2023, മാർച്ച് 16, വ്യാഴാഴ്‌ച

ജീൻ 31: 2

ഇക്കാര്യത്തിൽ വ്യക്തിപരമായ താൽപ്പര്യമുള്ള ആളുകളിൽ ഒരാളായിരുന്നൂ വാഡിങ്ങ്‌ട്ടൺ. പണ്ടേക്കുപണ്ടേ മാർക്സിസത്തിലേക്ക് പരിവർത്തനപ്പെട്ട അദ്ദേഹം, ജനോമിൽ ഇത്തരം "ഓർമ്മ സ്ഥാപിക്കുന്ന" ഘടകങ്ങൾ കണ്ടുപിടിക്കുന്നത് വളരെ നിർണ്ണായകമാണെന്ന് നുഷ്യഭ്രൂണപഠനത്തിന്റെ കാര്യത്തിൽ മാത്രമല്ല, തന്റെ രാഷ്ട്രീയപരിപാടിക്കും അതു സുപ്രധനമാണെന്ന് അദ്ദേഹം കരുതി. കോശങ്ങളിലെ ജീൻസ്മൃതികളെ കൗശലത്തോടെ കൈകാര്യം ചെയ്യുക വഴി അവയെ നമുക്കു വേണ്ടതു പഠിപ്പിക്കാനോ, പഠിച്ചതു മറന്നുപോകാൻ സഹായിക്കാനോ കഴിഞ്ഞാൽ, മനുഷ്യരെയും നമുക്ക് മസ്തിഷ്കപ്രക്ഷാളനത്തിന് വിധേയമാക്കാമല്ലോ (ഒരിനം ഗോതമ്പുകളിൽ ഇത് സഫലമാക്കാൻ ലൈസെങ്കോ ശ്രമിച്ചത് ഓർക്കുക; അതേപോലെ, വിമതരായ മനുഷ്യരുടെ പ്രത്യയശാസ്ത്രങ്ങൾ തുടച്ചുകളയുവാൻ സ്റ്റാലിൻ ശ്രമിച്ചതും).  അങ്ങനെ വന്നാൽ, കോശങ്ങൾക്ക്, തങ്ങളുടെ സ്വത്വം മറന്ന്, വാഡിങ്ങ്‌ട്ടണിന്റെ "ചെരിവി"ലൂടെ മുകളിലേക്കു കയറാൻ കഴിയും --- ഒരു മുതിർന്ന കോശത്തിന് ഭ്രൂണകോശമായ് പിന്തിരിയാൻ പറ്റും. അങ്ങനെ, ജൈവസമയം പിറകോട്ടോടാൻ തുടങ്ങും. ഈ ഒരു പ്രക്രിയക്ക് മനുഷ്യരിലെ സ്മൃതിസ്ഥിരതയേയും, സ്വത്വസ്ഥിരതയേയും, ഇഷ്ടസ്ഥിരതയേയും ഇല്ലാതാക്കാൻ കഴിഞ്ഞേക്കും.  


*
1950കളുടെ ഒടുവുവരെ, ഉപരിജനിതകം യാഥാർത്ഥ്യമെന്നതിലുപരി ഒരു ഭ്രമകൽപ്പനയായിരുന്നു. ഒരു കോശം അതിന്റെ ചരിത്രമോ, സ്വത്വമോ ജനോമിനുമേലെ അട്ടിയിടുന്നതിന് ആരും സാക്ഷിയായിട്ടുണ്ടായിരുന്നില്ല. 1961ൽ, ആറു മാസങ്ങൾക്കകത്ത്, ഉദ്ദേശം ഇരുപതുനാഴികദൂരത്തിലായി, രണ്ടു പരീക്ഷണങ്ങൾ നടന്നു. ജീനുകളെക്കുറിച്ചുള്ള അറിവിനെ അവ പരിവർത്തിപ്പിച്ചു; വാഡിങ്ങ്‌ട്ടണിന്റെ സിദ്ധാന്തത്തിന് വിശ്വാസ്യത നൽകി. 

1958. ഗ്രീഷ്മകാലം. ജോൺ ഗുർഡോൺ, ഓക്സ്ഫോർഡ് സർവ്വകലാശാലയിലെ ഒരു ബിരുദ വിദ്യാർത്ഥി, തവളകളുടെ വളർച്ച പഠിക്കാൻ ആരംഭിച്ചു. പഠിക്കാൻ അത്ര മിടുക്കനൊന്നുമായിരുന്നില്ലാ ഗുർഡോൺ. ഒരിക്കലൊരു സയൻസു പരീക്ഷയിൽ, 250 പേരുള്ള തന്റെ ക്ലാസ്സിൽ, 250-ാമത്തെ സ്‌ഥാനം നേടിയവനാണ് മൂപ്പർ. പക്ഷേ, അയാൾതന്നെഒരിക്കൽ പറഞ്ഞതു പോലെ, "ചെറിയ തോതിലുള്ള കാര്യങ്ങൾ ചെയ്യുന്നതിൽ ബഹുമിടുക്കനായിരുന്നു." അയാൾ നടത്തിയ ഏറ്റവും പ്രധാനപ്പെട്ട പരീക്ഷണങ്ങളെല്ലാം ഏറ്റവും ചെറിയ തോതിലുള്ളവയാണ്.  അമ്പതുകളുടെ തുടക്കത്തിൽ, ഫിലാഡൽഫിയയിലെ രണ്ടു ശാസ്ത്രജ്ഞന്മാർ ബീജസങ്കലിതമാകാത്ത ഒരു തവളമുട്ടയിലെ ജീനുകളെല്ലാം മാറ്റുകയുണ്ടായി. അവരതിന്റെ ന്യൂക്ലിയസ് ഊമ്പിമാറ്റി; കോശാവരണം മാത്രം ബാക്കിയാക്കി; അതിനുശേഷം, ആ മുട്ടയിലേക്ക് മറ്റൊരു തവളകോശത്തിലെ ജനോം കുത്തിവച്ചു. ഇത്, ഒരു കൂട്ടിലെ പക്ഷിയെ ഒഴിപ്പിച്ച് അതിലേക്കൊരു വ്യാജനെ കയറ്റിയശേഷം ആ വ്യാജപ്പക്ഷി സാധാരണനിലയിൽ വളരുന്നുണ്ടോ എന്നന്വേഷിക്കുന്നതുപോലെയായിരുന്നു. മറ്റൊരു കോശത്തിൽനിന്നെടുത്തു കുത്തിവെക്കപ്പെട്ട,ജനോമിൽനിന്നും ഒരു ഭ്രൂണമുണ്ടാക്കാനുള്ള എല്ലാ സാമഗ്രികളും കൂട്ടിൽ  --- അതായത്, ജീനുകളെല്ലാം ഒഴിക്കപ്പെട്ട അണ്ഡകോശത്തിൽ --- ഉണ്ടോ? ഉത്തരം, ഉണ്ടെന്നുതന്നെയാണ്. മറ്റൊരു തവളകോശത്തിൽനിന്നുള്ള ജനോം കുത്തിവെക്കപ്പെട്ട അണ്ഡത്തിൽനിന്ന് ഫിലാഡൽഫിയാഗവേഷകർക്ക് ഒരു വാൽമാക്രിയെ സൃഷ്ടിക്കാൻ കഴിഞ്ഞു. അതൊരുതരം അതിരുവിട്ട പരാന്നഭോക്തൃത്വമായിരുന്നു: അണ്ഡകോശം, ഒരു സാധാരണകോശത്തിലെ ജനോമിന്റെ ആതിഥേയൻ, അഥവാ വാഹകനായി; ആ ജനോമിനെ പൂർണ്ണമായൊരു സാധാരണ മുതിർന്ന ജന്തുവായ് വളരാൻ അനുവദിച്ചു.  'ന്യൂക്ലിയർ ട്രാൻസ്ഫർ' എന്നാണ് ഗവേഷകർ ഈ പ്രക്രിയയെ വിളിച്ചത്.  പക്ഷേ, ഈ മാർഗ്ഗം അതീവമാം വിധം അസമർത്ഥമായിരുന്നു. എല്ലാത്തിനുമൊടുവിൽ, അവരീ സമീപനത്തെ കയ്യൊഴിയുകയാണുണ്ടായത്.       
ഈ അപൂർവ്വവിജയം ഗുർഡോണിനെ വശീകരിച്ചു. അയാൾ ആ പരീക്ഷണത്തെ കൂടുതൽ വികസിപ്പിച്ചു. കോശകേന്ദ്രം മാറ്റപ്പെട്ട അണ്ഡത്തിലേക്ക് ഇളംഭ്രൂണങ്ങളിലെ കോശകേന്ദ്രങ്ങൾ കുത്തിവച്ചാണ് ഫിലഡൽഫിയാഗവേഷകർ പരീക്ഷണം നടത്തിയിരുന്നത്. 1961ൽ, ഗുർഡോൺ വേറൊരു പരീക്ഷണമാരംഭിച്ചു. മുതിർന്ന ഒരു തവളയുടെ കുടലിലെ കോശത്തിലെ ജനോം കുത്തിവച്ചാലും വാൽമാക്രിയെ സൃഷ്ടിക്കാനാകുമോ? സാങ്കേതിക തടസ്സങ്ങൾ ഭീമമായിരുന്നു. അൾട്രാവയലറ്റ് കിരണങ്ങൾകൊണ്ട് ബീജസങ്കലിതമാകാത്ത തവളമുട്ടയുടെ കോശകേന്ദ്രം, കോശസ്തരം കേടുവരുത്താതെ, നീക്കിക്കളയാൻ ഗുർഡോൺ പഠിച്ചു. അതിനു ശേഷം, മുങ്ങാംകുഴിയിടുന്നവൻ ജലത്തെ ഛേദിക്കുമ്പോലെ,  കോശോപരിതലത്തിൽ ചലനമുണ്ടാക്കാതെ, അണ്ഡസ്തരത്തെ തീകൊണ്ടു മൂർച്ചകൂട്ടിയ ഒരു സൂചിയാൽ ഭേദിച്ച്, ഒരു മുതിർന്ന തവളയുടെ കോശകേന്ദ്രം ഒരു തുള്ളി ദ്രവകമായ് അതിൽ നിക്ഷേപിച്ചു.    

മുതിർന്ന തവളയുടെ കോശകേന്ദ്രം (അതായത്, അതിലെ സർവ്വ ജീനുകളും) ഒഴിഞ്ഞ മുട്ടയിലേക്ക് മാറ്റിയത് ഒരു വിജയമായി. പൂർണ്ണമായ വ്യവഹാരക്ഷമതയുള്ള വാൽമാക്രികൾ പിറന്നു. ഓരോ വാൽമാക്രിയിലും മുതിർന്ന തവളയുടെ ജനോമിന്റെ കുറ്റമറ്റ പകർപ്പുകൾ ഉണ്ടായിരുന്നു. നിരവധി അണ്ഡങ്ങളിലേക്ക് മുതിർന്ന തവളയിൽനിന്നുള്ള നിരവധി കോശകേന്ദ്രങ്ങൾ പകരാൻ ഗുർഡോണിന് കഴിഞ്ഞപ്പോൾ, അയാൾക്ക് തീർത്തും താദാത്മ്യമുള്ള വാൽമാക്രികളെ (ക്ലോണുകളെ) സൃഷ്ടിക്കാനായി --- ദാതാവായ തവളയുടെ ക്ലോണുകളെ. ഈ പ്രക്രിയ അനന്തമായ് ആവർത്തിക്കപ്പെടാൻ കഴിയുന്ന ഒന്നാണ് --- ക്ലോണുകളിൽനിന്ന്, ക്ലോണുകളിൽനിന്ന്, ക്ലോണുകൾ. അവയെല്ലാം വഹിക്കുന്നതോ, ഒരേ ജനിതകരൂപവും --- പ്രത്യുൽപ്പാദനമില്ലാത്ത പുനരുൽപ്പാദനം.   

ഗുർഡോണിന്റെ പരീക്ഷണം ജീവശാസ്ത്രകാരന്മാരുടെ ഭാവനയ്ക്ക് തീകൊളുത്തി. ഒരു ശാസ്ത്രനോവൽഭാവന യാഥാർത്ഥ്യമായതുകൊണ്ടുമാത്രമല്ല അങ്ങനെ സംഭവിച്ചത്. ഒരു പരീക്ഷണത്തിലൂടെ അയാൾ ഒരൊറ്റ തവളയുടെ കുടൽകോശങ്ങളിൽ നിന്ന് പതിനെട്ടു ക്ലോണുകളെയാണ് ഉൽപ്പാദിപ്പിച്ചത്. സമാനമായ പതിനെട്ടു കൂടുകളിൽ നിക്ഷേപ്പിക്കപ്പെട്ട അവറ്റകൾ, പതിനെട്ടു സമാന്തര പ്രപഞ്ചങ്ങളിൽ ആവസിക്കുന്ന പതിനെട്ടു അപരന്മാരാണെന്നു തോന്നിപ്പോയി. ഇതിലുൾപ്പെട്ട ശാസ്ത്രതത്വവും ഭാവനോദ്ദീപകമാണ്: പ്രായമെത്തിയ ഒരു കോശത്തിലെ ജനോമിനെ, അതു മൂപ്പെത്തിയതിനു ശേഷം, ഒരണ്ഡകോശത്തിലെ ദ്രാവകത്തിൽ അൽപ്പനേരം കുളിപ്പിച്ചെടുക്കുന്നു; അപ്പോഴതാ, അത് പൂർണ്ണമായും ജീവത്തായൊരു ഭ്രൂണമായ് ആവിർഭവിക്കുന്നു. അണ്ഡകോശത്തിൽ, ചുരുക്കിപ്പറഞ്ഞാൽ, ആവശ്യമായതെല്ലാമുണ്ട് --- ജനോമിനെ വികാസകാലത്തിലൂടെ പിറകോട്ടോടിച്ച് പ്രവർത്തനസജ്ജമായ ഒരു ഭ്രൂണമാക്കി മാറ്റാൻ വേണ്ട എല്ലാ മഹാനിയന്ത്രകഘടകങ്ങളും അതിലുണ്ട്. കാലാന്തരത്തിൽ, ഗുർഡോണിന്റെ സമ്പ്രദായത്തിൽ പരിഷ്കാരങ്ങൾ വരികയും, ഇതരജന്തുക്കളിൽ പൊതുവായ് പ്രയോഗിക്കപ്പെടുകയുമുണ്ടായി.  ഡോളി എന്ന ചെമ്മരിയാടിന്റെ പ്രശസ്തമായ ക്ലോണിങിലേക്ക് നയിച്ചത് ഈ പരീക്ഷണങ്ങളാണ്. പ്രത്യുൽപ്പാദനമില്ലാതെ പുനരുൽപ്പാദിപ്പിക്കപ്പെട്ട ഏക വലിയ മൃഗം (ജീവശാസ്ത്രജ്ഞൻ ജോൺ മെയ്നാഡ് സ്മിത്ത് പിന്നീട് ഒരഭിപ്രായം പാസ്സാക്കി: അറിയപ്പെടുന്നതിൽവച്ച്, സംഭോഗത്തിലൂടെയല്ലാതെ സൃഷ്ടമായ മറ്റൊരേയൊരു സസ്തനി അത്ര വിശ്വാസയോഗ്യമല്ല. അദ്ദേഹം സൂചിപ്പിച്ചത് യേശു ക്രിസ്തുവിനെയാണ്). 2012ൽ, 'ന്യൂക്ലിയർ ട്രാൻസ്ഫർ' കണ്ടുപിടിച്ചതിന് ഗുർഡോണിന് നൊബേൽ സമ്മാനം കിട്ടി. (5)  

ശരിയാണ്, ഗുർഡോണിന്റെ പരീക്ഷണങ്ങൾ എങ്ങനെ നോക്കിയാലും അസാധാരണമായിരുന്നു. എന്നാൽ, അതിനേക്കാളൊക്കെ വെളിച്ചം വീശിയത് അയാളുടെ വിജയത്തിലെ പാളിച്ചകളായിരുന്നു. പ്രായപൂർത്തി വന്ന കുടൽകോശങ്ങൾക്ക് തീർച്ചയായും വാൽമാക്രികളെ ആവിർഭവിപ്പിക്കാനാകും; പക്ഷേ, ഗുർഡോണിന്റെ ശ്രമകരമായ സാങ്കേതിക ശുശ്രൂഷകളുണ്ടായിട്ടുകൂടി, അവ മടിച്ചുമടിച്ചാണ്  ആവിർഭവിച്ചത്. മുതിർന്ന കോശങ്ങളെ വാൽമാക്രികളാക്കി മാറ്റുന്നതിൽ അയാൾ വിജയിച്ചതിന്റെ തോത് പരമദയനീയമായിരുന്നു. ഇതിനുള്ള ഉത്തരം പ്രാചീനജനിതകശാസ്ത്രത്തിലില്ല. മുതിർന്ന ഒരു തവളയുടെ ജനോമിലെ DNA ശ്രേണി, എന്തായാലും, വാൽമാക്രിയുടെ, അല്ലെങ്കിൽ ഭ്രൂണത്തിന്റെ DNA ശ്രേണിയോട് താദാത്മ്യമുള്ളതാണ്. എല്ലാ കോശങ്ങളിലുമുള്ളത് ഒരേ ജനോമാണെന്നും, വ്യത്യസ്ത കോശങ്ങളിൽ അവ വിനിയോഗിക്കപ്പെടുന്ന രീതിയാണ് (സൂചനകളനുസരിച്ച് സക്രിയവും നിഷ്ക്രിയവുമാകുന്നതിനനുസരിച്ചാണ്) ഒരു ഭ്രൂണത്തിന്റെ പക്വതയിലേക്കുള്ള വളർച്ചയെ നിയന്ത്രിക്കുന്നതെന്നും ജനിതകശാസ്ത്രത്തിലെ അടിസ്ഥാനതത്വമല്ലേ?

എന്നാൽ, ജീനുകൾ ജീനുകൾതന്നെയാണെങ്കിൽ, എന്തുകൊണ്ടാണ് മുതിർന്ന കോശത്തിലെ ജനോമിനെ തിരിച്ചു ഭ്രൂണമായ് മാറ്റുന്നത് അസമർത്ഥമായ് തീർന്നത്? ഭ്രൂണാവസ്ഥയിലേക്കുള്ള ഈ തിരിച്ചുപോക്കിൽ എന്തുകൊണ്ടാണ്, മറ്റുള്ളവർ കണ്ടെത്തിയതുപോലെ,  പ്രായക്കുറവുള്ള ജന്തുക്കളിലെ കോശകേന്ദ്രങ്ങൾ, പ്രായക്കൂടുതലുള്ളവയിലേതിനേക്കാൾ അനുനയവിധേയമാകുന്നത്? വിശപ്പുകാലഗവേഷണത്തിലെന്നപോലെ, ഇവിടെയും, മുതിർന്ന കോശത്തിലെ ജനോമിൽ എന്തോ ഒന്ന് ഉത്തരരോത്തരം മുദ്രിതമായിരുന്നിരിക്കണം. ഉത്തരോത്തരം വർദ്ധിച്ചുവന്ന മാഞ്ഞുപോകാത്ത ഒരു മുദ്ര. ആ മുദ്ര, വികാസകാലത്തിലൂടെ പിറകോട്ടു സഞ്ചരിക്കുന്നതിൽനിന്ന് ജനോമിനെ തടസ്സപ്പെടുത്തിയിരിക്കാം. ഈ മുദ്ര വസിക്കുന്നത് ജീനുകളുടെ ശ്രേണിക്കകത്തായിരിക്കാൻ സാദ്ധ്യതയില്ല. അവയ്ക്ക് മുകളിലാകണം അതിന്റെ സ്ഥാനം. അത് ജീനുകൾക്ക് ഉപരിയായിരിക്കണം. വാഡിങ്ങ്‌ട്ടണിന്റെ ചോദ്യത്തിലേക്ക് ഗുർഡോൺ തിരിച്ചു വന്നു: ഓരോ കോശവും അതിന്റെ ചരിത്രത്തിന്റെയും സ്വത്വത്തിന്റെയും മുദ്ര --- കോശസ്മൃതിപോലൊന്ന് --- പേറുന്നുണ്ടെങ്കിലോ     

*
 
ഉപരിജനിതകമുദ്രയെ ഗുർഡോൺ കണ്ടത് അമൂർത്തമായിട്ടാണ്. തവളജനോമിൽ അങ്ങനെയൊരടയാളം അയാൾ നേരിട്ട് കണ്ടിരുന്നില്ല. 1961ൽ, മേരി ലിയോൺ ഒരു ജന്തുകോശത്തിൽ ഉപരിജനിതകപരിണാമത്തിന്റെ ഒരു ദൃഷ്ടാന്തം കാണുകയുണ്ടായി. വാഡിങ്ങ്‌ട്ടണിന്റെ പഴയൊരു ശിഷ്യയാണ് ലിയോൺ. സർക്കാർ ജീവനക്കാരി. സ്‌കൂൾ അദ്ധ്യാപിക. കേംബ്രിഡ്ജിലെ വഴക്കാളിയെന്ന് പേരുകേട്ട റോൺ ഫിഷർക്കൊപ്പമാണ് അവർ ബിരുദപഠനം തുടങ്ങിയത്. താമസിയാതെ, പഠനം മുഴുമിപ്പിക്കാൻ, അവർ എഡിൻബർഗ്ഗിലേക്ക് വിട്ടു. അതിനുശേഷം, അവർ ഹാർവെൽ എന്ന ശാന്തമായ ഇംഗ്ലീഷുഗ്രാമത്തിലേക്ക് മാറി. അവിടെ, ഒരു പരീക്ഷണശാലയിൽ അവർ സ്വന്തമായൊരു ഗവേഷണസംഘത്തിന് തുടക്കമിട്ടു. 

ഹാർവെല്ലിൽ ലിയോൺ ക്രോമസോമുകളുടെ ജീവശാസ്ത്രം പഠിച്ചു. ക്രോമസോമുകളെ ദൃശ്യമാക്കാൻ അവർ കൃത്രിമച്ചായങ്ങളാണ് ഉപയോഗിച്ചത്. ചായം പുരട്ടിയ ക്രോമസോം ജോഡികളെല്ലാംതന്നെ ഒരേപോലെയിരിക്കുന്നതു കണ്ട് അവർ അമ്പരന്നു. പക്ഷേ, സ്ത്രീജാതിയിലെ രണ്ടു X ക്രോമസോമുകൾ ഒരുപോലല്ലായിരുന്നു. പെൺചുണ്ടെലികളിലെ ഓരോ കോശത്തിലെയും രണ്ടു X ക്രോമസോമുകളിലൊന്ന് എപ്പോഴും കൂടുതലായി ഇരുണ്ട നിറത്തിലാണ് കാണപ്പെട്ടത്. ഇങ്ങനെ ഇരുണ്ട നിറത്തിൽ കാണപ്പെട്ട ക്രോമസോമുകളിലെ ജീനുകളിൽ മാറ്റമൊന്നുമുണ്ടായിരുന്നില്ല: രണ്ടു ക്രോമസോമുകളിലേയും വാസ്തവത്തിലുള്ള DNAശ്രേണികൾ ഒന്നായിരുന്നു. മാറ്റം കണ്ടത്, പക്ഷേ, അവയുടെ പ്രവൃത്തിയിലാണ്: ചുരുങ്ങിയിരിക്കുന്ന ആ ക്രോമസോമിലെ ജീനുകൾ RNA ഉൽപ്പാദിപ്പിക്കുന്നുണ്ടായിരുന്നില്ല. അതുകൊണ്ട്, ക്രോമസോം മുഴുവനായും "മൂകം" ആയിരുന്നു. ഒരു ക്രോമസോമിനെ ഉദ്ദേശ്യപൂർവ്വം പണിയിൽനിന്ന് പിരിച്ചുവിട്ടതുപോലെയാണ് അനുഭവപ്പെട്ടത് --- അതിനെ നിഷ്ക്രിയമാക്കിയതുപോലെ. ഈ നിഷ്ക്രിയ ക്രോമസോം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് അവ്യവസ്ഥമായാണെന്ന് ലിയോൺ കണ്ടു. ഒരു കോശത്തിൽ അത് അച്ഛനിൽനിന്നുള്ള X ആണെങ്കിൽ, മറ്റൊരു കോശത്തിൽ അമ്മയിൽനിന്നുള്ള X ക്രോമസോമാണ് നിഷ്ക്രിയമാക്കപ്പെട്ടിരുന്നത്. രണ്ടു X ക്രോമസോമുകളുള്ള എല്ലാ കോശങ്ങളിലും (അതായത്, പെൺശരീരത്തിലെ ഓരോ കോശത്തിലും) ഈ ക്രമം സാർവ്വത്രികമായിരുന്നു. 

എന്തിനു വേണ്ടിയാണീ X ക്രോമസോം നിർജ്ജീവത?  പെൺജാതിയിലാണ് രണ്ടു X ക്രോമസോമുകളുള്ളത്; ആണിലതൊന്നേയുള്ളൂ. പെൺകോശങ്ങൾ X ക്രോമസോമിലൊന്നിനെ നിഷ്ക്രിയമാക്കുന്നത്, അപ്പോൾ, രണ്ടു ക്രോമസോമുകളിൽനിന്നുള്ള  ജീനുകളുടെ "ഡോസ്" തുല്യമാക്കാനാണ്. അവ്യവസ്ഥമായ് X ഇങ്ങനെ നിഷ്ക്രിയമാക്കപ്പെടുന്നതു മൂലം,  ജീവശാസ്ത്രപരമായി, പ്രധാനപ്പെട്ടൊരു പരിണതിയുണ്ട്: പെൺദേഹം രണ്ടു തരങ്ങളിലുള്ള കോശങ്ങളുടെ ഒരു ചിത്രവേല (മൊസെയ്ക്) ആകുന്നു. ക്രോമസോമിന്റെ ഈ നിഷ്ക്രിയത, പൊതുവേ,   
അദൃശ്യമാണ് --- X ക്രോമസോമുകളിലൊന്ന് (ഉദാഹരണത്തിന്, അച്ഛനിൽനിന്നുള്ളത്) കാണപ്പെടുന്ന ഒരു ലക്ഷണത്തിനു കാരണമായൊരു വിജാതീയജീനിനെ വഹിക്കുന്നില്ലെങ്കിൽ. അങ്ങനെയെങ്കിൽ, ഒരു കോശം ആ വൈജാത്യത്തെ പ്രകടമാക്കുകയും, അതിന്റെ അയൽകോശത്തിൽ ആ പ്രവൃത്തി ഇല്ലാതെയുമിരിക്കും. അതൊരു ചിത്രവേലയുടെ ഫലമുണ്ടാക്കും.  ഉദാഹരണമായി, പൂച്ചകളിൽ ചർമ്മത്തിന് നിറമേകുന്ന ജീൻ X ക്രോമസോമിലാണുള്ളത്. X ക്രോമസോം ക്രമബദ്ധമല്ലാതെ നിഷ്ക്രിയമാകുന്നതു മൂലം, ഒരു കോശത്തിൽ ഒരു നിറവും, അയൽ  കോശത്തിൽ വേറൊരു നിറവുമായിരിക്കും. ജനിതകമല്ല, ഉപരിജനിതകമാണ് പെൺപൂച്ചകളിലെ ആമത്തോടുപോലുള്ള ചർമ്മത്തിന്റെ സമസ്യയ്ക്ക് ഉത്തരമേകുന്നത്. (മനുഷ്യരുടെ X ക്രോമസോമിലാണ് ചർമ്മനിറമേകുന്ന ജീനുള്ളതെങ്കിൽ, കറുത്തതും വെളുത്തതുമായ ദമ്പതികളുടെ പെൺകുട്ടിക്ക് കറുപ്പുംവെളുപ്പും ഇടകലർന്ന ചിത്രചർമ്മമായിരിക്കുമുണ്ടാകുക.) 

എങ്ങനെയാണ് കോശത്തിന് ഒരു മുഴുവൻ ക്രോമസോമിനെയും മൂകമാക്കാൻ കഴിയുന്നത്? പരിതസ്ഥിതിയിൽനിന്നുള്ള സൂചനയനുസരിച്ച് ഒന്നോ രണ്ടോ ജീനുകളെ സജീവമോ നിർജ്ജീവമോ ആക്കുന്ന പ്രക്രിയ മാത്രമായിരിക്കില്ലാ ഇത്. കോശത്തിന്റെ ആയുഷ്‌ക്കാലത്തേക്കാണ്, ഇവിടെ, ഒരു മുഴുവൻ ക്രോമസോമിനെയും --- അതിലെ സർവ്വജീനുകളെയും --- പണിമുടക്കിക്കുന്നത്. 1970കളിലാണ് യുക്തിഭദ്രമായൊരു ഊഹം ഇതിനെക്കുറിച്ചുണ്ടായത്: ആ ക്രോമസോമിലെ DNAയോട് കോശങ്ങൾ എങ്ങനെയോ സ്ഥിരമായൊരു രസമുദ്ര ചേർത്തിട്ടുണ്ടാകണം --- താന്മാത്രികമായ ഒരു "റദ്ദാക്കൽ അടയാളം". ജീനുകൾ അഭേദ്യമായതിനാൽ, അത്തരമൊരു മുദ്ര ജീനുകൾക്ക് മുകളിലായിരിക്കണം. അതായത്, അത്  ഉപരിജനിതകമായിരിക്കണം.  

1970കളിൽ, ജീനുകളെ നിശ്ശബ്ദമാക്കുന്നതിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞന്മാർ ഒരു കണ്ടുപിടുത്തം നടത്തി: DNAയുടെ ചില ഭാഗങ്ങളോട് ഒട്ടിപ്പിടിച്ചിരിക്കുന്ന ഒരു കൊച്ചു തന്മാത്രയും --- ഒരു മീഥെയിൽ കൂട്ടം --- ജീനുകൾ നിഷ്ക്രിയമാകുന്നതും തമ്മിൽ പരസ്പരബന്ധമുണ്ട്. ഈ പ്രക്രിയയുടെ പ്രധാന പ്രേരകരിലൊന്ന് ഒരു RNA തന്മാത്ര --- XIST --- യാണെന്ന് പിന്നീട് മനസ്സിലാക്കപ്പെട്ടു. ഈ RNA തന്മാത്ര ക്രോമസോമിലെ ഭാഗങ്ങൾക്കുള്ള "പുറംപൂച്ചാണ്"; അത് ക്രോമസോമിനെ മൂകമാക്കുന്നതിൽ ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ടെന്നാണ് ധരിക്കപ്പെടുന്നത്. ഒരു മാലയിലെ ഉറുക്കുകളെപ്പോലെ ഈ മീഥെയിൽ ടാഗുകൾ DNA ഇഴകളെ അലങ്കരിക്കുന്നു. അവ ചില ജീനുകൾക്കു പണിമുടക്കാനുള്ള സൂചനകളായാണ്  അറിയപ്പെടുന്നത്.  

*
മീഥെയിൽ ടാഗുകൾ മാത്രമല്ലാ DNA മാലയിൽ തൂങ്ങിക്കിടക്കുന്ന ഉറുക്കുകൾ. 1996ൽ, ന്യൂയോർക്കിലെ റോക് ഫെല്ലർ സർവ്വകലാശാലയിൽ ഗവേഷണത്തിലായിരുന്ന ഡേവിഡ് അല്ലിസ്, ഒരു ജീവരസതന്ത്രജ്ഞൻ, ജീനുകളിൽ സ്ഥിരമുദ്രകൾ കൊത്തിവെക്കുന്ന ഇനിയുമൊരു സംവിധാനം കണ്ടെത്തി(6). രണ്ടാമത്തെ ഈ സംവിധാനം ജീനുകളിൽ നേരിട്ടല്ല മുദ്രചാർത്തുന്നത്; പകരം, ജീനുകളെ കെട്ടിയൊരുക്കുന്ന ഹിസ്റ്റോണുകൾ എന്ന പ്രോട്ടീനുകളിലാണ് അവയീ അടയാളങ്ങൾ പതിപ്പിക്കുന്നത്. ഹിസ്റ്റോണുകൾ DNAയിൽ കടിച്ചുതൂങ്ങിക്കിടന്ന് അതിനെ ചുരുളുകളും വലയങ്ങളുമാക്കി ക്രോമസോമുകൾക്കുള്ള തട്ടുകളാക്കി മറ്റും. തട്ടിന്റെ  വിന്യാസം മാറുന്നതിനനുസരിച്ച് ജീനുകളുടെ പ്രവൃത്തിയും മാറും --- ഒരു പദാർത്ഥത്തിന്റെ സ്വഭാവം അതിനെ കെട്ടിയൊരുക്കുന്ന രീതിക്കനുസരിച്ച് മാറുന്നതു പോലെ (സിൽക്കു നൂലുകളുടെ ഒരു ചുരുൾ പന്തുപോലെയാക്കിയാൽ അതിനൊരു സ്വാഭാവമാണ്; അതേ ചുരുൾ കയറുപോലെ നീട്ടിവലിച്ചാൽ മറ്റൊരു സ്വഭാവവും).   ഒരു "തന്മാത്രാസ്മൃതി" ജീനിനുമേൽ പതിപ്പിക്കുക സാദ്ധ്യമായൊരു കാര്യമാണ് --- എന്നാൽ, ആ മുദ്രണം ഈ സംഗതിയിൽ നേരിട്ടല്ല, സൂചനകളെ പ്രോട്ടീനുകളോട് ഘടിപ്പിച്ചാണ് സാദ്ധ്യമാക്കുന്നത് (ചില--- അല്ലെങ്കിൽ ഏതെങ്കിലും ---  ഹിസ്റ്റോൺ മാറ്റങ്ങൾ ജീനുകളുടെ പ്രവർത്തനത്തെ സ്വാധീനിക്കുന്നുണ്ടോ, അതോ ഹിസ്റ്റോൺ മാറ്റങ്ങളിൽ ചിലവ ജീൻപ്രവർത്തനങ്ങളുടെ പാർശ്വഫലങ്ങൾ മാത്രമാണോ എന്നത് ഉപരിജനിതകമേഖലയിലെ ചൂടുപിടിച്ച ചർച്ചയാണ്). ഈ ഹിസ്റ്റോൺ മുദ്രകൾ പരമ്പരാഗതമായി സ്വീകരിക്കപ്പെടുന്നതും, അവയുടെ സ്ഥൈര്യവും, ശരിയായ ജീനുകളിൽ ശരിയായ സമയത്ത് അവ ജീനുകളിൽ വരുന്നത് ഉറപ്പാക്കുന്ന പ്രക്രിയയും ഇപ്പോഴും പഠിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. എങ്കിലും, അസങ്കീർണ്ണ ജീവികളിൽ (യീസ്റ്റിലും, പുഴുവിലും) തലമുറകളിലൂടെ ഈ ഹിസ്റ്റോൺ മുദ്രകൾ കൈമാറപ്പെടുന്നതായാണ് കാണുന്നത്.     

  
















      





















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...