2023, മാർച്ച് 27, തിങ്കളാഴ്‌ച

ജീൻ 33: 1

 ജനിതകരോഗനിർണ്ണയം: 

രോഗിയാകുംമുമ്പേ 

രോഗത്തെ അതിജീവിക്കുന്നവർ  

മനുഷ്യനെന്തെല്ലാമോ, അതൊക്കെയും വെറും ജടിലത മാത്രം.  
--- ഡബ്ള്യൂ. ബി. യേയ്റ്റ്സ്, "ബൈസാന്റിയം"

എല്ലാം പൂർവ്വനിശ്ചിതമാണെന്നവാദത്തെ എതിർക്കുന്നവർ DNA ചെറിയൊരു കാര്യമാണെന്ന് പറയാൻ ആഗ്രഹിക്കുന്നവരാണ്. പക്ഷേ, ഞങ്ങൾ കാണുന്ന എല്ലാ രോഗങ്ങൾക്കും ഹേതു DNAയാണ്. അതിനാൽ, ഏതു രോഗവും DNAകൊണ്ട് സുഖപ്പെടുത്താം.
--- ജോർജ് ചർച്ച്.  

1990കളുടെ അവസാനം, മാനവജീൻചികിത്സാപദ്ധതി, അങ്ങനെ, ശാസ്ത്രപരമായ ഹിമഭൂവിൽ അലഞ്ഞുതിരിയാൻ വിധിക്കപ്പെട്ടു. അതേസമയം, മാനവജനിതകരോഗനിർണ്ണയത്തിന് അസാധാരണമായ ഒരു പുനർജന്മമുണ്ടായി. ആ പുനർജന്മത്തെ അറിയാൻ, സിസിലിയൻ കോട്ടയിലെ കൊത്തളത്തിലെ ബർഗിന്റെ ശിഷ്യഗണം വിഭാവനം ചെയ്ത "ഭാവിയുടെ ഭാവി"യിലേക്ക് തിരിച്ചു പോകേണ്ടതുണ്ട്. അവരുടെ ഭാവന പ്രകാരം,  മനുഷ്യജനിതകശാസ്ത്രത്തിന്റെ ഭാവി രണ്ട് അടിസ്ഥാന ഘടകങ്ങളെ ആശ്രയിച്ചിരിക്കും: അതിലാദ്യത്തേതാണ്, "ജനിതകരോഗനിർണ്ണയം" - രോഗം, സ്വത്വം, ഇഷ്ടം, വിധി എന്നിവ പ്രവചിക്കാനോ തീരുമാനിക്കാനോ ജീനുകളെ ഉപയോഗിക്കാമെന്ന ആശയം. രണ്ടമത്തേത്, "ജനിതകപരിവർത്തന"മാണ് - രോഗത്തിന്റെ, സ്വത്വത്തിന്റെ, തെരഞ്ഞെടുക്കുന്നതിന്റെ ഭാവി മാറ്റാൻ ജീനുകളെ മാറ്റാമെന്ന ആശയം. 

ഇവയിൽ രണ്ടാമത്തെ പദ്ധതി - ഉദ്ദേശ്യപൂർവ്വമായ ജീൻ പരിവർത്തനം ("ജനോം രചന) - പൊടുന്നനെയുണ്ടായ ജീൻചികിത്സാപരീക്ഷണനിരോധനത്തോടെ കാലിടറി വീണുവെന്ന് വ്യക്തമാണല്ലോ. പക്ഷേ, ആദ്യത്തേത് - ജീനുകളിൽനിന്ന് ഭാവിവിധി പ്രവചിക്കുന്നത് ("ജീൻ വായന") - പ്രബലമായതേയുള്ളൂ. ജസ്സ്‌ ജൽസിംഗറുടെ മരണത്തിനു ശേഷമുള്ള ദശാബ്ദത്തിൽ, വളരെ സങ്കീർണ്ണവും നിഗൂഢവുമായ പല മാനവരോഗങ്ങളും ജീൻ ബന്ധമുള്ളതാണെന്ന് ജനിതകശാസ്ത്രജ്ഞന്മാർ കണ്ടെത്തി. ഈ രോഗങ്ങളുടെ പ്രാഥമിക കാരണം മുമ്പൊരിക്കലും ജീനിനുമേൽ കെട്ടിവച്ചിരുന്നില്ല. പ്രസ്തുത കണ്ടുപിടുത്തങ്ങൾ, പിന്നീട്, അതിപ്രബലമായ നവീനസാങ്കേതികവിദ്യകൾ വളർന്നുവരുന്നതിന് സഹായകമായി. രോഗം നിർണ്ണയിച്ചു രോഗത്തെ തടയാൻ അവ അനുവദിച്ചു. അതേസമയം,  അവ ജനിതക, വൈദ്യ മേഖലകളെ, അവയുടെ ചരിത്രത്തിലെ പ്രഗാഢമായ ചില വൈദ്യ, ധാർമ്മിക ധർമ്മസങ്കടങ്ങളെ നേരിടാനും പ്രേരിപ്പിച്ചു.  എറിക് ടോപോൾ, വൈദ്യജനിതകശാസ്ത്രജ്ഞൻ, പറഞ്ഞതു പോലെ, "ജനിതകപരിശോധനകൾ ധാർമ്മികപരിശോധനകൾ കൂടിയാണ്. ഭാവിസാദ്ധ്യത പരിശോധിക്കുന്നതിന്  തുനിയാൻ നിങ്ങൾ തീരുമാനിക്കുമ്പോൾ, അനിവാര്യമായും, നിങ്ങൾ സ്വയം ചോദിക്കും: 'ഏതു തരത്തിലുള്ള ഭാവിക്കുവണ്ടിയാണ് ഞാൻ തുനിയുന്നത്?' 
*

2008. ഗ്രീഷ്മം. ഞാനൊരു സ്ത്രീയെ കണ്ടുമുട്ടി.  സ്തനാർബ്ബുദത്തിന്റെ കുടുംബചരിത്രമുള്ള  ഒരു ജെയ്ൻ സ്റ്റെർലിങ്. പ്രായം മുപ്പത്തിയേഴ്. മസാച്ചുസെറ്റ്സിലെ നോർത്ത് ഷോറിൽനിന്നുള്ള നഴ്സ്. ഇവരുടെ കുടുംബചരിത്രം മേരി-ക്ലെയർ കിംഗിന്റെ കേസുകെട്ടുകളിൽ നിന്ന് നേരെ പറിച്ചെടുത്തതുപോലെയാണ്: ചെറുപ്രായത്തിലേ മുലകളിൽ ക്യാൻസർ വന്ന മുതുമുത്തശ്ശി; നാല്പത്തിയഞ്ചാമത്തെ വയസ്സിൽ ക്യാൻസർ മൂലം സമൂലമായി മുലകൾ മുറിച്ചു മാറ്റേണ്ടി വന്ന മുത്തശ്ശി; അറുപതാം വയസ്സിൽ ഇരുമുലകളിലും അർബ്ബുദം പിടിപെട്ട അമ്മ. സ്റ്റെർലിങിന് രണ്ടു പെൺകുട്ടികളുണ്ട്. സുമാറ് പത്തുകൊല്ലങ്ങൾക്കുമുമ്പേ, അവർക്ക് BRCA1 പരിശോധനയെക്കുറിച്ച് അറിവുണ്ടായിരുന്നു. മൂത്തപെൺകുട്ടി പിറന്നപ്പോൾ,  അവരാ പരിശോധന പരിഗണിച്ചതാണ്. പക്ഷേ, അതു വേണ്ടെന്നുവെക്കുകയാണുണ്ടായത്. ഇളയപെൺകുട്ടിയുടെ പിറവിയും, ഒരടുത്ത ചങ്ങാതിയിൽ സ്തനാർബ്ബുദം കണ്ടെത്തിയതും കൂടിയായപ്പോൾ, ജീൻപരിശോധനയാകാമെന്ന് അവർ നിശ്ചയിച്ചു. 

പരിശോധനയിൽ, സ്റ്റെർലിങിന് ഉൾപ്പരിവർത്തിതമായ BRCA1 ഉണ്ടെന്ന് തെളിഞ്ഞു. രണ്ടാഴ്ചകൾ കഴിഞ്ഞ്, കയ്യിൽ ചോദ്യങ്ങൾ കോറിയിട്ട കുറേ കടലാസുകളുമായി, അവർ ക്ലിനിക്കിലേക്ക് വീണ്ടുമെത്തി. രോഗമുണ്ടെന്ന് നിർണ്ണയിക്കപ്പെട്ടതിനാൽ, ഇനി താനെന്തു ചെയ്യണം? BRCA1 ഉള്ള എൺപതുശതമാനം സ്ത്രീകൾക്കും ആയുസ്സിൽ സ്തനാർബ്ബുദം വരാൻ സാദ്ധ്യതയുള്ളതാണ്. പക്ഷേ, അതെപ്പോൾ വരുമെന്നോ, ഏതു തരമായിരിക്കുമെന്നോ ജനിതകപരിശോധന പറയില്ല. ഉൾപ്പരിവർത്തിത BRCA1ന്റെ പ്രതിഭാസരൂപത്തിലേക്കുള്ള പരിണാമം അപൂർണ്ണമായതിനാൽ, പ്രായം മുപ്പതാകുമ്പോൾ, അത് ശസ്ത്രക്രിയാവിധേയമാകാത്ത, ചികിത്സയ്ക്കു വഴങ്ങാത്ത, മാരകമായ സ്തനാർബ്ബുദമായി വികസിച്ചേക്കാം; അല്ലെങ്കിൽ, അമ്പതാമത്തെ വയസ്സിൽ, അവർക്ക് ചികിത്സയോടു പ്രതികരിക്കുന്നതരം ക്യാൻസറുണ്ടായേക്കാം; അതല്ലെങ്കിൽ, എഴുപത്തിയഞ്ചിൽ, പുകഞ്ഞുകൊണ്ട് അടങ്ങിയിരിക്കുന്ന തരത്തിലുള്ള ക്യാൻസറുണ്ടയേക്കാം; ഇനി അതുമല്ലെങ്കിൽ,  ക്യാൻസർ ഉണ്ടാവുകയേയില്ലെന്നും വരാം.

അടുത്ത ചോദ്യം: താനീ രോഗനിർണ്ണയവിവരം എപ്പോഴാണ് മക്കളെ അറിയിക്കേണ്ടത്?  "ഉൾപ്പരിവർത്തിതBRCA1ജീനുകളുള്ള സ്ത്രീകളിൽ ചിലരെങ്കിലും തങ്ങളുടെ അമ്മമാരെ വെറുക്കുന്നവരാണ്," ഈ ക്യാൻസറുള്ള ഒരു എഴുത്തുകാരി എഴുതിയിട്ടുണ്ട് (ഈ മാതൃവിദ്വേഷം മാത്രം മതി, ജനിതകശാസ്ത്രത്തെക്കുറിച്ചുള്ള വിട്ടുമാറാത്ത തെറ്റിദ്ധാരണയിലേക്കും, മനുഷ്യമനസ്സിന്റെ ശക്തി ക്ഷയിപ്പിക്കുന്ന അതിന്റെ പ്രഭാവത്തിലേക്കും വെളിച്ചം വീശാൻ; പരിവർത്തിതമായ BRCA1ജീൻ അമ്മയിൽനിന്നെന്നപോലെ അച്ഛനിൽനിന്നും വരാവുന്നതാണ്). താനിത് പെങ്ങന്മാരോട് പറയണോ? അമ്മാവിമാരെ, മച്ചുനിച്ചിമാരെ അറിയിക്കണോ? സ്റ്റെർലിങ് ചോദിച്ചു. 

ഏതു ചികിത്സ തെരഞ്ഞെടുക്കണമെന്ന ചിന്താക്കുഴപ്പം ചികിത്സാഫലമെന്തായിരുക്കുമെന്ന അനിശ്ചിതത്വത്തെ പെരുപ്പിച്ചു. സ്റ്റെർലിങിന് വേണമെങ്കിൽ മിണ്ടാതിരിക്കാം; കാത്തിരിക്കാം. അല്ലെങ്കിൽ, മുലകൾ മുറിച്ചു മാറ്റാം; വേണമെങ്കിൽ, അണ്ഡാശയവും. അങ്ങനെ, അണ്ഡാശയ, സ്തനാർബ്ബുദങ്ങളുടെ സാദ്ധ്യത കുറയ്ക്കാം. "ജീനിനോടുള്ള പ്രതികാരമായ സ്തനനിർമ്മാർജ്ജനം," ഉൾപ്പരിവർത്തിതBRCA1 ഉള്ള ഒരു സ്ത്രീ അതിനെ അങ്ങനെയാണ് വിശേഷിപ്പിച്ചത്. സ്തനാർബ്ബുദത്തിനു തുടക്കമായോ എന്നറിയാൻ സ്റ്റെർലിങിന് മാമോഗ്രാം പരിശോധനയാകാം, സ്വയപരിശോധനയാകാം, MRI പരിശോധനയാകാം. അല്ലെങ്കിൽ, അവർക്ക് ടാമോക്സീഫെൻ പോലുള്ള ഹോർമോണൗഷധി കഴിക്കാം. ആ മരുന്ന് ക്യാൻസറിനുള്ള, എല്ലാ അപകടസാദ്ധ്യതകളെയല്ലെങ്കിലും, ചില സാദ്ധ്യതകളെ ലഘൂകരിക്കും. 

ഫലങ്ങളിലുള്ള  ഈ വ്യതിയാനങ്ങളുടെ  ഭാഗികമായ കാരണം BRCA1ന്റെ  അടിസ്ഥാന ജീവശാസ്ത്രത്തെ പ്രതിഫലിപ്പിക്കുന്നതാണ്. കേടായ DNAയുടെ അറ്റകുറ്റപ്പണി ചെയ്യുന്ന ഒരു പ്രോട്ടീനിനെ കോഡിലാക്കുന്നതാണ് ഈ ജീൻ. കോശത്തെ സംബന്ധിച്ച്, ഭഗ്‌നമായൊരു DNAഇഴ കാത്തിരിക്കുന്നൊരു ദുരന്തമാണ്. അതു സന്ദേശനഷ്ടത്തെ സൂചിപ്പിക്കുന്നതാണ് - ഒരു പ്രതിസന്ധി. DNAഹാനി സംഭവിക്കുന്നതോടെ, അതിലെ വിടവുനികത്താൻവേണ്ടി, പോറലേറ്റ അരികുകൾ ശരിയാക്കാൻ BRCA1പ്രോട്ടീനിനെ ജോലിക്കെടുക്കുകയായി. സാധാരണ ജീനുള്ള രോഗികളിൽ, ഈ പ്രോട്ടീൻ ഒരു ശൃംഖലാപ്രതിപ്രവർത്തനത്തിന് പ്രാരംഭം കുറിക്കും; ജീനിന്റെ പൊട്ടിപ്പോയ സൂക്ഷ്മമമായ അരികുകൾ പൂർവ്വസ്ഥിതിയിലാക്കാൻ നിരവധി പ്രോട്ടീനുകളെ നിയോഗിക്കുന്നു. ഉൾപ്പരിവർത്തനം വന്ന ജീനുകളുള്ള രോഗികളിൽ BRCA1 ഉചിതമായല്ലാ നിയോഗിക്കപ്പെടുന്നത്. അതിനാൽ വിടവുകൾ നികത്തപ്പെടില്ല. ഉൾപ്പരിണാമം, അങ്ങനെ, തീയെ തീയൂട്ടുന്നതുപോലെ, കൂടുതൽ ഉൾപ്പരിവർത്തനങ്ങൾക്ക് കാരണമാകുന്നു. ഒടുവിൽ, വികാസനിയന്ത്രണങ്ങളും, ഉപാപചയനിയന്ത്രണങ്ങളും തകർച്ചയിലാകുന്നു; സ്തനാർബ്ബുദം സംഭവിക്കുന്നു. സ്തനാർബ്ബുദത്തിന്, BRCA1പരിവർത്തനമുള്ള രോഗികളിൽപ്പോലും, ഒന്നിൽക്കൂടുതൽ നിമിത്തങ്ങൾ ആവശ്യമാണ്. പരിതസ്ഥിതി ഒരു പ്രധാനഘടകമാണെന്നത് വ്യക്തമാണ്; X-റേ പോലുള്ള ഹാനികരമായ ശക്തികൾ ചേരുമ്പോൾ പരിവർത്തനനിരക്ക് ഇനിയും കൂടും. ഉൾപ്പരിവർത്തനങ്ങൾ അവ്യവസ്ഥമായി അടിഞ്ഞുകൂടുന്നതിനാൽ ആകസ്മികതയ്ക്കും അതിന്റേതായ ഭാഗമുണ്ട്. മാത്രമല്ല, മറ്റു ജീനുകൾ  - DNA അഴിച്ചുപണിയുന്ന ജീനുകളും, BRCA1പ്രോട്ടീനിനെ പൊട്ടിയ ഇഴയിലേക്ക് പറഞ്ഞയക്കുന്ന ജീനുകളും -  BRCA1ന്റെ സ്വാധീനങ്ങളെ രൂക്ഷമാക്കാം, ശമിപ്പിക്കാം. 

BRCA1ഉൾപ്പരിവർത്തനം, ഈ വിധം, ഭാവി പ്രവചിക്കുന്നതാണ്. എന്നാലത്, സിസ്റ്റിൿ ഫൈബ്രോസിസ് ജീനോ, ഹണ്ടിങ്‌ടൺ ജീനോ പ്രവചിക്കുന്നതുപോലെയല്ല. BRCA1ഉൾപ്പരിവർത്തനമുള്ള ഒരു സ്ത്രീയുടെ ഭാവി, അതിനെക്കുറിച്ച് അവർക്ക് അറിവുണ്ടാകുന്നതോടെ, അടിസ്ഥാനപരമായ് പരിവർത്തനപ്പെടുന്നു; എന്നാൽ, അത്രതന്നെ അടിസ്ഥാനപരമായ്, അതു അനിശ്ചിതമായ് നിലനിൽക്കുകയും ചെയ്യും. ചില സ്ത്രീകളെ സംബന്ധിച്ച്, ജനിതകരോഗനിർണ്ണയം സർവ്വഗ്രാഹിയാണ് - അവരുടെ ആയുസ്സും ഊർജ്ജവും ക്യാൻസറിനെക്കാത്തും, ഇതുവരെ വരാത്ത രോഗത്തെ അതിജീവിക്കുന്നതാലോചിച്ചും  വ്യയം ചെയ്യപ്പെടും.  ഇത്തരം സ്ത്രീകളെ വിശേഷിപ്പിക്കാൻ, സ്പഷ്ടമായ ഓർവെൽ ധ്വനിയുള്ള, അസ്വാസ്ഥ്യമുളവാക്കുന്ന ഒരു പദം നിർമ്മിതമായിട്ടുണ്ട് - പ്രിവൈവേഴ്സ് (pre-survivors) - രോഗം വരുംമുമ്പേ അതിജീവിക്കുന്നവർ.  
*

ജനിതകരോഗനിർണ്ണയത്തിലെ രണ്ടാമത്തെ ഗാഢഗവേഷണം സ്കിറ്റ്സഫ്രീനിയ  (ഭഗ്നവ്യക്തിത്വരോഗം), ഇരുധ്രുവവികാരരോഗം (ബൈപോളാർ അസുഖം) എന്നിവ സംബന്ധിച്ചതാണ്. ഇവിടെ നമ്മുടെ കഥയുടെ വൃത്തം പൂർത്തിയാകുകയാണ്.   പേടിയുണ്ടാക്കുന്ന തരം ധൈഷണികശൈഥില്യം, ചിത്തബ്ഭ്രമം, ലക്ഷണമായുള്ള ഒരു മനോരോഗത്തെ ദ്യോതിപ്പിക്കാൻ, 1908ൽ,  സ്വിസ്-ജർമ്മൻ സൈക്കയാട്രിസ്റ്റായ യൂജെൻ ബ്ള്യൂലർ അവതരിപ്പിച്ചതാണ്, സ്‌കിറ്റ്‌സഫ്രീനിയ  എന്ന വാക്ക്. മുമ്പിത് ഡിമൻഷ്യപ്രീകോക്സ് (അകാലസ്മൃതിച്യുതി) എന്ന് വിളിക്കപ്പെട്ടിരുന്നു.  ധാരണാശക്തിയുടെ പടിപടിയായുള്ള, എന്നാൽ, മാറാത്ത ഭംഗം അനുഭവിക്കുന്ന ചെറുപ്പക്കാരായിരുന്നൂ, പൊതുവേ, സ്കിറ്റ്‌സഫ്രീനിയക്കാർ. ഇവർക്ക് തങ്ങളുടെ ഉള്ളിൽനിന്ന് പ്രേതങ്ങൾ വിചിത്രവും അനുചിതവുമായ ആജ്ഞകൾ നൽകുന്നതു കേൾക്കാമായിരുന്നു ("ഇവിടെ മൂത്രമൊഴിക്കൂ, ഇവിടെ" എന്ന് മണിയോട് ആവർത്തിച്ചു മന്ത്രിക്കുമായിരുന്ന ആന്തരസ്വരത്തെ ഓർക്കുന്നുണ്ടല്ലോ). ഇവർക്കു മുമ്പിലൂടെ മായക്കാഴ്ചകൾ വന്നും പോയുമിരുന്നു. ക്രമബദ്ധമായി സംവിധാനം ചെയ്യാനും ലക്ഷ്യബോധത്തോടെ പ്രവർത്തിക്കാനുമുള്ള കഴിവ് ഇവർക്കില്ലാതായി. ചിത്തത്തിന്റെ പാതാളത്തിൽനിന്നെന്നപോലെ, പുതുപുത്തൻ വാക്കുകളും ഭയാശങ്കകളും  പൊങ്ങിവന്നു.  ക്രമേണ, ക്രമീകൃതമായ ചിന്താശേഷി നശിച്ച് , സ്കിറ്റ്‌സഫ്രീനിയക്കാർ ഇടിഞ്ഞുപൊളിഞ്ഞ ചിത്താവശിഷ്ടങ്ങളുടെ ഭൂതത്താൻകോട്ടയിൽ തടവുകാരായി. ബ്ള്യൂലറുടെ വാദമനുസരിച്ച്, ഗ്രഹണശക്തിയുള്ള മസ്തിഷ്കത്തിന്റെ വിഭജനം, കൃതമായിപ്പറഞ്ഞാൽ, ചീളൽ, ഈ രോഗത്തിന്റെ മുഖ്യലക്ഷണം.  പ്രസ്തുത പ്രതിഭാസമാണ് സ്കിറ്റ്‌സ(വിഭജിത) - ഫ്രീനിയ(മസ്തിഷ്കം) എന്ന വാക്കിന് പ്രചോദനമായത്.     

മറ്റു പല ജനിതകരോഗങ്ങളെയും പോലെ, സ്കിറ്റ്‌സഫ്രീനിയയും രണ്ടു തരമുണ്ട്: കുടുംബങ്ങളിലുള്ളതും, അങ്ങിങ്ങായ്‌ കാണപ്പെടുന്നതും. സ്കിറ്റ്‌സഫ്രീനിയയുള്ള ചില കുടുംബങ്ങളിൽ ഇതു നിരവധി തലമുറകളിലൂടെ പ്രവഹിക്കും. ചിലപ്പോഴൊക്കെ, സ്കിറ്റ്‌സഫ്രീനിയയുള്ള കുടുംബങ്ങളിൽ ബൈപോളാർ അസുഖമുള്ള കുടുംബാംഗങ്ങളെയും കാണാം (മണി, ജഗ്ഗു, രാജേഷ്). അങ്ങിങ്ങായ്‌ കാണപ്പെടുന്ന, അല്ലെങ്കിൽ ആദ്യമായ് പ്രത്യക്ഷപ്പെടുന്ന സ്കിറ്റ്‌സഫ്രീനിയ, എന്നാൽ, അശനിപാതം പോലെയാണ് വീഴുക: രോഗത്തിന്റെ പൂർവ്വചരിത്രമില്ലാത്ത കുടുംബത്തിലെ ഒരു ചെറുപ്പക്കാരന്റെ ധാരണശക്തി, പൊടുന്നനെ, പലപ്പോഴും ഒരു മുന്നറിയിപ്പുപോലുമില്ലാതെ, തകരുന്നു; ഈ രീതികൾ മനസ്സിലാക്കാൻ ജനിതകശാസ്ത്രജ്ഞന്മാർ ശ്രമിച്ചുവെങ്കിലും, അസുഖത്തിന്റെ ഒരു മാതൃക രചിക്കാൻ അവർക്കായില്ല. ഒരസുഖം എങ്ങനെയാണ് ഒരേ സമയം കുടുംബപരവും, അല്ലാതേയുമിരിക്കുന്നത്?  ബൈപോളാർ അസുഖവും, സ്കിറ്റ്‌സഫ്രീനിയയും - പരസ്പരബന്ധമില്ലെന്ന് തോന്നിപ്പിക്കുന്ന രണ്ടു മാനസികരോഗങ്ങൾ - തമ്മിൽ എന്താണ് ബന്ധം? 

സ്കിറ്റ്‌സഫ്രീനിയയുടെ കാരണത്തെക്കുറിച്ചുള്ള ആദ്യ സൂചനകൾ വന്നത് ഇരട്ടകളുടെ പഠനത്തിൽനിന്നാണ്.  ഇരട്ടകൾക്കിടയിൽ ശ്രദ്ധേയമായ യോജിപ്പുള്ളതായി,  1970കളിൽ,  പഠനങ്ങൾ തെളിയിച്ചു. സർവ്വസമാനഇരട്ടകളിൽ, രണ്ടാമത്തെ ഇരട്ടയ്ക്ക് സ്കിറ്റ്‌സഫ്രീനിയ ഉണ്ടാകാനുള്ള സാദ്ധ്യത 30 മുതൽ 50 ശതമാനം വരെ ആയിരുന്നു. അതേസമയം, മറ്റ് ഇരട്ടകളിൽ അത് 10മുതൽ 20 ശതമാനം വരെ ആയിരുന്നു. സ്കിറ്റ്‌സഫ്രീനിയയുടെ നിർവ്വചനത്തിൽ സാമൂഹിക, സ്വഭാവവൈകല്യങ്ങൾ കൂടി ഉൾപ്പെടുത്തുമ്പോൾ, സർവ്വസമാന ഇരട്ടകളിലെ പൊരുത്തം 80 ശതമാനത്തോളം ഉയർന്നു. 

ജനിതകകരണത്തിലേക്ക് വിരൽചൂണ്ടുന്ന അത്തരം പ്രലോഭനീയമായ സൂചനകളുണ്ടായീയെന്നത് ശരി തന്നെ. പക്ഷേ, 1970കളിൽ, ലൈംഗികനൈരാശ്യത്തിന്റെ ഒരു രൂപമാണ് സ്കിറ്റ്‌സഫ്രീനിയ എന്ന ആശയം സൈക്കയാട്രിസ്റ്റുകളെ ഗ്രസിച്ചു. അടക്കി ഭരിക്കുന്ന അമ്മമാരും ദുർബ്ബലരായ പിതാക്കന്മാരും സൃഷ്ടിക്കുന്നതെന്ന് കരുതപ്പെട്ട, "അബോധമായ സ്വവർഗ്ഗാനുരാഗചോദനകളാണ് ആശങ്കാകുലമായ മതിഭ്രമങ്ങൾക്ക്" കാരണമെന്ന് ഫ്രായിഡ് പറഞ്ഞത് പ്രസിദ്ധമാണ്. "കുട്ടിക്ക് ആത്മദാർഢ്യത്തിനുള്ള യാതൊരവസരവും നൽകാത്ത, അതിനുമേൽ കുതിരകേറുന്ന, സ്വൈര്യം തരാത്ത, ശത്രുതാമനോഭാവമുള്ള  അമ്മയാണ്" രോഗകാരണമെന്ന്, 1974ൽ, സിൽവാനോ അരിയേറ്റിയും പറയുകയുണ്ടായി. യഥാർത്ഥ ഗവേഷണങ്ങൾ അങ്ങനെയൊന്നും സൂചിപ്പിച്ചില്ലെങ്കിലും, അരിയേറ്റിയുടെ ആശയം വിലോഭനീയമായിരുന്നു. ലിംഗവിവേചന-ലൈംഗിക-മനോരോഗ മിശ്രിതത്തേക്കാൾ മത്തുപിടിപ്പിക്കുന്ന മറ്റെന്തുണ്ട്? അതിന്റെ പേരിൽ അദ്ദേഹത്തിന് കിട്ടിയ പുരസ്‌കാരങ്ങൾക്കും ബഹുമതികൾക്കും കണക്കില്ല. ശാസ്ത്രത്തിനുള്ള ഒരു 'നാഷണൽ ബുക്ക് അവാർഡ്' പോലും മൂപ്പർക്ക് കിട്ടി.  

ഉന്മാദഗവേഷണത്തിലേക്ക് യുക്തി കൊണ്ടുവരുവാൻ മാനവജനിതകശാസ്ത്രത്തിന് അതിന്റെ സർവ്വശക്തിയും പ്രയോഗിക്കേണ്ടിവന്നു. 1980കളുടനീളം, ഇരട്ടകളെക്കുറിച്ചുള്ള ഗവേഷണപരമ്പരകൾ സ്കിറ്റ്‌സഫ്രീനിയയുടെ കാരണം ജനിതകമാണെന്ന സംഗതി ബലവത്താക്കി. ഓരോ പഠനത്തിലും സർവ്വസമാന ഇരട്ടകളിലെ പൊരുത്തം, മറ്റു ഇരട്ടകളിലുള്ളതിനേക്കാൾ ഏറെയാണെന്നത് ജനിതകകാരണം നിഷേധിക്കുന്നത് അസാദ്ധ്യമാക്കി. സ്കിറ്റ്‌സഫ്രീനിയയും, ബൈപോളാർ അസുഖവും സ്ഥായിയായുള്ള (എന്റേതുപോലുള്ള) കുടുംബങ്ങൾ, തലമുറകളിലൂടെ രേഖകളിലാക്കപ്പെട്ടു. ഇവയും ജനിതകകാരണങ്ങൾ വെളിവാക്കി. 

പക്ഷേ, കാരണമായ ജീനുകൾ എതാണ്? 1990കൾ മുതൽ, ഒരുകൂട്ടം പുതിയ DNAശ്രേണീകരണ രീതികൾ ---ഭീമമായ സമാന്തര DNAശ്രേണീകരണം, അഥവാ, നെക്സ്റ്റ് ജനറേഷൻ സീക്വൻസിങ് --- ഏതു മാനവജനോമിലെയും കോടിക്കണക്കിനുള്ള ബേസ് ജോഡികളെ ശ്രീനേകരിക്കുന്നതിന് ജനിതകശാസ്ത്രജ്ഞന്മാരെ സഹായിക്കുന്നുണ്ട്. സാധാരണ ശ്രേണീകരണത്തെക്കാൾ എത്രയോ മടങ്ങ് മെച്ചമുള്ളതാണ് ഭീമമായ സമാന്തര ശ്രേണീകരണം: മനുഷ്യജനോമിനെ പതിനായിരക്കണക്കിന് ശകാലങ്ങളായി നുറുക്കുക; ആ DNAശകാലങ്ങളെയെല്ലാം ഒരേ സമയത്ത് - അതായത്, സമാന്തരമായി - ശ്രേണീകരിക്കുക. അതിനുശേഷം, ശ്രേണികളിലെ അതിവ്യാപനങ്ങൾ കണ്ടുപിടിക്കാൻ, കംപ്യൂട്ടറിന്റെ സഹായത്തോടെ, ജനോമിനെ "പുനഃസംയോജിപ്പിക്കുക". ഈ രീതി മുഴുവൻ ജനോമിനുമേലും പ്രയോഗിക്കാം (അപ്പോൾ ഇതിനെ പരിപൂർണ്ണ ജനോം ശ്രേണീകരണം എന്ന് വിളിക്കും); അല്ലെങ്കിൽ, പ്രോട്ടീനുകളെ കോഡിലാക്കുന്ന എക്സോണുകളെപ്പോലുള്ള, തെരഞ്ഞെടുക്കപ്പെട്ട ഭാഗങ്ങൾക്കു മേൽ പ്രയോഗിക്കാം (അപ്പോൾ ഇതിനെ എക്സോം ശ്രേണീകരണം എന്നു വിളിക്കും). 

സമാന്തര ശ്രേണീകരണം ജീനുകളെ വേട്ടയാടുന്ന കാര്യത്തിൽ പ്രത്യേകിച്ച് ഫലപ്രദമാകുന്നത്  പരസ്പരം അടുത്ത ബന്ധമുള്ള രണ്ടു ജനോമുകളെ താരതമ്യം ചെയ്യാനാകുമ്പോഴാണ്. കുടുംബത്തിലൊരാൾക്ക് രോഗമുണ്ടായിരിക്കുകയും, മറ്റുള്ളവർക്ക് ഇല്ലാതിരിക്കുകയുമെങ്കിൽ, ജീനിനെ കണ്ടുപിടിക്കുക എത്രയോ എളുപ്പമാണ്. ജീൻ വേട്ട, അപ്പോൾ, ഭീമമാനമുള്ള, "കൂട്ടത്തിൽ ഒറ്റപ്പെട്ടവനെ" തിരയുന്ന കളിയായ് മാറും. അടുത്ത ബന്ധുക്കളുടെയെല്ലാം ജനോമുകളെ താരതമ്യപ്പെടുത്തി, രോഗിയിലുള്ളതും മറ്റുള്ളവരിലില്ലാത്തതുമായ ഉൾപ്പരിവർത്തനം വന്ന ജീനിനെ കണ്ടുപിടിക്കാവുന്നതാണ്.   

ഈ സമീപനത്തിനുള്ള ശക്തമായൊരു മാതൃകാ രോഗം കുടുംബപരമല്ലാത്ത സ്കിറ്റ്‌സഫ്രീനിയയാണ്. 2013ലെ ഭീമമായ ഒരു ഗവേഷണം സ്കിറ്റ്‌സഫ്രീനിയ ബാധിച്ച 623 ചെറുപ്പക്കാരെ കണ്ടെത്തി. ഇവരുടെ മാതാപിതാക്കന്മാർക്കോ, സഹോദരങ്ങൾക്കോ രോഗമില്ലായിരിക്കുന്നു. ഈ കുടുംബങ്ങളിൽ ജീൻശ്രേണീകരണം നടത്തപ്പെട്ടു. ഏതു കുടുംബത്തിലും ജനോമിന്റെ ഭൂരിഭാഗവും പൊതുവായിരിക്കുമെന്നതിനാൽ, കുറ്റവാളിയായ ജീൻ മാത്രമാണ് വ്യത്യസ്തമായി കാണപ്പെട്ടത് (1)

ഇത്തരം 617 കേസുകളിൽ കുറ്റവാളിയായ ഉൾപ്പരിവർത്തനത്തെ, മാതാവിലോ പിതാവിലോ കാണാതിരിക്കുകയും,  സന്താനത്തിൽ കാണുകയും ചെയ്തു. ശരാശരിയെടുത്താൽ, ഓരോ സന്താനത്തിലും ഒരുൾപ്പരിവർത്തനം മാത്രമേ ഉണ്ടായിരുന്നുള്ളൂ; ചിലവരിൽ കൂടുതലുണ്ടായിരുന്നുവെങ്കിലും. എൺപതു ശതമാനത്തോളം ഉൾപ്പരിവർത്തനങ്ങൾ പിതൃക്രോമസോമിൽനിന്നുള്ളതാണ്. പിതാവിന്റെ പ്രായവും അപകടസാദ്ധ്യതയ്ക്കുള്ള ഘടകമാണ്. പ്രായമേറിയ ആണുങ്ങളിൽ പ്രതേകിച്ച്, ബീജോൽപ്പത്തി സമയത്താകാം പരിവർത്തനമുണ്ടാകുന്നതെന്നാണ് ഇതു തരുന്ന സൂചന. പ്രതീക്ഷിച്ചതുപോലെ, ഈ ഉൾപ്പരിവർത്തനങ്ങളിൽ പലതും നാഡികൾക്കിടയിലെ സന്ധികളെയോ, നാഡീവ്യവസ്ഥയുടെ വികാസത്തേയോ ബാധിക്കുന്ന ജീനുകളിലായിരുന്നു. ഈ 617 കേസുകളിലും നൂറുകണക്കിനു ജീനുകളിൽ നൂറുകണക്കിന് ഉൾപ്പരിവർത്തനങ്ങൾ നടന്നിരുന്നെങ്കിലും, ഒരേ മറുജീനിനെയാണ് എല്ലാ കുടുംബങ്ങളിലും കണ്ടത്. അത്, രോഗവുമായ് ജീനിനു ബന്ധമുണ്ടെന്നതിനുള്ള സാദ്ധ്യത വല്ലാതെ ശക്തിപ്പെടുത്തി(2). നിർവ്വചനമനുസരിച്ച്, ഈ ഉൾപ്പരിവർത്തനങ്ങൾ ആകസ്മികമാണ്, അഥവാ, ആദ്യത്തേതാണ്. അവ ആവിർഭവിച്ചത് ഗർഭധാരണവേളയിലാണ്. നാഡീവ്യൂഹവികാസത്തെ വ്യക്തമാക്കുന്ന ജീനുകളിലെ പരിവർത്തനത്താലുണ്ടാകുന്ന സിരാവികാസത്തിലെ മാറ്റങ്ങളുടെ പരിണതഫലമാണ് ആകസ്മിക സ്കിറ്റ്സഫ്രീനിയ. ഈ പഠനത്തിലൂടെ കണ്ടെത്തിയ പല ജീനുകളും ആകസ്മിക ഓട്ടിസത്തിലും ബൈപോളാർ അസുഖത്തിലും കൂടി കുറ്റവാളികളാണെന്നു കണ്ടെത്തിയിട്ടുണ്ട്.  
*
പക്ഷേ, കുടുംബപരമായ  സ്കിറ്റ്‌സഫ്രീനിയയുടെ ജീനിന്റെ കാര്യമെന്താണ്?  ഈ ജീനിനെ കണ്ടെത്തുക എളുപ്പമാണെന്ന്, തുടക്കത്തിൽ, തോന്നിയേക്കാം. ആദ്യമേതന്നെ, കുടുംബത്തിലെ തലമുറകളിലൂടെ ഈർച്ചവാളിനെപ്പോലെ കീറിപ്പായുന്ന  സ്കിറ്റ്സഫ്രീനിയ വളരെ സാധാരണമാണ്.  അത്തരം രോഗികളെ തിരിച്ചറിഞ്ഞ് കണ്ടെത്തുക എളുപ്പമാണ്.  പക്ഷേ, സാമാന്യബോധത്തിനെതിരായി, കുടുംബപരമായ സങ്കീർണ്ണരോഗങ്ങളുടെ ജീനുകളെ കണ്ടുപിടിക്കുക ഏറെയേറെ പ്രയാസമുള്ള കാര്യമാണ്. ആകസ്മിക മായ്, അല്ലെങ്കിൽ താനേ ആവിർഭവിക്കുന്ന രോഗങ്ങൾക്കു ഹേതുവായ ജീനിനെ തിരയുന്നതു തന്നെ  വൈക്കോൽക്കൂനയിലെ സൂചി തിരയുന്നതുപോലെയാണ്: രണ്ടു ജനോമുകളെ താരതമ്യപെടുത്തുക; ചെറിയൊരു വ്യത്യാസം കണ്ടുപിടിക്കുക. പക്ഷേ, മതിയായ വിവരവും കമ്പ്യൂട്ടർ കഴിവുമുണ്ടെങ്കിൽ,  ആ വ്യത്യാസം പൊതുവേ തിരിച്ചറിയാൻ കഴിയും. എന്നാൽ, കുടുംബപരമായ അസുഖത്തിനു ഹേതുവായ ഒരുപാടു ജീൻ വകഭേദങ്ങളെ തിരയുകയെന്നത് വൈക്കോൽകൂനയിൽ "വൈക്കോൽക്കൂന"യെ തിരയുന്നതുപോലെയാണ്.  "വൈക്കോൽക്കൂന"യുടെ ഏതു ഭാഗമാണ്  - അതായത്, ജീൻ വകഭേദങ്ങളുടെ ഏത് ചേരുവയാണ് -  ഹാനിസാദ്ധ്യത വർദ്ധിപ്പിക്കുന്നത്? ഏതു ഭാഗങ്ങളാണ് നിരുപദ്രവകാരികളായ കാണികളായ് മാറിനിൽക്കുന്നത്? മാതാപിതാക്കൾക്കും അവരുടെ കുട്ടികൾക്കും ജനോമിലെ ചില ഭാഗങ്ങൾ പൊതുവായുള്ളതാണ്. എന്നാൽ, ഈ പൊതുഭാഗങ്ങളിലെ ഏതു ഖണ്ഡങ്ങൾക്കാണ് പരമ്പരാഗതമായ് വരുന്ന രോഗത്തിന്റെ കാര്യത്തിൽ പ്രസക്തി? ഇതിലാദ്യത്തെ പ്രശ്നം - "അപരനെ" കണ്ടുപിടിക്കൽ - പരിഹരിക്കാൻ കമ്പ്യൂട്ടർ കഴിവു വേണം. രണ്ടാമത്തേത് - സാദൃശത്തിന്റെ ഇഴകൾ വേർപിരിക്കാൻ -  നേരിടാൻ ആശയപരമായ സൂക്ഷ്മത വേണം .

തടസ്സങ്ങൾ ഇങ്ങനെ നിരവധിയുണ്ടായിട്ടും, ജനിതകശാസ്ത്രജ്ഞന്മാർ ഇത്തരം ജീനുകൾക്കുള്ള വേട്ട ആരംഭിച്ചിരിക്കുകയാണ്. നിരവധി ജനിതകസങ്കേതങ്ങളാണ് അവർ ഉപയോഗിക്കുന്നത്:  കുറ്റവാളികളായ ജീനുകൾ ക്രോമസോമിലെവിടെയാണെന്ന് കണ്ടെത്താൻ വേണ്ടിയുള്ള, സംയോജനരീതിയുടെ അപഗ്രഥനം; രോഗവുമായ് പാരസ്പര്യമുള്ള ജീനുകളെ തിരിച്ചറിയാനുള്ള വിപുലമായ സംസർഗ്ഗപഠനം; ജീനുകളെയും മറുജീനുകളേയും തിരിച്ചറിയാനുള്ള സമാന്തര ശ്രേണീകരണം. 

ജനോം വിശ്ലേഷണം വഴി,  ഇന്നു  നമുക്ക് സ്കിറ്റ്‌സഫ്രീനിയയുമായ് സംസർഗ്ഗമുള്ള 108 ജീനുകളുണ്ടെന്നറിയാം - കൃത്യമായിപ്പറഞ്ഞാൽ, 108 ജനിതകമേഖലകൾ. ഇവയിൽ അൽപ്പം കുറ്റവാളികളെ മാത്രമേ ശരിക്കും തിരിച്ചറിഞ്ഞിട്ടുള്ളൂ.(3). ശ്രദ്ധേയമെന്നു പറയട്ടെ, രോഗപ്രേരകമായി ഒരൊറ്റ ജീനും വേർതിരിഞ്ഞു നിൽപ്പില്ല. ഇക്കാര്യത്തിൽ, സ്തനാർബ്ബുദവുമായുള്ള വൈരുദ്ധ്യം പ്രസക്തമാണ്. പരമ്പരാഗതസ്തനാർബ്ബുദത്തിൽ പല ജീനുകൾക്ക് പങ്കുണ്ട്; പക്ഷേ,  BRCA1 പോലുള്ള ജീനുകൾ അതിൻ്റെ സാദ്ധ്യതയ്ക്ക് പ്രേരകമാകാൻ മാത്രം ശക്തിയുള്ളതാണ് (BRCA1ഉള്ള സ്ത്രീകൾക്ക് എപ്പോൾ  ക്യാൻസറുണ്ടാകുമെന്ന് പറയാൻ പറ്റില്ലെങ്കിലും, അവർക്കവരുടെ ആയുസ്സിലതുണ്ടാകാൻ 70-80 ശതമാനം സാദ്ധ്യതയുണ്ട്). സ്‌കിറ്റ്‌സഫ്രീനിയയ്ക്ക് അത്തരം പ്രബലമായ ഏക പ്രേരകമോ, പ്രവാചകജീനോ ഉണ്ടെന്നു തോന്നുന്നില്ല.  "ജനോമിൽ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന കൊച്ചുകൊച്ചു സാധാരണ സ്വാധീനങ്ങളുണ്ട് ," ഒരു ഗവേഷകൻ പറയുന്നു. "നിരവധി വിഭിന്ന ജൈവപ്രക്രിയകൾ ഉൾപ്പെട്ടിരിപ്പുണ്ട്."

കുടുംബപരമായ സ്കിറ്റ്‌സഫ്രീനിയ, ഈ വിധം, ജനിതകപരമായ് തലമുറകളിലേക്ക് പകർന്നുകൊടുക്കപ്പെടാനുള്ള സാദ്ധ്യത (heritability) കൂടുതലാണ്; പക്ഷേ, അത് പരമ്പരാഗതമായി ലഭിക്കാനുള്ള സാദ്ധ്യത (inheritability) മിതമാണ്.  മറ്റു വാക്കുകളിൽ പറഞ്ഞാൽ, ജീനുകൾ - പാരമ്പര്യനിർണ്ണയഘടകങ്ങൾ - അസുഖം ഭാവിയിൽ വികസിച്ചുവരുന്നതിന് നിർണ്ണയകമാംവിധം പ്രധാനമാണ്. ജീനുകളുടെ പ്രത്യേകമായൊരു ചേരുവ ഒരാളിലുണ്ടെങ്കിൽ രോഗസാദ്ധ്യത ഏറെക്കൂടുതലാണ്. അതിനാലാണ്, സർവ്വസമാന ഇരട്ടകളിൽ ശ്രദ്ധേയമായ പൊരുത്തം കാണപ്പെടുന്നത്. നേരെമറിച്ച്, തലമുറകളിലൂടെയുള്ള അസുഖത്തിന്റെ പരമ്പരാഗതമായ ആർജ്ജനം സങ്കീർണ്ണമാണ്. തലമുറതോറും ജീനുകൾ മിശ്രണം ചെയ്യപ്പെടുന്നതും ഒത്തുനോക്കപ്പെടുന്നതുംകൊണ്ട് , ജീൻവകഭേദങ്ങളുടെ കൃത്യമായ സംഘടനാക്രമം അച്ഛനമ്മമാരിൽനിന്ന് ഒരാൾക്ക് പാരമ്പര്യമായ് ലഭിക്കാനുള്ള സാദ്ധ്യത നാടകീയമാംവിധം തുച്ഛമാണ്.  ചില കുടുംബങ്ങളിൽ ജീൻ വകഭേദങ്ങൾ കുറവായിരിക്കാം; പക്ഷേ, അവയുടെ സ്വാധീനം ശക്തമായിരിക്കാം. അതുകൊണ്ടാണ് തമുറകളിലൂടെ അസുഖം ആവർത്തിക്കുന്നത്. മറ്റുചില കുടുംബങ്ങളിൽ ജീനുകളുടെ സ്വാധീനം അശക്തമായിരിക്കും. അവയെ സഹായിക്കാൻ പരിവർത്തകരും നിമിത്തങ്ങളും വേണ്ടിവരും. അതുകൊണ്ടാണ് അസുഖം ഇടവിട്ടിടവിട്ട് പരമ്പരാഗതമാകുന്നത്. ഇനിയും ചില കുടുംബങ്ങളിൽ, പ്രതിഭാസിക്കാനുള്ള കഴിവേറിയ ഒരേയൊരു ജീൻ, ഗർഭധാരണത്തിനുമുമ്പേ,  ബീജകോശത്തിലോ അണ്ഡകോശത്തിലോ യാദൃച്ഛികമായി ഉൾപ്പരിവർത്തനപ്പെട്ടുവെന്നു വരാം.  അതു ഫലമായി, മറ്റുള്ളവർക്കു കാണാവുന്ന,  ആകസ്മിക സ്കിറ്റ്‌സഫ്രീനിയ ഉളവാക്കുന്നു (4 ).
































--------------------------------------------
(1) ആകസ്മിക രോഗത്തിന്റെ ഹേതുവായി  ഒരു പുതിയ ഉൾപ്പരിവർത്തിതജീനിനെ  കുറ്റപ്പെടുത്തുന്നത് എളുപ്പമല്ല. ഏതെങ്കിലുമൊരു ഉൾപ്പരിവർത്തിതജീൻ ഒരു കുട്ടിയിൽ യദൃച്ഛയാ കണ്ടെന്നുവരാം. അതിനു രോഗവുമായി ബന്ധമുണ്ടാകണമെന്നില്ല. ചിലപ്പോൾ, രോഗം പുറത്തുചാടാൻ പരിതസ്ഥിതി നിമിത്തമാകേണ്ടി വരും. ആകസ്മിക രോഗമെന്ന് വിളിക്കപ്പെടുന്നത്, ഒരു പക്ഷേ, കുടുംബപരമായതാകാം; പരിതസ്ഥിതിനിമിത്തമോ, ജനിതകനിമിത്തമോ കൊണ്ട് അതു സാരമായ രീതിയിൽ തള്ളിമാറ്റപ്പെട്ടതാകാം . 

(2) സ്‌കിറ്റ്‌സഫ്രീനിയയുമായി ബന്ധമുള്ള ഒരു സുപ്രധാന ഉൾപ്പരിവർത്തനഗണം , 'പകർപ്പുകളുടെ എണ്ണത്തിലുള്ള വ്യതിയാനം (CNV) എന്നു വിളിക്കപ്പെടുന്നതാണ്. CNV : ജീനുകളുടെ ഉന്മൂലനം, അല്ലെങ്കിൽ ഒരേ ജീനിന്റെ രണ്ടോ മൂന്നോ പകർപ്പെടുക്കൽ . ഓട്ടിസത്തിലും മറ്റു മനോരോഗനാളിലും കൂടി CNVകൾ കാണപ്പെട്ടിട്ടുണ്ട്.

(3) ഇവയിൽ സ്കിറ്റ്സഫ്രീനിയയുമായ് ബന്ധമുള്ള അതിപ്രബലവും അതിരസകരവുമായ ജീൻ, C4, പ്രതിരോധവ്യവസ്ഥയുമായ് ബന്ധമുള്ളതാണ്. C4ന് പരസ്പരം അടുത്ത ബന്ധമുള്ള രണ്ടു വകഭേദങ്ങളുണ്ട്: C4A ; C4B. ജനോമിൽ അവ തൊട്ടുതൊട്ടിരിപ്പാണ്. ഇവ രണ്ടും, മൃതകോശങ്ങളെ, കോശാവശിഷ്ടങ്ങളെ, ബാക്റ്റീരിയയെ, വൈറസ്സിനെ തിരിച്ചറിഞ്ഞ് ഉന്മൂലനം ചെയ്യുന്ന പ്രോട്ടീനുകളെ കോഡിലാക്കുന്നു.  ഈ ജീനുകളും സ്കിറ്റ്‌സഫ്രീനിയയും തമ്മിലുള്ള ശ്രദ്ധേയമായ ബന്ധം പ്രലോഭനീയമായ ഒരു നിഗൂഢതയായി നിലകൊണ്ടു. 

2016 ജനുവരിയിൽ, ഒരു പ്രാഥമികപഠനം ഈ നിഗൂഢത ഒട്ടൊന്നു പരിഹരിച്ചു. മസ്തിഷ്കത്തിൽ, നാഡീകോശങ്ങൾ മറ്റു നാഡീകോശങ്ങളുമായി സംവദിക്കുന്നത് പ്രത്യേകോദ്ദേശ്യത്തോടെയുള്ള സന്ധികൾ/ബന്ധങ്ങൾ - സിനാപ്‌സസ് - ഉപയോഗപ്പെടുത്തിയാണ്. മസ്തിഷ്കവികാസവേളയിലാണ് ഈ സന്ധികൾ രൂപംകൊള്ളുന്നത്. സാധാരണ അവബോധത്തിന്റെ രഹസ്യം ഇവയുടെ പരസ്പരസംയോജനമാണ് - കമ്പ്യൂട്ടർ പ്രവർത്തിക്കുന്നതിന്റെ രഹസ്യം ഒരു സർക്യൂട്ട് ബോർഡിലെ വൈദ്യുതതന്ത്രികളുടെ സംയോജനമാണെന്നപോലെ. 

മസ്തിഷ്കവികാസവേളയിൽ ഈ സന്ധികളെ ചെത്തിമിനുക്കി രൂപപ്പെടുത്തേണ്ടതുണ്ട് - സർക്യൂട്ട് ബോർഡുണ്ടാക്കുമ്പോൾ വൈദ്യുതതന്ത്രികളെ വെട്ടുകയും ഒട്ടിക്കുകയും ചെയ്യുന്നതുപോലെ. അമ്പരപ്പിക്കുന്ന ഒരു കാര്യം, C4പ്രോട്ടീൻ (മൃതകോശങ്ങളെയും, അവശിഷ്ടങ്ങളെയും, രോഗാണുക്കളെയും തിരിച്ചറിഞ്ഞ് ഉന്മൂലനം ചെയ്യേണ്ട തന്മാത്ര) മറ്റൊരു "ഉദ്ദേശ്യ"ത്തിനായി നിയുക്തമാക്കപ്പെടുന്നുവെന്നതാണ്  - സന്ധികളെ ഉന്മൂലനം ചെയ്യാൻ: "സന്ധികളെ വെട്ടിയൊതുക്കൽ" എന്നാണിതിനെ പറയുക. മനുഷ്യരിൽ ഈ സന്ധിയൊതുക്കൽ ബാല്യകാലം മുഴുവനും, പ്രായപൂർത്തിയുടെ മൂന്നാം ദശകത്തിലേക്കും തുടരും. കൃത്യമായും ഈ കാലത്താണ് സ്കിറ്റ്‌സഫ്രീനിയയുടെ പല ലക്ഷണങ്ങളും പ്രകടമാകുന്നത്. 

സ്കിറ്റ്സഫ്രീനിയാരോഗികളിൽ C4ജീനുകളിലെ വ്യതിയാനങ്ങൾ C4A , C4B എന്നിവയുടെ പ്രവർത്തനത്തോതു വർദ്ധിപ്പിക്കും. അതിൻഫലമായി, സന്ധികളുടെ വെട്ടിയൊതുക്കൽ പരിധികവിയും. ഈ തന്മാത്രകളെ നിരോധിക്കുന്ന തന്മാത്രകൾ രോഗസാദ്ധ്യതയുള്ളവരിൽ പൊതുവേ വേണ്ട സന്ധികളുടെ എണ്ണം മസ്തിഷ്കത്തിൽ പുനഃസ്ഥാപിച്ചേക്കാം. 

നാലു ദശകങ്ങളിലെ ശാസ്ത്ര ഗവേഷണമാണ് - 1970കളിലെ, ഇരട്ടകളുടെ പഠനം; 1980കളിലെ, സംയോജനരീതീഅപഗ്രഥനം; 1990കളിലെയും 2000ങ്ങളിലെയും, നാഡീജീവശാസ്ത്രവും കോശജീവശാസ്ത്രവും -- ഈ കണ്ടുപിടുത്തത്തിൽ സംഗമിച്ചിരിക്കുന്നത്. എന്റേതുപോലുള്ള കുടുംബങ്ങൾക്ക്, C4ന് സ്കിറ്റ്സഫ്രീനിയയുമായ് ബന്ധമുണ്ടെന്നുള്ള കണ്ടുപിടുത്തം ആ രോഗം നിർണ്ണയിക്കുന്നതിനും ചികിത്സിക്കുന്നതിനുമുള്ള  അസാമാന്യമായ പ്രതീക്ഷയാണ് തുറന്നു തന്നിരിക്കുന്നത്. അതേസമയം, എപ്പോൾ, എങ്ങനെയാണീ നിർണ്ണയപരിശോധനകളും ചികിത്സകളും വിനിയോഗിക്കപ്പെടുമെന്ന ആശങ്കകളുമുണ്ട്.  

(4) "കുടുംബപരം", "ആകസ്മികം" എന്ന വിവേചനം ജനിതകതലത്തിൽ കൂടിക്കുഴഞ്ഞില്ലാതാകുന്നതാണ്. കുടുംബപരമായ രോഗത്തിലെ ഉൾപ്പരിവർത്തനപ്പെട്ട ജീനുകൾ ആകസ്മിക രോഗത്തിലും ഉൾപ്പരിവർത്തനപ്പെട്ടിരിക്കുന്നതായി കാണാം. രോഗത്തിനുള്ള ശക്തമായ കാരണം ഈ ജീനുകളാകാനാണ് അങ്ങേയറ്റത്തെ  സാദ്ധ്യത. 







 











































































  



















 






























അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...