2020, ജൂൺ 8, തിങ്കളാഴ്‌ച

4: "അയാൾ സ്നേഹിച്ച പൂക്കൾ"

 "അദ്ദേഹം പൂക്കളെ സ്നേഹിച്ചു "

ദ്രവ്യത്തിൻ്റെ പ്രകൃതവും അതിൻ്റെ ബലവും വെളിപ്പെടുത്താൻ മാത്രമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. തത്ത്വമീമാംസയിൽ ഞങ്ങൾക്ക് താൽപ്പര്യമില്ല. ------------- ബ്ര് ണോ  നാച്ചറൽ സയൻസ് സൊസൈറ്റിയുടെ വിജ്ഞാപനം;

                              1865ൽ മെൻഡലിൻ്റെ ലേഖനം ആദ്യമായ് വായിക്കപ്പെട്ടതിവിടെയാണ്.  



ആപേക്ഷികമായ് പരിമിതമായ ഘടകങ്ങളുടെ അഗണ്യമായ വിവിധ 

ക്രമപരിവർത്തനങ്ങളുടെയും, സംയോജനങ്ങളുടെയും ഫലമാണ് മുഴുവൻ ജൈവലോകവും ... പാരമ്പര്യശാസ്ത്രം പരിശോധിക്കേണ്ട ഏകകങ്ങൾ ഈ ഘടകങ്ങളാണ്. ഊർജ്ജതന്ത്രവും രസതന്ത്രവും തന്മാത്രകളിലേക്കും പരമാണുക്കളിലേക്കും തിരിച്ചുപോകുന്നതു പോലെ തന്നെ, ജീവലോകമെന്ന പ്രതിഭാസത്തെ വിശദീകരിക്കാൻ ... ജീവശാസ്ത്രങ്ങൾ ഈ ഏകകങ്ങളിലേക്ക് തുളച്ചു കയറേണ്ടതുണ്ട്. 

                                                  ------------- ഹ്യൂഗോ ഡ വ്രീസ്.


1856 വസന്തത്തിൽ ഡാർവ്വിൻ പരിണാമത്തെക്കുറിച്ചുള്ള മഹദ്ഗ്രന്ഥം എഴുതാൻ തുടക്കമിടുമ്പോൾ, 1850ൽ താൻ തോറ്റ അദ്ധ്യാപകപരീക്ഷ എഴുതാനായ് വിയന്നയിലേക്ക് വീണ്ടും തിരിക്കാൻ ഗ്രിഗർ മെൻഡൽ തീരുമാനിച്ചു. ഇത്തവണ അദ്ദേഹത്തിന് കൂടുതൽ ആത്മവിശ്വാസം തോന്നി. വിയന്നയിലെ സർവ്വകലാശാലയിൽ മെൻഡൽ രണ്ടു വർഷം ഊർജ്ജതന്ത്രവും, രസതന്ത്രവും, ഭൂഗർഭശാസ്ത്രവും, സസ്യശാസ്ത്രവും, ജന്തുശാസ്ത്രവും പഠിച്ചിരുന്നു. 1853ൽ അദ്ദേഹം മഠത്തിലേക്ക് മടങ്ങി വന്ന്, ബ്ര് ണോ മോഡേൺ സ്‌കൂളിൽ പകരക്കാരൻ അധ്യാപകനായ് ജോലി നോക്കാൻ തുടങ്ങി. സ്‌കൂൾ നടത്തിയിരുന്ന സന്യാസിമാർ പരീക്ഷകളെയും യോഗ്യതയെയും സംബന്ധിച്ച് വളരെ നിർബ്ബന്ധ ബുദ്ധിയുള്ളവരായിരുന്നതിനാൽ, യോഗ്യതാ പരീക്ഷ വീണ്ടും എഴുതാനുള്ള കാലം വന്നു ചേർന്നു. പരീക്ഷയെഴുതാൻ മെൻഡൽ അപേക്ഷിച്ചു.


നിർഭാഗ്യമെന്ന് പറയട്ടെ, രണ്ടാം ശ്രമവും ഒരു ദുരന്തമായി. മെൻഡലിന്, വേവലാതി കൊണ്ടാകണം, സുഖമില്ലാതായി. വിയന്നയിൽ അദ്ദേഹമെത്തിയത് തലവേദനയും ക്ഷിപ്രകോപവും കൊണ്ടാണ്. മൂന്നുദിവസപ്പരീക്ഷയിലെ ആദ്യദിനം തന്നെ അദ്ദേഹം സസ്യശാസ്ത്രപരീക്ഷകനുമായ് കലഹിച്ചു. കലഹകാരണം അജ്ഞാതമാണ്; പക്ഷേ, അത് ജീവോൽപ്പത്തിയും, വൈജാത്യവും, പാരമ്പര്യവും സംബന്ധിച്ചതാകാനാണ് ഏറെ സാദ്ധ്യത. മെൻഡൽ പരീക്ഷ പൂർത്തിയാക്കിയില്ല. പകരക്കാരൻ അദ്ധ്യാപകനെന്ന തൻ്റെ വിധിയുമായ് പൊരുത്തപ്പെട്ട്, അദ്ദേഹം ബ്ര് ണോയിലേക്ക് തിരികെ വന്നു. യോഗ്യതാ സാക്ഷ്യപത്രം ഉപലബ്ധമാക്കാൻ പിന്നീടൊരിക്കലും അദ്ദേഹം പണിപ്പെട്ടില്ല.


⧪   


ആ ഗ്രീഷ്മാവസാനം, അപ്പോഴും പരീക്ഷാപരാജയത്തിൻ്റെ വ്രണം കൊണ്ട് നീറുകയായിരുന്ന മെൻഡൽ ഒരു വിളവ് പയറു നട്ടു. അത് അദ്ദേഹത്തിൻ്റെ ആദ്യ വിളവായിരുന്നില്ല. ചെടികളെ വളർത്താറുള്ള കണ്ണാടിക്കൂട്ടിൽ, മൂന്നു കൊല്ലങ്ങളോളമായ്, അദ്ദേഹം പയറുകൾ വളർത്തുന്നുണ്ടായിരുന്നു. അയലത്തെ കൃഷിനിലങ്ങളിൽ നിന്ന് മുപ്പത്തിനാല് ഇനങ്ങൾ അദ്ദേഹം ശേഖരിച്ചു വളർത്തി, "നേരായ്" ജനിക്കുന്ന ഇനങ്ങളെ തെരഞ്ഞെടുത്തു. അതായത്, ഓരോ പയർച്ചെടിയും അതിനോട് ശരിക്കും താദാത്മ്യമുള്ള സന്തതിയെ ഉൽപ്പാദിപ്പിച്ചു. പൂക്കളുടെ നിറവുമൊരുപോലെ; വിത്തുകളുടെ ഗുണവുമൊരുപോലെ. ഈ ചെടികളെല്ലാം, "ഒരൊറ്റ അപവാദമില്ലാതെ, അഭിന്നമായ്‌ നിലകൊണ്ടു," അദ്ദേഹം എഴുതി. സമാനമായത് സമാനമായതിന് പിറവിയേകി. തൻ്റെ പരീക്ഷണത്തിനുള്ള സാമഗ്രി അദ്ദേഹം സമാഹരിച്ചു കഴിഞ്ഞു. 


"നേരായ്" പിറന്ന പയർച്ചെടികൾക്ക് പരമ്പരാഗതവും, വിജാതീയവുമായ, വ്യക്തമായ ഗുണങ്ങളുണ്ടെന്ന് അദ്ദേഹം ശ്രദ്ധിച്ചു. നീളൻ തണ്ടുകളുള്ള ചെടികൾ അന്യോന്യം പരാഗണം ചെയ്തപ്പോഴുണ്ടായത് നീളൻ പയറുകൾ മാത്രമാണ്; നീളം കുറഞ്ഞവ കുറിയ പയർച്ചെടികളെ മാത്രമാണ് ഉൽപ്പാദിപ്പിച്ചത്. ചിലയിനങ്ങൾ മിനുസമുള്ള വിത്തുകൾ മാത്രം ഉൽപ്പാദിപ്പിച്ചു. മറ്റു ചിലവ ചുക്കിച്ചുളിഞ്ഞ വിത്തുകൾ മാത്രവും. മൂക്കാത്ത പയറുകൾ ഒന്നുകിൽ പച്ചയായിരുന്നു, അതല്ലെങ്കിൽ തെളിഞ്ഞ മഞ്ഞ. മൂത്തവ അയഞ്ഞതോ, മുറുകിയതോ ആയിരുന്നു. നേരായ് പോറ്റിയെടുത്ത ഇത്തരം ഏഴിനങ്ങളുടെ ഒരു പട്ടിക അദ്ദേഹം തയ്യാറാക്കി. 


1. വിത്തു ഗുണം (മിനുസമുള്ളത്/ ചുളിഞ്ഞത്)

2 . വിത്തു നിറം (മഞ്ഞ/ പച്ച)

3. പൂ നിറം (വെള്ള/ പാടലം)

4. പൂവിൻ്റെ സ്ഥാനം (ചെടിത്തുഞ്ച്/ ശാഖകൾ)

5. തോടിൻ്റെ നിറം (പച്ച/ മഞ്ഞ)

6. തോടിൻ്റെ ആകൃതി (മിനുസമുള്ളത്/ ചുളിഞ്ഞത്)

7. ചെടിയുടെ ഉയരം (കൂടിയത്/ കുറഞ്ഞത്)


ഓരോ ഗുണവും ചുരുങ്ങിയത് രണ്ടു വ്യത്യസ്‌ത തരങ്ങളിലാണ് പുറത്തു വരുന്നതെന്ന് മെൻഡൽ ശ്രദ്ധിച്ചു; ഒരേ വാക്കിൻ്റെ രണ്ട് അക്ഷരമാല പോലെ; അല്ലെങ്കിൽ ഒരേ കുപ്പായത്തിൻ്റെ രണ്ടു നിറങ്ങൾ പോലെ (ഒരേ ഗുണമുള്ള രണ്ടു തരങ്ങളെ മാത്രമാണ് മെൻഡൽ പരീക്ഷിച്ചത്. പ്രകൃതിയിൽ,പക്ഷേ, പല തരങ്ങളുണ്ടാകാം; ഉദാഹരണത്തിന്, വെള്ളയും, ഊതവും, നീലലോഹിതവും, മഞ്ഞയും പൂക്കളുള്ള ചെടികൾ). ജീവശാസ്ത്രജ്ഞന്മാർ ഇവയെ, പിന്നീട്, അലീലുകൾ [alleles] എന്നു വിളിച്ചു; ഗ്രീക്കിലെ അലോസ് [allos = അപരം] എന്ന വാക്കിൽ നിന്നുണ്ടാക്കിയ ഒരു പദം; ഒരേയിനത്തിൻ്റെ രണ്ട് ഉപവിഭാഗങ്ങളെ പൊതുവേ പരാമർശിക്കാൻ ഉപയോഗിക്കുന്ന പദം. ഒരേ ഗുണത്തിൻ്റെ രണ്ട് അപരങ്ങളാണ് ഊതവും വെള്ളയും. ഉയരമെന്ന ലക്ഷണത്തിൻ്റെ രണ്ട് അപരങ്ങളാണ് ദീർഘവും ഹ്രസ്വവും. 


നേരായ് വളർത്തിയെടുത്ത ചെടികൾ അദ്ദേഹത്തിൻ്റെ പരീക്ഷണത്തിൻ്റെ പ്രാരംഭം മാത്രമായിരുന്നു. പാരമ്പര്യത്തിൻ്റെ സ്വഭാവം വെളിപ്പെടുത്താൻ സങ്കരങ്ങളെ വളർത്തേണ്ടതുണ്ടെന്ന് മെൻഡലിന് അറിയാമായിരുന്നു. ഒരു "ജാരസന്തതി"ക്ക് (പരീക്ഷണത്തിനുള്ള സങ്കരങ്ങളെ വർണ്ണിക്കാൻ ജർമ്മൻ സസ്യശാസ്ത്രജ്ഞർ പൊതുവേ ഉപയോഗിച്ച വാക്ക്) മാത്രമേ കലർപ്പില്ലായ്മ എന്തെന്ന് പ്രകാശിപ്പിക്കാനാകൂ. പിൽക്കാലത്ത് വിശ്വസിക്കപ്പെട്ടതിന് വിരുദ്ധമായ്, അദ്ദേഹത്തിന് തൻ്റെ പഠനത്തിൻ്റെ ദൂരവ്യാപകമായ ഫലങ്ങളെക്കുറിച്ച് നല്ല ബോദ്ധ്യമുണ്ടായിരുന്നു: "ജൈവരൂപങ്ങളുടെ പരിണാമചരിത്രത്തിന്" തൻ്റെ ചോദ്യം നിർണ്ണായകമാണെന്ന് അദ്ദേഹം എഴുതിയതാണ്. രണ്ടു വർഷങ്ങൾക്കുള്ളിൽ, അത്ഭുതമെന്ന് പറയട്ടെ, പാരമ്പര്യത്തിൻ്റെ സുപ്രധാന ലക്ഷണങ്ങളെ ചോദ്യം ചെയ്യാനുതകുന്ന ഒരു പറ്റം രാസവിശ്ലേഷണ മിശ്രിതങ്ങൾ മെൻഡൽ ഉൽപ്പാദിപ്പിച്ചു. ലളിതമായ് പറഞ്ഞാൽ, മെൻഡലിൻ്റെ ചോദ്യം ഇതായിരുന്നു: ഉയരമുള്ളൊരു ചെടിയെ ഉയരമില്ലാത്തതുമായ് സങ്കരണം ചെയ്താൽ, അതിനിടക്കുള്ള വലുപ്പമുള്ള ചെടിയുണ്ടാകുമോ? ഈ രണ്ട് അപരങ്ങൾ --- ഹ്രസ്വവും ദീർഘവും --- ഇടകലരുമോ?


സങ്കരങ്ങളെയുണ്ടാക്കുന്നത് മടുപ്പിക്കുന്ന പണിയാണ്. പയറുകൾ പൊതുവേ സ്വയം പരാഗണം ചെയ്യുന്നവയാണല്ലോ. പൂവിൻ്റെ കൊളുത്തുപോലുള്ള അടിത്തട്ടിനുള്ളിലാണ് പരാഗണതന്തുവും കേസരവും വളർച്ചയെത്തുന്നത്. പരാഗണതന്തുവിൽ നിന്ന് നേരിട്ട് പൂമ്പൊടിയെ, ആ പൂവിൻ്റെ തന്നെ കേസരത്തിൽ തുടച്ചിടുന്നു. സങ്കരബീജസങ്കലനമാകട്ടെ, വേറിട്ടൊരു കാര്യമാണ്. സങ്കരസസ്യമുണ്ടാക്കാൻ, മെൻഡലിന്, തുടക്കത്തിൽ, പരാഗണതന്തുക്കളെ നുള്ളിക്കളഞ്ഞ് ഓരോ പൂവിനേയും നിർബീജമാക്കേണ്ടി വന്നു ... അവയെ വരിയുടക്കേണ്ടി വന്നു -- അതിനുശേഷം, ഓറഞ്ചു നിറമുള്ള പരാഗരേണുക്കളെ ഒരു പൂവിൽനിന്ന് മറ്റൊരു പൂവിലേക്ക് മാറ്റി. പൂക്കളെ നുള്ളാനും, തുടക്കാനുമായ് കൊടിലും, ചായത്തൂലികയുമായ് കൂനിക്കൂനി അദ്ദേഹം ഏകാകിയായ് ജോലി ചെയ്തു. ഉദ്യാനത്തിലേക്കുള്ള ഓരോ വരവിലും, പുറത്തുപോകുമ്പോഴുപയോഗിക്കാറുള്ള തൻ്റെ തൊപ്പി അദ്ദേഹം ഒരു കിന്നരത്തിൽ തൂക്കിയിടുമായിരുന്നു. അതിൽ നിന്നു വരുന്ന സ്വച്ഛമായ ഏക രാഗമായിരുന്നൂ അദ്ദേഹം കേട്ട ഏക സംഗീതം.   


മഠത്തിലെ മറ്റു സന്യാസിമാർക്ക് മെൻഡലിൻ്റെ പരീക്ഷണത്തെക്കുറിച്ച് അറിയാമായിരുന്നുവോ എന്നറിയുക കഠിനമാണ്; അവരത് 

കാര്യമാക്കിയോയെന്നും. 1850കളുടെ ആദ്യം, മെൻഡൽ, വെള്ളനിറത്തിലും ചാരനിറത്തിലുമുള്ള വയൽച്ചുണ്ടെലികളെ വച്ച്, കൂടുതൽ സാഹസികമായ ഒരു പരീക്ഷണത്തിന് മുതിർന്നു. ചുണ്ടെലിസങ്കരങ്ങളെയുണ്ടാക്കാൻ അദ്ദേഹം മുറിയിൽ --- മിക്കപ്പോഴും രഹസ്യമായ് --- ചുണ്ടെലികളെ വളർത്തിയിരുന്നു. പൊതുവേ, മെൻഡലിൻ്റെ ചാപല്യങ്ങളെ സഹിച്ചിരുന്ന മഠാധിപതി ഇത്തവണ ഇടയിൽ ചാടി. പാരമ്പര്യത്തെ മനസ്സിലാക്കാൻ ചുണ്ടെലികളെ ഇണചേരാൻ പ്രലോഭിപ്പിക്കുന്നത്, അഗസ്തീനിയന്മാർക്കു പോലും, അത്ര സഭ്യമായ കാര്യമല്ല. മെൻഡൽ ചെടികളിലേക്ക് ചുവടു മാറ്റി; പുറത്തെ കണ്ണാടിക്കൂടുകളിലേക്ക് പരീക്ഷണം മാറ്റി. മഠാധിപതി അത് സമ്മതിച്ചു. ചുണ്ടെലികളുടെ കാര്യത്തിൽ അദ്ദേഹം ഒരു പരിധി കൽപ്പിച്ചെങ്കിലും, പയറുകൾക്ക് ഒരവസരം നൽകുന്നത് ഗൗനിച്ചില്ല.  


⧪ 


1857ലെ ഗ്രീഷ്മാന്ത്യത്തോടെ, മഠത്തിലെ പൂന്തോട്ടത്തിൽ, വെള്ളനിറങ്ങളുടെയും ഊതനിറങ്ങളുടെയും ബഹളത്തോടെ സങ്കരപ്പയറുകൾ പൂത്തുലഞ്ഞു. മെൻഡൽ പൂക്കളുടെ നിറങ്ങൾ കുറിച്ചുവച്ചു; വള്ളികളിൽ കായകൾ തൂങ്ങി നിന്നപ്പോൾ, തോടു പൊട്ടിച്ച് വിത്ത് പരിശോധിച്ചു. അദ്ദേഹം പുതിയ സങ്കരസങ്കലനങ്ങൾ കൂടിയുണ്ടാക്കി --- ഉയരമുള്ളതും ഉയരമില്ലാത്തതും തമ്മിൽ; വെള്ളയും പച്ചയും തമ്മിൽ; മിനസുമുള്ളതും ചുളുങ്ങിയതും തമ്മിൽ. ഇനിയുമൊരു പ്രചോദനത്തിൻ്റെ വെളിച്ചത്തിൽ, അദ്ദേഹം സങ്കരങ്ങളെ തമ്മിൽ സങ്കലനം ചെയ്ത് സങ്കരങ്ങളുടെ സങ്കരങ്ങളുണ്ടാക്കി. ഈ രീതിയിൽ പരീക്ഷണങ്ങൾ എട്ടു കൊല്ലങ്ങളോളം നീണ്ടു പോയി. അപ്പോഴേക്കും, കണ്ണാടിക്കൂടുകളിൽ നിന്നും വിള മഠത്തിനടുത്തുള്ള ഒരു പറമ്പിലേക്ക് മാറിയിരുന്നു; അദ്ദേഹത്തിൻ്റെ മുറിയിൽനിന്ന് കാണാവുന്ന, ഊട്ടുപുരയതിരിലെ, 20 x 100 അടി ദീർഘചതുരത്തിലുള്ള വളക്കൂറുള്ള മണ്ണിലേക്ക്. തൻ്റെ മുറിയിലെ ജാലകങ്ങൾ കാറ്റടിച്ച് തുറക്കുമ്പോൾ, ആ മുറി മുഴുവനും ഒരു ഭീമൻ സൂക്ഷ്മദർശിനിയായ് മാറിയത് പോലെയാകും. ആയിരക്കണക്കിന് സങ്കരങ്ങളെക്കുറിച്ചുള്ള വിവരങ്ങളടങ്ങുന്ന കുറിപ്പുകളും പട്ടികകളും കൊണ്ട് മെൻഡലിൻ്റെ നോട്ടുപുസ്തകങ്ങൾ നിറഞ്ഞു. കായകൾ പൊളിച്ച് അദ്ദേഹത്തിൻ്റെ വിരലുകൾ മരവിച്ചു. 


"ഒരുവൻ്റെ ആയുസ്സു മുഴുവൻ നിറക്കാൻ എത്രയോ തുച്ഛമായൊരു ചിന്ത മതി," തത്ത്വചിന്തകനായ ലുഡ്‌വിഗ് വിറ്റ്ഗൻസ്റ്റൈൻ എഴുതുകയുണ്ടായി. ഒറ്റ നോട്ടത്തിൽ, മെൻഡലിൻ്റെ ജീവിതവും ഏറ്റവും ചെറിയ ചിന്തകളാൽ നിറഞ്ഞതാണെന്ന് തോന്നിയേക്കാം. വിതയ്ക്കുക, പരാഗണം നടത്തുക, പൂക്കളുണ്ടാക്കുക, പറിക്കുക, തൊലിക്കുക, എണ്ണുക, അവയെല്ലാം വീണ്ടുമാവർത്തിക്കുക. കുത്തിവേദനിപ്പിക്കും വിധം മടുപ്പുളവാക്കുന്ന നടപടി. പക്ഷേ, കുഞ്ഞുചിന്തകൾ വൻസിദ്ധാന്തങ്ങളായ് പൂക്കുമെന്ന് മെൻഡലിന് അറിയുമായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്പിലൂടെ വ്യാപകമായ് ഒഴുകിപ്പോയ പ്രബലമായ ശാസ്ത്രവിപ്ലവങ്ങൾക്ക് ഒരു പൈതൃകമുണ്ടെങ്കിൽ അതിതാണ്: പ്രകൃതിയിൽ നിലീനമായിരിക്കുന്ന നിയമങ്ങൾ സർവവ്യാപികളും, സർവ്വസാമ്യങ്ങളുമാണ്. ന്യൂട്ടണിൻ്റെ ആപ്പിളിനെ തരുശാഖയിൽ നിന്ന് അദ്ദേഹത്തിൻ്റെ തലയിലെത്തിച്ച അതേ ശക്തിയാണ്, വിണ്ണിലെ ഗ്രഹങ്ങളെ അവയുടെ ഭ്രമണപഥത്തിലൂടെ നയിക്കുന്നത്. പാരമ്പര്യത്തിനും സാർവ്വത്രികമായൊരു പ്രകൃതിനിയമമുണ്ടെങ്കിൽ, അതിന് മനുഷ്യോൽപ്പത്തിയിലെത്ര സ്വാധീനമുണ്ടോ, അത്രയും സ്വാധീനം പയറുകളുടെ ഉൽപ്പത്തിയിലുമുണ്ടാകാൻ സാദ്ധ്യതയുണ്ട്. മെൻഡലിൻ്റെ പൂന്തോട്ടം 

വലുപ്പമില്ലാത്തതായിരുന്നിരിക്കാം; എന്നാൽ, അതിൻ്റെ വലുപ്പം അദ്ദേഹം തൻ്റെ ശാസ്ത്രീയാഭിലാഷത്തിൻ്റെ വലുപ്പമായ് തെറ്റിദ്ധരിച്ചില്ല. 


"മെല്ലെയാണ് പരീക്ഷണങ്ങളുടെ പുരോഗതി," മെൻഡൽ എഴുതി. "തുടക്കത്തിൽ ഒരൽപ്പം ക്ഷമ ആവശ്യമാണ്. പക്ഷേ, ഒരേസമയം നിരവധി പരീക്ഷണങ്ങൾ നടത്തുമ്പോൾ, കാര്യങ്ങൾ മെച്ചപ്പെടുന്നത് ഞാൻ കണ്ടു." സമാന്തരമായ് ഒരു പാട് സങ്കരങ്ങളുണ്ടായതിനാൽ, വസ്തുതകളെക്കുറിച്ചുള്ള വിവരങ്ങളുണ്ടാകുന്നതിനും വേഗത കൂടി. പതിയേ, വസ്തുതകളിൽ അദ്ദേഹം ചില ക്രമങ്ങൾ വിവേചിച്ചറിയാൻ തുടങ്ങി ... അപ്രതീക്ഷിത നൈരന്തര്യങ്ങൾ, സൂക്ഷിച്ചുവെക്കപ്പെട്ട അനുപാതങ്ങൾ, എണ്ണങ്ങളുടെ താളങ്ങൾ. ഒടുവിൽ, അദ്ദേഹം പാരമ്പര്യത്തിൻ്റെ ആന്തരയുക്തി ഉൽഖനനം ചെയ്തിരിക്കുകയാണ്.



⧪ 

ഒന്നാമത്തെ ക്രമവിന്യാസം തിരിച്ചറിയാൻ എളുപ്പമായിരുന്നു: ഒന്നാം തലമുറയിലെ പരമ്പരാഗതമായ് വരാൻ സാദ്ധ്യതയുള്ള വ്യതിരിക്തമായ ഗുണങ്ങൾ --- ദീർഘവും ഹ്രസ്വവും, പച്ചക്കുരുവും മഞ്ഞക്കുരുവും --- കൂടിക്കലർന്നതേയില്ല. ഉയരമുള്ളൊരു ചെടിയെ ഉയരമില്ലാത്തതുമായ് സങ്കരണം ചെയ്തപ്പോൾ അനിവാര്യമായും ഉണ്ടായത് ഉയരമുള്ള ചെടികൾ മാത്രം. ഉരുണ്ട വിത്തുകളെ ഏങ്കോണിച്ച വിത്തുകളുമായ് സങ്കലനം ചെയ്തപ്പോൾ കിട്ടിയത് ഉരുണ്ട പയറുകൾ മാത്രം. ഏഴു ഗുണങ്ങളിലേഴും ഇതേ ക്രമമാണ് പിന്തുടർന്നത്. "സങ്കരത്തിൻ്റെ സ്വഭാവം" ഇടനിലയിലുള്ളതായിരുന്നില്ല; "മാതൃപിതൃരൂപങ്ങളിൽ ഒന്നിനോടായിരുന്നൂ അതിനു സാദൃശ്യം," മെൻഡൽ എഴുതി. പ്രാമുഖ്യമുള്ള ഈ ഗുണങ്ങളെ മെൻഡൽ പ്രബലം എന്നും, മറഞ്ഞുപോയവയെ ഗുപ്തം എന്നും വിളിച്ചു.



പരീക്ഷണങ്ങൾ മെൻഡൽ ഇവിടെവച്ച് അവസാനിപ്പിച്ചിരുന്നുവെങ്കിൽക്കൂടി, അത് പാരമ്പര്യസിദ്ധാന്തത്തിന് അദ്ദേഹത്തിൻ്റെ വകയായ മുഖ്യസംഭാവനയാകുമായിരുന്നു. ഒരു ലക്ഷണത്തിന് പ്രബലവും ഗുപ്തവുമായ അപരങ്ങൾ ഉണ്ടെന്നത്, കൂടിക്കലരുന്ന പാരമ്പര്യമെന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ സിദ്ധാന്തങ്ങൾക്ക് എതിരായിരുന്നു: മെൻഡൽ ഉൽപ്പാദിപ്പിച്ച സങ്കരങ്ങൾക്ക് ഇടനിലയിലുള്ള ലക്ഷണങ്ങൾ ഇല്ലായിരുന്നു. ഒരപരം മാത്രമാണ് പ്രബലമായ് സ്വയം സ്ഥാപിച്ചത്; മറ്റേ വിഭിന്നഗുണത്തെ അപ്രത്യക്ഷമാക്കിക്കൊണ്ട്.



പക്ഷേ, ഗുപ്‌തഗുണം മറഞ്ഞതെങ്ങോട്ട്? പ്രബലഗുണം അതിനെ വിഴുങ്ങിയോ, അതോ, ഇല്ലാതാക്കിയോ? രണ്ടാമത്തെ പരീക്ഷണത്തിലൂടെ മെൻഡൽ തൻ്റെ അപഗ്രഥനം ആഴത്തിലാക്കി. ഹ്രസ്വ-ദീർഘ സങ്കരങ്ങളെ ഹ്രസ്വ-ദീർഘ സങ്കരങ്ങളുമായ് ഇണ ചേർത്ത് മൂന്നാം തലമുറ സന്തതികളെ ജനിപ്പിച്ചു. ഉയരം പ്രബലമായിരുന്നതിനാൽ, ഈ പരീക്ഷണത്തിലെ മാതൃപിതൃചെടികളെല്ലാം ഉയരമുള്ളവയായിരുന്നു; ഗുപ്‍തഗുണം ഇല്ലായിരുന്നു. പക്ഷെ, ഇവയെ പരസ്പരം സങ്കലനം ചെയ്തപ്പോഴുണ്ടായ ഫലം അപ്രതീക്ഷിതമായിരുന്നു. ഈ മൂന്നാം തലമുറ സങ്കരങ്ങളിൽ ചിലവയിൽ, ഒരു തലമുറക്കാലത്ത് അപ്രത്യക്ഷമായിരുന്ന ഉയരമില്ലായ്മ (ഹ്രസ്വം), യാതൊരു കേടുപാടുമില്ലാതെ, വീണ്ടും പ്രത്യക്ഷപ്പെട്ടു. ഇതേ ക്രമം കീഴിൽ ബാക്കി വന്ന ഗുണങ്ങളിലും സംഭവിച്ചു. സങ്കരങ്ങളായ രണ്ടാം തലമുറയിൽ കാണാതിരുന്ന വെള്ളപ്പൂക്കൾ മൂന്നാമത്തേതിലെ ചിലവയിൽ പുനരാവിർഭവിച്ചു. കാണാവുന്ന ഒരു പ്രബല അപരവും, അദൃശ്യമായ ഒരു ഗുപ്ത അപരവുമുള്ള ഒരു സംയുക്തമാണ് ശരിക്കുമൊരു സങ്കര ജീവിയെന്ന് മെൻഡൽ മനസ്സിലാക്കി (ഈ വൈജാത്യങ്ങൾക്കുള്ള മെൻഡലിൻ്റെ പേര് ഗണങ്ങൾ എന്നായിരുന്നു; allele (അപരം) എന്ന വാക്ക് 1990കളിൽ ജനിതകശാസ്ത്രജ്ഞർ മെനഞ്ഞെടുത്തതാണ്).



ഓരോ സങ്കരവും ഉൽപ്പാദിപ്പിച്ച വിവിധ തരം സന്തതികൾ തമ്മിലുള്ള ഗണിതക ബന്ധങ്ങൾ -- അനുപാതങ്ങൾ --- പഠിക്കുക വഴി, ഗുണങ്ങൾ പരമ്പരാഗതമാകുന്നതെങ്ങനെയെന്ന് വിശദീകരിക്കാനുള്ള ഒരു മാതൃക നിർമ്മിക്കുന്നതിന് തുടക്കമിടാൻ മെൻഡലിന് കഴിഞ്ഞു*. മെൻഡലിൻ്റെ മാതൃകയിൽ, ഓരോ ലക്ഷണവും നിർണ്ണയിക്കപ്പെടുന്നത് വിവരങ്ങളുടെ സ്വതന്ത്രവും, അവിഭാജ്യവുമായൊരു പരമാണുവാണ്. ഈ പരമാണുക്കൾ രണ്ടു വ്യത്യസ്ത തരങ്ങൾ, അല്ലെങ്കിൽ, അപരങ്ങളാണ്: ഹ്രസ്വം/ ദീർഘം (ഉയരത്തിൻ്റെ കാര്യത്തിൽ), വെള്ള/വയലറ്റ് (പൂനിറത്തിൻ്റെ കാര്യത്തിൽ), അങ്ങനെയങ്ങനെ. മാതാവിൽ നിന്നും പിതാവിൽ നിന്നും ഓരോ ചെടിയും ഒരു പകർപ്പ് പാരമ്പരാഗതമായ് നേടുന്നു --- ബീജം വഴി അച്ഛനിൽ നിന്ന് ഒരപരം; അണ്ഡം വഴി അമ്മയിൽ നിന്ന് മറ്റൊരപരം. സങ്കരം സൃഷ്ടിക്കപ്പെടുമ്പോൾ ഈ രണ്ടു ഗുണങ്ങളും ഒരു കേടുപാടുമില്ലാതെ നിലനിൽക്കും; അതിലൊന്നു മാത്രമേ പ്രബലമായ് പ്രകടമാവുകയുള്ളൂവെങ്കിലും.



⧪ 


ആ ഗ്രീഷ്മത്തിൻ്റെ ചരമപാദത്തിൽ, മെൻഡൽ പറക്കണക്കിന് പയറുകൾ തൊലിച്ചു; ഒരുന്മാദിയെപ്പോലെ ഓരോ സങ്കരസസ്യത്തിനുമുള്ള ഫലങ്ങൾ പട്ടികകളിലാക്കി (മഞ്ഞ വിത്തുകൾ, പച്ചത്തളിരുകൾ, വെള്ളപൂക്കൾ). ഫലങ്ങൾ അത്ഭുതകരമാം വിധം മാറ്റമില്ലാതിരുന്നു. മഠത്തിലെ പൂന്തോട്ടത്തിലെ കൊച്ചു പറമ്പ് അപഗ്രഥിക്കാനായ് ഉൽപ്പാദിപ്പിച്ച വിവരത്തിൻ്റെ പരിമാണം അതിവിപുലമായിരുന്നു --- ഇരുപത്തിയെട്ടായിരം ചെടികൾ, നാൽപ്പതിനായിരം പൂക്കൾ, ഏകദേശം നാന്നൂറായിരം വിത്തുകൾ. "ഇത്രയും ദൂരവ്യാപകമായ വിസ്താരത്തിലുള്ള അദ്ധ്വാനം ഏറ്റെടുക്കാൻ, സത്യത്തിൽ, അൽപ്പം ധൈര്യം വേണം," മെൻഡൽ പിന്നീടെഴുതും. ധൈര്യം എന്നത്, പക്ഷേ, ഇവിടെ ശരിയായ വാക്കല്ല. ധൈര്യത്തേക്കാൾ ആ ജോലിയിൽ മറ്റൊന്നാണ് പ്രകടമായത് --- ആർദ്രത ** എന്നു മാത്രം വിശേഷിപ്പിക്കാൻ കഴിയുന്ന ഒരു സ്വഭാവം.    


ശാസ്ത്രത്തെയോ, ശാസ്ത്രകാരന്മാരെയോ വിശേഷിപ്പിക്കാൻ സ്വാഭാവികമായ് ഉപയോഗിക്കുന്ന ഒരു വാക്കല്ലാ അത്. മൂലത്തിൽ അതിന് ശുശ്രൂഷയുമായ് --- ഒരു കർഷകൻ്റെ അല്ലെങ്കിൽ ഉദ്യാനപാലകൻ്റെ പ്രവൃത്തിയുമായ്  --- ബന്ധമുണ്ടെന്നത് ശരി; പക്ഷേ, അതിന് വലിവുമായും ബന്ധമുണ്ട് --- സൂര്യപ്രകാശത്തിനു നേരെ ചായാനോ, മരത്തിലേക്ക് പടരാനോ വേണ്ടിയുള്ള പയർവള്ളിയുടെ വലിയലുമായ്. പ്രഥമമായും, പ്രധാനമായും മെൻഡൽ ഒരുദ്യാനപാലകനായിരുന്നു. ജീവശാസ്ത്രത്തിൻ്റെ സമ്പ്രദായങ്ങളെക്കുറിച്ചുള്ള അഗാധജ്ഞാനമായിരുന്നില്ലാ അദ്ദേഹത്തിൻ്റെ പ്രതിഭയുടെ ഇന്ധനം (അതിനുള്ള  പരീക്ഷ, നന്ദിയോടെ പറയട്ടെ, അദ്ദേഹം തോറ്റിരുന്നല്ലോ --- രണ്ടു തവണ); മറിച്ച് ഉദ്യാനത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ സഹജജ്ഞാനവും, മൂർച്ചയേറിയ നിരീക്ഷണ പാടവവുമാണ് (ബീജാങ്കുരങ്ങളുടെ ദുർഘടം പിടിച്ച സങ്കരപരാഗണവും, കുഞ്ഞുതളിരുകളെ കിറുകൃത്യമായ് പട്ടികകളിൽ വിന്യസിക്കലും) അദ്ദേഹത്തെ താമസിയാതെ, പാരമ്പര്യത്തെക്കുറിച്ചുള്ള പരമ്പരാഗതമായ ധാരണകൾ കൊണ്ട് വിശദീകരിക്കാൻ കഴിയാത്ത കണ്ടുപിടുത്തങ്ങളിലേക്ക് നയിച്ചത്.   


മാതാപിതാക്കളിൽ നിന്ന് സന്തതികളിലേക്കുള്ള പ്രത്യേകമായ വിവരങ്ങളുടെ കടന്നു പോകലിന് മാത്രമേ പാരമ്പര്യത്തെ വിശദീകരിക്കാനാകൂ എന്നാണ് മെൻഡലിൻ്റെ പരീക്ഷണങ്ങൾ വിവക്ഷിച്ചത്. ഇതിലൊരു വിവരത്തിൻ്റെ (ഒരു അപരത്തിൻ്റെ) പകർപ്പ് ബീജം കൊണ്ടു വരുന്നു; അണ്ഡം മറ്റേ പകർപ്പും (രണ്ടാമത്തെ അപരത്തെ). അങ്ങനെ മാതാവിൽ നിന്നും പിതാവിൽ നിന്നും ഒരു ജീവിക്ക് ഓരോ അപരം പാരമ്പരാഗതമായ് ഉപലബ്ധമാകുന്നു. ആ ജീവി, പിന്നീട്, ബീജമോ അണ്ഡമോ ഉൽപ്പാദിപ്പിക്കുമ്പോൾ, അപരങ്ങൾ വീണ്ടും പുനർവിഭജിക്കപ്പെടുന്നു. ഒന്ന് ബീജത്തിലേക്കും, മറ്റേത് അണ്ഡത്തിലേക്കും കൈമാറ്റപ്പെടുന്നു; അടുത്ത തലമുറയിലത് സംയുക്തമാകുന്നു. രണ്ടും നിലവിലുള്ളപ്പോൾ, അതിലൊന്ന് പ്രബലമായിരിക്കും. പ്രബലമായ അപരമുള്ളപ്പോൾ, ഗുപ്തമായ അപരം അപ്രത്യക്ഷമായതായ് തോന്നും. പക്ഷേ, സസ്യം ഗുപ്‌തമായ രണ്ട് അപരങ്ങൾ സ്വീകരിച്ചാൽ, ആ അപരം അതിൻ്റെ സ്വഭാവം ഊന്നിയുറപ്പിക്കും. എപ്പോഴും, വ്യതിരിക്തമായ ഒരപരം അവിഭാജ്യമായ്ത്തന്നെ നിലനിൽക്കും. പരമാണുക്കൾ സ്വയം അവികലമായ് മരുവും. 


ഡോപ്ലറുടെ ദൃഷ്ടാന്തം മെൻഡലിലേക്ക് മടങ്ങി വന്നു: ശബ്ദങ്ങൾക്ക് പിറകിൽ സംഗീതമുണ്ട്; പ്രത്യക്ഷമായ അരാജകത്വത്തിന് പിറകിൽ നിയമങ്ങളുണ്ട്. ലളിത ലക്ഷണങ്ങൾ വഹിക്കുന്ന, നേരായ് വളർത്തിയ ഇനങ്ങളിൽ നിന്ന് സങ്കരങ്ങളുണ്ടാക്കുന്ന തരം ആഴത്തിലുള്ള കൃത്രിമപരീക്ഷണങ്ങൾക്കു മാത്രമേ അടിത്തട്ടിലെ ക്രമവിന്യാസങ്ങൾ പുറത്തു കൊണ്ടുവരാൻ കഴിയൂ. പ്രകൃതിയിലെ ജീവവൈവിധ്യത്തിനു --- ഉയരമുള്ളത്; അതില്ലാത്തത്; ചുളിഞ്ഞത്; മിനുസമുള്ളത്; പച്ച; മഞ്ഞ; തവിട്ട് ---- പിറകിൽ, തലമുറയിൽ നിന്ന് തലമുറയിലേക്ക് പകരുന്ന പാരമ്പര്യവിവരത്തിൻ്റെ സൂക്ഷ്മ കോശങ്ങളുണ്ട്. ഓരോ ഗുണവും ഏകാത്മകമാണ് ... വ്യതിരിക്തം, അവിഭാജ്യം, ശാശ്വതം. പാരമ്പര്യത്തിൻ്റെ ഈ ഏകകത്തിന് മെൻഡൽ ഒരു പേരിട്ടില്ല. പക്ഷേ, ഒരു ജീനിൻ്റെ അതിപ്രധാനമായ ലക്ഷണം അദ്ദേഹം കണ്ടുപിടിച്ചു കഴിഞ്ഞു.    


⧪ 


ലണ്ടനിലെ ലിനിയൻ സഭയിൽ ഡാർവ്വിനും വാലസും അവരുടെ പ്രബന്ധങ്ങൾ അവതരിപ്പിച്ച് ഏഴു വർഷങ്ങൾക്കു ശേഷം, 1865 ഫെബ്രുവരി 8ന്, അത്ര പ്രതാപമില്ലാത്ത മറ്റൊരു സഭയിൽ മെൻഡൽ അദ്ദേഹത്തിൻ്റെ പ്രബന്ധം രണ്ടു ഭാഗങ്ങളായ് അവതരിപ്പിച്ചു. ബ്ര് ണോയിലെ നാച്ചറൽ സയൻസ് സൊസൈറ്റിയിൽ അദ്ദേഹം കർഷകരോടും, സസ്യശാസ്ത്രജ്ഞരോടും, ജീവശാസ്ത്രജ്ഞരോടുമായ് അദ്ദേഹം സംസാരിച്ചു (ഒരു മാസം കഴിഞ്ഞ്, മാർച്ച് എട്ടിനാണ് ലേഖനത്തിൻ്റെ രണ്ടാം ഭാഗം വായിക്കപ്പെട്ടത്). ചരിത്രത്തിലെ ഈ മുഹൂർത്തത്തിൻ്റെ രേഖകൾ ഇല്ലെന്നു തന്നെ പറയാം. മുറി ചെറുതായിരുന്നു; ഏകദേശം നാൽപ്പതു പേർ പങ്കെടുത്തു. ഗുണങ്ങളെയും വൈജാത്യങ്ങളെയും കുറിക്കുന്ന ദുർഗ്രഹ പ്രതീകങ്ങളും പട്ടികകളും കൊണ്ടു നിറഞ്ഞ പ്രബന്ധം സ്ഥിതിവിവരവിദഗ്ദ്ധർക്കു പോലും ഒരു വെല്ലുവിളിയായിരുന്നു. ജീവശാസ്ത്രകാരന്മാർക്ക് അത് ശുദ്ധ അസംബന്ധമായ് തോന്നിയിരിക്കണം. സസ്യശാസ്ത്രജ്ഞർ പൊതുവെ പഠിച്ചിരുന്നത് രൂപവിജ്ഞാനീയവും സംഖ്യാശാസ്ത്രവുമാണ്. പതിനായിരക്കണക്കിന് സങ്കരമാതൃകകളുടെ വിഭിന്നമായ പൂക്കളും വിത്തുകളും എണ്ണുന്നത് മെൻഡലിൻ്റെ സമകാലീനരെ ആകെ കുഴക്കിയിരിക്കണം. പ്രകൃതിയിൽ ഒളിച്ചിരിക്കുന്ന യോഗാത്മകവും സംഖ്യാസൂചകവുമായ "ലയങ്ങൾ" എന്ന ആശയം പൈഥഗോറസ്സിനൊപ്പം കാലഹരണപ്പെട്ടതാണല്ലോ. മെൻഡൽ അവസാനിപ്പിച്ചപ്പോൾ, ഡാർവ്വിൻ്റെ ഉൽപ്പത്തി യും പരിണാമസിദ്ധാന്തവും ചർച്ചചെയ്യാൻ ഒരു ബോട്ടണിപ്പ്രഫസർ എഴുന്നേറ്റു നിന്നു. ശ്രോതാക്കളിലൊരുവനും ചർച്ചചെയ്യപ്പെടുന്ന രണ്ടു വിഷയങ്ങളും തമ്മിലുള്ള ബന്ധം കണ്ടില്ല. തൻ്റെ "പാരമ്പര്യ ഏകകങ്ങളും" പരിണാമവും തമ്മിലുള്ള അന്തർലീനബന്ധത്തെക്കുറിച്ച് --- അത്തരമൊരു ബന്ധം മെൻഡൽ തേടിയിരുന്നുവെന്ന് അദ്ദേഹത്തിൻ്റെ മുൻകാലക്കുറിപ്പുകൾ സൂചിപ്പിക്കുന്നുണ്ട് --- മെൻഡൽ ബോധവാനായിരുന്നിട്ടുണ്ടെങ്കിൽക്കൂടി, ആ വിഷയത്തെപ്പറ്റി അദ്ദേഹമൊന്നും വ്യക്തമായ് പരാമർശിച്ചില്ല. 


ബ്ര് ണോ നാച്ചറൽ സയൻസ് സൊസൈറ്റിയുടെ വാർഷികപ്പതിപ്പിൽ മെൻഡലിൻ്റെ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടു. അൽപ്പഭാഷിയായ മെൻഡൽ, എഴുത്തിലും മിതവാക്കായിരുന്നു. ഒരു ദശാബ്ദത്തിലെ ഗവേഷണം മുഴുവൻ അദ്ദേഹം ഉജ്ജ്വലമാം വിധം വിരസമായ 44 പേജുകളിലേക്ക് ശുദ്ധിചെയ്തെടുത്തു; ഇംഗ്ലണ്ടിലെ റോയൽ സൊസൈറ്റിക്കും ലിനിയൻ സൊസൈറ്റിക്കും, വാഷിങ്‌ടണിലെ സ്മിത്‌സോണിയനും, മറ്റനവധി സ്ഥാപനങ്ങൾക്കും ലേഖനത്തിൻ്റെ പ്രതികൾ അയക്കപ്പെട്ടു. മെൻഡൽ തന്നെയും നാൽപ്പത് കോപ്പികൾ ആവശ്യപ്പെട്ടു. ഭീമമായ വിസ്താരകുറിപ്പുകളോടെ അവയെല്ലാം പല ശാസ്ത്രജ്ഞർക്കുമായ് അദ്ദേഹം തപ്പാലിലയച്ചു. ഡാർവ്വിനും ഒരു കോപ്പി അയച്ചിരിക്കാൻ സാദ്ധ്യതയുണ്ട്. പക്ഷേ, ഡാർവ്വിനത് നേരിട്ട് വായിച്ചതായ് രേഖയില്ല. 


തുടർന്നുണ്ടായത്, ഒരു ജനിതക ശാസ്ത്രജ്ഞൻ എഴുതിയതുപോലെ, "ജീവശാസ്ത്രചരിത്രത്തിലെ വിചിത്രമായ മൗനങ്ങളിലൊന്നായിരുന്നു". 1866നും 1990നുമിടയിൽ ഈ ലേഖനം ഉദ്ധരിക്കപ്പെട്ടത് നാലു തവണ മാത്രമാണ്. ശാസ്ത്രസാഹിത്യത്തിൽ നിന്നത് അപ്രത്യക്ഷമായെന്നു തന്നെ പറയാം. 1890നും 1990ത്തിനുമിടയിൽ, അമേരിക്കയിലെയും യൂറോപ്പിലെയും നയനിർമ്മാതാക്കൾക്ക് മനുഷ്യപാരമ്പര്യവും, അതിൻ്റെ സമർത്ഥമായ നിയന്ത്രണവും കേന്ദ്രപ്രധാനമായ കാലത്തും, മെൻഡലിൻ്റെ പേരും ഗവേഷണവും ലോകത്തിന് അജ്ഞാതമായിരുന്നു. ആധുനിക ജീവശാസ്ത്രത്തെ സ്ഥാപിതമാക്കിയ ആ പഠനം അറിയപ്പെടാത്ത ഒരു ശാസ്ത്രസഭയുടെ, അറിയപ്പെടാത്ത ഒരു ആനുകാലികത്തിൽ ആണ്ടു കിടന്നു. അതു വായിച്ചവരിൽ ഭൂരിപക്ഷവും മദ്ധ്യയൂറോപ്പിലെ ക്ഷയിച്ചുകൊണ്ടിരുന്ന ഒരു പട്ടണത്തിലെ ചെടിവളർത്തുകാർ മാത്രം.  


 ⧪


1866ൽ, പുതുവർഷത്തലേന്ന്, മെൻഡൽ മ്യൂണിക്കിലുള്ള സ്വിസ്സുകാരനായ ശരീരശാസ്ത്രജ്ഞൻ കാൾ വോൺ നജേലിക്ക്*** തൻ്റെ പരീക്ഷണത്തെക്കുറിച്ചുള്ള വിവരണമടങ്ങിയ ഒരെഴുത്തയച്ചു. രണ്ടു മാസങ്ങൾ കഴിഞ്ഞ് ---- തൻ്റെ വിളംബശീലംകൊണ്ട് അപ്പോഴേ അകൽച്ച സൂചിപ്പിച്ചുകൊണ്ട് --- നജേലി മറുപടി കൊടുത്തു. കുറിപ്പ് വിനയമാർന്നതെങ്കിലും, മഞ്ഞുപോലെ തണുത്തതായിരുന്നു. ഒരൽപ്പം കീർത്തിയുണ്ടായിരുന്ന നജേലി മെൻഡലിനേയും അദ്ദേഹത്തിൻ്റെ ഗവേഷണത്തേയും അത്ര ഗൗനിച്ചില്ല. ശാസ്ത്രം തൊഴിലല്ലാത്തവരോട് നജേലിന് പ്രകൃത്യാ അവിശ്വാസമുണ്ടായിരുന്നു. അദ്ദേഹം തൻ്റെ ആദ്യ സന്ദേശത്തോടൊപ്പം മനസ്സു കുഴക്കുന്ന, ആദരഹീനമായ ഒരു കുറിപ്പ് കുത്തിക്കുറിച്ചു: "അനുഭവപരം മാത്രം --- യുക്തിയോടെ തെളിയിക്കുക പ്രയാസം" --- മാനുഷിക യുക്തിയനുസരിച്ച് പുതുതായ് സൃഷ്ടിച്ചവയെക്കാൾ ഏറെ വഷളാണ് പരീക്ഷണം വഴി നിർദ്ധരിക്കപ്പെട്ട നിയമങ്ങൾ എന്നതു പോലെ. 


മെൻഡൽ പിൻവാങ്ങിയില്ല. മൂപ്പർ കൂടുതൽ കത്തുകളെഴുതി. മെൻഡൽ ആരിൽനിന്നോ ഏറ്റവുമധികം ആദരം ആഗ്രഹിച്ചത്, ആ ശാസ്ത്രസഹചാരി നജേൽ ആയിരുന്നു. ആവേശത്തിൻ്റെയും ഗതികേടിൻ്റെയും ഒരു ഛവി, അദ്ദേഹത്തിൻ്റെ കുറിപ്പുകളിൽ കലർന്നു: "എനിക്കു കിട്ടിയ ഫലങ്ങൾ സമകാലീന ശാസ്ത്രവുമായ് അനായാസം ഒത്തുപോകുന്നതല്ലെന്ന് എനിക്കറിയാം," മെൻഡൽ എഴുതി; "ഒറ്റപ്പെട്ട ഒരു പരീക്ഷണം രണ്ടുവട്ടം ആപൽക്കാരിയാണ്." പരിഗണനയർഹിക്കുന്നില്ലെന്ന രീതിയിൽ സംശയാലുവായ്ത്തന്നെയിരുന്നു; പലപ്പോഴും അപമര്യാദയോടെ തന്നെ.   

പയർ സങ്കരങ്ങളെ പട്ടികയിലാക്കി മെൻഡൽ, അപകടകരമായ ഒരടിസ്ഥാന പ്രകൃതിനിയമം നിർദ്ധാരണം ചെയ്തുവെന്നത് നജേലിന് അസംബന്ധവും അതിശയോക്തിയുമായ് തോന്നി. പൗരോഹിത്യത്തിൽ മെൻഡലിന് ബോദ്ധ്യമുണ്ടെങ്കിൽ, അതിൽത്തന്നെ ഉറച്ചിരിക്കുന്നതാണ് നന്ന്. നജേലിന് ശാസ്ത്രപൗരോഹിത്യത്തിലായിരുന്നൂ വിശ്വാസം.  

നജേൽ മറ്റൊരു ചെടിയെ പഠിക്കുന്നുണ്ടായിരുന്നു. മഞ്ഞപ്പൂക്കൾ തരുന്ന ഒരു തരം ജമന്തിയെ. ഈ ജമന്തിയിലും പരീക്ഷണങ്ങൾ ചെയ്യാൻ അദ്ദേഹം മെൻഡലിനെ പ്രേരിപ്പിച്ചു. ദുരന്താത്മകമാം വിധം തെറ്റായൊരു പരീക്ഷണമായിരുന്നൂ അത്. പയറുകളെ മെൻഡൽ തെരഞ്ഞെടുത്തത് നന്നായ് ആലോചിച്ചിട്ടായിരുന്നു: ആ ചെടികൾ ലൈംഗിമായ് ഉൽപ്പാദിപ്പിക്കുന്നവയാണ്; വ്യക്തമായും തിരിച്ചറിയാവുന്ന വിജാതീയ ലക്ഷണങ്ങളെയുണ്ടാക്കുന്നവ; അൽപ്പം  ശ്രദ്ധിച്ചാൽ സങ്കര പരാഗണം നടത്താൻ കഴിയുന്നവ. ബീജാണ്ഡങ്ങളില്ലാതെ, അലൈംഗികമായ് പ്രത്യുൽപ്പാദിപ്പിക്കാൻ കഴിയുന്നവയാണ് ഇത്തരം ജമന്തികളെന്ന് മെൻഡലിനും നജേലിനുമറിയില്ലായിരുന്നു. അവയിൽ സങ്കര പരാഗണം നടത്തുക അസാദ്ധ്യം. അവ സങ്കരങ്ങളെ ഉൽപ്പാദിപ്പിക്കുന്നത് അപൂർവ്വമാണ്. പ്രതീക്ഷിച്ചതു പോലെ, ഫലങ്ങൾ നാശകോശമായി. സങ്കരങ്ങളേയല്ലാതിരുന്ന ജമന്തി സങ്കരങ്ങളെ മനസ്സിലാക്കാൻ മെൻഡൽ ശ്രമിച്ചു. പക്ഷേ, പയറുകളിൽ ദർശിച്ച ഒരു ക്രമവിന്യാസവും അദ്ദേഹത്തിന് അവയിൽ കണ്ടെത്താനായില്ല. 1867നും 1871നുമിടയിൽ അദ്ദേഹം കൂടുതൽ കഠിനമായ് പരിശ്രമിച്ചു. തോട്ടത്തിലെ മറ്റൊരിടത്ത് ആയിരക്കണക്കിന് ജമന്തികൾ വളർത്തി. പഴയ അതേ കൊടിലുപയോഗിച്ച് പൂക്കളെ
നിർബ്ബീജമാക്കി; പഴയ അതേ ചായത്തൂലികയാൽ പൂമ്പൊടികൾ തൂത്തു. നജേലിനുള്ള അദ്ദേഹത്തിൻ്റെ കത്തുകളിൽ നിരാശ നിറഞ്ഞു. നജേൽ വല്ലപ്പോഴും മറുപടിയെഴുതി; മറുപടികളിലെ സ്വരം ഒരാശ്രയദാതാവിന്റേതായി. ബ്ര് ണോയിലെ സ്വയം പഠിച്ച ഒരു സന്യാസിയുടെ വർദ്ധമാനമായ ജൽപ്പനങ്ങൾ ഗൗനിക്കാൻ അദ്ദേഹത്തിന് സമയമില്ലാതായി. 1873 നവംബറിൽ, നിജേലിന് മെൻഡൽ തൻ്റെ അവസാനത്തെ കത്തെഴുതി. പരീക്ഷണങ്ങൾ പൂർത്തിയാക്കാൻ തനിക്ക് കഴിഞ്ഞില്ലെന്ന് അദ്ദേഹം ഖേദപൂർവ്വം പറഞ്ഞു. ബ്ര് ണോയിലെ മഠാധിപതിയായ് തനിക്ക് സ്ഥാനക്കയറ്റം കിട്ടിയിരിക്കയാണ്. ഭരണപരമായ ഉത്തരവാദിത്തങ്ങൾ ചെടികളെ പഠിക്കുന്നത് തുടരുക അസാദ്ധ്യമാക്കിയിരിക്കുന്നു. "എൻ്റെ സസ്യങ്ങളെ അവഗണിക്കേണ്ടി വരുന്നത് എന്നെ ശരിക്കും അസന്തുഷ്ടനാക്കുന്നു ... അങ്ങേയറ്റം," മെൻഡൽ  എഴുതി. ശാസ്ത്രം വഴിയോരത്തേക്ക് തള്ളി മാറ്റപ്പെട്ടു. മഠത്തിൽ നികുതികൾ പെരുകി വരികയായിരുന്നു. പുതിയ പുരോഹിതന്മാരെ നിയമിക്കേണ്ടിയിരുന്നു. ഓരോ നികുതിയിലൂടെ, ഓരോ കത്തിലൂടെ ഭരണനിർവ്വഹണം, മെല്ലെമെല്ലെ,  അദ്ദേഹത്തിൻ്റെ ശാസ്ത്ര ഭാവനയെ ശ്വാസം മുട്ടിച്ചു.

പയറുകളുടെ സങ്കരങ്ങളെക്കുറിച്ചുള്ള ഒരോയൊരു ബൃഹദ് ലേഖനമേ മെൻഡൽ എഴുതിയുള്ളൂ. 1880കളിൽ അദ്ദേഹത്തിൻ്റെ ആരോഗ്യം ക്ഷയിച്ചു. പതിയേ, അദ്ദേഹം തൻ്റെ ജോലിഭാരം വെട്ടിക്കുറച്ചു; പൂന്തോട്ടത്തിലെ തൻ്റെ പ്രിയപ്പെട്ട ജോലിയൊഴിച്ച്.  1884ൽ, ബ്ര് ണോയിൽവച്ച്, വൃക്കത്തകരാറു ഹേതുവായ് അദ്ദേഹം അന്തരിച്ചു.  അദ്ദേഹത്തിൻ്റെ കാലടികൾ നീരു നിറഞ്ഞു വീർത്തു പോയിരുന്നു. ആ സ്ഥലത്തുനിന്നുള്ള പത്രം
ചരമക്കുറിപ്പിറക്കി; എന്നാൽ, അദ്ദേഹത്തിൻ്റെ ഗവേഷണങ്ങളെക്കുറിച്ച് ഒന്നും പരാമർശിച്ചില്ല. ഒരു പക്ഷേ, ഏറെ അനുയോജ്യമായത്, മഠത്തിലെ ഒരു യുവസന്യാസിയുടെ കൊച്ചു കുറിപ്പാണ്: "സൗമ്യനും, ഉദാരമതിയും, ദയാവാനുമായ . . . അദ്ദേഹം പൂക്കളെ സ്നേഹിച്ചു."
------------------------------------------------------------------------------------------

*സ്ഥിതിവിവരശാസ്ത്രകാരന്മാർ മെൻഡലിൻ്റെ മൂലവസ്തുതകൾ പരിശോധിച്ച് അവ വ്യാജമാണെന്ന് ആരോപിച്ചിട്ടുണ്ട്. മെൻഡലിൻ്റെ അനുപാതങ്ങളും സംഖ്യകളും കൃത്യമായിരുന്നുവെന്ന് മാത്രമല്ല, അവ അവിശ്വസനീയമാം വണ്ണം കുറ്റമറ്റതായിരുന്നു. സംഖ്യാപരമായോ, സ്വാഭാവി കമായോ ഒരു തെറ്റും അദ്ദേഹത്തിന് പരീക്ഷണങ്ങളിൽ പറ്റിയിട്ടില്ലെന്ന് തോന്നും --- അസാദ്ധ്യമായൊരു പരിതസ്ഥിതി. തൻ്റെ പഠനം മെൻഡൽ കരുതിക്കൂട്ടി വ്യാജമാക്കിയതാകാൻ വഴിയില്ല. തൻ്റെ ആദ്യപരീക്ഷണങ്ങളിൽനിന്ന് അദ്ദേഹമൊരു പരികൽപ്പന നിർമ്മിക്കുകയും, പിന്നീടത് സ്ഥാപിക്കാൻ പിൽക്കാല പരീക്ഷണങ്ങളെ
ഉപയോഗിക്കുകയും ചെയ്തതാകാം. പ്രതീക്ഷിച്ച ഗുണങ്ങളും, അനുപാതങ്ങളും ലബ്‌ധമായപ്പോൾ അദ്ദേഹം എണ്ണുന്നതും പട്ടികയിലാക്കുന്നതും നിർത്തിയിരിക്കണം. അസാമ്പ്രദായികമെങ്കിലും ഈ രീതി അദ്ദേഹത്തിൻ്റെ കാലത്ത് സാധാരണമായിരുന്നു. 
മെൻഡലിൻ്റെ ശാസ്ത്രീയമായ നിഷ്ക്കളങ്കതയെയും കൂടിയാണിത് പ്രതിഫലിപ്പിക്കുന്നത്.


** tenderness ആണ് ലേഖകൻ ഉപയോഗിച്ച വാക്ക്. ആ വാക്കിന് tending (ശുശ്രൂഷിക്കൽ), tension (വലിയൽ എന്ന അർത്ഥത്തിൽ ) എന്നിവയുമായ് പദോൽപ്പത്തിപരമായ് ബന്ധമുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. 
*** NAGELI, ഉച്ചാരണം പലവിധത്തിലാണ്. നാഗലി, നജേലി, നെയ് ഗ്ളീ എന്നൊക്കെ. മുള്ളാണി എന്ന് വാഗർത്ഥം. 
****************************************************************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...