2020, ജൂൺ 24, ബുധനാഴ്‌ച

8: gene

രണ്ടാം ഭാഗം 

"അംശങ്ങളുടെ സങ്കലനത്തിലുള്ളത് അംശങ്ങൾ മാത്രമാണ്"

         പാരമ്പര്യത്തിൻ്റെ പ്രക്രിയാപ്രവർത്തനത്തെ ഭേദിക്കൽ
                                          (1930 - 1970)                                        
                                                             
                                                                                Ø

"ഒരൊറ്റ വാക്കിൻ്റെ രൂപങ്ങളല്ല വാക്കുകൾ.
അംശങ്ങളുടെ സങ്കലനത്തിൽ അംശങ്ങളേയുള്ളൂ.
ലോകത്തെ അളക്കേണ്ടത് കണ്ണുകൊണ്ടാണ്." 
ഞാനിത് പറഞ്ഞപ്പോഴാണ് . . . 
                            --- വാലസ് സ്റ്റീവൻസ്, "വീട്ടിലേക്കുള്ള വഴിയിൽ" ‌ 
                                                      
                                                                                      Ø
                                   

                            "അഭേദം"

പ്രകൃതവും ലക്ഷണങ്ങളും ശ്‌മശാനം വരെ നീളും. 
                                                                       --- സ്പാനിഷ് മൊഴി  
                                                             
 ഞാനാണ് കുടുംബമുഖം:
ശരീരം ചീയും; ഞാൻ തുടരും;
വിസ്‌മൃതിക്കുമേലെ 
കാലകാലാന്തരങ്ങളിലൂടെ 
ദേശദേശാന്തരങ്ങളിലൂടെ
ഗുണവും ലക്ഷണവും പ്രക്ഷേപിച്ചുകൊണ്ട്.
                          --- തോമസ് ഹാർഡി, "പാരമ്പര്യം"  

മണിയെ കാണുന്നതിന് തലേന്ന് ഞാനും അച്ഛനും കൊൽക്കൊത്തയിലൂടെ ഒന്നു നടന്നു. സീൽദാ തീവണ്ടിയാപ്പീസിന് സമീപത്തുനിന്നാണ് ഞങ്ങൾ നടന്നു തുടങ്ങിയത്. അഞ്ച് ആൺകുട്ടികളുടേയും, നാല് ഉരുക്കു  പെട്ടികളുടേയും അകമ്പടിയോടെ, 1946ൽ, ബരിസലിൽനിന്നുള്ള തീവണ്ടിയിൽനിന്ന് എൻ്റെ മുത്തശ്ശി ഇറങ്ങിയ സ്ഥലം. തീവണ്ടിയാപ്പീസിൻ്റെ അതിരിൽനിന്ന് ഞങ്ങളവരുടെ പാതയിലൂടെ വീണ്ടും നടന്നു. പ്രഫുല്ലചന്ദ്രാ റോഡിലൂടെ, ഇടതു വശത്ത് തുറസ്സലിരിക്കുന്ന തിരക്കേറിയ മീൻ-പച്ചക്കറി പന്തികളും, വലത്തുള്ള കുളവാഴക്കുളങ്ങളും കടന്ന്‌, ഞങ്ങൾ ഇടത്തോട്ട് തിരിഞ്ഞു; നഗരത്തെ ലക്ഷ്യമാക്കി വീണ്ടും വലത്തോട്ടും. പെട്ടെന്ന് റോഡ് രൂക്ഷമായ് ചുരുങ്ങി. ആൾക്കൂട്ടമോ കനത്തു. തെരുവിനിരുവശത്തും, ഏതോ ക്രുദ്ധമായ ജൈവീകശക്തിയാലെന്നപോലെ, വലിയ ഗേഹസമുച്ചയങ്ങൾ വാടകമുറികളായ് വിഭജിക്കപ്പെട്ട് കണ്ടു --- ഒരു മുറി രണ്ടായും, രണ്ട് നാലായും, നാല് എട്ടായും. തെരുവുകൾ സിരാപടലങ്ങൾ പോലെ വിന്യസിച്ചു; ആകാശം അപ്രത്യക്ഷമായി. പാചകം ചെയ്യപ്പെടുന്നതിൻ്റെ കിലുകിലാരവം;കൽക്കരിപ്പുകയുടെ ധാതുഗന്ധവും. ഒരു മരുന്നുകടയെത്തിയപ്പോൾ, ഞങ്ങൾ ഹായത്ത് ഖാൻ തെരുവിലേക്കുള്ള കുഞ്ഞുവഴിയിലേക്ക് തിരിഞ്ഞു; എൻ്റെ അച്ഛനും കുടുംബവും താമസിച്ചിരുന്ന വീട്ടിലേക്ക് നടന്നു. പലതലമുറകളിലുള്ള വന്യശുനകരെ പെറ്റിടുന്ന ചവറുകൂന അപ്പോഴും അവിടെയുണ്ടായിരുന്നു. വീടിൻ്റെ മുൻവാതിൽ ഒരു കൊച്ചുതൊടിയിലേക്കാണ് തുറക്കുക. കോങ്കത്തികൊണ്ടൊരു തേങ്ങയുടെ തലവെട്ടാനായുന്ന ഒരു സ്ത്രീ താഴത്തെ നിലയിലെ അടുക്കളയിലുണ്ടായിരുന്നു.

"ബിഭൂതിയുടെ മകളാണോ?"അച്ഛൻ, പൊടുന്നനെ, ബംഗാളിയിൽ ചോദിച്ചു. ബിഭൂതി മുഖോപാദ്ധ്യായ വീട്ടുടമസ്ഥനായിരുന്നു. അദ്ദേഹമാണ് മുത്തശ്ശിക്കീ വീട് വാടകക്ക് കൊടുത്തിരുന്നത്. അദ്ദേഹമിപ്പോഴില്ല. പക്ഷേ, അച്ഛന് രണ്ടു മക്കളെയും ഓർമ്മയുണ്ട് --- ഒരു മകൻ, ഒരു മകൾ.

ആ സ്ത്രീ അച്ഛനെ സംശയത്തോടെ നോക്കി. അദ്ദേഹം വാതിലും കടന്ന്, അടുക്കളയിൽനിന്ന് അൽപ്പമടി ദൂരമുള്ള, ഉയർത്തിക്കെട്ടിയ വരാന്തയിലേക്ക് കയറിക്കഴിഞ്ഞിരുന്നു.
"ബിഭൂതിയുടെ കുടുംബം ഇപ്പോഴുമിവിടെ താമസമുണ്ടോ?"
ഔപചാരികമായ ആമുഖമൊന്നുമില്ലാത്ത ചോദ്യം. അദ്ദേഹത്തിൻ്റെ ഉച്ചാരണത്തിൽ മന:പൂർവ്വമായ മാറ്റമുള്ളതായ് ഞാൻ ശ്രദ്ധിച്ചു.വാക്കുകളിലെ വ്യഞ്ജനങ്ങളിൽ മൃദുവായൊരു സീൽക്കാരം.  പടിഞ്ഞാറൻ ബംഗാളികളുടെ 'ച്ഛ് ', പൂർവ്വബംഗാളികളുടെ സീൽക്കാര 'സ്സ്'' ആയി മർദ്ദവപ്പെട്ടതുപോലെ. കൊൽക്കൊത്തയിൽ ഓരോ ഉച്ചാരണവും ഒരു സൂക്ഷ്മാന്വേഷണമാണെന്ന് എനിക്കറിയാം. ബംഗാളികൾ അവരുടെ സ്വരങ്ങളും വ്യഞ്ജനങ്ങളും പുറത്തേക്ക് വിടുന്നത് ഒരു പരിശോധനാവിമാനമായിട്ടാണ് --- അവരുടെ ശ്രോതാക്കളെ തിരിച്ചറിയാനും, അവരുടെ സഹാനുഭൂതികൾ മണത്തറിയാനും, അവരുടെ വിശ്വാസ്യത സ്ഥിരീകരിക്കാനും.
"അല്ല. ഞാൻ അദ്ദേഹത്തിൻ്റെ സഹോദരൻ്റെ മരുമകളാണ്," ആ സ്ത്രീ പറഞ്ഞു. "ബിഭൂതിയുടെ മകൻ മരിച്ചന്നു മുതൽ ഞങ്ങൾ ഇവിടെയാണ് താമസം."

പിന്നീട് നടന്നത് വർണ്ണിക്കുക പ്രയാസം --- അഭയാർഥികളുടെ ചരിത്രങ്ങളിൽ മാത്രം സംഭവിക്കാറുള്ള ഒരു മുഹൂർത്തമെന്ന് പറയാമെന്നതൊഴിച്ച്. സുഗ്രാഹ്യതയുടെ ഒരു മിന്നലാട്ടം അവർക്കിടയിലൂടെ കടന്നുപോയി. അച്ഛനെ അവർ തിരിച്ചറിഞ്ഞു. അവരൊരിക്കലും കണ്ടിട്ടില്ലാത്ത യഥാർത്ഥ മനുഷ്യനെയല്ല. പക്ഷേ, ആ മനുഷ്യൻ്റെ രൂപം: വീട്ടിലേക്ക് മടങ്ങിവരുന്ന ആ കുട്ടിയെ. കൊൽക്കൊത്തയിൽ --- ബെർലിനിൽ, പേഷവാഡിൽ, ഡെൽഹിയിൽ, ധാക്കയിൽ --- ഇതുപോലുള്ള മനുഷ്യർ എല്ലാ ദിവസവും പ്രത്യക്ഷപ്പെടാറുണ്ട്; എവിടെനിന്നെന്നില്ലാതെ, തെരുവുകളിൽനിന്ന്. പ്രവേശനകവാടം അലക്ഷ്യമായ് മുറിച്ചുകടന്ന് ഭൂതകാലത്തിലേക്ക് ചുവടു വെക്കുന്നവർ.     

ഭാവം പകർന്ന് അവർ കാണാൻപറ്റുന്നവിധത്തിൽ ഊഷ്‌മളയായി:
"ഒരിക്കലിവിടെ താമസിച്ചിരുന്ന കുടുംബത്തിലേയല്ലേ? ഒരുപാട് ചേട്ടാനിയന്മാരുണ്ടായിരുന്നില്ലേ?" അവരത് ചോദിച്ചത് വസ്തുതാപരമായിട്ടായിരുന്നു; ഈ സന്ദർശനം എന്നോ നടക്കേണ്ടിയിരുന്നൂ എന്നതുപോലെ.

അവരുടെ പന്ത്രണ്ടു വയസ്സുള്ള മകൻ ഒരു പാഠപുസ്തകവുമായ്‌ മുകളിലെ ജാലകത്തിലൂടെ ഒളിഞ്ഞുനോക്കി. ഞാനാ ജനൽ തിരിച്ചറിഞ്ഞു. തൊടിയിലേക്ക് തുറിച്ചുനോക്കിക്കൊണ്ട് ജഗ്ഗു അവിടെ ദിവസങ്ങളോളം ഇരിക്കുമായിരുന്നു.
"കുഴപ്പമൊന്നുമില്ല," അവർ മകനോട് കൈ ഇളക്കിക്കൊണ്ട് പറഞ്ഞു. അവൻ അകത്തേക്കോടിപ്പോയി. അവർ അച്ഛനു നേരെ തിരിഞ്ഞു. "വേണമെങ്കിൽ മുകളിലേക്ക് പോകാം. നടന്നു നോക്കിക്കോളൂ. പക്ഷേ, ഷൂസ് ഗോവണിക്കു താഴെ ഊരിവെച്ചോളൂ."

ഞാൻ ഷൂസഴിച്ചു. തൽക്ഷണം, എനിക്ക് കാലടികളിലാ നിലം അടുപ്പമുള്ളതായനുഭവപ്പെട്ടു. . . ഞാനെക്കാലവും അവിടെ ജീവിച്ചിരുന്നതുപോലെ.

  Ø

എനിക്കൊപ്പം അച്ഛൻ വീടു മുഴുവൻ ചുറ്റിനടന്നു. ഞാൻ വിചിരിച്ചിരുന്നതിനേക്കാൾ ചെറിയ വീട്. കടംകൊണ്ട ഓർമ്മകളിൽനിന്ന് പുനരാവിഷ്കരിക്കപ്പെടുന്ന സ്ഥലികൾ അനിവാര്യമായും അങ്ങനെയാണല്ലോ. മാത്രമല്ല, അതു വിചാരിച്ചതിലുമധികം മങ്ങിയതും പൊടിപൂണ്ടതുമായിരുന്നു. ഓർമ്മകൾ പോയകാലത്തെ മൂർച്ചയുള്ളതാക്കും. യാഥാർഥ്യമാണ് കെട്ടുപോകുന്നത്. പടികളുടെ ഒരിടുങ്ങിയ വഴി കടന്ന് ഞങ്ങൾ ഒരു ജോഡി മുറികളിലെത്തി. രാജേഷ്, നകുൽ, ജഗ്ഗു, എൻ്റെ അച്ഛൻ എന്നീ നാലനിയന്മാർ, ഇവയിലൊരു മുറി പങ്കിട്ടവരാണ്. മൂത്ത കുട്ടി രത്തനും --- മണിയുടെ അച്ഛൻ --- എൻ്റെ മുത്തശ്ശിയും അടുത്ത മുറി പങ്കിട്ടിരുന്നു. പക്ഷേ, ജഗ്ഗുവിൻ്റെ മനസ്സ് സങ്കോചിച്ചതോടെ, അവർ രത്തനെയും സഹോദരന്മാരെയും പുറന്തള്ളി; ജഗ്ഗുവിനെ ഉള്ളിലാക്കി. ജഗ്ഗു പിന്നീടൊരിക്കലും അവരുടെ മുറി വിട്ടില്ല.

ഞങ്ങൾ മേൽക്കൂരയിലെ മുകപ്പിലേക്ക് കയറി. ഒടുവിൽ ആകാശം വിസ്തൃതമായി.ഭൂമിയുടെ വളവ്‌ സൂര്യനിൽനിന്ന് വലിഞ്ഞു മാറുന്നത് അറിയാൻപറ്റുമെന്നു തോന്നും വിധം, സന്ധ്യ വേഗം വരികയായിരുന്നു. അച്ഛൻ തീവണ്ടിയാപ്പീസിലെ വെളിച്ചങ്ങളിലേക്ക് കണ്ണയച്ചു. ഉപേക്ഷിക്കപ്പെട്ട് ഏകാകിയായ ഒരു പക്ഷിയെപ്പോലെ ദൂരത്തൊരു തീവണ്ടി ചൂളം വിളിച്ചു. ഞാൻ പാരമ്പര്യത്തെക്കുറിച്ച് എഴുതുന്നുണ്ടെന്ന് അദ്ദേഹത്തിന് അറിയാം.
"ജീനുകൾ," നെറ്റി ചുളിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
"അതിനൊരു ബംഗാളിപ്പേരുണ്ടോ?" ഞാൻ ചോദിച്ചു.
അദ്ദേഹം മനസ്സിലെ നിഘണ്ടുവിൽ പരതി. അങ്ങിനെയൊരു വാക്കില്ല. പക്ഷേ, പകരമൊന്ന് കണ്ടെത്താനായേക്കാം.
"അഭേദ്" അദ്ദേഹം നിർദ്ദേശിച്ചു. അദ്ദേഹം ആ വാക്കുപയോഗിക്കുന്നത് ഞാനൊരിക്കലും കേട്ടിട്ടില്ല. "അവിഭാജ്യം", "അഭേദ്യം" എന്നാണതിനർത്ഥം. "സ്വത്വ"വുമായും അതിന് അയഞ്ഞൊരു ബന്ധമുണ്ട്. ആ വാക്ക് തെരെഞ്ഞെടുക്കപ്പെട്ടതിൽ ഞാൻ വിസ്മയിച്ചു. നിരവധി
അനുരണനങ്ങളുണ്ടാക്കുന്ന മുറിപോലൊരു വാക്ക്. മെൻഡലോ, ബേയ്റ്റ്സണോ ആസ്വദിക്കുമായിരുന്ന നിരവധി അനുരണനങ്ങൾ: അവിഭാജ്യം; അഭേദ്യം; അഭിന്നം; അനന്യം.

മണിയേയും, രാജേഷിനേയും, ജഗ്ഗുവിനേയും കുറിച്ച് എന്ത് ചിന്തിക്കുന്നുവെന്ന് ഞാൻ അച്ഛനോട് ചോദിച്ചു.
"അഭേദേർ ദോഷ്," അദ്ദേഹം പറഞ്ഞു.
സ്വത്വത്തിലെയൊരു ന്യൂനത; ഒരു ജനിതകരോഗം; സ്വത്വത്തിൽനിന്ന് ഭിന്നമാക്കാനാകാത്തൊരു ദോഷം. എല്ലാ അർത്ഥങ്ങളേയും പേറുന്ന ഒരു വാക്യം. അതിൻ്റെ അവിഭാജ്യതയുമായ് അദ്ദേഹം സന്ധിയിലായിരിക്കുന്നു.

Ø

ജീനുകളും പാരമ്പര്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്, 1920കളുടെ അവസാനം, എത്രയോ ചർച്ചകൾ നടന്നിട്ടും, സ്വന്തമായൊരു സ്വത്വമില്ലാത്തതാണ് ജീനെന്ന് തോന്നി. എന്തു കൊണ്ടുണ്ടാക്കിയതാണ് ജീൻ, അതിൻ്റെ ധർമ്മമത് നിർവ്വഹിക്കുന്നതെങ്ങനെ, കോശത്തിലെവിടെയാണ് അതിൻ്റെ വാസം എന്നൊക്കെ ഒരു ശാസ്ത്രജ്ഞനോട് ചോദിച്ചിരുന്നുവെങ്കിൽ, തൃപ്തികരമായ ഉത്തരം കിട്ടുമായിരുന്നില്ല. നിയമത്തിലും സമൂഹത്തിലുമുള്ള സമ്പൂർണ്ണമായ മാറ്റങ്ങളെ ന്യായീകരിക്കാൻ ജനിതകശാസ്ത്രം ഉപയോഗിക്കപ്പെട്ടപ്പോഴും, ജീൻ സ്വയം പിടിവാശിയുള്ള ഒരമൂർത്ത സ്വത്വമായ്ത്തന്നെ മരുവി. ജീവയന്ത്രത്തിലൊളിച്ചിരിക്കുന്ന ഒരു പ്രേതം. ആരും പ്രതീക്ഷിക്കാത്തൊരു ജീവിയിൽ ഗവേഷണം നടത്തുകയായിരുന്ന, ആരും വിചാരിക്കാത്തൊരു   ശാസ്ത്രജ്ഞനാണ്, ജനിതകപഠനത്തിലെ ഈ കരിമ്പെട്ടി യാദൃച്ഛികമായ് തുറന്നത്. മെൻഡലിൻ്റെ കണ്ടുപിടുത്തങ്ങളെക്കുറിച്ച് സംസാരിക്കാൻ 1907ൽ വില്യം ബേയ്റ്റ്സൺ അമേരിക്കയിലേക്ക് പോയപ്പോൾ, കോശശാസ്ത്രജ്ഞനായ തോമസ് ഹണ്ട് മോർഗനെ കാണാൻ അദ്ദേഹം ന്യൂയോർക്കിൽ തങ്ങുകയുണ്ടായി. പ്രത്യേകിച്ചൊരു മതിപ്പൊന്നും
ബേയ്റ്റ്സണ് തോന്നിയില്ല. "മോർഗൻ ഒരു മരത്തലയനാണ്," അദ്ദേഹം ഭാര്യക്കെഴുതുകയുണ്ടായി. "മൂപ്പരെപ്പോഴുമൊരു കറക്കത്തിലാണ് --- വളരെ സജീവം; ബഹളമുണ്ടാക്കാനുള്ള പ്രവണതയുള്ളയാൾ."

 തോമസ് മോർഗൻ കൊളംബിയാ സർവ്വകലാശാലയിലെ ജീവശാസ്ത്രപ്പ്രഫസർ ആയിരുന്നു: ബഹളക്കാരൻ; പരിശ്രമശാലി; ചിന്താനിരതൻ; കിറുക്കൻ. അദ്ദേഹത്തിൻ്റെ മനസ്സ് ഒരു
ഡെർവീഷീനെപ്പോലെ* ഒരു ശാസ്ത്രീയപ്രശ്നത്തിൽനിന്ന് മറ്റൊന്നിലേക്ക് കറങ്ങിക്കൊണ്ടേയിരിക്കും. അദ്ദേഹത്തിൻ്റെ മുഖ്യതാൽപ്പര്യം
ഭ്രൂണശാസ്ത്രത്തിലായിരുന്നു. പാരമ്പര്യഏകകങ്ങൾ എന്നൊന്നുണ്ടോ, ഉണ്ടെങ്കിൽ അവ എങ്ങനെയാണ്, എവിടെയാണ് സമാഹരിക്കപ്പെട്ടിരിക്കുന്നതെന്നതിലൊന്നും മോർഗന് ആദ്യമൊന്നും കൗതുകമേ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിൻ്റെ പ്രധാന താൽപ്പര്യം വളർച്ചയെ സംബന്ധിച്ച പ്രശ്നമായിരുന്നു. ഒരേകകോശത്തിൽനിന്ന് എങ്ങിനെയാണൊരു ജീവി ആവിർഭവിക്കുന്നത്?

മെൻഡൽസിദ്ധാന്തത്തെ മോർഗൻ, തുടക്കത്തിൽ, തടുത്തിരുന്നു. സങ്കീർണ്ണമായ ഭ്രൂണസന്ദേശങ്ങൾ വ്യതിരിക്തമായ ഏകകങ്ങളായ് കോശത്തിൽ സമാഹൃതമായിരിക്കുക അസാദ്ധ്യമെന്നാണ് അദ്ദേഹം വാദിച്ചത് (അതിനാലാണ് ബേയ്റ്റ്‌സൺ "മരത്തലയൻ" എന്ന് വിളിച്ചത്). ഒടുവിൽ, പക്ഷേ, ബേയ്റ്റ്സണിൻ്റെ തെളിവുകൾ മോർഗന് ബോദ്ധ്യമായി. വിവരങ്ങളുടെ പട്ടികപ്പടങ്ങളുമായ് വന്ന മെൻഡലിൻ്റെ "ശൂരശുനകനോട്" വാദിച്ചു ജയിക്കുക കഠിനമാണ്. എന്നിട്ടും, ജീനുകളുണ്ടെന്നത് അംഗീകരിച്ചതിനുശേഷവും, അവയുടെ ഭൗതീകരൂപത്തെപ്പറ്റിയുള്ള  മോർഗൻ്റെ ആശയക്കുഴപ്പം നിലനിന്നു. ശാസ്ത്രജ്ഞനായിരുന്ന ആർതർ കോൺബർഗ് ഒരിക്കൽ പറയുകയുണ്ടായി: കോശജീവശാസ്ത്രജ്ഞർ നിരീക്ഷിക്കും; ജനിതകശാസ്ത്രജ്ഞർ എണ്ണും; ജീവരസതന്ത്രജ്ഞർ വൃത്തിയാക്കും. നേരു പറഞ്ഞാൽ, സൂക്ഷ്മദർശിനികൾ ആയുധമാക്കിയ കോശജീവശാസ്ത്രജ്ഞർക്ക്, കോശങ്ങൾക്കകത്ത് കാണാവുന്ന ഘടകങ്ങൾ തിരിച്ചറിയാനാകുന്ന ധർമ്മങ്ങൾ നിർവ്വഹിക്കുന്ന, കോശലോകവുമായാണ് പരിചയം. പക്ഷേ, അന്നേവരേക്കും, ഒരു സ്ഥിതിവിവരക്കണക്കെന്ന അർത്ഥത്തിൽ മാത്രമാണ് ജീൻ  "ദൃശ്യ"മായിരുന്നത്. പാരമ്പര്യത്തിൻ്റെ ഭൗതീകാടിസ്ഥാനം വെളിക്കുകൊണ്ടുവരിയാകയായിരുന്നൂ മോർഗന് വേണ്ടിയിരുന്നത്."പാരമ്പര്യത്തിൻ്റെ ഗണിതപരമായ 
രൂപവൽക്കരണത്തിലല്ല ഞങ്ങളുടെ പ്രാഥമികമായ താൽപ്പര്യം," അദ്ദേഹമെഴുതി. "കോശത്തെ, ബീജാണ്ഡങ്ങളെ സംബന്ധിച്ച
പ്രശ്നത്തിലാണ്."

പക്ഷേ, കോശങ്ങളിൽ എവിടെയാണ് ജീനുകളെ കണ്ടെത്താനാകുക? ജീനിനെ കാണാൻ ഏറ്റവും സാദ്ധ്യതയുള്ള സ്ഥലം ഭ്രൂണമാണെന്ന് ജീവശാസ്ത്രജ്ഞന്മാർ പണ്ടേ, സഹജാവബോധത്തോടെ, അനുമാനിച്ചിരുന്നു. 1890കളിൽ, നേപ്പിൾസിൽ, കടൽച്ചൊറികളിൽ ഗവേഷണം നടത്തുകയായിരുന്ന ജർമ്മനിക്കാരൻ ഭ്രൂണശാസ്ത്രജ്ഞൻ തിയഡോർ ബോവേരി, കോശകേന്ദ്രത്തിൽ സ്പ്രിങ്ങുകളെപ്പോലെ ചുരുണ്ടുകിടക്കുന്ന, അനിലിൻ** തട്ടിയാൽ നീലയാകുന്ന നൂലുപോലുള്ള നാരുകളായ      ക്രോമസോമുകളിൽ  ആയിരിക്കണം ജീനുകളുടെ വാസമെന്ന് അഭിപ്രായപ്പെട്ടിരുന്നു (ബോവേരിയുടെ സഹപ്രവർത്തകൻ വിൽഹെം വോൺ വാൾഡെയർ - ഹാർട്സ് ഇട്ട പേരാണ് ക്രോമസോം).

വേറെ രണ്ട് ശാസ്ത്രജ്ഞരുടെ ഗവേഷണങ്ങൾ ബോവേരിയുടെ പരികൽപ്പനയെ സ്ഥിരീകരിച്ചു. കാൻസാസിലെ പുൽമേടുകളിൽ പച്ചക്കുതിരകളെ ശേഖരിച്ചു നടന്നിരുന്ന കർഷക ബാലൻ വാൾട്ടർ സട്ടൺ, പച്ചത്തുള്ളനെ ശേഖരിക്കുന്ന ന്യൂയോർക്കിലെ ശാസ്ത്രജ്ഞനായ് വളർന്നു വലുതായിരുന്നു. 1902ൽ, പച്ചക്കുതിരകളുടെ ബീജാണ്ഡകോശങ്ങളിൽ (അവയിലെ ക്രോമസോമുകൾ പ്രത്യേകിച്ചും ഭീമമാണ്) ഗവേഷണം നടത്തേ, ക്രോമസോമുകളിൽ ജീനുകൾ കായീകമായിത്തന്നെ വഹിക്കപ്പെടുന്നുണ്ടെന്ന് സട്ടണും അവകാശപ്പെട്ടിരുന്നു. അതേ സമയം, ബോവേരിയുടെ വിദ്യാർത്ഥിയും ജീവശാസ്ത്രകാരനുമായ നെട്ടീ  സ്റ്റീവൻസ്  ലിംഗനിർണ്ണയത്തിൽ തൽപ്പരനായി. 1905ൽ, സാധാരണ മണ്ണിരകളുടെ കോശങ്ങൾ ഉപയോഗിച്ച് സ്റ്റീവൻസ്, ആൺഭ്രൂണങ്ങളിൽ മാത്രമുള്ളതും പെൺഭ്രൂണങ്ങളിൽ ഒരിക്കലും കാണാത്തതുമായ അനന്യമായ ഒരു ഘടകമാണ് --- Y ക്രോമസോമാണ് --- ഇരയിലെ "ആണത്തത്തെ" നിർണ്ണയിക്കുന്നതെന്ന് തെളിയിച്ചു (X ക്രോമസോമിനെക്കാൾ കുറുകിയതും ചെറുതുമാണെന്നതൊഴിച്ചാൽ, സൂക്ഷ്മദർശിനിയിൽ മറ്റേതൊരു ക്രോമസോമിനേയും പോലെയാണ് Y ക്രോമസോമും --- നല്ല നീലനിറം പിടിക്കുന്ന D N A യുടെ ഒരു ചുരുൾ ---  കാണപ്പെടുക). ലിംഗവാഹകജീനിൻ്റെ  സ്ഥാനം ഒരേക ക്രോമസോമിലാണെന്ന് കൃത്യമായ് അടയാളപ്പെടുത്തിയ സ്റ്റീവൻസ്, എല്ലാ ജീനുകളുടേയും വാഹകർ ക്രോമസോമുകളാകാമെന്ന് നിർദ്ദേശിച്ചു.

Ø

ബൊവേരിയുടെയും, സട്ടണിൻ്റെയും, സ്റ്റീവൻസിൻ്റെയും ഗവേഷണങ്ങളെ തോമസ് മോർഗൻ ആദരിച്ചു. എന്നാലും, ജീനിനെക്കുറിച്ചുള്ള കൂടുതൽ മൂർത്തമായ ഒരു വിവരണത്തിനായ് അദ്ദേഹം അപ്പോഴും ദാഹിച്ചു. ജീനുകളുടെ ഭൗതീകവസതിയായ് ക്രോമസോമുകളെ ബോവേരി തിരിച്ചറിഞ്ഞുവെന്നത് ശരി. പക്ഷേ, ജീനുകളുടെയും ക്രോമസോമുകളുടെയും ആഴത്തിലുള്ള ഘടന അപ്പോഴും അവ്യക്തമായിരുന്നു. ക്രോമസോമുകളിൽ ജീനുകൾ എങ്ങിനെയാണ് സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്?  ക്രോമസോംനാരുകളിൽ അവ കോർത്തിരിക്കപ്പെട്ടിരിക്കുകയാണോ --- മാലയിൽ മുത്തുമണികൾ പോലെ?
ഓരോ ജീനിനും സവിശേഷമായൊരു ക്രോമസോം"മേൽവിലാസ"മുണ്ടോ? ജീനുകൾ അതിവ്യാപിക്കാറുണ്ടോ? ഒരു ജീനിന് മറ്റൊന്നുമായ് ഭൗതീകമോ, രാസപരമായോ ബന്ധമുണ്ടോ?

ഈ ചോദ്യങ്ങളെ മോർഗൻ സമീപിച്ചത് ഇനിയും മറ്റൊരു മാതൃകാജീവിയെ പഠിച്ചുകൊണ്ടാണ് --- പഴമീച്ചകളെ. ഏതാണ്ട് 1905നോടടുത്താണ് അദ്ദേഹം ഈച്ചകളെ വളർത്തിത്തുടങ്ങിയത് (മസാച്ചുസെറ്റ്സിലെ വുഡ്‌സ് ഹോളിലുള്ള പഴം-പച്ചക്കറിക്കടയിലെ ചീഞ്ഞ പഴക്കൂമ്പാരത്തിനു മുകളിലുള്ള ഈച്ചപ്പറ്റത്തിൽനിന്നാണ് അദ്ദേഹത്തിൻ്റെ ആദ്യശേഖരം വന്നതെന്ന് മോർഗൻ്റെ ചില സഹപ്രവർത്തകർ പിന്നീട് അവകാശപ്പെട്ടു. അതല്ലാ, ന്യൂയോർക്കിലെ ഒരു സഹപ്രവർത്തകനിൽനിന്നാണ് അദ്ദേഹത്തിൻ്റെ ആദിയീച്ചകൾ വന്നതെന്നാണ്  മറ്റു ചിലർ സൂചിപ്പിച്ചത്). കൊല്ലം ഒന്ന് കഴിഞ്ഞപ്പോൾ, കൊളംബിയാ സർവ്വകലാശാലയിലെ മൂന്നാം നിലയിലുള്ള പരീക്ഷണമുറിയിൽ, ചീഞ്ഞപഴങ്ങളിട്ട കുപ്പികളിൽ അദ്ദേഹം ആയിരക്കണക്കിന് പുഴുക്കളെ വളർത്തുകയായിരുന്നു***. പഴുപ്പ് കൂടിയ വാഴപ്പഴങ്ങൾ വടികളിൽ തൂങ്ങിക്കിടന്നു. പുളിച്ച പഴങ്ങളുടെ മണം ബോധം കെടുത്തുന്നതായിരുന്നു. മോർഗൻ നീങ്ങുമ്പോഴൊക്കെ, മുരളുന്ന ഒരു മുഖപടം പോലെ, പലായനം ചെയ്യുന്ന ഈച്ചകളുടെയൊരു മേഘം മേശകളിൽനിന്ന് ഉയർന്നുപൊങ്ങി. വിദ്യാർത്ഥികൾ ആ പരീക്ഷണശാലയെ "ഈച്ചമുറി"യെന്നാണ് വിളിച്ചത്. അതിൻ്റെ വലുപ്പവും ആകൃതിയും മെൻഡലിൻ്റെ പൂന്തോട്ടത്തിന് സമമായിരുന്നു. കാലാന്തരത്തിലതും, ജനിതക ശാസ്ത്രചരിത്രത്തിൽ, അതേപോലൊരു ഐതിഹാസികസ്ഥലിയായ് മാറും.

മെൻഡലിനെപ്പോലെ മോർഗനും പരമ്പരാഗതക്ഷമമായ ഗുണങ്ങളെ തെരഞ്ഞെടുത്തുകൊണ്ടാണ് തുടങ്ങിയത് --- തലമുറകളിലൂടെ പിന്തുടരാൻ പറ്റുന്ന, കാണാനാകുന്ന വൈജാത്യങ്ങളെ. 1900ങ്ങളിലെ ആദ്യവർഷങ്ങളിൽ അദ്ദേഹം ഹ്യൂഗോ ഡ വ്രീസിൻ്റെ ആംസ്റ്റർഡാമിലുള്ള തോട്ടം സന്ദർശിച്ചിരുന്നു. ഡ വ്രീസിൻ്റെ മറുസസ്യങ്ങളിൽ [mutants] അദ്ദേഹം പ്രത്യേക താല്പര്യമെടുക്കുകയുണ്ടായി. പഴമീച്ചകളിലും ഉൾപ്പരിവർത്തനമുണ്ടോ? ആയിരക്കണക്കിന് ഈച്ചകളെ സൂക്ഷ്മദർശിനിയിലൂടെ അടയാളപ്പെടുത്തി, നിരവധി മറുശലഭങ്ങളെ  അദ്ദേഹം ഇനം തിരിച്ചു. പൊതുവേ ചുകപ്പുകണ്ണനായ ഈച്ചകൾക്കിടിയിൽ അപൂർവ്വമായൊരു വെള്ളക്കണ്ണൻ സഹജമായ്‌ പ്രത്യക്ഷപ്പെട്ടു. ചില മറുശലഭങ്ങൾക്ക് രണ്ടായിപ്പിരിഞ്ഞ മീശകണ്ടു; ചിലതിന് കാർനിറമാർന്ന ശരീരം; ചിലതിന് വട്ടക്കാലുകൾ; വളഞ്ഞ വവ്വാൽച്ചിറകുകൾ; വിഭക്തമായ ഉദരങ്ങൾ; വികലമായ കണ്ണുകൾ .... വിചിത്രജീവികളുടെയൊരു പൈശാചികമേള.

ഒരു പറ്റം വിദ്യാർത്ഥികൾ അദ്ദേഹത്തോടൊപ്പം ന്യൂയോർക്കിൽ ചേർന്നു.  സ്വകീയമായ വിചിത്രസ്വഭാവമുള്ളവർ. അമേരിക്കയിലെ വടക്കുനിന്നുള്ള,  കരുതലും പരിശ്രമശീലവും കൃത്യതയുള്ളവനുമായ ആൽഫ്രഡ്‌
സ്റ്റർട്ടെവണ്ട്. അതിബുദ്ധിമാനും, ഗംഭീരനും, കെട്ടുപാടില്ലാത്ത പ്രേമത്തെയും ലൈംഗീക അരാജകതയേയും വന്യസ്വപ്‌നം കാണുന്ന കാൽവിൻ ബ്രിഡ്ജസ്. മോർഗൻ്റെ ശ്രദ്ധയിൽപ്പെടാൻ തിടുക്കപ്പെട്ട, സംശയരോഗിയും, വിചാരരോഗിയുമായ മുള്ളർ ഹെർമൻ. ബ്രിഡ്ജസിനോടുള്ള തൻ്റെ ഇഷ്ടം മോർഗൻ പരസ്യമായ് പ്രകടിപ്പിച്ചു. ബിരുദവിദ്യാർത്ഥിയെന്ന നിലയിൽ കുപ്പികൾ കഴുകാൻ നിയോഗിക്കപ്പെട്ട ബ്രിഡ്ജെസാണ് നൂറുകണക്കിന്
കുങ്കുമക്കണ്ണനീച്ചകൾക്കിടയിലുള്ള മറുഈച്ചയെ കണ്ടെത്തിയത്. ഈ ഈച്ചയാണ്, പിന്നീട്, മോർഗൻ്റെ പല നിർണ്ണായകപരീക്ഷണങ്ങൾക്കും അടിത്തറയായത്. സ്റ്റർട്ടെവണ്ടിൻ്റെ അച്ചടക്കത്തേയും, കർമ്മനിരതയേയും മോർഗൻ ബഹുമാനിച്ചു. മുള്ളറെ അദ്ദേഹത്തിന് അത്ര ഇഷ്ടമായിരുന്നില്ല. കപടതയുള്ളവനും, മിതഭാഷിയും, ലാബിലെ മറ്റുള്ളവരുമായ് അകലം പാലിക്കുന്നവനുമായിട്ടാണ് അവനെ അദ്ദേഹം കണ്ടത്. കാലാന്തരത്തിൽ ഈ മൂന്നു പേരും രൂക്ഷമായ് കലഹിക്കും; ജനിതകശാസ്ത്രവിഷയത്തിലൂടെ കത്തിക്കയറിക്കടന്നുപോയ അസൂയയുടെയും നാശത്തിൻ്റെയുമൊരു ചാക്രികാവൃത്തിയെ കെട്ടഴിച്ചു വിടും. പക്ഷേ, ഈ കാലത്ത്, ഈച്ചകളുടെ മുരളിച്ചകൾ ആധിപത്യം നേടിയ തരളശാന്തിയിൽ, അവർ ജീനുകളുടെയും ക്രോമസോമുകളുടെയും പരീക്ഷണങ്ങളിൽ സ്വയം നിമഗ്നരായി. മറുശലഭങ്ങളുമായ് സാധാരണ ഈച്ചകളെ സങ്കലനം ചെയ്ത് --- ഉദാഹരണമായ്, വെള്ളക്കണ്ണൻ ആണിനെ ചുകപ്പുകണ്ണൻ പെണ്ണുമായ്‌ ഇണ ചേർത്ത് --- മോർഗനും, അദ്ദേഹത്തിൻ്റെ ശിഷ്യർക്കും ഗുണങ്ങളുടെ, ധാരാളം തലമുറകളിലൂടെയുള്ള, പാരമ്പര്യസഞ്ചാരം പിന്തുടരാൻ പറ്റി. മറുജീവികൾ, ഒരിക്കൽ കൂടി, ഈ പരീക്ഷണങ്ങൾക്ക് നിർണ്ണായകമെന്ന് വന്നു: വിജാതീയർക്കേ സ്വാഭാവികപൈ[മാ]തൃകത്തിൻ്റെ പ്രകൃതിക്കുമേൽ വെളിച്ചം തൂകാനാകു.

Ø

മോർഗൻ്റെ  കണ്ടുപിടുത്തത്തിൻ്റെ ഗൗരവം ഗ്രഹിക്കാൻ നാം മെൻഡലിലേക്ക് മടങ്ങേണ്ടതുണ്ട്. മെൻഡലിൻ്റെ പരീക്ഷണങ്ങളിൽ ഓരോ ജീനും സ്വതന്ത്രമായൊരു സ്വത്വമായാണ് പെരുമാറിയത് --- ഒരു സ്വതന്ത്രവാഹകനായി. ഉദാഹരണത്തിന്, പൂനിറത്തിന് വിത്തിൻ്റെ ഇഴയടുപ്പവുമായോ, തണ്ടിൻ്റെ നീളവുമായോ ഒരു ബന്ധവുമുണ്ടായിരുന്നില്ല. ഓരോ ഗുണവവും പാരമ്പര്യസിദ്ധമായത് സ്വതന്ത്രമായാണെന്ന് മാത്രമല്ല, ഗുണങ്ങളുടെ ഏതു രീതിയിലുള്ള സംയോജനവും സാദ്ധ്യമായിരുന്നു. ഓരോ സങ്കരണത്തിൻ്റെയും പരിണതിയൊരു സമ്പൂർണ്ണ ജനിതകപകിടകളിയായിരുന്നു: ഊതപ്പൂക്കളുള്ള, ഉയരം കൂടിയ ഒരു ചെടിയെ വെള്ളപ്പൂക്കളുള്ള, നീളം കുറഞ്ഞ ഒരു ചെടിയുമായ് സങ്കലനം ചെയ്‌താൽ, ഒടുവിൽ കിട്ടുക സർവ്വതരത്തിലുമുള്ള മിശ്രിതങ്ങളെയാണ് --- വെള്ളപ്പൂക്കളുള്ള നീളൻ ചെടികൾ, ഊതപ്പൂക്കളുള്ള കുള്ളൻ ചെടികൾ, അങ്ങനെയങ്ങനെ.

എന്നാൽ, മോർഗൻ്റെ പഴമീച്ച ജീനുകൾ എപ്പോഴും സ്വതന്ത്രമായല്ല പെരുമാറിയത്. ആയിരത്തിത്തൊള്ളായിരത്തിപ്പത്തിനും പന്ത്രണ്ടിനുമിടയിൽ മോർഗനും അദ്ദേഹത്തിൻ്റെ വിദ്യാർത്ഥികളുമൊത്ത് ആയിരക്കണക്കിന് മറുഈച്ചകളെ പരസ്പരം ഇണചേർത്ത്, പതിനായിരക്കണക്കിന് ഈച്ചകളെ ഉൽപ്പാദിപ്പിച്ചു. ഓരോ സങ്കലനത്തിന്റേയും ഫലങ്ങൾ സൂക്ഷ്മമായ്‌ രേഖപ്പെടുത്തപ്പെട്ടു: വെള്ളക്കണ്ണുകളുള്ളവ, കാർനിറമുള്ളവ, മീശകളുള്ളവ, കുഞ്ഞൻചിറകുകളുള്ളവ. നിരവധി നോട്ടുബുക്കുകളിൽ പട്ടികയിലാക്കിയ
ഈ സങ്കരങ്ങളെ മോർഗൻ വിശകലനം ചെയ്തപ്പോൾ, അദ്ദേഹം   അത്ഭുതകരമായൊരു വിന്യാസം കണ്ടു: ചില ജീനുകൾ പരസ്പര "ബന്ധ"മുള്ളതുപോലെ പെരുമാറുന്നു. വെളുത്ത കണ്ണുണ്ടാക്കുന്നതിന് ഉത്തരവാദിയായ ജീൻ (വെള്ളക്കണ്ണൻ എന്ന് വിളിക്കപ്പെട്ടത്), ഉദാഹരണത്തിന്, Y ക്രോമസോമുമായ് അഭേദ്യമായ് ബന്ധപ്പെട്ടിരിക്കുന്നു. ഈച്ചകളെ മോർഗൻ എങ്ങനെയൊക്കെ സങ്കലനം ചെയ്താലും വെള്ളക്കണ്ണെന്ന ഗുണം ആ ക്രോമസോമിലേ കണ്ടെത്താനാകൂ. അതേപോലെ, കാർനിറത്തിൻ്റെ ജീൻ, ചിറകിൻ്റെ ആകൃതി നിശ്ചയിക്കുന്ന ജീനുമായ് ബന്ധപ്പെട്ടിരിക്കുന്നു.

മോർഗനെ സംബന്ധിച്ച്, ഈ ജനിതകബന്ധത്തിന് ഒരർത്ഥമേ ഉണ്ടായിരുന്നുള്ളൂ: ജീനുകൾ പരസ്പരം കായീകമായ് ബന്ധിക്കപ്പെട്ടവയാകണം. ഈച്ചകളിൽ, കാർനിറത്തിനുള്ള ജീൻ ഒരിക്കലും കുഞ്ഞൻചിറകിനുള്ള ജീനിൽനിന്ന് സ്വതന്ത്രമായ് പരമ്പരാഗതസിദ്ധമാകില്ല (ഉണ്ടെങ്കിൽ അതത്യപൂർവ്വമാണ്); കാരണം, അവ രണ്ടിനേയും വഹിക്കുന്ന ക്രോമസോം ഒന്നാണ്. ഒരു മാലയിലാണ് രണ്ടു മുത്തുകളുമെങ്കിൽ, അവ രണ്ടും എന്നുമെന്നും പരസ്പരബന്ധിതമായിത്തന്നെയിരിക്കും; മാലകളെ സംയോജിപ്പിക്കുകയും ഇണക്കുകയും ചെയ്യാൻ ഏതു രീതിയിൽ പരിശ്രമിച്ചാലും. ഒരേ ക്രോമസോമിലെ രണ്ടു ജീനുകൾക്ക് ഇതേ  പ്രമാണമാണ് ബാധകം: പിളർപ്പൻമീശക്കുള്ള ജീനിനെ ചർമ്മനിറത്തിനുള്ള ജീനിൽനിന്ന് അടർത്തിമാറ്റാനുള്ള ലളിതവിദ്യകളൊന്നുമില്ല. ലക്ഷണങ്ങളുടെ ഈ അഭേദ്യതക്ക് പദാർത്ഥപരമായൊരു അടിസ്ഥാനമുണ്ട്: ചിലജീനുകളെ എന്നെന്നേക്കുമായ് കോർത്തിട്ട ഒരു "ചരടാണ്" ക്രോമസോം.

Ø

മെൻഡൽനിയമങ്ങൾക്കുള്ള പ്രധാനമായൊരു നവീകരണമാണ് മോർഗൻ കണ്ടുപിടിച്ചത്. ഒറ്റയ്‌ക്കൊറ്റക്കല്ലാ ജീനുകളുടെ സഞ്ചാരം; പറ്റമായാണ്. വിവരപ്പൊതികൾ തന്നേയും കെട്ടുകളായിരിപ്പാണ് --- ക്രോമസോമുകളിൽ, അന്തിമമായ്, കോശങ്ങളിൽ. ആ കണ്ടുപിടുത്തത്തിന്, പക്ഷേ, കൂടുതൽ പ്രാധാന്യമുള്ള മറ്റൊരു പരിണതഫലമുണ്ടായി: ആശയപരമായി, മോർഗൻ ബന്ധിപ്പിച്ചത് ജീനുകളെ മാത്രമല്ല; രണ്ടു പഠനമേഖലകളെക്കൂടിയാണ് --- കോശശാസ്ത്രത്തേയും ജനിതകശാസ്‌ത്രത്തേയും. ജീൻ "വെറുമൊരു സാങ്കൽപ്പിക ഏകക"മല്ല. അതൊരു പ്രത്യേകയിടത്തിൽ, പ്രത്യേകരൂപത്തിൽ ജീവിക്കുന്ന ദ്രവ്യവസ്തുവാണ്. "നാമിപ്പോഴവ [ജീനുകൾ]  ക്രോമസോമുകളിലാണെന്ന് കണ്ട നിലയ്ക്ക്, അവയെ, തന്മാത്രകളേക്കാൾ ഉയർന്ന പദവിയിലുള്ള രാസഭാഗമായ്, ദ്രവ്യ ഏകകങ്ങളായ് നാമവയെ പരിഗണിക്കുന്നതിൽ ന്യായമില്ലേ?"

Ø

ജീനുകൾ തമ്മിലുള്ള ബന്ധം സ്ഥാപിതമായത് രണ്ടാമത്തേയും, മൂന്നാമത്തെയുമൊരു കണ്ടുപിടുത്തത്തിന് കാരണമായി. ഒരേ ക്രോമസോമിൽ കായീകമായ് പരസ്പരബന്ധിതമായിരിക്കുന്ന ജീനുകൾ ഒരുമിച്ചാണ് പാരമ്പര്യസിദ്ധമാകുകയെന്നത് മോർഗൻ
സ്ഥാപിച്ചെടുത്തുവല്ലോ.  നീലനേത്രങ്ങളുണ്ടാക്കുന്ന ജീൻ (അത് B എന്നിരിക്കട്ടെ) സ്വർണ്ണമുടിയുണ്ടാക്കുന്ന ജീനുമായ് (Bl) ബന്ധിതമെങ്കിൽ, സ്വർണ്ണമുടിയുള്ള കുട്ടികൾക്ക്, അനിവാര്യമായും, പൈ/മാതൃകമായ്   നീലനയനങ്ങളുണ്ടാകാനുള്ള പ്രവണതയുണ്ടായിരിക്കും (ഉദാഹരണം സാങ്കൽപ്പികമാണ്; പക്ഷേ, ഉദാഹരിക്കപ്പെടുന്ന തത്ത്വം വാസ്തവമാണ്).

പക്ഷേ, ഈ ബാന്ധവത്തിന് ഒരു അപവാദമുണ്ട്. വല്ലപ്പോഴും, വളരെ വല്ലപ്പോഴും, ഒരു ജീൻ അതിൻ്റെ പങ്കാളിയിൽനിന്ന് പിരിഞ്ഞുവെന്ന് വരാം; പിതൃക്രോമസോമിൽനിന്ന് മാതൃക്രോമസോമിലേക്ക് കാലുമാറിയെന്ന് വരാം. അങ്ങനെ, വളരെ വിരളമായ്, നീലക്കണ്ണുള്ള ഒരിരുൾമുടിക്കുട്ടിയോ, അതല്ലെങ്കിൽ, തിരിച്ച്, ഇരുണ്ടകണ്ണുകളുള്ള സ്വർണ്ണമുടിക്കുട്ടിയോ ഉണ്ടായെന്നിരിക്കാം. മോർഗൻ ഈ പ്രതിഭാസത്തെ "കാലുമാറ്റം" [crossing over]  എന്ന് വിളിച്ചു. കാലാന്തരത്തിൽ, ഈ കാലുമാറ്റം ജീവശാസ്ത്രത്തിൽ ഒരു വിപ്ലവത്തിന് തുടക്കമിടുന്നത് നമുക്കു കാണാറാകും; ജനിതകവിവരങ്ങളെ കൂട്ടിക്കുഴക്കാനും, പൊരുത്തപ്പെടുത്താനും, കൈമാറാനും കഴിയുമെന്ന സിദ്ധാന്തം സ്ഥാപിതമാകും --- സഹോദരക്രോമസോമുകൾ തമ്മിൽ മാത്രമല്ല, വംശങ്ങൾക്കിടയിലും.

മോർഗൻ്റെ ഗവേഷണത്താൽ പ്രേരിതമായ അന്തിമകണ്ടുപിടുത്തം "കാലുമാറ്റ"ത്തെക്കുറിച്ചുള്ള ക്രമബദ്ധപഠനത്തിന്റേയും കൂടി ഫലമാണ്. ചില ജീനുകൾ കാലുമാറാനാകാത്തവിധം മുറുകേ ബന്ധിതമാണ്. ഇവ ക്രോമസോമുകളിൽ ശാരീരികമായ് പരസ്പരം അടുത്തിരിക്കുന്നുവെന്ന് മോർഗൻ്റെ വിദ്യാർത്ഥികൾ പരികൽപ്പിച്ചു. ബന്ധിതമായ മറ്റു ജീനുകൾ പിരിയാനുള്ള പ്രവണത കൂടുതലുള്ളവയാണ്. ക്രോമസോമുകളിൽ അവ അകന്നിരിക്കുന്നവയാണ്. യാതൊരുവിധ പരസ്പരബന്ധവുമില്ലാത്ത ജീനുകൾ തീർത്തും വ്യത്യസ്തമായ ക്രോമസോമുകളിലായിരിക്കും. ചുരുക്കത്തിൽ, ക്രോമസോമിലെ ജീനുകളുടെ സമീപാവസ്ഥയാണ്  ജനിതകബന്ധത്തിൻ്റെ അടുപ്പമുണ്ടാക്കുന്നത്: രണ്ടു ലക്ഷണങ്ങൾ --- സ്വർണ്ണമുടിയും നീലക്കണ്ണും -- എത്രയാവൃത്തി ബന്ധിതമോ അല്ലയോ എന്ന് നിർണ്ണയിക്കുക വഴി, ക്രോമസോമിലെ ആ ജീനുകുകളുടെ ദൂരം നിർണ്ണയിക്കാനാകും.

1911ലെ ഒരു ഹേമന്തസന്ധ്യയിൽ, മോർഗൻ്റെ ലാബിലെ ബിരുദവിദ്യാർത്ഥി സ്റ്റർട്ട് വണ്ട്, ഡ്രോസോഫില[പഴമീച്ച]യുടെ ബന്ധങ്ങളെക്കുറിച്ചുള്ള ലഭ്യമായ പരീക്ഷണവിവരങ്ങൾ തൻ്റെ മുറിയിലേക്ക് കൊണ്ടുവന്നു. തൻ്റെ ഗണിതഗൃഹപാഠം അവഗണിച്ച്, അയാൾ ഈച്ചകളിലെ ജീനുകളുടെ ആദ്യപടം നിർമ്മിച്ചുകൊണ്ട് രാത്രി കഴിച്ചു. Aയ്ക്കു Bയുമായ് അടുത്തതും, Cയുമായ് അകന്നതുമായ ബന്ധമുണ്ടെങ്കിൽ, ക്രോമസോമിൽ ആ മൂന്നു ജീനുകളും ആ ക്രമത്തിലും അകലത്തിലുമായിരിക്കും സ്ഥാനസ
                                                                  
                                                             A . B ......... C 

മടക്കുചിറകുകളുണ്ടാക്കുന്ന ഒരപരം [N], കുറുമീശയുണ്ടാക്കുന്ന ഒരപരത്തോടുകൂടി [SB] പരമ്പരാഗതസിദ്ധമായാൽ, ആ രണ്ടു ജീനുകളും, N &SB, ഒരേ ക്രോമസോമിലായിരിക്കണം. അതേസമയം, നേത്രനിറമേകുന്ന ബന്ധിതമല്ലാത്ത ജീൻ മറ്റൊരു ക്രോമസോമിലായിരിക്കണം. വൈകുന്നേരമായപ്പോഴേക്കും, സ്റ്റർട്ട് വണ്ട്, ഒരു ഡ്രോസഫിലാ ക്രോമസോമിലെ അരഡസൻ ജീനുകളുടെ ആദ്യജനിതകനേർരേഖാചിത്രം വരച്ചു കഴിഞ്ഞിരുന്നു. 

1990കളിലെ മാനവജനിതകവ്യവസ്ഥയിലെ ജീനുകളെ രേഖപ്പെടുത്താനുള്ള വിശാലവും വിശദവുമായ പരിശ്രമങ്ങളുടെ മുന്നോടിയാണ്, സ്റ്റർട്ട് വണ്ടിൻ്റെ ലളിതജനിതകപടം. ക്രോമസോമുകളിലെ ജീനുകളുടെ ആപേക്ഷികസ്ഥാനങ്ങൾ നിർണ്ണയിക്കാനുള്ള ബന്ധങ്ങൾ സ്ഥാപിക്കുക വഴി, സ്റ്റർട്ട് വണ്ട് അടിത്തറയിട്ടത്, സ്തനാർബുദം, ബഹുമുഖവ്യക്തിത്ത്വം, ആൾസെയ്‌മേഴ്‌സ്‌ എന്നീ സങ്കീർണ്ണകുടുംബരോഗങ്ങളുമായ് കെട്ടുപിണഞ്ഞിരിക്കുന്ന ജീനുകളുടെ ഭാവിയിലുള്ള ഒട്ടിക്കലിനാണ്  [cloning]യാണ്. വെറും പന്ത്രണ്ടു മണിക്കൂറുകളിൽ, ന്യൂയോർക്കിലെ ഒരു കൂട്ടുകിടപ്പുമുറിയിലിരുന്ന്, മാനവജനിതകഘടനാഗവേഷണത്തിന് [Human Genome Project] അയാൾ അടിസ്ഥാനമിട്ടു.    

Ø

1905നും 1925നുമിടയിൽ കൊളംബിയായിലെ "ഈച്ച മുറി" ജനിതകശാസ്ത്രത്തിൻ്റെ പ്രഭവകേന്ദ്രമായി. പുതിയ ശാസ്ത്രത്തിനുള്ള ഉൽപ്രേരകമുറി. പരമാണുക്കൾ പരമാണുക്കളെ വിഭജിച്ചു പോകുമ്പോലെ, ആശയങ്ങളിൽനിന്ന് ആശയങ്ങൾ തെന്നിത്തെറിച്ചുകൊണ്ടിരുന്നു. ജനിതകശാസ്ത്രം പിറക്കുകയല്ല, അസ്തിത്വത്തിലേക്ക് കെട്ടിയിറക്കപ്പെടുകയാണെന്ന പ്രതീതി ജനിപ്പിക്കും വിധം   അതിരൂക്ഷമായാണ്, കണ്ടുപിടുത്തങ്ങളുടെ ശൃംഖലാ പ്രതിപ്രവര്‍ത്തനം --- ബന്ധനവും, കാലുമാറ്റവും, ജനിതകപടങ്ങളുടെ നേർരേഖീയതയും, ജീനുകൾക്കിടയിലെ ദൂരവും --- പുറത്തേക്ക് പൊട്ടിത്തെറിച്ചത്. പിന്നീടുള്ള ദശാബ്ദങ്ങളിൽ ആ മുറിയിലെ അന്തേവാസികൾക്കുമേൽ നൊബേൽ സമ്മാനങ്ങളുടെ തൂമഴ പെയ്യും: മോർഗനും, അദ്ദേഹത്തിൻ്റെ വിദ്യാർത്ഥികളും, ആ വിദ്യാർത്ഥികളുടെ വിദ്യാർത്ഥികളും,എന്തിന്, അവരുടെ വിദ്യാർത്ഥികളും അവരുടെ കണ്ടുപിടുത്തത്തങ്ങളുടെ പേരിൽ സമ്മാനിതരാകും.

പക്ഷേ, ബന്ധനങ്ങൾക്കും ജീൻപടങ്ങൾക്കുമപ്പുറത്ത്, മോർഗനുപോലും ജീനുകളെ ഒരു  ദ്രവ്യരൂപത്തിൽ വർണ്ണിക്കാനും, സങ്കൽപ്പിക്കാനും പ്രയാസമുണ്ടായി. ഏത് രാസദ്രവ്യത്തിനാണ് "ചരടുകളിലും", "പടങ്ങളിലും" വിവരങ്ങൾ വഹിക്കുവാനാവുക? അമൂർത്തതകളെ സത്യമായ് അംഗീകരിക്കാനുള്ള ശാസ്ത്രജ്ഞരുടെ പ്രാപ്‌തിക്കുള്ള സാക്ഷ്യമാണ്,  മെൻഡലിൻ്റെ പ്രബന്ധപ്രസിദ്ധീകരണം കഴിഞ്ഞ്, അമ്പത് കൊല്ലങ്ങൾക്കു ശേഷവും --- 1865 മുതൽ 1915 വരെ --- ജീവശാസ്ത്രകാരന്മാർ  ജീനുകളെ  അവയുൽപ്പാദിപ്പിക്കുന്ന ലക്ഷണങ്ങളിലൂടെ മാത്രമേ അറിഞ്ഞുള്ളൂവെന്നത്: ജീനുകൾ ലക്ഷണങ്ങളെ നിർണ്ണയിക്കുന്നു; ജീനുകൾക്ക് ഉൾപരിവർത്തനം സംഭവിക്കുകയും,അതുവഴി, മറുലക്ഷണങ്ങൾ നിർണ്ണയിക്കപ്പെടും ചെയ്യാം; ജീനുകൾ ഭൗതീകമായോ, രാസപരമായോ പരസ്പരബന്ധിതങ്ങളാവാം. അവ്യക്തമായ്, ഒരു മൂടുപടത്തിലൂടെയെന്നപോൽ, ജനിതകശാസ്ത്രകാരന്മാർ വിന്യാസങ്ങളും, പ്രതിപാദ്യങ്ങളും വിഭാവനം ചെയ്യുകയായിരുന്നു: നാരുകൾ, ചരടുകൾ, പടങ്ങൾ, കാലുമാറ്റങ്ങൾ, വിഭക്തവും അവിഭക്തവുമായ നിരകൾ, ഗുപ്തഭാഷയിലേക്ക് ഹ്രസ്വമാക്കപ്പെട്ട വിവരങ്ങൾ വഹിക്കുന്ന ക്രോമസോമുകൾ. പക്ഷേ, ശരിക്കുമൊരു ജീനിനെ ആരും കണ്ടിട്ടുണ്ടായിരുന്നില്ല; അതിൻ്റെ പദാർത്ഥപരമായ സത്തയെന്തെന്ന് അറിഞ്ഞിട്ടുണ്ടായിരുന്നില്ല. പാരമ്പര്യപഠനത്തിൻ്റെ കേന്ദ്രലക്ഷ്യം, സ്വന്തം ഛായകളിലൂടെ മാത്രം ദൃശ്യമാകുന്ന ഒരു വസ്‌തുവെപ്പോലെയാണെന്ന പ്രതീതിയുണ്ടാക്കി; ശാസ്ത്രത്തിനത്, കൊതിപ്പിച്ച് പൊറുതികെടുത്തും വിധം അദൃശ്യമായ് മരുവി.    

Ø

കടൽച്ചൊറികളും, മണ്ണിരകളും, പഴമീച്ചകളും, മനുഷ്യലോകത്തുനിന്ന് വളരെ വിദൂരമെന്ന് തോന്നിയെങ്കിൽ --- മെൻഡലിന്റേയും മോർഗന്റേയും കണ്ടുപിടുത്തങ്ങളുടെ യഥാർത്ഥപ്രസക്തിയിൽ ആർക്കെങ്കിലും സംശയമുണ്ടായിരുന്നെങ്കിൽ --- 1917ലെ അക്രമാസക്തവസന്തത്തിലെ സംഭവങ്ങൾ അതങ്ങനെയല്ലെന്ന് തെളിയിച്ചു. അക്കൊല്ലം മാർച്ചിൽ,  ന്യൂയോർക്കിലെ "ഈച്ചമുറി"യിലിരുന്ന് മോർഗൻ ജനിതകബന്ധനത്തെപ്പറ്റിലേഖനങ്ങളെഴുതുമ്പോൾ, റഷ്യയിലൂടെ മൃഗീയമായ ജനകീയവിപ്ലവങ്ങളുടെ ഒരു മലവെള്ളപ്പാച്ചിലുണ്ടായി. അത് ചക്രവർത്തിമാരുടെ സർവ്വാധിപത്യത്തിൻ്റെ തലയരിഞ്ഞു; ബോൾഷെവിക്ക് ഭരണകൂടം സ്രഷ്ടമാകുന്നതിൽ കലാശിച്ചു.

മുഖവിലക്കെടുത്താൽ, റഷ്യൻ വിപ്ലവവും ജീനുകളും തമ്മിൽ ഒന്നുമില്ല.  പട്ടിണികിടക്കുന്ന, പരിക്ഷീണരായ ഒരു ജനതയെ മഹായുദ്ധം അസംതൃപ്തിയുടെ ഘാതകമായ ഉന്മാദത്തിലേക്ക് തല്ലിയുണർത്തി.
ചക്രവർത്തി ദുർബ്ബലനും കഴിവുകെട്ടവനുമായ് കരുതപ്പെട്ടു. പട്ടാളവും കലാപത്തിലായി. ഫാക്റ്ററിത്തൊഴിലാളികൾ പകകൊണ്ടെരിഞ്ഞു. പണപ്പെരുപ്പം നിയന്ത്രണം വിട്ടു. 1917 മാർച്ചായപ്പോഴേക്കും നിക്കോളാസ് രണ്ടാമൻ ചക്രവർത്തി സിംഹാസനമൊഴിയാൻ നിർബന്ധിതനായി. ചക്രവർത്തിനി അലക്‌സാന്ദ്ര ഇംഗ്ലണ്ടിലെ വിക്റ്റോറിയാ രാജ്ഞിയുടെ പേരമകളായിരുന്നു. ആ പൈ/ മാതൃകത്തിൻ്റെ അടയാളങ്ങൾ
ചക്രവർത്തിനിക്കും ലഭിച്ചിരുന്നു: സ്തംഭാകാരമുള്ള കടഞ്ഞെടുത്ത നാസികയോ, ചർമ്മത്തിൻ്റെ ലോലമായ പളുങ്കുനിറമോ മാത്രമല്ല, ഹീമഫിലിയBക്കു ഹേതുവായ ഒരു ജീൻ കൂടിയാണവർക്ക് പരമ്പരാഗതമായത് --- വിക്റ്റോറിയായുടെ പിൻഗാമികളിലൂടെ നെടുകേയും കുറുകേയും സഞ്ചരിച്ച ഒരു എം മാരകരക്തസ്രാവരോഗം. ചോര കട്ടപിടിപ്പിക്കുന്ന ഒരു പ്രോട്ടീനിനെ നിർവീര്യമാക്കുന്ന ഉൾപ്പരിവർത്തിതമായ ഒരു ജീനാണ് ഹീമഫിലിയക്ക് ഹേതു. ഈ പ്രോട്ടീനിൻ്റെ അഭാവത്തിൽ രക്തം ഘനീഭവിക്കുന്നതിന് വിസമ്മതിക്കും.  ചെറിയൊരു പോറലോ, മുറിവോ മതി, മാരകമായൊരു രക്തസ്രാവ പ്രതിസന്ധിയിലേക്ക് കുതിക്കാൻ. രോഗത്തിൻ്റെ പേര്  ---- ഹൈമോ (രക്തം), ഫിലിയ (ഇഷ്ടം) എന്നീ ഗ്രീക്കു വാക്കുകളിൽനിന്നുള്ളത് --- ആ ദുരന്തത്തിനുള്ള ഒരു വികലവിവരണമാണ്: ഹീമഫിലിയക്കാർ ആവശ്യത്തിലധികം അനായാസമായ് രക്തം സ്രവിക്കാൻ ഇഷ്ടപ്പെടുന്നു.

ഹീമഫിലിയ --- ഈച്ചകളിലെ വെള്ളക്കണ്ണുകൾ പോലെ --- ലിംഗബന്ധമുള്ള ജനിതകരോഗമാണ്. സ്‌ത്രീകൾക്കതിൻ്റെ വാഹകരാകാം; അവർക്കത് പകരാനും സാധിക്കും. പക്ഷേ, രോഗം പൊതുവേ ബാധിക്കുന്നത് ആണുങ്ങളെയാണ്. രക്തസാന്ദ്രീകരണത്തെ ബാധിക്കുന്ന ഹീമഫിലിയ ജീനിലെ ഉൾപ്പരിവർത്തനം വിക്റ്റോറിയാ രാജ്ഞിയുടെ ജനനസമയത്ത് സ്വാഭാവികമായ് ആവിർഭവിച്ചിരിക്കാനാണ് സാദ്ധ്യത. അവരുടെ എട്ടാമത്തെ കുട്ടി, ലിയോപോൾഡ് മസ്‌തിഷ്‌ക്കരക്തസ്രാവം മൂലം മുപ്പതാം വയസ്സിൽ മരണമടയുകയുണ്ടായി. വിക്റ്റോറിയയിൽനിന്ന് ഈ ജീൻ അവരുടെ രണ്ടാമത്തെ കുട്ടിയായ ആലീസിലേക്കീ ജീൻ പകർന്നു --- ആലീസിൽനിന്ന് അവരുടെ മകളും റഷ്യയിലെ ചക്രവർത്തിനിയുമായ അലക്‌സാന്ദ്രയിലേക്കും.

1904ലെ ഗ്രീഷ്മത്തിൽ അലക്‌സാന്ദ്ര -- താൻ ജീൻവാഹകയാണെന്ന്
അപ്പോഴുമറിയാതെ --- ഭാവിയിൽ ചക്രവർത്തിയാകേണ്ട  അലക്സേയിയെ പ്രസവിച്ചു. അവൻ്റെ രോഗചരിത്രത്തെക്കുറിച്ച് ആർക്കും വളരെയൊന്നുമറിയില്ല. എങ്കിലും, അവൻ്റെ പരിചാരകർ എന്തോ കുഴപ്പമുണ്ടെന്ന് ശ്രദ്ധിച്ചിരിക്കണം: രാജകുമാരന് മുറിവേൽക്കാൻ വലിയ കാര്യമൊന്നും വേണ്ട. അവൻ്റെ മൂക്കിൽനിന്നുള്ള ചോരചൊരിയൽ പലപ്പോഴും നിലക്കാറില്ല. അവൻ്റെ രോഗത്തിൻ്റെ കൃത്യമായ പ്രകൃതം രഹസ്യമായ് വച്ചിരിക്കേ, അലക്സേയ്‌ വിളറിവെളുത്ത കുട്ടിയായ് തുടർന്നു. സ്വാഭാവികമായും, പതിവായും അവനിൽനിന്ന് രക്തം വാർന്നുകൊണ്ടേയിരുന്നു. കളിക്കുമ്പോഴുള്ള ഒരു വീഴൽ, അല്ലെങ്കിൽ, ചർമ്മത്തിലൊരു പോറൽ, അതല്ലെങ്കിൽ, കുലുക്കമുള്ള കുതിരസവാരി മതി, ദുരന്തം ത്വരിതമാക്കാൻ.

അലക്സേയ്‌ വളരാൻ തുടങ്ങിയപ്പോൾ, രക്തസ്രാവം പ്രാണന് കൂടുതൽ ഭീഷണിയായപ്പോൾ, അലക്‌സാന്ദ്ര ഒരു റഷ്യാക്കാരൻ സന്യാസിയെ ആശ്രയിച്ചു; ഐതിഹാസികമായ രീതിയിൽ അഴകൊഴമ്പനായിരുന്ന റാസ്‌പുട്ടിനെ. അയാൾ ഭാവിചക്രവർത്തിയെ സുഖപ്പെടുത്താമെന്ന് വാക്ക് നൽകി. വിവിധങ്ങളായ ഔഷധച്ചെടികളും, കുഴമ്പുകളും, തന്ത്രപ്രധാനമായ  പ്രാർത്ഥനകളാലും താൻ അലക്സേയിയുടെ ജീവൻ നിലനിർത്തിയെന്ന് റാസ്പുട്ടിൻ അവകാശപ്പെട്ടു. പക്ഷേ, അയാൾ അവസരവാദിയായ ഒരു വ്യാജനാണെന്നാണ് മിക്ക റഷ്യാക്കാരും കരുതിയത് (റാണിയുമായ് അയാൾക്ക് രഹസ്യബന്ധമുണ്ടെന്ന അപവാദമുണ്ടായിരുന്നു). രാജകുടുംബത്തിലെ അയാളുടെ നിരന്തര സാന്നിദ്ധ്യവും, അലക്‌സാന്ദ്രയുടെ മേൽ അയാൾക്കുള്ള വർദ്ധിതമായ സ്വാധീനവും, തകർന്നിടിയുന്ന രാജവംശത്തിന് മുഴുവട്ടായെന്നതിനുള്ള തെളിവായ് പരിഗണിക്കപ്പെട്ടു.

അലക്സേയിയുടെ ഹീമഫിലിയയേയെക്കാളും, റാസ്‌പുട്ടിൻ്റെ കുതന്ത്രങ്ങളേക്കാളും എത്രയോയേറെ സങ്കീർണ്ണമായിരുന്നൂ, പെട്രോഗ്രാഡിലെ തെരുവകളിൽ അഴിഞ്ഞാടുകയും, റഷ്യൻ വിപ്ലവത്തിന് പ്രാരംഭം കുറിക്കുകയും ചെയ്ത രാഷ്ട്രീയ,സാമൂഹിക,സാമ്പത്തിക ശക്തികൾ. ചരിത്രത്തെ രോഗസംബന്ധിയായ ജീവചരിത്രമായ് താഴ്ത്തിക്കെട്ടാനാകില്ല --- എന്നാൽ, അതിനു ബാഹ്യമായതിനെ നിൽക്കാനുമാകില്ല. ജീനുകളെക്കുറിച്ചുള്ളതല്ലായിരിക്കാം റഷ്യൻ വിപ്ലവം. പക്ഷേ, അത്, എന്തായാലും, പാരമ്പര്യത്തെ സംബന്ധിച്ചതായിരുന്നു. രാജകുമാരൻ്റെ അതീവ മാനുഷപരമായ ജനിതകപൈ/മാതൃകവും, അതീവ കുലീനമായ രാഷ്ട്രീയ പാരമ്പര്യവും തമ്മിലുള്ള വിടവ്, രാജാധികാരത്തിൻ്റെ വിമർശകർക്ക് പ്രത്യേകിച്ച് സ്പഷ്ടമായെന്ന് തോന്നി. അലക്സേയിയുടെ രോഗത്തിൻ്റെ പ്രതീകാത്മക പ്രബലതയും നിഷേധിക്കാൻ കഴിയുന്നതായിരുന്നില്ല. പ്രാർത്ഥനകളേയും, വ്രണംപൊതിയുന്ന തുണികളേയും ആശ്രയിച്ചിരിക്കുന്ന, ഉള്ളിൽ ചോര വാർന്നുകൊണ്ടിരിക്കുന്ന ഒരു രോഗാതുരസാമ്രാജ്യം. ഫ്രഞ്ചുകാർ പണ്ടൊരു കേയ്ക്ക് തിന്നുന്ന റാണിയെ വിചാരണ ചെയ്‌തിരുന്നു. നിഗൂഢമായൊരു രോഗത്തെ ചെറുക്കാൻ വിചിത്രമായ ഓഷധികളാഹരിക്കുന്ന രോഗാതുരനായൊരു രാജകുമാരനെ റഷ്യാക്കാർക്കും മടുത്തു.

1916 ഡിസംബർ മുപ്പതിന്, എതിരാളികൾ റാസ്‌പുട്ടിന് വിഷം കൊടുത്തു; വെടിവച്ചു; വെട്ടി; തല്ലി; ഒടുവിൽ മുക്കിക്കൊന്നു. റഷ്യൻരാഷ്ട്രീയകൊലപാതകങ്ങളുടെ ഏതു ഭീകരമാനദണ്ഡങ്ങൾ വച്ചു നോക്കിയാലും, അയാളയാളുടെ ശത്രുക്കളിൽ പ്രചോദിപ്പിച്ച സഹജവിദ്വേഷത്തിൻ്റെ സാക്ഷ്യമാണ് ഈ കൊലപാതകത്തിലെ മൃഗീയത. 1918 ഗ്രീഷ്മാദ്യം, രാജകുടുംബം എക്കാട്ടറിൻബർഗിലേക്ക് മാറ്റപ്പെട്ടു; അവരവിടെ വീട്ടുതടങ്കലിലായി. 1918 ജൂലായ് പതിനേഴിന് വൈകുന്നേരം, അലക്സേയിക്ക് പതിനാലു തികയുന്നതിന് ഒരു മാസം മുമ്പ്, ബോൾഷെവിക്കുകളുടെ തോക്കേന്തിയ ഒരു പട ചക്രവർത്തിയുടെ വീട്ടിലേക്ക് ഇടിച്ചുകയറി, കുടുംബത്തെ സമ്പൂർണ്ണമായ് വധിച്ചു. അലക്സേയിയുടെ തലയിലേക്ക് രണ്ടുവട്ടമാണ് നിറയൊഴിച്ചത്. കുട്ടികളുടെ ശരീരങ്ങൾ അവിടെയുമിവിടെയുമായ് കുഴിച്ചിടപ്പെട്ടുവെന്നാണ് വെപ്പ്. പക്ഷേ, അലക്സേയിയുടെ ശരീരം കണ്ടെത്തപ്പെട്ടില്ല.

2007ൽ, അലക്സേയ്  കൊല്ലപ്പെട്ട വീട്ടിനരികിലെ ഒരുത്സവനെരിപ്പോടുള്ള   സ്ഥലത്തുനിന്നും, ഒരു പുരാവസ്തുഗവേഷകൻ പാതികരിഞ്ഞ രണ്ടസ്ഥികൂടങ്ങൾ കുഴിച്ചെടുത്തു. അവയിലൊന്ന് പതിമൂന്നു വയസ്സുള്ള ഒരു ബാലന്റേതായിരുന്നു. എല്ലുകളുടെ ജനിതകപരിശോധന അത് അലക്സേയിയുടേതാണെന്ന് സ്ഥിരീകരിച്ചു. അസ്ഥികൂടത്തിൻ്റെ മുഴുവൻ ജനിതകശ്രേണിയും വിശ്ളേഷിച്ചിരുന്നുവെങ്കിൽ, ഹീമഫിലിയBക്കു കാരണമായ ആ കുറ്റവാളി ജീനിനെ പരിശോധകർ കണ്ടിരുന്നേനെ --- ഒരു ഭൂഖണ്ഡവും, നാല് തലമുറകളും താണ്ടി, ഇരുപതാം നൂറ്റാണ്ടിലെ നിർണ്ണായകമായൊരു രാഷ്ട്രീയമുഹൂർത്തത്തിലേക്ക് സ്വയം നുഴഞ്ഞു കയറിയ ആ മറുജീനിനെ. 
  ----------------------------------------
* Dervish: വട്ടം കറങ്ങി നൃത്തമാടുന്ന സൂഫി സന്യാസി
** Aniline (നീല എന്ന സംസ്കൃത ധാതുവിൽനിന്ന്): കൃത്രിമച്ചായമുണ്ടാക്കാനുപയോഗിക്കുന്ന നിറമില്ലാത്ത, എണ്ണമയമുള്ള ദ്രാവകം. 
*** ഇവയിൽ ചില പരീക്ഷണങ്ങൾ അദ്ദേഹം നടത്തിയത് വുഡ്‌സ് ഹോളിൽ ആയിരുന്നു. എല്ലാ വേനൽക്കാലത്തും മോർഗൻ ലാബ് അവിടേക്ക് മറ്റുമായിരുന്നു.
***********************************************************************************************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...