2020, ജൂൺ 20, ശനിയാഴ്‌ച

7:"മൂഢരുടെ മൂന്നു തലമുറകൾ ധാരാളം"

"മൂഢരുടെ മൂന്നു തലമുറകൾ ധാരാളം"

ബലഹീനരെയും വികലാംഗരെയും നാം ജീവിക്കാനും പെറ്റുപെരുകാനും പ്രാപ്തരാക്കിയാൽ നമുക്ക് നേരിടേണ്ടി വരിക ജനിതകപരമായൊരു സായംസന്ധ്യയുടെ സാദ്ധ്യതയാണ്. സംരക്ഷിക്കുന്നതിനും സഹായിക്കന്നതിനും പകരം അവരെ സഹിക്കാനും മരിക്കാനും 
വിട്ടാൽ, നമുക്ക് നേരിടേണ്ടി വരിക ധാർമ്മികമായൊരു സന്ധ്യയായിരിക്കുമെന്നത് തീർച്ചയാണ്. 
                 ---- തിയോഡോസിയസ് ഗ്രിഗറിയോവിച് ഡോബ്ഷാൻസ്‌കി,  
                        പാരമ്പര്യവും, മനുഷ്യപ്രകൃതിയും

അങ്ങനെ, വൈകല്യമുള്ള [മാതാപിതാക്കളിൽ] നിന്ന് വൈകല്യമുള്ള  [സന്തതികൾ]  ജാതരാകുന്നു, മുടന്തരിൽ നിന്ന് മുടന്തരെന്ന പോലെ, അന്ധരിൽ നിന്ന് അന്ധരെന്ന പോലെ; മാത്രമല്ല, പ്രകൃതിവിരുദ്ധമായ ലക്ഷണങ്ങളോടാണ് പലപ്പോഴും അവർക്ക് പൊതുവേ സാദൃശ്യം; മുഴകളും കലകളും പോലുള്ള ചില സഹജചിഹ്നങ്ങൾ അവരിലുണ്ടായിരിക്കുന്നതുമാണ്. അത്തരം ലക്ഷണങ്ങളിൽ ചിലവ മൂന്നു [തലമുറകളിലേക്ക്] പകർന്നിട്ടുമുണ്ട്.
                       --- അരിസ്റ്റോട്ടിൽ, ജന്തുക്കളുടെ ചരിത്രം 

1920ലെ വസന്തത്തിൽ എമ്മെറ്റ് അഡാലിൻ ബക്ക് --- എമ്മ എന്ന് ചുരുക്കം -- 
ലിഞ്ച്ബർഗിലെ അപസ്മാരബാധിതർക്കും മന്ദബുദ്ധികൾക്കുമുള്ള  വിർജീനിയാ 
സ്റ്റേറ്റ് കോളണിയിലേക്ക് കൊണ്ടുവരപ്പെട്ടു. അവരുടെ നാകപ്പണിചെയ്യുന്ന ഭർത്താവ്, ഫ്രാങ്ക് ബക്ക് വീടുവിട്ട്  ഓടിപ്പോയതുകൊണ്ടോ , അപകടത്തിൽ മരിച്ചതു കൊണ്ടോ, എമ്മക്ക് കാരി ബക്കെന്ന തൻ്റെ കൊച്ചുമകളെ നോക്കേണ്ട ഭാരമുണ്ടായിരുന്നു. 

എമ്മയും കാരിയും മാലിന്യത്തിലാണ് ജീവിച്ചത്. ദരിദ്രമായ തങ്ങളുടെ ജീവിതശൈലി താങ്ങി നിർത്താൻ അവർ ധർമ്മസ്ഥാപനങ്ങളെയും, അന്നദാനങ്ങളെയും, അന്നന്നു കിട്ടുന്ന ജോലികളെയും ആശ്രയിച്ചു. എമ്മ പണത്തിനായ് സംഭോഗം ചെയ്തിരുന്നുവെന്നും, അവർക്ക് ഗുഹ്യരോഗം പിടിപെട്ടിരുന്നുവെന്നും, കിട്ടിയ കൂലി വാരാന്ത്യങ്ങളിൽ കുടിച്ചു തീർത്തിരുന്നുവെന്നുമാണ് കേൾവി. 

അക്കൊല്ലം മാർച്ചിൽ, അലഞ്ഞുതിരിഞ്ഞതിൻ്റെ പേരിലോ, വ്യഭിചാരത്തിൻ്റെ പേരിലോ അവർ തെരുവിൽവച്ച് പിടിക്കപ്പെട്ടു. അറസ്റ്റിലായ അവർ ഒരു മുനിസിപ്പൽ ജഡ്‌ജിക്ക്‌ മുമ്പിൽ ഹാജരാക്കപ്പെട്ടു. 1920 ഏപ്രിൽ ഒന്നിന് രണ്ടു ഡോക്റ്റർമാർ നടത്തിയ അശ്രദ്ധമായൊരു പരിശോധനക്കു പിന്നാലെ, അവർ "മന്ദബുദ്ധി"യാണെന്ന് തരംതിരിക്കപ്പെട്ടു. ലിഞ്ച്ബർഗിലെ കോളണിയിലേക്ക് ബക്കിനെ കെട്ടുകെട്ടിച്ചു.

മൂന്നു പ്രത്യേക രുചികളിലാണ്, 1924ൽ,  "ബുദ്ധിമാന്ദ്യം" എഴുന്നള്ളിയിരുന്നത്: മന്ദൻ, മണ്ടൻ, മൂഢൻ. അവയിൽ തരംതിരിക്കാൻ ഏറ്റവുമെളുപ്പം മന്ദനാണ് --- "മുപ്പത്തിയഞ്ചു മാസത്തിൽ കൂടാത്തത്ര മാനസികപ്രായമുള്ള, മനസ്സ് വികലമായ വ്യക്തി"യെന്നാണ് ആ പദത്തിനുള്ള യൂ. എസ്. ബ്യൂറോ ഓഫ് സെൻസസിൻ്റെ നിർവ്വചനം. പക്ഷേ, മണ്ടനും മൂഢനും അവ്യക്തമായ ഇനങ്ങളായിരുന്നു. കടലാസിൽ ആ വാക്കുകൾക്ക് ബുദ്ധിവൈകല്യത്തിൻ്റെ ഗൗരവം കുറഞ്ഞ പതിപ്പുകളെന്ന സൂചനയേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, ഫലത്തിൽ ആ വാക്കുകൾ, വ്യത്യസ്ത ഗണങ്ങളിൽപ്പെട്ട സ്ത്രീപുരുഷന്മാരെ അത്യനായാസമായ് അകത്തേക്ക് കടത്തി വിടുന്ന, നാനാർത്ഥങ്ങളുടെ, തിരിവാതിലുകളായി. അവരിൽ ചിലർക്ക് മനോരോഗമേ ഉണ്ടായിരുന്നില്ല. വേശ്യകൾ, അനാഥർ, വിഷാദരോഗികൾ, തെണ്ടികൾ, കൊച്ചുകുറ്റവാളികൾ, ഉന്മാദികൾ, പദാന്ധതയുള്ളവർ, സ്ത്രീവിമോചനവാദികൾ, അനുസരണയില്ലാത്ത കൗമാരപ്രായക്കാർ --- എന്തിന്, അംഗീകൃതമാനദണ്ഡത്തിന് ബാഹ്യമായ പെരുമാറ്റവും, അഭിരുചിയും, അഭിലാഷവും, രൂപവുമുള്ള ഏതൊരാളും അവയിലകപ്പെട്ടു.

ബുദ്ധിമാന്ദ്യമുള്ള പെണ്ണുങ്ങൾ വിർജീനിയാ സ്റ്റേറ്റ് കോളണിയിൽ കരുതൽത്തടങ്കലിലാക്കപ്പെട്ടു. ഇനിയും പെറ്റുകൂട്ടി, കൂടുതൽ മണ്ടന്മാരെയും മൂഢന്മാരെയും കൊണ്ട് ജനസമൂഹത്തെ അവർ മലിനമാക്കില്ലെന്ന് ഉറപ്പുവരുത്തുകയായിരുന്നൂ ലക്ഷ്യം. കോളണി  എന്ന വാക്ക് അതിൻ്റെ ഉദ്ദേശ്യത്തെ വെളിക്കു കൊണ്ടുവന്നു. ആ സ്ഥലം ഒരാസ്പത്രിയോ, അഭയകേന്ദ്രമോ ആയി ഉദ്ദേശിക്കപ്പെട്ടതായിരുന്നില്ല. പകരം, തുടക്കം മുതലേ, അതൊരു നിയന്ത്രിത മേഖലയായ് രൂപപ്പെടുത്തിയതായിരുന്നു. ജെയിംസ് നദിയുടെ ചെളിത്തീരത്തുനിന്ന് ഏകദേശം ഒരു നാഴികയകലെ, ബ്ലൂ റിഡ്‌ജ് മലകളുടെ കാറ്റുപിടിക്കുന്ന ഛായയിൽ, ഇരുന്നൂറേക്കറിൽ പരന്നു കിടക്കുന്ന കോളണിക്ക് തപ്പാലാപ്പീസും, വൈദ്യുതകേന്ദ്രവും, കൽക്കരിമുറിയും, ചരക്കിറക്കാനുള്ള ഒരു കൊച്ചു തീവണ്ടിപ്പാതയും  സ്വന്തമായുണ്ടായിരുന്നു. കോളണിയിൽനിന്ന് പോകാനോ, അവിടേക്ക് വരാനോ പൊതുവാഹനങ്ങൾ ഉണ്ടായിരുന്നില്ല. അവിടം മനോരോഗത്തിനുള്ള ഹോട്ടൽ കാലിഫോർണിയാ* ആയിരുന്നു. പ്രവേശിക്കപ്പെട്ട രോഗി പിന്നൊരിക്കലും തിരിച്ചുപോകാത്തയിടം.

എമ്മാ ബാക്ക്  എത്തിയപ്പോൾ, അവരെ വൃത്തിയാക്കി; കുളിപ്പിച്ചു; അവരുടെ തുണികൾ ദൂരേക്കളഞ്ഞു; യോനിയെ രോഗാണുവിമുക്തമാക്കാൻ മെർക്കുറി കൊണ്ട് നനച്ചു. ഒരു മനോരോഗചികിത്സകൻ അവരിൽ വീണ്ടുമൊരു ബുദ്ധിപരീക്ഷ നടത്തി; "താഴ്ന്ന പദവിയിലുള്ള മണ്ടി"യാണെന്ന പഴയ നിഗമനം സ്ഥിരീകരിച്ചു. അവർ കോളണിയിൽ പ്രവേശിപ്പിക്കപ്പെട്ടു. അതിൻ്റെ അതിരുകളിലാകും ഇനിയുള്ള അവരുടെ ആയുഷ്ക്കാലം.



1920ൽ സ്വന്തം അമ്മ ലിഞ്ച്ബർഗിലേക്ക് വണ്ടി കേറ്റപ്പെടുന്നതിനു മുമ്പ് കാരി ബക്കിൻ്റെ ബാല്യം, ദരിദ്രമെങ്കിലും, സാധാരണമായിരുന്നു. അവൾക്ക് പന്ത്രണ്ടു വയസ്സ് പ്രായമുള്ളപ്പോഴുള്ള, 1918ലെ സ്‌കൂൾ റിപ്പോർട്ടിൽ,  അവൾ "പെരുമാറ്റത്തിലും പഠനത്തിലും" "വളരെ നല്ലതാ"ണെന്ന രേഖ കാണാം. പ്രായത്തിൽക്കവിഞ്ഞ ഉയരമുള്ള, കൈമുട്ടുകളും കാൽമുട്ടുകളും മാത്രമേയുള്ളൂവെന്ന് തോന്നിപ്പിക്കുന്ന,നീണ്ടു മെലിഞ്ഞ, നെറ്റിക്കതിരായ് ഇരുണ്ട മുടിയുള്ള, ബഹളക്കാരിയായ, തുറന്ന ചിരിയുള്ള, ആണത്തമുള്ള അവൾക്ക് സ്‌കൂളിലെ ആൺകുട്ടികൾക്ക് കുറിപ്പുകളെഴുതാൻ പ്രിയമായിരുന്നു; സ്ഥലത്തെ കുളങ്ങളിൽനിന്ന് തവളകളെയും മീനുകളെയും ചൂണ്ടയിട്ട് പിടിക്കാൻ ഇഷ്ടമായിരുന്നു. പക്ഷേ, എമ്മ പോയപ്പോൾ അവളുടെ ജീവിതം താറുമാറായി. കാരി വളർത്തുകാരുടെ സംരക്ഷണയിലായി. വളർത്തുമാതാപിതാക്കളുടെ മരുമകൻ അവളെ ബലമായ് പ്രാപിച്ചു; താമസിയാതെ, ഗർഭവതിയാണ് താനെന്ന് അവൾ തിരിച്ചറിഞ്ഞു.

അങ്കലാപ്പ് മുളയിലേ നുള്ളിക്കളയാൻ കാരിയുടെ വളർത്തു മാതാപിതാക്കൾ, അവളുടെ അമ്മ എമ്മയെ ലിഞ്ച്ബർഗിലേക്കയച്ച അതേ മുനിസിപ്പൽ ജഡ്‌ജിക്ക്‌ മുമ്പിൽ അവളെയെത്തിച്ചു. കാരിയേയും ഒരു മൂഢയായ് മുദ്ര കുത്തുകയായിരുന്നൂ ലക്ഷ്യം: അവളൊരു വിചിത്ര മന്ദബുദ്ധിയായ് അധഃപതിക്കുകയാണെന്നാണ് പറയപ്പെട്ടത്. അവൾക്ക് "മതിഭ്രമവും, ക്രോധത്തിൻ്റെ ഇടവേളകളു"മുണ്ടാകുന്നു. കരുതലില്ലാത്തവൾ; ഉന്മാദി; ലൈംഗീകമായ് വകതിരിവില്ലാത്തവൾ. കാരിയുടെ വളർത്തുകാരുടെ സുഹൃത്തായിരുന്ന ജഡ്‌ജി, പ്രതീക്ഷിച്ചപോലെ, "ബുദ്ധിമാന്ദ്യം" എന്ന നിഗമനം ശരിവച്ചു: അമ്മ എങ്ങനെയോ, അങ്ങനെ തന്നെ മകളും. കോടതിയിൽ എമ്മ ഹാജരായ്‌ നാലു കൊല്ലങ്ങൾ തീരും മുമ്പ്,1924 ജനുവരി 23ന് കാരിയും കോളണിയിലേക്ക് നിയോഗിക്കപ്പെട്ടു.

ലിഞ്ച്ബർഗിലേക്കുള്ള സ്ഥാനമാറ്റം കാത്തിരിക്കേ, 1924 മാർച്ച് 28ന്, കാരി ഒരു മകളെ പ്രസവിച്ചു: വിവിയൻ എലൈനിനെ. ഭരണകൂടകൽപ്പനയനുസരിച്ച്, കുട്ടിയും വളർത്തു മാതാപിതാക്കളുടെ കരുതലിലായി. 1924 ജൂൺ നാലിന് കാരി വിർജീനിയാ സ്റ്റേറ്റ് കോളണിയിലെത്തി. "ഉന്മാദത്തിൻ്റെ യാതൊരു ലക്ഷണവുമില്ല; അവൾ വായിക്കുകയും, എഴുതുകയും, സ്വയം വൃത്തിയായിരിക്കുകയും ചെയ്യുന്നുണ്ട്,"  അവളെക്കുറിച്ചുള്ള റിപ്പോർട്ടതാണ് പറഞ്ഞത്. അവളുടെ പ്രായോഗികപരിജ്ഞാനവും, പാടവങ്ങളും സാധാരണമെന്നാണ് കണ്ടത്. എങ്കിലും, തെളിവുകളെല്ലാം എതിരായിരുന്നിട്ടും, അവൾ "മദ്ധ്യഗണത്തിൽപ്പെട്ട മണ്ടി"യെന്ന് ഇനം തിരിക്കപ്പെട്ടു.



1924 ആഗസ്തിൽ, ലിഞ്ച്ബർഗിൽ കാരി വന്ന് ചില മാസങ്ങൾക്കുശേഷം, ഡോ. ആൽബർട്ട് പ്രിഡി ആവശ്യപ്പെട്ടതനുസരിച്ച്, അവൾ ബോർഡ് ഓഫ് ദ കോളണിയുടെ മുമ്പിൽ  ഹാജരാകണമെന്ന് ആദേശിക്കപ്പെട്ടു. വിർജീനിയായിലെ കീസ് വില്ലായിരുന്നൂ ഇദ്ദേഹത്തിൻ്റെ സ്വദേശം. പക്ഷേ, 1920മുതൽക്കേ ആൽബർട്ട് പ്രിഡി കോളണിയുടെ മേലധികാരിയായിരുന്നു. രൂക്ഷമായൊരു രാഷ്ട്രീയപ്രചാരണത്തിൻ്റെ നടുക്കാണ് അദ്ദേഹമെന്ന കാര്യം എമ്മയ്‌ക്കോ, കാരിയ്ക്കോ അജ്ഞാതമായിരുന്നു. മൂപ്പരുടെ പുന്നാര പ്രവൃത്തി "മന്ദബുദ്ധികളുടെ യൂജെനിക്സ് വന്ധീകരണ"മായിരുന്നു. കോളണിക്കു മേൽ കേട്ട്സിനെപ്പോലെ** അസാധാരണമായ അധികാരം ലഭിച്ചിരുന്ന പ്രിഡി, "മാനസികവൈകല്യമുള്ളവരെ" കോളണിയിൽ തടവിലിടുന്നത്, അവർ "ചീത്തപാരമ്പര്യ"ത്തെ  വ്യാപിപ്പിക്കാതിരിക്കാനുള്ള താൽക്കാലിക പരിഹാരം മാത്രമാണെന്ന് പരിപൂർണ്ണമായ് വിശ്വസിച്ചു.
ഒരിക്കൽ പുറത്തെത്തിയാൽ ഈ മൂഢർ വീണ്ടുമിണചേരും; ജനിതകശേഖരം നാശകോശമാക്കും. വന്ധീകരണമാണ് കൂടുതൽ ഭദ്രമായ തന്ത്രം; മികച്ച പരിഹാരം. തീർത്തും യൂജെനിക്സിൻ്റെ അടിസ്ഥാനത്തിൽ ഒരു സ്ത്രീയെ വന്ധീകരിക്കാനുള്ള പ്രാമാണ്യം തനിക്കേകുന്ന നിരുപാധികമായൊരു നിയമകൽപ്പനയാണ് പ്രിഡിക്ക് വേണ്ടിയിരുന്നത്. അത്തരം ഒരൊറ്റ മാതൃകാപരീക്ഷണം ആയിരങ്ങൾക്കുള്ള മാനദണ്ഡമായ് മാറും. അദ്ദേഹം നിയമ, രാഷ്ട്രീയ നേതാക്കൾക്ക് മുമ്പിൽ വിഷയമവതരിപ്പിച്ചു. അവർ, പൊതുവേ, അദ്ദേഹത്തിൻ്റെ ആശയത്തെ അനുകൂലിച്ചു. 1924 മാർച്ച് 29 ന്, പ്രിഡിയുടെ സഹായത്തോടെ, വിർജീനിയാ സെനറ്റ്, വന്ധീകരിക്കപ്പെടേണ്ട വ്യക്തി "മാനസികാരോഗ്യസ്ഥാപനങ്ങളുടെ ഭരണസമിതി"കളാൽ പരിശോധിക്കപ്പെട്ടിരിക്കണമെന്ന വ്യവസ്ഥയോടെ        ആ സംസ്ഥാനത്ത് യൂജെനിക് വന്ധീകരണം അംഗീകൃതമാക്കി. സപ്തംബർ പത്തിന്, വീണ്ടും പ്രിഡിയുടെ പ്രേരണയാൽ, വിർജീനിയാസ്റ്റേറ്റ് കോളണിയുടെ ഭരണസമിതി, പതിവുള്ളൊരു യോഗത്തിൽ ബക്കിൻ്റെ കാര്യം പുനഃപരിശോധിച്ചു. വിചാരണാവേളയിൽ കാരി ബക്കിനോട് ഒരു ചോദ്യമേ ചോദിച്ചുള്ളൂ: "നിങ്ങളിൽ നടത്താനിരിക്കുന്ന ശസ്ത്രക്രിയയെച്ചൊല്ലി നിങ്ങൾക്ക് വല്ലതും പറയാൻ താല്പര്യമുണ്ടോ?" രണ്ടു വാചകങ്ങൾ മാത്രമാണ് അവൾ പറഞ്ഞത്: "ഇല്ല, സാർ. അത് എൻ്റെ ആളുകൾ തീരുമാനിച്ചോട്ടെ." അവളുടെ ആളുകൾ, അവരാരായാലും, ബക്കിനെ പ്രതിരോധിക്കാൻ ഉയർന്നു വന്നില്ല. ബക്കിനെ വന്ധീകരിക്കാനുള്ള പ്രിഡിയുടെ അപേക്ഷ ഭരണസമിതി അംഗീകരിച്ചു.

യൂജെനിക് വന്ധീകരണം നേടാനുള്ള തൻ്റെ പരിശ്രമങ്ങളെ ഭരണകൂടവും സംസ്ഥാനക്കോടതികളും വെല്ലുവിളിക്കുമെന്ന് പ്രിഡി അപ്പോഴും ആശങ്കപ്പെട്ടു. പ്രിഡിയുടെ പ്രേരണയാൽ, ബക്കിൻ്റെ സംഗതി വിർജീനിയാ കോടതി സമക്ഷം അവതരിക്കപ്പെട്ടു. കോടതി ഈ പ്രവൃത്തിയെ ശരിവച്ചാൽ, യൂജെനിക്ക് ശ്രമങ്ങൾ കോളണിയിൽ തുടരാനും, കോളണിക്കു പുറത്തേക്കത് വ്യപിപ്പിക്കാനുമുള്ള സമ്പൂർണ്ണാധികാരം സ്വായത്തമാകുമെന്ന് പ്രിഡി വിശ്വസിച്ചു. ഈ നിയമവ്യവഹാരം --- ബക്ക് v. പ്രിഡി --- ആംഹേസ്റ്റ് പ്രവിശ്യയിലെ സർക്യൂട്ട് കോടതിയിൽ 1924 ഒക്റ്റോബറിലാണ് ബോധിപ്പിക്കപ്പെട്ടത്.

1925 നവംബർ പതിനേഴിന്, ലിഞ്ച് ബർഗിലെ കോടതിയിൽ, കാരി ബക്ക് വിചാരണയ്ക്ക് ഹാജരായി. പന്ത്രണ്ടോളം സാക്ഷികളെ പ്രിഡി ഒരുക്കിയിട്ടുണ്ടെന്ന് അവൾ കണ്ടു. ആദ്യം, ഷാർലറ്റ്സ് വില്ലിൽനിന്നുള്ള ഒരു ജില്ലാസ്പത്രി നഴ്‌സ് മൊഴി നൽകി: എമ്മയും കാരിയും വീണ്ടുവിചാരമില്ലാത്തവരാണ്; "മാനസികമായ്
ഉത്തരവാദിത്തമില്ലാത്തവരും. . . മന്ദബുദ്ധികളും". കാരിയുടെ കുഴപ്പം പിടിച്ച പെരുമാറ്റത്തിന് ഉദാഹരണം ആവശ്യപ്പെട്ടപ്പോൾ, ആ സ്ത്രീ, കാരി "ആൺകുട്ടികൾക്ക് കുറിപ്പുകളെഴുതാറുണ്ടെന്ന്" പറഞ്ഞു. വേറെ നാലു സ്ത്രീകൾ കൂടി എമ്മയേയും കാരിയേയും സംബന്ധിച്ച മൊഴിയേകി. പക്ഷേ, പ്രിഡിയുടെ സുപ്രധാനസാക്ഷി വരാനിരിക്കുകയായിരുന്നു. എമ്മയും കാരിയുമറിയാതെ, പ്രിഡി റെഡ് ക്രോസ്സിൽനിന്നുള്ള ഒരു സമാജസേവകയെ കാരിയുടെ എട്ടുമാസം പ്രായമുള്ള, വളർത്തുകാരുടെ സംരക്ഷണയിലുള്ള കുട്ടി വിവിയനെ പരിശോധിക്കാൻ വിട്ടിട്ടുണ്ടായിരുന്നു. വിവിയനും ബുദ്ധിമാന്ദ്യമുണ്ടെന്ന് തെളിഞ്ഞാൽ തൻ്റെ കാര്യം ഭംഗിയാകുമെന്ന് പ്രിഡി കണക്കുകൂട്ടി. ബുദ്ധിമാന്ദ്യം ബാധിച്ച മൂന്നു തലമുറകളിരിക്കേ --- എമ്മ, കാരി, വിവിയൻ ---, അവരുടെ മാനസികശേഷിയുടെ പാരമ്പര്യത്തിനെതിരേ വാദിക്കുക കഠിനമാകും.

പ്രിഡി വിചാരിച്ചപോലെ മൊഴി അത്ര സുഗമമായ് നീങ്ങിയില്ല. സമൂഹസേവക --- തയ്യാറാക്കിയ തിരക്കഥയിൽനിന്ന് തീർത്തും തെന്നിമാറി --- അവരുടെ നിർണ്ണയങ്ങളിൽ മുൻവിധികളുണ്ടാകാമെന്ന് സമ്മതിച്ചുകൊണ്ടാണ് തുടങ്ങിയത്:
"അമ്മയെക്കുറിച്ചെനിക്കറിയുന്നതുകൊണ്ട് എനിക്കൊരുപക്ഷേ,
പക്ഷപാതമുണ്ടാകാം."
വാദിഭാഗം വക്കീൽ : "കുട്ടിയെപ്പറ്റി നിങ്ങൾക്കെന്തെകിലും തോന്നലുകളുണ്ടോ?"
അവിടെ സമാജസേവക വീണ്ടും മടിച്ചു: "അത്ര ചെറിയ കുട്ടിയെന്താകുമെന്ന് പറയുക പ്രയാസം. . . അത്ര സാധാരണയല്ലാത്ത കുട്ടിയാണെന്നാണ് എൻ്റെ തോന്നൽ. . ."
"കുട്ടിയെ സാധാരണമെന്ന് നിങ്ങൾ വിധി പറയില്ലാ?"
"അത്ര സാധാരണമല്ലെന്ന് കണ്ടാൽ തോന്നിപ്പോകും. . . പക്ഷേ, അതെന്താണെന്ന് കൃത്യമായ് പറയുക വയ്യ"
കളിപ്പാട്ടങ്ങളില്ലാത്ത ഒരു വട്ടുകുട്ടിയെ കയ്യിൽക്കിട്ടിയ ഒരു നഴ്‌സിൻ്റെ തോന്നലുകളിലായിരിക്കും അമേരിക്കയിലെ യൂജെനിക് വന്ധീകരണത്തിൻ്റെ ഭാവിയെന്ന്, ഒരു നിമിഷം തോന്നിപ്പോയി.

ഉച്ചയൂണിനുള്ള ഇളവടക്കം, അഞ്ചുമണിക്കൂറാണ് വിചാരണ നീണ്ടത്.  വാദം ഹ്രസ്വവും, തീരുമാനം അറുത്തുമുറിച്ചതുമായിരുന്നു. കാരി ബക്കിനെ വന്ധീകരിക്കാനുള്ള പ്രിഡിയുടെ തീരുമാനത്തെ കോടതി സ്ഥിരീകരിച്ചു. "നിയമമുറക്കുള്ള പ്രക്രിയകൾ ആവശ്യപ്പെടുന്നതെന്തോ, അതിനനുസൃതമാണ്  ഈ പ്രവൃത്തി." " ഇതൊരു ശിക്ഷാനിയമമല്ല.  ഇവിടെ വാദിക്കപ്പെട്ടതുപോലെ, പ്രകൃത്യാലുള്ള വ്യക്തികളുടെ വർഗ്ഗത്തെ രണ്ടായ് വിഭജിക്കുന്നതാണീ പ്രവൃത്തിയെന്ന് പറയാൻ സാധിക്കില്ല.

ഈ തീരുമാനത്തെ ബക്കിൻ്റെ വക്കീലന്മാർ ചോദ്യം ചെയ്തു. കേസ്
വിർജീനിയായിലെ സുപ്രീം കോടതിയിലെത്തി. അവിടേയും, ബക്കിനെ വന്ധീകരിക്കാനുള്ള പ്രിഡിയുടെ അപേക്ഷ സ്ഥിരീകരിക്കപ്പെട്ടു. 1927 ലെ വസന്താരംഭത്തിൽ, വിചാരണ അമേരിക്കയിലെ സുപ്രീം കോടതിയിലെത്തി. പ്രിഡി മരിച്ചുപോയിരുന്നു. പക്ഷേ, അദ്ദേഹത്തിൻ്റെ പിൻഗാമി, കോളണിയുടെ പുതിയ മേലധികാരി ജോൺ ബെൽ പ്രതിഭാഗം വക്കീലായ് നിയമിതനായി.



1927ലെ വസന്തത്തിലാണ് ബക്ക് v ബെൽ സുപ്രീം കോടതിയിൽ
വാദിക്കപ്പെട്ടത്. തുടക്കത്തിലേ, സ്പഷ്ടമായും, കേസ് ബക്കിനെതിരേയോ,
ബെല്ലിനെതിരേയോ ആയിരുന്നില്ല. അതൊരാവേശം ബാധിച്ച കാലമായിരുന്നു. രാഷ്ട്രം മൊത്തം അതിൻ്റെ ചരിത്രത്തേയും, പാരമ്പര്യത്തെയും കുറിച്ചുള്ള തീവ്രവേദനയിൽ പുകയുകയായിരുന്നു.  അമേരിക്കയിലേക്കുള്ള കുടിയേറ്റതിരയേറ്റത്തിൻ്റെ അന്തിമാഗ്രത്തിൽ "അലറുന്ന ഇരുപതുകളെ"ത്തിനിൽക്കുന്ന കാലം***. 1890നും 1924നുമിടയിൽ, ഏകദേശം പത്തു ദശലക്ഷം കുടിയേറ്റക്കാർ --- യഹൂദരും, ഇറ്റലിക്കാരും, ഐറിഷുകാരും, പോളണ്ടുകാരുമായ തൊഴിലാളികൾ --- ന്യൂയോർക്കിലേക്കും, സാൻ ഫ്രാൻസിസ്‌കോവിലേക്കും, ഷിക്കാഗോവിലേക്കും പ്രവഹിക്കുകയുണ്ടായി. അവർ തെരുവുകളിലും, വാടകമുറികളിലും തിങ്ങിഞെരുങ്ങിനിറഞ്ഞു; വ്യാപാരസ്ഥലികൾ വിദേശഭാഷകളുടെയും, ഭക്ഷണങ്ങളുടെയും, അനുഷ്ഠാനങ്ങളുടെയും പ്രളയത്തിലാണ്ടു (1927 ആയപ്പോഴേക്കും, ന്യൂയോർക്കിലേയും ഷിക്കാഗോവിലെയും ജനസംഖ്യയിൽ നാൽപ്പതു ശതമാനത്തിലധികം പുതിയ കുടിയേറ്റക്കാരായി). 1890കളിൽ ഇംഗ്ലണ്ടിലെ യൂജെനിക് പരിശ്രമങ്ങൾക്ക് വർഗ്ഗപരമായ ആശങ്കകളാണ് പ്രേരണയായതെങ്കിൽ, 1920കളിൽ, അമേരിക്കയിലെ പ്രസ്തുത പരിശ്രമങ്ങൾക്ക് വംശീയാശങ്കകൾ ഇന്ധനമായി****.

നനയുംകുളിയുമില്ലാത്ത വലിയ ആൾക്കൂട്ടത്തെ ഗാൾട്ടൺ വെറുത്തിരുന്നിരിക്കാം. പക്ഷെ, നിസ്തർക്കമായും, അത് വൃത്തിയില്ലാത്തതെങ്കിലും മഹത്തായ ഇംഗ്ളീഷ് ജനക്കൂട്ടമായിരുന്നു. ഇതിനു വിരുദ്ധമായ്, അമേരിക്കയിലെ നനയും കുളിയുമില്ലാത്ത മഹാജനസമൂഹത്തിൽ വിദേശീയർ പെരുകി വരികയായിരുന്നു. അവരുടെ ജീനുകളോ, അവരുടെ ഉച്ചരാണങ്ങളെപ്പോലെ തിരിച്ചറിയാൻ കഴിയുംവിധം അപരിചിതമായിരുന്നു.

അമേരിക്കയിലെ പ്രവാസിപ്പ്രളയം "വംശീയമായ ആത്മഹത്യ"ക്ക് കാരണമാകുമെന്ന്, പ്രിഡിയെപ്പോലുള്ള ഉൽകൃഷ്ടജീൻശാസ്ത്രകാരന്മാർ ദീർഘകാലമായ് വേവലാതിപ്പെട്ടിരുന്നു. ശരിയായ ജനത്തെ തെറ്റായ ജനം പെരുകി മറികടക്കുകയാണെന്ന് അവർ വാദിച്ചു; ശരിയായ ജീനുകളെ തെറ്റായ ജീനുകൾ മലിനമാക്കുന്നു. ജീനുകൾ അടിസ്ഥാനപരമായ് അവിഭാജ്യങ്ങളെങ്കിൽ --- മെൻഡൽ തെളിയിച്ചത് പോലെ ---, ജനിതകദോഷം ഒരിക്കൽ പടർന്നു കഴിഞ്ഞാൽ പിന്നൊരിക്കലും തുടച്ചു മാറ്റാൻ കഴിയില്ല       ( "ഒരു ജൂതസങ്കരം[അതേത് വംശത്തിൽപ്പെട്ടയാളുമായിട്ടായാലും] ജൂതനായ്ത്തന്നെ നിലനിൽക്കും," മാഡിസൺ ഗ്രാൻഡ് എഴുതി). ഒരുൽകൃഷ്ടജനിതകവാദി വിവരിച്ചപോലെ, "ദോഷജനിതകദ്രവ്യ"ത്തെ നിർമ്മാർജ്ജനം ചെയ്യാനുള്ള ഏകമാർഗ്ഗം ആ ജനിതകദ്രവ്യം ഉൽപ്പാദിപ്പിക്കുന്ന അവയവത്തെ മുറിച്ചുകളയലാണ്. അതായത്, ജനിതകയോഗ്യതയില്ലാത്ത കാരിയേപ്പോലുള്ളവരിൽ നിർബന്ധവന്ധീകരണം നടത്തുക. "വംശീയജീർണ്ണതാഭീഷണി"ക്കെതിരെ രാജ്യത്തെ പ്രതിരോധിക്കാൻ സമൂലസാമൂഹികശസ്ത്രക്രിയയെ പ്രയോജനപ്പെടുത്തേണ്ടതാണ്. "[ഇംഗ്ലണ്ടിൽ] യൂജെനിക് കരിങ്കാക്കകൾ പരിഷ്കരണത്തിനായ് കാറുകയാണ്," മറയില്ലാത്ത വെറുപ്പോടെ ബേയ്റ്റ്സൺ 1926ൽ എഴുതി. അമേരിക്കയിലെ കരിങ്കാക്കകളാകട്ടെ ഒന്നുകൂടിയുച്ചത്തിൽ കാറി.

"വംശീയ ആത്മഹത്യ"ക്കും, "വംശീയജീർണ്ണത"ക്കും തുല്യവും, അവയെ തുലനം ചെയ്യുന്നതുമായ മറ്റൊരബദ്ധധാരണയായിരുന്നൂ വംശീയവും ജനിതകവുമായ ശുദ്ധി. ഇരുപതുകളുടെ ആദ്യവേളകളിൽ  കോടിക്കണക്കിന് അമേരിക്കക്കാർ ആർത്തിയോടെ വിഴുങ്ങിയ ഏറ്റവും ജനപ്രിയമായ നോവലുകളിൽ ഒന്ന്, എഡ്‌ഗാർ റൈസ് ബറോയുടെ "ടാർസൺ ഓവ് ദ എയ്‌പ്സ് " ആയിരുന്നു. ഈ ബോഡീസ്-റിപ്പിങ്***** ഇതിഹാസത്തിലെ നായകന്,  ആഫ്രിക്കയിലെ ആൾക്കുരങ്ങുകളാൽ പരിപാലിക്കപ്പെട്ട ഇംഗ്ളീഷ് കുലീനനായ അനാഥബാലനു കിട്ടുന്നത്, തൻ്റെ മാതാപിതാക്കളുടെ നിറവും, നടത്തവും, ശരീരപ്രകൃതിയും മാത്രമല്ല; അവരുടെ ധാർമ്മികാർജ്ജവവും, ആംഗ്ലോ-സാക്സൺ മൂല്യങ്ങളും, എന്തിന്, കത്തിയും മുള്ളുമുപയോഗിക്കാനുള്ള സഹജമായ കഴിവും കൂടിയാണ്. ടാർസൺ ---  "അവൻ്റെ നീണ്ടുനിവർന്നിരിക്കുന്ന കുറ്റമറ്റരൂപം ഏറ്റവും മുന്തിയ റോമായോദ്ധാക്കളുടേതെന്നപോലെ പേശീബലമാർന്നതാണ്" ---  ദൃഷ്ടാന്തീകരിച്ചത് പരിപാലനത്തിനു മീതെയുള്ള പ്രകൃതിയുടെ അന്തിമ വിജയമാണ്.കാട്ടുകുരങ്ങുകൾ പരിപാലിച്ച ഒരു വെള്ളക്കാരന് ഫ്‌ളാനൽ സൂട്ടിട്ട ഒരു വെള്ളക്കാരൻ്റെ സ്വഭാവം നിലനിർത്താമെങ്കിൽ,  തീർച്ചയായും, ഏതു സാഹചര്യത്തിലും വംശശുദ്ധി നിലനിർത്താൻ സാധിക്കും.

ഈ പശ്ചാത്തലത്തിൽ, ബക്ക് v ബെല്ലിൻ്റെ വിധിയിലെത്താൻ സുപ്രീം കോടതിക്ക് സമയമേ വേണ്ടി വന്നില്ല. 1927 മേയ് രണ്ടിന്, കാരി ബക്കിൻ്റെ ഇരുപത്തിയൊന്നാം പിറന്നാളിന് ചില ആഴ്ചകൾക്കു മുമ്പ്, സുപ്രീം കോടതി വിധി നൽകി. 8 - 1 ഭൂരിപക്ഷമുള്ള അഭിപ്രായം പകർത്തിക്കൊണ്ട്, ഒലിവർ വെൻഡൽ ഹോംസ് ജൂനിയർ ഇങ്ങനെ നിഗമനം ചെയ്തു: "ജീർണ്ണസന്തതികളെ കുറ്റത്തിൻ്റെ പേരിൽ വധശിക്ഷക്ക് വിധേയമാക്കുന്നതിനും, മൂഢതയുടെ പേരിൽ പട്ടിണികിടക്കാൻ അനുവദിക്കുന്നതിനും പകരം, വ്യക്തമായും അയോഗ്യതയുള്ളവരെ അവരുടെ ജാതി തുടർന്നുകൊണ്ടുപോകുന്നത് തടയാൻ സമൂഹത്തിന് കഴിയുമെങ്കിൽ സർവ്വലോകത്തിനും അതാണ് അഭികാമ്യം. നിർബന്ധിത കുത്തിവെപ്പ് സ്വീകാര്യമാക്കുന്ന നിയമം   അണ്ഡവാഹിനിക്കുഴലുകൾ ഛേദിക്കുന്നതുൾപ്പെടുത്താൻ മാത്രം വിശാലമാണ്. "

ഒരു ഡോക്റ്ററുടെ മകനും, മാനവികതാവാദിയും, ചരിത്രവിദ്വാനും, സാമൂഹികമായ വരട്ടു ചിന്തകളെക്കുറിച്ച് ശങ്കാലുവായതിന് വ്യാപകമായ് ശ്ലാഘിക്കപ്പെട്ടവനും, താമസിയാതെ, രാഷ്ട്രീയവും നീതിന്യായപരവുമായ കാര്യങ്ങളിൽ മിതത്വം വേണമെന്ന് ഉച്ചൈസ്തരം വാദിക്കുന്നവരിൽ രാജ്യത്തിലെ മുൻനിരക്കാരനാകാനിരിക്കുന്നവനുമായ ഹോംസിന് ബക്കുമാരെയും അവരുടെ കുട്ടികളെയുംകൊണ്ട് മതിയായെന്നത് വ്യക്തമാണ്. "മൂഡരുടെ മൂന്നുതലമുറകൾ തന്നെ ധാരാളം."



1927 ഒക്റ്റോബർ 19ന്, നാളീബന്ധനം വഴി കാരി വന്ധ്യയാക്കപ്പെട്ടു. അന്ന് രാവിലെ ഒരൊമ്പതു മണിക്ക് കോളണിയാശുപത്രിയിലേക്ക് അവൾ നീക്കപ്പെട്ടു. അവീനും അട്രോപിനും കൊണ്ട് മയങ്ങിയ അവൾ ശസ്ത്രക്രിയാമുറിയിലെ മഞ്ചലിൽ കിടന്നു. നഴ്‌സ് അവൾക്ക് അനസ്തേഷ്യ നൽകി. ബക്ക് ഉറക്കത്തിലേക്ക് വഴുതി വീണു. രണ്ടു ഡോക്റ്റർമാരും രണ്ടു നഴ്‌സുമാരുമാണ് ഹാജരായിരുന്നത് --- പതിവായൊരു പ്രക്രിയക്ക് അസാധാരണമായൊരു സംഗതി. പക്ഷേ, ഇതൊരു സവിശേഷ സംഗതിയായിരുന്നല്ലോ. മേലധികാരിയായ ജോൺ ബെൽ അവളുടെ വയർ നടുവേ കീറിത്തുറന്നു; രണ്ട് അണ്ഡവാഹിനീനാളികളുടേയും ഓരോ ഭാഗം നീക്കം ചെയ്‌ത്, നാളികളുടെ അഗ്രഭാഗങ്ങൾ കൂട്ടിക്കെട്ടി. കാർബോളിക് അമ്ലത്താൽ മുറിവുകളെ ചൂടാക്കിക്കരിച്ചു; മദ്യത്താൽ രോഗാണുവിമുക്തമാക്കി. ശസ്ത്രക്രിയാപരമായ സങ്കീർണ്ണതകളൊന്നുമുണ്ടായില്ല.

പാരമ്പര്യത്തിൻ്റെ കണ്ണി പൊട്ടിക്കപ്പെട്ടിരിക്കുകയാണ്. "വന്ധീകരണനിയമമനുസരിച്ചുള്ള ആദ്യശസ്ത്രക്രിയ",
ആസൂത്രണം ചെയ്തപോലെ തന്നെ നടന്നിരിക്കുന്നു. നല്ല ആരോഗ്യത്തോടെയാണ് രോഗിയെ മുക്തയാക്കിയത്. ബെൽ എഴുതി. കുഴപ്പങ്ങളൊന്നുമില്ലാതെ ബക്ക് അവളുടെ മുറിയിൽ സുഖം പ്രാപിച്ചു വന്നു. 



പയറുകളിലെ മെൻഡലിൻ്റെ പ്രാരംഭപരീക്ഷണങ്ങൾക്കും കാരി ബക്കിൻ്റെ കോടതിയധികാരപ്പെടുത്തിയ വന്ധീകരണവും തമ്മിൽ ആറു ദശാബ്ദങ്ങളുടേയും രണ്ടുസംവത്സരങ്ങളുടേയും വിടവുണ്ട് . . . കാലത്തിൻ്റെ ഒരു ഹ്രസ്വകടാക്ഷത്തിൽ കവിഞ്ഞതൊന്നുമല്ലായീ കാലയളവ്. എങ്കിലും,
ആറു ദശാബ്ദങ്ങളുടെ ഈ ക്ഷണപ്രഭയിൽ, സസ്യശാസ്ത്രപരീക്ഷണത്തിലെ ഒരമൂർത്ത സങ്കൽപ്പനമെന്നതിൽനിന്ന് ജീൻ സാമൂഹികനിയന്ത്രണത്തിനുള്ള പ്രബലമായ ഒരുപകരണമായ് പരിവർത്തിതമായി. 1927ൽ, ബക്ക് v. ബെൽ  സുപ്രീം കോടതിയിൽ വാദിക്കപ്പെടവേ, ജനിതകശാസ്ത്രത്തിൻ്റെയും യൂജെനിക്സിൻ്റെയും ഭാഷ അമേരിക്കയിലെ സാമൂഹ്യ, രാഷ്ട്രീയ, വ്യക്തിഗത വ്യവഹാരങ്ങളിലേക്ക് തുളഞ്ഞു കേറി."സ്ഥിരീകരിക്കപ്പെട്ട കുറ്റവാളികളേയും, വിഡ്ഢികളേയും, മൂഢരേയും, ബലാൽക്കാരികളേയും" വന്ധീകരിക്കാനുള്ള ഒരു പഴയ നിയമം, 1927ൽ,  ഇൻഡിയാനാ സംസ്ഥാനം  ഭേദഗതിചെയ്‌ത്‌ പാസ്സാക്കി. ജനിതകമേന്മയില്ലാത്ത ജനത്തെ തടവിലിടാനുള്ള കൂടുതൽ നിർദ്ദയമായ നടപടികളുമായ് മറ്റു സസ്ഥാനങ്ങളും അനുഗമിച്ചു.

രാജ്യമൊട്ടാകെ ഭരണകൂടസഹായത്തോടെയുള്ള വന്ധ്യംകരണ പദ്ധതികൾ വ്യാപിക്കുമ്പോൾ, ജനിതക തെരഞ്ഞെടുപ്പ് വ്യക്തിപരമാക്കാനുള്ള താഴേക്കിടയിലുള്ള ഒരു പ്രസ്ഥാനം ജനപ്രിയത നേടിവരികയായിരുന്നു. 1920കളിൽ, കോടിക്കണക്കിന് അമേരിക്കക്കാർ കാർഷികോത്സവങ്ങളിൽ തടിച്ചുകൂടുമായിരുന്നു. അവിടെ, പല്ലു തേപ്പ് പ്രദർശനങ്ങൾക്കും, ചോളപ്പൊരി യന്ത്രങ്ങൾക്കും, വൈക്കോൽവണ്ടിസവാരികൾക്കുമൊപ്പം, പൊതുജനം മേന്മയേറിയ പിള്ളകളുടെ മത്സരവും കണ്ടു: ഒന്നും രണ്ടും വയസ്സ് പ്രായമുള്ള കുട്ടികൾ, പട്ടികളേയോ, പൂച്ചകളേയോ പോലെ,     മേശമേലോ, പീഠത്തിലോ അഭിമാനത്തോടെ പ്രദർശിപ്പിക്കപ്പെടും.  വെള്ളക്കോട്ടിട്ട ഡോക്റ്റർമാരും, മനോരോഗചികിത്സകരും, പല്ലുവൈദ്യന്മാരും, നഴ്‌സുമാരും അവരുടെ കണ്ണും പല്ലും പരിശോധിക്കും; അവരുടെ തൊലി കുത്തിനോക്കും; ഉയരവും തൂക്കവും തലയോട്ടിയുടെ വലുപ്പവും,ചിത്തവൃത്തിയും അളക്കും. അവരിൽ ഏറ്റവും ആരോഗ്യവും യോഗ്യതയുമുള്ള വ്യത്യസ്തരായ പിള്ളകൾ തെരഞ്ഞെടുക്കപ്പെടും. ഈ "അതിയോഗ്യ" ശിശുക്കൾ ഉത്സവസ്ഥലികളിലൂടെ ഘോഷയാത്രയായ് പ്രദർശിപ്പിക്കപ്പെടും. ദേശീയയൂജെനിക്സ് പ്രസ്ഥാനത്തിനുള്ള മൗനപിന്തുണയുണ്ടാക്കിക്കൊണ്ട് ചുവർപരസ്യങ്ങളിലും, പത്രങ്ങളിലും, മാസികകളിലും അവരുടെ ചിത്രങ്ങൾ ശ്രദ്ധാർഹമായ് പ്രകാശിപ്പിക്കപ്പെട്ടു. ഡാവെൻപോർട്ട്, യൂജെനിക്സ് റിക്കാർഡ് ആപ്പീസ് സ്ഥാപിച്ച് പ്രശസ്തനായ, ഹാർവാർഡിൽനിന്ന് പരിശീലനം കിട്ടിയ ജീവശാസ്ത്രജ്ഞൻ അതിയോഗ്യശിശുക്കളെ നിർണ്ണയിക്കാനുള്ള മാതൃകാപരമായൊരു മൂല്യനിർണ്ണയഫാറം തയ്യാറാക്കി. കുട്ടികളുടെ വിധി നിർണ്ണയിക്കുന്നതിനു   മുമ്പ് അച്ഛനമ്മമാരെ പരിശോധിക്കേണ്ടതാണെന്ന് ഡാവെൻപോർട്ട് വിധികർത്താക്കളോട് നിർദ്ദേശിച്ചിരുന്നു: "പാരമ്പര്യത്തത്തിന് 50% മാർക്കുണ്ടായാലേ, കുട്ടികളെ പരിശോധിക്കാവൂ." "രണ്ടുവയസ്സുള്ള ഒരു സമ്മാനവിജയി പത്തുവയസ്സിൽ ചുഴലിദീനക്കാരനായേക്കാം." ഈ ഉത്സവപ്പറമ്പുകളിൽ പലപ്പോഴും "മെൻഡൽ ബൂത്തുകൾ" ഉണ്ടായിരുന്നു. അവിടെ, പാവക്കളിയിലൂടെ, ജനിതകശാസ്ത്രത്തിലെ തത്ത്വങ്ങളും പാരമ്പര്യനിയമങ്ങളും വിശദീകരിക്കപ്പെട്ടു.          

യൂജെനിക്സ് ഭ്രാന്തു പിടിച്ച മറ്റൊരു ഡോക്റ്റർ, ഹാരി ഹേയ്സെൽഡെന്നിൻ്റെ "നിങ്ങൾ വിവാഹത്തിന് യോഗ്യനാണോ?" എന്ന സിനിമ, 1927ൽ, അമേരിക്കയിലെങ്ങും നിറഞ്ഞ സദസ്സിൽ കളിച്ചു. "കറുത്ത കൊറ്റി"യെന്ന പഴയൊരു സിനിമയുടെ പുനരുജ്ജീവനം. ഒരു ഡോക്റ്ററുടെ കഥ. രാഷ്ട്രത്തെ "വൈകല്യമുള്ള കുട്ടികളിൽനിന്ന് തുടച്ചുവെടിപ്പാക്കാനുള്ള പരിശ്രമത്തിൽ പ്രാണരക്ഷാർത്ഥമുള്ള ശസ്ത്രക്രിയകൾ ചെയ്യാൻ വിസമ്മതിക്കുന്ന ഒരു ഡോക്റ്റർ. മാനസികവൈകല്യം ബാധിച്ച ഒരു ശിശുവിനെ ഗർഭം ധരിച്ചുവെന്ന് ദുഃസ്വപ്നം കാണുന്ന ഒരു സ്ത്രീയോടെ സിനിമ തീരുന്നു. അവൾ ഞെട്ടിയുണരുന്നു; താനും തൻ്റെ ഭാവിവരനും, തങ്ങൾക്ക് ജനിതകപ്പൊരുത്തമുണ്ടോ എന്നറിയാൻ, പരിശോധനക്ക് വിധേയമാകണമെന്ന് തീരുമാനിക്കുന്നു (1920കളിൽ, കുടുംബ ചരിത്രത്തിൽ മാനസികമാന്ദ്യം അപസ്മാരം, ബധിരത, അസ്ഥിരോഗങ്ങൾ, കുള്ളത്തം, അന്ധത എന്നിവയുണ്ടോയെന്ന വിലയിരുത്തലുകളടങ്ങുന്ന വിവാഹപൂർവ്വജനിതകപരിശോധനകൾ അമേരിക്കയിലെ പൊതുജനങ്ങൾക്കായ്, വ്യാപകമായ്, പരസ്യം ചെയ്യപ്പെട്ടിരുന്നു). അതിമോഹമെന്ന് പറയട്ടേ, ഈ സിനിമയെ "കമിതാക്കൾക്കുള്ള രാത്രി" ചിത്രമായ് വിപണനം ചെയ്യാനാണ് ഹേയ്സെൽഡെൻ ഉദ്ദേശിച്ചത്. അതിൽ എല്ലാമുണ്ടായിരുന്നു: പ്രേമം, സുഖാനുഭൂതി, ഉദ്വേഗം, നർമ്മം --- ഇടക്ക് ചില്ലറ ശിശുഹത്യയും.

 തടവിലിടുന്നതിൽ നിന്ന് വന്ധീകരണത്തിലേക്കും, അവിടെനിന്ന്
പച്ചക്കൊലപാതകത്തിലേക്കും അമേരിക്കയിലെ യൂജെനിക്സ് പ്രസ്ഥാനത്തിൻ്റെ മുൻനിര പുരോഗമിച്ചപ്പോൾ, യൂറോപ്പിലെ ഉൽകൃഷ്ടജീൻവിദഗ്ദ്ധർ ഈ ആരോഹണത്തെ ആവേശത്തോടെയും അസൂയയോടെയും നോക്കിനിന്നു. ബക്ക് v. ബെൽ കഴിഞ്ഞ് ഒരു ദശാബ്ദം തികയും മുമ്പ്, 1936 ൽ ആ ഭൂഖണ്ഡത്തെ, തീക്ഷ്‌ണമായൊരു മഹാമാരിപോലെ, ജനിതകഭാഷയേയും, പാരമ്പര്യഭാഷയേയും അവയുടെ ഏറ്റവും പ്രബലവും ഭീകരവുമായ രൂപത്തിലേക്ക് മാറ്റിക്കൊണ്ട്,    "ജനിതകശുദ്ധീകരണ"ത്തിൻ്റെ കൂടുതൽ വിഷരൂക്ഷമായൊരു രൂപം വിഴുങ്ങാനിരിക്കുകയായിരുന്നു.
------------------------------------------------------------------------------------------
* ഹോട്ടൽ കാലിഫോർണിയയെന്ന അമേരിക്കൻ അധോലോകത്തെക്കുറിച്ചുള്ള പാട്ടിൽ നിന്ന്. 
** Kurtz: കോൺറാഡിൻ്റെ "ഹാർട്ട് ഓവ് ഡാർക്‌നെസ്സി"ലെ ക്രൂരകഥാപാത്രം.   
*** The Roaring Twenties: മദ്യനിരോധനമെതിർക്കുകയും, നൃത്തത്തിൻ്റെ, വസ്ത്രധാരണത്തിൻ്റെ നവീനരീതികളിൽ അഭിരമിക്കുകയും, പരമ്പരാഗത സദാചാരമാനദണ്ഡങ്ങളിൽനിന്ന് വ്യതിചലിക്കുകയും ചെയ്ത തലമുറ. 
****നിശ്ചയമായും, അമേരിക്കയിലെ യൂജെനിക്സിനെ മുന്നോട്ടു നയിച്ചതിൽ അടിമത്തത്തിൻ്റെ ചരിത്രപൈതൃകത്തിനും ഒരു പ്രധാന പങ്കുണ്ട് . നീചജീനുകളുള്ള ആഫ്രിക്കനടിമകൾ വെള്ളക്കാരെ കല്യാണം കഴിക്കുകവഴി ജീൻശേഖരം മലിനമാകുമെന്ന് ഭയന്ന്, വെള്ളക്കാരായ ഉൽകൃഷ്ടജീൻവാദികൾ പണ്ടേ പേടിച്ചു വിറച്ചിരുന്നു. എന്നാൽ, 1860കളിൽ പ്രഖ്യാപിക്കപ്പെട്ട അന്തർവംശീയവിവാഹനിരോധനനിയമങ്ങൾ ഈ ഭീതികളെ മിക്കവാറും ശമിപ്പിച്ചിരുന്നു. വെള്ളക്കാരായ കുടിയേറ്റക്കാരെ , എന്നാൽ, തിരിച്ചറിഞ്ഞ് വേർതിരിക്കുക അത്ര അനായാസമായിരുന്നില്ല. അത്, 1920കളിൽ, വംശീയമലിനീകരണത്തേയും, അന്തർവംശീയവിവാഹത്തേയും കുറിച്ചുള്ള ആശങ്കകളെ വിപുലീകരിച്ചു. 
***** bodice-ripping: ഭൂതകാലത്തിലധിഷ്ഠിതമായ, ധാരാളം ലൈംഗീക രംഗങ്ങളുള്ള നോവലിനേയോ, സിനിമയേയോ വിശേഷിപ്പിക്കുന്നത്; ഒരാൾക്ക് നല്ലതെന്ന് തോന്നാത്തപ്പോഴാണ് ഈ വാക്കുപയോഗിക്കാറ്.
*************************************************************************************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...