2023, മാർച്ച് 18, ശനിയാഴ്‌ച

ജീൻ 31: 4

 




ജീവസന്ദേശത്തിന്റെ ഈ വർത്തുളപ്രവാഹം, ഒരു പക്ഷേ, ജീവശാസ്ത്രത്തിലെ വിരളമായ സംവിധാനിയമങ്ങളിൽ ഒന്നായിരിക്കണം. ഈ സന്ദേശപ്രവാഹത്തിലെ ദിശാബോധത്തിന് അപവാദമുണ്ടെന്നത് ശരിയാണ് (റെട്രോവൈറസ്സുകൾക്ക് RNAയിൽനിന്ന് DNAയിലേക്ക് പിറകോട്ട് ചവിട്ടിപ്പോകാനാകും). ജീവവ്യവസ്ഥകളിലെ ഘടകങ്ങളും ക്രമങ്ങളും മാറ്റിയേക്കാവുന്ന, ഇതുവരെ കണ്ടുപിടിക്കപ്പെടാത്ത, പ്രക്രിയകളും ജീവലോകത്തിലുണ്ട് (ഉദാഹരണമായി, ജീനുകളുടെ നിയന്ത്രണത്തെ RNAക്ക് സ്വാധീനിക്കാൻ കഴിയുമെന്ന് ഇപ്പോൾ അറിവായിട്ടുണ്ട്).  എങ്കിലും, ജീവസന്ദേശത്തിന്റെ വർത്തുളപ്രവാഹം ആശയതലത്തിൽ ആവിഷ്‌കൃതമായിട്ടുണ്ട്.    

ഈ വിവരപ്രവാഹമാണ്,  നമുക്ക് ലഭിച്ചിരിക്കാവുന്ന,  ഒരു ജീവശാസ്ത്രനിയമത്തോട് ഏറ്റവുമധികം സമീപസ്ഥമായിരിക്കുന്നത്. ഈ നിയമത്തെ സമർത്ഥമായ് കൈകാര്യം ചെയ്യാൻ കഴിയുന്ന സാങ്കേതികവിദ്യ കരസ്ഥമാകുന്നതോടെ, നാം നമ്മുടെ ചരിത്രത്തിലെ പ്രഗാഢമായൊരു സംക്രമണത്തിലൂടെ കടന്നുപോകും. നാം നമ്മുടെ സ്വത്വങ്ങളെ, നമ്മളെത്തന്നെ, വായിക്കാനും എഴുതാനും പഠിക്കും.  

*
ജനോമിന്റെ ഭാവിയിലേക്ക് കുതിച്ചു ചാടുന്നതിനു മുമ്പ്, പക്ഷേ, അതിന്റെ ഭൂതത്തിലേക്ക് പെട്ടെന്നൊന്ന് പിന്തിരിയാം. എവിടെ നിന്നാണ് ജീനുകൾ വന്നതെന്ന് നമുക്കറിയില്ല; അവ എങ്ങിനെ ആവിർഭവിച്ചുവെന്നും. ജീവലോകത്തിലുള്ള സാദ്ധ്യമായ എല്ലാ മാർഗ്ഗങ്ങളിലും വച്ച്, ഈയൊരു സന്ദേശസ്ഥാനാന്തര-വിവരശേഖരണ മാർഗ്ഗം തെരഞ്ഞെടുക്കപ്പെട്ടതെന്തിനെന്നും നമുക്കറിവില്ല. എന്നിരിക്കിലും, ജീനുകളുടെ ആദ്യോൽപ്പത്തി നമുക്ക് പരീക്ഷണനാളിയിൽ പുനഃസൃഷ്ടിക്കാനാകും. ഹാർവാർഡിലെ, പതിയെ സംസാരിക്കുന്ന, ജീവരസതന്ത്രജ്ഞനായ ജാക് സൊസ്റ്റാക്  സ്വയം ആവർത്തിക്കുന്ന ഒരു ജനിതകസംവിധാനം  പരീക്ഷണനാളിയിൽ  സൃഷ്ടിക്കാൻ ഇരുപതു വർഷങ്ങളോളമാണ് പണിപ്പെട്ടത്. അതുവഴി, ജീനുകളുടെ ഉൽപ്പത്തി പുനർനിർമ്മിക്കപ്പെട്ടു. 

സോസ്റ്റാക്കിന്റെ പരീക്ഷണത്തിനു പിന്നാലെയാണ് സ്റ്റാൻലി മില്ലറുടെ ഗവേഷണം. പ്രാചീനാന്തരീക്ഷത്തിലുണ്ടായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന രാസപദാർത്ഥങ്ങൾ മിശ്രണം ചെയ്ത് "ആദിജീവരാസദ്രവം" കാച്ചിയെടുക്കാൻ ശ്രമിച്ച ക്രാന്തദർശിയാണ് മില്ലർ. 1950കളിൽ, അദ്ദേഹം ഷിക്കാഗോ യൂണിവേഴ്സിറ്റിയിൽ ഗവേഷണത്തിലായിരുന്നു. മില്ലർ ഒരു ഫ്ലാസ്ക് മുറുക്കിയടച്ചു; എന്നിട്ടതിലേക്ക്, പല സുഷിരങ്ങൾ വഴി, മീഥേയ്ൻ, കാർബൺ ഡയോക്സൈഡ്, അമോണിയ, ഓക്സിജൻ, ഹൈഡ്രജൻ എന്നിവ കടത്തി. ഇതിലേക്ക് ചൂടു നീരാവിയും കടത്തുകയുണ്ടായി; പിന്നെ, ഇടിമിന്നലിന്റെ പ്രതീതിയുണ്ടാക്കാൻ വൈദ്യുതസ്ഫുരണങ്ങളുമൊരുക്കി. അതിനുശേഷം, പുരാതന ലോകത്തിലെ ചഞ്ചലാവസ്ഥകളെ പുനഃസൃഷ്ടിക്കാൻ ചഷകത്തെ, ഒന്നിനുപിറകേഒന്നായി, ചൂടാക്കി, തണുപ്പിച്ചു. തീയും ഗന്ധകവും, നാകവും നരകവും, വായുവും, ജലവും ചഷകത്തിൽ ഘനീഭൂതമായി.      

മൂന്നാഴ്ചകൾ കഴിഞ്ഞു.  മില്ലറുടെ ഫ്ലാസ്കിൽനിന്ന് ഒരു ജീവിയും പുറത്തേക്കിഴഞ്ഞുവന്നില്ല. പക്ഷേ, കാർബൺ ഡയോക്‌സൈഡ്, മീഥെയ്ൻ, ജലം, അമോണിയ, ഓക്സിജൻ, ഹൈഡ്രജൻ, താപം, വൈദ്യുതി എന്നിവയുടെ മിശ്രിതത്തിൽ മില്ലറിന് അമിനോഅമ്ലങ്ങളുടെ അവശിഷ്ടങ്ങൾ --- പ്രോട്ടീനുകൾ നിർമ്മിക്കാനുള്ള ഘടകങ്ങൾ --- കാണാറായി; ഏറ്റവും ലളിതമായ പഞ്ചസാരകളുടെ കൊച്ചുകൊച്ചു സമുച്ചയങ്ങളും. മില്ലറുടെ പരീക്ഷണത്തിൽ, പിന്നീട്, മാറ്റങ്ങൾ വരുത്തപ്പെട്ടു. മിശ്രിതത്തിൽ കളിമണ്ണും, കൃഷ്ണശിലയും, അഗ്നിപർവ്വതശിലയും ചേർക്കപ്പെട്ടു. തദ്‌ഫലമായി, ലിപിഡുകളും, കൊഴുപ്പുകളും, RNAയും DNAയും നിർമ്മിക്കാനുള്ള രാസവസ്തുക്കളും പ്രത്യക്ഷമായി.  

സോസ്റ്റാക്കിന്റെ വിശ്വാസപ്രകാരം, ഈ ദ്രവമിശ്രിതത്തിൽനിന്നാണ്, സന്ധിക്കാൻ സാദ്ധ്യതയില്ലാതിരുന്ന രണ്ടു പങ്കാളികളുടെ ആകസ്മിക സംയോഗത്തിലൂടെ, ജീനുകൾ പിറന്നത്.  ആദ്യം, ദ്രവത്തിലുണ്ടായ ലിപിഡുകൾ പരസ്പരം സംയോജിച്ച് മിസെല്ലുകൾ (micelles) --- സോപ്പുകുമിളകളെ ഓർമ്മിപ്പിക്കുന്ന പൊള്ളയായ ഗോളസ്തരങ്ങൾ --- രൂപം കൊണ്ടു. ഇവയ്ക്കുള്ളിൽ ദ്രാവകങ്ങൾ അകപ്പെടും; കണ്ടാലോ, കോശങ്ങളുടെ പുറംപാളിപോലിരിക്കും (ചില കൊഴുപ്പുകൾ, നേർത്ത ലായനിയിൽ ചേർത്താൽ, സ്വാഭാവികമായും ഇത്തരം കുമിളകളായി മാറും). ഈ മിസെല്ലുകൾക്ക് ആദികോശങ്ങളായ് പെരുമാറാൻ പറ്റുമെന്ന് സോസ്റ്റാക് പരീക്ഷണങ്ങളിലൂടെ  പ്രകടമാക്കിയതാണ്. ഇവയിൽ കൂടുതൽ ലിപിഡുകൾ ചേർത്താൽ, പൊള്ളയായ ഈ "കോശങ്ങൾ" വളർന്നു വലുതാകും. അവ വികസിക്കും; അങ്ങോട്ടുമിങ്ങോട്ടും നീങ്ങും; കോശസ്തരത്തിലെ പരുപരുപ്പിനു സമാനമായ നേരിയ മുഴകൾ നീണ്ടു വരും. 

രണ്ടാമതായി, സ്വയം സംഘടിക്കുന്ന മിസെല്ലുകൾ രൂപം കൊള്ളുന്ന നേരത്ത്, ന്യൂക്ലിയോസൈഡുകൾ ( A,C, G, U അല്ലെങ്കിൽ അവരുടെ രാസമുത്തച്ഛന്മാർ) ഒരുമിക്കുന്നതിലൂടെ RNA ആവിർഭവിച്ച് ഇഴകൾ രൂപപ്പെടുന്നു.  RNA ശൃംഖലകളുടെ ബൃഹദ് കൂമ്പാരത്തിന് പ്രത്യുൽപ്പാദനസാമർത്ഥ്യമില്ല: അവയ്ക്ക് അവയുടെ പകർപ്പുകൾ നിർമ്മിക്കാനുള്ള കഴിവില്ല. എന്നാൽ, പകർപ്പുസമർത്ഥ്യമില്ലാത്ത ഈ കോടിക്കണക്കിന് RNA തന്മാത്രകളിലൊന്ന് ജനിച്ചത് സ്വബിംബം നിർമ്മിക്കാനുള്ള അപൂർവ്വമായ കഴിവോടെയാണ്. കൃതമായിപ്പറഞ്ഞാൽ,  തന്റെ പ്രതി/എതിർഛായ  (കണ്ണാടി പ്രതിബിംബം) ഉപയോഗിച്ച് അതിനൊരു പകർപ്പുണ്ടാക്കാൻ പറ്റും (RNAയിലും  DNAയിലും എതിർഛായാ തന്മാത്രകൾ ഉൽപ്പാദിക്കാനുള്ള ആസൂത്രണമുണ്ടെന്നത് ഓർക്കുമല്ലോ). അത്ഭുതമെന്നു പറയട്ടെ, ഈ RNA തന്മാത്രയ്ക്ക് രാസമിശ്രിതത്തിൽനിന്ന് ന്യൂക്ലിയോസൈഡുകളെ ശേഖരിച്ച്, അവയെ ഒരുമിച്ചു കോർത്ത്, പുതിയൊരു RNA പകർപ്പുണ്ടാക്കാൻ കഴിയും.  അത് സ്വയം പകർപ്പുണ്ടാകുന്ന ഒരു രാസവസ്തുവായിരുന്നു. 

അടുത്തതായി സംഭവിച്ചത് സൗകര്യം നോക്കിയുള്ള ഒരു സംഗമമായിരുന്നു. ഭൂമിയിൽ എവിടെയോ ഒരിടത്ത് --- സോസ്റ്റാക്കിന്റെ അഭിപ്രയത്തിൽ, ഏതോ ഒരു കുളക്കരയിൽ, അല്ലെങ്കിൽ ചതുപ്പിനരികെ --- സ്വയം പകർക്കുന്ന ഒരു RNA സ്വയം പകർക്കുന്ന ഒരു മിസെല്ലുമായ് സന്ധിച്ചു. ആശയപരമായി പറഞ്ഞാൽ, അത് സ്ഫോടനാത്മകമായൊരു സംബന്ധമായിരുന്നു: രണ്ടു തന്മാത്രകൾ കണ്ടുമുട്ടി; പ്രേമത്തിലായി; ദീർഘമായൊരു വൈവാഹിക ബന്ധത്തിനു തുടക്കമായി. സ്വയം പകർപ്പുണ്ടാക്കുന്ന RNA, വിഭജിക്കുന്ന മിസെല്ലിൽ താമസമായി. മിസെൽ RNAയെ വേർതിരിച്ചെടുത്ത് സംരക്ഷിച്ചു; അതിന്റെ സുരക്ഷിതമായ കുമിളക്കുള്ളിൽ സവിശേഷമായ രാസപ്രവർത്തനങ്ങൾക്ക് കളമൊരുക്കി. RNA തന്മാത്ര, അതിനുള്ള അവസരം വന്നപ്പോൾ, സന്ദേശം കോഡിലാക്കിത്തുടങ്ങി --- തന്നെ മാത്രമല്ല, RNA-മിസെൽ ഘടകത്തെ മുഴുവനായും സ്വയം പെരുകാനുള്ള സന്ദേശത്തെ. കാലാന്തരത്തിൽ, RNA-മിസെൽ ഘടകത്തിൽ കോഡിലായിരിക്കുന്ന സന്ദേശം അത്തരം കൂടുതൽ ഘടകങ്ങളെ വ്യാപിപ്പിക്കാൻ സഹായിച്ചു. 

"RNA അടിസ്ഥാനമായുള്ള ആദികോശങ്ങൾ എങ്ങനെയായിരിക്കാം ഉരുത്തിരിഞ്ഞതെന്ന് കാണാൻ താരതമ്യേന എളുപ്പമാണ്," സോസ്റ്റാക് എഴുതി. "ഉപാപചയം, പതിയെപ്പതിയെ, ആവിർഭവിച്ചിരിക്കണം . . . ആന്തരികമായ് ലഭ്യമായ, കൂടുതൽ ലളിതവും സമൃദ്ധവുമായ ആരംഭസാമഗ്രികൾ  സംശ്ലേഷണം ചെയ്യാൻ ആഡീകോശങ്ങൾ പഠിച്ചതോടെ. പിന്നീട്, ഈ ജീവികൾ പ്രോട്ടീൻസംശ്ലേഷണവും തങ്ങളുടെ ചെപ്പടിവിദ്യകളിൽ ഉൾപ്പെടുത്തിയിരിക്കണം." RNAആദിജീനുകൾ, ശൃംഖലകളുണ്ടാക്കി പ്രോട്ടീനുകളെ --- ഉപാപചയവും, സ്വയം വ്യാപനവും, സന്ദേശസ്ഥാനാന്തരവും ഏറെ സമർത്ഥമായി ചെയ്യാനാകുന്ന ബഹുമുഖപ്രതിഭയുള്ള തന്മാത്രായന്ത്രങ്ങളെ --- പടുത്തുയർത്താൻ അമിനോഅമ്ലങ്ങളെ അനുനയിപ്പിച്ചിരിക്കണം.   

*
എന്നാണ്, എന്തിനാണ് വ്യതിരിക്തമായ "ജീനുകൾ" --- സന്ദേശഘടകങ്ങൾ --- RNA ഇഴകളിൽ പ്രത്യക്ഷമായത്? തുടക്കത്തിൽത്തന്നെ അവ ഘടകരൂപത്തിൽ അവ സ്ഥിതിചെയ്തിരുന്നോ? അതോ, സന്ദേശശേഖരത്തിന്റെ ഒരിടക്കാല രൂപം ഉണ്ടായിരുന്നോ? ഇവിടെയും, ഈ ചോദ്യങ്ങൾക്കൊന്നും, അടിസ്ഥാനപരമായ്, ഉത്തരങ്ങളില്ല. എങ്കിലും, വിവരസിദ്ധാന്തത്തിന് സുപ്രധാനമായൊരു സൂചന തരാൻ കഴിഞ്ഞേക്കും. അനുസ്യൂതവും ഘടകരൂപിയുമായ സന്ദേശത്തെ കൈകാര്യം ചെയ്യുക ഏറെ ദുഷ്കരമാണ്. അതു ചിന്നിച്ചിതറിയേക്കും; മലിനമായേക്കും; കൂടിക്കുഴഞ്ഞേക്കും; നേർത്തുപോവുകയും, നശിച്ചുപോവുകയും ചെയ്യും. അതിന്റെ ഒരറ്റം വലിച്ചാൽ, മറ്റൊരറ്റം അഴിഞ്ഞുവെന്നു വരാം. സന്ദേശം സന്ദേശത്തിലേക്ക് വ്യാപിച്ചാൽ വൈകല്യമുണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. ഒരു വിനൈൽ റിക്കാർഡിന്റെ നടുവിലൊരു ഒട്ടലുണ്ടാകുന്നത് സങ്കല്പിച്ചാൽ ഇതു മനസ്സിലാകും. എന്നാൽ, ഡിജിറ്റിലാക്കപ്പെട്ട സന്ദേശത്തെ കേടുപാടുകൾ മാറ്റി തിരിച്ചെടുക്കുക ഏറെ എളുപ്പമാണ്. ഒരു ഗ്രന്ഥപ്പുര മുഴുവനായും പുനഃവിന്യസിക്കാതെതന്നെ നമുക്ക് ഒരു പുസ്തകത്തിലെ ഒരു വാക്ക് കണ്ടെത്തി മാറ്റാൻ പറ്റുമല്ലോ. ജീനുകളും ഈയൊരു കാരണത്താലാകണം ഉറവെടുത്തത്. ഒരു RNAഇഴയിലുള്ള വ്യതിരിക്തവും സന്ദേശവാഹകവുമായ ഘടകങ്ങളെ, വ്യതിരിക്തവും ഏകമാത്രവുമായ ധർമ്മങ്ങൾ സാക്ഷാൽക്കരിക്കാൻ വേണ്ടയുള്ള നിർദ്ദേശങ്ങൾ കോഡിലാക്കുന്നതിലേക്ക് ഉപയോഗപ്പെടുത്തുകയുണ്ടായി. 

സന്ദേശത്തിന്റെ അനുസ്യൂതമല്ലാത്ത ഈ അവസ്ഥക്ക് മറ്റൊരു നേട്ടം കൂടിയുണ്ട്: ഉൾപ്പരിവർത്തനത്തിന് ഒരു ജീനിനിനെ, ഒരു ജീനിനെ മാത്രമേ ബാധിക്കാനാകൂ. മറ്റു ജീനുകളെ അതു ബാധിക്കില്ല. ഒരു ജീവിയുടെ വ്യവഹാരത്തെ മുഴുവനായും ബാധിക്കാതെ, ഉൾപ്പരിവർത്തനങ്ങൾക്ക് വിഭിന്നമായ സന്ദേശഘടകങ്ങളെ സ്വാധീനിക്കാം; അതു വഴി, ജീവപരിണാമത്തിന് വേഗം കൂട്ടാം. പക്ഷേ, ഈ നേട്ടത്തിനൊപ്പം ഒരു കോട്ടം കൂടിയുണ്ട്: ഉൾപ്പരിവർത്തനം അധിമായിപ്പോയാൽ സന്ദേശത്തിനു കോട്ടം തട്ടും; അത് നഷ്ടമായേക്കും. രണ്ടാമതൊരു പകർപ്പാണ്, ഒരുപക്ഷേ, ഇവിടെ ആവശ്യമുള്ളത് --- ആദ്യത്തേതിനെ സംരക്ഷിക്കാൻ , അല്ലെങ്കിൽ, ആദിരൂപത്തെ നേരെയാക്കാൻ ഒരു എതിർഛായ; ഒരു കണ്ണാടി പ്രതിബിംബം. ഇതായിരുന്നിരിക്കണം ഇരട്ട ഇഴകളുള്ള  ന്യൂക്ലിക് അമ്ലം ഉണ്ടാക്കുന്നതിനുള്ള അന്തിമപ്രേരണ. ഒരിഴയിലെ വിവരങ്ങൾ മറ്റേ ഇഴയിലും പൂർണ്ണമായ് പ്രതിഫലിക്കുന്നു; എന്തെങ്കിലും നാശമുണ്ടായാൽ അതിനെ പുനഃസ്ഥാപിക്കാൻ ആ വിവരമുപയോഗിക്കാം. യാങ്ങിനെ യിൻ സംരക്ഷിക്കും. ജീവൻ, അങ്ങനെ, സ്ഥിരമായ സ്വന്തം വിവരശേഖര ഉപകരണം കണ്ടുപിടിച്ചു. 

കാലം പോകുന്നതോടെ, ഈ പുതിയ പകർപ്പ് --- DNA --- മറ്റു പകർപ്പുകൾ ഉണ്ടാക്കാനുള്ള പകർപ്പായി(മാസ്റ്റർ കോപ്പി). RNAലോകത്തിലെ കണ്ടുപിടുത്തമാണ് DNA. പക്ഷേ, അധികം താമസിയാതെ ജീൻവാഹകനെന്ന നിലയിൽ അത് RNAയെ കടത്തിവെട്ടി; ജീവവ്യവസ്ഥയിലെ പ്രബലനായ ജനിതകസന്ദേശവാഹകനായി(8). നമ്മുടെ ജനോമുകളുടെ ചരിത്രത്തിൽ, അങ്ങനെ, മറ്റൊരു പുരാവൃത്തം --- അച്ഛനെ കുട്ടി വിഴുങ്ങുന്ന, ക്രോണസ്സിനെ സ്യൂസ് മറിച്ചിടുന്ന കഥ --- കൂടി കൊത്തിവെക്കപ്പെട്ടു.  

-------------------------------------------------------------------------------------------------------------------------- 
(1) ഒരേകകോശത്തിൽനിന്ന് ഭ്രൂണം വികസിച്ചു വരുന്ന പ്രക്രിയയെ വർണ്ണിക്കാൻ വേണ്ടി, "ഉപരിജനിതകം" --- epigenesis --- എന്ന പദം വാഡിങ്ങ്‌ട്ടൺ തുടക്കത്തിൽ ഒരു  നാമമായിട്ടല്ല, ഒരു ക്രിയയായിട്ടാണ് ഉപയോഗിച്ചത് (ബീജസങ്കലിതമായ ആദ്യകോശത്തിൽനിന്ന് പടിപടിയായി ആവിർഭവിക്കുന്ന ന്യൂറോണുകൾ, ചർമ്മകോശങ്ങൾ തുടങ്ങിയ നാനാജാതി കോശങ്ങളിലൂടെയുള്ള ഭ്രൂണോൽപ്പത്തിയെയാണ് "ഉപരിജനിതകം" സൂചിപ്പിച്ചത്). കാലാന്തരത്തിൽ, പക്ഷേ, ജീൻശ്രേണിയിൽ മാറ്റമില്ലാതെ, ജീൻ നിയന്ത്രണത്തിലൂടെ, കോശങ്ങളോ ജീവികളോ ലക്ഷണങ്ങൾ സ്വായത്തമാക്കുന്നതിനെ സൂചിപ്പിക്കാൻ "ഉപരിജനിതകം" ഉപയോഗിക്കപ്പെട്ടു. അടുത്ത കാലത്തായി അതുപയോഗിക്കപ്പെടുന്നത്, DNAശ്രേണിയിൽ മാറ്റമുണ്ടാക്കാത്ത, ജീൻ നിയന്ത്രണത്തെ സ്വാധീനിക്കുന്ന ഭൗതികമോ രാസപരമോ ആയ മാറ്റത്തെ സൂചിപ്പിക്കുവാനാണ്. പരമ്പരാഗതമായി ആർജ്ജിക്കുവാൻ കഴിയുന്ന --- അതായത്, കോശത്തിൽനിന്ന് കോശത്തിലേക്കോ, ജന്തുവിൽനിന്ന് ജന്തുവിലേക്കോ പകരാൻ കഴിയുന്ന --- മാറ്റങ്ങളെ സൂചിപ്പിക്കാൻ മാത്രമേ "ഉപരിജനിതകം" ഉപയോഗിക്കാവൂ എന്നാണ് ചില ശാസ്ത്രജ്ഞന്മാരുടെ മതം. "ഉപരിജനിതകം" എന്ന വാക്കിന്റെ മാറിമാറിവരുന്ന അർത്ഥം ഈ മേഖലയിൽ വല്ലാത്ത ആശയക്കുഴപ്പമാണ് സൃഷ്ടിച്ചിരിക്കുന്നത്.     

(2) വിശപ്പിന് ഡച്ചു ഭാഷയിൽ Honger എന്നാണ് പറയാറ്.

(3) ഡച്ചു ക്ഷാമസംബന്ധിയായ ഗവേഷണം സ്വാഭാവികമായും വസ്തുനിഷ്ഠമല്ലെന്നാണ് ചില ശാസ്ത്രജ്ഞന്മാരുടെ വാദം: ഉപാപചയാസുഖമുള്ള (ഉദാഹരണത്തിന്, പൊണ്ണത്തടിയുള്ള) മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുടെ ആഹാരക്രമം മാറ്റിയേക്കും; അതല്ലെങ്കിൽ, ജനിതകപരമല്ലാത്ത രീതിയിൽ അവരുടെ ശീലങ്ങൾ മാറ്റിയേക്കും. തലമുറകളിലൂടെ "പകർന്നുകൊടുക്കപ്പെടുന്ന" ഘടകം, വിമർശകരുടെ വാദപ്രകാരം, ജനിതക സൂചനകളല്ല, സാംസ്കാരികമോ, ആഹാരസംബന്ധിയോ ആയ ശീലങ്ങളാണ്. 

(4) Wormhole: സ്ഥലകാലത്തിൽ ബഹുദൂരത്തിൽ സ്ഥിതിചെയ്യുന്ന മേഖലകൾക്കിടയിലെ സാങ്കൽപ്പിക സമ്പർക്കപാത.

(5) ഗോർഡോണിന്റെ സങ്കേതത്തിന് (അണ്ഡത്തെ ശൂന്യമാക്കി അതിലേക്ക് കോശകേന്ദ്രം ചെലുത്തുന്നത്) ആശുപത്രികളിൽ നൂതനമായൊരു പ്രയോഗമായി. ചില സ്ത്രീകളുടെ മൈറ്റോകോൺഡ്രിയാജീനുകളിൽ (ഊർജ്ജോൽപ്പാദകരായ കോശാന്തരഘടനകളിലെ ജീനുകളിൽ) ഉൾപ്പരിവർത്തിതജീനുകളുണ്ട്. അണ്ഡത്തിൽനിന്നുമാത്രമാണ് (അതായത്, അമ്മയിൽനിന്ന്) എല്ലാ മനുഷ്യഭ്രൂണങ്ങളും മൈറ്റോകോൺഡ്രിയ പരമ്പരാഗതമായി ആർജ്ജിക്കുന്നതെന്ന കാര്യം ഓർക്കുന്നുണ്ടല്ലോ (ബീജം മൈറ്റോകോൺഡ്രിയ നൽകില്ല). അമ്മയുടെ മൈറ്റോകോൺഡ്രിയാജീനിൽ ഉൾപ്പരിവർത്തനമുണ്ടെങ്കിൽ, അതവരുടെ എല്ലാ കുട്ടികളെയും ബാധിക്കും. ഉപാപചയത്തെ ബാധിക്കുന്ന ഈ പരിവർത്തനം, പേശീക്ഷയത്തിനും, ഹൃദ്രോഗത്തിനും, മരണത്തിനുംവരെ ഹേതുവായേക്കാം. ഇത്തരം മാതൃമൈറ്റോകോൺഡ്രിയാഉൾപ്പരിവർത്തനങ്ങളെ കൈകാര്യം ചെയ്യാൻ, 2009ൽ, ജനിതകകാരന്മാരും ഭ്രൂണശാസ്ത്രജ്ഞന്മാരും വിവാദപരവും ധീരവുമായൊരു നൂതനമാർഗ്ഗം നിർദ്ദേശിച്ചു. ബീജസങ്കലനം നടന്ന ഒരണ്ഡത്തിന്റെ കോശകേന്ദ്രം ഒരു സാധാരണ ദാതാവിൽനിന്നുള്ള, ("സാധാരണ")മൈറ്റോകോൺഡ്രിയയുള്ള അണ്ഡത്തിൽ കുത്തിവച്ചു. മൈറ്റോകോൺഡ്രിയ വന്നത് ദാതാവിൽനിന്നായതിനാൽ അതിലെ ജീനുകൾക്ക് കേടുപാടുകൾ ഇല്ലാത്തതായി; കുട്ടികളിലേക്ക് ഉൾപ്പരിവർത്തനം സംക്രമിക്കാതായി. ഈ മാർഗ്ഗത്തിലൂടെ പിറക്കുന്നവർക്ക് മൂന്നു ജനയിതാക്കളുണ്ടാകും. ബീജസങ്കലിതമായ കോശകേന്ദ്രത്തിന് കാരണക്കാരായ "അച്ഛനും" "അമ്മയു"മാണ് ഒന്നും രണ്ടും ജനയിതാക്കൾ. ഏറെക്കുറെ എല്ലാ ജീനുകളും അവരിൽനിന്നാണ് വരുന്നത്. മൂന്നാമത്തെ ജനയിതാവ് (അണ്ഡദാതാവ്) മൈറ്റോകോൺഡ്രിയ മാത്രമാണ് നൽകുന്നത്. 2015ൽ, ദീർഘമായ ദേശീയസംവാദത്തിനുശേഷം, ബ്രിട്ടൻ ഈ സമ്പ്രദായത്തിന് നിയമസാധുതയേകി. അങ്ങനെ, ഇപ്പോൾ, "ത്രിജനയിതാക്കളുള്ള കുട്ടികൾ " പിറക്കാൻ തുടങ്ങിയിരിക്കുന്നു. മാനവജനിതകശാസ്ത്രത്തിലെ (ഭാവിയുടെയും) പര്യവേക്ഷണം ചെയ്യപ്പെടാത്ത പരിധിയെ പ്രതിനിധാനം ചെയ്യന്നവരാണീ കുട്ടികൾ. ഇവരോട് താരതമ്യം ചെയ്യാവുന്ന മൃഗങ്ങൾ പ്രകൃതിയിലെന്നത് പറയാതെതന്നെ വ്യക്തമാണല്ലോ.   

(6) ജീനുകളെ ഹിസ്റ്റോണുകൾ നിയന്ത്രിക്കുന്നുണ്ടാകാമെന്ന ആശയം ആദ്യം മുന്നോട്ടു വച്ചത് വിൻസെന്റ് ആൾഫ്രേയാണ് --- 1960കളിൽ, റോക്ഫെല്ലർ യൂണിവേഴ്സിറ്റിയിൽ ഉണ്ടായിരുന്ന ജീവരസതന്ത്രജ്ഞൻ. മൂന്നു ദശാബ്ദങ്ങൾക്കു ശേഷം (അതേ സ്ഥാപനത്തിൽ ഒരു വൃത്തം പൂർത്തിയാകുന്നതുപോലെ) ആൾഫ്രേയുടെ സിദ്ധാന്തത്തെ ആല്ലിസിന്റെ പരീക്ഷണങ്ങൾ ശരിവച്ചു. 

(7) ഉപരിജനിതകമുദ്രകളുടെയും അവ രേഖപ്പെടുത്തുന്ന ഓർമ്മയുടെയും അനശ്വരതയെ മാർക്ക് റ്റഷ്നേ എന്ന ജനിതകകാരൻ ചോദ്യംചെയ്‌തിട്ടുണ്ട്. റ്റഷ്നേയുടേയും മറ്റു ചില ജനിതകശാസ്ത്രജ്ഞന്മാരുടേയും വീക്ഷണത്തിൽ, മഹാനിയന്ത്രകപ്രോട്ടീനുകൾ (മുമ്പ്, "സുപ്ത","സജീവ" തന്മാത്രാസ്വിച്ചുകൾ എന്നു വിശേഷിക്കപ്പെട്ടവ) ആണ് ജീനുകളെ പ്രവർത്തനസജ്ജമാക്കുന്നതും ദമനം ചെയ്യുന്നതും. ജീൻസജീവതയുടേയും ദമനത്തിന്റേയും പരിണതഫലമായിട്ടാണ് ഉപരിജനിതകമുദ്രകൾ പതിക്കപ്പെടുന്നത്. ജീൻസജീവതയും ദമനവും നിയന്ത്രിക്കുന്നതിൽ അവയ്ക്ക് സഹായകരമായ പങ്കുണ്ടായിരിക്കാം; പക്ഷേ, ജീൻ അഭിവ്യക്തിയുടെ സംവിധാനം സംഭവിക്കുന്നത് പ്രധാനമായും മഹാനിയന്ത്രകപ്രോട്ടീനുകൾ മൂലമാണ്.

(8) ചില വൈറസ്സുകളിൽ ജീനുകൾ ഇന്നും RNA രൂപത്തിലാണ്.            









   































അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...