2023, മാർച്ച് 4, ശനിയാഴ്‌ച

ജീൻ 30 (4)

                                                                                       *

പരിമാണവിധേയമായ എല്ലാ ലക്ഷണങ്ങളെയും ബൂഷാഡ് പരിമാണവിധേയമാക്കി. പക്ഷേ, ഈ സാദൃശ്യങ്ങളുടെ വൈചിത്ര്യം അനുഭവപ്പെടാൻ യഥാർത്ഥ ജിവിതത്തിൽനിന്നുള്ള ഉദാഹരണങ്ങൾതന്നെ വേണം. അത്തരമൊരു ഉദാഹരണമാണ് ഡാഫ്‌നെ ഗുഡ്‌ഷിപ്പും ബാർബറാ ഹെർബർട്ടും. ഇംഗ്ലണ്ടിൽ നിന്നുള്ള ഇരട്ടകൾ. ഫിൻലാൻഡിൽനിന്ന് ഇംഗ്ളണ്ടിലേക്ക് കൈമാറ്റവിദ്യാർത്ഥിനിയായ് വന്ന ഒരവിവാഹിതയ്ക്ക് 1939ൽ  പിറന്നവർ. ഫിൻലാൻഡിലേക്ക് മടങ്ങുന്നതിനു മുമ്പ് ആ അമ്മ കുഞ്ഞുങ്ങളെ ദത്തിനു കൊടുത്തു. ഈ ഇരട്ടകൾ വളർന്നത് വ്യത്യസ്ത സാഹചര്യങ്ങളിലാണ്. ബാർബറാ വളർന്നത് താഴ്ന്ന മദ്ധ്യവർഗ്ഗത്തിൽപ്പെട്ട ഒരു മുനിസിപ്പൽ തോട്ടക്കാരന്റെ വീട്ടിലും, ഡാഫ്നെ വളർന്നത് ഉപരിവർഗ്ഗത്തിൽപ്പെട്ട പ്രമുഖനായ ഒരു ലോഹസംസ്കരണവിദഗ്ദ്ധന്റെ വീട്ടിലുമാണ്. രണ്ടുപേരും ജീവിച്ചത് ലണ്ടന് സമീപത്താണ്. പക്ഷേ, 1950കളിൽ ഇംഗ്ലണ്ടിൽ നിലവിലിരുന്ന വർഗ്ഗസംവിധാനത്തിന്റെ കാർക്കശ്യം നോക്കുമ്പോൾ, രണ്ടു പേരും രണ്ടു വ്യത്യസ്തഗ്രഹങ്ങളിൽ വളർന്നുവന്നവരാണെന്ന് പറയാം. 

ഇങ്ങനെയൊക്കെയാണെങ്കിലും, മിനസോട്ടയിൽ, ബൂഷാഡിന്റെ ജീവനക്കാരെ ഈ ഇരട്ടകൾക്കിടയിലെ സമാനതകൾ വീണ്ടും വീണ്ടും അമ്പരിപ്പിച്ചു. ഇരുവരും നിർത്താതെ ചിരിക്കുമായിരുന്നു. ചെറിയ എന്തെങ്കിലും മതി, കലകലാ ചിരിക്കാൻ ('കിലുക്കാംപെട്ടി ഇരട്ടകൾ' എന്നാണ് ജീവനക്കാർ അവരെ വിളിച്ചത്). അവർ ജീവനക്കാർക്കുമേലും, അവരവർക്കുമേലും, കുസൃതി കാട്ടി. രണ്ടു പേർക്കും ഉയരം അഞ്ചടി, മൂന്നിഞ്ച്. രണ്ടുപേരുടെ വിരലുകളും വക്രതയുള്ളവയായിരുന്നു. രണ്ടു പേർക്കും മുടി ചാരവും തവിട്ടും കലർന്നതായിരുന്നു; അവരതിന് അസാധാരണമായ ചുവപ്പുരാശിയുള്ള തവിട്ടുനിറം പകർന്നിരുന്നു. ഇവരുടെ IQ പരീക്ഷാഫലവും ഒന്നായിരുന്നു. രണ്ടുപേരും കുട്ടികളായിരുന്നപ്പോൾ കോണിയിൽനിന്ന് വീണ് കണങ്കാലുകൾ ഉളുക്കി; അതിനാൽ, അവർ ഉയരങ്ങളെ ഭയന്നു. എങ്കിലും, ചില അഭംഗികളോടെയാണെങ്കിലും, നൃത്തം അഭ്യസിച്ചു. നൃത്തപഠനത്തിലൂടെയാണ് രണ്ടുപേരും തങ്ങളുടെ ഭാവിവരന്മാരെ കണ്ടുമുട്ടിയത്. 

ഇനി, പുരുഷന്മാരായ ഒരു ഇരട്ടകളെയെടുക്കാം. ദത്തെടുക്കപ്പെട്ട ശേഷം രണ്ടു പേരുടേയും പേര് ജിം എന്നായി. ജനിച്ച് മുപ്പത്തിയേഴു നാളുകൾക്കു ശേഷം വേർപിരിഞ്ഞവർ. വടക്കൻ ഒഹൈയോവിലെ ഒരു വ്യാവസായിക പ്രാന്തത്തിൽ, എൺപതു നാഴിക അകലത്തിൽ, വളർന്നവർ. സ്‌കൂൾ കടന്നുകിട്ടാൻ രണ്ടുപേരും പ്രയാസപ്പെട്ടു. "രണ്ടുപേരുടേയും സവാരി ഷെവർലെയിൽ. രണ്ടും നിർത്താതെ പുകവലിക്കും. കായികവിനോദങ്ങൾ രണ്ടുപേർക്കും ഇഷ്ടമാണ്; പ്രത്യേകിച്ച് കാറോട്ടപ്പന്തയങ്ങൾ; പക്ഷേ, ഇരുവരും ബേസ്ബാൾ വെറുത്തു. വിവാഹിതരായിരുന്ന ഇരുവരുടെയും ഭാര്യമാരുടെ പേരും ഒന്നായിരുന്നു: ലിൻഡ. രണ്ടുപേർക്കും പട്ടികളുണ്ടായിരുന്നു. അവയ്ക്കും പേര് ഒന്നുതന്നെ: ടോയ്. ഇവരിൽ ഒരാളുടെ മകന്റെ പേര്, ജെയിംസ് അല്ലൻ; മറ്റേയാളുടെ മകനു പേര്, ജെയിംസ് അൻ. ഇരുവരും വന്ധ്യംകരണശസ്ത്രക്രിയക്ക് വിധേയരായിരുന്നു. രണ്ടുപേരുടേയും രക്തസമ്മർദ്ദം ഇത്തിരി കൂടിയതായിരുന്നു. ഇരുവർക്കും തടികൂടിയത് ഏതാണ്ടൊരേ സമയത്താണ്; തടി കുറഞ്ഞതും ഏതാണ്ടൊരേ പ്രായത്തിൽത്തന്നെ. രണ്ടുപേർക്കും പതിപകലോളം നീണ്ടുനിൽക്കുന്ന, മരുന്നുകളോട് പ്രതികരിക്കാത്ത, മൈഗ്രെയ്ൻ തലവേദനയുണ്ടായിരുന്നു."

ഇനി വേറെ രണ്ടു സ്ത്രീകൾ, ജനനസമയത്തുതന്നെ വേർപിരിഞ്ഞവർ, രണ്ടു  വിമാനങ്ങളിലായാണ് വന്നിറങ്ങിയതെങ്കിലും, ഇവരിലോരോരുത്തരുടേയും വിരലുകളിൽ ഏഴു വീതം മോതിരങ്ങളുണ്ടായിരുന്നു. ഒരു ജോഡി ആണിരട്ടകളിൽ ഒരാൾ ട്രിനിഡാഡിൽ ജൂതനായ് വളർന്നവനും, മറ്റെയാൾ ജർമ്മനിയിൽ കത്തോലിക്കനായ് വളർന്നവനുമായിരുന്നു. ഇവർ ധരിച്ച വസ്ത്രങ്ങൾ, ചുമലിൽ മുദ്രകളുള്ള, നാലു കീശകളോടെയുള്ള  നീല ഓക്സ്ഫോർഡ് ഷർട്ടടക്കം, ഒരേ തരമായിരുന്നു. വിചിത്രമായ ചില ശീലങ്ങൾ ഇവരിൽ പൊതുവായി കാണപ്പെട്ടു: കീശകളിൽ അവരൊരുപാട് ക്ലീനക്സ് കരുതിവെക്കും; കക്കൂസ് രണ്ടു തവണ വൃത്തിയാക്കും --- ഉപയോഗത്തിന് മുമ്പും പിമ്പും. സംഭാഷങ്ങളിൽ പിരിമുറുക്കമുണ്ടാകുമ്പോൾ അതിനയവു വരുത്താൻ ഇരുവരും, "തമാശ"യായി, വ്യാജമായ "തുമ്മൽ" ഉപയോഗിക്കും. ഇരുവരും പെട്ടെന്ന് പൊട്ടിത്തെറിക്കും; പൊടുന്നനെ ആശങ്കാകുലരാകും.


മറ്റൊരിരട്ടകൾക്ക് ഒരേ മാതിരി മൂക്കു തിരുമ്മുന്ന സ്വഭാവമുണ്ടായിരുന്നു --- അവർ ഒരിക്കലും സന്ധിച്ചിരുന്നില്ലെങ്കിലും, അവരതിന് വേണ്ടി കണ്ടുപിടിച്ച പേരും ഒന്നായിരുന്നു: തിരുമ്മൽ . ബൂഷാഡിന്റെ പരീക്ഷണത്തിലെ രണ്ടു സഹോദരിമാർക്കുണ്ടായിരുന്ന ഉൽക്കണ്ഠാരോഗവും, നൈരാശ്യരോഗവും  ഒരേ മാതൃകയിലുള്ളതായിരുന്നു. അവർ ഏറ്റുപറഞ്ഞതനുസരിച്ച്, കൗമാരത്തിൽ ഇരുവർക്കും ഒരേ പേടിസ്വപ്നമാണുണ്ടായിരുന്നത്: തൊണ്ടയിൽ വിഭിന്ന സാമഗ്രികൾ --- പ്രത്യേകിച്ച്, ലോഹങ്ങൾ(വാതിൽപ്പിടികളും, സൂചികളും, മീൻപിടിക്കാനുള്ള കൊളുത്തുകളും) --- കുത്തിനിറഞ്ഞ് ശ്വാസം മുട്ടുന്നതായ് പാതിരാത്രി സ്വപ്നം കാണും.   

അകന്നു വളർന്ന ഇരട്ടകളിലെ പല ലക്ഷണങ്ങളും ഏറെ വ്യത്യസ്തമായിരുന്നു. ഡാഫ്നെയും ബാർബറായും രൂപത്തിൽ സമാനരാണ്. പക്ഷേ, ബാർബറായ്ക്ക് തൂക്കം ഇരുപതു പൗണ്ട് കൂടുതലാണ് (തൂക്കത്തിലെ ഈ ആധിക്യമുണ്ടായിട്ടും, അവരുടെ ഹൃദയമിടിപ്പും രക്തസമ്മർദ്ദവും ഒന്നായിരുന്നുവെന്നത് ശ്രദ്ധേയമാണ്). കത്തോലിക്കാ/ യഹൂദ ഇരട്ടകളിലെ ജർമ്മനിരട്ട ചെറുപ്പത്തിൽ കടുത്ത ജർമ്മൻ ദേശീയവാദിയായിരുന്നു. അയാളുടെ സഹോദരനാകട്ടേ, ഒരു കിബ്ബട്ട്സി(8)ലാ യിരുന്നൂ ഗ്രീഷ്മകാലം ചെലവഴിച്ചിരുന്നത്. എങ്കിലും, ഇരുവർക്കും ഒരാവേശം, ഒരുറച്ച വിശ്വാസം, പൊതുവായുണ്ടായിരുന്നു --- ആ വിശ്വാസങ്ങൾ നേരെ എതിരായിരുന്നുവെങ്കിൽക്കൂടി.  അകന്നു വളർന്ന ഇരട്ടകൾ സ്വരൂപത്തിൽ സദൃശരായിരുന്നൂവെന്നല്ല, സദൃശമായ സ്വഭാവങ്ങളിലേക്കു നയിക്കുന്ന ശക്തമായൊരു പ്രവണത അവർക്ക് പൊതുവായുണ്ടായിരുന്നുവെന്നതാണ് മിനസോട്ടാപഠനത്തിലൂടെ വെളിവായ ചിത്തരേം. ഇരട്ടകൾക്ക് പൊതുവായുള്ളത് സ്വരൂപമല്ല, മറിച്ച്, സ്വഭാവ പ്രവണത (ഫസ്റ്റ് ഡെറിവേറ്റിവ്) ആണ്.    

                                                                               *

1990കളുടെ തുടക്കം. ഇസ്രായേലിലെ ഒരു ജനിതകശാസ്ത്രജ്ഞൻ, റിച്ചാർഡ് എബ്സ്റ്റീൻ മനുഷ്യസ്വഭാവത്തിലെ ഉപമാതൃകകളെക്കുറിച്ചുള്ള പഠനങ്ങൾ വായിക്കാനിടയായി. എബ്സ്റ്റീനിൽ കുതൂഹലമുണർന്നു. വ്യക്തിത്വത്തെയും ചിത്തവൃത്തിയേയും കുറിച്ചുള്ള നമ്മുടെ ചില ധാരണകളെ ഈ പഠനങ്ങളിൽ ചിലവ, സംസ്കാരത്തിൽനിന്നും പരിതസ്ഥിതിയിൽനിന്നും ജീനുകളിലേക്ക്, മാറ്റിയതാണ്. പക്ഷേ, ഹാമറിനെപ്പോലെ, എബ്സ്റ്റീനിനും സ്വഭാവത്തിലെ വ്യതിയാനങ്ങളെ നിർണ്ണയിക്കുന്ന ജീനുകളേതെന്ന് തിരിച്ചറിയണമെന്നുണ്ടായിരുന്നു. ചിത്തവൃത്തികളെ ജീനുകളുമായി മുമ്പും ബന്ധിച്ചിട്ടുണ്ട്. ഡൌൺസിൻഡ്രോമുള്ള കുട്ടികളുടെ അസാധാരണവും അലൗകികവുമായ മാധുര്യം മനഃശാസ്ത്രജ്ഞന്മാർ പണ്ടേ ശ്രദ്ധിച്ചതാണ്. ഹിംസയും ആക്രമണവാസനയും ജനിതകലക്ഷണങ്ങളോട് ബന്ധപ്പെടുത്തപ്പെട്ടിട്ടുണ്ട്. എബ്സ്റ്റീനിനു, പക്ഷേ, രോഗലക്ഷണശാസ്ത്രത്തിന്റെ ബാഹ്യമായ അതിരുകളിൽ താല്പര്യമില്ലായിരുന്നു. അദ്ദേഹത്തിന്റെ താല്പര്യം, സ്വഭാവത്തിലെ സാധാരണ വ്യതിയാനങ്ങളിലായിരുന്നു. തീവ്രമായ ജനിതകമാറ്റങ്ങൾ തീവ്രമായ സ്വഭാവവ്യതിയാനങ്ങൾക്ക് കാരണമാകും; എന്നാൽ,  വ്യക്തിത്വത്തിന്റെ സാധാരണ ഉപമാതൃകകളെ സ്വാധീനിക്കുന്ന "സാധാരണ" ജീൻ വകഭേദങ്ങളുണ്ടോ?

അത്തരം ജീനുകളെ കണ്ടെത്താൻ, ആദ്യമായ്, ജീനുകളുമായ് താൻ ബന്ധിക്കാനാഗ്രഹിക്കുന്ന വ്യക്തിത്വത്തിലെ ഉപമാതൃകകളെ കൃത്യമായ് നിർവ്വചിക്കേണ്ടതുണ്ടെന്ന് എബ്സ്റ്റീനിന് അറിയാമായിരുന്നു. 1980കളുടെ അവസാനം, മാനവചിത്തവൃത്തികളിലെ വൈജാത്യങ്ങൾ പഠിക്കുന്ന മനഃശാസ്ത്രജ്ഞർ തെറ്റ്/ശരി എന്നുത്തരം നൽകാവുന്ന വെറും നൂറുചോദ്യങ്ങളുള്ള ഒരു പ്രശ്നാവലി,  വ്യക്തിത്വങ്ങളെ നാലു പ്രാഥമികമാനങ്ങളിലായി വിഭജിക്കുന്നതിന് ഫലവത്തായി സഹായിക്കുമെന്ന് വാദിച്ചു: പുതുമ തേടുന്നവർ (എടുത്തുചാട്ടമോ/ കരുതൽ കാട്ടലോ); പ്രതിഫലകാംക്ഷികൾ (ആർദ്രതയോ/ ഉപേക്ഷയോ);     സാഹസം ഒഴിവാക്കുന്നവർ  (ആശങ്കാകുലതയോ/ശാന്തചിത്തതയോ); സ്ഥിരോത്സാഹികൾ (വിശ്വസ്തരോ/ ചഞ്ചലമനസ്കരോ). ഇവയിലോരോ വ്യക്തിത്വമാതൃകയ്ക്കും ശക്തമായ ജനിതകബന്ധമുണ്ടെന്ന് ഇരട്ടകളുടെ പഠനം സൂചിപ്പിച്ചതാണ്. പ്രശ്നോത്തരിക്കുത്തരമേകിയ സർവ്വസമാന ഇരട്ടകളിൽ അമ്പതു ശതമാനത്തിലധികം പൊരുത്തം ഇക്കാര്യത്തിൽ കണ്ടിരുന്നു.      

ഉപമാതൃകകളിലൊന്ന് പ്രത്യേകിച്ച് എബ്സ്റ്റീനിൽ ജിജ്ഞാസ ജനിപ്പിച്ചു: പുതുമ തേടുന്നവർ, അഥവാ "പുതുമപ്പ്രേമികൾ". ഇവർ "എടുത്തുചാട്ടക്കാരും, അന്വേഷണത്വരയുള്ളവരും, ചഞ്ചലചിത്തരും, എളുപ്പം ആവേശം കൊള്ളുന്നവരും, ധൂർത്തരുമാണ്" (ജെ ഗാറ്റ്‌സ്‌ബീ, എമ്മാ ബൊവാറി,ഷെർലക് ഹോംസ് എന്നിവരെ ഓർക്കുക). ഇതിനു വിരുദ്ധമായുള്ളവരാണ് "പുതുമയെ പേടിക്കുന്നവർ". ഇവർ "ചിന്താകുലരും, കർക്കശക്കാരും, വിശ്വസ്തരും, സഹനശേഷികൂടിയവരും, ശാന്തശീലരും, മിതവ്യയക്കാരുമാണ്" (നിക് കാരവേ, സദാവേദന തിന്നുന്ന ചാൾസ് ബൊവാറി, സദാതോൽക്കുന്ന ഡോ. വാട്സൺ എന്നിവരെ ഓർക്കുക). പുതുമ തേടുന്നതിൽ തീവ്രത കാട്ടുന്നവർ --- ഗാറ്റ്‌സ്ബീകളിലെ കേമന്മാർ --- ഉത്തേജനത്തിനും ആവേശത്തിനും ശരിക്കും അടിമകളാണെന്നു തോന്നി. പരീക്ഷാഫലങ്ങൾ അവിടെ നിൽക്കട്ടെ; ഇവരുടെ പരീക്ഷയെഴുതുന്ന രീതിപോലും ചഞ്ചലമായിരുന്നു. അവർ ചോദ്യങ്ങൾ, ഉത്തരങ്ങളെഴുതാതെ, വിട്ടുകളയും; മുറിയിൽ അച്ചാലുംമുച്ചാലും നടന്ന്, പുറത്തേക്കു പോകാൻ ശ്രമിക്കും; പലപ്പോഴും, ഗതികെട്ട രീതിയിൽ, ഭ്രാന്തെടുപ്പിക്കുംവിധം, ബോറടിച്ചിരിക്കും.

എബ്സ്റ്റീൻ 124 സന്നദ്ധസഹോദരരെ അണിനിരത്തി; പുതുമപ്പ്രേമം അളക്കാൻ മാനകമായ പ്രശ്നോത്തരി പൂരിപ്പിക്കാൻ കൊടുത്തു ('മറ്റുള്ളവർ സമയം കൊല്ലുന്നുവെന്ന് കരുതിയാൽപ്പോലും, ഒരു രസത്തിനും, ആവേശത്തിനും വേണ്ടി നിങ്ങൾ പതിവായ് എന്തെങ്കിലും ചെയ്യാറുണ്ടോ?'; 'ഒരു കാര്യം പണ്ടെങ്ങനെ ചെയ്തുവെന്നത് നോക്കാതെ, അതു ചെയ്യുന്ന നിമിഷമുണ്ടാകുന്ന അനുഭൂതിക്കു വേണ്ടി നിങ്ങൾ പൊതുവേ ചെയ്യാറുണ്ടോ?'). അതിനു ശേഷം, അദ്ദേഹം, അവരുടെ ജനിതകരൂപംതീരുമാനിക്കാൻ, പരിമിതമായ ജീനുകളുടെ ഒരു കൂട്ടമെടുത്ത്, താന്മാത്രികവും ജനിതകവുമായ സങ്കേതങ്ങൾ ഉപയോഗിച്ചു. അങ്ങേയറ്റം പുതുമ തേടുന്നവരിൽ അദ്ദേഹം അമിതമായൊരു ജനിതകസ്വാധീനത്തെ കണ്ടെത്തി --- D4DR എന്ന ഡോപ്പമീൻ റിസപ്റ്റർ ജീനിന്റെ  ഒരു വകഭേദം. (ജീനുകളെ കണ്ടെത്തുന്നതു ഒരു പ്രത്യേക പ്രതിഭാസരൂപത്തോടുള്ള [ഇവിടെ, അങ്ങേയറ്റത്തെ എടുത്തുചാട്ടത്തിനുള്ള പ്രവണത] അവയുടെ ബന്ധം വഴിയായതിനാൽ, ഇത്തരം അപഗ്രഥനത്തെ പരസ്പരബന്ധപഠനം എന്നാണ് വിളിക്കുന്നത്.)

ഡോപ്പമീൻ ഒരു ന്യൂറോട്രാൻസ്മിറ്ററാണ്. മസ്തിഷ്ക്കത്തിലെ ന്യൂറോണുകൾക്കിടയിൽ രാസസൂചനകൾ പകരുന്ന ഒരു തന്മാത്ര.  മസ്തിഷ്ക്കത്തിന് "പ്രതിഫലം" അരുളന്നതിൽ പ്രത്യേകിച്ചൊരു പങ്കു വഹിക്കുന്നതാണ് ഡോപ്പമീൻ. നമുക്കറിയാവുന്നതിൽവച്ച് അതിശക്തമായൊരു ന്യൂറോരാസപദാർത്ഥം. ഒരു എലിക്ക് അതിന്റെ തലച്ചോറിലെ ഡോപ്പമീനോട് പ്രതികരിക്കുന്ന പ്രതിഫലകേന്ദ്രത്തിനെ വൈദ്യുതപരമായ് ഉത്തേജിപ്പിക്കുന്നതിനുള്ള ഒരു ദണ്ഡ് കൊടുത്താൽ, തിന്നാതെയും കുടിക്കാതെയും അത് ചാകും വരെ സ്വയം ഉത്തേജിപ്പിച്ചുകൊണ്ടേയിരിക്കും. 

ഡോപ്പമീനെ സജീവമാക്കാനുള്ള സ്ഥാനമാണ് D4DR.അവിടെനിന്നും സൂചനകൾ ഡോപ്പമീനോട് പ്രതികരിക്കുന്ന ന്യൂറോണിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. ജീവരാസപരമായ് പറഞ്ഞാൽ പുതുമ തേടുന്നതുമായി ബന്ധമുള്ള "D4DR-7 റിപ്പീറ്റ്" ഡോപ്പമീനോടുള്ള പ്രതികരണത്തിന്റെ തീവ്രത കുറക്കുന്നു; അതു വഴി, ഒരു പക്ഷേ, പ്രതിഫലത്തിനുള്ള അതേ നിലയിലെത്തിച്ചേരാനുള്ള ബാഹ്യമായ ഉത്തേജനത്തിനുള്ള ആവശ്യത്തെ അധികമാക്കിത്തീർക്കുന്നു. പാതിഅടഞ്ഞുപോയ, അല്ലെങ്കിൽ, വെൽവെറ്റിൽ പൊതിഞ്ഞ ഒരു സ്വിച്ചുപോലെയാണിത്: അതിന് ശക്തികൂടിയ തള്ളോ, ഉയർന്ന ശബ്ദമോ വേണം. കൂടുതൽക്കൂടുതൽ അപകടം നിറഞ്ഞ കാര്യങ്ങൾ കൊണ്ട് തങ്ങളുടെ തലച്ചോറിനെ ഉത്തേജിപ്പിച്ച് ഇതിന്റെ സൂചനയെ വിപുലമാക്കുന്നവരാണ് പുതുമ തേടുന്നവർ. മയക്കുമരുന്നിന് അടിമകളായവരെപ്പോലെയാണവർ; ഡോപ്പമീൻ-പ്രതിഫല പരീക്ഷണത്തിലെ എലികളെപ്പോലെ. ഇവിടെ, "മയക്കുമരുന്ന്" ഉദ്ദീപനത്തെ ഉണർത്തുന്ന മസ്തിഷ്ക്കത്തിലെതന്നെ രാസപദാർത്ഥമാണെന്നു മാത്രം.   

എബ്സ്റ്റീനിന്റെ മൗലികമായ പഠനം മറ്റു നിരവധി സംഘങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. രസകരമെന്നു പറയട്ടെ, മിനസോട്ടാഇരട്ടകളുടെ പഠനത്തിൽ സംശയിച്ചതുപോലെ, ഒരു വ്യക്തിത്വത്തിനോ, ചിത്തവൃത്തിക്കോ D4DR "കാരണം" ആകുന്നില്ല. മറിച്ച്, ഉത്തേജനം അല്ലെങ്കിൽ ഉദ്ദീപനം തേടുന്ന ഒരു ചിത്തവൃത്തിക്കുള്ള "പ്രവണത"യ്ക്കാണ് അതു കാരണമാകുന്നത്. വീണ്ടുവിചാരമില്ലായ്‌മയ്‌ക്കുള്ള പ്രവണത(ആദ്യ ഡെറിവേറ്റിവ്). സാഹചര്യമനുസരിച്ച് ഉത്തേജനത്തിന്റെ പ്രകൃതവും മാറിമാറിവരും. മനുഷ്യരിൽ അതിന് മഹത്തായ ലക്ഷണങ്ങൾ --- അന്വേഷണത്വര, ആവേശം, സർഗ്ഗാത്മകധൃതി --- സൃഷ്ടിക്കാൻ കഴിയും. അതേ സമയം, അത് ചിന്താശീലമില്ലായ്മയിലേക്കും, ദുഃശീലങ്ങളിലേക്കും, ഹിംസയിലേക്കും, വിഷാദത്തിലേക്കും മനുഷ്യനെ കൂപ്പുകുത്തിക്കാം. D4DR-7 റിപ്പീറ്റിന്റെ വകഭേദത്തിന് ഏകാഗ്രമായ സർഗ്ഗാത്മകതയുമായ് ബന്ധമുണ്ടെന്ന് കണ്ടിട്ടുണ്ട്; അതേ സമയം, അത് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള കഴിവില്ലായ്മയുമായും ബന്ധപ്പെട്ടതാണ്. ഈ രണ്ടു കാര്യങ്ങളെയും നയിക്കുന്നത് ഒരേ ആവേഗമാണെന്ന് മനസ്സിലാകുന്നതുവരെ, ഇതൊരു വിരോധാഭാസമാണെന്ന് തോന്നാം. അങ്ങേയറ്റം പ്രകോപനപരമായ മാനവപഠനങ്ങൾ, D4DR-7 വകഭേദത്തിന്റെ ഭൂപ്രദേശപരമായ വ്യാപനത്തെ രേഖപ്പെടുത്തിയിട്ടുണ്ട്. നാടോടിസമൂഹത്തിലും, പ്രവാസസമൂഹത്തിലും ഈ വകഭേദത്തിന് കൂടുതൽ ഉയർന്ന ആവൃത്തി കാണാം. മനുഷ്യർ ആഫ്രിക്കയിൽനിന്ന് ആദ്യമായി പുറപ്പെട്ടുപോയ സ്ഥലത്തു നിന്നുള്ള ദൂരം കൂടുന്തോറും, ഈ വകഭേദം കൂടുതലാവൃത്തി പ്രത്യക്ഷപ്പെടുന്നുവെന്ന് തോന്നും. ഒരു പക്ഷേ, "ആഫ്രിക്കയിൽനിന്നു പുറത്തേക്കുള്ള", നമ്മുടെ പൂർവ്വികരെ കടലിലേക്കെറിഞ്ഞ, ദേശാടനത്തിന് പ്രേരണയായത് D4DR-7          വകഭേദത്തിന്റെ സൂക്ഷ്മമായ ആവേഗമായിരിക്കണം.  നമ്മുടെ അസ്വസ്ഥവും, ആശങ്കാകലുഷിതവുമായ ആധുനികതയുടെ പല ലക്ഷണങ്ങളും അസ്വസ്ഥവും, ആകുലവുമായ ഒരു ജീനിന്റെ സൃഷ്ടിയായിരിക്കാം.

ഇങ്ങനെയൊക്കെയാണെങ്കിലും, വ്യത്യസ്ത ജനസമൂഹങ്ങളിൽ, വ്യത്യസ്ത സന്ദർഭങ്ങളിൽ D4DR വകഭേദത്തെക്കുറിച്ചുള്ള ഗവേഷണങ്ങൾ ആവർത്തിക്കുക പ്രയാസകരമായിരുന്നു. ഇതിനൊരു കാരണം, പുതുമതേടുകയെന്ന സ്വഭാവം പ്രായത്തെ ആശ്രയിച്ചിരിക്കുന്നുവെന്നതാണ്. ഒരു പക്ഷേ, അമ്പതോടടുക്കുമ്പോൾ, പ്രതീക്ഷിക്കപ്പെടുന്നതുപോലെ, അന്വേഷണത്വരയും അതുമായ് ബന്ധപ്പെട്ടവയും ക്ഷയിച്ചുപോകുന്നുണ്ടാകണം. ദേശത്തിലുള്ള മാറ്റവും, വംശീയമായ മാറ്റങ്ങളും ചിത്തവൃത്തിക്കുമേൽ D4DRനുള്ള സ്വാധീനത്തെ ബാധിക്കുന്നതാണ്. എന്നാൽ, ഗവേഷങ്ങൾ ആവർത്തിക്കാൻ പറ്റാത്തതിനുള്ള ഏറ്റവും സാദ്ധ്യതയുള്ള കാരണം, D4DRന്റെ സ്വാധീനം വളരെ ദുർബ്ബലമാണെന്നുള്ളതാണ്. ഒരു ഗവേഷകന്റെ അഭിപ്രായത്തിൽ, ആളുകളിലെ പുതുമതേടുന്നസ്വഭാവത്തിലെ വ്യതിയാനത്തിന്റെ അഞ്ചു ശതമാനത്തോളം മാത്രമേ D4DRന്റെ സ്വാധീനം കൊണ്ട് വിശദീകരിക്കാനാകൂ. വ്യക്തിത്വത്തിന്റെ ഈ സവിശേഷവശത്തെ തീരുമാനിക്കുന്ന പല ജീനുകളിൽ (ഒരു പക്ഷേ, പത്തോളം ജീനുകളിൽ) ഒന്നാകണം D4DR.

                                                                                     *

ലിംഗത്വം. ലൈംഗികാഭിമുഖ്യം. ചിത്തവൃത്തി. വ്യക്തിത്വം. വീണ്ടുവിചാരമില്ലായ്‌മ. ഉൽക്കണ്ഠ. തെരഞ്ഞെടുപ്പ്. അങ്ങനെ മനുഷ്യാനുഭവത്തിന്റെ രഹസ്യമേഖലകൾ ഓരോന്നോരോന്നായി,  ജീനുകൾ ചൂഴുന്നത് കൂടിക്കൂടിവന്നു. സംസ്കൃതികളും, തെരഞ്ഞെടുപ്പുകളും, പരിതസ്ഥിതികളും, അതല്ലെങ്കിൽ സ്വരൂപത്തിന്റെയും സ്വത്വത്തിന്റെയും സവിശേഷ നിർമ്മിതിയുമാണ് സ്വഭാവലക്ഷണങ്ങളുടെ കാരണമെന്നത് മാറി, ജീനുകളാണ്, അത്ഭുതകരമായി, ഇവയെ സ്വാധീനിക്കുന്നതെന്ന് വന്നു.         

എന്നാൽ, ശരിയായ അത്ഭുതം ഇതല്ല; നമുക്ക് അത്ഭുതമുണ്ടാകുന്നുവെന്നതാണ് അത്ഭുതം. വ്യത്യസ്തമായ മനുഷ്യരോഗലക്ഷണങ്ങളെ ജീനുകൾക്ക് സ്വാധീനിക്കാമെന്ന് നമുക്ക് സമ്മതിക്കാമെങ്കിൽ, "സാധാരണത"യുടെ വ്യത്യസ്‍ത വശങ്ങളെ ജീനുകൾ സ്വാധീനിക്കുന്നതിൽ അമ്പരപ്പെടാൻ നമുക്കൊന്നുമില്ല. ജീനുകൾ രോഗങ്ങളുണ്ടാക്കുന്ന പ്രക്രിയയേതാണോ, അതേ പ്രക്രിയ വഴിയാണ് ജീനുകൾ സാധാരണ പെരുമാറ്റവും വളർച്ചയുമുണ്ടാക്കുന്നതെന്ന ആശയത്തിനൊരു സമാനതയുണ്ട്. "കണ്ണാടിവീടിനുള്ളിലേക്ക് കടന്നുകയറാൻ പറ്റിയാൽ എത്ര നന്നായിരുന്നൂ!" ആലീസ് പറയുകയുണ്ടായല്ലോ. മാനവജനിതകശാസ്ത്രം  കണ്ണാടിവീടിനുള്ളിലൂടെ സഞ്ചരിച്ചിരിക്കുകയാണ് --- അതിലൊരുവശത്തുള്ള നിയമങ്ങൾ തന്നെയാണ് മറുവശത്തുള്ള നിയമങ്ങളും. 

സാധാരണ മനുഷ്യരൂപത്തിനും വ്യവഹാരത്തിനും മേലുള്ള ജീനുകളുടെ സ്വാധീനത്തെ എങ്ങനെ വർണ്ണിക്കാം? അതിനുള്ള ഭാഷ പരിചിതമായിരിക്കണം. ജീനുകളും രോഗങ്ങളും തമ്മിലുള്ള ബന്ധത്തെ വർണ്ണിക്കാൻ ഒരിക്കൽ നാം ഉപയോഗിച്ച ഭാഷയാണത്. മാതാപിതാക്കളിൽനിന്ന് നാം ആർജ്ജിക്കുന്ന വൈജാത്യങ്ങൾ, കൂടിക്കലർന്നും പൊരുത്തപ്പെട്ടും, കോശപ്രക്രിയകളിലെയും വികാസപ്രക്രിയകളിലെയും വൈജാത്യങ്ങളെ വ്യക്തമാക്കുന്നു; ഒടുവിലത്, ശരീരവ്യവഹാരാവസ്ഥകളിലെ വൈജാത്യങ്ങളിൽ കലാശിക്കുന്നു. ഈ വൈജാത്യങ്ങൾ ഒരു ശ്രേണിയുടെ മുകളിലുള്ള മഹാനിയന്ത്രക ജീനിനെ ബാധിച്ചാൽ, അതിന്റെ ഫലം ശക്തവുംദ്വന്ദ്വവുമായിരിക്കും (ആൺ/പെൺ; ഉയരമില്ലായ്മ/സാധാരണ ഉയരം). കൂടുതൽ സാമാന്യമായിപ്പറഞ്ഞാൽ, സന്ദേശനിർഝരിയുടെ താഴ്ന്ന പടികളിലാണ് വിജാതീയ/ പരിവർത്തിത ജീനുകൾ സ്ഥിതി ചെയ്യുക; പ്രവണതകളിൽ മാത്രമാണ് അവയ്ക്ക് മാറ്റങ്ങളുണ്ടാക്കാൻ കഴിയുക. ഈ പ്രവണതകൾ, അല്ലെങ്കിൽ ചായ്‌വുകൾ സൃഷ്ടിക്കാൻ, പലപ്പോഴും, നിരവധി ജീനുകൾ ആവശ്യമാണ്.

പ്രസ്തുത പ്രവണതകൾ വിഭിന്നമായ പരിസ്ഥിതി സൂചനകളുമായും യാദൃച്ഛികതകളുമായും സന്ധിച്ച് വ്യത്യസ്തമായ ഫലങ്ങളുളവാക്കുന്നു --- രൂപ, വ്യവഹാര, പെരുമാറ്റ, വ്യക്തിത്വ, മനോഭാവ, സ്വത്വ, ഭാഗധേയ ഭേദങ്ങൾ. പൊതുവേ, ജീനുകൾ ഇത് ചെയ്യുമെന്നത് ഒരു സാദ്ധ്യതയാണ്; അതായത്, തൂക്കങ്ങളും തുലാസുകളും മാറ്റപ്പെടുന്നത് വഴി മാത്രമാണ്; സാദ്ധ്യതകൾ മാറ്റുക വഴി, ചില പരിണതികൾ ഏറെക്കുറെ സാദ്ധ്യമാക്കുക വഴി.       

മാറ്റങ്ങളിലെ ഈ സാദ്ധ്യതകൾ നിരീക്ഷണം പ്രയാസമാക്കുന്നതിന് പര്യാപ്‌തമാണ്. തലച്ചോറിലെ ന്യൂറോണുകൾക്ക് "പ്രതിഫല"സൂചന നൽകുന്ന ഒരു റിസപ്റ്ററിലെ തന്മാത്രാഘടനാഭേദത്തിന്റെ ഫലമായുണ്ടാകുന്നത്, ചിലപ്പോൾ, ഒരു തന്മാത്ര അതിന്റെ റിസപ്റ്ററുമായി ബന്ധപ്പെടാനെടുക്കുന്ന സമയത്തിലുള്ള മാറ്റം മാത്രമായിരിക്കും. വ്യതിയാനം വന്ന ആ റിസപ്റ്ററിൽനിന്ന് പ്രസരിക്കുന്ന സൂചന ന്യൂറോണിൽ ഒരു നിമിഷാർദ്ധത്തിൽക്കൂടുതൽ നിൽക്കണമെന്നില്ല. എങ്കിലും, ആ ഒരു മാറ്റം മതി, ഒരു മനുഷ്യനെ എടുത്തുചാട്ടത്തിലേക്ക് മറിച്ചിടാൻ; മറ്റൊരു മനുഷ്യനിൽ കരുതലുണ്ടാക്കാൻ; ഒരാളിൽ ആവേശോന്മാദവും മറ്റൊരാളിൽ വിഷാദവും സൃഷ്ടിക്കാൻ. അത്തരം കായിക, മാനസിക മാറ്റങ്ങളിൽനിന്ന് സങ്കീർണ്ണമായ ധാരണകളും, ഇഷ്ടങ്ങളും, വികാരങ്ങളും ഉറവെടുക്കാം. രാസപരമായ ഒരു പ്രതിപ്രവർത്തനത്തിന്റെ ദൈർഘ്യം, അങ്ങനെ, വൈകാരികമായ ഒരു സംവേദനമായ് പരിവർത്തനപ്പെടുന്നു.  സ്‌കിറ്റ്‌സോഫ്രീനിയാപ്രവണതയുള്ള ഒരാൾ, ഒരു പഴക്കച്ചവടക്കാരന്റെ സംഭാഷണം തന്നെ കൊല്ലുന്നതിനുള്ള ഗൂഢാലോചനയായി വ്യഖാനിച്ചേക്കാം. ഇയാളുടെ, ഇരുധ്രുവവികാരരോഗമുണ്ടാകാൻ ജനിതകപ്രവണതയുള്ള സഹോദരൻ അതേ സംഭാഷണം തന്റെ ഭാവിയെക്കുറിച്ചുള്ള ഒരുജ്ജ്വലകൽപ്പിതകഥയായ് കാണും: പഴക്കച്ചവടക്കാരനുപോലും തനിക്ക് കീർത്തി വരുന്നതായ് തോന്നും. ഒരുവന്റെ യാതന മറ്റൊരുവന് മായാജാലമാണല്ലോ. 

                                                                      *

ഇത്രയും കാര്യങ്ങൾ എളുപ്പമാണ്. പക്ഷേ, ഒറ്റപ്പെട്ട ഒരു ജീവിയുടെ രൂപവും, ഭാവവും, ഇഷ്ടങ്ങളും എങ്ങനെ വിശദീകരിക്കും? അമൂർത്തമായ  ജനിതകപ്രവണതകളിൽനിന്ന് മൂർത്തവും സവിശേഷവുമായ വ്യക്തിത്വത്തിലേക്ക് എങ്ങനെ പോകും? ജനിതകശാസ്ത്രത്തിലെ "അവസാന നാഴിക" യെന്ന്  ഈ പ്രശ്നത്തെ വിശേഷിപ്പിക്കാവുന്നതാണ്. ഒരു സങ്കീർണ്ണ ജീവിയുടെ രൂപവും ഭാഗധേയവും സാദ്ധ്യതകളുടെ രൂപത്തിൽ ജീനുകളാൽ വിവരിക്കാവുന്നതാണ്. പക്ഷേ, അവയ്ക്ക് ശരിയായ രൂപത്തെയും ഭാഗധേയത്തെയും കൃത്യമായി വിവരിക്കാൻ കഴിയില്ല. ജീനുകളുടെ ഒരു പ്രത്യേക സമുച്ചയത്തിന് (ജനിതകപ്രതിഭാസത്തിന്) ഒരു മൂക്കിന്റെ, അല്ലെങ്കിൽ ഒരു വ്യക്തിത്വത്തിന്റെ സവിശേഷ രൂപത്തിലേക്ക് ഒരാളെ ഉന്മുഖമാക്കാൻ കഴിയും; പക്ഷേ, സ്വായത്തമാക്കപ്പെടുന്ന മൂക്കിന്റെ കൃത്യമായ നീളവും രൂപവും അറിയാനാകാതെ നിൽക്കുകയാണ്. പ്രവണത യാഥാർത്ഥ്യമല്ലല്ലോ. ആദ്യത്തേത്, സ്ഥിതിവിവരപരമായ സാദ്ധ്യത മാത്രമാണ്. മറ്റേത്, മൂർത്ത യാഥാർത്ഥ്യവും. കാര്യം, ജനിതകശാസ്ത്രത്തിനു രൂപം, സ്വത്വം, സ്വഭാവം എന്നിവയുടെ വാതിൽപ്പടിവരെ എത്തി, അവസാനത്തെ കടമ്പ കടക്കാൻ പറ്റാത്തതു പോലെയായിരുന്നു. 

ജീനുകളുടെ ഈ അവസാനത്തെ കടമ്പയെന്ന പ്രശ്നത്തെ നമുക്ക് രണ്ടു വ്യത്യസ്ത ഗവേഷണങ്ങളെ താരതമ്യം ചെയ്തുകൊണ്ട് മറ്റൊരു രീതിയിൽ വിശദീകരിക്കാവുന്നതാണ്. 1980കൾ മുതൽ, മാനവജനിതകശാസ്ത്രം ഭൂരിഭാഗം സമയവും ചെലവിട്ടത്, ജന്മനാ വേർപെട്ടു വളർന്ന സർവ്വസമാന ഇരട്ടകളിൽ എങ്ങനെയാണ് എല്ലാത്തരത്തിലുമുള്ള സമാനതകൾ കാണപ്പെടുന്നതെന്നതിനെച്ചൊല്ലിയായിരുന്നു. ഈ ഇരട്ടകൾ വീണ്ടുവിചാരമില്ലായ്മയ്ക്കും, വിഷാദത്തിനും, ക്യാൻസറിനും, സ്‌കിറ്റ്‌സോഫ്രീനിയായ്ക്കുമുള്ള പ്രവണതയുള്ളവരെങ്കിൽ, അവരുടെ ജനോമിൽ ഈ വക ലക്ഷണങ്ങളിലേക്കുള്ള പ്രവണതയുടെ സന്ദേശം കോഡു ചെയ്യപ്പെട്ടിട്ടുണ്ടെന്ന് നമുക്കറിയാം. 

എന്നാൽ, ഈ പ്രവണത എങ്ങനെ യാഥാർത്ഥ്യമാകുന്നുവെന്ന് മനസ്സിലാക്കാൻ നേർവിപരീതമായൊരു ചിന്താസരണിയാണ് ആവശ്യം. നാമൊരു വിപരീതചോദ്യം ചോദിക്കേണ്ടിയിരിക്കുന്നു: ഒരേ കുടുംബത്തിൽ വളരുന്ന സർവ്വസമാന ഇരട്ടകൾക്ക് എന്തുകൊണ്ടാണ് വിഭിന്നമായ   ജീവിതങ്ങളുണ്ടാകുന്നത്? എന്തുകൊണ്ടാണ് അവർ വ്യത്യസ്ത വ്യക്തികളാകുന്നത്? സർവ്വസമാന ജനോമുകൾ എന്തുകൊണ്ടാണ് വിഭിന്ന ഭാവവും, ഭാഗധേയവും, ഇഷ്ടങ്ങളുമുള്ള അത്തരം അസദൃശ വ്യക്തിത്വങ്ങളായി പ്രതിഭാസിക്കുന്നത്?  

എൺപതുകൾ മുതൽ മൂന്നു ദശാബ്ദങ്ങളോളം മനഃശാസ്ത്രജ്ഞരും ജനിതകശാസ്ത്രജ്ഞരും, ഒരേ സാഹചര്യത്തിൽ വളർന്ന സർവ്വസമാന ഇരട്ടകളുടെ വികാസത്തിലെ വിഭിന്നത വിശദീകരിച്ചേക്കാവുന്ന സൂക്ഷ്മമായ വ്യതാസങ്ങളുടെ പട്ടികയുണ്ടാക്കാൻ ശ്രമിച്ചിരുന്നു.പക്ഷേ, മൂർത്തവും, പരിമാണക്ഷമവും, ക്രമബദ്ധവുമായ വ്യതാസങ്ങൾ കണ്ടുപിടിക്കുന്നതിനുള്ള  സർവശ്രമങ്ങളും പരാജയപ്പെട്ടു: ഇരട്ടകൾ ഒരേ വീട്ടിൽ വളരുന്നു; ഒരേ സ്‌കൂളിൽ പോകുന്നു; ഏറെക്കുറേ ഒരേ ഭക്ഷണം കഴിക്കുന്നു; പലപ്പോഴും ഒരേ പുസ്തകങ്ങൾ വായിക്കുന്നു; അവരുടെ സുഹൃത്തുക്കളും ഒന്നാണ്; അവർ വളരുന്ന സംസ്കാരവും ---- എന്നിട്ടും, അവർ പൂർണ്ണമായും വ്യത്യസ്തരാണ്.

എന്താണീ വ്യത്യാസത്തിന് കാരണം? രണ്ടു ദശാബ്‌ദങ്ങളിലായി നടന്ന 43 പഠനങ്ങൾ പ്രബലവും സ്ഥിരവുമായ ഒരുത്തരം വെളിച്ചത്തുകൊണ്ടുവന്നിട്ടുണ്ട്: "അവ്യവസ്ഥിതവും, ഒറ്റപ്പെട്ടതും, യാദൃച്ഛികവുമായ സംഭവങ്ങൾ" --- രോഗങ്ങൾ, അപകടങ്ങൾ, ആഘാതങ്ങൾ, നിമിത്തങ്ങൾ. കിട്ടാതെപോയ ഒരു വണ്ടി; നഷ്ടപ്പെട്ട ഒരു താക്കോൽ; പൂർത്തിയാക്കാത്ത ഒരു ചിന്ത. തന്മാത്രകളിലെ ചാഞ്ചല്യം ജീനുകളെ ചഞ്ചലമാക്കുന്നു; അതു വഴി, രൂപങ്ങളിൽ ചെറിയ മാറ്റങ്ങളുളവാകുന്നു. വെനീസിലെ ഒരു വളവു തിരിയുമ്പോൾ തോട്ടിൽ വീഴുന്നത്; പ്രേമത്തിൽ വീഴുന്നത്. യാദൃച്ഛികത. തെരഞ്ഞെടുപ്പ്. എന്തും മതി. 


ചൊടിപ്പിക്കുന്ന ഉത്തരമാണോ ഇത്? വർഷങ്ങളോളം ചിന്തിച്ച് നാമെന്ത് നിഗമനത്തിലാണെത്തിയത്? ഭാഗധേയം ---- അതേ, ഭാഗധേയം തന്നയെന്നോ? സ്വത്വമുണ്ടാകുന്നത് --- സ്വ - ത്വത്തിലൂടെയെന്നോ? ഈയൊരു രൂപവൽക്കരണം ജ്ഞാനമനോഹരമായാണ് എനിക്ക് തോന്നുന്നത്. ടെംപെസ്റ്റിൽ  രാക്ഷസകാലിബനോട് ക്ഷോഭിക്കുന്ന പ്രോസ്പിരോ അവനെ വർണ്ണിക്കുന്നത് ഇങ്ങനെയാണ്:"ഒരു പിശാച്, സ്വഭാവത്തിലും വികാസത്തിലും സ്ഥിരതയില്ലാത്ത ജന്മനാ പിശാചായവൻ". കാലിബനിലെ അതിരാക്ഷസലക്ഷണങ്ങളിലൊന്ന്, അവന്റെ സഹജസ്വഭാവത്തെ ബാഹ്യമായ സന്ദേശങ്ങളാൽ തിരുത്തിയെഴുതാൻ പറ്റില്ലെന്നുള്ളതാണ്. അവന്റെ പ്രകൃതി അവന്റെ വികാസത്തെ സ്ഥിരമായിരിക്കാൻ വിടില്ല. കാലിബൻ ഒരു ജനിതകയന്ത്രമാണ്; ചൊടിപ്പിക്കുന്ന ഒരു വേതാളം --- അതവനെ മനുഷ്യത്വമുള്ള എന്തിനേക്കാളും എത്രയോ കൂടുതൽ ദുരന്താത്മകവും, ദയനീയവുമാക്കുന്നു. 

ജനോമിന് യഥാർത്ഥ ലോകത്തെ 'സ്ഥിര'മാക്കാൻ കഴിയുമെന്നതാണ് അതിന്റെ ചഞ്ചലസൗന്ദര്യത്തിന്റെ സാക്ഷ്യം. മാറുന്ന പരിതസ്ഥിതികളോട്  ഒരേ തരത്തിലുള്ള പ്രതികരണങ്ങൾ തൊടുക്കുന്നവരല്ലാ നമ്മുടെ ജീനുകൾ. അങ്ങനെയായിരുന്നെങ്കിൽ, നമ്മളും ചൊടിപ്പിക്കുന്ന കാലിബൻ യന്ത്രങ്ങളായേനെ. "സ്വത്വാ"നുഭവത്തെ ഹിന്ദു തത്ത്വചിന്തകന്മാർ പണ്ടേ ഒരു 'വല'യാണെന്ന് വർണ്ണിച്ചിട്ടുണ്ട് --- ഒരു "ജാലം". ഈ വലയിലെ കണ്ണികളാണ് ജീനുകൾ. അതിൽ സ്ഥിരമായ് കുടുങ്ങുന്ന ജൈവാവശിഷ്ടങ്ങളാണ് ഓരോ വലയേയും ഓരോ സ്വത്വമാക്കി മാറ്റുന്നത്. ഈയൊരു ഉന്മാദപദ്ധതിയിൽ അതിമനോഹരമായൊരു കൃത്യതയുണ്ട്. പരിതസ്ഥിതികളോട് ജീനുകൾ ആസൂത്രിതമായ പ്രതികരണങ്ങൾ നൽകേണ്ടതുണ്ട്; അതേ സമയം, യാദൃച്ഛികതയുടെ ചഞ്ചലതയ്ക്ക് സ്ഥിരമായിരിക്കാനുള്ള അവശ്യം ആവശ്യമായ ഇടവും അവ നൽകേണ്ടതുണ്ട്. ഇതിന്റെ രണ്ടിന്റെയും സന്ധിയെയാണ് നാം "ഭാഗധേയം" എന്നു വിളിക്കുന്നത്; ഈ സന്ധിയോടുള്ള നമ്മുടെ പ്രതികരണത്തെയാണ് നാം "തെരഞ്ഞെടുപ്പ്" എന്നു വിളിക്കുന്നത്; എതിരുനിൽക്കുന്ന തള്ളവിരലുകളോടുകൂടിയ, നിവർന്നുനിൽക്കുന്ന ഒരു ജീവി ഇങ്ങനെ ഒരു തിരക്കഥയിൽനിന്നാണ് നിർമ്മിക്കപ്പെടുന്നത്; തിരക്കഥയിൽനിന്ന്, പക്ഷേ, വ്യതിചലിക്കപ്പെടാൻകൂടി നിർമ്മിക്കപ്പെട്ടതാണ്. അത്തരമൊരു ജീവിയുടെ അത്തരമൊരു സവിശേഷ വകഭേദത്തെ നാം "അഹം" എന്നു വിളിക്കുന്നു.

___------------------------------------------------------------------------     
























 

   




 












               

(8) Kibbutz: ഇസ്രായേലിലെ, സോഷ്യലിസം അടിസ്ഥാനമായുള്ള,  ഒരു സാമൂഹികകോളനി. 











  






   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...