2020, ജൂൺ 11, വ്യാഴാഴ്‌ച

5 മെൻഡൽ എന്നൊരാൾ

"മെൻഡൽ  എന്നൊരാൾ" 

വംശോൽപ്പത്തി  ഒരു പ്രകൃതി പ്രതിഭാസമാണ്.                                                                                                    ..... ഴാങ് ബാപ്റ്റിസ്റ്റ് ലാമാർക്ക് 

വംശോൽപ്പത്തി ഒരു അന്വേഷണ വിഷയമാണ് 
                                       ...... ചാൾസ് ഡാർവ്വിൻ 
വംശോല്പത്തി ഒരു പരീക്ഷണഗവേഷണ വിഷയമാണ് 
                                      ..... ഹ്യുഗോ ഡ വ്രീസ്  

1878ലെ ഗ്രീഷ്മത്തിൽ ഹ്യുഗോ ഡ വ്രീസ് എന്നു പേരുള്ള മുപ്പതു വയസ്സുകാരനായ ഒരു ഡച്ച് സസ്യശാസ്ത്രജ്ഞൻ ഡാർവ്വിനെ കാണാൻ ഇംഗ്ലണ്ടിലേക്ക് യാത്ര ചെയ്തു. ഒരു ശാസ്ത്രയാത്ര എന്നതിലുപരി അതൊരു തീർത്ഥയാത്രയായിരുന്നു. ഡോർക്കിങ്ങിലെ തൻ്റെ സഹോദരിയുടെ എസ്റ്റേറ്റിൽ അവധിക്കാലം ചെലവിടുകയായിരുന്നൂ ഡാർവ്വിൻ. എങ്കിലും, ഡ വ്രീസ് അദ്ദേഹമെവിടെയെന്ന് കണ്ടുപിടിച്ച്, അവിടേക്ക് പോയി.  തീക്ഷ്ണതയുള്ള, എളുപ്പം ആവേശം കൊള്ളുന്ന, റാസ്‌പുട്ടിന്റേതുപോലുള്ള തുളയ്ക്കുന്ന കണ്ണുകളുള്ള, ഡാർവ്വിന്റേതിനോട് കിടപിടിക്കുന്ന താടിയുള്ള, മെലിഞ്ഞു നീണ്ട ഡ വ്രീസിനെ കണ്ടാൽ, അന്നേ തൻ്റെ ആരാധനാപാത്രത്തിൻ്റെ ചെറുപ്പമുള്ള ഒരു പതിപ്പുപോലെ തോന്നുമായിരുന്നു. ഡാർവ്വിൻ്റെ സ്ഥിരപ്രയത്നശീലവും ഡ വ്രീസിനുണ്ടായിരുന്നു. പരിക്ഷീണമാക്കുന്നതായിരുന്നിരിക്കണം ആ കൂടിക്കാഴ്ച്ച. കാരണം, രണ്ടു മണിക്കൂർ മാത്രമേ അത് നീണ്ടു നിന്നുള്ളൂ. മാത്രമല്ല, എന്തോ ഒഴിവുകഴിവു പറഞ്ഞ് ഡാർവ്വിന് ഒരിടവേള എടുക്കേണ്ടതായും വന്നു. പക്ഷേ, ഡ വ്രീസ് ഇംഗ്ലണ്ട് വിട്ടത് മാറിയ ഒരാളായിട്ടാണ്. ഹ്രസ്വമായ സംഭാഷണം ഒന്നുകൊണ്ട് മാത്രം,  ചഞ്ചലമായ ഡ വ്രീസിൻ്റെ മനസ്സിൽ ഒരു ചാലുകീറി ഡാർവ്വിൻ അതിനെ എന്നന്നേക്കുമായ് വഴി തിരിച്ചു വിട്ടു. ആംസ്റ്റർഡാമിൽ തിരിച്ചെത്തിയ ഡ വ്രീസ്, ചെടികളുടെ കൊടിവേരുകളുടെ സംചലനത്തെക്കുറിച്ചുള്ള  തൻ്റെ പഴയ  പഠനം  പൊടുന്നനെ നിർത്തി; പാരമ്പര്യരഹസ്യം ചുരുൾനിവർത്തുന്നതിലേക്ക് എടുത്തു ചാടി.

1800കൾ ആയപ്പോഴേക്കും, പാരമ്പര്യമെന്ന പ്രശ്നത്തിന് ഏറെക്കുറെ ആത്മീയമായ ഒരു പ്രഭാവലയത്തിൻ്റെ വിലോഭനീയത കൈവന്നിരുന്നു; ജീവശാസ്ത്രകാരന്മാർക്കുള്ള ഫെർമാറ്റിൻ്റെ "അന്തിമസിദ്ധാന്ത"ത്തെപ്പോലെ.  തൻ്റെ സിദ്ധാന്തത്തിനുള്ള "അസാമാന്യമായൊരു തെളിവ്" താൻ കണ്ടെത്തിയിട്ടുണ്ടെന്നും, എന്നാലത് കടലാസിൻ്റെ "അരിക് തീരെ ചെറുതായതിനാൽ" എഴുതാൻ പറ്റിയില്ലെന്നും വിമോഹനീയമായ് കുറിച്ചിട്ട കക്ഷിയാണ് ഫെർമാറ്റ്‌ എന്ന വിചിത്ര ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞൻ. പാരമ്പര്യത്തിനുള്ള പരിഹാരം താൻ കണ്ടെത്തികഴിഞ്ഞെന്നും, എന്നാലത് പ്രസിദ്ധീകരിച്ചിട്ടില്ലെന്നും,   ഫെർമാറ്റിനെപ്പോലെ ഡാർവ്വിനും അലക്ഷ്യമായ് പ്രഖ്യാപിച്ചിരുന്നു: "കാലവും ആരോഗ്യവും അനുവദിക്കുകയാണെങ്കിൽ, മറ്റൊരു പുസ്തകത്തിൽ, പ്രകൃത്യാവസ്ഥയിലുള്ള ജീവികളിലെ പരിവർത്തനശീലതയെപ്പറ്റി ഞാൻ ചർച്ച ചെയ്യുന്നതാണ്," 1868ൽ ഡാർവ്വിൻ എഴുതുകയുണ്ടായി.

ആ അവകാശവാദത്തിലെ അപകടം ഡാർവ്വിന് മനസ്സിലാക്കി: ഏതൊരു പാരമ്പര്യ സിദ്ധാന്തവും പരിണാമ സിദ്ധന്തത്തിന് നിർണ്ണായകമാണ്. വൈജാത്യം ഉൽപ്പാദിപ്പിക്കുവാനും, അത് തലമുറകളോളം പ്രതിഷ്ഠിക്കാനുമുള്ള മാർഗ്ഗമില്ലാതെ, ഒരു ജീവിക്ക് പുതിയ ലക്ഷണങ്ങൾ വളർത്തിയെടുക്കാനുള്ള പ്രക്രിയാസംവിധാനമുണ്ടാകില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. പക്ഷേ, ഒരു ദശാബ്ദം കഴിഞ്ഞിട്ടും, "ജീവികളിലെ പരിവർത്തനശീലത"യുടെ പ്രഭവത്തെക്കുറിച്ചുള്ള വാഗ്‌ദത്തപുസ്തകം ഡാർവ്വിൻ പ്രസിദ്ധീകരിച്ചില്ല. ഡ വ്രീസിൻ്റെ വരവിന് ശേഷമുള്ള വെറും നാലു കൊല്ലങ്ങൾക്കു ശേഷം, 1882ൽ ഡാർവ്വിൻ മരിച്ചു.  വിട്ടുപോയ ആ സിദ്ധാന്തത്തിൻ്റെ സൂചനകൾ കണ്ടെത്താൻ യുവജീവശാസ്ത്രകാരന്മാരുടെ ഒരു തലമുറ ഡാർവ്വിൻ്റെ ഗവേഷണങ്ങളിൽ തിടുക്കപ്പെട്ട് തിരയാൻ തുടങ്ങി.

ഡ വ്രീസും ഡാർവ്വിൻ്റെ പുസ്തകങ്ങൾ പഠിച്ച്, "സർവ്വോല്പത്തി"യെന്ന സിദ്ധാന്തത്തിൽ ചെന്ന് കൊളുത്തി --- ശീരത്തിൽനിന്നുള്ള
"വിവരപരമാണുക്കൾ" ഏതോവിധം ബീജാണ്ഡങ്ങളിൽ
സമാഹൃതമാകുന്നുവെന്ന ആശയത്തിൽ. പക്ഷേ, കോശങ്ങളിൽനിന്ന് സന്ദേശങ്ങൾ പ്രസരിക്കുകയും, ഒരു ജീവിയെ നിർമ്മിക്കുവാനുള്ള സഹായപുസ്തകമായ് അവ ബീജത്തിൽ സമാഹൃതമാവുകയും ചെയ്യുന്നവെന്ന ആശയം പ്രത്യേകിച്ച് അയഥാർത്ഥമായ് അനുഭവപ്പെട്ടു; കമ്പിസന്ദേശങ്ങൾ ശേഖരിച്ച്, ഒരു "മനുഷ്യപുസ്തകം" എഴുതാനുള്ള പരിശ്രമത്തിലാണ് ബീജം എന്നതു പോലെ.

ഇതേ സമയം, പാൻജീനുകൾക്കും, ജെമ്യൂളുകൾക്കുമെതിരെ പരീക്ഷണത്തെളിവുകൾ ഉയർന്നു വരുന്നുണ്ടായിരുന്നു. ഡാർവ്വിൻ്റെ പാരമ്പര്യത്തെക്കുറിച്ചുള്ള ജെമ്യൂൾ സിദ്ധാന്തത്തെ നേരിട്ടാക്രമിക്കുന്ന ഒരു പരീക്ഷണം, 1883ൽ, ജർമ്മനിക്കാരനായ ഭ്രൂണശാസ്ത്രജ്ഞൻ ഓഗസ്റ്റ് വെയ്‌സ്മൻ,  ഏറെ കടുത്തതെന്ന് പറയാവുന്ന നിശ്ചയദാർഢ്യത്തോടെ നടത്തുകയുണ്ടായി. അഞ്ചു തലമുറകളോളമുള്ള ചുണ്ടെലികളുടെ  വാലുകൾ വെയ്‌സ്‌മൻ ശസ്ത്രക്രിയയിലൂടെ അറുത്തു മാറ്റി; അവയുടെ സന്തതികൾക്ക് വാലില്ലാതാകുമോ എന്നറിയാൻ അവയെ തമ്മിൽ ഇണചേർത്തു. പക്ഷേ, എല്ലായ്‌പ്പോഴും നിർബന്ധബുദ്ധിയോടെ, യാതൊരു കേടുപാടുകളുമില്ലാത്ത വാലുകളുള്ള എലികളാണ് തലമുറകളോളം പിറന്നു വീണത്. ജെമ്യൂളുകൾ സത്യമാണെങ്കിൽ, ശസ്ത്രക്രിയയിലൂടെ വാലറുത്തുമാറ്റപ്പെട്ട ചുണ്ടെലി സൃഷ്ടിക്കേണ്ടത് വാലില്ലാത്ത
ഒരെലിയെയാണ്. മൊത്തം 901 എലികളുടെ വാലുകളാണ് വെയ്‌സ്മൻ പരമ്പരയായ് മുറിച്ചു മാറ്റിയത്. പിറന്നവയെല്ലാമോ, തീർത്തും സാധാരണഗതിയിലുള്ള വാലുകളുള്ളവയും. മാതൃ പിതൃചുണ്ടെലികളുടെ വാലുകളേക്കാൾ ഇത്തിരിപോലും ചെറുതല്ലാത്ത വാലുകളുള്ളവ. "പാരമ്പര്യത്തിൻ്റെ കറ" (അഥവാ, ചുരുങ്ങിയ പക്ഷം, പരമ്പരാഗതവാൽ) കഴുകിക്കളയുക അസാദ്ധ്യമായ് ഭവിച്ചു. ഭീകരമെങ്കിലും, ആ പരീക്ഷണം ഡാർവ്വിനും ലാമാർക്കും ശരിയാകാൻ സാദ്ധ്യതയില്ലെന്ന് വിളംബരപ്പെടുത്തി.

വിപ്ലവകരമായ മറ്റൊരാശയമാണ് വെയ്‌സ്മന് നിർദ്ദേശിക്കാനുണ്ടായിരുന്നത്: ആർജ്ജിതമായ ലക്ഷണങ്ങൾ ബീജത്തിലേക്കോ, അണ്ഡത്തിലേക്കോ പ്രക്ഷേപിക്കപ്പെടാനുള്ള നേരിട്ട യാതൊരു പ്രക്രിയാസംവിധാനവുമില്ലാതെ, പാരമ്പര്യസന്ദേശം, ഒരു പക്ഷേ, ബീജകോശങ്ങളിലും അണ്ഡകോശങ്ങളിലും മാത്രമായ് അടങ്ങിയിരിക്കുന്നതാകണം. ജിറാഫിൻ്റെ പൂർവ്വികൻ എത്ര ആവേശത്തോടെ കഴുത്തു നീട്ടിയാലും, ജനിതകസാമഗ്രിയിലേക്ക് ആ വിവരമെത്തിക്കാൻ അതിനാകില്ല. ജേംപ്ലാസം എന്നാണ് വെയ്‌സ്മൻ ഈ ജനിതകപദാർത്ഥത്തെ വിളിച്ചത്.  ഒരു ജീവി മറ്റൊരു ജീവിയെ ഉൽപ്പാദിപ്പിക്കുന്നത് ഈ രീതിയിലൂടെ മാത്രമാണെന്ന് അദ്ദേഹം വാദിച്ചു. സത്യത്തിൽ, ഒരു തലമുറയിൽനിന്ന് മറ്റൊരു തലമുറയിലേക്കുള്ള ജേംപ്ലാസത്തിൻ്റെ ലംബമാനമായ പകരലായ് എല്ലാ ജീവപരിണാമത്തെയും കാണാം. ഒരു കോഴിക്ക് മറ്റൊരു കോഴിയിലേക്ക് സന്ദേശമെത്തിക്കാനുള്ള ഏക വഴി മുട്ട മാത്രമാണ്.
🔻
പക്ഷേ, ജേംപ്ലാസത്തിൻ്റെ ഭൗതീകസ്വഭാവമെന്താണ്? ഡ വ്രീസ് വിചാരത്തിലാണ്ടു. അത് ചായം പോലെയാണോ? അതോ, ജേംപ്ലാസത്തിലെ സന്ദേശം പ്രത്യേകം പൊതികളിലാക്കിയവയാണോ? പൊട്ടാത്ത അവിഭാജ്യമായൊരു സന്ദേശത്തെപ്പോലെ? മെൻഡലിൻ്റെ ലേഖനം ഡ വ്രീസ് അതുവരേക്കും കണ്ടിരുന്നില്ല. പക്ഷേ, മെൻഡലിനെപ്പോലെ അദ്ദേഹവും വിചിത്രസസ്യജാതികളെ ശേഖരിക്കാൻ ആംസ്റ്റർഡാമിലെ നാട്ടിൻപുറങ്ങളിൽ അരിച്ചുപെറുക്കാൻ തുടങ്ങി; പയറുകൾ മാത്രമല്ല, പിരിയൻ തണ്ടുകളുള്ള, പിളർന്ന ഇലകളുള്ള, പുള്ളികളുള്ള പൂവുകളുള്ള, രോമാവൃത കേസരങ്ങളുള്ള, വവ്വാലാകൃതിയിലുള്ള വിത്തുകളുള്ള സസ്യങ്ങളുടെ ഒരു ശേഖരം: ഒരു ചെകുത്താൻശേഖരം. ഈ വിജാതീയ സസ്യങ്ങളെ സാധാരണ സസ്യങ്ങളുമായ് ഇണ ചേർത്തപ്പോൾ, വിഭിന്നമായ ഗുണങ്ങൾ കൂടിക്കലരുന്നില്ലെന്ന് , മെൻഡലിനെപ്പോലെ അദ്ദേഹവും കണ്ടു; എന്നാൽ, അവ, ഒരു തലമുറയിൽ നിന്ന് മറ്റൊരു തലമുറയിലേക്ക്, വ്യതിരിക്തവും സ്വതന്ത്രവുമായ രൂപത്തിൽ നിലനിൽക്കുന്നതായും കണ്ടു. ഓരോ ചെടിക്കും ലക്ഷണങ്ങളുടെ ഒരു ശേഖരമുണ്ടെന്നു തോന്നി -- പൂനിറം, ഇലയുടെ ആകൃതി, വിത്തുഗുണം. ഈ ഓരോ ലക്ഷണവും, തലമുറയിൽനിന്ന് തലമുറയിലേക്ക് സഞ്ചരിക്കുന്ന വ്യതിരിക്തവും സ്വതന്ത്രവുമായ സന്ദേശമായ് കോഡു ചെയ്യപ്പെട്ടതായാണ് തോന്നിയത്.

ഡ വ്രീസിന്, പക്ഷേ, മെൻഡലിനുണ്ടായ നിർണ്ണായകമായ ഉൾക്കാഴ്ച്ച --- 1865ൽ മെൻഡലിൻ്റെ സങ്കരപയറുകളുടെ പരീക്ഷണത്തിൽ സ്പഷ്ടമായ വെളിച്ചം വിതറിയ ഗണിതയുക്തിയുടെ ഇടിമിന്നൽ ---  അപ്പോഴുമില്ലായിരുന്നു. തണ്ടിൻ്റെ വലുപ്പം മുതലായ വിഭിന്നഗുണങ്ങൾ അവിഭാജ്യമായ വിവരപരമാണുക്കളാൽ കോഡു ചെയ്യപ്പെട്ടിരിക്കുന്നുവെന്ന് അവ്യക്തമായ് പറയാനേ, സ്വന്തം സങ്കരസസ്യങ്ങളിൽ നിന്ന് ഡ വ്രീസിന് സാധിച്ചുള്ളൂ. പക്ഷേ, ഒരു വിജാതീയ ഗുണം കോഡു ചെയ്യപ്പെടാൻ എത്ര പരമാണുക്കൾ വേണം? ഒന്ന് ? ഒരു നൂറ്? ഒരായിരം?

1880കളിൽ, അപ്പോഴും മെൻഡലിൻ്റെ ഗവേഷണത്തെപ്പറ്റി അറിവില്ലാതിരുന്ന ഡ വ്രീസ് തൻ്റെ സസ്യപരീക്ഷണങ്ങളെക്കുറിച്ചുള്ള കൂടുതൽ ഗണിതപരമായൊരു വിവരണത്തിലേക്ക് നീങ്ങി. 1897ൽ, ചരിത്രത്തിലെ ഒരു നാഴികക്കല്ലായ, പരമ്പരാഗത പൈശാചികത്വങ്ങൾ എന്ന് വിളിക്കപ്പെട്ട ഒരു പ്രബന്ധത്തിൽ തൻ്റെ വസ്തുതകൾ ഡ വ്രീസ് അപഗ്രഥിക്കുകയും, ഓരോ ഗുണത്തെയും നിയന്ത്രിക്കുന്നത് ഒരൊറ്റ  സന്ദേശകണമാണെന്ന് അനുമാനിക്കുകയും ചെയ്തു. ഓരോ സങ്കരത്തിനും പാരമ്പര്യമായ് അത്തരം രണ്ടു പരമാണുക്കളെ ലഭിക്കുന്നു --- ഒന്ന് ബീജത്തിൽനിന്നും, മറ്റേത് അണ്ഡത്തിൽനിന്നും. യാതൊരു കേടുപാടുമില്ലാതെ ഈ പരമാണുക്കൾ, ബീജാണ്ഡങ്ങൾ വഴി, അടുത്ത തലമുറയിലേക്ക് പകരപ്പെടുന്നു. ഒന്നും ഒരിക്കലും കൂടിക്കലരുന്നില്ല. ഈ പരമാണുക്കളെ അദ്ദേഹം "പാൻജീനുകൾ" എന്ന് വിളിച്ചു. സ്വന്തം ഉറവിടത്തിനെതിരെ സ്വയം പ്രതിഷേധിക്കുന്ന പേര്*:  ഡാർവ്വിൻ്റെ സർവ്വോൽപ്പത്തി സിദ്ധാന്തത്തെ ക്രമാനുഗതമായ് തറപറ്റിച്ചെങ്കിലും, ഡ വ്രീസ് തൻ്റെ മാർഗ്ഗദർശിയെ ഒടുവിൽ പ്രണമിക്കുകയുണ്ടായി.

🔻

1900ത്തിലെ വസന്തത്തിൽ, ഡ വ്രീസ് തൻ്റെ സസ്യസങ്കരപഠനത്തിൽ മുട്ടോളമാഴത്തിലാണ്ടിരിക്കേ, തൻ്റെ ലൈബ്രറിയിൽനിന്ന് തപ്പിയെടുത്ത ഒരു പഴയ പ്രബന്ധത്തിൻ്റെ കോപ്പി ഒരു സുഹൃത്ത് അദ്ദേഹത്തിന് അയച്ചുകൊടുത്തു. "നീ സങ്കരങ്ങളെ പഠിക്കുന്നുണ്ടെന്ന് എനിക്കറിയാം," സുഹ്രുത്തെഴുതി. "അതുകൊണ്ട്, ഇതിലടക്കം ചെയ്ത മെൻഡൽ എന്നൊരാളുടെ 1865ലെ ഈ പുനർപ്പതിപ്പ് ... നിനക്കിപ്പോഴൽപ്പം ഗുണം ചെയ്‌തേക്കും."

മാർച്ചുമാസത്തിലെ ഒരരണ്ട പുലരിയിൽ ആംസ്റ്റർഡാമിലെ പഠന മുറിയിലിരുന്ന് ഡ വ്രീസ് ആ പുനർപ്പതിപ്പ് തുറന്ന്,  അതിലെ ആദ്യഖണ്ഡികയിലൂടെ കണ്ണോടിക്കുന്നത് വിഭാവനം ചെയ്യാതിരിക്കാനാകില്ല. ആ ലേഖനം വായിക്കേ, അനിവാര്യമായ ദേയ്‌ഷാ വൂ**വിൻ്റെ  തണുപ്പ് തൻ്റെ നട്ടെല്ലിലൂടെ അരിച്ചിറങ്ങുന്നത് അദ്ദേഹം അനുഭവിച്ചിരിക്കണം: മൂന്നു ദശാബ്ദങ്ങളിൽക്കൂടുതൽ മുമ്പേ ആ "മെൻഡൽ എന്നൊരാൾ" ഡ വ്രീസിനെ കടത്തിവെട്ടിയിരുന്നുവെന്നത് ഉറപ്പായി. മെൻഡലിൻ്റെ ലേഖനത്തിൽ ഡ വ്രീസ് തൻ്റെ ചോദ്യത്തിനുള്ള ഉത്തരം കണ്ടു; തൻ്റെ പരീക്ഷണങ്ങൾക്കുള്ള പരിപൂർണ്ണ സ്ഥിരീകരണം. അതേസമയം, തൻ്റെ മൗലികതക്കെതിരേയുള്ള വെല്ലുവിളിയും. ഡാർവ്വിന്റേയും വാലസിന്റേയും പഴയ പുരാണം പുനർജീവിക്കാൻ താൻ നിർബന്ധിതനായതുപോലെ അദ്ദേഹത്തിന് തോന്നിയിരിക്കണം. സ്വന്തമെന്നു താൻ അവകാശപ്പെടാനിരുന്ന ശാസ്ത്രകണ്ടുപിടുത്തം, വാസ്തവത്തിൽ, മറ്റൊരാൾ നടത്തിക്കഴിഞ്ഞിരുന്നു. പരിബ്ഭ്രാന്തി പിടിപെട്ട ഡ വ്രീസ്, 1900ത്തിലെ മാർച്ചിൽ, സങ്കരസസ്യങ്ങളെക്കുറിച്ചുള്ള സ്വന്തം പ്രബന്ധം ധൃതിയിൽ അച്ചടിക്കാൻ വിട്ടു; മെൻഡലിൻ്റെ പഴയ ഗവേഷണത്തെക്കുറിച്ചുള്ള പരാമർശം  മനപ്പൂർവ്വം അവഗണിച്ചുകൊണ്ട്. ഒരു പക്ഷേ, "മെൻഡൽ എന്നൊരാളെ"യും, ബ്ര് ണോയിലെ അദ്ദേഹത്തിൻ്റെ പയർസങ്കരഗവേഷണങ്ങളും ലോകം മറന്നു കഴിഞ്ഞിട്ടുണ്ടാകണം. "വിനയം ഒരു നന്മയാണ്," അദ്ദേഹം പിൽക്കാലത്തെഴുതി. "എങ്കിലും, അതില്ലാതേയും ഒരാൾക്ക് പുരോഗമിക്കാം."

 🔻

സ്വതന്ത്രവും അവിഭാജ്യവുമായ പാരമ്പര്യ നിർദ്ദേശങ്ങളെക്കുറിച്ചുള്ള മെൻഡലിൻ്റെ ആശയം വീണ്ടും കണ്ടുപിടിച്ചത് ഡ വ്രീസ് മാത്രമായിരുന്നില്ല. സസ്യവൈജാത്യങ്ങളെക്കുറിച്ചുള്ള ബൃഹദ് പഠനം ഡ വ്രീസ് പ്രകാശിപ്പിച്ച അതേ വർഷം, റ്റൂബിങ്ങനിലെ കാൽ കൊറൻസ് എന്ന സസ്യശാസ്ത്രജ്ഞൻ, മെൻഡലിൻ്റെ കണ്ടുപിടുത്തങ്ങളെ കൃത്യമായ് ആവർത്തിക്കുന്ന, പയർസങ്കരങ്ങളെയും ചോളസങ്കരങ്ങളെയും കുറിച്ചുള്ള ഒരു പഠനം പ്രസിദ്ധീകരിച്ചു. വിരോധാഭാസമെന്നു പറയട്ടെ, കൊറൻസ് മ്യൂണിക്കിലെ നജേലിയുടെ വിദ്യാർത്ഥി ആയിരുന്നു. മെൻഡലിനെ ഒരവിദഗ്ദ്ധബ്ഭ്രാന്തനായ് കണ്ടിരുന്ന നജേലി, പക്ഷേ, "മെൻഡൽ എന്നൊരാളി"ൽനിന്ന് തനിക്ക് കിട്ടിയ പയർ സങ്കരങ്ങളെക്കുറിച്ചുള്ള വിപുലമായ എഴുത്തുകുത്തുകളെക്കുറിച്ച് കൊറൻസിനോട് പറയാൻ മിനക്കെട്ടിരുന്നില്ല.

മഠത്തിൽനിന്ന് ഒരു നാനൂറു നാഴിക ദൂരത്തുള്ള മ്യൂണിക്കിലേയും റ്റൂബിങ്ങനിലേയും പരീക്ഷണപ്പൂന്തോട്ടങ്ങളിൽ, കൊറൻസ് ശ്രമകരമായ് ഉയരമുള്ള ചെടികളെ ഉയരമില്ലാത്തവുമായ് ഇണ ചേർത്തു; സങ്കരസങ്കരങ്ങളുണ്ടാക്കി --- മെൻഡൽ പണ്ടുചെയ്തത് താൻ പടിപടി ആവർത്തിക്കുകയാണെന്ന അറിവില്ലാതെ. കൊറൻസ് പരീക്ഷണങ്ങൾ പൂർത്തിയാക്കി, പ്രസിദ്ധീകരിക്കാനായ് ലേഖനമൊരുക്കുമ്പോൾ, തനിക്കു മുമ്പുള്ള ശാസ്ത്രജ്ഞരുടെ പുസ്തകങ്ങൾ നോക്കാൻ ലൈബ്രറിയിലേക്ക് മടങ്ങി. അങ്ങനെ, ബ്ര് ണോ മാസികയിൽ ഉപേക്ഷിക്കപ്പെട്ടിരുന്ന മെൻഡലിൻ്റെ പഴയ ലേഖനം അദ്ദേഹത്തിൻ്റെ കയ്യിൽ തടഞ്ഞു.

അതേസമയം, വിയന്നയിൽ --- 1856ൽ മെൻഡൽ ബോട്ടണിപ്പരീക്ഷ തോറ്റ അതേ നാട്ടിൽ --- എറിക് വോൺ ഷെർമക് എന്ന വേറൊരു യുവസസ്യശാസ്ത്രജ്ഞനും മെൻഡലിൻ്റെ നിയമങ്ങൾ വീണ്ടും കണ്ടെത്തി. വോൺ ഷെർമക്, ഹാലെയിലും ഗെന്റിലും   ബിരുദവിദ്യാർത്ഥിയായിരുന്നു. അവിടെ, പയർസങ്കരങ്ങളിൽ പരീക്ഷണങ്ങൾ ചെയ്യവേ, പരമാണുക്കളെപ്പോലെ പാരമ്പര്യലക്ഷണങ്ങൾ സ്വതന്ത്രമായും, വ്യതിരിക്തമായും സങ്കരതലമുറകളിലൂടെ സഞ്ചരിക്കുന്നത് അദ്ദേഹവും നിരീക്ഷിച്ചതാണ്. ഈ മൂന്നുശസ്ത്രജ്ഞന്മാരിൽ ഏറ്റവും പ്രായം കുറഞ്ഞ വോൺ ഷെർമക്, തൻ്റെ കണ്ടുപിടുത്തങ്ങളെ പൂർണ്ണമായും സ്ഥാപിക്കുന്ന മറ്റേ രണ്ടു സമാന്തര പഠനങ്ങളെപ്പറ്റി കേട്ടിരുന്നു. അദ്ദേഹം ശാസ്ത്രസാഹിത്യത്തിലേക്ക് വീണ്ടും ഊളിയിട്ടു നടന്നു; മെൻഡലിനെ കണ്ടെത്തി. മെൻഡലിൻ്റെ ലേഖനത്തിലെ പ്രാരംഭ വെടിക്കെട്ടുകൾ വായിക്കേ, നട്ടെലിലൂടെ അരിച്ചുകയറുന്ന ദേയ്ഷാ വൂവിൻ്റെ  ആ തണുപ്പ് അദ്ദേഹവും അനുഭവിച്ചു: "പുതിയതൊന്ന് ഞാൻ കണ്ടെത്തിയെന്നായിരുന്നൂ, അപ്പോഴും എൻ്റെ വിശ്വാസം," അദ്ദേഹം, അനൽപ്പമല്ലാത്ത അസൂയയുടെയും വിഷാദത്തിൻ്റെയും ഛവിയോടെ, പിന്നീടെഴുതി.

ഒരുവട്ടം വീണ്ടെടുക്കപ്പെടുന്നത്  ഒരു ശാസ്ത്രജ്ഞൻ്റെ പൂർവജ്ഞാനത്തിൻ്റെ തെളിവാണ്. അത് മൂന്നു വട്ടമാകുമ്പോൾ അപമാനവും. 1990ൽ, മൂന്നുമാസത്തെ ചുരുങ്ങിയ കാലയളവിൽ, മൂന്നു പ്രബന്ധങ്ങൾ മെൻഡലിൻ്റെ ഗവേഷണപ്രബന്ധത്തിൽ കേന്ദ്രീകരിച്ചുവെന്നത്, ഏകദേശം നാൽപ്പതുകൊല്ലങ്ങളോളം അദ്ദേഹത്തിൻ്റെ ഗവേഷണത്തെ അവഗണിച്ച ജീവശാസ്ത്രകാരന്മാരുടെ സ്ഥിരമായ കാഴ്ച്ചക്കുറവിൻ്റെ തെളിവാണ്.  തൻ്റെ ആദ്യപഠനത്തിൽ മെൻഡലിനെ പരാമർശിക്കാൻ ശ്രദ്ധയർഹിക്കുംവിധം മറന്നുപോയ ഡ വ്രീസിനു പോലും, മെൻഡലിൻ്റെ സംഭാവന അംഗീകരിക്കേണ്ടതായ് വന്നു. 1900ത്തിലെ വസന്തത്തിൽ, ഡ വ്രീസ് തൻ്റെ ലേഖനം പ്രസിദ്ധീകരിച്ച് ഒട്ടും  വൈകാതെ, മെൻഡലിൻ്റെ ലേഖനം ഡ വ്രീസ് മനപ്പൂർവ്വം അടിച്ചു മാറ്റിയതാണെന്ന്, ശാസ്ത്രരചനാമോഷണത്തിന് തുല്യമായ കുറ്റം ചെയ്തുവെന്ന് കൊറൻസ് സൂചിപ്പിച്ചു ("വിചിത്രമായൊരു യാദൃച്ഛികതയാൽ," കൊറൻസ് വാക്കുകൾ ലുബ്ധിക്കാതെ എഴുതി, "മെൻഡലിൻ്റെ പദങ്ങൾ പോലും ഡ വ്രീസ് തൻ്റെ ലേഖനത്തിൽ ചേർത്തിരിക്കുന്നു"). ഒടുവിൽ, ഡ വ്രീസ് കീഴടങ്ങി.
സസ്യസങ്കരങ്ങളെക്കുറിച്ചുള്ള അപഗ്രഥനത്തെക്കുറിച്ച് താൻ തുടർന്നെഴുതിയ പ്രബന്ധത്തിൽ ഡ വ്രീസ് മെൻഡലിനെ ശ്‌ളാഘിച്ചു; മെൻഡലിൻ്റെ പൂർവ്വഗവേഷണത്തെ താൻ "വിപുലമാക്കുക" മാത്രമാണ് ചെയ്തതെന്ന് സമ്മതിച്ചു.

പക്ഷേ, മെൻഡലിൻ്റെ ഗവേഷണം അദ്ദേഹത്തേക്കാൾ ഡ വ്രീസ്  മുമ്പോട്ട് കൊണ്ടുപോയിരുന്നു . പരമ്പരാഗതമായ് ആർജ്ജിക്കുന്ന ലക്ഷണങ്ങളുടെ കണ്ടുപിടുത്തത്തിൽ മെൻഡൽ അദ്ദേഹത്തെ കടത്തിവെട്ടിയിരിക്കാം. പക്ഷേ, ഡ വ്രീസ്  പാരമ്പര്യത്തിലേക്കും പരിണാമത്തിലേക്കും ചുഴിഞ്ഞു നോക്കിയപ്പോൾ, മെൻഡലിനെയും കുഴക്കിയ ഒരു ചിന്ത അദ്ദേഹത്തിൻ്റെ മനസ്സിലും ആഴത്തിൽ പതിഞ്ഞിരിക്കണം. പ്രഥമമായ്, എങ്ങനെയാണ് വൈജാത്യങ്ങൾ ഉടലെടുക്കുന്നത്? ഏതു ശക്തിയാണ് ഉയരമുള്ളതും ഇല്ലാത്തതുമായവയെ, ഊതപ്പൂക്കളും വെള്ളപ്പൂക്കളുമുള്ളവയെ ഉണ്ടാക്കുന്നത്?

ഉത്തരം, വീണ്ടും, ഉദ്യാനത്തിൽത്തന്നെയായിരുന്നു. തൻ്റെ സസ്യശേഖരണപ്രയാണത്തിനിടയിൽ, നാട്ടുമ്പുറത്തുകൂടെ അലയുമ്പോൾ ഡ വ്രീസ് ഒരിനം കുസുമച്ചെടിയുടെ വന്യമായ് പടർന്നിരിക്കുന്ന വിപുലമായൊരു നിലം കാണാനിടയായി ----ലാമാർക്കിൻ്റെ പേരിലറിയപ്പെടുന്നൊരിനം (അതിലെ വിരോധാഭാസം അദ്ദേഹം പിന്നീട് തിരിച്ചറിയും) --- ഈനഥിയറ ലാമാർകിയാന.*** ആ നിലത്തു നിന്ന് ഡ വ്രീസ് അയ്യായിരം വിത്തുകൾ സമാഹരിച്ച് നട്ടു. അടുത്ത ചില കൊല്ലങ്ങൾക്കുള്ളിൽ ഈനഥിയറ പടർന്നു പന്തലിച്ചപ്പോൾ, എണ്ണൂറു പുതിയ ഭിന്നജാതികൾ സ്വാഭാവികമായ് ആവിർഭവിച്ചതായി ഡ വ്രീസ് കണ്ടു --- ഭീമനിലകളുള്ളവ, രോമാവൃതമായ തണ്ടുകളുള്ളവ, വിചിത്രരൂപികളായ പൂവുകളുള്ളവ. പ്രകൃതി അപൂർവ്വമായ വികൃതികളെ സഹജമായ്‌ അവതരിപ്പിച്ചിരിക്കുകയാണ് --- പരിണാമത്തിൻ്റെ ആദ്യപടിയായ് ഡാർവ്വിൻ കൃത്യമായ് മുന്നോട്ടുവച്ച പ്രതിഭാസം. പ്രകൃതിയിലെ ചഞ്ചലമായ വിചിത്രഭാവനയെ ധ്വനിപ്പിച്ചുകൊണ്ട്, ഡാർവ്വിൻ ഇവയെ "രസികന്മാർ" എന്നാണ് വിളിച്ചിരുന്നത്. ഡ വ്രീസ് കൂടുതൽ ഗൗരവത്തോടെ മുഴങ്ങുന്ന വാക്കാണ് തെരഞ്ഞെടുത്തത്. അദ്ദേഹം ഇവയെ "മറുജീവികൾ" (mutants) എന്ന് വിളിച്ചു; "മാറ്റം" എന്നർത്ഥമുള്ള ലത്തീൻ വാക്കിൽ നിന്നുണ്ടാക്കിയ പേര്.****

തൻ്റെ നിരീക്ഷണത്തിൻ്റെ ഗൗരവം ഡ വ്രീസ് ക്ഷിപ്രം തിരിച്ചറിഞ്ഞു: ഡാർവ്വിൻ്റെ പ്രഹേളികയിലെ വിട്ടുപോയ കണ്ണികളാണിവ. സത്യത്തിൽ, മറുജീവികളുടെ സഹജോൽപ്പത്തി (ഉദാഹരണത്തിന്, ഭീമനിലകളുള്ള  ഈനഥിയറ) പ്രകൃതി നിർദ്ധാരണവുമായ് ചേർത്താൽ, ഡാർവ്വിൻ്റെ നിലക്കാത്ത യന്ത്രം സ്വയമേവ പ്രവർത്തനനിരതമാകും. ഉൾപ്പരിവർത്തനം പ്രകൃതിയിൽ വൈജാത്യങ്ങളെ സൃഷ്ടിക്കുന്നു: സാധാരണ ജീവികുലത്തിൽ സഹജമായ്‌ ആവിർഭവിക്കുന്നവയാണ്, ദീർഘഗളകലമാനുകളും, കുറുങ്കൊക്കുകുരുവികളും, ഭീമനിലച്ചെടികളും (ലാമാർക് കരുതിയതിന് വിരുദ്ധമായ്, ഈ മറുജീവികൾ ഉൽപ്പാദിതമാകുന്നത് ഉദ്ദേശ്യപൂർവ്വമല്ല; യദൃച്ഛയായാണ്). ബീജാണ്ഡങ്ങളിൽ വ്യതിരിക്ത നിർദ്ദേശങ്ങളായ് വഹിക്കപ്പെടുന്ന ഈ വിജാതീയ ഗുണങ്ങൾ പരമ്പരാഗതമാണ്. മൃഗങ്ങൾ അതിജീവനത്തിനായ് പാടുപെടുമ്പോൾ, ഏറ്റവും നന്നായ്‌ അനുരൂപപ്പെട്ട വൈജാത്യങ്ങൾ --- അതിയോഗ്യരായ മറുജീവികൾ --- പരമ്പരയാ തെരഞ്ഞെടുക്കപ്പെടുന്നു. അവയുടെ സന്തതികൾക്ക് ഈ ഉൾപ്പരിവർത്തനങ്ങൾ പൈതൃകമായ് ലഭിക്കുകയും, അങ്ങനെ പുതിയ വംശങ്ങൾ ഉൽപ്പാദിപ്പിക്കപ്പെടുകയും, അതുവഴി  ജീവപരിണാമത്തെ മുന്നോട്ടു നയിക്കുകയും ചെയ്യുന്നു. ജീവികളിലല്ല പ്രകൃതി നിർദ്ധാരണത്തിൻ്റെ പ്രവർത്തനം; പാരമ്പര്യത്തിൻ്റെ ഏകകങ്ങളിലാണ്. മെച്ചപ്പെട്ടൊരു മുട്ടയുണ്ടാക്കാനുള്ള ഒരു മുട്ടയുടെ ഉപായം മാത്രമാണ് കോഴിയെന്ന് ഡ വ്രീസ് തിരിച്ചറിഞ്ഞു.

🔻

പാരമ്പര്യത്തെക്കുറിച്ചുള്ള മെൻഡലിൻ്റെ ആശയത്തിലേക്ക് പരിവർത്തിതനാകാൻ ഡ വ്രീസിന് മർമ്മഭേദകവും ഇഴഞ്ഞുനീങ്ങിയതുമായ ദശാബ്ദങ്ങൾ വേണ്ടി വന്നു. ഇംഗ്ലീഷ് ജീവശാസ്ത്രകാരനായ വില്യം ബേറ്റ്സണാകട്ടെ, ഒരു മണിക്കൂറോളമേ വേണ്ടിവന്നുള്ളൂ --- 1900ത്തിലെ മേ മാസത്തിലെ, കേംബ്രിഡ്‌ജിൽ നിന്ന് ലണ്ടനിലേക്കുള്ള അതിവേഗതീവണ്ടിയിൽ ചെലവിട്ട സമയം.*****    റോയൽ ഹോർട്ടികൾച്ചറൽ സൊസൈറ്റിയിൽ പാരമ്പര്യത്തെക്കുറിച്ച് പ്രഭാഷണം ചെയ്യാൻ ബേയ്റ്റ്സൺ നഗരത്തിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ഇരുളുന്ന ചതുപ്പുനിലങ്ങളിലൂടെ  തീവണ്ടി ഉരുണ്ടു നീങ്ങുമ്പോൾ, ബേയ്റ്റ്സൺ ഡ വ്രീസിൻ്റെ ലേഖനം വായിക്കുകയായിരുന്നു. അക്ഷണം, പാരമ്പര്യത്തിൻ്റെ വ്യതിരിക്തമായ ഏകകങ്ങൾ എന്ന മെൻഡലിൻ്റെ ആശയത്തിലേക്ക് പരിവർത്തിതനായി. അത് ബേയ്റ്റ്സണിൻ്റെ വിധിനിർണ്ണായകയാത്രയായി. വിൻസൻറ് സ്‌ക്വയറിലെ സൊസൈറ്റിയുടെ ആപ്പീസിലെത്തുമ്പോൾ അദ്ദേഹത്തിൻ്റെ മനസ്സ് പമ്പരം കറങ്ങുകയായിരുന്നു. "അത്യന്തം ഗൗരവമുള്ള പുതിയൊരു തത്ത്വത്തിൻ്റെ സാന്നിദ്ധ്യത്തലാണ് നാം,"  പ്രഭാഷണശാലയിൽ അദ്ദേഹം പറയുകയുണ്ടായി; "അത് മറ്റേത് കൂടുതൽ നിഗമനങ്ങളിലേക്ക് നയിക്കുമെന്ന് ഇപ്പോൾ പ്രവചിക്കുക വയ്യ." അക്കൊല്ലം ആഗസ്തിൽ ബേയ്റ്റ്സൺ സുഹൃത്തായ ഫ്രാൻസിസ് ഗാൾട്ടണ് എഴുതി: ""മെൻഡലിൻ്റെ പ്രബന്ധം നീയൊന്ന് നോക്കണമെന്ന് പറയാനാണ് ഞാനിതെഴുതുന്നത്. പാരമ്പര്യത്തെക്കുറിച്ച് ഇതുവരെ നടത്തപ്പെട്ട അതിഗണനീയമായ ഗവേഷണങ്ങളിലൊന്നാണത്. അത്‌ വിസ്മൃതമായത് അസാധാരണമായിരിക്കുന്നു."

ഒരിക്കൽ വിസ്മൃതനായ മെൻഡൽ ഇനിയൊരിക്കലും അവഗണിക്കപ്പെടരുതെന്നത് ബേയ്റ്റ്സൺ തൻ്റെ വ്യക്തിപരമായ ദൗത്യമായ് ഏറ്റെടുത്തു. ആദ്യമായ്, അദ്ദേഹം സ്വതന്ത്രമായ് മെൻഡലിൻ്റെ സസ്യസങ്കരഗവേഷണം കേംബ്രിഡ്ജിൽ സ്ഥിരീകരിച്ചു. ബേയ്റ്റ്സൺ ഡ വ്രീസിനെ ലണ്ടനിൽ കണ്ടുമുട്ടി. പരീക്ഷണങ്ങളിൽ അദ്ദേഹം പുലർത്തിയ കർക്കശമായ അച്ചടക്കവും ശാസ്ത്രീയമായ ഊർജ്ജസ്വലതയും ബേയ്റ്റ്സണിൽ മതിപ്പുണ്ടാക്കി (പക്ഷേ, ഡ വ്രീസിൻ്റെ യൂറോപ്യൻ ശീലങ്ങൾ മതിപ്പുളവാക്കിയില്ല. അത്താഴത്തിന് മുമ്പ് ഡ വ്രീസ് കുളിക്കില്ലെന്ന് ബേയ്റ്റ്സൺ പരാതിപ്പെട്ടു. "അയാളുടെ ഉടുപ്പ് മലിനമാണ്. ആഴ്ച്ചയിലൊരിക്കലേ അയാൾ പുതിയ കുപ്പായമിടാറുള്ളൂവെന്ന് എനിക്കുറപ്പാണ്). മെൻഡലിൻ്റെ പരീക്ഷണ വസ്തുതകളാൽ ഇരുവട്ടം ബോദ്ധ്യപ്പെടുകയാലും, സ്വന്തം തെളിവുകളാൽ ബോദ്ധ്യമായും, ബേയ്റ്റ്സൺ പ്രചരണപ്രഭാഷണത്തിനിറങ്ങി പുറപ്പെട്ടു.  "മെൻഡലിൻ്റെ ശൂരശുനകൻ" [രൂപഭാവങ്ങളിൽ അദ്ദേഹത്തിന് ആ മൃഗത്തോട് സാദൃശ്യമുണ്ടായിരുന്നു] എന്ന അപരനാമധേയത്തോടെ ബേയ്റ്റ്സൺ
ജർമ്മനിയിലേക്കും, ഫ്രാൻസിലേക്കും, ഇറ്റലിയിലേക്കും, അമേരിക്കൻ ഐക്യനാടുകളിലേക്കും യാത്ര ചെയ്തു; മെൻഡലിൻ്റെ കണ്ടുപിടുത്തത്തിലൂന്നിക്കൊണ്ട് പാരമ്പര്യത്തെക്കുറിച്ചുള്ള പ്രഭാഷണങ്ങൾ നടത്തി. ജീവശാസ്ത്രത്തിലെ ഗഹനമായൊരു വിപ്ലവത്തിന് താൻ സാക്ഷി, അല്ല, പതിച്ചിയാവുകയാണെന്ന് ബേയ്റ്റ്സണ് അറിയാമായിരുന്നു.
പാരമ്പര്യത്തിൻ്റെ നിയമങ്ങൾ മനസ്സിലാക്കിയാൽ, പ്രകൃതിവിജ്ഞാനത്തിലുള്ള ഭാവിയിലെ ഏതു പുരോഗതിയേക്കാളും കൂടുതലായ്  അത് "ലോകത്തെക്കുറിച്ചുള്ള മനുഷ്യൻ്റെ വീക്ഷണവും,  പ്രകൃതിക്കു മേലുള്ള അവൻ്റെ നിയന്ത്രണശക്തിയും പരിവർത്തനപ്പെടു"മെന്ന് അദ്ദേഹമെഴുതി.  

ഈ പുതിയ പാരമ്പര്യശാസ്ത്രം പഠിക്കാൻ, കേംബ്രിഡ്ജിൽ, ബേയ്റ്റ്സണു ചുറ്റും  ഒരു പറ്റം യുവശാസ്ത്രജ്ഞർ  തടിച്ചുകൂടി.  തനിക്കു ചുറ്റും പിറവിയെടുക്കുന്ന ഈ വിഷയത്തിനൊരു പേര് വേണമെന്ന് ബേയ്റ്റ്സണ് അറിയാമായിരുന്നു. പാരമ്പര്യയേകകങ്ങളെക്കുറിക്കുന്ന ഡ വ്രീസിൻ്റെ പാൻജീൻ എന്ന പദത്തിൻ്റെ വിസ്താരമായജനിതകസർവ്വം [pangenetics], സ്പഷ്ടമായും, നല്ലൊരു പേരാണെന്ന് തോന്നി. പക്ഷേ, പാരമ്പര്യസന്ദേശങ്ങളെക്കുറിച്ചുള്ള ഡാർവ്വിൻ്റെ  തെറ്റായ സിദ്ധാന്തത്തിൻ്റെ എല്ലാ അമിതഭാരവും പേറുന്നതാകും ജനിതകസർവ്വം. "പൊതുവേ പ്രയോഗത്തിലുള്ള ഒരു വാക്കും ഈയൊരർത്ഥം നൽകുന്നില്ല; പക്ഷേ, അത്തരമൊരു പദം അവശ്യമാവശ്യമാണ്,"  ബേയ്റ്റ്സൺ എഴുതി.

1905ൽ, വേറൊരു വാക്കിനായ് വിഷമിച്ചിരിക്കേ, ബേയ്റ്റ്സൺ സ്വാന്തമായൊരു പദമുണ്ടാക്കി. പാരമ്പര്യത്തെയും വൈജാത്യത്തെയും കുറിച്ചുള്ള പഠനത്തെ അദ്ദേഹം ജനിതകശാസ്ത്രം [genetics] എന്ന് വിളിച്ചു:   "പിറവിയേകുക" എന്നർത്ഥമുള്ള ഗ്രീക്ക് വാക്കായ genno  എന്ന വാക്കിൽനിന്ന് പിറവികൊണ്ട പദം.

നവജാതമായ ഈ ശാസ്ത്രത്തിൻ്റെ സാമൂഹികവും രാഷ്ട്രീയുവുമായ പ്രത്യാഘാതങ്ങളെപ്പറ്റി ബേയ്റ്റ്സൺ തീവ്രമായ് ബോധവാനായിരുന്നു: "പ്രബോധനകാലം കടന്നുപോവുകയും,  പാരമ്പര്യത്തെക്കുറിച്ചുള്ള വസ്തുതകൾ .... ഏവരുമറിയുകയും ചെയ്യുമ്പോൾ എന്താണ് സംഭവിക്കുക?"  വിസ്മയിപ്പിക്കുന്ന ദൂരക്കാഴ്ച്ചയോടെ, 1905ൽ അദ്ദേഹമെഴുതി. "ഒരു കാര്യം ഉറപ്പ്: മനുഷ്യരാശി ഇടപെടാൻ തുടങ്ങും; ഇംഗ്ലണ്ടിൽ ആയിരിക്കണമെന്നില്ല; ഭൂതകാലത്തിൽനിന്ന് വേർപിരിയാൻ ഏറെ സന്നദ്ധതയുള്ള,
"ദേശീയപ്രാഗൽഭ്യ"ത്തോട് കൂടുതൽ ആവേശമുള്ള ഏതെങ്കിലുമൊരു രാജ്യം .... ഇടപെടലിൻ്റെ വിദൂരപ്രത്യാഘാതങ്ങളെക്കുറിച്ചുള്ള അജ്ഞതയാൽ ആരും അത്തരം പരീക്ഷണങ്ങളെ ഒരിക്കലും ഏറെക്കാലം നീട്ടിവച്ചിട്ടില്ല."
ജനിതകസന്ദേശങ്ങളുടെ ഇടവിട്ട് വരുന്ന സ്വഭാവം  മനുഷ്യജനിതകപഠനത്തിൻ്റെ ഭാവിയെക്കുറിച്ചുള്ള വിപുലമായ വിവക്ഷകൾ വഹിക്കുന്നുണ്ടെന്ന് ബേയ്റ്റ്സൺ മനസ്സിലാക്കി. ജീനുകൾ ,സത്യത്തിൽ, വിവരങ്ങളുടെ ഒറ്റയായ പരമാണുക്കളെങ്കിൽ, ഈ പരമാണുക്കളെ അവയിൽനിന്ന് പ്രത്യേകമായും, സ്വതന്ത്രമായും  തെരഞ്ഞെടുക്കാനും, ശുദ്ധീകരിക്കാനും, കൈകാര്യം ചെയ്യാനും സാധ്യമാണ് "അഭിലഷണീയമായ" ഗുണങ്ങളുള്ള ജീനുകളെ തെരഞ്ഞെടുക്കാം; കൂട്ടിച്ചേർക്കാം. അനഭിലണീയമായ  ജീനുകളെ ജീൻശേഖരത്തിൽനിന്ന് ഉന്മൂലനം ചെയ്യാം. തത്ത്വത്തിൽ, ഒരു ശാസ്ത്രജ്ഞന് ഒരു "വ്യക്തിയുടെ ഘടന"യും, ഒരു രാഷ്ട്രത്തിൻ്റെ ഘടനയും മാറ്റാം; അങ്ങനെ, മനുഷ്യസ്വത്വത്തിൽ സ്ഥിരമായൊരു അടയാളമിടാം.

"നിയന്ത്രണശക്തി കണ്ടുപിടിക്കപ്പെടുമ്പോൾ, മനുഷ്യനെപ്പോഴും അതിലേക്ക് തിരിയുന്നു," ബേയ്റ്റ്സൺ വിഷാദത്തോടെ എഴുതി:
 "പാരമ്പര്യശാസ്ത്രം, താമസിയാതെ, ഭീമമായ തോതിലുള്ള അധികാരമേകും. ചില രാജ്യത്ത്, ഒരു പക്ഷേ, അതിവിദൂരമല്ലാത്ത കാലത്ത്, ആ രാജ്യത്തിൻ്റെ രചനാസംവിധാനം നിയന്ത്രിക്കാൻ ഈ ശക്തി വിനിയോഗിക്കപ്പെടും.  അത്തരമൊരു നിയന്ത്രണവ്യവസ്ഥ ആ രാജ്യത്തിനോ, മനുഷ്യരാശിക്കോ, ആത്യന്തികമായ് ഹിതമോ, അഹിതമോ ആയിരിക്കുമോ എന്നത് വേറൊരു പ്രശ്നമാണ്." ജീനിൻ്റെ നൂറ്റാണ്ടിനെ അദ്ദേഹം കടത്തിവെട്ടിയിരിക്കുകയാണ്.
------------------------------------------------------------------
*ഡാർവ്വിൻ്റെ സർവ്വോല്പത്തി [pangenesis] യിൽ നിന്ന് കടമെടുത്ത പേര്.
** deja vu: ഒരു സംഭവം നേരത്തെതന്നെ അനുഭവേദ്യമായിട്ടുണ്ടെന്ന തോന്നൽ
***വൈകുന്നേരം വിടരുന്ന മഞ്ഞപ്പൂചെടി; വേരിന് വീഞ്ഞുമണമുള്ളതുകൊണ്ട് ഈന [oena].
**** പിറകിലേക്കുള്ള സങ്കരണത്തിൻ്റെ ഫലമാകണം, ശരിക്കും, ഡ വ്രീസിൻ്റെ 'മറുജീവികൾ'; സഹജമായാവിർഭവിച്ച വൈജാത്യങ്ങളായിരിക്കില്ല. 
***** മെൻഡലിൻ്റെ സിദ്ധാന്തത്തിലേക്കുള്ള ബേയ്റ്റ്സണിൻ്റെ,  ഒരു തീവണ്ടിയാത്രയിലുണ്ടായ,  പരിവർത്തനത്തിൻ്റെ കഥ ചില ചരിത്രകാരന്മാർ  ശരിയല്ലെന്ന് വാദിച്ചിട്ടുണ്ട്.  ഈ കഥ അദ്ദേഹത്തിൻ്റെ ജീവചരിത്രത്തിൽ പലപ്പോഴും പ്രത്യക്ഷപ്പെടുന്നുണ്ട്. നാടകീയതക്ക് വേണ്ടി അദ്ദേഹത്തിൻ്റെ ശിഷ്യന്മാർ കഥക്ക് നിറം പിടിപ്പിച്ചതാകാം.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...