2020, ജൂലൈ 27, തിങ്കളാഴ്‌ച

9: Gene

 നേരുകളും 

അനുരഞ്ജനങ്ങളും

എല്ലാം മാറി; 
ആകെ മാറി:
ഒരു ഭീകരസൗന്ദര്യം പിറക്കയായി.
                                              --- വില്യം ബട്ട്ളർ യേറ്റ്സ്, ഈസ്റ്റർ, 1916   

ജീവശാസ്ത്രത്തിന് "പുറത്താണ്" ജീനിൻ്റെ ജനനം. അതുകൊണ്ട് ഞാൻ അർത്ഥമാക്കുന്നത് ഇതാണ്: പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അവസാനം ജീവശാസ്ത്രങ്ങളിലൂടെ കത്തിക്കയറിയ മുഖ്യപ്രശ്നങ്ങളുടെ പട്ടികയിലൊരിടത്തും പാരമ്പര്യത്തിന് സവിശേഷമായ  ഉന്നതസ്ഥാനമൊന്നുമുണ്ടായിരുന്നില്ല. ജീവജന്തുക്കളിൽ ഗവേഷണം നടത്തുകയായിരുന്ന ശാസ്ത്രജ്ഞന്മാർ മറ്റു സംഗതികളിലാണ് മുഴുകിയിരുന്നത്: ഭ്രൂണപഠനം, കോശജീവശാസ്ത്രം, വംശോൽപ്പത്തി, ജീവപരിണാമം. കോശങ്ങൾ പ്രവർത്തിക്കുന്നതെങ്ങനെ? ഭ്രൂണത്തിൽനിന്ന് ജീവിയുണ്ടാകുന്നതെങ്ങനെ? വംശങ്ങൾ ആവിർഭവിക്കുന്നതെങ്ങനെ? പ്രകൃതിയുടെ വൈജാത്യത്തിന് പിന്നിലെന്താണ്?

പക്ഷേ, ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരത്തിനുള്ള പരിശ്രമങ്ങൾ ഒരേ കാലഘട്ടത്തിലാണ് കൂടിക്കുഴഞ്ഞുപോയത്. എല്ലാ പ്രശ്നത്തിലും കിട്ടാതെപോയ കണ്ണി വിവരങ്ങൾ  ആയിരുന്നു. ഓരോ കോശത്തിനും, ഓരോ ജീവജന്തുവിനും അതിൻ്റെ ശാരീരികധർമ്മങ്ങൾ നിർവ്വഹിക്കാൻ വിവരങ്ങൾ ആവശ്യമാണ്. എന്നാൽ, ആ വിവരങ്ങളുടെ ഉറവിടമേത്? ഭ്രൂണത്തിന് വളർച്ചയെത്തിയ ജീവിയാകാൻ സന്ദേശമാവശ്യമാണ്. പക്ഷേ, ഈ സന്ദേശത്തെ വഹിക്കുന്നതെന്താണ്? അതേപോലെ, ഒരു ഗണത്തിലെ അംഗം താൻ ആ ഗണത്തിലേയാണ്, മറ്റൊരു ഗണത്തിൽപ്പെട്ടതല്ലായെന്ന് എങ്ങനെയാണ് "അറിയുന്നത്"?

ഈ സകലപ്രശ്നങ്ങൾക്കുമുള്ള സാദ്ധ്യമായൊരു പരിഹാരം ഒറ്റയടിക്ക് നൽകിയെന്നതാണ് ജീനിൻ്റെ വൈദഗ്ദ്ധ്യഗുണം. കോശത്തിന് ഉപാപചയപ്രവർത്തനം നിർവ്വഹിക്കാനുള്ള വിവരം? ഓ, അത് കോശത്തിലെ ജീനുകളിലുണ്ടല്ലോ. ഭ്രൂണത്തിൽ ഗുപ്തമാക്കപ്പെട്ടിരിക്കുന്ന സന്ദേശം? അതും ജീനുകളിൽ കോഡീകരിക്കപ്പെട്ടിട്ടുണ്ടല്ലോ. ജീവജന്തുക്കൾ  പ്രത്യുൽപ്പാദിപ്പിക്കുമ്പോൾ, അവ ഭ്രൂണനിർമ്മാണത്തിനും, കോശധർമ്മനിർവ്വഹണത്തിനും, ഉപാപചയക്ഷമതക്കും, ഇണചേരാനുള്ള അനുഷ്ഠാനനൃത്തങ്ങൾക്കും, വിവാഹഭാഷണങ്ങൾക്കും, ഒരേയിനത്തിലെ ഭാവിസന്താനങ്ങളുടെ സൃഷ്ടിക്കുമുള്ള സന്ദേശങ്ങൾ പകരുന്നു --- എല്ലാം ഗംഭീരവും ഏകീകൃതവുമായ ഒരൊറ്റ ചേഷ്ടയിലൂടെ. പാരമ്പര്യത്തിന് ജീവശാസ്ത്രത്തിലെ ഒരു പാർശ്വസ്ഥിതപ്രശ്നമായിരിക്കാനാകില്ല. അതിൻ്റെ കേന്ദ്രസ്ഥിതചോദ്യങ്ങളിലാണ് അതിൻ്റെ സ്ഥാനം. സാധാരണനിലയിൽ പാരമ്പര്യത്തെക്കുറിച്ച് നാം ചിന്തിക്കുമ്പോൾ, തലമുറകളിലൂടെ സ്വായത്തമായ സവിശേഷലക്ഷണങ്ങളെകുറിച്ചാണ് നാമോർക്കുക: പിതൃനാസികയുടെ വിചിത്രാകൃതി, കുടുംബപരമായ   അസാധാരണരോഗബാധ. പക്ഷേ, പാരമ്പര്യം പരിഹരിക്കുന്ന യഥാർത്ഥ പ്രഹേളിക കൂടുതൽ സാമാന്യമായതാണ്: ഒരു മൂക്ക് --- അതേതു മൂക്കായാലും ---  നിർമ്മിക്കാൻ, ആദ്യമേതന്നെ, ഒരു ജീവജന്തുവിനെ സഹായിക്കുന്ന സന്ദേശത്തിൻ്റെ സ്വഭാവമെന്താണ്?

😈

ജീവശാസ്ത്രത്തിലെ മുഖ്യപ്രശ്‌നത്തിന് ജീനാണ് ഉത്തരമെന്ന വൈകിവന്ന വിവേകത്തിന് വിചിത്രമായ അനന്തരഫലങ്ങളുണ്ടായി: ഒരു വീണ്ടുവിചാരമെന്നപോലെ, ജീവശാസ്ത്രത്തിലെ മറ്റു പ്രധാനമേഖലകളുമായ് ജനിതകശാസ്ത്രത്തെ ഇണക്കിച്ചേർക്കേണ്ടി വന്നു. ജീവശാസ്ത്രപരമായ വിവരങ്ങളുടെ മുഖ്യവിനിമയനാണ്യം ജീനാണെങ്കിൽ, പാരമ്പര്യം മാത്രമല്ലാ, ജീവലോകത്തിലെ എല്ലാ മുഖ്യലക്ഷണങ്ങളും ജീനുകൾ പ്രകാരം വിശദീകരിക്കാൻ പറ്റേണ്ടതാണ്. ഒന്നാമത്, വൈജാത്യമെന്ന പ്രതിഭാസത്തെ ജീനുകൾ വിശദീകരിക്കേണ്ടതുണ്ട്: ഉദാഹരണമായ്, മനുഷ്യനേത്രങ്ങൾക്ക് ആറു വ്യതിരിക്തരൂപങ്ങളല്ലാ, പ്രത്യക്ഷത്തിൽ, നിരന്തരമായ അറുപതു കോടി വൈജാത്യങ്ങളാണുള്ളതെന്നത്, പാരമ്പര്യത്തിൻ്റെ വിഭിന്നയേകകങ്ങൾക്ക് എങ്ങനെ വിശദീകരിക്കാനാകും? രണ്ടാമത്, ജീനുകൾ ജീവപരിണാമത്തെ വിശദീകരിക്കണം: ജീവജന്തുക്കൾ കാലാന്തരത്തിലൂടെ വിപുലമായ വിഭിന്നരൂപങ്ങളും ലക്ഷണങ്ങളും കൈവരിച്ചത് ഇത്തരം ഏകകങ്ങളുടെ പരമ്പരാഗതസിദ്ധിക്ക് എങ്ങനെ വ്യക്തമാക്കാനാകും? ഇനി മൂന്നാമത്, ജീനുകൾ വളർച്ചയെ വിശദീകരിക്കേണ്ടതുണ്ട്: ഭ്രൂണത്തിൽനിന്ന് ജീവജന്തുവിനെ സൃഷ്ടിക്കാനുള്ള കോഡ് നിർദ്ദേശിക്കാൻ സന്ദേശത്തിൻ്റെ സ്വതന്ത്രയേകകങ്ങൾക്ക് എങ്ങിനെ സാധിക്കുന്നു?

പ്രകൃതിയുടെ ഭൂതവർത്തമാനഭാവികളെ ജീനിൻ്റെ കണ്ണിലൂടെ വിവരിക്കുവാനുള്ള ശ്രമമായ് ഈ മൂന്നു അനുരഞ്ജനങ്ങളേയും നമുക്ക് കാണാം. ജീവപരിണാമം പ്രകൃതിയുടെ ഭൂതകാലത്തെ വർണ്ണിക്കുന്നു: ജീവജാലങ്ങൾ ആവിർഭവിക്കുന്നതെങ്ങനെ? വൈജാത്യം അതിൻ്റെ വർത്തമാനത്തെ വർണ്ണിക്കുന്നു: ജീവികളിപ്പോൾ ഇങ്ങനെയിരിക്കുന്നതെന്തുകൊണ്ട്? പിന്നെ, ഭ്രൂണോൽപ്പത്തി ഭാവി പ്രവചിക്കുവാൻ പരിശ്രമിക്കുന്നു: തൻ്റെ അന്തിമമായ സവിശേഷരൂപം സ്വായത്തമാക്കുന്ന ഒരു ജീവജന്തുവിനെ ഒരൊറ്റ കോശം എങ്ങനെ സൃഷ്ടിക്കുന്നു?

1920നും 1940നുമിടക്കുള്ള പരിവർത്തനോന്മുഖദശാബ്ദങ്ങളിൽ, ജനിതകശാസ്ത്രകാരന്മാരുടേയും, ശരീരഘടനാശാസ്ത്രകാരന്മാരുടേയും, കോശശാസ്ത്രജ്ഞരുടേയും, സ്ഥിതിവിവരകണക്കുവിദഗ്ദ്ധരുടേയും, ഗണിതശാസ്ത്രകാരന്മാരുടേയും സവിശേഷമായൊരു സഖ്യത്തിലൂടെ  ആദ്യത്തെ രണ്ടു പ്രശ്നങ്ങൾ --- അതായത് ജീവവൈജാത്യവും, ജീവപരിമാണവും --- പരിഹരിക്കപ്പെട്ടു. മൂന്നാമത്തേത് --- ഭ്രൂണവളർച്ച --- പരിഹരിക്കപ്പെടാൻ കൂടുതൽ സംഘടിതമായ പരിശ്രമം വേണ്ടിവന്നു. വിരോധാഭാസമെന്ന് പറയട്ടേ, ആധുനികജനിതകശാസ്ത്രമെന്ന പഠനവിഷയത്തിന് തിരികൊളുത്തിയത് ഭ്രൂണശാസ്ത്രമാണെങ്കിലും, ജീനുകളും ജീവോൽപ്പത്തിയും തമ്മിലുള്ള അനുരഞ്ജനം, വിപുലമായ രീതിയിൽ പങ്കുകളുണ്ടായ ഒരു ശാസ്ത്രീയപ്രശ്‌നമായ് മാറി.

😈

1909ൽ റൊണാൾഡ് ഫിഷറെന്ന് പേരുള്ള ഒരു യുവഗണിതശാത്രജ്ഞൻ കേംബ്രിഡ്ജിലെ കയസ് കാളേജിൽ പ്രവേശിച്ചു. പടിപടിയായ് കാഴ്‌ച നഷ്ട്ടപ്പെടുന്ന ഒരു പാരമ്പര്യരോഗം ജനനാലേയുണ്ടായിരുന്ന ഫിഷർ കൗമാരാദിയിലേ ഏകദേശം പൂർണ്ണമായും അന്ധനായി. അദ്ദേഹത്തിൻ്റെ ഗണിതപഠനം ഭൂരിഭാഗവും കടലാസും പേനയുമില്ലാതെയായിരുന്നു. അതിനാൽ, കടലാസിൽ സമവാക്യങ്ങൾ എഴുതുന്നതിന് മുമ്പ് മനക്കണ്ണിൽ പ്രശ്നങ്ങളെ വിഭാവനം ചെയ്യാനുള്ള കഴിവ് അദ്ദേഹത്തിന് പ്രാപ്തമായി. ഒരു ഹൈസ്‌കൂൾ വിദ്യാർത്ഥിയെന്ന നിലയിൽ ഗണിതത്തിൽ അദ്ദേഹം മികവുകാട്ടിയിരുന്നു. എന്നാൽ, കേംബ്രിഡ്ജിൽ അദ്ദേഹത്തിന് നേത്രരോഗമൊരു ഭാരമായി. ഗണിതമെഴുതാനും വായിക്കാനുമുള്ള തൻ്റെ  കഴിവുകേടിൽ നിരാശരായ അദ്ധ്യാപകരാൽ അപമാനിക്കപ്പെട്ട ഫിഷർ വൈദ്യത്തിലേക്ക് കാലുമാറി; പക്ഷേ, പരീക്ഷകളിൽ പരാജിതനായി (ഡാർവ്വിനെപ്പോലെ, മെൻഡലിനെപ്പോലെ, ഗാൾട്ടണെപ്പോലെ ---  സാമ്പ്രദായിക നാഴികക്കല്ലുകൾ കടക്കുന്നതിലുള്ള പരാജയം ഈ കഥയിലെ നിരന്തര പ്രമേയമാണെന്ന് തോന്നുന്നു). 1914ൽ യൂറോപ്പിൽ ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ, ഫിഷർ ലണ്ടൻ നഗരത്തിൽ ഒരു
സ്ഥിതിവിവരക്കണക്കുവിദഗ്ദ്ധനായ്‌ ജോലി ചെയ്യാൻ തുടങ്ങി.

ഫിഷർ പകൽനേരം ഇൻഷൂറൻസ് കമ്പനികളുടെ കണക്കുകൾ പരിശോധിക്കും. രാത്രി, ലോകം തൻ്റെ കണ്ണുകൾക്കു മുമ്പിൽ ഏറെക്കുറേ പൂർണ്ണമായും അസ്തമിച്ചിരിക്കേ, അദ്ദേഹം ജീവശാസ്ത്രത്തിൻ്റെ സൈദ്ധാന്തികവശങ്ങളിലേക്ക് തിരിയും. ജീവശാസ്ത്രത്തിൻ്റെ "മനസ്സിനെ" "കണ്ണുകളുമായ്" എങ്ങനെ യോജിപ്പിക്കാമെന്നതായിരുന്നൂ ഫിഷറിനെയും ആമഗ്നമാക്കിയ ശാസ്ത്രീയപ്രശ്നം. ക്രോമസോമുകൾ പേറുന്ന വ്യതിരിക്തവിവരപരമാണുക്കളാണ് പാരമ്പര്യസന്ദേശവാഹകരെന്ന് ജീവശാസ്ത്രത്തിലെ മഹാമനസ്സുകളെല്ലാം, 1910 ആയപ്പോഴേക്കും, അംഗീകരിച്ചു കഴിഞ്ഞിരുന്നു. പക്ഷേ, ജീവലോകത്തിൽ ദൃശ്യമായവയെല്ലാം സൂചിപ്പിച്ചത് ന്യൂനതകളേറെക്കുറെയില്ലാത്ത ഒരു നൈരന്തര്യമാണ്. ഉയരം, തൂക്കം, എന്തിന്, ബുദ്ധിപോലുമുള്ള ഗുണങ്ങൾ നിർബാധവും നിരന്തരവുമായാണ് മണിയാകൃതിയിലുള്ള വക്രരേഖകളിൽ വിതരണം ചെയ്യപ്പെടുന്നതെന്ന് പത്തൊമ്പതാം നൂറ്റാണ്ടിലെ ജീവപരിമാണവിശാദരരായ ക്വേറ്റ് ലെറ്റും, ഗാൾട്ടണും തെളിയിച്ചിരുന്നല്ലോ. ഒരു ജീവിയുടെ വളർച്ചപോലും --- പരമ്പരാഗതമായ് ഏറ്റവും സ്പഷ്ടമായ് ലഭിക്കുന്ന വിവരശ്രേണി --- വ്യതിരിക്തമായ സ്ഫോടനങ്ങളിലൂടെയല്ലാ, അഭംഗമായ നിരന്തരതയിലൂടെയാണെന്ന പ്രതീതിയാണുളവാക്കുന്നത്. ഒരു പുഴു ഇടവിട്ട പടികളിലൂടെയല്ലാ പൂമ്പാറ്റയാകുന്നത്. ഫിഞ്ചുകളുടെ കൊക്കുവലുപ്പം രേഖപ്പെടുത്തിയാൽ, അതും ഇടതടവില്ലാത്തൊരു വക്രരേഖയിൽ കൊള്ളുന്നതായ് കാണാം. "പ്രത്യേകം, പ്രത്യേകം
വിവരപരമാണുക്കൾ" ---- പാരമ്പര്യത്തിൻ്റെ സൂക്ഷ്മബിന്ദുക്കൾ [pixels] ---എങ്ങനെയാണ് ജീവലോകത്ത് ദൃശ്യമാകുന്ന അഭംഗതയ്ക്ക് ജന്മമേകുന്നത്?

പാരമ്പര്യലക്ഷണങ്ങളുടെ സൂക്ഷ്മമായ ഒരു ഗണിതമാതൃകയുണ്ടാക്കിയാൽ ഈയൊരു പൊരുത്തക്കേട് പരിഹരിക്കാനായേക്കാമെന്ന് ഫിഷർ മനസ്സിലാക്കി. അങ്ങേയറ്റം സ്വതന്ത്രമായ ലക്ഷണങ്ങളെ   തെരഞ്ഞെടുത്തുകൊണ്ട് മെൻഡൽ, തുടക്കത്തിൽ, നേരായ് വളർന്ന ചെടികളെയാണ് സങ്കരണം ചെയ്‌തതെന്ന കാരണത്താലാണ്, അദ്ദേഹം ജീനുകളുടെ തുടർച്ചയില്ലാത്ത സ്വഭാവം കണ്ടുപിടിച്ചതെന്ന് ഫിഷറിന് അറിയാമായിരുന്നു. പക്ഷേ, വെറും രണ്ടവസ്ഥകളിലുള്ള --- "ഉയരമുള്ളതും", "ഇല്ലാത്തതും", "പ്രവർത്തിക്കുന്നതും", "അല്ലാത്തതും" --- ജീനുകളുടെ ഫലമായല്ല, നിരവധി ജീനുകളുടെ ഫലമായാണ് യഥാർത്ഥ ലോകത്തിലെ ഉയരം, ചർമ്മനിറം തുടങ്ങിയ ലക്ഷണങ്ങളുണ്ടാകുന്നതെങ്കിലോ? ഉദാഹരണത്തിന്, ഉയരത്തെ നിയന്ത്രിക്കുന്ന അഞ്ചു ജീനുകളുണ്ടെങ്കിലോ? അല്ലെങ്കിൽ, നാസികാകാരം നിയന്ത്രിക്കുന്ന ഏഴു ജീനുകളുണ്ടെങ്കിലോ?

അഞ്ചോ, ഏഴോ ജീനുകളുടെ നിയന്ത്രണത്തിലുള്ള ഒരു ഗുണത്തിൻ്റെ മാതൃകയുണ്ടാക്കാനുള്ള ഗണിതം അത്രയൊന്നും സങ്കീർണ്ണമല്ലെന്ന് ഫിഷർ കണ്ടെത്തി. പരിഗണനയിൽ മൂന്നു ജീനുകളാണെങ്കിൽ, മൊത്തം ആറ് അപരങ്ങൾ (alleles) അല്ലെങ്കിൽ വ്യത്യസ്തജീനുകൾ ഉണ്ടാകും ---  മൂന്ന് അമ്മയിൽനിന്ന്; മൂന്ന് അച്ഛനിൽനിന്നും. ഈ ആറ് വ്യതസ്ത ജീനുകളുടെ ലളിതമായ സംയോജനാഗണനത്തിൻ്റെ ഫലമായുളവായത് ഇരുപത്തിയേഴ് സവിശേഷസംയുക്തങ്ങളാണ്. അങ്ങനെയെങ്കിൽ, ഓരോ സംയുക്തവും "ഉയര"ത്തിൽ പ്രഭാവം ചെലുത്തുന്നുണ്ടെങ്കിൽ, അതിൻ്റെ ഫലം നിര്‍വിഘ്‌നമായിരിക്കുമെന്ന് ഫിഷർ കണ്ടെത്തി.

അഞ്ചു ജീനുകളെടുത്ത് തുടങ്ങുകയാണെങ്കിൽ, സംയുക്തങ്ങളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടാകുന്നതായ് കാണപ്പെട്ടു. ഈ സംയോജനങ്ങളുടെ ഫലമായുണ്ടാകുന്ന ഉയരവൈജാത്യങ്ങൾ അഭംഗുരമാണെന്നും കാണപ്പെട്ടു. ഇവക്കൊപ്പം പരിസ്ഥിതിപ്രഭാവം --- ഉയരത്തിനുമേൽ ആഹാരത്തിനുള്ള സ്വാധീനം, ചർമ്മനിറത്തിനുമേലുള്ള സൂര്യപ്രകാശത്തിൻ്റെ പ്രഭാവം --- കൂട്ടിക്കൂട്ടിയാൽ, കൂടുതൽ സവിശേഷമായ സംയോജനങ്ങളും ഫലങ്ങളും ലഭിക്കുമെന്നും, അവയെല്ലാം, അന്തിമമായ്, ഒരു ക്രമക്കേടുമില്ലാത്ത, നിർവിഘ്നമായ, വക്രരേഖകളെ സൃഷ്ടിക്കുമെന്നും ഫിഷർക്ക് വിഭാവനം ചെയ്യാൻ കഴിഞ്ഞു. മഴവില്ലിൻ്റെ ഏഴ് അടിസ്ഥാന നിറങ്ങൾ ചാലിച്ച ഏഴ് സുതാര്യമായ കടലാസു ചീളുകളെ സങ്കൽപ്പിക്കുക. ഓരോ ചീളും മറ്റൊരു ചീളിന് തൊട്ടടുത്തായടുക്കിവെച്ചാൽ, എല്ലാ നിറഭേദങ്ങളും ഉൽപ്പന്നമാക്കാൻ പറ്റും. നിറങ്ങൾ പരസ്‌പരം ലയിക്കുകയില്ലെങ്കിലും, അടുക്കിവെച്ചതിൻ്റെ ഫലമായി, ശരിക്കും അഭംഗുരമെന്ന പ്രതീതിയുളവാക്കുന്ന ഒരു വർണ്ണരാജി സ്രഷ്ടമാകും.

1918ൽ ഫിഷർ തൻ്റെ അപഗ്രഥനം ഒരു ലേഖനത്തിൽ പ്രകാശിപ്പിച്ചു: "മെൻഡലിൻ്റെ പരികല്പനയിലെ ബന്ധു(സസ്യങ്ങൾ)ക്കൾ തമ്മിലുള്ള പരസ്പര ബന്ധം". പ്രബന്ധശീർഷകം വളഞ്ഞുപുളഞ്ഞതെങ്കിലും, അതിലെ സന്ദേശം സംക്ഷിപ്തമായിരുന്നു. ഒരു ലക്ഷണത്തിന്മേൽ മൂന്നു മുതൽ അഞ്ചു വരെയുള്ള വിജാതീയജീനുകളുടെ സ്വാധീനങ്ങളെ
മിശ്രണം ചെയ്താൽ, ന്യൂനത തീരെക്കുറവായ ഒരു നൈരന്തര്യം പ്രതിഭാസരൂപത്തിൽ [phenotype] സൃഷ്ടിക്കാൻ കഴിയും. "മനുഷ്യവൈജാത്യസാദ്ധ്യതയുടെ കൃത്യമായ തോത്," മെൻഡലിൻ്റെ ജനിതകഗവേഷണത്തിൻ്റെ വ്യക്തമായ വലിച്ചുനീട്ടലിലൂടെ വിശദീകരിക്കാൻ കഴിയുമെന്ന് അദ്ദേഹമെഴുതി. കുത്തുകൾകൊണ്ടുണ്ടാക്കുന്ന ഒരു ചിത്രത്തിലെ ഒരു ബിന്ദുവിന്റേതുപോലെയാണ് ഒരു ജീനിൻ്റെ ഒറ്റതിരിഞ്ഞുള്ള പ്രഭാവം. അകത്തേക്ക് സൂക്ഷിച്ചു നോക്കിയാൽ ഓരോ ബിന്ദുവും സ്വതന്ത്രവും, വ്യതിരിക്തവുമാണ്. പക്ഷേ, പ്രകൃതിയിൽ നാം കാണുന്നതും, അനുഭവിക്കുന്നതും ബിന്ദുക്കളുടെ സാകല്യമാണ്: അഭംഗമായൊരു ചിത്രമുണ്ടാക്കുന്ന സൂക്ഷ്മബിന്ദുക്കളുടെ [pixels] മേളനം.

😈

രണ്ടാമത്തെ അനുരഞ്ജനത്തിന് --- ജനിതകശാസ്ത്രവും ജീവപരിണാമവും തമ്മിലുള്ളതിന് --- ഗണിതമാതൃകയുണ്ടാക്കിയാൽ മാത്രം പോരായിരുന്നു. അതിനാധാരമായ് പരീക്ഷണത്തെളിവുകൾ വേണമായിരുന്നു. പ്രകൃതിനിർദ്ധാരണത്തിലൂടെയാണ് ജീവപരിണാമം സംഭവിക്കുന്നതെന്ന നിഗമനത്തിൽ ഡാർവ്വിൻ എത്തിച്ചേർന്നിരുന്നല്ലോ. എന്നാൽ, പ്രകൃതിനിർദ്ധാരണം നടക്കണമെങ്കിൽ പ്രാകൃതികമായ എന്തെങ്കിലും നിർദ്ധരിക്കപ്പെടാനായ് ഉണ്ടാകണമല്ലോ. വിജയികളും, പരാജിതരും   തെരഞ്ഞെടുക്കപ്പെടാൻ, വന്യപ്രകൃതിയിലെ ജീവജന്തുഗണത്തിന് ആവശ്യമായത്ര പ്രകൃതിവൈജാത്യം വേണം. ഉദാഹരണത്തിന്, ഒരു ദ്വീപിലുള്ള ഫിഞ്ചുപറ്റത്തിന് കൊക്കുവലുപ്പങ്ങളിൽ ആവശ്യമായത്ര സഹജവിഭിന്നതയില്ലെങ്കിൽ, ക്ഷാമകാലത്തിന് കാഠിന്യമോ, ദൈർഘ്യമോ കൊക്കുകളുള്ള പക്ഷികളെ തെരഞ്ഞെടുക്കാൻ പറ്റാതാകും. ആ നാനാത്വം ഇല്ലെങ്കിൽ --- എല്ലാ ഫിഞ്ചുകൾക്കും ഒരേതരം കൊക്കാണെങ്കിൽ --- നിർദ്ധാരണം പുറത്തുവരിക ശൂന്യമായ കൈകളോടെ ആയിരിക്കും. ഒരൊറ്റയടിക്ക് സർവ്വപറവകളും നാമാവശേഷമാകും. ജീവപരിണാമം നിന്നിടത്ത് നിലക്കും.

വന്യപ്രകൃതിയിൽ, പക്ഷേ, പ്രകൃതിവൈജാത്യമുളവാക്കുന്ന ആ യന്ത്രമേതാണ്? ഉൾപ്പരിവർത്തനങ്ങളാണ്  വിഭിന്നതകൾക്ക് ഹേതുവെന്ന് ഹ്യൂഗോ ഡ വ്രീസ് അഭിപ്രയപ്പെട്ടിരുന്നതാണ്: ജീനുകളിലെ മാറ്റങ്ങൾ പ്രകൃതിശക്തികൾക്ക് തെരഞ്ഞെടുക്കാവുന്ന രൂപമാറ്റങ്ങൾ സൃഷ്ടിക്കുന്നു. യഥാർത്ഥജീനുകളിലെ തിരിച്ചറിയാവുന്ന ഉൾപ്പരിവർത്തനങ്ങൾ, വിഭിന്നതകൾക്ക് ഉത്തരവാദികളാണെന്നതിന് പരീക്ഷണത്തെളിവുകളുണ്ടോ? പൊടുന്നനേ, സഹജമായ്‌, സംഭവിക്കുന്നതാണോ ഉൾപ്പരിവർത്തനങ്ങൾ? അതോ, വന്യജീവസമൂഹങ്ങളിൽ ധാരാളം ജനിതകവ്യതിയാനങ്ങൾ നേരത്തെത്തന്നെ സന്നിഹിതമായിട്ടുണ്ടായിരുന്നോ? പ്രകൃതിനിർദ്ധാരണാനന്തരം ജീനുകൾക്ക് എന്തു സംഭവിക്കുന്നു?

അമേരിക്കയിലേക്ക് കുടിയേറിയ ഉക്രേനിയൻ ജീവശാസ്ത്രജ്ഞൻ  തിയോഡോസിയസ് ഡോബ്ഷാൻസ്‌കി, 1930കളിൽ, വന്യജീവസമൂഹത്തിലെ ജനിതകവൈജാത്യങ്ങളുടെ വാപുല്യം വിശദീകരിക്കാൻ ഒരുങ്ങിപ്പുറപ്പെട്ടു. കൊളംബിയായിലെ "ഈച്ചമുറി"യിൽ, തോമസ് മോർഗനു കീഴിൽ, ഡോബ്ഷാൻസ്‌കി പരിശീലിച്ചിരുന്നു. പക്ഷേ, വന്യതയിലെ ജീനുകളെ വിവരിക്കാൻ താൻ സ്വയം വന്യമാകേണ്ടതുണ്ടെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. വലകളും, ശലഭക്കൂടുകളും, ചീഞ്ഞ പഴങ്ങളും ആയുധങ്ങളാക്കി, അദ്ദേഹം വന്യശലഭങ്ങളെ ശേഖരിക്കാൻ തുടങ്ങി; ആദ്യം, കാൽടെക്കിൽ; പിന്നെ, മൌണ്ട് സാൻ യാസിന്തോയിൽ; കാലിഫോർണിയായിലെ സിയേറാ നെവാഡായിൽ; ഒടുവിൽ, അമേരിക്കയിലെ മൊത്തം കാടുകളിലും, മലകളിലും. അദ്ദേഹത്തിൻ്റെ,   ലാബുബെഞ്ചുകളിൽ കുറ്റിയടിച്ച, സഹപ്രവർത്തകർ  അദ്ദേഹത്തിന് മുഴുവട്ടായെന്ന് വിചാരിച്ചു. അദ്ദേഹം ഗലാപഗോസിലേക്ക് വിട്ടിരുന്നെങ്കിൽ, അതായിരുന്നേനെ നല്ലത്.

വന്യശലഭങ്ങളിലെ വൈജാത്യം തേടാനുള്ള തീരുമാനം നിർണ്ണായകമായെന്ന് തെളിഞ്ഞു. ഡ്രോസഫില സൂഡോഒബ്സ്കുറ  എന്ന വന്യശലഭവർഗ്ഗത്തിൽ, ആയുസ്സ്, നേത്രഘടന, മീശയുടെ രൂപം, ചിറകുവലുപ്പം എന്നീ സങ്കീർണ്ണ ലക്ഷണങ്ങളെ സ്വാധീനിക്കുന്ന നിരവധി ജീൻവൈജാത്യങ്ങളെ ഡോബ്ഷാൻസ്‌കി കണ്ടെത്തി. അവയിൽ ഏറ്റവുമധികം മുഴച്ചുനിന്നത്, ഒരേ മേഖലയിൽനിന്നു ശേഖരിക്കപ്പെട്ട ശലഭങ്ങൾക്ക്, ഒരേ ജീനിൻ്റെ സമൂലവ്യത്യാസമുള്ള രണ്ടു വിന്യാസങ്ങൾ   ഉണ്ടായിരുന്നുവെന്നതാണ്. ഈ ജനിതകവ്യതിയാനങ്ങളെ ഡോബ്ഷാൻസ്‌കി "വംശങ്ങൾ" [races] എന്ന് വിളിച്ചു. ഒരു ക്രോമസോമിലുള്ള ജീനുകളുടെ സ്ഥാനീയത അനുസരിച്ച് അവയുടെ പടമുണ്ടാക്കുകയെന്ന മോർഗൻ്റെ സങ്കേതമുപയോഗിച്ച്, ഡോബ്ഷാൻസ്‌കി മൂന്നു ജീനുകളുടെ ഒരു പടമുണ്ടാക്കി --- A, B, പിന്നെ Cയും. ചില ഈച്ചകളിൽ ഈ മൂന്നു ജീനുകളും അഞ്ചാമത്തെ ക്രോമസോമിൽ ഒരു വിന്യാസത്തിലാണ് കോർക്കപ്പെട്ടിരുന്നത്: A-B-C. മറ്റുള്ള ഈച്ചകളിൽ ഈ വിന്യാസം പൂർണ്ണമായും തലതിരിക്കപ്പെട്ടതായ് ഡോബ്ഷാൻസ്‌കി കണ്ടു: C-B-A. ഒരൊറ്റ ക്രോമസോമിലെ തലതിരിയൽ വഴി, രണ്ടു ശലഭ "വംശങ്ങൾ"ക്കിടയിലുണ്ടായ ഈ അന്തരം, പ്രകൃതിയിൽ ഏതൊരു ജനിതകശാസ്ത്രകാരനും അതേവരെ കണ്ടിട്ടുള്ള ജനിതക വ്യതിയാനത്തിനുള്ള ഒരു നാടകീയ ദൃഷ്ടാന്തമായിരുന്നു.

സംഗതികൾ അവിടെ തീർന്നില്ല. വൈജാത്യവും, നിർദ്ധാരണവും, പരിണാമവും ഒരൊറ്റ പരീക്ഷണത്തിലൂടെ വെളിവാക്കാൻ, 1943 സപ്തംബറിൽ, ഡോബ്ഷാൻസ്‌കി ഒരു ശ്രമമാരംഭിച്ചു --- ഒരു കാർബോർഡ്പെട്ടിയിൽ ഗലാപഗസ് പുനഃസൃഷ്ടിക്കാൻ. വായുനിറച്ചടച്ചുവെച്ച രണ്ടു കാർട്ടണുകളിൽ, ഒന്നിനൊന്നെന്ന അനുപാതത്തിൽ, അദ്ദേഹം ഈച്ചകളുടെ ഒരു രണ്ടിനമിശ്രിതത്തെ  --- ABC, CBA --- സംക്രമിപ്പിച്ചു. ഒരു കാർട്ടൺ തണുത്ത ഊഷ്മാവിലും, മറ്റേത് അന്തരീക്ഷോഷ്മാവിലും സൂക്ഷിക്കപ്പെട്ടു. തലമുറകളോളം ഈ ഈച്ചകളെ അദ്ദേഹം തീറ്റി, ശുചിയാക്കി; അവയ്ക്ക് വെളളം കൊടുത്തു. ഈച്ചകൾ ജനിക്കുകയും മരിക്കുകയും ചെയ്തു. പുതിയ കൃമികൾ പിറന്ന്, ഈച്ചകളായ് വളർന്ന് കാർട്ടണുകളിൽ ചത്തു വീണു. വംശങ്ങളും കുടുംബങ്ങളും --- ശലഭവർഗ്ഗം --- സ്ഥാപിതമാവുകയും, അസ്തമിക്കുകയും ചെയ്തു. നാലുമാസങ്ങൾക്കു ശേഷം ഡോബ്ഷാൻസ്‌കി രണ്ടു കാർട്ടണുകളിലേയും വിളവെടുത്തു നോക്കി; ശലഭസമൂഹം നാടകീയമായ് മാറിയിരിക്കുന്നുവെന്ന് കണ്ടു. "തണുത്ത കാർട്ടണിൽ" ABC ഇനം ഏറക്കുറെ ഇരട്ടിച്ചിരുന്നു; CBA ഇനം കുറഞ്ഞുപോയുമിരുന്നു. അന്തരീക്ഷോഷ്മാവിലുണ്ടായിരുന്ന കാർട്ടണിലാകട്ടെ, ആ ഇനങ്ങൾ വിപരീതാനുപാതത്തിലായിരുന്നു.

ജീവപരിണാമത്തിലെ നിർണ്ണായകമായ എല്ലാ കൂട്ടുകളും അദ്ദേഹം പിടിച്ചെടുത്തിരുന്നു. ജീൻവിന്യാസങ്ങളിൽ സഹജവൈജാത്യമുള്ള ഒരു ജീവിസമൂഹത്തിൻ്റെ കൂടെ, അദ്ദേഹം ഒരു പ്രകൃതി നിർദ്ധാരണ ശക്തി കൂടി കൂട്ടിച്ചേർത്തു --- ഊഷ്മാവിനെ. "അത്യർഹരായ"വർ  --- താഴ്ന്നതോ, ഉയർന്നതോ ആയ ഊഷ്മാവിനോട് ഒന്നാന്തരമായ് അനുരൂപപ്പെട്ടവ --- അതിജീവിച്ചു. പുതുശലഭങ്ങൾ ജനിക്കുകയും, നിർദ്ധരിക്കപ്പെടുകയും, വളരുകയും ചെയ്യവേ, ജീനുകളുടെ ആവൃത്തി മാറുകയും, നവജനിതകഘടനകളുള്ള ശലഭസമൂഹങ്ങലുണ്ടാവുകയും ചെയ്തു.

😈

ജനിതകശാസ്ത്രവും, പ്രകൃതി നിർദ്ധാരണവും, ജീവപരിണാമവും തമ്മിലുള്ള കൂടിച്ചേരലിനെ ഔപചാരികമായ വാക്കുകളിൽ  വിശദീകരിക്കാൻ, ഡോബ്ഷാൻസ്‌കി രണ്ട് പ്രധാന പദങ്ങളെ പുനരുജ്ജീവിപ്പിച്ചു: ജനിതകരൂപം [genotype]; പ്രതിഭാസരൂപം [phenotype]. ഒരു ജീവജന്തുവിൻ്റെ ജനിതക ഘടനയാണ് ജനിതകരൂപം. അതൊരു ജീനാകാം, ജീനുകളുടെ ഒരു വിന്യാസമാകാം; ഒരു സമ്പൂർണ്ണജനിതകഘടന [genome]യുമാകാം. ഇതിന് വിരുദ്ധമായി, പ്രതിഭാസരൂപം സൂചിപ്പിക്കിങുന്നത് ജീവിയുടെ ശാരീരികമോ, ജീവശാസ്ത്രപരമോ ആയ ഗുണങ്ങളെയും ലക്ഷണങ്ങളെയുമാണ് -- നേത്രനിറം, ചിറകിൻ്റെ ആകൃതി, ചൂടിനോടോ, തണുപ്പിനോടോ ഉള്ള പ്രതിരോധം.

 ഡോബ്ഷാൻസ്‌കിക്ക് ഇനി മെൻഡലിൻ്റെ കണ്ടുപിടുത്തത്തിലെ അടിസ്ഥാന സത്യം, നിരവധി ജീനുകളും, അനവധി ലക്ഷണങ്ങളുമുൾക്കൊള്ളുന്ന ആ ആശയത്തെ സാമാന്യവൽക്കരിച്ചുകൊണ്ട്, പുനഃപ്രസ്താവിക്കാം: ശാരീരിക ലക്ഷണത്തെ നിർണ്ണയിക്കുന്നത് ജീനാണ് . 


                         പ്രതിഭാസരൂപത്തെ നിർണ്ണയിക്കുക  ജനിതക രൂപമാണ്.  

പക്ഷേ, പദ്ധതി പൂർത്തിയാകാൻ ഈ നിയമത്തിന് രണ്ടു പരിഷ്കരണങ്ങൾ കൂടി ആവശ്യമായിരുന്നു. ഒന്നാമതായി, ജനിതകരൂപം ഒറ്റക്കല്ലാ പ്രതിഭാസരൂപത്തെ നിർണ്ണയിക്കുന്നതെന്ന് ഡോബ്ഷാൻസ്‌കി ശ്രദ്ധിച്ചു. ഒരു ജീവിയെ പൊതിഞ്ഞിരിക്കുന്ന പരിതസ്ഥിതിയും, അല്ലെങ്കിൽ, വാതാവരണവും അതിൻ്റെ ശാരീരികഗുണങ്ങൾക്ക് സംഭാവന ചെയ്യുന്നുണ്ട്. ജനിതകപാരമ്പര്യത്തിൻ്റെ മാത്രം ഫലമല്ല ഒരു ഗുസ്തിക്കാരൻ്റെ മൂക്ക്; അത് നിർണ്ണയിക്കുന്നത് അയാൾ തെരെഞ്ഞെടുത്ത ജോലിയുടെ സ്വഭാവവും, മൂക്കിൻ്റെ തരുണാസ്ഥിക്ക് കിട്ടിയ ഇടിയുടെ എണ്ണവും കൂടിയാണ്. തൻ്റെ തരളഭാവനക്കനുസരിച്ച് ഡോബ്ഷാൻസ്‌കി പെട്ടിയിലെ എല്ലാ ഈച്ചകളുടേയും ചിറകരിഞ്ഞിരുന്നുവെങ്കിൽ, അതവയുടെ പ്രതിഭാസരൂപത്തെ --- ചിറകാകൃതിയെ --- ബാധിച്ചേനെ; അവയുടെ ജീനുകളെ തൊടാതെ തന്നെ. അതായത്,

                                                     ജനിതകരൂപം + പരിസ്ഥിതി  = പ്രതിഭാസരൂപം    

രണ്ടാമതായി, ചില ജീനുകളെ സജീവമാക്കുന്നത് ബാഹ്യപ്രേകങ്ങളോ, യാദൃച്ഛികതകളോ ആണ്. ഉദാഹരണത്തിന്, പാതിവളർന്ന ഒരു ചിറകിൻ്റെ വലുപ്പം നിർണ്ണയിക്കുന്ന ജീൻ ഊഷ്‌മാവിനെ ആശ്രയിച്ചിരിക്കും; ഈച്ചയുടെ ജീനിനെയോ, പരിസ്ഥിതിയെയോ മാത്രം അടിസ്ഥാനമാക്കി ചിറകിൻ്റെ വലുപ്പം പ്രവചിക്കാനാകില്ല; ഈ രണ്ടു വിവരങ്ങളും സംയോജിപ്പിച്ചാലേ അത് സാദ്ധ്യമാകു. അത്തരം ജീനുകളുടെ കാര്യത്തിൽ ജനിതകരൂപമോ, പരിസ്ഥിതിയോ മാത്രമല്ല ഫലം നിർണ്ണയിക്കുന്നത്: ജീനുകളുടെയും, പരിസ്ഥിതികളുടെയും, യാദൃച്ഛികതകളുടെയും കൂടിച്ചേരലാണത്.

മനുഷ്യരിൽ, BRCA1മറുജീൻ സ്തനാർബുദത്തിനുള്ള സാദ്ധ്യത കൂട്ടും. എന്നാൽ, ഉൾപരിവർത്തനം വന്ന BRCA1 വഹിക്കുന്ന എല്ലാ സ്ത്രീകളിലും അർബുദം ഉണ്ടാകില്ല. അത്തരം പ്രേരകാശ്രിതമോ, അവസരാശ്രിതമോ ആയ ജീനുകളെ ഭാഗികമോ, അപ്പൂർണ്ണമോ ആയ "ഭേദ്യത"യുള്ളവയെന്നാണ് വിളിക്കാറ് --- അതായത്, ജീൻ പരമ്പരാഗതമായാലും, ഒരു യഥാർത്ഥലക്ഷണത്തിലേക്ക് "ഭേദിച്ച് കടക്കാനുള്ള" അതിൻ്റെ ക്ഷമത അപരിമിതമല്ല. ഇനിയതല്ലെങ്കിൽ, ഒരു ജീനിൻ്റെ "ആവിഷ്‌കാരശേഷി"യിൽ വൈജാത്യമുണ്ടാകാം --- അതായത്, ജീൻ പരമ്പരാഗതമായാലും, അതൊരു ലക്ഷണമായ് സാക്ഷാൽകൃതമാകുന്ന തിൻ്റെ  വ്യാപ്തി ഓരോ വ്യക്തിയിലും വെവ്വേറെ ആയിരിക്കും. BRCA1മറുജീനുള്ള ഒരു സ്ത്രീയിൽ, മുപ്പതാമത്തെ വയസ്സിൽ, വളരെ വീര്യമുള്ളതും മറ്റിടങ്ങളിൽ പരുന്നതുമായ സ്തനാർബ്ബുദം ഉണ്ടായേക്കാം. മറ്റൊരു സ്ത്രീയിൽ അതേ ജീൻ അത് മന്ദഗതിയിലാക്കിയേക്കാം. ഇനിയുമൊരു സ്ത്രീയിൽ അർബുദമേ ഉണ്ടായെന്ന് വരില്ല.

ഈ മൂന്നു സ്ത്രീകളിലേയും അനന്തരഫലങ്ങളിലുള്ള അന്തരങ്ങൾക്ക് ഹേതുവെന്തെന്ന് നമുക്കിപ്പോഴും അറിവില്ല. പക്ഷേ, അത് വയസ്സും, ചുറ്റുപാടും, മറ്റു ജീനുകളും, ദൗർഭാഗ്യവും ചേർന്നുള്ള ഏതോ ഒരു സംഘാതമാകണം. ജനിതകരൂപം --- BRCA1മറുജീൻ --- മാത്രമുപയോഗിച്ച് അന്തിമഫലമെന്തെന്ന് നമുക്ക് ഉറപ്പിച്ചു പറയാനാകില്ല.
അതിനാൽ, ഒടുവിലത്തെ നവീകരണം ഇങ്ങിനെ വായിക്കാറായി:

ജനിതകരൂപം+പരിസ്ഥിതി+പ്രേരകങ്ങൾ+യാദൃച്ഛികത = പ്രതിഭാസരൂപം 

സംക്ഷിപ്തമെങ്കിലും, ഘനഗംഭരീരമായ ഈ സൂത്രം, ഒരു ജീവജന്തുവിൻ്റെ രൂപവും വിധിയും നിർണ്ണയിക്കുന്നതിൽ പാരമ്പര്യവും, അവസരവും, പരിസ്ഥിതിയുംവൈജാത്യവും, പരിണാമവും തമ്മിലുള്ള പാരസ്പര്യം രേഖപ്പെടുത്തി. പ്രകൃതിയിൽ, പ്രതിഭാസരൂപത്തിലുള്ള വൈജാത്യം വന്യജീവസമൂഹങ്ങളിൽ നിലനിൽക്കുന്നുണ്ട്. വ്യത്യസ്ത പരിസ്ഥിതികളും, പ്രേരകങ്ങളും, യാദൃച്ഛികതകളുമായ് ഈ വിഭിന്നതകൾ കൂട്ടിമുട്ടി ഒരു ജീവജന്തുവിൻ്റെ ലക്ഷണങ്ങൾ നിശ്‌ചയിക്കുന്നു (കുറഞ്ഞതോ, കൂടിയതോ ആയ ഊഷ്മാവിനെതിരേ പ്രതിരോധക്ഷമതയുള്ള ഒരു ശലഭം). കടുത്തൊരു നിർദ്ധാരണസമ്മർദ്ദം പ്രാവർത്തികമാകുമ്പോൾ --- കൂടിയ ചൂടോ, അല്ലെങ്കിൽ, രൂക്ഷമായ ആഹാരദൗർലഭ്യമോ --- "അതിയോഗ്യമായ" പ്രതിഭാസരൂപങ്ങൾ തെരഞ്ഞെടുക്കപ്പെടുന്നു. അത്തരമൊരു ശലഭത്തിൻ്റെ സവിശേഷമായ അതിജീവനത്തിൻ്റെ ഫലമായ് അതിന് കൂടുതൽ പുഴുക്കളെ ഉൽപ്പാദിപ്പിക്കാനുള്ള കഴിവുണ്ടായാകുന്നു. ആ പുഴുക്കൾക്കാകട്ടേ, പി\മാതൃജനിതകരൂപത്തിൻ്റെ ഒരു പങ്ക് പാരമ്പര്യമായ് ലഭിക്കുന്നു. തദ്‌ഫലമായി, ആ നിർദ്ധാരണസമ്മർദത്തിന് കൂടുതൽ അനുരൂപമായ ഒരു ശലഭമുണ്ടാകുന്നു. ശ്രദ്ധേയമായ കാര്യം, ശാരീരികമായ, അല്ലെങ്കിൽ, ജീവശാസ്ത്രപരമായ ലക്ഷണത്തിലാണ് നിർദ്ധാരണപ്രക്രിയ സജീവമായിടപെടുക എന്നതാണ് --- അതിൻ്റെ ഫലമായി അടിത്തട്ടിലുള്ള ജീനുകൾ നിഷ്‌ക്രിയമായ് തെരഞ്ഞെടുക്കപ്പെടുന്നു. ഗോദയിലെ പ്രത്യേകിച്ച് നന്നല്ലാത്ത ഒരു ദിവസത്തിൻ്റെ ഫലമാകാം ഒരു ചപ്പിയ മൂക്ക് --- അതായത്, അതിന് ജീനുമായ് ഒരു ബന്ധവുമുണ്ടാകണമെന്നില്ല. എന്നാൽ, മൂക്കിൻ്റെ സൗഷ്ഠവത്തിൻ്റെ അടിസ്ഥാനത്തിൽ ഒരിണചേരൽ മത്സരമൊരുക്കിയാൽ, ശരിയല്ലാത്ത മൂക്കിൻ്റെ ഉടമസ്ഥൻ പുറന്തള്ളപ്പെടും. കാലാന്തരത്തിൽ ആരോഗ്യമുള്ളതായിരിക്കുന്ന നിരവധി ജീനുകൾ --ധൈര്യവും, തീവ്രവേദനതാങ്ങാനുള്ള കരുത്തും ---   അയാൾക്കുണ്ടായാലും, ആ ജീനുകളെല്ലാം സർവ്വനാശത്തിന് വിധിക്കിപെടും; ആ നശിച്ച മൂക്കെന്ന ഒരേ ഒരു കാരണത്താൽ.

ചുരുക്കത്തിൽ, പ്രതിഭാസരൂപം ജനിതകരൂപങ്ങളെ
കെട്ടിവലിക്കുകയാണ്; വണ്ടി കുതിരയേയെന്നപോലെ. ഒരു കാര്യം (യോഗ്യത) കാര്യം തേടുന്നതിനിടയിൽ, വേറൊരു കാര്യം (യോഗ്യതയുളവാക്കുന്ന ജീൻ) തടയുക എന്നത് പ്രകൃതിനിർദ്ധാരണത്തിലെ എക്കാലത്തേയും പ്രഹേളികയാണ്. യോഗ്യതയുൽപ്പാദിപ്പിക്കുന്ന ജീനുകൾ മെല്ലെമെല്ലെ ജീവസമൂഹങ്ങളിൽ, പ്രതിഭാസരൂപങ്ങളെ തെരഞ്ഞെടുക്കുന്നതിലൂടെ, എണ്ണത്തിൽ അധികരിക്കുകയും, അതുവഴി, പരിസ്ഥിതിയുമായ് കൂടുതൽക്കൂടുതൽ അനുരൂപപ്പെടാൻ സഹായിക്കുകയും ചെയ്യുന്നു. പരിപൂർണ്ണത എന്നൊരു സംഗതിയേയില്ല. ഉള്ളത്, ഒരു ജീവിയുടെ അതിൻ്റെ പരിസ്ഥിതിയുമായുള്ള നിരന്തരമായ, ആക്രാന്തമാർന്ന ഇണക്കിച്ചേർക്കൽ മാത്രമാണ്. അതാണ്
ജീവപരിണാമത്തെ മുന്നോട്ടു വലിക്കുന്ന യന്ത്രം.          

😈

ഡോബ്ഷാൻസ്‌കിയുടെ അന്തിമമായ് തുനിഞ്ഞത് ഡാർവ്വിനെ ആമഗ്നയാക്കിയ "രഹസ്യങ്ങളുടെ രഹസ്യമായ" വംശോൽപ്പത്തി പരിഹരിക്കാനായിരുന്നു. പരസ്പരം ഇണചേരുന്ന ഒരു ജീവജന്തുസമൂഹം --- ഉദാഹരണത്തിന് ഈച്ചകൾ --- കാലക്രമത്തിൽ പരിണമിക്കുന്നതെങ്ങനെയെന്ന് കാർഡ്ബോർഡ് പെട്ടിയിലെ ഗലാപഗസ് പരീക്ഷണം തെളിയിച്ചല്ലോ. പക്ഷേ, പ്രതിഭാസരൂപങ്ങളിൽ വൈജാത്യമുള്ള വന്യജീവസമൂഹം പരസ്പരം ഇണചേർന്നാൽ പുതിയ വംശങ്ങളുണ്ടാകില്ലെന്ന് ഡോബ്ഷാൻസ്‌കിക്ക് അറിയാമായിരുന്നു. മറ്റൊരു വംശവുമായ് ഇണചേരാനുള്ള കഴിവില്ലായ്മയാണല്ലോ, അടിസ്ഥാനമായും ഒരു വംശത്തെ നിർണ്ണയിക്കുന്നത്.

അങ്ങനെവരുമ്പോൾ, പുതിയൊരു വംശമുണ്ടാകാൻ, പരസ്‌പരമുള്ള  ഇണചേരൽ അസാദ്ധ്യമാക്കുന്ന ഒരു ഘടകം ആവിർഭവിക്കേണ്ടതുണ്ട്. ഈ വിട്ടുപോയ ഘടകം ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടലായിരിക്കുമോ എന്ന് ഡോബ്ഷാൻസ്‌കി സംശയിച്ചു. പരസ്‌പരം ഇണചേരാനാകുന്ന, ജനിതകവൈജാത്യമുള്ള, ഒരു ജീവസമൂഹമുണ്ടെന്ന് വിചാരിക്കുക. ഭൂമിശാസ്ത്രപരമായ, എന്തെങ്കിലും തരത്തിലുള്ള, പിളർപ്പിനാൽ അവ വിഭജിക്കപ്പെടുന്നു. ഒരു ദ്വീപിലുള്ള ഒരു പറ്റം പക്ഷികളെ മറ്റൊരു വിദൂര ദ്വീപിലേക്ക് ഒരു കൊടുങ്കാറ്റടിച്ച് പറത്തുന്നു. അവയ്ക്ക് സ്വന്തം ദ്വീപിലേക്ക് തിരിച്ചുവരാൻ പറ്റാതാകുന്നു. ഈ രണ്ടു ജീവസമൂഹങ്ങളും, അപ്പോൾ, ഡാർവ്വിൻ്റെ രീതിയിൽ, സ്വതന്ത്രമായ് പരിണമിക്കുന്നു --- രണ്ടിടങ്ങളിലും ജീവശാസ്ത്രപരമായ് പൊരുത്തപ്പെടാത്ത സവിശേഷമായ ജീൻ വ്യതിയാനങ്ങൾ നിർദ്ധാരണം ചെയ്യപ്പെടുന്നത്‌ വരെ. പുതിയ പക്ഷികൾക്ക് പഴയ ദ്വീപിലേക്ക് വരാനായാലും --- കപ്പലിലോ മറ്റോ ---   അവിടത്തെ എന്നോ നഷ്‌ടമായ തങ്ങളുടെ ബന്ധുക്കളുടെ ബന്ധുക്കളുമായ് ഇണചേരുക അസാദ്ധ്യമാകും. സാദ്ധ്യമായാൽത്തന്നെ, അവയുടെ സന്തതികളുടെ ജനിതകപ്പൊരുത്തമില്ലായ്മകൾ  --- കൂടിക്കുഴഞ്ഞ സന്ദേശങ്ങൾ --- അവയെ ജീവിക്കാൻ അനുവദിക്കില്ല; അനുവദിച്ചാൽത്തന്നെ ഉർവ്വരതയുണ്ടാകില്ല. ഭൂമിശാസ്ത്രപരമായ അകൽച്ച, ജനിതകമായ അകൽച്ചയിലേക്കും, ഒടുവിൽ, പ്രത്യുൽപ്പാദനപരമായ അകൽച്ചയിലേക്കും നയിക്കുന്നു.    

നവവംശോൽപ്പത്തിയുടെ ഈ പ്രക്രിയാപ്രവർത്തനം വെറുമൊരു അഭ്യൂഹമായിരുന്നില്ല. ഡോബ്ഷാൻസ്‌കിക്ക് അത് പരീക്ഷണങ്ങളിലൂടെ തെളിയിക്കാനായി. രണ്ടു "വംശങ്ങളിൽ"നിന്നുള്ള രണ്ടീച്ചകളെ അദ്ദേഹം ഒരേ കൂട്ടിലിട്ടു. ഈച്ചകലിണചേർന്നു. സന്തതികളുണ്ടായി. പക്ഷേ, വളർന്നുവന്ന പുഴുക്കൾക്ക് ഉൽപ്പാദനശേഷിയില്ലായിരുന്നു. സന്തതികളെ ഉൽപ്പാദനശേഷിയില്ലാതാക്കാനായ് പരിണമിച്ചുവന്ന ജീനുകളുടെ യഥാർത്ഥ വിന്യാസം കണ്ടെത്താൻ വരെ ജനിതകശാസ്ത്രജ്ഞന്മാർക്ക്, കണ്ണിചേരലിൻ്റെ വിശ്ലേഷണത്തിലൂടെ, കഴിഞ്ഞു. ഡാർവ്വിൻ്റെ യുക്തിയിലെ വിട്ടുപോയ കണ്ണി ഇതായിരുന്നു: അന്തിമമായ് ജനിതകപൊരുത്തക്കേടിൽനിന്നുളവായ പ്രത്യുൽപ്പാദനപരമായ പൊരുത്തക്കേടാണ് നവവംശങ്ങളുടെ ഉൽപ്പത്തിക്കുള്ള പ്രേരകശക്തി.

ജീനുകളേയും, വിഭിന്നതകളേയും, പ്രകൃതിനിർദ്ധാരണത്തേയും കുറിച്ചുള്ള
തൻ്റെ അറിവിന് ജീവശാസ്ത്രത്തിനപ്പുറത്തും അനന്തരഫലങ്ങളുണ്ടെന്ന്, 1930കളുടെ ഒടുക്കത്തോടെ, ഡോബ്ഷാൻസ്‌കി മനസ്സിലാക്കി. സമൂഹനന്മയാണ് പ്രമുഖമെന്ന് ലാക്കാക്കി, വ്യക്തിപരമായ എല്ലാ സവിശേഷതകളും തുടച്ചുനീക്കാൻ 1917ൽ റഷ്യയിലൂടെ കുത്തിയൊഴുകിയ രക്തരൂക്ഷിത വിപ്ലവം ശ്രമിച്ചു. അതിനു വിരുദ്ധമായ്, യൂറോപ്പിൽ   വംശവാദത്തിൻ്റെ ഒരു രാക്ഷസീയരൂപം ഉയർന്നു വരികയായിരുന്നു. അത് വ്യക്തിസവിശേഷതകളെ പർവ്വതീകരിക്കുകയും, പൈശാചികമാക്കുകയും ചെയ്തു. രണ്ടു കാര്യത്തിലും അപകടകരമായുൾപ്പെട്ടിരിക്കുന്ന അടിസ്ഥാന ചോദ്യങ്ങൾ ജീവശാസ്ത്രപരമാണെന്ന് ഡോബ്ഷാൻസ്‌കി ശ്രദ്ധിച്ചു. എന്താണ് ഒരു വ്യക്തിയെ നിർണ്ണയിക്കുന്നത്? വൈജാത്യത്തിന് വ്യക്തിത്വത്തിലുള്ള പങ്കെന്ത്? ഒരു വശത്തിന് എന്താണ് "നന്മ"?

😈

1940കളിൽ ഡോബ്ഷാൻസ്‌കി ഈ ചോദ്യങ്ങളെ നേരിട്ട് നേരിടും. നാസീ യൂജെനിക്സിന്റേയും, സോവിയറ്റ് കൂട്ടുടമാവാദത്തിന്റേയും, യൂറോപ്യൻ വംശീയവാദത്തിന്റേയും കർക്കശക്കാരനായ ശാസ്ത്രീയവിമർശകനായ് അദ്ദേഹം, ഒടുവിൽ, മാറും. പക്ഷേ, വന്യജീവസമൂഹത്തേയും, പ്രകൃതിനിർദ്ധാരണത്തേയും, വൈജാത്യത്തേയും കുറിച്ചുള്ള അദ്ദേഹത്തിൻ്റെ ഗവേഷണങ്ങൾ ഈ ചോദ്യങ്ങൾക്കുള്ള നിർണ്ണായകമായ ഉൾക്കാഴ്ച്ചകൾ ഇക്കാലത്തേ ഏകിക്കഴിഞ്ഞിരുന്നു.

ഒന്നാമതായി, പ്രകൃതിയിൽ ജനിതകവൈജാത്യം സാധാരണമാണ്, അപവാദമല്ല. അമേരിക്കയിലേയും യൂറോപ്പിലേയും യൂജെനിക്സ് വിദഗ്ദ്ധർ മനുഷ്യ"നന്മ"ക്കു വേണ്ടി കൃത്രിമമായ നിർദ്ധാരണം വേണമെന്ന് വാശിപിടിച്ചു --- പക്ഷേ, പ്രകൃതിയിലെങ്ങും ഒരൊറ്റ "നന്മ" മാത്രമായില്ലല്ലോ. വ്യത്യസ്ത സമൂഹങ്ങൾക്ക് വിശാലമായ വിഭിന്ന ജനിതകരൂപങ്ങളാണുള്ളത്. പ്രകൃതിയിലീ വിവിധ ജനിതകരൂപങ്ങൾ സഹവസിക്കുകയും, അതിവ്യാപിക്കുകയും ചെയ്യുന്നു. മനുഷ്യരായ ജനിതകവിദഗ്ദ്ധർ അനുമാനിച്ചതുപോലെ, ജനിതകവൈജാത്യം സമജാതീയമാക്കുവാൻ പ്രകൃതി ദാഹിക്കുന്നില്ല. സത്യത്തിൽ, പ്രകൃതിവൈജാത്യം ഒരു ജീവിയുടെ പ്രധാനപ്പെട്ട സംഭരണിയാണെന്ന് ഡോബ്ഷാൻസ്‌കി മനസ്സിലാക്കി --- അതിൻ്റെ നേട്ടങ്ങൾ, കോട്ടങ്ങളേക്കാൾ പ്രധാനമാണ്. വൈജാത്യമില്ലാതെ --- ആഴത്തിലുള്ള ജനിതകനാനത്വമില്ലാതെ --- ഒരു ജീവിക്ക് പരിണമിക്കാനുള്ള കഴിവ്, ഒടുവിൽ, നഷ്ടമാകും.

രണ്ടാമതായി, ഉൾപരിവർത്തനമെന്നത് വൈജാത്യത്തിൻ്റെ വേറൊരു പേര് മാത്രമാണ്. കാട്ടീച്ചകളുടെ സമൂഹത്തിൽ ഒരു ജനിതകരൂപത്തിനും സഹജമായ മേൽക്കയ്യൊന്നുമില്ലെന്ന്  ഡോബ്ഷാൻസ്‌കി കണ്ടതാണ്. ABCയുടേയോ, CBAയുടേയോ അതിജീവനം പരിസ്ഥിതിയേയും, ജീൻ-പരിസ്ഥിതി പ്രതിപ്രവർത്തനത്തെയും ആശ്രയിച്ചാണിരുന്നത്. ഒരു മനുഷ്യനിലെ "മറുജീൻ" മറ്റൊരു മനുഷ്യനിലെ "ജനിതകഭേദ"മാണ്. ഒരു ശീതകാലരാത്രി ഒരീച്ചയെ തെരഞ്ഞെടുത്തേക്കാം; ഒരുഷ്ണകാലരാത്രി മറ്റൊന്നിനേയും. ഇതിലൊരു വൈജാത്യം മറ്റേതിനേക്കാൾ ധാർമ്മികമായോ, ജീവശാസ്ത്രപരമായോ, മേന്മയുള്ളതല്ല; ഒന്ന് മറ്റൊന്നിനേക്കാൾ കൂടിയോ, കുറഞ്ഞോ ഒരു പ്രത്യേക പരിതസ്ഥിതിയുമായ് ഇണങ്ങുന്നുവെന്നേയുള്ളൂ.

അവസാനമായി, ഒരു ജീവിയുടെ ശാരീരികമോ, മാനസികമോ ആയ  ലക്ഷണങ്ങളും പാരമ്പര്യവും തമ്മിലുള്ള ബന്ധം പ്രതീക്ഷിച്ചതിനേക്കാൾ ഏറെ സങ്കീർണ്ണമായിരുന്നു. ബുദ്ധിയുടെയും, ഉയർത്തിൻ്റെയും,  സൗന്ദര്യത്തിൻ്റെയും, സദാചാരത്തിൻ്റെയും ജീനുകളെ സമ്പന്നമാക്കാൻ, ജീവശാസ്ത്രപരമായ കുറുക്കുവഴിയായി ഗാൽട്ടണെപ്പോലുള്ള യൂജെനിക്സുകാർ സങ്കീർണ്ണമായ പ്രതിഭാസരൂപങ്ങൾ --- ഉയരം, സൗന്ദര്യം, ബുദ്ധി, സദാചാരം -- തെരെഞ്ഞെടുക്കാനാശിച്ചു. പക്ഷേ, ഒന്നിനൊന്നെന്ന രീതിയിൽ, ഒരു ജീനല്ലാ ഒരു പ്രതിഭാസരൂപത്തെ നിർണ്ണയിക്കുന്നത്. പ്രതിഭാസരൂപം തെരഞ്ഞെടുക്കുന്നതിലൂടെ ജനിതകതെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നത് തെറ്റായൊരു പ്രക്രിയയാണ്. ഒരു ജീവിയുടെ അന്തിമമായ ലക്ഷണങ്ങൾക്ക് ഉത്തരവാദികൾ ജീനുകളും, പരിസ്ഥിതിയും, പ്രേരകങ്ങളും, അവസരങ്ങളുമാണ്. അങ്ങനെയിരിക്കേ, ഇവയുടെ ഓരോന്നിന്റേയും പങ്കിനെ ലഘൂകരിക്കാതെ, തലമുറകളിലൂടെ ബുദ്ധിയേയോ, സൗന്ദര്യത്തേയോ സമ്പന്നമാക്കാനുള്ള യൂജെനിക്സ്ശാസ്ത്രജ്ഞരുടെ കഴിവ് സഹജമായ്ത്തന്നെ തടസ്സപ്പെടും.

 ഡോബ്ഷാൻസ്‌കിയുടെ ഉൾക്കാഴ്ചകളോരോന്നും ജനിതകശാസ്ത്രത്തെയും, മാനവയൂജെനിക്സിനെയും ദുരുപയോഗം ചെയ്യുന്നതിനെതിരേയുള്ള ശക്തമായൊരു വാദമായിരുന്നു. ജീനുകൾ, പ്രതിഭാസരൂപങ്ങൾ, നിർദ്ധാരണം, ജീവപരിണാമം, ഇവയൊക്കെ ആപേക്ഷികമായ അടിസ്ഥാന നിയമങ്ങളുടെ ചരടുകൾകൊണ്ട് പരസ്പരബന്ധിതമാണ് --- പക്ഷേ, ഇവ തെറ്റിദ്ധരിക്കപ്പെടുമെന്നും, വക്രീകരിക്കപ്പെടുമെന്നും വിചാരിക്കാൻ  വളരെ എളുപ്പമാണ്. ഗണിതശാസ്ത്രജ്ഞനും ചിന്തകനുമായ ആൽഫ്രഡ് നോർത്ത് വൈറ്റ്ഹെഡ് തൻ്റെ വിദ്യാർത്ഥികളെ ഒരിക്കൽ ഉപദേശിക്കുകയുണ്ടായി,"ലാളിത്യത്തെ തേടണം; എന്നാൽ, അതിനെ അവിശ്വസിക്കുകയും വേണം".  ഡോബ്ഷാൻസ്‌കി ലാളിത്യം തേടി --- അതേസമയം, അദ്ദേഹം, ജനിതകശാസ്ത്രത്തിൻ്റെ യുക്തിയെ അതിലളിതവൽക്കരിക്കുന്നതിനെതിരെ, ഉച്ചത്തിലുള്ള ഒരു ധാർമ്മികമുന്നറിയിപ്പ് കൂടെ നൽകി. പാഠപുസ്തകങ്ങളിലും, ശാസ്ത്രലേഖനങ്ങളിലും ആഴത്തിലാണ്ടുകിടക്കുന്ന ഈ ഉൾക്കാഴ്ചകൾ പ്രബലരാഷ്ട്രീയശക്തികൾ  അവഗണിക്കും. അവർ, താമസിയാതെ,  അങ്ങേയറ്റം ആഭാസമായ മാനവജനിതകകുതന്ത്രങ്ങൾക്ക് തുടക്കമിടും.

****************************************************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...