2023, ഫെബ്രുവരി 26, ഞായറാഴ്‌ച

ജീൻ 30 [3]

ഈയൊരു മാതൃക തലമുറകളിലുടനീളം കണ്ടു. പരിചയസമ്പന്നനായ ഒരു ജനിതകശാസ്ത്രജ്ഞനെ സംബന്ധിച്ചിടത്തോളം, X ക്രോമസോമാണ് ഗേ ജീൻ വഹിക്കുന്നതെന്നാണ് ഇതിനർത്ഥം. ഹാമറിന് അതു തന്റെ മനോനേത്രത്തിൽ സ്പഷ്ടമായ് കാണാമായിരുന്നു --- തലമുറകളിലൂടെ, ഒരു നിഴൽ സാന്നിദ്ധ്യം പോലെ, കടന്നുപോകുന്ന പാരമ്പര്യാർജ്ജിതമായ ഒരു ഘടകം; സിസ്റ്റിക് ഫൈബ്രോസിസ് പോലെയോ, ഹണ്ടിങ്ങ്ടണിന്റെ ഉൾപരിവർത്തനം വന്ന ജീനുകൾ പോലെയോ അതിനത്ര തീവ്രസാന്നിദ്ധ്യമില്ലെങ്കിലും, X ക്രോമസോമിന് പിന്നാലെ അതുണ്ടെന്നത് തീർച്ചയാണ്. ഒരു സാധാരണ കുടുംബവൃക്ഷത്തിലെ കാരണവർ ഗേ ആകാനുള്ള സാദ്ധ്യത തിരിച്ചറിയാൻ വിഷമമില്ല. (കുടുംബചരിത്രങ്ങൾ പൊതുവേ തെളിച്ചമില്ലാത്തവയാണ്. ഇന്നുള്ള ലൈംഗിക രഹസ്യങ്ങളേക്കാൾ ഇരുണ്ടതാണ് പുരാതന ചരിത്രങ്ങൾ --- പക്ഷേ, രണ്ടോ, മൂന്നോ തലമുറകളോളമുള്ള ലൈംഗിക സ്വത്വങ്ങളെക്കുറിച്ച് അറിവുള്ള കുടുംബങ്ങളുടെ വിവരങ്ങളാണ് ഹാമർ ശേഖരിച്ചത്). ആ കാരണവരുടെ സഹോദരന്മാരുടെ മക്കളെല്ലാം 'നേരെ'യുള്ളവരായിരിക്കും --- ആണ്മക്കൾക്ക് X ക്രോമസോം പകർന്നുകൊടുക്കാൻ പുരുഷന്മാർക്കാകില്ലല്ലോ (മനുഷ്യരിലെ ആണുങ്ങൾക്ക് X ക്രോമസോം കിട്ടേണ്ടത്അമ്മയിൽ നിന്നാണ്).   പക്ഷേ, ഇങ്ങേരുടെ പെങ്ങളിലൊരാളുടെ മകൻ ഗേ ആയിരിക്കാം; ആ മകന്റെ സഹോദരിയുടെ മകനും ഗേ ആയിരിക്കാം: കാരണം, ഒരാണിന്റെ X ക്രോമസോമിലെ ഒരു ഭാഗം അയാളുടെ സഹോദരിക്കും, അവളുടെ ആണ്മക്കൾക്കും കൂടി പൊതുവായുള്ളതാണല്ലോ. അങ്ങനെയങ്ങനെ, തലമുറകളിലൂടെ, ചതുരംഗപ്പലകയിലെ കുതിരയെപ്പോലെ മുമ്പോട്ടും വശത്തോട്ടുമായി, അതു നീണ്ടുപോകുന്നതാണ്: മൂത്ത കാരണവർ, അമ്മാവൻ, മരുമകൻ, മരുമകന്റെ സഹോദരന്മാർ . . .  അപ്രതീക്ഷിതമായ് ഹാമർ , ഈ വിധം, പ്രതിഭാസരൂപത്തിൽ നിന്ന് (ലൈംഗികാഭിമുഖ്യത്തിൽ നിന്ന്) ഒരു ജനിതകരൂപത്തിലേക്ക് (ക്രോമസോമിലെ സാദ്ധ്യതയുള്ള ഒരിടത്തിലേക്ക്) നീങ്ങി. ഗേ ജീൻ ഏതെന്ന് അദ്ദേഹം കണ്ടെത്തിയില്ല; പക്ഷേ, ലൈംഗികാഭിവിന്യാസവുമായ് ബന്ധമുള്ള ഒരു ചിന്തു DNAയെ മാനവജനോമിൽ ശരിക്കും അടയാളപ്പെടുത്താമെന്ന് അദ്ദേഹം തെളിയിച്ചു.    

എങ്കിലും, X ക്രോമസോമിൽ എവിടെയാണിത്? ഹാമർ,ഇതിനു ശേഷം, നാൽപ്പതു ഗേ സഹോദരജോഡികളിലേക്ക് തിരിഞ്ഞു. ഇവരിൽ നിന്ന് അദ്ദേഹം രക്തം ശേഖരിച്ചിട്ടുണ്ടായിരുന്നു. X ക്രോമസോമിലെ ഏതെങ്കിലുമൊരു ചെറിയ പരപ്പിലാണ്, വാസ്തവത്തിൽ, ഗേ ജീൻ ഉള്ളതെന്ന് ഒരു നിമിഷം സങ്കൽപ്പിക്കുക. അതെവിടെ ആയിരുന്നാലും, DNAയുടെ ആ പ്രത്യേക ഭാഗം ഈ നാൽപ്പതു സഹോദരന്മാർക്കും പൊതുവായിരിക്കുവാനുള്ള സാദ്ധ്യത, ഒരാൾ ഗേയും മറ്റെയാൾ 'നേരേ'യുമായിരിക്കുന്ന ജോഡിയിലുള്ളതിനേക്കാൾ, വളരെ കൂടുതലായിരിക്കും. മാനവജനോംപദ്ധതി  നിർവ്വചിച്ച 'വഴികാട്ടി'കളും, സൂക്ഷ്മമായ ഗണിതവിശ്ലേഷണവും ഉപയോഗിച്ച്, ഹാമർ, ശ്രേണീകരണം വഴി,  X ക്രോമസോമിലെ ദൂരം ചുരുക്കിക്കൊണ്ടു വന്നു. ക്രോമസോമിലുടനീളം ഹാമർ ഇരുപതോളം 'അടയാളങ്ങളി'ലൂടെ കടന്നു പോയി. ശ്രദ്ധേയമെന്നു പറയട്ടെ, X ക്രോമസോമിലെ ഒരു ചെറിയ ഭാഗം മുപ്പത്തിമൂന്നു സഹോദരന്മാരിൽ പൊതുവായിരുന്നു - Xq28 എന്നു വിളിക്കപ്പെടുന്ന ഭാഗം. പാതി സഹോദരന്മാരിൽ (അതായത്, ഇരുപതു പേരിൽ) മാത്രമേ ആ 'അടയാളം' പൊതുവായുണ്ടാകൂ എന്നായിരുന്നൂ പ്രത്യക്ഷീച്ചിരുന്നത്. പതിമൂന്നു സഹോദരന്മാരിൽക്കൂടി അതേ അടയാളമുണ്ടാകാനുള്ള സാദ്ധ്യത തുലോം തുച്ഛമായിരുന്നു --- ആയിരത്തിലൊന്നിൽ കുറവ്. കാര്യം മറിച്ചായതിനാൽ, Xq28ന് അരികിൽ എവിടെയെങ്കിലുമാകണം ആൺലിംഗസ്വത്വം നിശ്ചയിക്കുന്ന ജീൻ.      

*

നിമിഷനേരം കൊണ്ടാണ് Xq28 പ്രകമ്പനം സൃഷ്ടിച്ചത്. "ഫോൺ അടിച്ചടിച്ച് താഴെ വീണു," ഹാമർ ഓർക്കുന്നു. "ലാബിനു പുറത്ത് ടി. വി. ക്യാമറക്കാർ വരിവരിയായ് വന്നുനിന്നു. തപ്പാലും ഇ-തപ്പാലും നിറഞ്ഞു കവിഞ്ഞു. ഡെയ്‌ലി ടെലഗ്രാഫ്, യാഥാസ്ഥിതിക ലണ്ടൻ പത്രം, എഴുതി: ശാസ്ത്രത്തിന് ഗേ ജീൻ കണ്ടുപിടിക്കാമെങ്കിൽ, "ഗേ ജീനിനെ ഇല്ലാതാക്കാനും ശാസ്ത്രത്തിനു കഴിയണം".  "അനവധി അമ്മമാർക്ക് കുറ്റബോധമുണ്ടാകും," മറ്റൊരു പത്രം പറഞ്ഞു. "ജനിതകസ്വേച്ഛാധിപത്യം!" ഇനിയൊരു തലക്കെട്ട് വലിയവായിലേ നിലവിളിച്ചു. ഭ്രൂണത്തെ പരിശോധിച്ച്, "പ്രതിഭാസരൂപം" നോക്കി, മാതാപിതാക്കൾ സ്വവർഗ്ഗപ്രേമാഭിമുഖ്യമുള്ള കുട്ടികളെ വേണ്ടെന്നു വെക്കുമെന്ന് നീതിശാസ്ത്രജ്ഞന്മാർ ആശങ്കപ്പെട്ടു. "ഒറ്റപ്പെട്ട ഒരു  ആൺവ്യക്തിയുടെ കാര്യത്തിനായ് അപഗ്രഥനം ചെയ്യാൻ പറ്റുന്ന ക്രോമസോമിലെ ഇടം ഹാമർ കണ്ടുപിടിച്ചുവെന്നത് ശരിയാണ്," ഒരാൾ എഴുതി. "പക്ഷേ, ചില പുരുഷന്മാരുടെ ലൈംഗിക അഭിവിന്യാസം  കണക്കാക്കാൻ, നിർണ്ണയവ്യതിയാനസാദ്ധ്യതയുള്ള ഉപായങ്ങൾ മാത്രമേ ഈ ഗവേഷണമടിസ്ഥാനമാക്കിയുള്ള പരീക്ഷണഫലങ്ങൾക്ക് പ്രദാനം ചെയ്യാനാകൂ," മറ്റൊരാൾ എഴുതി. ഇടത്തുനിന്നും വലത്തുനിന്നും, അക്ഷരാർത്ഥത്തിൽ, ഹാമർ ആക്രമിക്കപ്പെട്ടു. സ്വവർഗ്ഗരതിയെ ജനിതകശാസ്ത്രത്തിലേക്ക് ചുരുക്കുക വഴി ഹാമർ അതിന് ജീവശാസ്ത്രപരമായ ന്യായം നൽകിയെന്നാണ് ഗേവിരോധികൾ വാദിച്ചത്. "ഗേ പരിശോധന" എന്ന വന്യസങ്കൽപ്പത്തിന് ഹാമർ ഊർജ്ജം നൽകിയെന്ന് ഗേവക്താക്കൾ ആരോപിച്ചു; പരിശോധനക്കും, അതു വഴി, വിവേചനത്തിനുമുള്ള സംവിധാനങ്ങളെ മുമ്പോട്ടിറക്കിവിടാൻ പ്രേരകമായെന്നും.  


 ഹാമറിന്റെ തന്നെ സമീപനം നിഷ്പക്ഷവും, കർക്കശവും, ശാസ്ത്രീയവുമായിരുന്നു --- പലപ്പോഴും, രൂക്ഷവും. അദ്ദേഹം തന്റെ വിശ്ലേഷണം കൂടുതൽ സൂക്ഷ്മമാക്കി; Xq28ബന്ധത്തെ നിരവധി പരീക്ഷങ്ങൾക്ക് വിധേയമാക്കി. Xq28 കോഡിലാക്കുന്നത് ഗേ ജീനിനെ മാത്രമാണോ, അതോ "പെണ്ണത്ത"ത്തിനുള്ള ജീൻ കൂടിയാണോ എന്നദ്ദേഹം സ്വയം ചോദിച്ചു ('പെണ്ണത്ത ജീൻ' എന്നൊക്കെ ഒരു ശാസ്ത്രപ്രബന്ധത്തിൽ എഴുതാൻ ഒരു ഗേ മനുഷ്യനേ കഴിയൂ). അതില്ലെന്നു തന്നെയാണ് കണ്ടത്. ലിംഗത്വസംബന്ധമായ വ്യവഹാരത്തിലോ, ആണത്തത്തിന്റെ സാധാരണ ലക്ഷണങ്ങളിലോ സാരമായ മാറ്റമൊന്നും Xq28 ഉള്ളവർക്കില്ലായിരുന്നു.  ഇനിയിത്, സ്വീകരണസന്നദ്ധതയുള്ള, ഗുദസംഭോഗത്തിനുള്ള ജീനാണോ ('തലതിരിഞ്ഞ ജീനാണോ ഇത്?' അദ്ദേഹം സ്വയം ചോദിച്ചത് അങ്ങനെയാണ്)? അക്കാര്യത്തിലും , പരസ്പരബന്ധമൊന്നും കണ്ടില്ല. ഈ ജീനിനു അനുസരണക്കേടുമായ് ബന്ധമുണ്ടോ? അല്ലെങ്കിൽ, ദമനകാരിയായ സാമൂഹികാചാരങ്ങളെ എതിർക്കാനുള്ള ജീനാണോ? അതോ, എതിർപെരുമാറ്റത്തിനുള്ള ജീനോ? അനുമാനങ്ങൾ നിരവധി മറിച്ചു നോക്കി. എങ്ങും, എവിടെയും ഒരു ബന്ധവും കണ്ടില്ല. എല്ലാ സാദ്ധ്യതകളും തീർന്നപ്പോൾ, ഒരേ ഒരു നിഗമനം ബാക്കിയായി: Xq28ന് അരികിലുള്ള ഒരു ജീൻ, ആണുങ്ങളുടെ ലൈംഗിക സ്വത്വം ഭാഗികമായ്‌ നിർണ്ണയിക്കുന്നു.  

                                                                          *

 1993ൽ, സയൻസ് മാസികയിൽ, ഹാമറിന്റെ പ്രബന്ധം വന്നതിനു ശേഷം, പല സംഘങ്ങളും ഹാമറിന്റെ ആശയങ്ങൾ സ്ഥിരീകരിക്കാൻ ശ്രമിച്ചു. 1995ൽ, ഹാമറിന്റെ തന്നെ സംഘം, ആദ്യ ഗവേഷണത്തെ സ്ഥിരീകരിക്കുന്ന കൂടുതൽ ബൃഹത്തായൊരു അപഗ്രഥനം പ്രസിദ്ധീകരിച്ചു. 1999ൽ, ക്യാനഡായിലെ ഒരു സംഘം ഹാമറിന്റെ പഠനത്തെ അനുകരിച്ചുകൊണ്ട് ചെറിയൊരു കൂട്ടം ഗേ സഹോദരന്മാരിൽ ഗവേഷണം നടത്തി. പക്ഷേ, അവർക്ക് Xq28ഉമായുള്ള(ഗേ ജീനിന്റെ) ബന്ധം കണ്ടെത്താനായില്ല. 2005ൽ, ഒരു പക്ഷേ, ഇന്നേവരെയുള്ളവയിൽ വെച്ചേറ്റവും വലിയ പഠനത്തിൽ, 456 സഹോദരജോഡികൾ പരീക്ഷിക്കപ്പെട്ടു. Xq28നോടുള്ള ബന്ധം കണ്ടുപിടിക്കാനായില്ലെങ്കിലും, ക്രോമസോം ഏഴ്, എട്ട്, പത്ത് എന്നിവയോടുള്ള ബന്ധം കണ്ടെത്താനായി. 2015ൽ, 409 സഹോദരജോഡികളുടെ വിശദമായ അപഗ്രഥനത്തിലൂടെ, Xq28ഉമായുള്ള ബന്ധം വീണ്ടും --- ദുർബ്ബലമായിട്ടാണെങ്കിലും --- സ്ഥിരീകരിക്കപ്പെട്ടു.  നേരത്തെ കണ്ടെത്തപ്പെട്ടിരുന്ന, ക്രോമസോം എട്ടുമായുള്ള ബന്ധം ആവർത്തിക്കപ്പെടുകയും ചെയ്തു. 

ലൈംഗിക സ്വത്വത്തെ സ്വാധീനിക്കുന്ന യഥാർത്ഥ ജീനിനെ ആരും അന്നേ  വരേയ്ക്കും വേർതിരിച്ചെടുത്തില്ലാ എന്നതാണ് ഈ പഠനങ്ങളെ സംബന്ധിച്ച രസകരമായ കാര്യം. ഒരു ജീനിന്റെ ബന്ധം അപഗ്രഥിക്കുന്നതുകൊണ്ട്, ആ ജീനിനെ തിരിച്ചറിഞ്ഞൂവെന്നല്ല അർത്ഥം. അതു വഴി, എ ജീൻ ഇരിക്കാനുള്ള ക്രോമസോമിലെ ഇടം തിരിച്ചറിഞ്ഞുവെന്നേ അതിനർത്ഥമുള്ളൂ. ഏകദേശം ഒരു ദശാബ്ദത്തോളമുള്ള തീവ്രാന്വേഷണത്തിനു ശേഷം, ജനിതകശാസ്ത്രജ്ഞർ കണ്ടുപിടിച്ചത് 'ഗേ ജീൻ' അല്ല; മറിച്ച്, അതിന്റെ ചില ഇടങ്ങളാണ്. ഈ സ്ഥലങ്ങളിലിരിപ്പുള്ള ചില ജീനുകൾ ലൈംഗിക വ്യവഹാരത്തിന്റെ നിയന്ത്രകർ ആയിരിക്കാമെന്നത് പ്രലോഭനീയമായിരുന്നു --- എന്നാൽ, അവയിലൊരു ജീനിനും സ്വവർഗ്ഗരതിയുമായോ, എതിർലിംഗരതിയുമായോ ബന്ധമുണ്ടെന്ന് പരീക്ഷണങ്ങളിലൂടെ തെളിഞ്ഞില്ല. ഉദാഹരണമായി, Xq 28 മേഖലയിലെ ഒരു ജീൻ ടെസ്റ്റോസ്റ്റിറോൺ പരിഗ്രാഹകനെ, ലൈംഗിക പെരുമാറ്റത്തിന്റെ നിയന്ത്രകനെന്നറിപ്പെടുന്നതിനെ, സ്വാധീനിക്കുന്ന പ്രോട്ടീനിനെ കോഡിലാക്കുന്നുണ്ട്. പക്ഷേ, ലൈംഗിക സ്വത്വത്തെ സ്വാധീനിക്കുന്ന യഥാർത്ഥ ജീനിനെ ആരും അന്നേ  വരേയ്ക്കും വേർതിരിച്ചെടുത്തില്ലാ എന്നതാണ് ഈ പഠനങ്ങളെ സംബന്ധിച്ച രസകരമായ കാര്യം. ഒരു ജീനിന്റെ ബന്ധം അപഗ്രഥിക്കുന്നതുകൊണ്ട്, ആ ജീനിനെ തിരിച്ചറിഞ്ഞൂവെന്നല്ല അർത്ഥം. അതു വഴി, എ ജീൻ ഇരിക്കാനുള്ള ക്രോമസോമിലെ ഇടം തിരിച്ചറിഞ്ഞുവെന്നേ അതിനർത്ഥമുള്ളൂ. ഏകദേശം ഒരു ദശാബ്ദത്തോളമുള്ള തീവ്രാന്വേഷണത്തിനു ശേഷം, ജനിതകശാസ്ത്രജ്ഞർ കണ്ടുപിടിച്ചത് 'ഗേ ജീൻ' അല്ല; മറിച്ച്, അതിന്റെ ചില ഇടങ്ങളാണ്. ഈ സ്ഥലങ്ങളിലിരിപ്പുള്ള ചില ജീനുകൾ ലൈംഗിക വ്യവഹാരത്തിന്റെ നിയന്ത്രകർ ആയിരിക്കാമെന്നത് പ്രലോഭനീയമായിരുന്നു --- എന്നാൽ, അവയിലൊരു ജീനിനും സ്വവർഗ്ഗരതിയുമായോ, എതിർലിംഗരതിയുമായോ ബന്ധമുണ്ടെന്ന് പരീക്ഷണങ്ങളിലൂടെ തെളിഞ്ഞില്ല. ഉദാഹരണമായി, Xq28 മേഖലയിലെ ഒരു ജീൻ ടെസ്റ്റോസ്റ്റിറോൺ പരിഗ്രാഹകനെ, ലൈംഗിക പെരുമാറ്റത്തിന്റെ നിയന്ത്രകനെന്നറിപ്പെടുന്നതിനെ, സ്വാധീനിക്കുന്ന പ്രോട്ടീനിനെ കോഡിലാക്കുന്നുണ്ട്. പക്ഷേ, Xq28ലെ, ഏറെ നാളായ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന, 'ഗേ ജീൻ' ഈ ജീനാണോ എന്നത് അജ്ഞാതമായിത്തന്നെ നിലകൊണ്ടു.

ഗേ ജീൻ, ഒരു പക്ഷേ, ഒരു ജീനേ ആയിരിക്കില്ല; ചുരുങ്ങിയ പക്ഷം, പരമ്പരാഗതമായ അർത്ഥത്തിലെങ്കിലും. അത്, ഒരു ജീനിനരികിലിരുന്ന് അതിനെ സ്വാധീനിക്കുന്ന DNAയുടെ ഒരു പരപ്പാകാം; അതല്ലെങ്കിൽ, ദൂരെയിരുന്ന് ആ ജീനിനെ നിയന്ത്രിക്കുന്ന DNAയുടെ ഒരു ഖണ്ഡമാകാം. ഒരു പക്ഷേ, അതിരിക്കുന്നത് ഒരു ഇൻട്രോണിലാകാം --- ജീനുകളെ തടഞ്ഞ്, അവയെ ഘടകങ്ങളാക്കുന്ന DNA ശ്രേണിയിൽ. ഈ സ്വാധീനത്തിന്റെ തന്മാത്രാസ്വരൂപം എന്തുമാകട്ടെ, ഒരു കാര്യം ഉറപ്പാണ്: മാനവലൈംഗികസ്വരൂപത്തെ സ്വാധീനിക്കുന്ന ഈ പരമ്പരാഗതഘടകത്തെ ഇന്നല്ലെങ്കിൽ, നാളെ നാം കണ്ടുപിടിച്ചിരിക്കും. Xq28നെ സംബന്ധിച്ച് ഹാമർ ശരിയായിരിക്കാം, തെറ്റായിരിക്കാം. അതൊന്നും സാരമില്ല. ലൈംഗിക സ്വത്വത്തെ സ്വാധീനിക്കുന്ന നിരവധി നിർണ്ണായക ഘടകങ്ങൾ  മാനവജനോമിന്റെ ഭാഗമാണെന്ന് ഇരട്ടകളെക്കുറിച്ചുള്ള പഠനം  സ്പഷ്ടമായ് സൂചിപ്പിക്കുന്നുണ്ട്. ജീനുകളെ സ്ഥലചിത്രണം ചെയ്യാനും, തിരിച്ചറിയാനും, വർഗ്ഗീകരിക്കാനുമുള്ള കൂടുതൽ ശക്തമായ മാർഗ്ഗങ്ങൾ ജനിതകശാസ്ത്രജ്ഞർ കണ്ടുപിടിക്കുന്നതോടെ, നാം, അനിവാര്യമായും, ഈ നിർണ്ണായകങ്ങളെ കണ്ടെത്തുന്നതാണ്. ലിംഗത്വത്തിന്റെ കാര്യത്തിലെന്ന പോലെ, ഈ സ്വാധീനങ്ങളും ശ്രേണീബദ്ധമായിരിക്കാം --- മുകളിൽ മഹാനിയന്ത്രകൻ, കീഴെ സംയോജകരും, പരിവർത്തകരും. എന്നാൽ, ലിംഗത്വത്തിൽനിന്ന് വിരുദ്ധമായി, ലൈംഗിക സ്വത്വത്തെ നിയന്ത്രിക്കുന്നത് ഒരൊറ്റ മഹാനിയന്ത്രകനായിരിക്കാൻ സാദ്ധ്യതയില്ല. ലൈംഗിക സ്വത്വം തീരുമാനിക്കുന്നത് കൊച്ചുകൊച്ചു സ്വാധീനങ്ങൾ ചെലുത്തുന്ന നിരവധി ജീനുകളായിരിക്കണം, പ്രത്യേകിച്ച്, പരിസ്ഥിതിയിൽ നിന്നുള്ള വിവരങ്ങൾ ക്രമീകരിച്ച്, ഏകോപിപ്പിക്കുന്ന ജീനുകൾ. 'നേർ' ലൈംഗികതക്കുള്ള ഒരു SRY ജീൻ ഉണ്ടാകില്ല 

                                                                     *

ഹാമറുടെ ലേഖനത്തിന്റെ പ്രസിദ്ധീകണത്തോടൊപ്പം, രണ്ടു ദശാബ്ദത്തോളം ധൈഷണിക മണ്ഡലത്തിൽനിന്ന് നിഷ്കാസിതമായ ഒരാശയം പൂർവ്വാധികം ശക്തിയോടെ പുനരാവിർഭവിച്ചു --- ജീനുകൾക്ക് വിഭിന്നമായ പെരുമാറ്റങ്ങൾക്കും, ആവേഗങ്ങൾക്കും, വ്യക്തിത്വങ്ങൾക്കും, കാമനകൾക്കും, മനോഭാവങ്ങൾക്കും കാരണമാകാമെന്ന ആശയം. ആംഗ്ലോ-ഓസ്ട്രിയൻ ജീവശാസ്ത്രജ്ഞനായ മക്ഫർലെയ്ൻ ബെർനെറ്റ്, 1971ൽ, ജീനുകൾ: സ്വപ്നങ്ങളും യാഥാർഥ്യങ്ങളും എന്ന തന്റെ പുസ്തകത്തിലെഴുതി: നമ്മുടെ മറ്റു പ്രവർത്തനങ്ങൾക്കെന്നപോലെ, നമ്മുടെ ബുദ്ധിക്കും, മനോപ്രവണതയ്ക്കും , വ്യക്തിത്വത്തിനും അടിസ്ഥാനമേകുന്നത് ജീനുകളാണെന്നത് പകൽപോലെ സ്പഷ്ടമാണ്." എന്നാൽ, എഴുപതുകളുടെ മദ്ധ്യത്തോടെ, ബെർനെറ്റിന്റെ സങ്കല്പനം അത്ര 'സ്വയംസ്പഷ്ടം" അല്ലാതായി. എല്ലാറ്റിലും വച്ച് ജീനുകളാണ് നമ്മുടെ വ്യാവഹാരികസ്വത്വത്തെ  --- പ്രത്യേകംപ്രത്യേകമായുള്ള ഭാവ, രൂപ, സ്വത്വഭേദങ്ങളിലേക്ക്  ---  നയിക്കുന്നതെന്ന പരികല്പന, ഒരു മര്യാദയുമില്ലാതെ, പ്രപഞ്ചത്തിൽനിന്ന്  ചെണ്ടകൊട്ടി ആട്ടിയോടിക്കപ്പെട്ടിരുന്നു. "1930കൾ മുതൽ 1970കൾ വരെ, മനഃശാസ്ത്ര സിദ്ധാന്തങ്ങളെയും ഗവേഷണങ്ങളെയും ഭരിച്ചത് ... പാരിസ്ഥിതിക വീക്ഷണമാണ്,"നാൻസി സെഗാൾ, ഒരു മനഃശാസ്ത്രജ്ഞ, എഴുതി. "ഒരു മനുഷ്യൻ സാധാരണപഠനശേഷിയോടെ ജനിക്കുന്നുവെന്നതൊഴിച്ചാൽ, അയാളുടെ മറ്റെല്ലാ സ്വഭാവവും വ്യക്തിബാഹ്യമായ ശക്തികളുടെ സ്വാധീനമാണെന്നാണ് വിശദീകരിക്കപ്പെട്ടിരുന്നത്." ഒരു ജീവശാസ്ത്രകാരൻ പറഞ്ഞതു പോലെ, "ഒരു  സംസ്കൃതിക്ക് എത്ര പ്രവർത്തന സംവിധാനങ്ങൾ വേണമെങ്കിലും ഡൌൺലോഡ് ചെയ്തിടാൻ പറ്റുന്ന ഒരു RAM (5) ആയിട്ടാണ് ഒരു 'ശിശു' വീക്ഷിക്കപ്പെട്ടത്". കുഞ്ഞുമനസ്സ് കളിമണ്ണാണ്. അതിനെ അനന്തമാം വിധം രൂപപ്പെടുത്താം. പരിതസ്ഥിതികളിൽ പരിവർത്തനം വരുത്തിയും, പെരുമാറ്റങ്ങളെ പുനർക്രമീകരിച്ചും, ഏതു രൂപം വേണമെങ്കിലും അതിനു നൽകാം (അമ്പരപ്പിക്കുന്ന ഈ ഒരു മൂഢവിശ്വാസത്തിന്റെ ബലത്തിലാണ് ജോൺ മണിയുടേതുപോലുള്ള പരീക്ഷണങ്ങൾ, സ്വഭാവാത്മകവും സാംസ്കാരാത്മകവുമായ ചികിത്സയിലൂടെ ലിംഗത്വത്തിൽ ആധികാരികമായ മാറ്റങ്ങൾ വരുത്താനുള്ള ശ്രമങ്ങൾ, നടന്നത്). 1970കളിൽ, മനുഷ്യരുടെ പെരുമാറ്റങ്ങൾ പഠിക്കാൻ എയിൽ യൂണിവേഴ്സിറ്റിയിൽ ഗവേഷണത്തിനു ചേർന്ന മറ്റൊരു മനഃശാസ്ത്രജ്ഞൻ താൻ ചേർന്ന പുതിയ വകുപ്പിന്റെ വരട്ടുവാദ നിലപാടുകണ്ട് സ്തബ്ധനായി: "(മനുഷ്യസ്വഭാവത്തെ സ്വാധീനിക്കുകയും, പ്രേരിപ്പിക്കുകയും ചെയ്യുന്ന) പരമ്പരാഗത ലക്ഷണങ്ങളെക്കുറിച്ച് ന്യൂ ഹാവെനിലേക്ക് ഞങ്ങൾ എന്തൊക്കെ കേട്ടറിവുകൾ കൊണ്ടുവന്നോ, അതൊക്കെയും എയിൽ യൂണിവേഴ്‌സിറ്റിക്ക് ഞങ്ങൾ ഫീസു കൊടുത്ത്  ശുദ്ധീകരിച്ച  അസംബന്ധങ്ങളായിരുന്നു."  പരിസ്ഥിതി എല്ലാം പരിസ്ഥിതികളെക്കുറിച്ചു മാത്രമായിരുന്നു.   

സ്വദേശിയുടെ തിരിച്ചു വരവിന്റെ  --- മനസികാവേഗങ്ങളുടെ മുഖ്യപ്രേരകശക്തിയായി ജീൻ പുനരാവിർഭവിച്ചതിന്റെ --- ആസൂത്രണം അത്ര അനായാസമായിരുന്നില്ല. ഭാഗികമായി, മാനവജനിതകശാസ്ത്രത്തിലെ ചിരപുരാതനമായ ആ പണിക്കുതിരയെ (ഏറെ ആക്ഷേപിക്കപ്പെട്ട, ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഇരട്ടകളുടെ പഠനത്തെ) അടിസ്ഥാനപരമായ്  പുനരാവിഷ്‌കരിക്കേണ്ടത് ആവശ്യമായി വന്നു. നാസികളുടെ കാലംമുതൽക്കേ, ഇരട്ടകളെക്കുറിച്ചുള്ള പഠനങ്ങൾ നിലവിലുണ്ടായിരുന്നു (ഇരട്ടകളോടുള്ള  മെൻഗലിന്റെ കമ്പം ഓർക്കുമല്ലോ).പക്ഷേ, അവയെല്ലാം ആശപരമായ സ്തംഭനത്തിൽ എത്തിച്ചേർന്നിരുന്നു. ഒരേ കുടുംബത്തിൽനിന്നുള്ള സർവ്വസമാന ഇരട്ടകളെ പഠിക്കുന്നതിൽ ഒരു പ്രശ്നമുണ്ടെന്ന് ജനിതകകാരന്മാർക്ക് അറിയാമായിരുന്നു: പ്രകൃതി, പരിപാലനം എന്നീ കെട്ടുപിണഞ്ഞിരിക്കുന്ന ഇഴകളെ അഴിച്ചെടുക്കന്നതിന്റെ അസാദ്ധ്യത. ഒരേ വീട്ടിൽ, ഒരേ മാതാപിതാക്കൾ വളർത്തുന്ന, പലപ്പോഴും ഒരേ ക്ലാസിൽ, ഒരേ അദ്ധ്യാപകരാൽ  ശിക്ഷിതരാകുന്ന, ഒരേ രീതിയിൽ ഉടുപ്പും ആഹാരവും പരിപാലനവും ലഭിക്കുന്ന ഇരട്ടകളിൽ ജീനുകൾ ഉണ്ടാക്കുന്ന പ്രഭാവവും, പരിതസ്ഥിതിയുണ്ടാക്കുന്ന സ്വാധീനവും വേർതിരിക്കാൻ വ്യക്തമായ മാർഗ്ഗമൊന്നുമില്ല.

സർവ്വസമാന ഇരട്ടകളെ അങ്ങനെയല്ലാത്ത ഇരട്ടകളോട് താരതമ്യപ്പെടുത്തുന്നത് ഈ പ്രശ്നത്തെ ഭാഗികമായി പരിഹരിച്ചു. സർവ്വസമാനരല്ലാത്ത ഇരട്ടകൾ വളരുന്നത് ഒരേ ചുറ്റുപാടിലാണെങ്കിലും, അവർക്ക് പകുതി ജീനുകൾ മാത്രമാണല്ലോ, പൊതുവേ, പൊതുവായുള്ളത്. പക്ഷേ, ഈ താരതമ്യത്തിൽ അന്തർനിഹിതമായ ഒരു കുറവുണ്ടെന്ന് വിമർശകർ വാദിച്ചു: സർവ്വസമാന ഇരട്ടകളെ മാതാപിതാക്കന്മാർ പരിചരിക്കുന്നത്, ഒരു പക്ഷേ, ഒരേ രീതിയിലാകും; എന്നാൽ മറ്റുള്ള ഇരട്ടകളെ അങ്ങനെയായിരിക്കില്ലാ അവർ പരിചരിക്കുന്നത്. ഉദാഹരണമായി, സർവ്വസമാന ഇരട്ടകളിൽ, അങ്ങനെയല്ലാത്ത ഇരട്ടകളുമായി ഒത്തുനോക്കുമ്പോൾ, സമാനരീതിയിലുള്ള പോഷണക്രമവും,വളർച്ചാക്രമവുമാണ് കാണപ്പെട്ടത്. ഇത് പ്രകൃതി മൂലമോ, പരിപോഷണം മൂലമോ? ഇതു കൂടാതെ, പരസ്പരം തിരിച്ചറിയപ്പെടുന്നതിനു വേണ്ടി, സർവ്വസമാന ഇരട്ടകൾ ബോധപൂർവ്വം എതിരായ പ്രതികരണങ്ങൾ പ്രദർശിപ്പിക്കാം. എന്റെ അമ്മയും അവരുടെ ഇരട്ടയും ബോധപൂർവ്വം എതിരായ നിറങ്ങളിലുള്ള ലിപ്സ്റ്റിക്കുകളാണ് അണിയാറുണ്ടായിരുന്നത് --- ഈ അസമാനത ജീനുകൾ കോഡിലാക്കിയതാണോ, അതോ, ജീനുകളോടുള്ള പ്രതിപ്രവർത്തനമാണോ?  

                                                                          *

1979. മിനസോട്ടയിലെ ഒരു സ്വഭാവമനഃശാസ്ത്രജ്ഞൻ, തോമസ് ബൂഷാഡ്, ഈ ദുർഘടത്തിൽ നിന്ന് പുറത്തേക്കൊരു വഴി കണ്ടെത്തി. അദ്ദേഹത്തിന്റെ തപ്പാൽപെട്ടിയിൽ, ഒരു ഫെബ്രുവരി വൈകുന്നേരം, ഒരു വിദ്യാർത്ഥി ഒരു പത്രലേഖനം നിക്ഷേപിക്കുകയുണ്ടായി. അസാധാരണമായൊരു കഥ: ഒഹൈയോവിൽനിന്നുള്ള ഒരു ജോഡി സർവ്വസമാന ഇരട്ടകൾ ജനനത്തിലേ പരസ്പരം വേർപിരിഞ്ഞു. വ്യത്യസ്ത കുടുംബങ്ങളാണ് അവരെ ദത്തെടുത്തത്. മുപ്പതാമത്തെ വയസ്സിൽ അസാധാരണമായ ഒരു പുനഃസമാഗമം അവർക്കുണ്ടായി. അപൂർവ്വമാണ് ഇത്തരം സഹോദരന്മാർ എന്നത് വ്യക്തം --- ദത്തെടുക്കപ്പെട്ട സർവ്വസമാന ഇരട്ടകൾ; വളർന്നതോ പരസ്പരം അകന്നും. പക്ഷേ, അത്, മാനവജീനുകളുടെ സ്വാധീനം പഠിക്കാനുള്ള പ്രബലമായൊരു മാർഗ്ഗമാണ്. ഈ ഇരട്ടകളിലെ ജീനുകൾ സർവ്വസമാനമായിരിക്കേണ്ടതാണ്; പക്ഷേ, അവരുടെ പരിതസ്ഥിതികളാകട്ടേ, അങ്ങേയറ്റം വ്യത്യസ്തവും. പിറവിയിലേ വേർപെട്ട ഇരട്ടകളെ, ഒരേ കുടുംബത്തിൽത്തന്നെ വളർന്ന ഇരട്ടകളോട് താരതമ്യപ്പെടുത്തി, ബൂഷാഡിന് ജീനിന്റെയും പരിതസ്ഥിതിയുടെയും സ്വാധീനങ്ങളുടെ ഇഴ പിരിക്കാൻ കഴിയേണ്ടതാണ്. അത്തരം ഇരട്ടകളിലെ സാദൃശ്യങ്ങൾക്ക് പരിപാലനവുമായി യാതൊരു ബന്ധവുമുണ്ടാകില്ല. അവർ പ്രതിഫലിപ്പിക്കുന്നത് പരമ്പരാഗതസ്വാധീനങ്ങളെ, അതായത് പ്രകൃതിയെ മാത്രമേ ആകൂ.    

1979. അത്തരം ഇരട്ടകളെ ബൂഷാഡ് തന്റെ പഠനത്തിനായി തെരഞ്ഞെടുക്കാൻ തുടങ്ങി. എൺപതുകളുടെ അവസാനമായപ്പോൾ, ഒന്നിച്ചു വളർന്നതും, അല്ലാത്തതുമായ ഇരട്ട സഹോദരങ്ങളുടെ ലോകത്തിലേക്കുംവച്ച്  ഏറ്റവും വലിയ സംഘത്തെ അദ്ദേഹം അണിനിരത്തി. MISTRA (അകന്നു വളർന്ന ഇരട്ടകളുടെ മിനസോട്ടാപഠനം)(6) എന്നാണ് അദ്ദേഹം ഇതിനെ വിളിച്ചത്.  

1990. ബൂഷാഡിന്റെ സംഘം സയൻസ് മാസികയിൽ സമ്പൂർണ്ണമായൊരു അപഗ്രഥനപാഠം മുഖ്യലേഖനമായി പ്രസിദ്ധീകരിച്ചു(7). അകന്നു വളർന്ന 56 സർവ്വസമാന ഇരട്ടകളെക്കുറിച്ചും, സമാനരല്ലാത്ത വെവ്വേറെ വളർന്ന 30 ഇരട്ടകളെക്കുറിച്ചുമുള്ള വിവരങ്ങളാണ് സംഘം ശേഖരിച്ചിരുന്നത്. ഇതിനു പുറമേ, ഒന്നിച്ചു വളർന്ന 331 (സർവ്വസമാനമായവയും, അല്ലാത്തവയും) ഇരട്ടകളെക്കുറിച്ചുള്ള പഴയൊരു പഠനത്തിൽനിന്നുള്ള വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. ആദ്യത്തെ ഇരട്ടക്കൂട്ടം വിവിധ സാമൂഹികസാമ്പത്തിക പശ്ചാത്തലത്തിൽനിന്നുള്ളവരായിരുന്നു. ഒരേ ജോഡിയിലെ രണ്ടു പേർക്കുമിടയിൽ പലപ്പോഴും പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു(ഒരാൾ ദരിദ്രകുടുംബത്തിൽ വളർന്നതാണെങ്കിൽ, മറ്റെയാൾ വളർന്നത് ധനിക കുടുംബത്തിലായിരുന്നു). അവർ വളർന്നുവന്ന ദേശവും വംശവും, പൊതുവേ, വ്യത്യസ്തമായിരുന്നു. ചുറ്റുപാടുകൾ എന്തെന്നറിയാൻ ബുഷാഡ് ഈ ഇരട്ടകളോട് അവരുടെ വീട്, വിദ്യാലയം, ഉദ്യോഗസ്ഥലം, പെരുമാറ്റങ്ങൾ, ഇഷ്ടങ്ങൾ, ഭക്ഷണം, സ്വാധീനങ്ങൾ, ജീവിതശൈലികൾ എന്നിവകളെക്കുറിച്ചുള്ള സൂക്ഷ്മമായ രേഖകളുണ്ടാക്കാൻ ആവശ്യപ്പെട്ടിരുന്നു. ഏതു 'സംസ്കാരഗണ"ത്തിൽപ്പെടുമെന്നറിയാൻ ബൂഷാഡിന്റെ സംഘം, കുടുംബത്തിൽ ടെലസ്കോപ്പുണ്ടോ, വലിയ നിഘണ്ഡുവുണ്ടോ, മൗലികമായ ചിത്രങ്ങളുണ്ടോ എന്ന് സമർത്ഥമായ് രേഖപ്പെടുത്തിയിരുന്നു.  

സയൻസ് മാസികയിലെ പ്രബന്ധങ്ങളിൽ, സാധാരണ,  നിരവധി ഗണിതചിത്രങ്ങൾ ഉണ്ടാകും. എന്നാൽ, ഈ ലേഖനം  അക്കാര്യത്തിൽ അസാധാരണമായിരുന്നു. ഒരേയൊരു പട്ടികയായാണ് അതിന്റെമർമ്മം അവതരിക്കപ്പെട്ടത്. മിനസോട്ടാസംഘം പതിനൊന്നു വർഷങ്ങളോളമാണ് ഇരട്ടകളെ വിശദമായ ശാരീരികവും മാനസികവുമായ നിരവധി പരീക്ഷണങ്ങൾക്ക് വിധേയമാക്കിയത്. ഓരോ പരീക്ഷണത്തിലും, ഇരട്ടകൾക്കിടയിലെ സാദൃശ്യങ്ങൾ സ്ഥിരവും ശ്രദ്ധേയവുമായിരുന്നു. ദേഹലക്ഷണങ്ങളുടെ പൊരുത്തം പ്രതീക്ഷിച്ചതാണ്. ഉദാഹരണത്തിന്, തള്ളവിരലിലെ വിരലടയാളരേഖകളുടെ എണ്ണം ഏറെക്കുറെ ഒരേപോലിരുന്നു. അവയുടെ പരസ്പരസാദൃശ്യമൂല്യം 0.96 ആയിരുന്നു (മൂല്യം 1, പൂർണ്ണമായ പൊരുത്തം അല്ലെങ്കിൽ സർവ്വസമാനത സൂചിപ്പിക്കുന്നു). IQ പരീക്ഷിക്കപ്പെട്ടപ്പോൾ ലഭിച്ചത്, മുൻകാല പഠനങ്ങളെ സ്ഥിരീകരിച്ചുകൊണ്ട്, ശക്തമായ, 0.70 പൊരുത്തമായിരുന്നു. സ്വതന്ത്രമായ നിരവധി പരീക്ഷണങ്ങൾക്ക് ഇരട്ടകളെ പൊതുവേ വിധേയമാക്കിയപ്പോൾ, വ്യക്തിത്വത്തിലെ അതിനിഗൂഢമായ പല വശങ്ങളിലും, ഇഷ്ടങ്ങളിലും, പെരുമാറ്റങ്ങളിലും, മനോഭാവങ്ങളിലും, വികാരങ്ങളിലും 0.50നും 0.60നുമിടയിലായുള്ള ഉറച്ച പൊരുത്തമാണ് പ്രകടമായത് --- ഒന്നിച്ചു വളർന്ന സർവ്വസമാന ഇരട്ടകൾക്കിടയിലെ അതേ പൊരുത്തം (മനുഷ്യജാതിയിലെ ഉയരവും ഭാരവും തമ്മിലുള്ള പരസ്പരബന്ധം 0.60നും 0.70നും ഇടയിലാണെന്നും, വിദ്യാഭ്യാസസ്ഥിതിയും വരുമാനവും തമ്മിലുള്ളത് ഏകദേശം 0. 50 ആണെന്നുമുള്ളതോർത്താൽ, ഈ പാരസ്പര്യം എത്ര ഉയർന്നതാണെന്നറിയാം. വ്യക്തമായും ജനിതകപരമായ ടൈപ്പു I പ്രമേഹത്തിന്റെ കാര്യത്തിൽ ഇരട്ടകൾ തമ്മിലുള്ള പൊരുത്തം വെറും 0.35 ആണ്). 

മിനസോട്ടാഗവേഷണം മൂലം ലഭിച്ച ഏറ്റവും രസകരമായ പരസ്പരബന്ധം ഏറ്റവും അപ്രതീക്ഷിതമായതുകൂടിയായിരുന്നു. സാമൂഹികവും രാഷ്ട്രീയവുമായ മനഃസ്ഥിതി, അകന്നു വളർന്ന ഇരട്ടകളുടേതും ഒന്നിച്ചു വളർന്ന ഇരട്ടകളുടേതും, ഒന്നായിരുന്നു: പുരോഗമനവാദികൾ പുരോഗമനവാദികൾക്കൊപ്പം; യാഥാസ്ഥിതികർ യാഥാസ്ഥിതകർക്കൊപ്പം. വിശ്വാസവും മതാത്മകതയുംകൂടി ശ്രദ്ധേയമായ രീതിയിൽ പൊരുത്തം പ്രകടമാക്കി: ഇരട്ടകളിലൊന്ന് വിശ്വാസിയെങ്കിൽ, മറ്റേതും വിശ്വാസി തന്നെ; ഒന്ന് അവിശ്വാസിയെങ്കിൽ, മറ്റേതും അവിശ്വാസിയെന്നു കണ്ടു. യാഥാസ്ഥികതയുടെ, "അധികാരത്തെ വണങ്ങാനുള്ള സന്നദ്ധത"യുടെ കാര്യത്തിലും, സാരമായ രീതിയിൽ പരസ്പരബന്ധമുണ്ടായിരുന്നു. "നിശ്ചയദാർഢ്യം, നേതൃത്വവാഞ്ഛ, ശ്രദ്ധ പിടിച്ചുപറ്റൽ" തുടങ്ങിയ ലക്ഷണങ്ങളുടെ കാര്യവും അതുപോലെതന്നെ.    

മനുഷ്യസ്വഭാവത്തിനും വ്യക്തിത്വത്തിനും മേലുള്ള ജീനുകളുടെ പ്രഭാവത്തെ, ഇരട്ടകളെക്കുറിച്ചുള്ള മറ്റു പഠനങ്ങളും ആഴത്തിലുള്ളതാക്കിക്കൊണ്ടേയിരുന്നു. പുതുമ തേടുക,  വീണ്ടുവിചാരമില്ലായ്‌മ എന്നിവയിലുള്ള പൊരുത്തവും ശ്രദ്ധേയമായ തോതിലാണെന്ന് കണ്ടു. തീവ്രമായ വിധം വ്യക്തിഗതമെന്ന് വിചാരിച്ചേക്കാവുന്ന അനുഭവങ്ങളും ഇരട്ടകൾക്ക് പൊതുവായിരുന്നു. "സഹാനുഭൂതി, പരോപകാരം, നീതിബോധം, സ്നേഹം, വിശ്വാസം, സംഗീതം, സാമ്പത്തികപ്രവണത, എന്തിന്, രാഷ്ട്രീയം പോലും ഭാഗികമായി സ്ഥിരലക്ഷണങ്ങളായിരുന്നു," ഒരു നിരീക്ഷകൻ അമ്പരന്നെഴുതി. "ഒരു സംഗീതവിരുന്നാസ്വദിക്കുകയെന്ന സൗന്ദര്യാനുഭവത്താൽ പുളകിതമാകാനുള്ള  കഴിവിൽപ്പോലും വിസ്‌മയകരമാം വിധം ഉയർന്ന ജനിതകഘടകമുണ്ടെന്ന് കണ്ടു." വ്യത്യസ്തമായ ഭൂഖണ്ഡങ്ങളിൽനിന്നുള്ള, വിഭിന്ന സാമ്പത്തികമേഖലകളിൽനിന്നുള്ള രണ്ടു സഹോദരന്മാർ ഒരു രാത്രി ഒന്നിച്ച് ചോപ്പിന്റെ പിയാനോ സംഗീതം കേട്ടപ്പോൾ കണ്ണീർ വാർത്തത് ഒരുമിച്ചാണ്. തങ്ങളുടെ ജനോം മീട്ടിയ പൊതുവായ, ഏതോ സൂക്ഷ്മതന്ത്രിയോട് അവർ പ്രതികരിക്കുകയാണെന്ന പ്രതീതിയുണ്ടായി.

                                                                                    *       





 

      

            




















   


-------------------------------------------------------------------------------------------------------------------

(5) RAM --- Random Access Memory... അതിവേഗം വിവരങ്ങൾ വീണ്ടെടുക്കാൻ കമ്പ്യൂട്ടറിലുള്ള ഹ്രസ്വകാലസ്മൃതിശേഖരം.  

(6) MISTRA: Minnesotta Study  of Twins Reared Apart 
(7) ഈ ലേഖനത്തിന്റെ മുൻ പതിപ്പുകൾ 1984ലും, 1987ലും പ്രത്യക്ഷപ്പെട്ടതാണ്. 






               















 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...