2023, ഫെബ്രുവരി 3, വെള്ളിയാഴ്‌ച

ജീൻ 28 (5)

                                                                                     *

 ഈ സ്ഥലത്തു നിന്നും, എല്ലാ ചെറുപ്പക്കാരെയും പോലെ, അവർ പോയത് പടിഞ്ഞാറോട്ടാണ്. അവിടെ നിന്ന് പിന്നെ വടക്കോട്ടേക്കും.(1)  റിഫ്ട് വാലിയുടെ മുറിവിലൂടെ അവർ ശ്രമപ്പെട്ട് മുന്നോട്ടു പോയി. അതല്ലെങ്കിൽ, മ്ംബൂട്ടിവർഗ്ഗവും ബാൻ്റൂ  വർഗ്ഗവും ഇന്നു നിവസിക്കുന്ന കോംഗോ നദീതടത്തിലെ മഴക്കാടുകളുടെ മേലാപ്പുകൾക്ക് കീഴെ പതുങ്ങി. 

ഭൂമിശാസ്ത്രപരമായ് ചുരുങ്ങി നിൽക്കുന്നതല്ല ഈ കഥ. അതുപോലെ, ഈ കഥ അത്ര ക്രമബദ്ധവുമല്ല. ആദ്യകാല ആധുനിക മനുഷ്യരിൽ ചിലർ സഹാറായിലേക്ക് തിരിച്ചു പോയതായി അറിവുണ്ട്. അന്ന്, സഹാറാ നീണ്ട നീർച്ചാലുകളും നദികളുമുള്ള സമൃദ്ധമായൊരു പ്രദേശമായിരുന്നു. ഈ മനുഷ്യർ ആ ദേശത്തെ മനുഷ്യസദൃശരായ മറ്റു ജാതികളിലേക്ക് തിരികെ എത്തിച്ചേരുകയും അവരുമായ് സഹവസിക്കുകയും സംഭാഗത്തിലേർപ്പെടുകയും,അങ്ങനെ, പരിണാമപരമായ ഒരു ബാക് ക്രോസിന്(2) കാരണമാവുകയും ചെയ്തു.  ഇതേക്കുറിച്ച്, ശിലാഭൂതനരവംശവിജ്ഞാനീയവിദഗ്ദ്ധനായ ക്രിസ്റ്റഫർ സ്ട്രിങ്ങർ ഇങ്ങനെ പറയുന്നു: "ആധുനിക മനുഷ്യരെ സംബന്ധിച്ച് ഇതിനർത്ഥം ഇതാണ്  . . . ചില മനുഷ്യരിൽ മറ്റുള്ളവരിൽ ഉള്ളതിനേക്കാൾ പുരാതനമായ ജീനുകളുണ്ട്. അങ്ങനെയുണ്ടെന്ന് തന്നെയാണ് തോന്നുന്നത്. ഇക്കാര്യം നമ്മെ മറ്റൊന്ന് കൂടി ചോദിക്കാൻ പ്രേരിപ്പിക്കുന്നു. ആധുനിക മനുഷ്യനെന്നാൽ എന്താണ്? അടുത്ത ഒന്നോ രണ്ടോ വർഷത്തിൽ നടക്കാനിരിക്കുന്ന ആകർഷകമായ ഗവേഷണവിഷയങ്ങളിൽ ഒന്ന്, നിയാണ്ടെർത്തലുകളിൽനിന്ന് നമ്മളിൽ ചിലർക്ക് കിട്ടിയ DNA കണ്ടെത്താനുള്ളതായിരിക്കും.  ശാസ്ത്രജ്ഞർ ആ DNAയെ നോക്കി ചോദിക്കും: അത് പ്രവർത്തനോന്മുഖമാണോ? അതിരിക്കുന്ന മനുഷ്യരുടെ ശരീരത്തിൽ അത് കാര്യമായ് വല്ലതും ചെയ്യുന്നുണ്ടോ? അത് മസ്തിഷ്ക്കത്തെ സ്വാധീനിക്കുന്നുണ്ടോ? ശരീരഘടനയേയോ, ധർമ്മത്തേയോ ബാധിക്കുന്നുണ്ടോ? അങ്ങനെ പലതും."  

എന്തായാലും, ആ മനുഷ്യരുടെ ദീർഘ പ്രയാണം തുടർന്നു പോയി. ഒരു എഴുപത്തിയയ്യായിരം വർഷങ്ങൾക്ക് മുമ്പ്, ഒരു പറ്റം മനുഷ്യർ എത്യോപ്പിയായുടെ അല്ലെങ്കിൽ ഈജിപ്തിൻ്റെ വടക്കുകിഴക്കൻ അതിരിലെത്തി --- യെമെനി ഉപഭൂഖണ്ഡത്തിൻ്റെ താഴ്ന്ന കൈമുട്ടിനും ആഫ്രിക്കയുടെ പൊങ്ങിയ മുതുകിനും ഇടയിലെ കീറുപോലുള്ള ഒരിടുക്കിലേക്ക് ചെങ്കടൽ ചുരുങ്ങുന്നിടത്തേക്ക്. അവിടെ കടലിനെ പിളർക്കാൻ ആരോരുമുണ്ടായിരുന്നില്ല. ആ ജലാശയത്തിനു കുറുകെ ചാടാൻ ആ മനുഷ്യരെ പ്രേരിപ്പിച്ചതെന്താണെന്ന് ആർക്കുമറിയില്ല; അവരെങ്ങനെ അക്കരെയെത്തിയെന്നും( അക്കാലത്ത് കടലിന് ആഴമുണ്ടായിരുന്നില്ല. കടലിടുക്കിനരികിലെ ചൂടുമണൽത്തിട്ടകളിലൂടെ തുള്ളിച്ചാടി ആയിരിക്കുമോ നമ്മുടെ പൂർവ്വികർ ഏഷ്യയിലേക്കും യൂറോപ്പിലേക്കും കടന്നതെന്ന് ചില ഭൂമിശാസ്ത്രജ്ഞന്മാർ സംശയിക്കുന്നുമുണ്ട്). അക്കാലം, ടോബയിലും ഇന്തോനേഷ്യയിലുമായ് ഒരു അഗ്നിപർവ്വതം പൊട്ടിത്തെറിച്ചിരുന്നു. ഒരു ദശാബ്ദത്തോളം നീണ്ട ഒരു മഞ്ഞുകാലത്തിനു കാരണമായ അത്രയും കരിഞ്ചാരം അത് ആകാശത്തേക്ക് തുപ്പിയിരുന്നു.  കടുംശൈത്യം ഊണിനും ഊരിനും വേണ്ടിയുള്ള ഗതികെട്ട അന്വേഷണത്തിലേക്ക് അവരെ തള്ളിവിട്ടിരിക്കണം. 

കൊച്ചുകൊച്ചു ദുരന്തങ്ങളാൽ പ്രേരിതമായ നിരവധി ചിന്നിച്ചിതറലുകൾ മാനവചരിത്രത്തിൽ ഉണ്ടായിരുന്നിരിക്കണമെന്നാണ്  മറ്റു ചില നിഗമനങ്ങൾ സൂചിപ്പിക്കുന്നത്. പ്രബലമായ ഒരു സിദ്ധാന്തമനുസിച്ച്, വെവ്വേറെയുള്ള രണ്ടു കുടിയേറ്റങ്ങളെങ്കിലും സംഭവിച്ചിട്ടുണ്ടാകണം. അവയിലൊന്ന് 130,000 വർഷങ്ങൾക്ക് മുമ്പ് നടന്നതാണ്. ദേശാടകർ മദ്ധ്യപൂർവ്വ ദേശത്തെത്തി; അവിടെനിന്നും തീരദേശത്തുകൂടെ അമൂല്യ വസ്തുവകകൾ തിരഞ്ഞലഞ്ഞ്, ഏഷ്യയിലേക്കുള്ള വഴിയിലൂടെ  ഇന്ത്യയിലേക്കുള്ള തീരദേശം പ്രാപിച്ചു.  പിന്നീടവർ തെക്കോട്ട് ബർമ്മയിലേക്കും മലേഷ്യയിലേക്കും ഇന്തോനേഷ്യയിലേക്കും അകന്നു പോയി. കുറച്ചുകൂടി അടുത്ത കാലത്തായിട്ടാണ് രണ്ടാമത്തെ ദേശാടനം സംഭവിക്കുന്നത് ---ഏകദേശം അറുപതിനായിരം കൊല്ലങ്ങൾക്ക് മുമ്പ്. ഈ മനുഷ്യർ വടക്കുള്ള യൂറോപ്പിലേക്കാണ് കുടിയേറിയത്. അവിടെ അവർ നിയാണ്ടെർത്തലുകളുമായ് സന്ധിച്ചു. ഈ രണ്ടു യാനമാർഗ്ഗങ്ങളുടെയും കേന്ദ്രം യെമനി ഉപഭൂഖണ്ഡമായിരുന്നു. ഇതാണ് മാനവജനോമിൻ്റെ ശരിക്കുമുള്ള 'വാർപ്പുമൂശ'. 

ഒരു കാര്യം ഉറപ്പാണ്: അപകടകരമായ ഓരോ കടൽ കടക്കലിലും അവശേഷിച്ചവർ തുച്ഛമായിരുന്നു --- വെറും അറുനൂറു മനുഷ്യർ മാത്രം. ഭീകരമായ ഈ ഗതാഗതസ്തംഭനത്തിൻ്റെ പിൻഗാമികളാണ് ഏഷ്യാക്കാരും, ആസ്‌ത്രേലിയക്കാരും, അമേരിക്കക്കാരും. മാത്രമല്ല, ചരിത്രത്തിലെ ഈ പിരിയാണി നമ്മുടെ ജനോമുകളിൽ അതിൻ്റെ കയ്യൊപ്പ് പതിച്ചിട്ടുമുണ്ട്. ജനിതകപരമായ് പറഞ്ഞാൽ, കരയ്ക്കും ആകാശത്തിനും വേണ്ടി പിടഞ്ഞുകൊണ്ട് ആഫ്രിക്കയിൽ നിന്ന് പുറപ്പെട്ടു പോന്ന നമ്മളെല്ലാവരും, മുമ്പ് വിഭാവനം ചെയ്യപ്പെട്ടതിനേക്കാൾ, എത്രയോ കൂടുതൽ അടുത്ത ബന്ധമുള്ളവരാണ്. നാമെല്ലാം ഒരേ തൂവൽ പക്ഷികളാണ്, കൂട്ടുകാരേ. 

                                                                                *

നമ്മുടെ വംശത്തെക്കുറിച്ചും, ജീനുകളെക്കുറിച്ചും എന്താണ് ഈ കഥ പറയുന്നത്? അത് ഒരുപാടൊരുപാട് പറയുന്നുണ്ട്. ഒന്നാമതായി, മാനുഷരുടെ വംശപരമായ വർഗ്ഗീകരണം അടിസ്ഥാനപരമായ്ത്തന്നെ പരിമിതപ്പെട്ടതാണെന്ന് അതു നമ്മെ ഓർമ്മിപ്പിക്കുന്നു. നഷ്ടസാദ്ധ്യത അത്യന്തം കുറവായതിനാൽ അക്കാദമിക വിവാദങ്ങൾ നിർദ്ദയമാകാറുണ്ടെന്ന് രാഷ്ട്രതന്ത്രജ്ഞനായ വാലസ് സെയർ പറയുന്നത് പതിവായിരുന്നു. അതേ ന്യായപ്രകാരം, മാനവജനോമിക വൈജാത്യത്തിൻ്റെ വ്യാപ്തി (ചിമ്പാൻസി തുടങ്ങിയ മറ്റു വർഗ്ഗങ്ങളിലേതിനേക്കാൾ) വളരെ കുറവാണെന്ന ബോധത്തോടെ മാത്രമേ, വംശത്തെക്കുറിച്ചുള്ള നമ്മുടെ വർദ്ധിച്ചു വരുന്ന കർണ്ണകഠോരമായ വാദങ്ങൾ തുടങ്ങാവൂ. ഒരു വർഗ്ഗമെന്ന നിലയിൽ ഭൂമിയിലുള്ള നമ്മുടെ നിവാസം അൽപ്പകാലമായതിനാൽ, നാമെല്ലാം അസദൃശരെന്നതിനേക്കാൾ സദൃശരാണ്. വിഷം പുരണ്ട ആപ്പിൾ രുചിക്കാനുള്ള സമയം പോലും നമുക്ക് ലഭിച്ചിട്ടില്ലെന്നത് നമ്മുടെ യൗവ്വനത്തിലെ പുഷ്കലകാലത്തിൻ്റെ അനിവാര്യമായ പരിണതിയാണ്. 

എന്നിരിക്കിലും, പ്രായക്കുറവുള്ള ഒരു വംശത്തിനും ചരിത്രമുണ്ട്. ജനോം പഠനത്തിനുള്ള അസാമാന്യ കഴിവുകളിലൊന്ന്, ഏറെ അടുപ്പമുള്ള ജനോമുകളെപ്പോലും വർഗ്ഗങ്ങളായും ഉപവർഗ്ഗങ്ങളായും ക്രമീകരിക്കാനുള്ള അതിൻ്റെ സാമർത്ഥ്യമാണ് . വിവേചനത്തിനുള്ള ലക്ഷണങ്ങളും ഗണങ്ങളും നാം തിരഞ്ഞു പോവുകയാണെങ്കിൽ, വിവേചിക്കുവാനുള്ള ലക്ഷണങ്ങളും ഗണങ്ങളും നമുക്ക് ലഭിക്കുന്നതാണ്. സൂക്ഷ്മമായ് പരിശോധിച്ചാൽ, മാനവജനോമിലെ വൈജാത്യങ്ങൾ ഭൂപ്രദേശങ്ങളിലും ഭൂഖണ്ഡങ്ങളിലുമായ്, വംശങ്ങളുടെ പുരാതനമായ അതിരുകളിൽ, കൂട്ടം ചേരുന്നതായ് കാണാം. ഓരോ ജനോമിലും അതിൻ്റെ പാരമ്പര്യത്തിൻ്റെ അടയാളമുണ്ട്. ഒരു വ്യക്തിയുടെ ജനോമിൻ്റെ ലക്ഷണങ്ങൾ പഠിക്കുക വഴി, അയാളുടെ ഉറവിടം ഏത് ഭൂഖണ്ഡത്തിൽ, ഏതു രാഷ്ട്രത്തിൽ, ഏതു സംസ്ഥാനത്തിൽ, എന്തിന് ഏതു ഗോത്രത്തിലാണെന്നു വരെ അസാധാരണമായ കൃത്യതയോടെ കണ്ടെത്താൻ കഴിയുന്നതാണ്.  നേരു പറഞ്ഞാൽ, ഇത് കൊച്ചുകൊച്ചു വ്യത്യാസങ്ങളുടെ പർവ്വതീകരണമാണ്. എന്നാൽ, "വംശം" എന്നതു കൊണ്ട് ഇതാണ് നാം ഉദ്ദേശിക്കുന്നതെങ്കിൽ, ഈ ആശയം ജനോമികയുഗത്തെ അതിജീവിച്ചിരിക്കുന്നുവെന്ന് മാത്രമല്ല, ജനോമികയുഗത്താൽ അത് വികാസം പ്രാപിക്കുകയും ചെയ്തിരിക്കുന്നു.   

ജനിതകലക്ഷണങ്ങളിൽ നിന്ന് ഒരാളുടെ വംശം നിഗമനം ചെയ്യുന്നതിലല്ല  വംശവിവേചനം കൊണ്ടുള്ള  അപകടം. കാര്യം നേരെ മറിച്ചാണ്: ഒരാളുടെ വംശത്തിൽ നിന്ന് അയാളുടെ ലക്ഷണങ്ങൾ നിർദ്ധാരണം ചെയ്യപ്പെടുന്നതാണ് പ്രശ്നം. ഒരാളുടെ തൊലിനിറമോ, മുടിയിഴയോ, ഭാഷയോ ലഭ്യമായാൽ, അയാളുടെ പാരമ്പര്യത്തെ അല്ലെങ്കിൽ ഉൽപ്പത്തിയെപ്പറ്റി എന്തെങ്കിലും നിർദ്ധാരണം ചെയ്യാൻ കഴിയുമോ എന്നതല്ല വിഷയം. അതൊക്കെ ജീവശാസ്ത്രപരമായ സിസ്റ്റമാറ്റിക്സിൻ്റെ (പാരമ്പര്യം, വർഗ്ഗീകരണം, വംശീയഭൂമിശാസ്ത്രം, ജീവശാസ്ത്രപരമായ വിവേചനം എന്നിവയുടെ പഠനം) വിഷയമാണ്. അത്തരം നിർദ്ധാരണം സാദ്ധ്യമാണെന്നത് വ്യക്തമാണെന്ന് മാത്രമല്ല, ജനോം പഠനം അതു വളരെ വിപുലമായ്ത്തന്നെ പരിഷ്കരിച്ചിട്ടുമുണ്ട്. ഏതോരാളിൻ്റേയും ജനോം വിശദമായ് നിരീക്ഷിച്ച്, അയാളുടെ പൂർവ്വികരെക്കുറിച്ചും, അയാളുടെ ഉൽപ്പത്തിദേശത്തെക്കുറിച്ചും വളരെ ആഴത്തിലുള്ള ഉൾക്കാഴ്ച്ച നേടാൻ കഴിയുന്നതാണ്. എന്നാൽ, അങ്ങേയറ്റം വിവാദപരമായ വിഷയം ഇതിനു നേർവിപരീതമായ സംഗതിയാണ്: ഒരാളുടെ വംശീയസ്വത്വം (ഉദാഹരണത്തിന്, ഏഷ്യാക്കാരൻ, അല്ലെങ്കിൽ ആഫ്രിക്കക്കാരൻ) ലഭ്യമായാൽ, അയാളുടെ ലക്ഷണങ്ങളെക്കുറിച്ചുള്ള എന്തെങ്കിലും നിഗമനത്തിലെത്താൻ നമുക്കു കഴിയുമോ? അയാളുടെ ചർമ്മവർണ്ണത്തെയോ, കേശവർണ്ണത്തെയോ സംബന്ധിച്ച നിഗമനങ്ങളല്ല; സങ്കീർണ്ണമായ ബുദ്ധിവൈഭവം, ശീലങ്ങൾ, വ്യക്തിത്വം, അഭിരുചി തുടങ്ങിയ ലക്ഷണങ്ങളെക്കുറിച്ചുള്ള നിഗമനങ്ങളിലെത്താൻ സാധിക്കുമോ? ജീനുകൾക്ക് തീർച്ചയായും വംശത്തെക്കുറിച്ചു നമ്മോടു പറയാൻ കഴിയും; എന്നാൽ വംശത്തിന് നമ്മോട് ജീനുകളെക്കുറിച്ച് എന്തെങ്കിലും പറയാനാകുമോ?

ഈയൊരു ചോദ്യത്തിനുള്ള ഉത്തരം പറയാൻ, വ്യത്യസ്ത വംശങ്ങളിൽ ജനിതക വൈജാത്യങ്ങൾ എങ്ങനെ വിതരണം ചെയ്യപ്പെട്ടിരിക്കുന്നുവെന്ന് നാം അളന്നു നോക്കേണ്ടതുണ്ട്. വംശങ്ങളുടെ ഉള്ളിലാണോ, അതോ അവയ്ക്ക് ഇടയിലാണോ കൂടുതൽ വൈജാത്യങ്ങൾ നിലനിൽക്കുന്നത്? ഒരാളുടെ പൂർവ്വികർ യൂറോപ്പുകാരല്ല, ആഫ്രിക്കക്കാരാണ് എന്നു വന്നാൽ, അത്  അയാളുടെ ജനിതക ലക്ഷണങ്ങളെയും, വ്യക്തിത്വ ലക്ഷണങ്ങളെയും, ശാരീരിക ലക്ഷണങ്ങളെയും, ധൈഷണിക ലക്ഷണങ്ങളെയും കുറിച്ചുള്ള നമ്മുടെ അറിവിനെ  കൂടുതൽ സാരവത്തായ രീതിയിൽ മെച്ചപ്പെടുത്തുമോ? അതല്ല, ആഫ്രിക്കക്കാർക്കിടയിൽത്തന്നെയും, യൂറോപ്പുകാർക്കിടയിൽത്തന്നെയും വൈജാത്യങ്ങൾ അതിവിപുലമാണെങ്കിലോ? അപ്പോൾ, യൂറോപ്പുകാരും ആഫ്രിക്കക്കാരും തമ്മിലുള്ള താരതമ്യത്തേക്കാൾ പ്രബലമായിരിക്കും വംശത്തിനകത്തു തന്നെയുള്ള വൈജാത്യം. അങ്ങനെ വരുമ്പോൾ,  'ആഫ്രിക്കക്കാർ', 'യൂറോപ്പുകാർ' എന്ന തരംതിരിവു തന്നെ പ്രയോഗികമായ് അർത്ഥശൂന്യമാകും. 

മേൽ സൂചിപ്പിച്ച ചോദ്യങ്ങൾക്കുള്ള കൃത്യവും പാരിമാണികവുമായ ഉത്തരങ്ങൾ നമുക്ക് ഇന്നുണ്ട്. മാനവജനോമിലെ ജനിതകവൈജാത്യത്തിൻ്റെ അളവു നിർണ്ണയിക്കാൻ നിരവധി പഠനങ്ങൾ പരിശ്രമിച്ചിട്ടുണ്ട്. ഏറ്റവും അടുത്ത കാലത്തുണ്ടായ പഠനങ്ങൾ പ്രകാരം, ജനിതകവൈജാത്യത്തിൻ്റെ ഏറ്റവും വലിയ അനുപാതം (85-95%) ഉള്ളത് വംശങ്ങൾ എന്നു വിളിക്കപ്പെടുന്നവർക്ക് [അതായത്, ഏഷ്യക്കാർക്ക്, അല്ലെങ്കിൽ ആഫ്രിക്കക്കാർക്ക്] ഉള്ളിലാണ്. വംശങ്ങൾക്ക് ഇടയിൽ ഇത് വെറുമൊരു ചെറിയ ശതമാനം മാത്രമാണ്: വെറും 7%. (ഇത്തരമൊരു വൈജാത്യവിതരണം 1972ൽ തന്നെ റിച്ചാർഡ് ലെവോൻടിൻ എന്ന ജനിതകകാരൻ  കണക്കാക്കിയിരുന്നു.) നരവംശങ്ങൾക്കിടയിൽ അഥവാ വർഗ്ഗങ്ങൾക്കിടയിൽ ചില ജീനുകളിൽ വ്യത്യാസമുണ്ടെന്നതിൽ തർക്കമില്ല.  ഉദാഹരണത്തിന്, അരിവാൾ അനീമിയ എന്ന രോഗം ആഫ്രോ-കരീബിയനിലും ഇന്ത്യയിലും മാത്രമുള്ള രോഗമാണ്; ടേ-സാക്‌സ് എന്ന രോഗമാകട്ടെ, കൂടുതലും കണ്ടു വരുന്നത് ആഷ്കെനാസി ജൂതന്മാരിലാണ്. എന്നിരിക്കിലും, പൊതുവേ, ഒരു നരവംശത്തിനുള്ളിലെ ജനിതകവൈജാത്യം നരവംശങ്ങൾക്കിടയിലുള്ള വൈജാത്യത്തേക്കാൾ പ്രബലമാണ്; നേരിയ തോതിലല്ല; വൻതോതിൽത്തന്നെ. ഈ നരവംശാന്തരിക വൈജാത്യം, 'വംശം' എന്നതിനെ, ഏതു  ലക്ഷണത്തിനു പകരമായ് ഉപയോഗിച്ചാലും, സാരശൂന്യമാക്കുന്നതാണ്. ജനിതകാത്മകമായ്, നൈജീരിയയിൽ നിന്നുള്ള ഒരു ആഫ്രിക്കക്കാരൻ നമീബിയയിൽ നിന്നുള്ള ഒരാളിൽ നിന്ന് എത്രയോ വ്യത്യസ്തനാണ്. രണ്ടു പേരെയും ഒരേ നുകത്തിൽ കോർക്കുന്നത് അസംബന്ധമാണ്. 

നരവംശത്തേയും, ജനിതകതന്ത്രത്തേയും സംബന്ധിച്ച്. ജനോം കർക്കശമായും ഒരേകദിശാ മാർഗ്ഗമാണ്. ജനോം ഉപയോഗിച്ച് ഒരാൾ എവിടെ നിന്ന് ഉൽഭവിച്ചുവെന്ന് നമുക്ക് പ്രവചിക്കാം. എന്നാൽ, ഒരാളുടെ ഉൽപ്പത്തിദേശം ഉപയോഗിച്ച് അയാളുടെ ജനോമിനെക്കുറിച്ച് നമുക്കൊന്നും പ്രവചിക്കുവാനാകില്ല. അതായത്, ഒരാളുടെ ജനോം അയാളുടെ പാരമ്പര്യത്തിൻ്റെ കയ്യൊപ്പ് പേറുന്നുണ്ട്; എന്നാൽ, ഒരാളുടെ വംശപാരമ്പര്യം അയാളുടെ ജനോമിനെപ്പറ്റി ഒന്നും തന്നെ പറയുന്നില്ല. ഒരു ആഫ്രിക്കൻ-അമേരിക്കൻ വംശജൻ്റെ DNA ശ്രേണീകരിച്ച് അയാളുടെ പൂർവ്വികർ സിയറാ ലിയോണിൽ, അല്ലെങ്കിൽ നൈജീരിയയിൽ നിന്നാണെന്ന് നമുക്ക് അനുമാനിക്കാം. പക്ഷേ, നൈജീരിയയിലോ, അല്ലെങ്കിൽ സിയറാ  ലിയോണിലോ മുതുമുത്തച്ഛനുള്ള  ഒരാളെ നോക്കി, ആ മനുഷ്യൻ്റെ ലക്ഷണങ്ങളെപ്പറ്റി നമുക്കൊന്നും പറയാൻ പറ്റില്ല. ജനിതകശാസ്ത്രജ്ഞന്മാർക്ക്  തൃപ്തിയോടെ മടങ്ങാൻ കഴിയും; എന്നാൽ, വംശീയവാദികൾക്ക് വെറും കയ്യോടെ മടങ്ങേണ്ടി വരും. 

മാർക്കസ് ഫെൽഡ്മനും റിച്ചാർഡ് ലെവോൻടിനും ഇങ്ങനെ പറയുന്നു: "  










(1) ഇവരുടെ ഉറവിടം തെക്കു പടിഞ്ഞാറൻ  ആഫ്രിക്കയാണെങ്കിലും, ചില നവീന ഗവേഷണങ്ങൾ സൂചിപ്പിക്കുന്നതു പോലെ, ഈ മനുഷ്യർ സഞ്ചരിച്ചത് കൂടുതലും കിഴക്കോട്ടും, വടക്കോട്ടുമാണ്.   

 (2) Backcross : ജനിതകപരമായ്‌ സാദൃശ്യമില്ലാത്ത പൂർവ്വികരുമായുള്ള ഇണചേരൽ                                                            








അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...