2020, ജൂൺ 5, വെള്ളിയാഴ്‌ച

3: "വളരെ വിശാലമായ വിടവ്"

"വളരെ വിശാലമായ വിടവ്"

*ജെമ്യൂളുകളുടെ [ഭ്രൂണകോശങ്ങളുടെ] ഒരു നിശ്ചിതമായ മൂലശേഖരം നിശ്ശേഷം തീരുവാൻ എത്ര കാലം വേണ്ടിവരുമെന്ന് ആലോചിക്കാൻ ഡാർവ്വിൻ ശ്രമിച്ചിട്ടുണ്ടോയെന്ന് ഞാൻ ആലോചിക്കുകയാണ്.  അൽപ്പമെങ്കിലും അതേക്കുറിച്ച് ആലോചിച്ചിരുന്നുവെങ്കിൽ, അദ്ദേഹം തീർച്ചയായും ഒരിക്കലും "സർവ്വോല്പത്തി"യെപ്പറ്റി സ്വപ്നം കാണുമായിരുന്നില്ല.
                   --- അലക്‌സാണ്ടർ വിൽഫോഡ് ഹാൾ, 1880

ആൾക്കുരങ്ങുകളെപ്പോലുള്ള പൂർവ്വികരിൽനിന്നാവാം മനുഷ്യാവതാരമെന്ന സാദ്ധ്യത ഡാർവ്വിനെ വിശേഷിച്ച് ശല്യം ചെയ്തില്ലാ എന്നത് അദ്ദേഹത്തിൻ്റെ ശാസ്ത്രീയ സാഹസികതയ്ക്കുള്ള സാക്ഷ്യമാണ്. സ്വന്തം സിദ്ധാന്തത്തിൻ്റെ ആന്തരിക യുക്തിയുടെ സമ്പൂർണ്ണതയാണ്   അദ്ദേഹത്തെ, തീവ്രമായ തിടുക്കത്തോടെ, അലട്ടിയതെന്നതും അദ്ദേഹത്തിൻ്റെ ശാസ്ത്രീയമായ സത്യനിഷ്ഠയ്ക്കുള്ള സാക്ഷ്യമാണ്: ഒരു വിശേഷപ്പെട്ട "വിശാലമായ വിടവ്" അവശ്യം പൂരിപ്പിക്കേണ്ടതുണ്ടായിരുന്നു: പാരമ്പര്യമെന്ന വിടവ്.

 പരിണാമത്തെ സംബന്ധിച്ച സിദ്ധാന്തത്തിന് പുറത്തല്ലാ പാരമ്പര്യത്തെ സംബന്ധിച്ച സിദ്ധാന്തമെന്ന് ഡാർവ്വിൻ തിരിച്ചറിഞ്ഞു; അത് കേന്ദ്രപ്രധാനമാണ്. പ്രകൃതിനിർദ്ധാരണം വഴി, തടിച്ചുണ്ടൻ ഫിഞ്ചുകളുടെ ഒരു വിഭിന്ന ജാതി ഗലാപഗോസ് ദ്വീപിൽ സംജാതമാകാൻ, പ്രത്യക്ഷത്തിൽ വിരുദ്ധങ്ങളായ രണ്ടു വസ്തുതകൾ ഒരേ സമയം സത്യമായിരിക്കണം. ഒന്ന്, കുറിയ കൊക്കുള്ള ഒരു "സാധാരണ" ഫിഞ്ചിന് വല്ലപ്പോഴുമൊരു തടിയൻകൊക്കുള്ള വിജാതീയനെ ഉൽപ്പാദിപ്പിക്കാൻ കഴിയണം --- ഒരുഗ്ര ജീവിയെ, ഒരു വൈകൃതത്തെ (ഡാർവ്വിൻ ഇവയെ വിളിച്ചത് രസികന്മാർ  എന്നാണ് --- പ്രകൃതിയുടെ അനന്തമായ ചാഞ്ചല്യത്തെ ഓർമ്മയിലേക്കാവാഹിക്കുന്നൊരു വാക്ക്. പരിണാമത്തിൻ്റെ നിർണ്ണായക പ്രേരണ, പ്രകൃതിയുടെ ലക്ഷ്യബോധമല്ല, നർമ്മബോധമാണെന്ന് ഡാർവ്വിൻ മനസ്സിലാക്കിയിരുന്നു).  രണ്ടാമതായ്, പിറക്കുന്ന തടിച്ചുണ്ടൻ ഫിഞ്ചിന് ആ ലക്ഷണം അതിൻ്റെ സന്തതികളിലേക്ക് പ്രക്ഷേപിക്കാൻ  കഴിയണം; അതുവഴി, വരും തലമുറകൾക്കായ് ആ വൈജാത്യം പ്രതിഷ്ഠിതമാക്കാനും. ഇതിൽ ഏതെങ്കിലുമൊന്ന് പരാജയപ്പെട്ടാൽ, വൈജാത്യങ്ങളെ പ്രത്യുൽപ്പാദിപ്പിക്കാൻ കഴിയാതെ പോയാലോ, ആ വൈജാത്യങ്ങളെ പ്രക്ഷേപിക്കാൻ പാരമ്പര്യത്തിനാകാതെ പോയാലോ, പരിണാമത്തിൻ്റെ പൽച്ചക്രങ്ങൾ ഞെങ്ങിഞെരുങ്ങി പ്രകൃതിയൊരു ചെളിക്കുണ്ടിലാണ്ടുപോകും. ഡാർവ്വിൻ്റെ സിദ്ധാന്തം പ്രയോഗത്തിൽ വരണമെങ്കിൽ പാരമ്പര്യത്തിന് ഒരേസമയം സ്ഥിരതയുമസ്ഥിരതയും, ദൃഢതയുമുൾപ്പരിവർത്തനവും ഉണ്ടാകേണ്ടതാണ്. 

തുല്യമായ ഈ എതിർ ഗുണങ്ങൾ സംപ്രാപ്‌തമാകുന്നത് സാദ്ധ്യമാക്കുന്ന ഒരു പാരമ്പര്യ പ്രക്രിയയെക്കുറിച്ച് ഡാർവിൻ നിരന്തരം വിചാരത്തിലായി. ഡാർവ്വിൻ്റെ കാലത്ത്, മിക്കവാറും പൊതുസമ്മതമായിരുന്ന പാരമ്പര്യപ്രക്രിയ, പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രഞ്ച് ജീവശാസ്ത്രകാരൻ ഴാങ് ബാപ്റ്റിസ്റ്റ് ലാമാർക്ക്  മുന്നോട്ട് വച്ച ഒരു സിദ്ധാന്തമായിരുന്നു. ലാമാർക്കിൻ്റെ കണ്ണിൽ, മാതാപിതാക്കളിൽ നിന്ന് സന്തതികളിലേക്ക്  പാരമ്പര്യ ലക്ഷണങ്ങൾ കൈമാറുന്നത് ഒരു സന്ദേശമോ കഥയോ കൈമാറുന്നതു പോലെയാണ് ---- അതായത്, ആദേശം വഴി. ചില ഗുണങ്ങളെ, ശക്തിപ്പെടുത്തുകയോ, ദുർബ്ബലപ്പെടുത്തുകയോ വഴിയാണ് ജന്തുക്കൾ പരിസ്ഥിതിയുമായ് ഇണങ്ങുന്നതെന്ന് ലാമാർക്ക് വിശ്വസിച്ചു --- "അവ ഉപയോഗപ്പെടുത്തിയ കായലയളവിന് അനുപാതമായ വീര്യത്തോടെ". വിത്തുകളാഹരിക്കാൻ വിധിക്കപ്പെടുന്ന ഒരു ഫിഞ്ച്, അതിൻ്റെ കൊക്ക് ശക്തിപ്പെ ടുത്തുക വഴി പരിസ്ഥിക്കനുരൂപമായി. കാലാന്തരത്തിൽ, ആ ഫിഞ്ചിൻ്റെ കൊക്ക് കടുത്ത് ചവണരൂപം പൂണ്ടു. അതിനുശേഷം, അനുരൂപമാക്കപ്പെട്ട ഈ ലക്ഷണം ആദേശം വഴി ഫിഞ്ചു സന്തതികളിലേക്ക് പകർന്നു. കട്ടിയേറിയ വിത്തു പൊട്ടിക്കാൻ മാതാപിതാക്കളുടെ കൊക്കുകൾ മുമ്പേ തന്നെ അനുകൂലമാക്കപ്പെട്ടതിനാൽ, അവരുടെ ചുണ്ടുകളും കഠിനമായി. ഇതേ യുക്തിയനുസരിച്ച്, ഉയരമുള്ള മരങ്ങളിൽ മേഞ്ഞിരുന്ന കലമാനുകൾക്ക്, പൊക്കത്തിലുള്ള ഇലച്ചാർത്തുകൾ എത്തിപ്പിടിക്കാൻ തങ്ങളുടെ കഴുത്തു നീട്ടേണ്ടതായ് വന്നു. ലാമാർക്ക് പറഞ്ഞതു പോലെ, "ഉപയോഗിച്ചും, ഉപയോഗിക്കാതെയും" അവയുടെ  കഴുത്തുകൾ വലിഞ്ഞു നീണ്ടു. ഈ മാനുകൾ പിന്നീട് നീളൻ കഴുത്തുള്ള മക്കളെയുണ്ടാക്കി; അങ്ങനെ ജിറാഫുകൾക്ക് ജന്മം നൽകി (ശരീരം ബീജത്തിന് ആദേശം നൽകുന്നുവെന്ന ലാമാർക്കിൻ്റെ  സിദ്ധാന്തവും, എല്ലാ അവയവങ്ങളിൽനിന്നും ബീജം സന്ദേശങ്ങൾ ശേഖരിക്കുന്നുവെന്ന, പാരമ്പര്യത്തെക്കുറിച്ചുള്ള പൈഥഗോറസ് സിദ്ധാന്തവും തമ്മിലുള്ള സാദൃശ്യം ശ്രദ്ധിക്കുക).

പുരോഗമനത്തെക്കുറിച്ചുള്ള വിശ്വാസയോഗ്യമായൊരു കഥ നൽകിയെന്നതായിരുന്നൂ ലാമാർക്കിൻ്റെ ആശയത്തിൻ്റെ സത്വരാകർഷണം: എല്ലാ ജന്തുക്കളും ഉത്തരോത്തരം അവയുടെ പരിസ്ഥിതിയോട് അനുരൂപപ്പെട്ട്,  ഒരു പരിണാമഗോവണിയിലൂടെ ഉത്തരോത്തരം പൂർണ്ണതയിലേക്ക് അലസഗമനം ചെയ്യുകയാണ്. ഇത്തരത്തിൽ, പരിണാമവും അനുരൂപീകരണവും ഒരൊറ്റ അനുസ്യൂതപ്രക്രിയയായ് കൂട്ടിക്കെട്ടപ്പെട്ടു. അനുരൂപീകരണമാകുന്നൂ  പരിണാമം. ഈ സിദ്ധാന്തം വെറും അന്തർജ്ഞാനപരമായിരുന്നില്ല; അത്, സൗകര്യപൂർവ്വം, ദൈവീകവുമായിരുന്നു. തുടക്കത്തിൽ ദൈവസൃഷ്ടിയാണെങ്കിലും, ജന്തുക്കൾക്ക് പരിണാമശീലയായ പ്രകൃതിയിൽ ഇപ്പോഴും അവയുടെ സ്വരൂപത്തെ 
പരിപൂർണ്ണതയിലെത്തിക്കാനുള്ള അവസരമുണ്ട്. ജീവൻ്റെ ദൈവീക ശ്രേണി ഇപ്പോഴും നിലനിൽക്കുന്നു. ഉള്ളതു പറഞ്ഞാൽ, അത് കൂടുതൽ നിവർന്നു നിൽക്കുകയാണ്: അതിലെല്ലാം വച്ച്, നന്നായ് പൊരുത്തപെട്ട, മെച്ചമായ് എഴുന്നു നിൽക്കുന്ന, അങ്ങേയറ്റം പരിപൂർണ്ണമാക്കപ്പെട്ട സസ്തനിയായ മനുഷ്യൻ,  പരിസ്ഥിതിക്കനുസൃതമായ പരിണാമത്തിൻ്റെ ദീർഘ ശൃംഖലയുടെ അറ്റത്തു നിൽക്കുന്നു.  

ഡാർവ്വിൻ, പക്ഷേ, ലാമാർക്കിൻ്റെ പരിണാമാശയങ്ങളിൽ നിന്ന് വ്യക്തമായും വഴിപിരിഞ്ഞു പോയിരുന്നു. കഴുത്തിലൊരു അസ്ഥിത്താങ്ങ് ആവശ്യമായ,  ആയാസപ്പെടുന്ന കലമാനുകളിൽനിന്നല്ലാ ജിറാഫുകൾ ആവിർഭവിച്ചത്. ലാഘവത്തോടെ പറഞ്ഞാൽ, ക്ഷാമം പോലുള്ള ഒരു പ്രകൃതി ശക്തിമൂലം ഉത്തരോത്തരം തെരെഞ്ഞെടുക്കപ്പെട്ട  നീണ്ടകഴുത്തുള്ളൊരു വിഭിന്ന ജാതിയെ പൂർവ്വീകനായ ഒരു കലമാൻ ഉൽപ്പാദിപ്പിച്ചതിലൂടെയാണ് അവ പുറത്തു വന്നത്. ഡാർവ്വിൻ, പക്ഷേ, പാരമ്പര്യത്തിൻ്റെ പ്രക്രിയയിലേക്ക് വീണ്ടും വീണ്ടും മടങ്ങിയെത്തി: തുടക്കത്തിൽത്തന്നെ, നീളൻ കഴുത്തുള്ള കലമാൻ്റെ ആവിർഭാവത്തിന് കാരണമെന്ത്? 


പരിണാമവുമായ് പൊരുത്തപ്പെടുന്ന ഒരു പാരമ്പര്യ സിദ്ധാന്തം വിഭാവനം ചെയ്യാൻ ഡാർവ്വിൻ ശ്രമിച്ചു. ഇവിടെ, അദേഹത്തിൻ്റെ ധിഷണാപരമായൊരു ന്യൂനത മുഴച്ചു നിന്നു. പരീക്ഷണങ്ങൾ ചെയ്യുന്നതിൽ അദ്ദേഹത്തിന് പ്രത്യേകിച്ചൊരു പ്രാഗൽഭ്യവുമില്ലായിരുന്നു. ചെടികളെ ഉൽപ്പാദിപ്പിക്കുന്നവനും, വിത്തുകളെ എണ്ണുന്നവനും, ഗുണങ്ങളെ വേർതിരിക്കുന്നവനുമായ മെൻഡൽ, ജന്മനാ ഒരുദ്യാനപാലകനായിരുന്നു: സസ്യങ്ങളെ വർഗ്ഗീകരിക്കുന്നവനും, മാതൃകകളെ ക്രമപ്പെടുത്തുന്നവനുമായ ഡാർവ്വിൻ, ഉദ്യാനം കിളക്കുന്നവനായിരുന്നു: ജീവികളെ ശാസ്ത്രീയമായ് വർഗ്ഗീകരിക്കുന്നവൻ.  ജീവികളെ കൈകാര്യം ചെയ്യുക; കരുതലോടെ തെരെഞ്ഞെടുത്ത ഉപജാതികളെ 
സങ്കരബീജസങ്കലനത്തിന് വിധേയമാക്കുക, പരികൽപ്പനകൾ തെളിയിക്കുക,  എന്നിങ്ങനെയുള്ള പരീക്ഷണങ്ങൾ നടത്തുന്നതിലായിരുന്നൂ മെൻഡലിൻ്റെ കഴിവ്. ഡാർവ്വിൻ്റെ വാസന പ്രകൃതിചരിത്രത്തിലായിരുന്നു; പ്രകൃതി നിരീക്ഷണം വഴിയുള്ള ചരിത്ര പുനർനിർമ്മാണത്തിൽ.  സന്യാസിയായ മെൻഡൽ വേർതിരിക്കുന്നവനായിരുന്നു; പുരോഹിതനാകാൻ ഒരിക്കൽ ആഗ്രഹിച്ചിരുന്ന ഡാർവ്വിൻ ഒരു സംയോജകനും. 

പ്രകൃതി നിരീക്ഷണവും പ്രകൃതി പരീക്ഷണവും രണ്ടും രണ്ടു സംഗതികളാണെന്ന് വന്നു. പ്രകൃതിയിലുള്ള യാതൊന്നും, ഒറ്റ നോട്ടത്തിൽ, ഒരു ജീൻ നിലവിലുണ്ടെന്ന്  സൂചിപ്പിച്ചില്ല. നേര് പറഞ്ഞാൽ, പാരമ്പര്യത്തിൻ്റെ വ്യതിരിക്ത പരമാണുക്കളെന്ന ആശയം വെളിക്കു വരുത്താൻ ഏറെ വിചിത്രമായ പരീക്ഷണവൈകൃതങ്ങൾ ചെയ്തേ മതിയാകൂ. പരീക്ഷണമാർഗേണ ഒരു പാരമ്പര്യ സിദ്ധാന്തത്തിൽ എത്തിച്ചേരാൻ സാധിക്കാതെ വന്നപ്പോൾ, ശുദ്ധമായ സൈദ്ധാന്തികാടിസ്ഥാനത്തിലുള്ള ഒന്ന് മെനഞ്ഞെടുക്കാൻ ഡാർവ്വിൻ നിർബന്ധിതനായി. രണ്ടു കൊല്ലങ്ങളോളം അദ്ദേഹം ആ ആശയവുമായ് മല്ലിട്ടു; സ്വയം മാനസികത്തകർച്ചയുടെ വക്കുവരെ തന്നെ കൊണ്ടെത്തിച്ചു. ഒടുവിൽ, പപര്യാപ്‌തയൊരു സിദ്ധാന്തത്തിൽ ചെന്നുമുട്ടിയെന്ന്  അദ്ദേഹത്തിന് തോന്നി. എല്ലാ ജീവികളുടെയും കോശങ്ങൾ പാരമ്പര്യവിവരമടങ്ങുന്ന പരമാണുക്കളെ സൃഷ്ടിക്കുന്നുണ്ടെന്ന് ഡാർവ്വിൻ സങ്കൽപ്പിച്ചു. ജെമ്യൂളുകൾ (ഭ്രൂണകോശങ്ങൾ) എന്നാണ് അദ്ദേഹം അവയെ വിളിച്ചത്. ഈ ജെമ്യൂളുകൾ മാതാപിതാക്കളുടെ ശരീരത്തിൽ ചുറ്റിനടക്കുന്നവയാണ്. ഒരു ജന്തുവോ, ചെടിയോ പ്രത്യുൽപ്പാദനപ്രായമെത്തുമ്പോൾ, ജെമ്യൂളുകളിലുള്ള വിവരം ബീജാണ്ഡകോശങ്ങളിലേക്ക് പകരുന്നു. അങ്ങിനെ, ഗർഭധാരണകാലത്ത്, ഒരു ശരീരത്തിൻ്റെ "അവസ്ഥ"യെക്കുറിച്ചുള്ള വിവരം മാതാപിതാക്കളിൽനിന്ന് സന്തതികളിലേക്ക് പ്രക്ഷേപിക്കപ്പെടുന്നു. പൈഥഗോറസിൻ്റെ കാര്യത്തിലെന്നപോലെ, ഡാർവ്വിൻ്റെ സങ്കൽപ്പനത്തിലും, അവയവങ്ങളുമാകൃതികളും നിർമ്മിക്കാനുള്ള  നിർദ്ദേശങ്ങൾ എല്ലാ ജീവികളും സൂക്ഷ്മരൂപത്തിൽ വഹിക്കുന്നവയാണ്. എന്നാൽ, ഡാർവ്വിൻ്റെ കാര്യത്തിൽ, ഈ വിവരം വികേന്ദ്രീകൃതമാണ്. നിയമനിർമ്മാണസഭാ തെരഞ്ഞെടുപ്പു മുഖേനയാണ് ഒരു ജീവി നിർമ്മിക്കപ്പെടുന്നത്. കൈകൾ സ്രവിപ്പിക്കുന്ന ജെമ്യൂളുകൾ പുതിയൊരു കൈ ഉണ്ടാക്കാനുള്ള ആദേശം വഹിക്കുന്നു; കാത് പ്രസരിപ്പിക്കുന്ന ജെമ്യൂളുകൾ പുതിയ കാതുണ്ടാക്കാനുള്ള കോഡ് പകരുന്നു. മാതാപിതാക്കളിൽനിന്നുള്ള ജെമ്യൂൾജന്യമായ ഈ  ആദേശങ്ങൾ,  വളർന്നുവരുന്ന ഭ്രൂണത്തിലെങ്ങനെയാണ് പ്രയോഗിക്കപ്പെടുന്നത്? ഇവിടെ, ഡാർവ്വിൻ പഴയൊരാശയത്തിലേക്ക് മടങ്ങിപ്പോയി: മാതാപിതാക്കളിൽനിന്നുള്ള ആദേശങ്ങൾ ഭ്രൂണത്തിൽ സാധാരണ മട്ടിൽ സന്ധിച്ച്, ചായങ്ങളും നിറങ്ങളും പോലെ, കൂടിക്കലരും. പാരമ്പര്യത്തിൻ്റെ മിശ്രണമെന്ന  ഈ ആശയം ജീവശാസ്ത്രജ്ഞർക്ക് പണ്ടേ പരിചയമുള്ളതാണ്. ആൺപെൺ ഗുണങ്ങളുടെ മിശ്രണമെന്ന അരിസ്റ്റോട്ടിൽ സിദ്ധാന്തത്തിൻ്റെ പുനരുക്തി. ജീവശാസ്ത്രത്തിൻ്റെ എതിർധ്രുവങ്ങൾ തമ്മിലുള്ള മറ്റൊരത്ഭുതകരമായ സംയോജനം ഡാർവ്വിൻ നേടിയെടുത്തെന്ന് തോന്നി. പൈഥഗോറസിൻ്റെ കുഞ്ഞുമനുഷ്യനെയും  (ജെമ്യൂൾ) അരിസ്റ്റോട്ടിലിൻ്റെ സന്ദേശത്തെയും സങ്കലനത്തെയും ( മിശ്രണം)  ചേർത്ത് പാരമ്പര്യത്തെക്കുറിച്ചുള്ള പുതിയൊരു സിദ്ധാന്തം ഡാർവ്വിൻ ഉരുക്കിയെടുത്തു. 

എല്ലാ അവയവങ്ങളും ജെമ്യൂളുകളെ സംഭാവന ചെയ്യുന്നതിനാൽ,   "സർവ്വോൽപ്പത്തി"യെന്നാണ് ഡാർവ്വിൻ ഇതിനു പേരിട്ടത് --- എല്ലാറ്റിൽനിന്നുമുള്ള ഉൽപ്പത്തി. "ഉൽപ്പത്തി" പ്രസിദ്ധീകരിച്ച് ഏകദേശമൊരു ദശാബ്ദത്തിനു ശേഷം, 1867ൽ, അദ്ദേഹം പുതിയൊരു പ്രബന്ധത്തെക്കുറിച്ച് ആലോചിക്കാൻ തുടങ്ങി: ഇണക്കിയെടുക്കപ്പെട്ട സസ്യജന്തുക്കളിലെ വൈജാത്യങ്ങൾ. പാരമ്പര്യത്തെക്കുറിച്ചുള്ള  തൻ്റെ പുതിയ വീക്ഷണം ഇതിൽ പൂർണ്ണമായും വിശദീകരിക്കാനാണ് അദ്ദേഹം ലക്ഷ്യമിട്ടത്. "ലക്കില്ലാത്തതും, അസംസ്കൃതവുമായ ഒരു പരികൽപ്പനയാണിത്," ഡാർവ്വിൻ സമ്മതിക്കുകയുണ്ടായി. "പക്ഷേ, എൻ്റെ മനസ്സിനിത് ഗണ്യമായ ആശ്വാസം നൽകുന്നുണ്ട്." സുഹൃത്തായ അസാ ഗ്രേക്ക് അദ്ദേഹമെഴുതി, "സർവ്വോൽപ്പത്തി ഒരു ഭ്രാന്തൻ സ്വപ്നമെന്ന് വിശേഷിപ്പിക്കപ്പെടും; എങ്കിലും, സ്വന്തം മനസ്സിൻ്റെ  അടിത്തട്ടിൽ, എനിക്ക് തോന്നുന്നത് അതിലൊരു മഹാസത്യമുണ്ടെന്നാണ്."


                                                                         ⧪ 

ഡാർവ്വിൻ്റെ "ഗണ്യമായ ആശ്വാസം" അൽപ്പായുസ്സായിരുന്നിരിക്കാനാണ് സാദ്ധ്യത; തൻ്റെ "ഭ്രാന്തൻ സ്വപ്നത്തിൽ നിന്ന് അദ്ദേഹം ഉടനുണർത്തപ്പെട്ടു. ആ ഗ്രീഷ്മകാലത്ത്, "വൈജാത്യങ്ങൾ" പുസ്തകരൂപത്തിൽ സമാഹരിക്കപ്പെടുമ്പോൾ, നോർത്ത് ബ്രിട്ടീഷ് റീവ്യൂവിൽ അദ്ദേഹത്തിൻ്റെ ആദ്യപുസ്തകമായ "ഉൽപ്പത്തി "യുടെ ഒരു നിരൂപണം പ്രത്യക്ഷമായി. സർവ്വോൽപ്പത്തിക്കെതിരെ തൻ്റെ ജീവിതകാലത്ത് ഡാർവ്വിനു നേരിടേണ്ടി വന്ന അതിശക്തമായൊരു വാദം ആ നിരൂപണപാഠത്തിൽ ആണ്ടു കിടപ്പുണ്ടായിരുന്നു. 

ഈ നിരൂപകൻ ഡാർവ്വിൻ്റെ പുസ്തകത്തെ വിമർശിക്കാൻ സാദ്ധ്യതയില്ലാതിരുന്ന ഒരാളായിരുന്നു:  ജീവശാസ്ത്രത്തെ സംബന്ധിച്ച് ഒന്നും എഴുതിയിട്ടില്ലാത്ത, എഡിൻബർഗിൽ നിന്നുള്ള, ഗണിതശാസ്ത്രജ്ഞനും, എഞ്ചിനീയറും, കണ്ടുപിടിത്തക്കാരനുമായ ഫ്‌ളീമിങ് ജെങ്കിൻ.  പരുക്കനും, ബുദ്ധിമാനുമായ ജെങ്കിൻ്റെ അഭിരുചി നാനാ വിഷയങ്ങളിലായിരുന്നു: ഭാഷാശാസ്ത്രം, ഇലക്ട്രോണിക്സ്, മെക്കാനിക്സ്, ഊർജ്ജതന്ത്രം, രസതന്ത്രം, ധനശാസ്ത്രം. ഡിക്കൻസ്, ഡ്യൂമാസ്, ഓസ്റ്റൻ, എലിയറ്റ്, ന്യൂട്ടൺ, മാൽത്തൂസ്, ലാമാർക്ക് എന്നിവരെ വായിച്ചിരുന്ന അദ്ദേഹത്തിൻ്റെ വായന പരപ്പും ആഴവുമുള്ളതായിരുന്നു. ഡാർവ്വിൻ്റെ പുസ്തകം കാണാനിടയായ അദ്ദേഹം, അത് ഗഹനമായ് പഠിച്ചു; അതിലെ വിവക്ഷകൾ പരിശോധിച്ചു; താമസിയാതെ, അതിലെ വാദത്തിലെ മാരകമായ ഒരു പിഴവു കണ്ടെത്തി.

ജെങ്കിന് ഡാർവ്വിനോടുള്ള മുഖ്യ പ്രശ്നം ഇതായിരുന്നു: ഓരോ തലമുറയിലും പാരമ്പര്യ ഗുണങ്ങൾ പരസ്പരം "കൂടിക്കലരുക"യാണെങ്കിൽ, വിഭിന്നജാതികൾ തമ്മിലുള്ള ഇണചേരൽ വഴി, താമസിയാതെ, ഏതു വൈജാത്യവും നേർത്തുനേർത്ത് ഇല്ലാതാകുന്നത് ആരു തടയും? "[വൈജാത്യം] എണ്ണങ്ങളുടെ ബാഹുല്യം കൊണ്ട് താഴ്ന്നുപോകും," ജെങ്കിൻ എഴുതി, "കുറച്ചു തലമുറകൾക്കു ശേഷം അതിൻ്റെ വൈചിത്ര്യം ഉന്മൂലനം ചെയ്യപ്പെടും." ഉദാഹരണമായ്, അക്കാലത്ത് സാധാരണമായ വംശവിവേചനത്തിൻ്റെ കടുംനിറമുള്ള ഒരു കഥ ജെങ്കിൻ കെട്ടിച്ചമച്ചു: "നീഗ്രോകൾ വസിക്കുന്ന ഒരു ദ്വീപിൽ, കപ്പൽച്ചേതം വന്ന് ഒരു വെള്ളക്കാരൻ എത്തിയെന്നിരിക്കട്ടെ. കപ്പൽച്ചേതത്തിൽപ്പെട്ട നമ്മുടെ നായകൻ, ഒരു പക്ഷേ, അവിടത്തെ രാജാവായേക്കും; അതിജീവനപ്പോരാട്ടത്തിൽ കുറേ കറുപ്പന്മാരെ അയാൾ കൊല്ലും;  അയാൾക്കൊരുപാട്  ഭാര്യമാരും കുട്ടികളുമുണ്ടാകും."

എന്നാൽ, ജീനുകൾ പരസ്പരം കൂടിക്കലരുകയാണെങ്കിൽ, ചുരുങ്ങിയത് ജനിതകപരമായെങ്കിലും, വെള്ളക്കാരൻ്റെ കാര്യം പോക്കാണ്. കറുത്ത ഭാര്യമാരിൽ നിന്നുള്ള അയാളുടെ കുട്ടികൾക്ക്, തൻ്റെ പാതി ജനിതകസാരം പാരമ്പര്യമായ് കിട്ടും. അയാളുടെ പേരമക്കൾക്ക് കാൽഭാഗവും, അവരുടെ മക്കൾക്ക് എട്ടിലൊന്നും, അവരുടെയും മക്കൾക്ക് പതിനാറിലൊന്നും, അങ്ങനെയങ്ങനെ ... ഒടുവിൽ, കുറച്ചു തലമുറകൾക്കുള്ളിൽ, അയാളുടെ ജനിതകസത്ത് നേർത്തുനിർത്തില്ലാതായ് പൂർണ്ണമായും മാഞ്ഞുപോകും. "വെള്ള ജീനുകൾ", ഡാർവ്വിൻ്റെ സംജ്ഞയിൽ "അത്യർഹമായവ", ഏറ്റവും മികച്ചതായാൽ കൂടി, മിശ്രണത്തിലൂടെയുള്ള അനിവാര്യമായ നാശത്തിൽ നിന്നവയെ 
രക്ഷിക്കാൻ ഒന്നിനും കഴിയില്ല. അവസാനം, ദ്വീപിലെ ആയൊരൊറ്റ വെള്ളക്കാരൻ രാജാവ്, തൻ്റെ തലമുറയിലെ ഏതൊരുവനെക്കാളും കൂടുതൽ കുട്ടികളെയുണ്ടാക്കിയവനെങ്കിലും, തൻ്റെ ജീനുകൾ അതിജീവനത്തിന് ഏറ്റവും അനുയോജ്യമായിട്ടു പോലും, ജനിതക ചരിത്രത്തിൽ നിന്ന് അപ്രത്യക്ഷനാകും.

ജെങ്കിൻ്റെ കഥയിലെ പ്രത്യേക വിശദാംശങ്ങൾ ബീഭത്സമാണ്; ഒരു പക്ഷേ, അതു മനപ്പൂർവ്വമായിരിക്കാം. എങ്കിലും, അതിലെ ആശയം വ്യക്തമാണ്. പാരമ്പര്യത്തിന് വൈജാത്യത്തെ നിലനിർത്താൻപരിണമിക്കപ്പെട്ട ഗുണത്തെ "പ്രതിഷ്ഠിക്കാൻ",  മാർഗ്ഗമില്ലെങ്കിൽ, ഗുണങ്ങളിലുള്ള സർവ്വവ്യതിയാനങ്ങളും മിശ്രണത്തിലൂടെ അന്തിമമായ് വർണ്ണരഹിതമായ വിസ്‌മൃതിയിലേക്ക് അപ്രത്യക്ഷമാകും. വൈകൃതങ്ങളെന്നും വൈകൃതങ്ങളായിത്തന്നെയിരിക്കും; അവയുടെ ഗുണങ്ങൾ അടുത്ത തലമുറയിലേക്ക് പകരുമെന്ന ഉറപ്പില്ലെങ്കിൽ. ഒറ്റപ്പെട്ട ദ്വീപിൽ  പ്രോസ്പെറോയ്ക്ക് ഒരൊറ്റ കാലിബനെ സൃഷ്ടിച്ച് സ്വതന്ത്രമായ് അലയാൻ വിടാം. കൂടിക്കലരുന്ന പാരമ്പര്യം അവൻ്റെ സ്വാഭാവികമായ ജനിതക തടവറയായ് വർത്തിക്കും. അവൻ ഇണ ചേർന്നാൽക്കൂടി --- കൃത്യമായും അവൻ ഇണചേരുന്ന ആ സമയത്ത് --- അവൻ്റെ പൈതൃകലക്ഷണങ്ങൾ അക്ഷണം സാധാരണതയുടെ സമുദ്രത്തിലേക്ക് അപ്രത്യക്ഷമാകും. അന്തമില്ലാത്ത നേർത്തുപോകൽ തന്നെയാണ് മിശ്രണം. അത്തരം നേർത്തുപോകലിൻ്റെ സാന്നിദ്ധ്യത്തിൽ ഒരു പരിണാമനിർദ്ദേശവും നിലനിർത്തുക സാദ്ധ്യമല്ല. ഒരു ചിത്രകാരൻ ചായം പൂശുമ്പോൾ, നിറം നേർപ്പിക്കാൻ ഇടയ്ക്കിടെ തൂലിക വെള്ളത്തിൽ മുക്കും. ആദ്യമൊക്കെ വെള്ളം നീലയോ മഞ്ഞയോ ആകും. പക്ഷേ, കൂടുതൽ കൂടുതൽ ചായങ്ങൾ വെള്ളത്തിലിട്ടു നേർപ്പിക്കുമ്പോൾ, അതനിവാര്യമായും ഇരുണ്ട ചാരനിറമാകും. കുറേക്കൂടി ചായങ്ങൾ ചേരുമ്പോൾ, വെള്ളം അസഹനീയമായ ചാരനിറമായിത്തന്നെ മരുവും. ജന്തുക്കളിലും പാരമ്പര്യത്തിലും ഇതേ തത്ത്വം പ്രയോഗിച്ചാൽ, ഏതു ശക്തിയായിരിക്കും ഏതു വിഭിന്ന ജീവിയുടെയും വ്യതിരിക്തമായ ലക്ഷണം പരിപാലിക്കുന്നത്? എന്തുകൊണ്ടാണ് ഡാർവ്വിൻ്റെ ഫിഞ്ചുകളെല്ലാം മെല്ലെമെല്ലെ 
ചാരനിറത്തിലായിപ്പോകുന്നതെന്ന് ജെങ്കിൻ ചോദിച്ചേക്കാം**

                                                                              ⧪ 

ജെങ്കിൻ്റെ യുക്തി ഡാർവ്വിനെ ആഴത്തിൽ ബാധിച്ചു. "ഫ്‌ളീമിങ്  ജെങ്കിൻ  എന്നെ വല്ലാതെ കുഴക്കി, " അദ്ദേഹമെഴുതി. " പക്ഷേ, മറ്റേതൊരു ലേഖനത്തെക്കാളും, നിരൂപണത്തേക്കാളും അതെനിക്കേറെ ഉപകാരപ്പെട്ടു."  ജെങ്കിൻ്റെ ഭദ്രമായ യുക്തിയെ നിഷേധിക്കാൻ ഒരു വഴിയുമില്ലായിരുന്നു; അദ്ദേഹത്തിന് പൊരുത്തക്കേടില്ലാത്ത ഒരു പാരമ്പര്യ സിദ്ധാന്തം ആവശ്യമായ് വന്നു. 

പക്ഷേ, പാരമ്പര്യത്തിൻ്റെ ഏതു ഗുണങ്ങളാണ്  ഡാർവ്വിൻ്റെ പ്രശ്നം പരിഹരിക്കുക?   ഡാർവ്വിൻ്റെ പാരമ്പര്യം സാദ്ധ്യമാകണമെങ്കിൽ,  വിവരം നേത്തുപോകാതേയോ, ചിതറിപ്പോകാതേയോ പരിപാലിക്കാനുള്ള  ഒരു സഹജപ്രാപ്തി പാരമ്പര്യപ്രക്രിയക്ക് ഉണ്ടായിരിക്കണം. മിശ്രണം മതിയാകില്ല. മാതാപിതാക്കളിൽ നിന്ന് കുഞ്ഞിലേക്ക് സഞ്ചരിക്കുന്ന അണുക്കൾ , വ്യതിരിക്തവും, അലിയാത്തതും, ശാശ്വതവുമായ കണികകൾ ഉണ്ടായേ തീരു. 

അങ്ങനെയൊരു ശാശ്വതത്ത്വം പാരമ്പര്യത്തിലുണ്ടെന്നതിന് തെളിവു വല്ലതും? തൻ്റെ വിശാല ഗ്രന്ഥാലയത്തിലെ പുസ്തകങ്ങളിൽ കരുതലോടെ ഡാർവ്വിൻ തിരഞ്ഞിരുന്നുവെങ്കിൽ, ബ്ര് ണോയിൽ നിന്നുള്ള അജ്ഞാതനായൊരു സസ്യശാസ്ത്രജ്ഞൻ എഴുതിയ ദുർഗ്രഹമായൊരു ലേഖനത്തെക്കുറിച്ചുള്ള പരാമർശം ലഭിക്കുമായിരുന്നു: 1866ൽ, അധികമാരും വായിക്കാത്ത ഒരു മാസികയിൽ പ്രസിദ്ധീകരിക്കപ്പെട്ട, വളരെ ലളിതമായ ശീർഷകത്തോടെയുള്ള, "സസ്യസങ്കരണത്തിലുള്ള പരീക്ഷണങ്ങളെ "ക്കുറിച്ചുള്ള പരാമർശം. പ്രബന്ധം കട്ടിയുള്ള ജർമ്മനിലായിരുന്നു; ഡാർവ്വിന് പ്രത്യേകം വെറുപ്പുണ്ടായിരുന്ന തരം കണക്കു പട്ടികകൾ കുത്തിനിറച്ചതും. എന്നിട്ടും, അത് വായിക്കാൻ കൊതിപ്പിച്ചു വശം കെടുന്നത്ര സമീപത്ത്  അദ്ദേഹമെത്തുകയുണ്ടായി.   ചെടികളിലെ സങ്കരയിനങ്ങളെപ്പറ്റിയുള്ള ഒരു പുസ്തകം പഠിക്കേ, അതിലെ 50, 51, 53, 54 പേജുകളിൽ അദ്ദേഹം വ്യാപകമായ് കുറിപ്പുകളെഴുതി.  പക്ഷേ, ഏതോ അജ്ഞാത കാരണത്താൽ, അമ്പത്തിരണ്ടാം പേജ് വിട്ടുകളഞ്ഞു. പയർ സങ്കരങ്ങളെക്കുറിച്ച് വിശദമായ് ചർച്ച ചെയ്തിരുന്ന ബ്ര് ണോ ലേഖനം ആ പേജിലായിരുന്നു.

ഡാർവ്വിൻ അതു ശരിക്കും വായിച്ചിരുന്നുവെങ്കിൽ, പ്രത്യേകിച്ച് "വൈജാത്യം" എഴുതുകയും സർവ്വോൽപ്പത്തിക്ക് രൂപം കൊടുക്കുകയും ചെയ്യുന്ന സമയത്ത് വായിച്ചിരുന്നെങ്കിൽ, സ്വന്തം പരിണാമസിദ്ധാന്തം മനസ്സിലാക്കാനുള്ള, അന്തിമവും നിർണ്ണയാകവുമായ ഉൾക്കാഴ്ച്ച ആ പഠനം പ്രദാനം ചെയ്തേനെ.  അതിലെ സൂചനകൾ അദ്ദേഹത്തെ ആകർഷിച്ചേനെ;  അതിനു പിറകിലെ അദ്ധ്വാനം അദ്ദേഹത്തിൻ്റെ ഹൃദയത്തെ സ്പർശിച്ചേനെ; അതിലെ അസാധാരാണമായ വിശദീകരണ പാടവം അദ്ദേഹത്തിൽ മതിപ്പുളവാക്കിയേനെ. പരിണാമത്തെ മനസ്സിലാക്കുന്നതിനുതകുന്ന അതിലെ സൂചനകൾ അദ്ദേഹത്തിൻ്റെ കുശാഗ്ര ബുദ്ധി ക്ഷിപ്രം
പിടിച്ചെടുക്കുമായിരുന്നു.  ദൈവശാസ്ത്രത്തിൽ നിന്ന് ജീവശാസ്ത്രത്തിലേക്കുള്ള മറ്റൊരു ഐതിഹാസിക യാത്ര നടത്തുകയും, ഭൂപടത്തിൻ്റെ  അതിരിൽ നിന്ന് ഒഴുകി മാറുകയും ചെയ്ത വേറൊരു പുരോഹിതൻ ---ഗ്രിഗർ മെൻഡൽ എന്ന് പേരുള്ള ഒരു അഗസ്റ്റിൻ സന്യാസി ---
 ആണ് ഈ ലേഖനമെഴുതിയതെന്ന കാര്യം അദ്ദേഹത്തെ സന്തുഷ്ടനുമാക്കിയേനെ. 
    
------------------------------------------------------------------------
*ശുദ്ധജലപ്പഞ്ഞികളുൽപ്പാദിപ്പിക്കുന്ന, കൂടുതൽ അനുകൂലമായ സാഹചര്യത്തിൽ വളരാൻ വേണ്ടി സുപ്തമായിരിക്കുന്ന, ഭ്രൂണകോശങ്ങളാണ് ജെമ്യൂളുകൾ. ഇവിടെ അത് ഡാർവ്വിനുദ്ദേശിച്ച അർത്ഥത്തിലാണ് പ്രയോഗിച്ചിരിക്കുന്നത്.

*"ചാരനിറമുള്ള ഫിഞ്ചിൻ്റെ" പ്രശ്നം ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടൽ പരിഹരിച്ചേക്കുമായിരുന്നു --- പ്രത്യേക വിജാതീയർ തമ്മിലുള്ള ഇണചേരൽ തടയുക വഴി. എന്നാലും, ഒരൊറ്റ ദ്വീപിലെ എല്ലാ ഫിഞ്ചുകൾക്കും, പടിപടിയായ്,  ഏകാത്മകമായ ലക്ഷണങ്ങളില്ലാതെ പോയതെങ്ങനെയെന്ന് അപ്പോഴും അത് വിശദീകരിക്കുന്നില്ല.  

*****************************************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...