2020, ജൂലൈ 7, ചൊവ്വാഴ്ച

DUNNO 6

ദ്ദന്നോ ഡുനോ ബലൂണുണ്ടാക്കിയ കഥ

ഡുനോ വലിയ വായനക്കാരനായിരുന്നു. അവൻ നിരവധി യാത്രാവിവരണങ്ങൾ വായിച്ചിട്ടുണ്ടായിരുന്നു. പലപ്പോഴും വൈകുന്നേരങ്ങളിൽ അവൻ വായിച്ചതൊക്കെയും കൂട്ടുകാർക്ക് പറഞ്ഞു കൊടുക്കും. അവൻ്റെ കഥകൾ കേൾക്കുക മൈറ്റുകൾക്ക് ഇഷ്ടമായിരുന്നു. അവരൊരിക്കലും കാണാത്ത രാജ്യങ്ങളെക്കുറിച്ച് കേൾക്കാൻ അവരിഷ്ടപ്പെട്ടു. അതിനേക്കാൾ അവർക്കിഷ്ടം പ്രസിദ്ധരായ സഞ്ചാരികളുടെ കഥകൾ കേൾക്കാനായിരുന്നു. അത്യസാധാരണമായ കാര്യങ്ങൾ സഞ്ചാരികൾക്കാണല്ലോ സംഭിവിക്കാറ്.

ഇത്തരം കഥകൾ കേട്ട്, കേട്ട്, തങ്ങൾക്കും ഒരു യാത്ര പോയാലെന്തെന്ന് മൈറ്റുകൾക്ക് തോന്നി. ചിലർക്ക് കാൽനടസഞ്ചാരമാകാമെന്നായി; മറ്റു ചിലർക്ക് പുഴയിലൂടെ ഒരു തോണിയാത്രയാകാമെന്നും. പക്ഷേ, ഡുനോ പറഞ്ഞു:
"നമ്മൾക്കൊരു ബലൂണുണ്ടാക്കി ഒരാകാശയാത്രയാകാം."

പ്രസ്തുത നിർദ്ദേശം എല്ലാവരേയും ആഹ്ളാദിപ്പിച്ചു. അവരാരാരും അതുവരെ ആകാശത്ത് പോയിട്ടില്ലല്ലോ. അത് രസകരമായിരിക്കുമെന്ന് അവർക്കുറപ്പായിരുന്നു. ബലൂണെങ്ങനെയുണ്ടാക്കണമെന്ന് അവർക്കാർക്കും അറിയില്ലെന്നത് ശരിയാണ്. അവരെന്ത് ചെയ്യണമെന്ന് താൻ എല്ലാം ആലോചിച്ചുനോക്കി പറയാമെന്ന് ഡുനോ പറഞ്ഞു.

അങ്ങനെ, അവൻ ആലോചനയിലായി. അവൻ മൂന്നു രാവും മൂന്നു പകലും ആലോചിച്ചു; ഒടുവിൽ, ബലൂൺ റബ്ബർകൊണ്ടുണ്ടാക്കാമെന്ന് തീരുമാനിച്ചു.
മൈറ്റുകൾക്ക് റബ്ബർ ഉണ്ടായിരുന്നു. അവരുടെ പട്ടണത്തിൽ റബ്ബർമരങ്ങൾ പോലുള്ള നിരവധി മരങ്ങളുണ്ടായിരുന്നു. അവയുടെ തടിയിൽ അവർ ചെറിയ വെട്ടുകളുണ്ടാക്കും; അവയിലൂടെ ഊറി വരുന്ന പാലു ശേഖരിക്കും. മെല്ലെമെല്ലെ, ആ പാൽ കട്ടപിടിച്ച് റബ്ബറാകും. അതുകൊണ്ടവർ റബ്ബർ പന്തുകളും മഴബൂട്ടുകളുമുണ്ടാക്കും.

റബ്ബറിൽനിന്ന് ബലൂൺ ഉണ്ടാക്കാൻ തീരുമാനിച്ചയുടൻ, ഡുനോ പാൽ ശേഖരിച്ച് വലിയൊരു വീപ്പയിലൊഴിക്കാൻ മൈറ്റുകളെ പറഞ്ഞയച്ചു. ഈ ആവശ്യത്തിനൊരു വീപ്പ അവൻ തയ്യാറാക്കി വച്ചിരുന്നു. റബ്ബർമരങ്ങൾക്കടുത്തേക്ക് പോകുന്ന വഴിയിൽ, ഡെന്നോ തൻ്റെ ചങ്ങാതി ഗങ്കിയെ കണ്ടു. അവൻ രണ്ടു കൊച്ചുപെൺമൈറ്റുകൾക്കൊപ്പം ചാടിക്കളിക്കുകയായിരുന്നു.

"ഞങ്ങളെന്താ ചെയ്യുന്നതെന്ന് നീയൊന്നറിഞ്ഞിരുന്നെങ്കിലെൻ്റെ ഗങ്കീ!" ഡന്നോ പറഞ്ഞു. "നീ അസൂയ മൂത്ത് ചാവും."
"ഞാനൊന്നും ചാവില്ല," ഗങ്കി പറഞ്ഞു. "ഞാനിപ്പോ ചാവാൻ ഉദ്ദേശിക്കുന്നില്ല."
"നീ ചാവും, ചാവും!" ഡന്നോ പാടി. "നിനക്കറിയാൻ പറ്റിയിരുന്നെങ്കിൽ!"
"ആട്ടെ, എന്താ കാര്യം?" ഗങ്കി ചോദിച്ചു.
"ഞങ്ങളൊരു ബലൂണുണ്ടാക്കി ആകാശത്തേക്ക് പോകാൻ പോവുകയാ!"

ഗങ്കി അസൂയ മൂത്ത്‌ പച്ചപച്ചയായി. തനിക്കുമെന്തെങ്കിലും പൊങ്ങച്ചം പറയണമെന്ന് അവനു തോന്നി. അവൻ പറഞ്ഞു:
"ഫൂ! ബലൂണേ! രണ്ടു പെൺമൈറ്റുകൾ എനിക്കൊപ്പം കളിക്കാനുള്ളപ്പോ, ബലൂണുകൊണ്ട് എനിക്കെന്ത് കിട്ടാൻ?"
"ആരാ ഇവർ?" ഡന്നോ ചോദിച്ചു.
"ഇവരോ," തൻ്റെ കളിക്കൂട്ടുകാരെ ചൂണ്ടി ഗങ്കി പറഞ്ഞു. "ഇത് പീവീ; മറ്റേത് ടിങ്കിൾ."
പീവീയും ടിങ്കിളും ഡന്നോയ്ക്ക് നേരെ സംശയത്തോടെ കണ്ണുകൾ പായിച്ചു. ഡന്നോ അവരെ തുറിച്ചു നോക്കി.
"അപ്പൊ, അങ്ങനെയാണ് കാര്യങ്ങൾ!" അവൻ ഗങ്കിയോട്‌ പറഞ്ഞു. "ഞാൻ വിചാരിച്ചൂ, നീ എൻ്റെ  സുഹൃത്താണെന്ന്." 
"ആണല്ലോ," ഗങ്കി പറഞ്ഞു. "എന്നാ, ഞാൻ അവരുടേയും സുഹൃത്താണ്. എന്താ, എനിക്ക് നിങ്ങളെല്ലാവരുടെയും സുഹൃത്താക്കിക്കൂടേ?"
"ഇല്ല, അതു പറ്റില്ല," ഡന്നോ പറഞ്ഞു."നീ പെൺമൈറ്റുകളുടെ ചങ്ങാതിയെങ്കിൽ, നീയുമൊരു പെൺമൈറ്റ് തന്നെ. ഈ നിമിഷം അവരുടെകൂടെ കളിക്കുന്നത് മതിയാക്കിക്കോ."
"ഞാനെന്തിന് മതിയാക്കണം?"
"ഞാനാ പറയുന്നത്, മതിയാക്കിക്കോ. ഇല്ലെങ്കിൽ, ഇനിയൊരിക്കലും നീ എൻ്റെ കൂടെ  കളിക്കില്ല."
"വല്യ കാര്യായിപ്പോയി!" ഗങ്കി പറഞ്ഞു.
"നിൻ്റെ പീവീക്കും ടിങ്കിളിനും ഞാനൊന്ന് കൊടുക്കും!"
ഡന്നോ മുഷ്ടി ചുരുട്ടി പെൺമൈറ്റുകൾക്ക് നേരെ കുതിച്ചു. ഗങ്കി അവനു മുന്നിൽ ചാടിവീണ്, അവൻ്റെ താടിക്കിട്ടിടിച്ചു. അവർ അടിപിടി കൂടുന്നത് കണ്ട പീവീയും ടിങ്കിളും പേടിച്ചോടിക്കളഞ്ഞു.

"ആ പെൺകുട്ടികൾക്ക് വേണ്ടിയാണല്ലേ, നീയെൻ്റെ താടിക്കിടിച്ചത്?" ഗങ്കിയുടെ മൂക്കിനിട്ടൊരിടി ഉന്നം വച്ച് ഡന്നോ ചോദിച്ചു.
"നീയെന്തിനാ പിന്നെ അവരെപ്പറ്റി അനാവശ്യം പറഞ്ഞത്?" മുഷ്ടി വീശിക്കൊണ്ട് ഗങ്കി ചോദിച്ചു.
"ഒരു വീരനായകൻ!" അതും പറഞ്ഞ് ഡന്നോ അവൻ്റെ നെറുകയിലിടിച്ചു. ഇടിയുടെ ശക്തികൊണ്ട് ഗങ്കി താഴെ വീണ് ബോധം പോയ മട്ടായി. എഴുന്നേറ്റ് നിൽക്കാറായപ്പോൾ, അവൻ ഒരൊറ്റയോട്ടം വച്ചുകൊടുത്തു.
"നമ്മൾക്കിടയിലെല്ലാം കഴിഞ്ഞു! ഇനിയൊരിക്കലും ഞാൻ നിൻ്റെ കൂടെ
കളിക്കില്ല " ഡന്നോ അവനു പിന്നാലെ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.
"വേണ്ടാ!" ഗങ്കി തിരിച്ചു പറഞ്ഞു."കൂട്ടുകൂടാൻ നീയാവും ആദ്യം ഓടിവരിക."
"ഇല്ലേയില്ല. ഞാൻ വരില്ല. ഞങ്ങൾ ബലൂണിൽ പറക്കാൻ പോവുകയാണല്ലോ!"
"മേൽക്കൂരയിൽനിന്ന് തറയിലേക്കാണ് പറക്കാൻ പോകുന്നത്!"
"നീയാണങ്ങനെ പറക്കുക!" ഡന്നോ ഒച്ചയിട്ടു. പിന്നീടവൻ പാലു ശേഖരിക്കാൻ പോയി.

വീപ്പയുടെ വക്കു വരെ പാൽ നിറഞ്ഞപ്പോൾ, ഡുനോ അത് നല്ലവണ്ണമിളക്കി; ട്വിസ്റ്റമിനോട് ടയറിൽ വായുനിറക്കാൻ ഉപയോഗിക്കുന്ന പമ്പ് കൊണ്ടുവരാൻ പറഞ്ഞു. ഡുനോ പമ്പുമായ്‌ ഒരു നീളൻ പൈപ്പ് ഘടിപ്പിച്ചു; പൈപ്പിൻ്റെ തുറന്നയറ്റത്ത് അൽപ്പം റബ്ബർപ്പാൽ പുരട്ടി; പിന്നീട്, ട്വിസ്റ്റമിനോട് പതുക്കെ പമ്പ്‌ ചെയ്യാൻ പറഞ്ഞു. ട്വിസ്റ്റം പമ്പു ചെയ്തപ്പോൾ റബ്ബർപ്പാൽ ഒരു സോപ്പുകുമിള പോലെ വീർത്തുവന്നു. ഈ കുമിളയിലെല്ലായിടത്തും ഡുനോ റബ്ബർപ്പാൽ പുരട്ടിക്കൊണ്ടിരുന്നു. ട്വിസ്റ്റമാകട്ടെ, മെല്ലെമെല്ലെ പമ്പു ചെയ്തുകൊണ്ടേയിരുന്നു. ഒടുവിൽ, കുമിളയൊരു ബലൂണായ് മാറി. അതത്രയും വലുതായ കാരണം, ഡുനോയ്ക്ക് എല്ലാ വശത്തും പാൽ തളിക്കാനാകാതെയായി. അവൻ മറ്റ് മൈറ്റുകളോട് ഓരോ ബ്രഷെടുത്ത് അവനെ സഹായിക്കാൻ ആവശ്യപ്പെട്ടു. എല്ലാവരും കർമ്മനിരതരായി; ഡന്നോ ഒഴികെ. അവൻ സുരക്ഷിതമായൊരു ദൂരം പാലിച്ച് ബലൂണിനു ചുറ്റും ചൂളം വിളിച്ചു നടന്നു; ഇടയ്ക്കിടെ തന്നോടുതന്നെ പിറുപിറുത്തുകൊണ്ടിരുന്നു:
"ഇതെന്തായാലും പൊട്ടും ... ഏതുനിമിഷവും 'ഠോ'ന്ന് പൊട്ടും!"

പക്ഷേ, അതു പൊട്ടിയില്ലെന്ന് മാത്രമല്ല, അനുനിമിഷം വലുതായ് വലുതായ് വരികയാണുണ്ടായത്. ഒടുവിൽ, മൈറ്റുകൾക്ക് അതിൻ്റെ മുകളിലും വശങ്ങളിലും പാൽപുരട്ടാൻ ഒരു കുറ്റിച്ചെടിയിൽ കയറേണ്ടി വന്നു. ബലൂൺ അത്രയും വലുതായിപ്പോയിരുന്നു.  

രണ്ടു ദിവസങ്ങളാണ് അവർ അദ്ധ്വാനിച്ചത്; ബലൂൺ ഒരു വീടോളം വലുതാകും വരെ.   അതിനു ശേഷം ഡുനോ അതിൻ്റെ തുറന്ന അഗ്രം, വായു ചോരാതിരിക്കാൻ, ഒരു ചരടുകൊണ്ട് കൂട്ടിക്കെട്ടി; എന്നിട്ട്, പറഞ്ഞു:
"ഇതിവിടെക്കിടന്ന് ഉണങ്ങട്ടെ; നമ്മൾക്ക് വേറൊരു പണിയുണ്ട്."

ഡന്നോ ബലൂണിനെ ആ കുറ്റിച്ചെടിയിൽത്തന്നെ കെട്ടിയിട്ടു. കാറ്റടിച്ച് അതു പറന്നുപോകരുതല്ലോ. അതിനു ശേഷം അവൻ മൈറ്റുകളെ രണ്ടു സംഘങ്ങളായിത്തിരിച്ചു. അതിലൊരു സംഘത്തെ പട്ടുനൂൽപുഴുക്കൂടുകൾ തേടിക്കൊണ്ടുവരാൻ പറഞ്ഞു വിട്ടു; വലിയൊരു പട്ടുവലയുണ്ടാക്കാൻ. മറ്റേ സംഘത്തെ മരപ്പട്ടകൊണ്ടുള്ള വലിയൊരു കൂടിയുണ്ടാക്കാനും
പറഞ്ഞയച്ചു. 

ഡുനോയും കൂട്ടരും അവരുടെ ജോലിയിൽ വ്യാപൃതരായിരിക്കേ, പൂമ്പട്ടണത്തിലെ ബാക്കി മൈറ്റുകൾ ചെടിയിൽ കെട്ടിയിട്ട ബലൂൺ കാണാനെത്തി. അവരോരുത്തരും അതിനെ തൊട്ടുനോക്കാൻ ആഗ്രഹിച്ചു. ചിലരത് പൊക്കിനോക്കാനും ശ്രമിച്ചു.
"ഇതിന് തീരെ കനമില്ലല്ലോ," അവർ പറഞ്ഞു. "ഇതു പൊക്കാൻ ഒരൊറ്റ കൈ മതി."
"അതേ, നല്ല ഭാരക്കുറവുണ്ട്; എങ്കിലും, ഇതാകാശത്തേക്കയുരില്ലെന്നാണ് എൻ്റെയൊരു ശങ്ക," സിങ്കർ എന്ന പേരുള്ള ഒരു മൈറ്റ് പറഞ്ഞു.
"എന്തേ?" മറ്റു മൈറ്റുകൾ ആരാഞ്ഞു.
"വായുവിൽ പൊങ്ങാനുള്ള ഭാരമില്ലായ്മയുണ്ടെങ്കിൽ, ഇതിവിടെ നിലത്തിങ്ങനെ കിടക്കില്ല," സിങ്കർ പറഞ്ഞു. " "ഭാരക്കുറവായിരിക്കാനുള്ളതിനേക്കാൾ ഭാരമുണ്ടിതിന്."
മൈറ്റുകൾ അതേക്കുറിച്ചൊന്നാലോചിച്ചു.
"ഹും! ശരിയാണല്ലോ," അവർ പറഞ്ഞു.  "ഭാരക്കുറവായിരിക്കാനുള്ളതിനേക്കാൾ ഭാരമുണ്ടിതിന്. അങ്ങനെയല്ലെങ്കിൽ, ഇതു നേരത്തേ പറന്നുപോയേനെ."

അവർ ഡുനോയെ ചോദ്യം ചെയ്തു. അവൻ, പക്ഷേ, പറഞ്ഞു:
"കുറച്ചു നേരം ക്ഷമിക്കൂ; എല്ലാം ഉടനെ വ്യക്തമാകും."
അതവരിൽ സംശയം വർദ്ധിപ്പിച്ചതേയുള്ളൂ. സിങ്കറാകട്ടെ, പട്ടണം നീളെ അസുഖകരമായ അപവാദങ്ങൾ പരത്തി.
"അതിനെ എന്താണ് വായുവിലുയർത്തുക?" അതാണ് അയാൾ ചോദിച്ചത്. "ഒന്നുമില്ല ഉയർത്താൻ. ചിറകുകളുള്ളതുകൊണ്ടാണ് പക്ഷികൾ പാറുന്നത്. ഒരു ബലൂണിന് അങ്ങനെ പറക്കാനാവില്ല. അത് താഴേക്ക് വീഴുകയേയുള്ളൂ."

ചുരുങ്ങിയ സമയത്തിനുള്ളിൽ സർവ്വർക്കും ബലൂണിലുള്ള വിശ്വാസം പോയി. അവർ ഡുനോയുടെ വീട്ടിലേക്ക് വന്ന്, വേലിക്കുമുകളിലൂടെ നോക്കി പറയാൻ തുടങ്ങി:
"നോക്ക്, നോക്ക്! അതതാപറക്കുന്നു! ഹാ, ഹാ, ഹാ!"

പക്ഷേ, അവരുടെ പരിഹാസമൊന്നും ഡുനോ വകവച്ചില്ല. പട്ടുവല തയ്യാറായപ്പോൾ, അവനത് ബലൂണിനു മുകളിലൂടെയിടാൻ പറഞ്ഞു.
"നോക്കൂ!" വേലിക്കരികിലെ മൈറ്റുകൾ പറഞ്ഞു. "അവരാ ബലൂണിനെ വലയിലാക്കിയിരിക്കുന്നൂ! അത് പറന്നുപോയാലോ എന്ന് പേടിച്ച്! ഹാ, ഹാ,  ഹാ!"

ബലൂണിനു മേലുള്ള കയറെടുത്ത് കുറ്റിച്ചെടിയുടെ ഒരു ശാഖയിൽ ബന്ധിക്കാൻ ഡുനോ സഹായികളോട് പറഞ്ഞു; അതിനെ തറയിൽനിന്ന് മുകളിലേക്ക് പൊക്കണമല്ലോ. സ്വിഫ്റ്റിയും ട്വിസ്റ്റമും പറഞ്ഞതുപോലെ ചെയ്തു; കയറു കയ്യിലാക്കി, കുറ്റിച്ചെടിയിൽ കയറി വലിക്കാൻ തുടങ്ങി. കാണികളപ്പോൾ മുമ്പത്തേക്കാളേറെ പൊട്ടിച്ചിരിക്കാൻ തുടങ്ങി:
"ഹാ, ഹാ, ഹാ! കയറുകെട്ടി വലിക്കാൻ പറ്റിയ ഒന്നാന്തരം ബലൂൺ!"
"ഇതാ, ഇങ്ങട്ട് നോക്ക്," സിങ്കർ പറഞ്ഞു."ഇവന്മാരേ, ബലൂണിനുമേൽ കാലു കവച്ചുവച്ചിരുന്ന്, കയറു വലിച്ചതിനെ മുകളിലേക്ക് പൊക്കും."

ബലൂൺ നിലത്തുനിന്നുയർന്നപ്പോൾ, വലയുടെ നാലുമൂലകളും താഴേക്ക് തൂങ്ങിനിന്നു. മരത്തൊലികൊണ്ടുണ്ടാക്കിയ കൂടയിലാ നാലാമൂലകളും ബന്ധിക്കാൻ ഡുനോ തൻ്റെ സഹായികളോട് പറഞ്ഞു. വലയുടെ നാലു മൂലകളും കൂടയിൽ ബന്ധിതമായപ്പോൾ, ബലൂൺ തയ്യാറായെന്ന് ഡുനോ പ്രഖ്യാപിച്ചു. ഇനി അതിൽ കയറി സഞ്ചരിക്കാമെന്ന് സ്വിഫ്റ്റിക്ക് തോന്നി. പക്ഷേ, ഓരോ മൈറ്റിനും ഒരു പാരഷ്യൂറ്റ് വേണമെന്ന് ഡുനോ പറഞ്ഞു.
"എന്ത് കാര്യത്തിന്?" ഡന്നോ ചോദിച്ചു.
"ബലൂൺ പൊട്ടിയാലോ? താഴേക്ക് ചാടാൻ പാരഷ്യൂറ്റ് വേണ്ടിവരും."

അടുത്ത ദിവസം പാരഷ്യൂറ്റ് നിർമ്മിക്കുന്നതിന് ചിലവായി. ജമന്തിപ്പൂക്കളിൽനിന്ന് അവയെങ്ങനെ ഉണ്ടാക്കണമെന്ന് ഡുനോ അവർക്ക് പറഞ്ഞു കൊടുത്തു. ഓരോ യാത്രികനും അവനവനു വേണ്ട പാരഷ്യൂറ്റ് ഉണ്ടാക്കിയെടുത്തു.

കുറ്റിച്ചെടിയിൽ ബലൂൺ അനക്കമില്ലാതെ തൂങ്ങിക്കിടക്കുന്നത് പട്ടണവാസികൾ കണ്ടു. അവരന്യോന്യം പറഞ്ഞു:
"പൊട്ടിത്തെറിക്കുന്നതുവരെ അതവിടെയങ്ങനെ കിടക്കും. ആ ബലൂണിൽ ആരുമെങ്ങും പോകാൻ പോണില്ല."

"എന്താ നിങ്ങൾ പുറപ്പെടാത്തേ?" വേലിക്കലുള്ളവർ വിളിച്ചു ചോദിച്ചു. "വേഗം വിട്ടോ, അത് പൊട്ടുന്നതിന് മുമ്പ്."
"പരിഭ്രമിക്കേണ്ട," ഡുനോ പറഞ്ഞു. "നാളെ രാവിലെ എട്ടുമണിക്ക് ഞങ്ങൾ പുറപ്പെടുന്നതായിരിക്കും."
മിക്കവരും ചിരിച്ചു. എന്നാൽ, ബലൂൺ പൊങ്ങിയുയർന്നേക്കുമെന്ന് വിചാരിച്ച ചിലരെങ്കിലും കൂട്ടത്തിലുണ്ടായിരുന്നു.
"ശരിക്കുമത് പൊങ്ങിയാലോ?" അക്കൂട്ടർ പറഞ്ഞു. "നാളെ രാവിലെവന്ന് നോക്കുക തന്നെ."
*******************************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഗലീലിയോ

ലോകം - ഗലീലിയോവിന് മുമ്പ്  ബഹിരാകാശഗോളങ്ങളുടെ സഞ്ചാരം പഠിക്കുന്നവരെ നമ്മൾ ജ്യോതിർശാസ്ത്രജ്ഞന്മാർ - astronomers - എന്നാണ് വിളിക്കാറ്. സഹസ്രാബ...