2023, മാർച്ച് 17, വെള്ളിയാഴ്‌ച

ജീൻ 31 : 3

 *

പ്രോട്ടീൻ നിയന്ത്രകങ്ങൾ (പകർപ്പു ഘടകങ്ങൾ എന്നു വിളിക്കപ്പെടുന്നവ; കോശങ്ങളിലെ ജീനുകളുടെ സംഗീതം നയിക്കുന്ന പ്രമാണികൾ)) വഴി ജീനുകൾ മൂകമാകുന്നതും, പ്രവർത്തനസജ്ജമാകുന്നതും 1950കൾ മുതൽക്കേ തെളിഞ്ഞിട്ടുള്ളതാണ്. എന്നാൽ, ഈ പ്രമാണിമാർക്ക്, സ്ഥിരമായ രാസമുദ്രകൾ  ജീനുകളിൽ പതിക്കാൻ,  മറ്റു പ്രോട്ടീനുകളെയും ജോലിക്കെടുക്കാൻ പറ്റും (ഇവയെ സഹായികൾ എന്നു വിളിക്കാം). ഈ മുദ്രകൾ ജനോമിൽ നിലനിൽക്കുന്നത് ഉറപ്പുവരുത്താനും അവയ്ക്ക് കഴിയും. അതിനായി, കോശത്തിൽനിന്നോ, പരിസ്ഥിതിയിൽനിന്നോ ലഭിക്കുന്ന സൂചനകളനുസരിച്ച്, അവയ്ക്ക്  മുദ്രകളെ കൂട്ടിച്ചേർക്കാനും, മായ്ച്ചു കളയാനും, ഉണർത്താനും, ഉറക്കാനും പറ്റും. 

ഒരു വാക്യത്തിനുമേൽ എഴുതപ്പെട്ടിരിക്കുന്ന കുറിപ്പുകൾപോലെയാണീ അടയാളങ്ങൾ; അല്ലെങ്കിൽ, ഒരു പുസ്തകത്തിലെ മാർജിനിൽ രേഖപ്പെടുത്തിയ കുറിപ്പുകൾപോലെ --- പെൻസിൽകൊണ്ടുള്ള വരകൾ, അടിവരയിട്ട വാക്കുകൾ, റദ്ദു ചെയ്ത അക്ഷരങ്ങൾ, ചുരണ്ടിയ പാടുകൾ, കീഴ്ക്കുറിപ്പുകൾ, ഉപസംഹാരക്കുറിപ്പുകൾ --- നിലവിലിരിക്കുന്ന വാക്കുകളിൽ മാറ്റമുണ്ടാക്കാതെ, ഈ മുദ്രകൾ ജനോമിന്റെ പശ്ചാത്തലത്തെ പരിഷ്‌കരിക്കും. ഒരു ജീവിയിലെ എല്ലാ കോശങ്ങളും പാരമ്പര്യമായ് ആർജ്ജിക്കുന്നത് ഒരേ പുസ്തകം തന്നെ; പക്ഷേ, പ്രത്യേക വാക്യങ്ങളെ ചുരണ്ടി മാറ്റുകയും, ചില വാക്യങ്ങൾ കൂട്ടിച്ചേർക്കുകയും, സവിശേഷമായ ചില വാക്കുകളെ "മൂക"മാക്കിയും "സജീവ"മാക്കിയും, ചില വചനങ്ങൾക്ക് ഊന്നൽ കൊടുത്തും ഓരോ കോശത്തിനും അടിസ്ഥാന പുസ്തകത്തിൽനിന്നും സവിശേഷമായൊരു നോവൽ രചിക്കാൻ കഴിയുന്നതാണ്. രാസമുദ്രകൾകൊണ്ടലങ്കരിച്ച മാനവജനോമിലെ ജീനുകളെ നമുക്കിങ്ങനെ വിഭാവനം ചെയ്യാം:

. . . This . . . . is . . . the . . . . ., , , . . . . . . . struc . . . ture, . . . . . . 
                        of  . . . Your . . . Gen . . . ome . . .



മുമ്പ് കണ്ടതുപോലെ, വാചകത്തിലെ വാക്കുകളാണ് ജീൻ. ശൂന്യസ്ഥലികളും, രോധങ്ങളും ഇൻട്രോണുകളെ (ജീനാന്തരമേഖലകളെയും നിയന്ത്രകശ്രേണികളെയും)  സൂചിപ്പിക്കുന്നു. വലിയ അക്ഷരങ്ങളും അടിവരയിട്ടവയും, അർത്ഥത്തിന്റെ അവസാനപാളി ചുമത്താൻ വേണ്ടി ജനോമിനോട് ചേർത്ത, ഉപരിജനിതകമുദ്രകളാണ്. 

ഈ  കാരണത്താലാണ്, മുതിർന്ന ഒരു കുടൽകോശത്തെ, വികാസകാലത്തിലൂടെ പിറകോട്ടു നയിച്ച്, ഒരു ഭ്രൂണകോശമുണ്ടാക്കാനും, പിന്നീട്, പൂർണ്ണവളർച്ചയെത്തിയ ഒരു തവളയെ ഉണ്ടാക്കാനും എത്ര ശ്രമിച്ചിട്ടും ഗുർഡോണിന് പ്രയാസമായത്. കുടൽകോശത്തിലെ ജനോമിൽ ആവശ്യത്തിലധികം ഉപരിജനിതക"ക്കുറിപ്പുകൾ" ഉണ്ടായിരുന്നു. അവ മുഴുവനായും മായ്ച്ചുകളഞ്ഞ് ഒരു ഭ്രൂണജനോമാക്കുക അസാദ്ധ്യമായി. മനുഷ്യരുടെ, മാറ്റാൻ ശ്രമിച്ചാലും മാറാത്ത, ഓർമ്മകളെപ്പോലെ ജനോമുപരി എഴുതിച്ചേർക്കപ്പെട്ട രാസപരമായ കുറിപ്പുകൾ തിരുത്താൻ അത്ര എളുപ്പമല്ല. ഒരു കോശത്തിന് അതിന്റെ സ്വത്വം നിലനിർത്തുന്നതിന് വേണ്ടി ഈ കുറിപ്പുകൾ വിനാശം സംഭവിക്കാത്ത രീതിയിൽ രൂപീകരിക്കപ്പെട്ടവയാണ്. ഭ്രൂണകോശങ്ങളിൽ മാത്രമാണ് വ്യത്യസ്തരീതിയിലുള്ള സ്വത്വങ്ങളായി പരിണമിക്കാൻ കഴിവുള്ള ജനോമുകളുള്ളത്. അതുകൊണ്ടാണ് അവയ്ക്ക് ശരീരത്തിൽ നാനാതരത്തിലുമുള്ള കോശങ്ങളെ ഉൽപ്പാദിപ്പിക്കാൻ കഴിയുന്നത്. ഭ്രൂണകോശങ്ങൾ സ്വത്വസ്ഥിരത പ്രാപിച്ചുകഴിഞ്ഞാൽ (കുടൽകോശമോ, രക്തകോശമോ, നാഡിഡീകോശമോ ആയിത്തീർന്നാൽ ) പിന്നെ, പിറകോട്ടുപോവുകയെന്നത് ഏറെക്കുറേ അസാദ്ധ്യമാണ്. (അതിനാലാണ് തവളയുടെ കുടൽകോശത്തിൽനിന്ന് വാൽമാക്രിയെ ഉണ്ടാക്കാൻ ഗുർഡോണിന് പ്രയാസമനുഭവപ്പെട്ടത്. ഒരേ കഥയിൽനിന്ന് ഒരു ഭ്രൂണകോശത്തിന് ഒരായിരം നോവലുകൾ എഴുതാനായേക്കാം; എന്നാൽ, വളർച്ചയെത്തിയ യുവാക്കൾക്കുള്ള നോവൽ ഒരിക്കൽ  രചിക്കപ്പെട്ടുകഴിഞ്ഞാൽ, അതിനെ വിക്റ്റോറിയൻ കാൽപ്പനികകഥയാക്കി മാറ്റിയെഴുതുക അനായാസമല്ല.    
*
ജീൻനിയന്ത്രകരുടെയും ഉപരിജനിതകത്തിന്റെയും പാരസ്പര്യലീല ഒരു കോശത്തിന്റെ സ്വത്വം എന്ന സമസ്യക്ക് ഭാഗികമായ സമാധാനമരുളുന്നു. ഒരു പക്ഷേ, ഒരു വ്യക്തിയുടെ വ്യക്തിത്വമെന്ന അതിവിഷമകരമായ സമസ്യക്കും ഈ പരസ്പരപ്രവർത്തനം പരിഹാരമരുളിയേക്കാം. "എന്തുകൊണ്ടാണ് ഇരട്ടകൾ വ്യത്യസ്തരായിരിക്കുന്നത്?" നാം മുമ്പ് ചോദിച്ചു. അങ്ങനെ ചോദിചിച്ചതിന് ഉത്തരമിതാണ്: സവിശേഷസംഭവങ്ങൾ അവരുടെ ശരീരങ്ങളിൽ സവിശേഷമായ മുദ്രകളിലൂടെ രേഖയാക്കപ്പെടുന്നു. പക്ഷേ, ഏതു രീതിയിലാണ് "രേഖ"യാകുന്നത്? ജീനുകളുടെ ശരിക്കുള്ള ശ്രേണിയിലല്ല അവ. അമ്പതുകൊല്ലങ്ങളോളം, ഓരോ ദശാബ്ദത്തിലും, ഒരു ജോഡി സർവ്വസമാന ഇരട്ടകളുടെ ജനോമുകൾ ശ്രേണീകരിച്ചാൽ വീണ്ടും വീണ്ടും നമുക്കു കിട്ടുക ഒരേ ശ്രേണിയായിരിക്കും. എന്നാൽ, ഇവരുടെ ഉപരിജനോമുകൾ (epigenomes) ഇതുപോലെ പരിശോധിച്ചാൽ, നമുക്കു സാരമായ വ്യത്യാസങ്ങൾ കാണാൻ കഴിയും. പരീക്ഷണത്തിന്റെ തുടക്കത്തിൽ, രക്തകോശത്തിലോ, നാഡീകോശത്തിലോ ചേർന്നിട്ടുള്ള മീഥെയിൽ കൂട്ടങ്ങളുടെ ക്രമം ഈ ഇരട്ടകളിൽ ഏകദേശം സമാനമായി കാണപ്പെടും; ആദ്യ ദശാബ്ദത്തിൽ, പക്ഷേ, അതു പതിയെ മാറുന്നതായും, അമ്പതുവർഷങ്ങൾക്കുള്ളിൽ സാരമായ് മാറുന്നതായും കാണാം.    

ആകസ്മിക സംഭവങ്ങൾ --- അപകടങ്ങൾ, രോഗങ്ങൾ, ആസക്തികൾ, ഒരു സവിശേഷ ഗീതത്തിന്റെ വിട്ടുപോകാത്ത രാഗം, പാരീസിലെ ആ സവിശേഷ കന്യകയുടെ ഗന്ധം --- ഇരട്ടകളിൽ ഒന്നിനെ ബാധിക്കുമ്പോൾ, മറ്റേതിനെ ബാധിക്കുന്നില്ല. ഈ സംഭവങ്ങളോട് പ്രതികരിച്ചുകൊണ്ട് നിയന്ത്രകപ്രോട്ടീനുകൾ ജീനുകളെ 'സുപ്തവും" "സജീവവു"മാക്കും; പതിയെപ്പതിയെ, ജീനുകൾക്കു മീതേ ഉപരിജനിതകമുദ്രകളുടെ പാളി രൂപപ്പെടും(7).ഈ മുദ്രകൾ എങ്ങനെയാണ് ജീനുകളുടെ പ്രവർത്തനങ്ങളെ വ്യാവഹാരികമായ് സ്വാധീനിക്കുന്നതെന്ന്  ഇനിയും നിർണ്ണയിക്കപ്പെട്ടിട്ടില്ല. ഈ അടയാളങ്ങൾ, പകർപ്പു ഘടകങ്ങൾക്കൊപ്പം, ജീനുകളുടെ പ്രവർത്തനത്തെ സംവിധാനം ചെയ്യുന്നതിൽ സഹായിക്കുന്നുവെന്നാണ് ചില പരീക്ഷണങ്ങൾ സൂചിപ്പിക്കുന്നത്. 

അർജൻന്റീനക്കാരനായ ഷോർഹെ ലൂയി ബോർഹസിന്റെ ഒരസാധാരണ കഥയുണ്ട് : "ഓർമ്മ ഭരിക്കുന്ന ഫ്യൂനിസ്" (ഫ്യൂനിസ് ദ മെമോറിയസ്). ഒരപകടത്തിനുശേഷം ബോധത്തിലേക്ക് തിരിച്ചുവരുന്ന  ചെറുപ്പക്കാരൻ ഫ്യൂനിസ് തനിക്ക് "പൂർണ്ണമായ" ഓർമ്മ ലഭ്യമായിരിക്കുന്നുവെന്ന് തിരിച്ചറിയുന്നു. തന്റെ ജീവിതത്തിലെ ഓരോ സംഭവത്തിന്റെയും, വസ്തുവിന്റെയും, കണ്ടുമുട്ടലുകളുടെയും എല്ലാ വിശദാംശവും ഫ്യൂനിസിന് ഓർമ്മയുണ്ട് --- "എല്ലാ മേഘങ്ങളുടെയും രൂപങ്ങൾ ... തോൽച്ചട്ടയുള്ള പുസ്തകത്തിന്റെ പരുപരുപ്പ്." അസാധാരണമായ ഈ കഴിവ് ഫ്യൂനിസിനെ, പക്ഷേ, ശക്തനാക്കുന്നതിനു പകരം തളർത്തുകയാണ്. തനിക്ക് നിശ്ശബ്ദമാക്കാൻ പറ്റാത്ത ഓർമ്മകൾ അയാളെ മുക്കിക്കൊല്ലുകയാണ്. ആൾക്കൂട്ടത്തിൽനിന്ന് നിരന്തരമായൊഴുകിവരുന്ന, തനിക്ക് അമർച്ച ചെയ്യാനാകാത്ത, ആരവം പോലെയുള്ള ഓർമ്മകൾക്ക് അയാൾ അധീനനാകുന്നു. സന്ദേശങ്ങളുടെ പൈശാചികമായ ഉൾപ്രവാഹത്തെ തടുക്കാനാകാതെ, ലോകത്തെ വാതിൽ കൊട്ടിയടച്ചു പുറത്താക്കി, ഇരുട്ടിൽ തന്റെ കട്ടിലിലിരിക്കുന്ന ഫ്യൂനിസിനെയാണ് ബോർഹസ് കാണുന്നത്.  

ജനോമിലെ ഖണ്ഡങ്ങളെ ഉചിതമെന്നു തോന്നുമ്പോൾ മൂകമാക്കാൻ പറ്റാത്ത കോശം "ഓർമ്മ ഭാരമുള്ള ഫ്യൂനിസാ"യ് (അഥവാ, കഥയിലെപ്പോലെ, "ബലഹീനനായ ഫ്യൂനിസാ"യ്) തരംതാഴുകയാണ് ചെയ്യുന്നത്. ഓരോ ജന്തുവിലെയും, ഓരോ കലയിലുമുള്ള, ഓരോരോ കോശത്തെയും നിർമ്മിക്കുവാനുള്ള ഓർമ്മ ജനോമിലുണ്ട് --- എണ്ണത്തിലും, വൈവിദ്ധ്യത്തിലും എത്രയോ ബാഹുല്യമുള്ള ഓർമ്മ. അതിനാൽത്തന്നെ, ഉചിതമായ രീതിയിൽ അമർച്ച ചെയ്യാനും ഉണർത്തിവിടാനുമുള്ള ഒരു സംവിധാനമില്ലാത്ത കോശത്തെ ആ ഓർമ്മ മുക്കിക്കളയും. വിരോധാഭാസമെന്നു പറയട്ടെ, ഫ്യൂനിസിന്റെ കാര്യത്തിലെന്നപോലെ, ഏത് ഓർമ്മയെയും വിനിയോഗിക്കുവാനുള്ള സാമർത്ഥ്യം, പ്രാവർത്തികമായ്, ഓർമ്മകളെ മൂകമാക്കാനുള്ള കഴിവിനെ ആശ്രയിച്ചാണിരിക്കുന്നത്. ഒരു പക്ഷേ, ജനോമിനെ പ്രവർത്തിക്കാൻ അനുവദിക്കാനാകണം ഒരുപരിജനിതകസംവിധാനമുള്ളത്‌. ഈ സംവിധാനത്തെപ്പറ്റി കൂടുതലായി ഇനിയും അറിയാനിരിക്കുന്നതേയുള്ളൂ. പരിതസ്ഥിതി ഉൾപ്പെടെയുള്ള വിഭിന്ന ഉത്തേജനങ്ങളോടുള്ള പ്രതികരണമായി, വ്യത്യസ്ത രാസമുദ്രകൾ വിവിധ കോശങ്ങളിലെ  ജനോമുകളിൽ പരിവർത്തനമുളവാക്കുന്നതായാണ് തോന്നുന്നത്. ഈ മുദ്രകൾ ജീനുകളുടെ പ്രവൃത്തിയിലേക്കെന്തെങ്കിലും സംഭാവന ചെയ്യുന്നുണ്ടോ, ഉണ്ടെങ്കിൽ എങ്ങനെ, അവയുടെ ധർമ്മങ്ങൾ എന്തൊക്കെ --- ഇവയെല്ലാം, ഇന്നും, ജനിതകശാസ്ത്രജ്ഞന്മാർക്കിടയിലുള്ള ചൂടേറിയ, പലപ്പോഴും അക്രമാസക്തമായ, ചർച്ചയുടെ വിഷയമാണ്. 

*
2006. ജപ്പാനിൽനിന്നുള്ള ഷിൻയാ യമനാക്ക, മൂലകോശങ്ങളിൽ ഗവേഷണം ചെയ്യുന്ന ഒരു ജീവശാസ്ത്രജ്ഞൻ, ഒരു പരീക്ഷണത്തിലേർപ്പെട്ടു. അതിന്റെ ഫലം അങ്ങേയറ്റം അമ്പരിപ്പിക്കുന്നതായിരുന്നു. ഉപരിജനിതകമുദ്രകളുമായ് പ്രതിപ്രവർത്തിച്ച് കോശസ്മൃതി പുനഃസജ്ജീകരിക്കുന്നതിനുള്ള പ്രോട്ടീൻനിയന്ത്രകരുടെ കഴിവ് ആ പരീക്ഷണം തെളിയിച്ചു.  കോശത്തിലെ ജീനുകളോട് ചേർന്നിരിക്കുന്ന രസമുദ്രകൾ കോശസ്വത്വത്തിന്റെ രേഖയായ് വർത്തിക്കുന്നുവെന്ന ആശയം, ഗുർഡോണിലെന്നപോലെ, യമനാക്കയിലും ജിജ്ഞാസ വളർത്തി. ഈ അടയാളങ്ങൾ തുടച്ചുകളഞ്ഞാൽ എങ്ങിനെയിരിക്കുമെന്ന് അയാൾ ആലോചിച്ചു. മൂപ്പെത്തിയ കോശം പഴയ സ്ഥിതിയിലേക്ക് മടങ്ങുമോ --- സമയത്തെ തലകീഴാക്കി, ചരിത്രത്തെ ഭസ്മമാക്കി, നിഷ്കളങ്കതയിലേക്ക് ചുരുണ്ട്, അത് ഭ്രൂണകോശമായ് മാറുമോ?

ഒരു ചുണ്ടെലിയുടെ പൂർണ്ണ വളർച്ചയെത്തിയ ചർമ്മത്തിൽനിന്നുള്ള ഒരു സാധാരണ കോശമെടുത്ത്,  ഗുർഡോണിനെപ്പോലെ, വീണ്ടും, യമനാക്ക ഒരു കോശത്തിന്റെ സ്വത്വത്തെ പിറകോട്ടു കൊണ്ടുപോകാനുള്ള പരിശ്രമം ആരംഭിച്ചു. അണ്ഡത്തിലെ ഘടകങ്ങൾക്ക്  (പ്രോട്ടീനുകൾക്കും RNAക്കും) ഒരു മുതിർന്ന കോശത്തിലെ ജനോമിലുള്ള മുദ്രകളെ  മായ്ക്കാൻ കഴിയുമെന്നും, അതു വഴി,  ഒരു കോശത്തിന്റെ വിധിയെ പിന്നോട്ടു കൊണ്ടുപോകാമെന്നും, തവളകോശത്തിൽനിന്ന് വാൽമാക്രികളെ സൃഷ്ടിക്കാമെന്നും ഗോർഡോണിന്റെ പരീക്ഷണം തെളിയിച്ചതാണ്. അണ്ഡകോശത്തിൽനിന്ന് ഈ ഘടകങ്ങളെ കണ്ടുപിടിച്ച്  വേർതിരിച്ചെടുക്കാൻ തനിക്കാകില്ലേ എന്ന ചിന്തയിലായീ യമനാക്ക. അവയെ, അപ്പോൾ, കോശഭാഗധേയം തീർപ്പാക്കുന്ന തന്മാത്രാ"ഉന്മൂലകനാ"യി ഉപയോഗിക്കാമല്ലോ.  ദശാബ്ദങ്ങൾ നീണ്ട വേട്ടക്കു ശേഷം , യമനാക്ക ഈ നിഗൂഢഘടകങ്ങളെ, നാലു ജീനുകൾ കോഡിലാക്കുന്ന പ്രോട്ടീനുകളെ, കണ്ടെത്തി. കണ്ടെത്തിയതിനു പിന്നാലെ, ഈ നാലുജീനുകളെ അയാൾ മുതിർന്നമൂഷികചർമ്മകോശത്തിലേക്ക് കടത്തി. 

ഈ  നാലു ജീനുകളെ മുതിർന്ന ചർമ്മകോശത്തിലേക്ക് കടത്തിയതു ഹേതുവായ്, യമനാക്കയെയും, തുടർന്ന്, ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞന്മാരെയും അമ്പരിപ്പിച്ചുകൊണ്ട്, കോശങ്ങളുടെ ചെറിയൊരു ഭാഗം ഒരു ഭ്രൂണമൂലകോശമെന്നു തോന്നിപ്പിക്കുന്ന ഒന്നായി പരിവർത്തനപ്പെട്ടു. ഈ മൂലകോശത്തിന് ചർമ്മമായ് വികസിക്കാമെന്നു  മാത്രമല്ല, അതിനു പേശികളായും, രക്തമായും, അസ്ഥികളായും, കുടലുകളായും, നാഡീകോശങ്ങളായും വളരാം. വാസ്തവം പറഞ്ഞാൽ, അതിന് ഒരു ജന്തുവിൽ കാണപ്പെടുന്ന ഏതു ജാതി കോശത്തിനും പിറവിയേകാം.  യമനാക്കയും സഹഗവേഷകരും ചർമ്മകോശത്തിൽനിന്ന് ഭ്രൂണകോശത്തിലേക്കുള്ള പുരോഗതി (അല്ല, അധോയാനം) അപഗ്രഥിച്ചപ്പോൾ, അവർക്കു സംഭവങ്ങളുടെ ഒരു പ്രവാഹമാണ് കാണാൻ  കഴിഞ്ഞത്. ജീനുകളുടെ നിരവധി പരിക്രമണപഥങ്ങൾ സജീവമാക്കപ്പെടുകയോ സുപ്തമാക്കപ്പെടുകയോ ഉണ്ടായി. കോശത്തിലെ ഉപാപചയം പുനഃസജ്ജീകരിക്കപ്പെട്ടു. അതിനു ശേഷം, ഉപരിജനിതകമുദ്രകൾ മായ്ക്കപ്പെട്ടു; വീണ്ടുമെഴുതപ്പെട്ടു. കോശത്തിന്റെ രൂപവും വലിപ്പവും മാറി. അതിന്റെ ചുളിവുകൾ ഇല്ലാതായി; ഉറച്ചുപോയ സന്ധികൾ വളക്കാവുന്നവയായി.  അതിനു യൗവ്വനം തിരിച്ചുകിട്ടി; വാഡിങ്ങ്ട്ടൺ ചെരിവിലൂടെ മുകളിലോട്ട് കയറാമെന്നായി.  യമനാക്ക കോശത്തിന്റെ ഓർമ്മ ഉന്മൂലനം ചെയ്തിരിക്കുന്നു; ജൈവസമയത്തെ പിന്നോക്കം തിരിച്ചിരിക്കുന്നു. 

കഥയിൽ വിചാരിച്ചിരിക്കാത്ത ഒരു വഴിത്തിരിവുണ്ട്. കോശത്തിന്റെ ഭാഗധേയത്തെ പിന്നോട്ടു തിരിക്കുന്നതിന് യമനാക്ക ഉപയോഗിച്ച നാലു ജീനുകളിലൊന്ന് c-myc എന്ന പേരുള്ളതാണ്.  പുനരുജ്ജീവനഘടകമായ myc  ഒരു സാധാരണ ജീനല്ല. ജീവശാസ്ത്രത്തിന് പരിചിതമായവയിൽ വെച്ച്, കോശവികാസത്തെയും ഉപാപചയത്തെയും നിയന്ത്രിക്കുന്ന, അതിപ്രബലമായ ഘടകങ്ങളിലൊന്നാണത്. അസാധാരണമായ രീതിയിൽ സക്രിയമാക്കപ്പെട്ടാൽ, അതിന് ഒരു മുതിർന്ന കോശത്തെ തീർച്ചയായും ഭ്രൂണത്തെപ്പോലുള്ള ഒരവസ്ഥയിലേക്ക്  അനുനയിക്കാൻ പറ്റും; കോശവിധിയെ പിറകോട്ടടിക്കുന്ന യമനാക്കയുടെ പരീക്ഷണത്തിന് സഹായകമാകും (ഇതു പ്രാവർത്തികമാക്കാൻ യമനാക്ക കണ്ടുപിടിച്ച മറ്റു മൂന്നു ജീനുകളുടെ സഹകരണം കൂടി വേണം). പക്ഷേ, myc, ജീവിശാസ്ത്രത്തിന് അറിയാവുന്നതിൽവെച്ച്, ഏറ്റവും  മാരകമായ അർബ്ബുദകാരി കൂടിയാണ്. അതിന്റെ സക്രിയത രക്താർബ്ബുദങ്ങളും, ലിംഫോമകളും, ആഗ്നേയഗന്ധിയുടെയും ഉദരത്തിന്റെയും ഗർഭപാത്രത്തിന്റെയും ക്യാൻസറുകളും ഉണ്ടാക്കിയേക്കും. ഏതോ സാരോപദേശകഥയിലെന്നപോലെ, അനശ്വരമായ യൗവ്വനത്തിനായുള്ള അന്വേഷണത്തിനു കൊടുക്കേണ്ടി വരുന്ന വില വളരെ ഭീകരമാണെന്ന് തോന്നാം. മൃതാവസ്ഥയെയും വാർദ്ധക്യാവസ്ഥയെയും ഉരിഞ്ഞുകളയാൻ കോശത്തെ സഹായിക്കുന്ന അതേ ജീനുകൾക്കു അതിന്റെ വിധിയെ രോഗാതുരമായ അമരത്വത്തിലേക്ക്, അനന്തമായ വളർച്ചയിലേക്ക്, വയസ്സാകാതിരിക്കുന്നതിലേക്ക് --- അർബ്ബുദത്തിന്റെ മഹാലക്ഷണങ്ങളിലേക്ക് മറിച്ചിടാൻ കഴിയും.    

*

ജീനുകളും നിയന്ത്രകപ്രോട്ടീനുകളുമായുള്ള ജനോമിന്റെ പ്രതിപ്രവർത്തനമെന്ന പ്രക്രിയയുടെ രൂപത്തിൽ നമുക്കിപ്പോൾ ഡച്ചു ഹോംഗർ ശീതകാലത്തെക്കുറിച്ചും, തലമുറകളെ അതു സ്വാധീനിച്ചതിനെക്കുറിച്ചും മനസ്സിലാക്കാൻ ശ്രമിക്കാം. 1945ലെ ആ മൃഗീയ മാസങ്ങളിൽ ജനം അനുഭവിച്ച തീവ്രനിരാഹാരാവസ്ഥ ഉപാപചയത്തിലും ശേഖരണത്തിലും ഉൾപ്പെട്ട ജീനുകളുടെ അഭിവ്യക്തി നിസ്സംശയം മാറ്റിക്കളഞ്ഞു. ആദ്യമാറ്റങ്ങൾ അസ്ഥിരമായിരുന്നു --- ഒരുപക്ഷേ, അവ, പരിതസ്ഥിതിയിലെ ആഹാരലഭ്യതക്കനുസരിച്ച്  ജീനുകൾ സുപ്തവും സക്രിയവുമാകുന്നതിലുപരി ഒന്നുമായിരുന്നില്ല. 

എന്നാൽ, ഉപാപചയത്തിന്റെ ഭൂപ്രകൃതി ഉറഞ്ഞുപോവുകയും നീണ്ടുപോയ പട്ടിണി അതിനെ പുനഃസജ്ജമാക്കുകയും ചെയ്തതോടെ, അസ്ഥിരത സ്ഥിരതയായ് കടുത്തപ്പോൾ, ജനോമിൽ കൂടുതൽ സ്ഥിരതയുള്ള മാറ്റങ്ങൾ മുദ്രിതമായി. അവയവങ്ങൾക്കിടയിൽ ഹോർമോണുകൾ വ്യാപിച്ചു; ആഹാരദൗർലഭ്യം നീളാനുള്ള സാദ്ധ്യതയുടെ സൂചന നൽകി; ജീൻ അഭിവ്യക്തി കൂടുതൽ വിശാലമായി നവീകരിക്കപ്പെടുമെന്നും സൂചിപ്പിച്ചു. കോശങ്ങളിലെ ഈ സന്ദേശങ്ങൾ പ്രോട്ടീനുകൾ പിടിച്ചെടുത്തു. ഒന്നൊന്നായി ജീനുകൾ മൂകമാക്കപ്പെട്ടു; അവയെ കൂടുതൽ നിഷ്ക്രിയരാക്കാൻ DNAയിൽ അടയാളങ്ങൾ പതിപ്പിക്കപ്പെട്ടു. കൊടുങ്കാറ്റു വരുമ്പോൾ വീടുകൾ കൊട്ടിയടക്കപ്പെടുന്നതുപോലെ, ജീനുകളുടെ കാര്യപരിപാടികളെല്ലാം നിർത്തലാക്കപ്പെട്ടു. ജീനുകളിൽ മീഥെയിൽ മുദ്രകൾ ചാർത്തപ്പെട്ടു. പട്ടിണിയുടെ ഓർമ്മ രേഖപ്പെടുത്താൻ ഹിസ്റ്റോണുകളിലും രാസപരമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടാകണം. 

കോശകോശാന്തരം, അവയവഅവയവാന്തരം, ശരീരമാകെ അതിജീവനാർത്ഥം പുനഃസജ്‌ജമാക്കപ്പെട്ടു. അന്തിമമായി, ബീജാണ്ഡകോശങ്ങൾപോലും മുദ്രിതമായി (പട്ടിണിയോടുള്ള പ്രതികരണത്തിന്റെ ഓർമ്മ ബീജാണ്ഡകോശങ്ങൾ എങ്ങനെ, എന്തിന് വഹിക്കുന്നുവെന്നത് നമുക്കറിയില്ല; ഒരുപക്ഷേ, പ്രസ്തുത കോശങ്ങളിൽ പട്ടിണിയും ഇല്ലായ്മയും രേഖപ്പെടുത്തുന്നത് മാനവ DNAയിലെ പുരാതന പാതകളായിരിക്കണം). ഈ ബീജാണ്ഡങ്ങളിൽനിന്ന് കുട്ടികളും പേരക്കുട്ടികളും പിറന്നപ്പോൾ, അവരുടെ ഭ്രൂണങ്ങൾ ഈ മുദ്രകൾ പേറിയിരുന്നിരിക്കണം. അവ ഉപാപചയത്തിൽ മാറ്റങ്ങൾ ഉണ്ടാക്കിയിരിക്കണം; ആ മാറ്റങ്ങൾ, വിശപ്പുകാലത്തിന് ദശാബ്ദങ്ങൾക്കു ശേഷവും, അവരുടെ ജനോമിൽ മായാതെ നിലനിന്നിരിക്കണം.  ചരിത്രസ്മൃതി, അതു വഴി, കോശസ്മൃതിയായ് പരിവർത്തിതമായി.     

*
ഒരു മുന്നറിയിപ്പ്: ഉപരിജനിതകവും അപകടകരമായൊരു ആശയമായി മാറുന്നതിന്റെ വക്കിലാണ്. ജീനുകളുടെ ഉപരിജനിതകപരിഷ്കരണങ്ങൾക്ക് കോശങ്ങളിൽ, ജനോമുകളിൽ, ചരിത്രപരവും പാരിസ്ഥിതികവുമായ സന്ദേശങ്ങൾ ചുമത്താനുള്ള കഴിവുണ്ട്. എന്നാൽ, ഈ സാമർത്ഥ്യം സൈദ്ധാന്തികമാണ്, പരിമിതമാണ്, സവിശേഷമാണ്, പ്രവചനാതീതമാണ്. പട്ടിണികിടന്ന ഒരു പിതാവിന് അതിസ്ഥൂലദേഹിയും അമിതാഹാരിയുമായ പുത്രനുണ്ടാകാം. എന്നാൽ, ക്ഷയരോഗിയായ ഒരു പിതാവിന്, പറയട്ടെ, ക്ഷയരോഗത്തോട് വ്യതസ്തമായ പ്രതികരണമുള്ള  പുത്രനുണ്ടാകില്ല. ഉപരിജനിതക "സ്മരണ"കളിൽ ഭൂരിഭാഗത്തിനും ഹേതു പുരാതന ജീവപരിണാമ പാതകളാണ്. നമ്മുടെ കുട്ടികളുടെ മേൽ അഭിലഷണീയമായ പാരമ്പര്യം ചുമത്താനുള്ള വാഞ്ഛയുമായ് അവയെ കൂട്ടിക്കുഴക്കരുത്.     

ഇരുപതാം നൂറ്റാണ്ടാദ്യത്തിൽ ജനിതകശാസ്ത്രത്തിനെന്താണുണ്ടായതറിയാമല്ലോ. ഇപ്പോൾ, ഉപരിജനിതക ശാസ്ത്രവും, സാധാരണതയുടെ നിർവ്വചനങ്ങളെ ദമനം ചെയ്ത്,  അന്ധസിദ്ധാന്തങ്ങളെ ന്യായീകരിക്കാൻ വേണ്ടി ഉപയുക്തമാക്കപ്പെടുകയാണ്. ഞെട്ടിക്കൽ ചികിത്സയിലൂടെ ഗോതമ്പിനെ "പുനർശിക്ഷണം" ചെയ്യാനുള്ള ലൈസെങ്കോവിന്റെ ഉദ്യമത്തെ ഭീതിയോടെ ഓർമ്മയിലേക്ക് കൊണ്ടുവരുന്നതാണ്, പാരമ്പര്യത്തെ മാറ്റുമെന്നവകാശപ്പെടുന്ന ആഹാരക്രമങ്ങളും, സ്വാധീനങ്ങളും, ഓർമ്മകളും, ചികിത്സകളും. ജനിതകഉൾപരിവർത്തനം ഹേതുവായുളവാകുന്ന ഒരു കുട്ടിയുടെ 'ഓട്ടിസ'ത്തിന്റെ വേരുകൾ അവന്റെ മുത്തശ്ശിയുടേയോ, മുത്തശ്ശന്റേയോ ഗർഭപാത്രാനുഭവത്തിൽ ചികയപ്പെടുന്നു. ഗർഭകാലത്ത് ആശങ്ക കുറക്കാൻ അമ്മമാരോട് ആവശ്യപ്പെടുന്നവരുണ്ട് --- അങ്ങനെ ചെയ്തില്ലെങ്കിൽ, അവരുടെ എല്ലാ കുട്ടികളും, ആ കുട്ടികളുടെ കുട്ടികളും പീഡിതമായ മൈറ്റോകോൺഡ്രിയകൊണ്ട് മലിനപ്പെട്ടാലോ!  ലാമാർക്ക്, പുതിയ മെൻഡലായി, പുനരധിവസിക്കപ്പെടുകയാണ്.  

ഉപരിജനിതകത്തെക്കുറിച്ചുള്ള ചപലവും ബാലിശവുമായ ഇത്തരം ആശയങ്ങളെ സംശയത്തിന്റെ നിഴലിൽ നിർത്തേണ്ടതുണ്ട്. പരിതസ്ഥിതീസന്ദേശങ്ങൾ ജനോമിൽ തീർച്ചയായും കൊത്തിവെക്കപ്പെടാം. പക്ഷേ, ഈ മുദ്രകളിൽ മിക്കവയും ഏകമായ ജീവികളിലെ കോശങ്ങളിലും ജനോമുകളിലുമാണ് രേഖിതമാകുന്നത് --- അവ തലമുറകളിലൂടെ പുരോഗമിക്കുന്നവയല്ല. ഒരാൾക്ക് ഒരാപകടത്തിലൂടെ കാലു നഷ്ടപ്പെടുന്നു; ആ അപകടത്തിന്റെ മുദ്ര അയാളുടെ കോശവും, വ്രണങ്ങളും, വടുക്കളും വഹിക്കും. പക്ഷേ, അതിനർത്ഥം അയാൾക്ക് കുറുകിയ കാലുള്ള കുട്ടിയുണ്ടാകുമെന്നല്ല. അതുപോലെതന്നെ, എന്റെ കുടുംബത്തിന്റെ പ്രവാസജീവിതം എന്നിലോ, എന്റെ കുട്ടികളിലോ പീഡാകരമായ അന്യതാബോധത്തോടെയുള്ള ഭാരമായിരിക്കുന്നില്ല. 

മെനിലോസ് പറഞ്ഞതെന്തായാലും (നിന്റെ പിതാവിന്റെ രക്തമാണ് നിന്നിലുള്ളത്), പിതാക്കന്മാരുടെ രക്തം നാം മക്കളിലില്ല; അതുപോലെതന്നെ, ഭാഗ്യവശാൽ, അവരുടെ ദൗർബ്ബല്യങ്ങളും പാപങ്ങളും. ഈയൊരു സംവിധാനത്തിൽ നാം ദുഃഖിക്കുകയല്ല, ആഘോഷിക്കുകയാണ് വേണ്ടത്. ഉപരിജനിതകവും ജനോമും സാദൃശ്യം, പാരമ്പര്യം, ഓർമ്മ, ചരിത്രം എന്നിവ രേഖപ്പെടുത്താനും സംപ്രേക്ഷണം ചെയ്യാനുമാണ് സ്ഥിതിചെയ്യുന്നത്. ഈ ശക്തികളെ പ്രതിതുലനംചെയ്യുന്നവയാണ്, ഉൾപ്പരിവർത്തനങ്ങളും, ജീനുകളുടെ പുനർക്രമീകരണവും, ഓർമ്മകളുടെ ഉന്മൂലനവും. അവ അസദൃശതയും, വൈജാത്യവും, വൈചിത്ര്യതയും, പ്രതിഭയും, നവീകരണവും സാദ്ധ്യമാക്കുന്നു --- തലമുറകൾതോറും  പുതിയ തുടക്കങ്ങളുടെ പ്രകാശമാനമായ സാദ്ധ്യതയുമേകുന്നു.    

*
ജീനുകളും  ഉപരിജനിതകവും തമ്മിലുള്ള പാരസ്പര്യമാണ് മനുഷ്യഭ്രൂണോൽപ്പത്തിയെ ഏകോപിപ്പിക്കുന്നതെന്ന് മനസ്സിലാക്കാവുന്നതാണ്. നമുക്കിനി, ഒരിക്കൽക്കൂടി, മോർഗന്റെ സമസ്യയിലേക്ക് മടങ്ങാം --- ഒരേകകോശഭ്രൂണത്തിൽനിന്നുള്ള ബഹുകോശജീവിയുടെ ഉത്ഭവമെന്ന സമസ്യയിലേക്ക്. ബീജസങ്കലനാനന്തരം, ഞൊടിയിടക്കുള്ളിൽ, ഭ്രൂണത്തിൽ സംഭവവികാസങ്ങൾ  അരങ്ങേറുകയായി. കോശകേന്ദ്രത്തിലേക്ക് പ്രോട്ടീനുകൾ എത്തിച്ചേരുന്നു; ജനിതകസ്വിച്ചുകൾ ഓണാക്കാനും ഓഫാക്കാനും തുടങ്ങുന്നു. നിഷ്ക്രിയമായൊരു ബഹിരാകാശനൗകക്ക് ജീവൻവെക്കുന്നു. ജീനുകൾ സജീവമാക്കപ്പെടുന്നു; ദമനം ചെയ്യപ്പെടുന്നു. ഈ ജീനുകൾ, തുടർന്ന്, മറ്റു പ്രോട്ടീനുകളെ കോഡിലാക്കുന്നു;  അവ ഇനിയും മറ്റു ജീനുകളെ ഉണർത്തുന്നു; ഉറക്കുന്നു. ഏകമായ കോശം വിഭജനവിധേയമായ് രണ്ടാകുന്നു, പിന്നെ, നാലും എട്ടും കോശങ്ങളാകുന്നു. കോശങ്ങളുടെ ഒരു മുഴുവൻ പാളിയുണ്ടാകുന്നു; ഒരു പന്തിന്റെ കുഴിഞ്ഞ ബാഹ്യചർമ്മമായി മാറുന്നു. ഉപാപചയം, ചലനശേഷി, കോശഭാഗധേയം, സ്വത്വം എന്നിവ ഏകോപിപ്പിക്കുന്ന ജീനുകൾ സജീവമാകുന്നു. പ്രവർത്തനകാര്യാലയത്തിന് ചൂടു പിടിക്കുന്നു. ഇടനാഴികളിൽ വെളിച്ചം മിന്നിമറയുന്നു. ഇന്റർകോം  ആരവബഹുലമാകുന്നു.  

ഇനി, മഹാനിയന്ത്രകപ്രോട്ടീനുകളാൽ പ്രേരിതമായ്, രണ്ടാമതൊരു സന്ദേശപാളി,  ഓരോകോശത്തിലും ജീൻഅഭിവ്യക്തി യഥാസ്ഥാനത്താണെന്ന് ഉറപ്പു വരുത്താൻ  ജീവത്താകുന്നു. അത്, കോശത്തെ സ്വത്വം സ്വായത്തമാക്കാനും സ്ഥിരമാക്കിനിർത്താനും സഹായിക്കുന്നു. ചില ജീനുകളിൽ, ഉചിതമായ രീതിയിൽ, രാസമുദ്രകൾ ചാർത്തപ്പെടുന്നു; മറ്റുചിലവയിൽനിന്ന്  അവ മായ്ചുകളയപ്പെടുന്നു; അതു വഴി, ആ കോശത്തിലെ മാത്രമുള്ള ജീനുകളുടെ അഭിവ്യക്തി ക്രമീകൃതമാക്കപ്പെടുന്നു. മീഥെയിൽ കൂട്ടങ്ങൾ കൂട്ടിച്ചേർക്കപ്പെടുകയോ, അഴിച്ചുമാറ്റപ്പെടുകയോ ചെയ്യുന്നു.  ഹിസ്റ്റോണുകൾ പരിഷ്കരിക്കപ്പെടുന്നു. 

ഭ്രൂണം ഘട്ടം ഘട്ടമായ് വിടരുന്നു. ആദിഖണ്ഡങ്ങൾ പ്രത്യക്ഷമാകുന്നു. ഭ്രൂണത്തിന്റെ വ്യത്യസ്ത മേഖലകളിൽ കോശങ്ങൾ അവയുടെ സ്ഥാനമുറപ്പിക്കുന്നു. അവയവങ്ങൾ വികസിക്കാനുള്ള ആജ്ഞ നൽകുന്ന പുതിയ ജീനുകൾ സജീവമാക്കപ്പെടുന്നു. ഓരോ കോശത്തിലെയും ജനോമുകളിൽ രാസമുദ്രകൾ കൂട്ടിച്ചേർക്കപ്പെടുന്നു. അവയവങ്ങളും ഘടനകളും (മുൻകാലുകൾ, പിൻകാലുകൾ,  പേശികൾ, വൃക്കകൾ, അസ്ഥികൾ, കണ്ണുകൾ) നിർമ്മിക്കാനുള്ള കോശങ്ങൾ ചേർക്കപ്പെടുന്നു. ചില കോശങ്ങൾ നേരത്തേ തീരുമാനിക്കപ്പെട്ട മരണം വരിക്കുന്നു. വ്യവഹാരത്തിനും,  ഉപാപചയത്തിനും, അറ്റകുറ്റപണികൾക്കുമുള്ള ജീനുകൾ സജീവമാക്കപ്പെടുന്നു. ഒരേകകോശത്തിൽനിന്ന് ഒരു ജീവി ആവിർഭവിക്കുന്നു.

*
ഈ വിവരണം നിങ്ങളെ മയക്കിക്കിടത്തരുത്. മാന്യവായനക്കാരാ, "എന്റമ്മോ, എന്തൊരു സങ്കീർണ്ണ ചേരുവ!" എന്ന് ചിന്തിക്കാൻ പ്രലോഭിതരാകരുത് . പിന്നെ, ഈ ചേരുവ ആരെങ്കിലും മനസ്സിലാക്കില്ലെന്നോ, അപഗ്രഥിക്കില്ലെന്നോ, കുത്സിതമായ് ഉപയോഗപ്പെടുത്തില്ലെന്നോ വിചാരിച്ച് സമാധാനപ്പെട്ടിരിക്കരുത്. 

സങ്കീർണ്ണതയെ വിലകുറച്ചു കാണുന്ന ശാസ്ത്രജ്ഞന്മാർ, അവരുദ്ദേശിക്കാത്ത പരിണതികളുടെ അപകടങ്ങൾക്കിരയാകും. ശാസ്ത്രീയമായ അത്തരം അതിക്രമങ്ങളുടെ ദൃഷ്ടാന്തകഥകൾ പ്രസിദ്ധമാണ്: കീടങ്ങളെ നിയന്ത്രിക്കാൻ കൊണ്ടുവരപ്പെട്ട അന്യജീവികൾ സ്വയം കീടങ്ങളായ കഥ; നഗരമലിനീകരണം തടയാനുയർത്തിയ പുകക്കുഴലുകൾ, വായുവിന്റെ ഉയർന്നതലത്തിലേക്ക് സൂക്ഷ്മമാലിന്യം ഉയർത്തിവിട്ട്, മലിനീകരണം രൂക്ഷമാക്കിയ കഥ; ഹൃദയാഘാതം തടയാനായി രക്തമുണ്ടാക്കാനുള്ള ഉത്തേജനം നൽകിയതിലൂടെ ഹൃദയത്തിലേക്കുള്ള രക്തം കട്ടപിടിക്കാനുള്ള സാദ്ധ്യത കൂടിപ്പോവുകയും ചെയ്തതിന്റെ കഥ. 

ശാസ്ത്രജ്ഞരല്ലാത്തവർ സങ്കീർണ്ണതയെ കണക്കിലേറെ വിലമതിക്കുമ്പോൾ  ("ഈ കോഡ് ആർക്കും വായിക്കാൻ പറ്റില്ല") അവർ വിചാരിച്ചിരിക്കാത്ത പരിണതികളുടെ കെണിയിൽ വീണുപോകും. ജനിതകകോഡ് തീർത്തും പശ്ചാത്തലബദ്ധമാണെന്നാണ് --- ഒരു സവിഷേശ ജീവിയുടെ സവിശേഷ കോശത്തിൽ അത്യന്തം സങ്കീർണ്ണമായാണ് അതിന്റെ സ്ഥിതിയെന്നാണ് --- 1950കളിൽ ജീവശാസ്ത്രജ്ഞന്മാർ പൊതുവേ ധരിച്ചിരുന്നത്; അതിനാലതു വായിച്ചെടുക്കുക അസാദ്ധ്യമാണെന്നും. എന്നാൽ, സത്യം ഇതിനു നേരെ വിപരീതമാണെന്നു വന്നു. ഒരേയൊരു തന്മാത്രയാണ് കോഡ് വഹിക്കുന്നത്. ജന്തുലോകത്തിലാകെ വെറുമൊരു കോഡാണുള്ളത്. ആ കോഡ് മനസ്സിലായാൽ, ജീവികളിലതിനെ മാറ്റാൻ നമുക്കാകും; അന്തിമമായി, മനുഷ്യനിലും അതു മാറ്റാം. ഇതുപോലെതന്നെ, 1960കളിൽ, വർഗ്ഗങ്ങൾക്കിടയിൽ ജീനുകളെ അനായാസം സഞ്ചരിപ്പിക്കാൻ ജീൻ-പകർപ്പു സാങ്കേതികവിദ്യകൾക്ക് കഴിയുമോ എന്ന് സംശയിക്കപ്പെട്ടതാണ്. പക്ഷേ, 1980കളോടെ, ഒരു ബാക്ടീരിയാകോശത്തിൽ ഒരു സസ്തനപ്രോട്ടീനും, ഒരു സസ്തനകോശത്തിൽ ഒരു ബാക്ടീരിയാപ്രോട്ടീനുമെന്നത് പ്രാവർത്തികമായെന്നു മാത്രമല്ല, ബർഗിന്റെ ഭാഷയിൽ, "പരിഹാസ്യമാംവിധം ലളിത"വുമായി. "പുറമേക്ക് കാണുന്നതല്ല ജീവികൾ. സ്വാഭാവികമായിരിക്കുകയെന്നത് പലപ്പോഴും വെറുമൊരു നാട്യം മാത്രമാണ്."

ജനിതകനിർദ്ദേശങ്ങളിൽനിന്നുള്ള ഒരു മനുഷ്യന്റെ ഉൽപ്പത്തി സങ്കീർണ്ണമാണെന്നതിൽ സംശയമില്ല. എന്നാൽ, അതിനെ കൗശലപൂർവ്വം കൈകാര്യം ചെയ്യാനോ, വക്രീകരിക്കാനോ കഴിയില്ലാ എന്നതിനർത്ഥമില്ല. ജീനുകൾ തനിച്ചല്ല, ജീൻ-പരിതസ്ഥിതി പ്രതിപ്രവർത്തനമാണ് രൂപവും, ധർമ്മവും, വിധിയും തീരുമാനിക്കുന്നതെന്ന് ഒരു സാമൂഹ്യശാസ്ത്രജ്ഞൻ ഊന്നിപ്പറയുമ്പോൾ, ശരീരഘടനയും ധർമ്മവും, സ്വതന്ത്രവും നിരുപാധികവുകമായ്, നിർണ്ണയിക്കാനുള്ള മഹാനിയന്ത്രകജീനുകളുടെ കഴിവിനെ അയാൾ വിലകുറച്ചു കാണുകയാണ്. "സങ്കീർണ്ണമായ അവസ്ഥകളും സ്വഭാവങ്ങളും പൊതുവേ നിരവധി ജീനുകളുടെ കൈകളിലായതുകൊണ്ട്, ജനിതകശാസ്ത്രത്തിന് അവയെ കൈകാര്യം ചെയ്യാനാകില്ലെ"ന്ന്  ഒരു മാനവജനിതകശാസ്ത്രജ്ഞൻ പറയുമ്പോൾ, അയാൾ, സ്വത്വാവസ്ഥയെ മുഴുവൻ പുനഃസജ്ജമാക്കാനുള്ള ഒറ്റപ്പെട്ടൊരു ജീനിന്റെ (ഉദാഹരണത്തിന്, ജീനുകളുടെ ഒരു മഹാനിയന്ത്രകന്റെ) കഴിവിനെ വിലകുറച്ചു കാണുകയാണ്. ഒരു ചർമ്മകോശത്തെ പല ജാതി കോശങ്ങളായി വളരാൻ കഴിവുള്ള ഒരു മൂലകോശമാക്കി മാറ്റാൻ നാലു ജീനുകൾക്കാകുമെങ്കിൽ, മസ്തിഷ്കത്തിന്റെ സ്വത്വം ഒരു മരുന്നിന് തിരിച്ചിടാൻ പറ്റുമെങ്കിൽ, ഒരൊറ്റ ജീനിലെ ഉൾപ്പരിവർത്തനത്തിന് ലിംഗവും, ലിംഗസ്വത്വവും മാറ്റിമറിക്കാമെങ്കിൽ, നമ്മുടെ ജനോമുകളും, നമ്മൾ തന്നെയും, നാം വിചാരിച്ചിരുന്നതിനേക്കാൾ വഴങ്ങുന്ന ശീലമുള്ളതാണ്.  

മുമ്പ് ഞാൻ പറഞ്ഞതു പോലെ, സാങ്കേതികവിദ്യ കരുത്തുറ്റതാകുന്നത് അത് സംക്രമണങ്ങൾ  സാദ്ധ്യമാക്കുമ്പോഴാണ് --- നേർരേഖാചലനത്തിൽനിന്ന് വർത്തുളചലനത്തിലേക്കും (ചക്രം), യഥാർത്ഥ ലോകത്തിൽനിന്ന് സാങ്കൽപ്പിക ലോകത്തിലേക്കും (ഇന്റർനെറ്റ്) ഒക്കെയുള്ള മാറ്റം. ഇതിൽനിന്നു വ്യത്യസ്തമായി, ശാസ്ത്രം പ്രബലമാകുന്നത് അത് വ്യവസ്ഥകളുടെ പ്രമാണങ്ങൾ, ലോകത്തെ വീക്ഷിക്കുവാനും സംവിധാനപ്പെടുത്താനുമുള്ള കാചമായി വർത്തിക്കുന്ന, നിയമങ്ങൾ വിശദീകരിക്കുമ്പോഴാണ്. നിലവിലുള്ള നമ്മുടെ പരിമിതികളിൽനിന്ന് നമ്മെ സംക്രമണങ്ങളിലൂടെ സ്വതന്ത്രമാക്കാനാണ് സാങ്കേതികവിദ്യ ശ്രമിക്കുന്നത്. ഈ പരിമിതികളെ നിർവ്വചിക്കുന്നത് ശാസ്ത്രമാണ്; അത് സാദ്ധ്യതയുടെ അതിരുകളുടെ ബാഹ്യപരിധി വരച്ചു കാട്ടുന്നു. ലോകത്തിനുമേലുള്ള നമ്മുടെ ശൗര്യം തെളിയിക്കുന്നതാണ്, നമ്മുടെ മഹത്തായ സാങ്കേതികനവീകരണങ്ങളുടെ പേരുകൾ: (ലാറ്റിനിലെ ingenium - നിർമ്മാണകൗശലം - എന്ന മൂലപദത്തിൽനിന്നാണ്),  "എഞ്ചിൻ"; (computare - ഒരുമിച്ചു ഗണിക്കുക - എന്നതിൽനിന്നാണ്) "കമ്പ്യൂട്ടർ". ഇതിൽനിന്നു വിഭിന്നമായി, മാനവജ്ഞാനത്തിന്റെ പരിമിതികളെ വഹിക്കുന്നവയാണ് ശാസ്ത്രനാമങ്ങൾ: അനിശ്ചിതത്വം, ആപേക്ഷികത, അപൂർണ്ണത, അസാദ്ധ്യത. 
 
ശാസ്ത്രങ്ങളിൽ നിയമരാഹിത്യം അങ്ങേയറ്റമുള്ളത് ജീവശാസ്ത്രത്തിലാണ്.  ഇവിടെ, ആദ്യമേതന്നെ, നിയമങ്ങൾ തുച്ഛമാണ്. സാർവ്വത്രിക നിയമങ്ങൾ അതിലേറെ വിരളമാണ്. ഊർജ്ജതന്ത്രത്തിന്റെയും രസതന്ത്രത്തിന്റേയും നിയമങ്ങൾ അനുസരിക്കാൻ, സ്പഷ്ടമായും, ജീവജാലങ്ങൾ ബാദ്ധ്യസ്ഥരാണ്. പക്ഷേ, ജീവൻ പലപ്പോഴും ഈ നിയമങ്ങളുടെ പാർശ്വങ്ങളിലും വിടവുകളിലുമാണ്, അവയെ ലംഘിക്കാവുന്നിടത്തോളം വളച്ചുകൊണ്ട്, സ്ഥിതിചെയ്യുന്നത്. സമതുലിതാവസ്ഥ തേടുന്നതാണ് പ്രപഞ്ചം. അത് ഊർജ്ജത്തെ ചിന്നിച്ചിതറിക്കാൻ ഇഷ്ടപ്പെടുന്നു; സംവിധാനങ്ങളെ ഭഞ്ജിക്കാനും അവ്യവസ്ഥ അങ്ങേയറ്റമാക്കാനും ഇഷ്ടപ്പെടുന്നു.  നാമോ, പ്രതിപ്രവർത്തനങ്ങളെ മന്ദമാക്കുന്നു; ദ്രവ്യത്തെ കേന്ദ്രീകരിക്കുന്നു; രാസവസ്തുക്കളെ ചട്ടക്കൂടുകളിലാക്കി സംഘടിപ്പിക്കുന്നു; ബുധനാഴ്ചകളിൽ അഴുക്കുവസ്ത്രങ്ങൾ ഇനം തിരിക്കുന്നു. "എൻട്രോപിക്ക് (ഒരു സംവിധാനത്തിലെ അവ്യവസ്ഥയുടെയും ആകസ്മികതയുടെയും അളവിന്) മൂക്കുകയറിടുകയാണ് പ്രപഞ്ചത്തിൽ നമ്മുടെ നാറാണത്തു ഭ്രാന്തൻ ലക്‌ഷ്യമെന്ന് തോന്നും," ജെയിംസ് ഗ്ലെയ്ക്ക് എഴുതി. വ്യാപനങ്ങളും അപവാദങ്ങളും കാരണങ്ങളും തേടി, പ്രകൃതിനിയമങ്ങളുടെ  പഴുതുകളിലാണ് നാം ജീവിക്കുന്നത്. അനുവദനീയതയുടെ ബാഹ്യപരിധികളെ രേഖപ്പെടുത്തന്നതാണ്, ഇപ്പോഴും, പ്രകൃതിയുടെ നിയമങ്ങൾ --- എന്നാൽ, ജീവൻ, അതിന്റെ സവിശേഷവും ഭ്രാന്തവുമായ എല്ലാ വിചിത്രതയോടുംകൂടി പുഷ്ടിപ്പെടുന്നത് വരിക്കൾക്കിടയിലെ വായനയിലൂടെയാണ്. താപായാന്ത്രികശാസ്ത്ര(തെർമോഡയനമിക്സ്)ത്തിന്റെ നിയമങ്ങൾ ലംഘിക്കാൻ ആനക്കുപോലുമാകില്ല --- എന്നാൽ, അതിന്റെ തുമ്പിക്കൈ ആകട്ടെ, തീർച്ചയായും, ഊർജ്ജമുപയോഗിച്ച് പദാർത്ഥത്തെ നീക്കാനുള്ള അതിവിചിത്രമായ മാർഗ്ഗങ്ങളിലൊന്നായി നിലകൊള്ളുന്നു. 






     
















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...