2023, മാർച്ച് 12, ഞായറാഴ്‌ച

ജീൻ 31:1

 വിശപ്പു (ശീത) കാലം 

  സർവ്വസമാന ഇരട്ടകളിൽ ഓരോരാളുടേയും ജനിതകകോഡ് ഒന്നുതന്നെയാണ്. പൊതുവായ ഗർഭപാത്രമാണ് അവർക്കുള്ളത്; അവർ വളർന്നുവരുന്നതും, പൊതുവേ, സമാനമായ ചുറ്റുപാടുകളിലാണ്. ഇതൊക്കെ പരിഗണിക്കുമ്പോൾ, ഇരട്ടകളിലൊരാൾക്ക് സ്‌കിറ്റ്‌സോഫ്രീനിയാ ബാധിച്ചാൽ, മറ്റേയാൾക്കും അതേ രോഗം വരാനുള്ള സാദ്ധ്യത ഏറെ കൂടുതലാണെന്നത് അത്ഭുതമുളവാക്കുന്നില്ല. സത്യത്തിൽ, സാദ്ധ്യത അതിലും കൂടാത്തതിലാണ് നാം അത്ഭുതപ്പെടേണ്ടത്. എന്തുകൊണ്ടത് നൂറു ശതമാനമാകുന്നില്ലാ?
--- നെസ്സാ കാരി, ഉപരിജനിതക വിപ്ലവം

 ഇരുപതാം നൂറ്റാണ്ടിൽ ജീനുകൾ ഉജ്ജ്വലമായ രീതിയിൽ വാണു . . . ജീവശാസ്ത്രത്തിലെ ഒരു പുതിയ യുഗത്തിന്റെ അതിരിലേക്ക് നമ്മെ എത്തിച്ചു; ഇനിയും കൂടുതൽ അമ്പരപ്പിക്കുന്ന പുരോഗതി വാഗ്ദാനം ചെയ്തു. പക്ഷേ, ഇതേ പുരോഗതികൾ തന്നെ പുതിയ സങ്കൽപ്പനങ്ങളെ, മറുപദങ്ങളെ, ജീവശാസ്ത്രപരമായ സംവിധാനത്തെക്കുറിച്ചുള്ള  മറ്റുരീതിയിലുള്ള ചിന്താഗതികളെ ആനയിക്കേണ്ടത് അത്യാവശ്യമാക്കിത്തീർക്കും; അതു വഴി, ജീവശാസ്ത്രങ്ങളുടെ ഭാവനയ്ക്കുമേലുള്ള ജീനുകളുടെ പിടി അയഞ്ഞുപോകുകയും ചെയ്യും.  
--- എവ്‌ലിൻ ഫോക്സ് കെല്ലർ, ജീവൗഷധിയുടെ നരവംശശാസ്ത്രം 


പോയ അദ്ധ്യായത്തിലെ ഒരു ചോദ്യത്തിന് ഉത്തരം നൽകേണ്ടതുണ്ട്: സംഭവങ്ങളും ജീനുകളും തമ്മിലുള്ള ആകസ്മിക പ്രതിപ്രവർത്തനത്തിലൂടെയാണ് "അഹം" നിർമ്മിക്കപ്പെടുന്നതെങ്കിൽ, ഈ പ്രതിപ്രവർത്തനങ്ങൾ രേഖയാക്കപ്പെടുന്നത് ശരിക്കും എങ്ങനെയാണ്? ഒരിരട്ട മഞ്ഞിൽ വീഴുന്നു, മുട്ടു പൊട്ടി വടുവുണ്ടാകുന്നു. മറ്റേ ഇരട്ടക്ക് അങ്ങനെയൊന്നും സംഭവിക്കുന്നില്ല. സഹോദരിമാരിൽ ഒരാൾ ദില്ലിയിലുള്ള ഉയർന്നു വരുന്ന ഒരു എക്സിക്യുട്ടീവുമായ് വിവാഹിതയാകുന്നു; മറ്റെയാൾ കൊൽക്കൊത്തയിലെ ഇടിഞ്ഞുപൊളിയാറായ ഭവനത്തിലേക്ക് താമസം മാറുന്നു. ഏതു സംവിധാനങ്ങൾ വഴിയാണ് ഈ "വിധിവിളയാട്ടങ്ങൾ" കോശത്തിൽ, അല്ലെങ്കിൽ ശരീരത്തിൽ രേഖിതമാകുന്നത്?  

ഇതിന് അംഗീകൃതമായ ഉത്തരമുണ്ട്: ജീനുകളിലൂടെ. കൂടുതൽ കൃത്യമായ് പറഞ്ഞാൽ, ജീനുകളെ സക്രിയമാക്കിയും; നിഷ്ക്രിയമാക്കിയും.  ബാക്ടീരിയകൾ ഭക്ഷണം ഗ്ലൂക്കോസിൽനിന്ന് ലാക്ടോസിലേക്ക് മാറ്റുമ്പോൾ, അവ ഗ്ലൂക്കോസുപാപചയത്തിനുള്ള ജീനുകളെ നിർജ്ജീവമാക്കുന്നതും, ലാക്ടോസുപാപചയത്തിനുള്ള ജീനുകളെ സജീവമാക്കുന്നതും, 1950കളിൽ, പാരീസിൽ,  മൊണോഡും ജേക്കബ്ബും തെളിയിച്ചിട്ടുള്ളതാണല്ലോ (മഹാനിയന്ത്രകഘടകങ്ങൾ --- സജീവമാക്കുന്നവയും, ദമനം ചെയ്യുന്നവയും --- ആണ് ഈ ജീനുകളെ 'സജീവവും' 'നിർജ്ജീവവും' ആക്കുന്നത്; ഇവയെ പകർപ്പു ഘടകങ്ങൾ എന്നും വിളിക്കാറുണ്ട്). ഏകദേശം മുപ്പതു കൊല്ലങ്ങൾക്കുശേഷം, പുഴുക്കളിൽ ഗവേഷണം നടത്തിയ ജീവശാസ്ത്രകാരന്മാർ, അയൽകോശങ്ങളിൽനിന്നുള്ള സൂചനകളും (ഒറ്റപ്പെട്ട കോശത്തിന്റെ കാര്യമെടുത്താൽ, വിധി വിളയാട്ടങ്ങൾ) മഹാനിയന്ത്രക ജീനുകളുടെ നിഷ്ക്രിയ/ സക്രിയ പ്രവർത്തനത്താൽ അങ്കിതമാകുന്നുണ്ടെന്നും, അത് കോശപാരമ്പര്യങ്ങളിൽ മാറ്റമുണ്ടാക്കുന്നുവെന്നും കണ്ടെത്തുകയുണ്ടായി. ഇരട്ടകളിലൊരാൾ മഞ്ഞിൽ വീഴുമ്പോൾ, മുറിവുണക്കാനുള്ള ജീനുകൾ സജീവമാകുന്നു. ഈ ജീനുകൾ വ്രണത്തെ, പൊട്ടലുണ്ടായ ഇടത്തെ അടയാളപ്പെടുത്തുന്ന, വടുവാക്കി മാറ്റുന്നു. സങ്കീർണ്ണതയുള്ള ഒരു ഓർമ്മ മസ്തിഷ്കത്തിൽ രേഖിതമാകുമ്പോഴും, ജീനുകൾ സക്രിയവും നിഷ്ക്രിയവുമാകേണ്ടതുണ്ട്. ഒരു പാട്ടുകാരൻ പക്ഷി മറ്റൊരു പക്ഷി പാടുന്നതു കേൾക്കാനിടയായാൽ, ZENK എന്നൊരു ജീൻ അതിന്റെ മസ്തിഷ്കത്തിൽ ഉണരും. പാട്ട് ശരിയല്ലെങ്കിൽ --- പാട്ട് മറ്റൊരു വർഗ്ഗത്തിൽനിന്നുള്ളതോ, സ്വരമാധുരിയില്ലെങ്കിലോ --- ZENK സജീവമാകില്ല; പാട്ട് പുറത്തേക്കു വരില്ല. 

ശരീരത്തിലെ, കോശങ്ങളിലെ, ജീനുകളുടെ സക്രിയതയും നിഷ്ക്രിയതയും (വീഴ്ച, അപകടം, വ്രണം ഇത്യാദി പരിതസ്ഥിതീസന്ദേശങ്ങളോടുള്ള പ്രതികരണം) ഏതെങ്കിലും തരത്തിലുള്ള സ്ഥിരമായ മുദ്രകൾ ജനോമിൽ പതിപ്പിക്കുന്നുണ്ടോ? ഒരു ജീവി പ്രത്യുൽപ്പാദനം നടത്തുമ്പോൾ, ജനോമിലെ ഈ അടയാളങ്ങൾ മറ്റൊരു ജീവിയിലേക്ക് പ്രസരണം ചെയ്യപ്പെടുന്നുണ്ടോ? പരിതസ്ഥിതികളിൽനിന്നുള്ള വിവരങ്ങൾ തലമുറകളിലൂടെ പ്രസരണത്തിന് വിധേയമാകുന്നുണ്ടോ?    

                                                                                      *
ജീനുകളുടെ ചരിത്രത്തിലെ അത്യന്തം വിവാദകലുഷിതമായ ഒരു മേഖലയിലേക്കാണ് ഇനി നാം നീങ്ങുന്നത്. അതിനു ചില ചരിത്രസന്ദർഭം വിശദമാക്കേണ്ടത് അത്യാവശ്യമാണ്. 1950കളിൽ ഒരിങ്ഗ്ലീഷ് ഭ്രൂണശാസ്ത്രജ്ഞൻ, കോൺറാഡ് വാഡിങ്ങ്ടൺ, കോശത്തിലെ ജനോമിനെ പരിസ്ഥിതീസൂചനകൾ ബാധിക്കുന്നതേത് പ്രക്രിയ വഴിയാണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുകയുണ്ടായി. ബീജസങ്കലനം നടന്ന ഒരേക കോശത്തിൽനിന്ന് ആയിരക്കണക്കിന് വിഭിന്ന കോശമാതൃകകൾ --- ന്യൂറോണുകൾ, പേശീകോശങ്ങൾ, രക്തം, ബീജം --- ആവിർഭവിക്കുന്നത് വാഡിങ്ങ്ടൺ ഭ്രൂണവികാസത്തിൽ കണ്ടു. ഭ്രൂണത്തിലെ ഈ വ്യതിരിക്തവികാസങ്ങളെ, കൂർത്ത പാറകളും, കുഴികളും, കോണുകളുമുള്ള ഒരു മലഞ്ചെരിവിലൂടെ ഉരുണ്ടുപോകുന്ന ആയിരക്കണക്കിന് ഗോട്ടികളോട് വാഡിങ്ങ്ടൺ സർഗ്ഗാത്മകമായ് ഉപമിച്ചു. "വാഡിങ്ങ്ടൺചെരിവി"ലൂടെ ഓരോ കോശവും അതിന്റേതായ പാത പിന്തുടരവേ, അതാ ചെരിവിലെ ഏതെങ്കിലും കുണ്ടിലോ കുഴിയിലോ അകപ്പെടുകയും, അതു മൂലം, അതിനേതിലേക്ക് വികസിക്കാനാകുമോ, ആ വികാസം പരിമിതപ്പെട്ടുപോവുകയും ചെയ്യുന്നു.  

വാഡിങ്ങ്ടണിന്റെ കൗതുകം, പ്രത്യേകിച്ച്, ഒരു കോശത്തിന്റെ ചുറ്റുപാട് അതിന്റെ ജീനുകളുടെ ഉപയോഗത്തെ സ്വാധീനിക്കുന്ന രീതിയിലായിരുന്നു. ഈ പ്രതിഭാസത്തിന് അദ്ദേഹം epi-genetics (ഉപരി - ജനിതകം) എന്നാണ് പേരിട്ടത് --- അക്ഷരാർത്ഥത്തിൽ, "ജീനുകൾക്കുപരി"(1). വാഡിങ്ങ്ടൺ പറഞ്ഞതു പ്രകാരം, "തങ്ങളുടെ പ്രതിഭാസരൂപത്തെ ആവിർഭവിപ്പിക്കുന്ന, പരിതസ്ഥിതിയുമായുള്ള  ജീനുകളുടെ പ്രതിപ്രവർത്തനത്തെ സംബന്ധിച്ചതാണ് ഉപരിജനിതകം".     

                                                            *
വാഡിങ്ങ്ടണിന്റെ സിദ്ധാന്തത്തിന് ഭീകരമായൊരു മനുഷ്യപരീക്ഷണം തെളിവേകി, അതിന്റെ പരിണാമഗുപ്തി തലമുറകൾക്കു ശേഷമാണ് വെളിവായതെങ്കിലും. 

1944, സപ്തംബർ. രണ്ടാം ലോകമഹായുദ്ധത്തിലെ അത്യന്തം പ്രതികാരദാഹമാർന്ന ഘട്ടം. നെതർലാൻഡ്‌സിൽ അധിനിവേശമുറപ്പിച്ചിരുന്ന ജർമ്മൻ പട്ടാളം, അതിന്റെ ഉത്തരദേശങ്ങളിലേക്ക് ആഹാരവും കൽക്കരിയും കയറ്റിയയക്കുന്നത് നിരോധിച്ചു. തീവണ്ടികൾ നിലച്ചു; റോഡുകൾ സ്തംഭിച്ചു. മഞ്ഞുറഞ്ഞതിനാൽ, ജലമാർഗ്ഗവും മരവിച്ചു. ക്രെയ്‌നുകൾ, കപ്പലുകൾ, റോട്ടർഡാം തുറമുഖത്തെ ജെട്ടികൾ, എല്ലാം സ്ഫോടകവസ്തുക്കൾ കൊണ്ട് തകർക്കപ്പെട്ടു. ഒരു റേഡിയോ അവതാരകൻ പറഞ്ഞതു പോലെ, "പീഡിതയായ ഹോളണ്ട് ചോരവാർന്ന്" നിൽപ്പായി.  

എങ്ങും തലങ്ങുംവിലങ്ങും ജലമാർഗ്ഗങ്ങളുള്ള, ചരക്കുതോണികൾ നീങ്ങുന്ന ഹോളണ്ട് പീഡിതയും ചോരവാർന്നൊഴുകുന്നവളും മാത്രമായിരുന്നില്ല; അവൾ വിശക്കുകകൂടിയായിരുന്നു. ആംസ്റ്റർഡാം, റൊട്ടർഡാം, യൂട്രെക്റ്റ്, ലെയ്ഡൻ എന്നിവിടങ്ങൾ, ഭക്ഷണവും ഇന്ധനവുമെത്തിച്ചേരാൻ, മുറതെറ്റാത്ത ഗതാഗതത്തെ ആശ്രയിച്ചാണിരിക്കുന്നത്. 1944ലെ ശീതകാലം തുടങ്ങിയതോടെ, വാളിനും റൈൻ റിവേഴ്സിനും വടക്കുള്ള പ്രവിശ്യകളിലേക്കുള്ള യുദ്ധകാല റേഷൻ നേർത്തു നേർത്തില്ലാതായി. ജനം ക്ഷാമത്തിലേക്ക് ഇഞ്ചിഞ്ചായരിച്ചുനീങ്ങി. ഡിസംബറായപ്പോഴേക്കും, ജലമാർഗ്ഗം തുറന്നുകിട്ടി; പക്ഷേ, ജലാശയങ്ങൾ ഉറച്ചു പോയിരുന്നു. ആദ്യം വെണ്ണ അപ്രത്യക്ഷമായി; പിന്നാലെ, പാൽക്കട്ടിയും, ഇറച്ചിയും, റൊട്ടിയും, പച്ചക്കറികളും. ഗതികെട്ടും, തണുത്തും, വിശന്നും നാട്ടുകാർ പൂച്ചെടികളുടെ കണ്ട തിന്നു; പച്ചക്കറികളുടെ തൊലിയും, അതു  കഴിഞ്ഞ് മരത്തോലും, ഇലകളും, പുല്ലുകളും. വന്നുവന്ന്, ദിവസത്തിൽ നാനൂറു കലോറി മാത്രമായീ  ആഹാരം --- മൂന്ന് ഉരുളക്കിഴങ്ങിനു സമം. ഒരാൾ എഴുതിയതിങ്ങനെയാണ്: "മനുഷ്യനെന്നാൽ വെറുമൊരു വയറും ചില വാസനകളും മാത്രമാണ്." ഡച്ചുകാരുടെ ദേശസ്മൃതിയിൽ ഇന്നും മുദ്രിതമായിരിക്കുന്ന ആ കാലഘട്ടം പിന്നീട് അറിയപ്പെട്ടത് ഹോംഗർ വിന്റർ എന്നാണ് --- "വിശപ്പു ശീതകാലം" 

1945വരെ ക്ഷാമകാലം തീവ്രമായ് തുടർന്നു.പതിനായിരക്കണക്കിന് സ്ത്രീകളും, പുരുഷന്മാരും, കുട്ടികളും ആഹാരക്കുറവുകൊണ്ട് മരിച്ചു; ദശലക്ഷങ്ങൾ അതിജീവിച്ചു. ആഹാരത്തിലുണ്ടായ മാറ്റം തീവ്രവും, അപ്രതീക്ഷിതവുമായിരുന്നതിനാൽ, അത് ഭീകരമായൊരു പ്രകൃതിദത്തപരീക്ഷണം സൃഷ്ടിച്ചു: ശൈത്യത്തിൽനിന്ന് ആളുകൾ പുറത്തുകടന്നപ്പോൾ, ഗവേഷകർക്ക് അതൊരവസരമായി. അവർക്ക് തെരെഞ്ഞെടുക്കപ്പെട്ട ബന്ധുക്കളായ ആളുകളിൽ ആകസ്മിക ക്ഷാമമുണ്ടാക്കിയ ആഘാതം പഠിക്കാൻ പറ്റി. പോഷകാഹാരക്കുറവും മുരടിച്ച വളർച്ചയും പോലുള്ള ചില ലക്ഷണങ്ങൾ പ്രതീക്ഷിക്കപ്പെട്ടതാണ്.  ഹോംഗർ വിന്റർ അതിജീവിച്ച കുട്ടികളിൽ, പോഷകാഹാരക്കുറവുമായ് ബന്ധമുള്ള ദീർഘകാല രോഗങ്ങളുടെ (അവസാദം, ആശങ്ക, ഹൃദ്രോഗം, മോണരോഗം, എല്ലു തേയ്മാനം, പ്രമേഹം) സാദ്ധ്യതയും ദൃശ്യമായിരുന്നു (ഓഡ്റേ ഹെപ്ബേൺ, കോലുപോലെ മെലിഞ്ഞ ഹോളിവുഡ്ഡ് നടി, ഈ ക്ഷാമത്തെ അതിജീവിച്ചവരിലൊരാളാണ്; ആയുസ്സിലുടനീളം അവർ പലവിധ മാറാരോഗങ്ങളാൽ പീഡിതയായിരുന്നു). 

1980കളിൽ, എന്തായാലും, കൂടുതൽ ജിജ്ഞാസയുളവാക്കുന്ന ഒരു മാതൃക തെളിഞ്ഞു വന്നു. ക്ഷാമകാലത്ത് ഗർഭിണികളായിരുന്നവരുടെ കുട്ടികൾ വളർന്നുവന്നപ്പോൾ, അവരിലും പൊണ്ണത്തടിയും, ഹൃദ്രോഗവും കൂടിയ തോതിൽ കാണപ്പെട്ടു. ഈ കണ്ടെത്തലും പ്രതീക്ഷിക്കപ്പെട്ടതായിരിക്കണം. ഗർഭപാത്രത്തിലേയുള്ള പോഷകാഹാരക്കുറവ് ഭ്രൂണശരീരത്തിൽ മാറ്റങ്ങളുണ്ടാക്കുമെന്നത് അറിവുള്ളതാണല്ലോ. ആഹാരദൗർലഭ്യം ഭ്രൂണത്തെ, കൂടുതലായുള്ള കൊഴുപ്പിനെ മാറ്റിവെക്കാൻ വേണ്ടി, അതിന്റെ ഉപാപചയത്തിൽ മാറ്റമുണ്ടാക്കാൻ പ്രേരിപ്പിക്കും. കലോറിയിലുള്ള നഷ്ടം പരിഹരിക്കാൻ വേണ്ടിയാണിത്. വിരോധാഭാസമെന്നു പറയട്ടേ, ഇത്, പിൽക്കാലത്ത്, പൊണ്ണത്തടിയിലും ഉപാപചയക്രമക്കേടിലും കലാശിക്കുന്നു. വിശപ്പുകാലഗവേഷണത്തിന്റെ വിചിത്രമായ ഫലം വരാൻ, പക്ഷേ, ഇനിയുമൊരു തലമുറകൂടി വരേണ്ടിയിരുന്നു. 
1990കളിൽ, ക്ഷാമകാലം അനുഭവിച്ചവരുടെ പേരക്കുട്ടികൾ  പഠനവിധേയമായപ്പോൾ, അവരിലും പൊണ്ണത്തടിയുടേയും ഹൃദ്രോഗത്തിന്റേയും തോത് കൂടുതലാണെന്ന് കണ്ടു (ഇവയിൽ ചില രോഗങ്ങൾ ഇപ്പോഴും നിരീക്ഷണത്തിലാണ്). ക്ഷാമം നേരിട്ടനുഭവിച്ചവരിലെ ജീനുകളെ മാത്രമല്ലാ കൊടുംപട്ടിണി മാറ്റിയത്; അവരുടെ പേരക്കുട്ടികളിലേക്കും സന്ദേശം കൈമാറ്റപ്പെട്ടിരുന്നു. ചില പരമ്പരാഗതലക്ഷണം, അല്ലെങ്കിൽ ലക്ഷണങ്ങൾ പട്ടിണിക്കാരുടെ ജനോമിൽ മുദ്രിതമായിരുന്നിരിക്കണം. അവ, ചുരുങ്ങിയത് രണ്ടു തലമുറകളിലേക്കെങ്കിലും കടന്നുപോയിരിക്കണം. വിശപ്പുകാലം ദേശസ്മൃതിയിൽ മാത്രമല്ല, ജനോംസ്മൃതിയിലും ആഴത്തിൽ മുദ്രിതമായിരുന്നു(3).     

*
എന്നാൽ, ജനിതകസ്മൃതിയെന്നാൽ എന്താണ്? ജീൻ ഓർമ്മ (ജീനുകൾക്കുമപ്പുറത്തേക്ക്) എങ്ങനെയാണ് കോഡിലാക്കപ്പെടുന്നത്? വിശപ്പുകാലഗവേഷണങ്ങളെക്കുറിച്ച് വാഡിങ്ങ്ട്ടണ് ഒന്നുമേ അറിയില്ലായിരുന്നു. 1975ൽ, അധികമാരാലും അറിയപ്പെടാതെ, അദ്ദേഹം മരിച്ചതാണ്. എങ്കിലും, വാഡിങ്ങ്ട്ടൺ സിദ്ധാന്തവും, ഡച്ചുബന്ധുജനതയിലെ തലമുറകളിലൂടെയുള്ള രോഗങ്ങളും തമ്മിലുള്ള ബന്ധം ജനിതകശാസ്ത്രജ്ഞന്മാരുടെ സമർത്ഥനേത്രങ്ങൾക്ക് ദൃശ്യമായി. ഇവിടെക്കൂടി ഒരു "ജനിതകസ്മൃതി'യുണ്ടെന്നത് സ്പഷ്ടമായി: ക്ഷാമകാലപട്ടിണി ബാധിച്ചിരുന്നവരുടെ കുട്ടികൾക്കും പേരക്കുട്ടികൾക്കും ഉപാപചയരോഗങ്ങൾ വരാനുള്ള പ്രവണതയുണ്ട്. തങ്ങളുടെ അച്ഛനമ്മമാരുടെ ഉപാപചയയാതനകളുടെ ചില ഓർമ്മകൾ അവരുടെ ജനോം വഹിക്കുന്നുണ്ടെന്നാണ് തോന്നുക. ഇവിടെയും, ജീൻ ശ്രേണിയിലെ ഏതെങ്കിലും പരിവർത്തനമാണ് "സ്മൃതി"ക്ക്  കാരണമെന്ന് തോന്നുന്നില്ല. നൂറായിരക്കണക്കിനു വരുന്ന ഡച്ചുബന്ധുജനതയുടെ ജീനുകളിൽ വെറും മൂന്നുതലമുറക്കാലത്തിനുള്ളിൽ ഉൾപ്പരിവർത്തനമുണ്ടാകുക സാദ്ധ്യമല്ലല്ലോ. ഇവിടെയും, "ജീനുകളും പരിതസ്ഥിതിയും" തമ്മിലുള്ള പ്രതിപ്രവർത്തനമാണ് പ്രതിഭാസരൂപത്തിൽ മാറ്റം (രോഗപ്രവണത) ഉണ്ടാക്കിയത്. ക്ഷാമകാലത്തെ അനുഭവം ജനോമിൽ എന്തോ ഒന്ന് മുദ്രണം ചെയ്തിട്ടുണ്ടാകണം --- ഏതോ  പരമ്പരാഗതക്ഷമതയാർന്ന സ്ഥിരമുദ്ര. അതിപ്പോൾ തലമുറകളിലൂടെ സംപ്രേക്ഷണം ചെയ്യപ്പെടുകയാണ്.        

ഇത്തരമൊരു സന്ദേശപാളിയെ ജനോമിൽ അന്തർനിഹിതമാക്കാമെങ്കിൽ, അതിന്റെ പരിണതികൾ അഭൂതപൂർവ്വമായിരിക്കും. ഒന്നാമത്, ചിരപുരാതനമായ ഡാർവ്വിൻജീവപരിണാമത്തിന് അതു വെല്ലുവിളിയാകും. ഒരു ജീവിയുടെ സംവേദനങ്ങളെ പരമ്പരാഗതമായി, സ്ഥിരമായ്, ആർജ്ജിക്കുവാനുള്ള ക്ഷമതയേകുന്ന രീതിയിൽ ജീനുകൾ ഓർമ്മിക്കാറില്ല, ഓർമ്മിക്കാൻ അവയ്ക്ക് കഴിയില്ല എന്നതാണ് ഡാർവ്വിൻപരികൽപ്പനയിലെ സുപ്രധാനമായൊരു ആശയം. ഉയരമുള്ള ഒരു മരക്കൊമ്പ് എത്തിപ്പിടിക്കാൻ ഒരു കലമാൻ കഴുത്തു നീട്ടിയാൽ, ആ ശ്രമം ജീനുകൾ രേഖപ്പെടുത്താറില്ല; അതിന്റെ കുട്ടികൾ ജിറാഫായ്  പിറക്കാറുമില്ല. (പാരമ്പര്യാർജ്ജനക്ഷമതയുള്ള ഒരു പരിഷ്കരണം തലമുറകളിലൂടെ പകരുമെന്നത് ലാമാർക്കിന്റെ, പരിഷ്കരണം വഴിയുള്ള പരിണാമമെന്ന, അബദ്ധസിദ്ധാന്തത്തിന്റെ അടിസ്‌ഥാനമായിരുന്നുവെന്നത് ഓർക്കുമല്ലോ). ജിറാഫുകൾ ആവിർഭവിക്കുന്നത്, നേരെ മറിച്ച്, സഹജമായ വ്യതിയാനങ്ങളിലൂടെയും പ്രകൃതിനിർദ്ധാരണത്തിലൂടെയുമാണ്: മരക്കൊമ്പുകൾ ആഹരിക്കുന്ന ഒരു പൂർവ്വികമൃഗവർഗ്ഗത്തിൽ നീണ്ട കഴുത്തുള്ള ഒരു മറുജീവി പ്രത്യക്ഷപ്പെടുകയും, ക്ഷാമകാലത്ത് ഈ മറുജീവി അതിജീവിക്കുകയും, അങ്ങനെ, പ്രകൃതിയാൽ നിർദ്ധാരണം ചെയ്യപ്പെടുകയുമാണ്. പരിസ്ഥിതിസ്വാധീനം ജീനുകളിൽ സ്ഥിരപരിവർത്തനം സൃഷ്ടിക്കുമെന്ന ആശയത്തെ, അഞ്ചു തലമുറകളോളം ചുണ്ടെലികളുടെ വാലുകൾ ഛേദിച്ച്, ആഗസ്ത് വെസ്റ്റ്മൻ ഔദ്യോഗികമായ് പരീക്ഷിച്ചതാണല്ലോ --- എന്നിട്ടും, ആറാം തലമുറയിലെ ചുണ്ടെലികൾ ഒന്നാന്തരം വാലുകളുമായാണ് പിറന്നത്. പരിണാമത്തിന് പരിസ്ഥിതിയോട് പൂർണ്ണമായും ഇണങ്ങിയ ജീവികളെ സൃഷിക്കാനുള്ള സിദ്ധിയുണ്ട്. അതു, പക്ഷേ, ഉദ്ദേശ്യപൂർവ്വമായല്ല. ജീവപരിണാമം "അന്ധനായൊരു ഘടികാരനിർമ്മാതാവ്" മാത്രമല്ലായെന്ന് റിച്ചാർഡ് ഡോക്കിൻസ് അഭിപ്രായപ്പെട്ടത് പ്രസിദ്ധമാണ്; അതൊരു മറവിക്കാരി കൂടിയാണ്. അതിന്റെ ഏക ഉത്തേജനം അതിജീവനവും നിർദ്ധാരണവും മാത്രമാണ്; അതിന്റെ ഏക സ്മൃതി ഉൾപ്പരിവർത്തനവും.         

ഇങ്ങനെയാണ് കാര്യങ്ങളെങ്കിലും, ഹോംഗർ ശീതകാലത്തെ പേരക്കുട്ടികൾ എങ്ങനെയോ തങ്ങളുടെ പൂർവ്വികരുടെ ക്ഷാമകാലസ്മൃതികൾ ആർജ്ജിച്ചു. അത് ഉൾപ്പരിവർത്തനം വഴിയല്ല; നിർദ്ധാരണത്തിലൂടെയുമല്ല; പരിതസ്ഥിതിപരമായ സന്ദേശംഏതോ രീതിയിൽ പാരമ്പര്യമായ് ആർജ്ജിക്കാൻ പറ്റുന്നതാക്കി മാറ്റി സംപ്രേക്ഷണം ചെയ്യുക വഴി.  ഈ വിധമുള്ള ജനിതക "സ്മൃതി"ക്ക് പരിണാമത്തിനുള്ള ഒരു ഒരു വേംഹോൾ(4) ആയി വർത്തിക്കാനാകും. ഒരു ജിറാഫിന്റെ പൂർവ്വികന് ഒരു ജിറാഫിനെ ഉണ്ടാക്കാനായേക്കും ... പക്ഷേ, അത് ഉൾപ്പരിവർത്തനത്തിൻ്റെയും, അതിജീവനത്തിന്റെയും, നിർദ്ധാരണത്തിന്റെയും ഇരുൾനിറഞ്ഞ  മാൽത്തൂസിയൻയുക്തിയിലൂടെ നീണ്ടുവലിഞ്ഞു ചരിച്ചിട്ടല്ല; പിന്നെയോ, കഴുത്തു നീട്ടുകയും, ആ ശ്രമത്തിന്റെ ഓർമ്മ അതിന്റെ ജനോമിൽ മുദ്രിതമാക്കുകയും വഴി. ഛേദിക്കപ്പെട്ട വാലുള്ള ഒരു ചുണ്ടെലിക്ക്, ആ സന്ദേശം ജീനുകളിലേക്ക് പകരുന്നതിലൂടെ, മുറിവാലൻ ചുണ്ടെലികളെ പ്രസവിക്കാൻ പറ്റും. ഉത്തേജിതമാക്കുന്ന ചുറ്റുപാടുകളിൽ വളരുന്ന കുട്ടികൾക്ക്, കൂടുതൽ ഉത്തേജിതരായ കുട്ടികൾക്ക് ജന്മം നൽകാനാകും. ഡാർവ്വിന്റെ ജെമ്മ്യൂൾ രൂപീകരണത്തിന്റെ പുനഃപ്രസ്താവനയാണ് ഈ ആശയം: ഒരു ജീവിയുടെ സവിശേഷമായ ഒരനുഭവം, അല്ലെങ്കിൽ ചരിത്രം അതിന്റെ ജനോമിലേക്ക് നേരിട്ട് സംക്രമിപ്പിക്കപ്പെടാവുന്നതാണ്. അത്തരമൊരു സംവിധാനം ഒരു ജീവിയുടെ പൊരുത്തപ്പെടലിനും പരിണാമത്തിനുമിടയിലെ ഒരതിവേഗ സഞ്ചാരമാർഗ്ഗമായ് വർത്തിക്കും.  അത് ഘടികാരനിർമ്മാതാവിനെ കണ്ണുപൊട്ടനല്ലാതാക്കും.    















            
                                








അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...