അദ്ദേഹവും അവിടെ,  ജലാശയങ്ങളാൽ വേർതിരിക്കപ്പെട്ടിരുന്ന  അന്യോന്യം ഉറ്റബന്ധമുള്ള ജീവജാതികൾക്കിടയിൽ അമ്പരപ്പിക്കുന്ന ഭിന്നതകളുണ്ടെന്ന് കണ്ടു. 1857ലെ ഹേമന്തമായപ്പോഴേക്കും വാലസ്, ഈ ദ്വീപുകളിലെ വൈജാത്യങ്ങൾക്കു പിറകിലെ പ്രേരകപ്രക്രിയയെക്കുറിച്ചുള്ള ഒരു സാമാന്യ സിദ്ധാന്തത്തിനു രൂപം കൊടുക്കാൻ തുടങ്ങിക്കഴിഞ്ഞിരുന്നു. വസന്തത്തിൽ,  ഭ്രമകല്പനാജനകമായ ജ്വരം ബാധിച്ച് ശയ്യാവലംബിയായിരിക്കേ, അദ്ദേഹത്തിന് തൻ്റെ സിദ്ധാന്ത ത്തിലെ അവസാനത്തെ കാണാക്കണ്ണിയും യദൃച്ഛയാ ലഭ്യമായി. അദ്ദേഹം മാൽത്തൂസിൻ്റെ ലേഖനം ഓർത്തെടുത്തു: "ഉത്തരം വ്യക്തമായും ... അത്യർഹമായത് അതിജീവിക്കുമെന്നതാണ് --- ഈ രീതിയിൽ ഒരു ജീവിയുടെ ഘടനയിലെ ഏതു ഭാഗവും ആവശ്യത്തിനനുസരിച്ച് കൃത്യമായ് ഭേദഗതി വരുത്താൻ കഴിയുന്നതാണ്." അദ്ദേഹത്തിൻ്റെ ചിന്തയുടെ ഭാഷ പോലും വിസ്‌മയാവഹമാംവിധം ഡാർവ്വിന്റേതിന് സമാനമായിരുന്നു: വൈജാത്യം, ഉൾപ്പരിണാമം, അതിജീവനം, നിർദ്ധാരണം. സമുദ്രങ്ങളാലും, ഭൂഖണ്ഡങ്ങളാലും അകന്നു കഴിഞ്ഞിരുന്ന, വളരെ വ്യതസ്തമായ ധൈഷണിക വാതങ്ങളാൽ പ്രഹരിക്കപ്പെട്ടു മുന്നോട്ടു നീങ്ങിയ രണ്ടു മനുഷ്യർ
ഒടുവിലണഞ്ഞത് ഒരേ തുറമുഖത്താണ്. 

പ്രകൃതി നിർദ്ധാരണത്തിലൂടെയുള്ള ജീവപരിണാമത്തെക്കുറിച്ചുള്ള തൻ്റെ സാമാന്യ സിദ്ധാന്തത്തിൻ്റെ ഒരു താൽക്കാലിക രൂപരേഖ വാലസ്, 1858 ജൂണിൽ, ഡാർവ്വിന് അയച്ചുകൊടുത്തു.  തന്റേയും, വാലസിന്റേയും സിദ്ധാന്തങ്ങൾ തമ്മിലുള്ള സമാനതകൾ കണ്ട് പരിഭ്രാന്തനായ ഡാർവ്വിൻ,
സ്വന്തം കയ്യെഴുത്തു പ്രതി പഴയ ചങ്ങാതിയായ ലയലിന് ധൃതിയിൽ അയച്ചുകൊടുത്തു. രണ്ടു പ്രബന്ധങ്ങളും ഒരേ സമയത്ത് ലിനിയൻ സൊസൈറ്റിയുടെ അക്കൊല്ലത്തെ ഗ്രീഷ്‌മസമ്മേളനത്തിൽ അവതരിപ്പിക്കാനാണ്  ലയൽ, തന്ത്രപരമായ് , ഡാർവ്വിനോട് നിർദ്ദേശിച്ചത്. അങ്ങനെ വരുമ്പോൾ, ഡാർവ്വിനും വാലസിനും ഒരുമിച്ച് അവരുടെ കണ്ടുപിടുത്തങ്ങൾക്കുള്ള അംഗീകാരം ലഭിക്കുമല്ലോ. 1858 ജൂലായ് ഒന്നിന് ഡാർവ്വിൻ്റെയും വാലസിൻ്റെയും ലേഖനങ്ങൾ ഒന്നിനു പിറകേ ഒന്നായ് ലണ്ടനിൽ വച്ച് പരസ്യമായ് വായിക്കപ്പെടുകയും ചർച്ചചെയ്യപ്പെടുകയും ചെയ്തു. രണ്ടു പഠനങ്ങളിലും ശ്രോതാക്കൾ വിശേഷിച്ച് ആവേശമൊന്നും കാണിച്ചില്ല. അടുത്ത മെയ് മാസം, സൊസൈറ്റിയുടെ അദ്ധ്യക്ഷൻ ആനുഷംഗികമായ് ഇങ്ങനെ പറഞ്ഞു: വിശേഷിച്ച് ശ്രദ്ധാർഹമായ യാതൊരു കണ്ടെത്തലും പോയവർഷം ഉണ്ടായില്ല.

                                                                       ⧭
തൻ്റെ എല്ലാ കണ്ടെത്തലുകളും ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കപ്പെട്ടിരുന്ന ആ മഹദ്ഗ്രന്ഥം പൂർത്തിയാക്കാൻ ഡാർവ്വിനിപ്പോൾ ധൃതികൂട്ടി. 1859ൽ, അദ്ദേഹം പ്രസാധകനായ ജോൺ മുറേയെ മടിച്ച് മടിച്ച് സമീപിച്ചു: "താങ്കൾക്ക് പശ്ചാത്തപിക്കാൻ ഇടയാക്കാത്തത്ര വിധം വിജയകരമായിരിക്കും എൻ്റെ ഗ്രന്ഥമെന്നാണ് എൻ്റെ ഹൃദയംഗമമായ പ്രതീക്ഷ." 1859 നവംബർ 24 വ്യാഴാഴ്ച്ചയിലെ മഞ്ഞുകാലപ്പുലരിയിൽ, ചാൾസ് ഡാർവ്വിൻ്റെ പുസ്തകം, "പ്രകൃതിനിർദ്ധാരണം വഴിയുള്ള 
വംശോല്പ ത്തിയെപ്പറ്റി"  ഇംഗ്ലണ്ടിലെ പുസ്തകശാലകളിൽ പ്രത്യക്ഷമായി. വില, പ്രതിയൊന്നിന് 15 ഷില്ലിങ്. അച്ചടിക്കപ്പെട്ടത് ആയിരത്തിയിരുനൂറ്റിയമ്പത് കോപ്പികളായിരുന്നു. "ഒന്നാം ദിവസം തന്നെ എല്ലാ പ്രതികളും വിറ്റുപോയി," ഞെട്ടിപ്പോയ ഡാർവ്വിൻ കുറിച്ചിട്ടു. 

ഒട്ടും താമസിയാതെ, പ്രകീർത്തനങ്ങൾ നിറഞ്ഞ നിരൂപണങ്ങളുടെ  ഒരു പ്രവാഹം തന്നെ പ്രത്യക്ഷമായി.  ഉല്പത്തിയുടെ ആദ്യവായനക്കാർക്കു പോലും പുസ്തകത്തിൻ്റെ ദൂരവ്യാപകമായ വിവക്ഷകളെക്കുറിച്ച് ബോദ്ധ്യ മുണ്ടായിരുന്നു. "മിസ്റ്റർ ഡാർവ്വിൻ പ്രഖ്യാപിച്ച നിഗമനങ്ങൾ, അവ  സ്ഥിരീകരിക്കപ്പെടുകയാണെങ്കിൽ, പ്രകൃതി ചരിത്രത്തിലെ അടിസ്ഥാന പ്രമാണങ്ങളിൽ പൂർണ്ണമായൊരു വിപ്ലവത്തിനു ഹേതുവാകും," ഒരു നിരൂപകനെഴുതി. "എത്രയോ നീണ്ട കാലത്തിനു ശേഷം പൊതുജനത്തിന് ലഭിച്ച സുപ്രധാനമായ പുസ്തകങ്ങളിലൊന്നാണ് ഡാർവ്വിന്റേതെന്ന് ഞങ്ങൾ സൂചിപ്പിക്കട്ടെ."

വിമർശകർക്കും  ഡാർവ്വിൻ ഇന്ധനമായി. മാനവപരിണാമത്തിന് തൻ്റെ സിദ്ധാന്തം നൽകുന്ന സൂചനകളെക്കുറിച്ച്, ഒരു പക്ഷേ വിവേകപൂർവ്വം,   അദ്ദേഹം മനപ്പൂർവ്വം വാചാലനായിരുന്നില്ല. മനുഷ്യോൽപ്പത്തിയെപ്പറ്റി ഒരേയൊരു വാക്യമേ ഉണ്ടായിരുന്നുള്ളൂ --- "മനുഷ്യോല്പത്തിയെപ്പറ്റിയും അവൻ്റെ ചരിത്രത്തെക്കുറിച്ചും പ്രകാശം ചൊരിയുന്നതാണ്" --- ആ നൂറ്റാണ്ടിലെ ശാസ്ത്രീയ ന്യൂനോക്തി ആയിരുന്നിരിക്കണം അത്. ഫോസിലുകൾ വർഗ്ഗീകരിക്കുന്നവനായ  റിച്ചാർഡ് ഒവൻ (ഡാർവ്വിൻ്റെ മിത്രശത്രു) ഡാർവ്വിൻ്റെ സിദ്ധാന്തത്തിൻ്റെ ദാർശനികമായ വിവക്ഷകൾ ഉടൻ തിരിച്ചറിഞ്ഞു. ഡാർവ്വിൻ നിർദ്ദേശിച്ചത് പോലെയാണ് ജീവോല്പത്തിയെങ്കിൽ, മനുഷ്യപരിണാമത്തെകുറിച്ച് അതെന്താണു ദ്ദേശിക്കുന്നതെന്ന് സ്പഷ്ടമാണെന്ന് അദ്ദേഹം പര്യാലോചന ചെയ്തു. "ഉല്പരിവർത്തനം വന്ന ആൾക്കുരങ്ങായിരിക്കാം മനുഷ്യൻ."  ---- ഒവന് ചിന്തിക്കാൻ പോലും കഴിയാത്തത്ര ജുഗുപ്സാവഹമായ ആശയം.  പരീക്ഷണങ്ങളിലൂടെയുള്ള തെളിവുകളുടെ പിൻബലമില്ലാതെയാണ്, ജീവശാസ്ത്രത്തിലെ ധീരനൂതനമായ ഒരു സിദ്ധാന്തം,    ഡാർവ്വിൻ മുന്നോട്ട് വച്ചരിക്കുന്നത്, ഒവനെഴുതി; ഫലം തരാതെ "ബൗദ്ധികമായ തൊണ്ടു" മാത്രമാണ് അദ്ദേഹം തന്നിരിക്കുന്നത്. ഡാർവ്വിനെത്തന്നെ ഉദ്ധരിച്ചുകൊണ്ട് ഒവൻ ആവലാതിപ്പെട്ടു: " വളരെ വിശാലമായ വിടവുകൾ സ്വഭാവനയാൽ നികത്തേണ്ടതുണ്ട്."
--------------------------------------------------   
ഇവിടെ ഡാർവ്വിന് നിർണ്ണായകമായൊരു ചുവടു  കൈവിട്ടു പോയി. ഒരു വംശത്തിനകത്ത് പരിണാമമുണ്ടാകുന്നതേത് പ്രക്രിയ വഴിയാണെന്നതിനുള്ള യുക്തിഭദ്രമായ  വിശദീകരണമാണ്  വൈജാത്യവും പ്രകൃതി നിർദ്ധാരണവും; പക്ഷേ, ഒരു പുതിയ വംശത്തിൻ്റെ ഉല്പത്തിയെക്കുറിച്ച് അവയൊന്നും വിശദീകരിക്കുന്നില്ല. ഒരു പുതിയ വംശം ആവിർഭവിക്കുന്നതിന് ജീവികൾ തമ്മിൽ പരസ്പരം ഫലപ്രദമായ് പ്രത്യുൽപ്പാദിപ്പിക്കുന്നത് അസാദ്ധ്യമാകണം. ഭൗതീകമായ പ്രതിബന്ധങ്ങളാലോ, അതുപോലുള്ള സ്ഥിരമായ മറ്റു തടസ്സങ്ങളാലോ ജന്തുക്കൾ അന്യോന്യം ഒറ്റപ്പെട്ട്, പ്രത്യുൽപ്പാദനപ്പൊരുത്ത മില്ലാതാകുമ്പോഴാണ്  സാധാരണ ഇത് സംഭവിക്കുക. 

**
ഈ വകഭേദങ്ങൾ എങ്ങിനെ ഉൽപ്പാദിപ്പിക്കപ്പെടുന്നുവെന്നതിനെക്കുറിച്ച് ഡാർവ്വിന് ഉറപ്പുണ്ടായിരുന്നില്ല. 
--------------------------------------------------------------------------------

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...