2023, ഫെബ്രുവരി 24, വെള്ളിയാഴ്‌ച

ജീൻ 30 [2]

 (ഇതുപോലുള്ള ചില ശ്രദ്ധേയമായ സംഗതികൾ, വർഷങ്ങൾക്കു ശേഷം, ബെയ്‌ലി കേൾക്കും: 1971ൽ, ഇരട്ടകളായ രണ്ടു കനേഡിയൻ സഹോദരന്മാർ ജനിച്ച് ആഴ്ചകൾക്കു ശേഷം പരസ്പരം വേർപിരിഞ്ഞു. അവരിലൊരാളെ ഒരമേരിക്കൻ ധനിക കുടുംബം ദത്തെടുത്തു. മറ്റേയാളെ, ക്യാനഡായിൽ, ഏറെ വ്യത്യസ്തമായ ചുറ്റുപാടുകളിൽ, അയാളുടെ പെറ്റമ്മ തന്നെയാണ് പോറ്റിയത്. കണ്ടാൽ പൂർണ്ണമായും സദൃശരായിരുന്ന ഇവർക്ക് പരസ്പരം അറിയില്ലായിരുന്നു --- കനഡയിലെ ഒരു ഗേ ബാറിൽ വച്ച് യാദൃച്ഛികമായ് അന്യോന്യം കണ്ടു മുട്ടുന്നതു വരെ.)

സ്വവർഗ്ഗലൈംഗികത വെറും ജീൻ മാത്രമല്ലെന്ന് ബെയ്‌ലി കണ്ടു. കുടുംബം, ചങ്ങാത്തം, വിദ്യാലയം, മതം, സാമൂഹ്യവ്യവസ്ഥിതി തുടങ്ങിയവയും ലൈംഗിക വ്യവഹാരത്തെ രൂപപ്പെടുത്തുന്നതിൽ സ്വാധീനങ്ങളാകുന്നുണ്ട് --- 48 ശതമാനത്തോളം തവണ, സർവ്വസമാന ഇരട്ടകളിൽ ഒരാൾ 'ഗേ' ആയിരിക്കുകയും, മറ്റെയാൾ 'നേരെ' ആയിരിക്കുകയും ചെയ്യുന്നത്ര രീതിയിലാണ് ഈ സ്വാധീനം. ലൈംഗികവ്യവഹാരത്തിന്റെ വ്യക്തമായ മാതൃക വെളിക്കു വരാൻ, ഒരു പക്ഷേ, ബാഹ്യവും ആന്തരികവുമായ നിമിത്തങ്ങൾ ആവശ്യമായിരിക്കണം. സ്വവർഗ്ഗരതിയെ ചൂഴ്ന്നു നിൽക്കുന്ന സാർവ്വത്രികവും നിരോധകവുമായ സാംസ്കാരിക വിശ്വാസങ്ങൾ ഒരിരട്ടയെ 'നേർ'സ്വത്വം തെരഞ്ഞെടുക്കാൻ ശക്തമായ് സ്വാധീനിച്ചുവെന്നതും, മറ്റേ ഇരട്ടയെ സ്വാധീനിച്ചില്ലെന്നതും നിസ്സംശയമാണ്. ഇരട്ടകളെക്കുറിച്ചുള്ള പഠനം, പക്ഷേ, ഒരു കാര്യത്തിന് തർക്കരഹിതമായ തെളിവേകി: ടൈപ്പ് I പ്രമേഹപ്രവണതക്ക് ജീൻ കാരണമാകുന്നതിനേക്കാൾ ശക്തമായി സ്വവർഗ്ഗ രതിക്ക് ജീൻ കാരണമാണ് (പ്രമേഹത്തിന്റെ കാര്യത്തിൽ, ഇരട്ടകൾക്കിടയിലെ ഐക്യത്തിന്റെ തോത് 30 ശതമാനം മാത്രമാണ്).  മാത്രമല്ല, ഉയരത്തെ ജീനുകൾ  എത്ര ശക്തമായ് സ്വാധീനിക്കുന്നുവോ (ഇക്കാര്യത്തിൽ ഐക്യം ഏകദേശം 55 ശതമാനമാണ്), അത്ര തന്നെ ശക്തമായാണ് അവ സ്വവർഗ്ഗരത്യാഭിമുഖ്യത്തെ സ്വാധീനിക്കുന്നത്.

സ്വവർഗ്ഗരതി "തെരഞ്ഞെടുപ്പും" "വ്യക്തിതാല്പര്യവു"മാണെന്ന 1960കളിലെ വാഗ്ധോരണിയെ ബെയ്‌ലി ആഴത്തിൽ മാറ്റിമറിച്ചു; അത്തരം സംഭാഷണങ്ങളെ ജീവശാസ്ത്രത്തിലേക്കും, ജനിതകശാസ്ത്രത്തിലേക്കും, പാരമ്പര്യത്തിലേക്കും തിരിച്ചു വിട്ടു. ഉയരത്തിലുള്ള വ്യത്യാസവും, ഡിസ്ലെക്സിയയോ, ടൈപ്പു I പ്രമേഹമുണ്ടാകുന്നതോ  ഉണ്ടാകുന്നതും 'തെരഞ്ഞെടുപ്പുകൾ' അല്ലെന്ന് നാം കരുതുന്നുവെങ്കിൽ, ലൈംഗിക സ്വത്വവും തെരഞ്ഞെടുപ്പാണെന്ന് നമുക്കു കരുതുക വയ്യ.      

ഇനി,ഈ 'ഗേ ജീൻ' ഒരു ജീൻ ആണോ, പല ജീനുകളാണോ? ഏതാണീ ജീൻ? എവിടെയാണീ ജീൻ? 'ഗേ ജീനി'നെ കണ്ടുപിടിക്കാൻ ഹാമറിന് കൂടുതൽ വിശാലമായ പഠനം ആവശ്യമായി. വിശേഷിച്ച്,  നിരവധി തലമുറകളുടെ ലൈംഗിക അഭിവിന്യാസത്തെ പിന്തുടരുന്നത് സാദ്ധ്യമാക്കുന്ന ഒരു കുടുംബത്തിന്റെ പഠനം. അത്തരമൊരു പഠനത്തിന് ഹാമറിന് പുതിയൊരു ധനസഹായം വേണ്ടിയിരുന്നു --- പക്ഷേ, മെറ്റാലോതയോനിൻ നിയന്ത്രണം പഠിക്കുന്ന ഒരു സർക്കാർ ഗവേഷകന്, മാനവലൈംഗികതയെ സ്വാധീനിക്കുന്ന ജീനിനെ കണ്ടുപിടിക്കാൻ ഏതു പാതാളത്തിൽ നിന്നാണ് പണം കണ്ടെത്താൻ കഴിയുക? 

*

1991 ആദ്യം. ഹാമറിന്റെ വേട്ടയ്ക്ക് അനുകൂലമായ രണ്ടു സംഭവങ്ങൾ ഉണ്ടായി. ഒന്ന്, മാനവജനോംപദ്ധതിയുടെ പ്ര്യഖ്യാപനം. അടുത്ത ഒരു ദശാബ്ദം കഴിഞ്ഞേ മാനവജനോംശ്രേണി കൃത്യമായ് അറിയപ്പെടുകയുള്ളൂവെങ്കിലും, അതിലെ സുപ്രധാനമായ 'വഴികാട്ടികൾ' സ്ഥലചിത്രണം ചെയ്യപ്പട്ടത് ജീൻ വേട്ട ഏറെ സുഗമമാക്കി. ഹാമറിന്റെ ആശയം (സ്വവർഗ്ഗരതിയുടെ ജീനുകളുടെ ഇടം കണ്ടെടുത്തുകയെന്നത്) 1980കളിൽ, പ്രവർത്തനസമ്പ്രദായമനുസരിച്ച്, പ്രയോഗത്തിൽ കൊണ്ടു വരിക പ്രയാസമായിരുന്നു. ഒരു ദശാബ്ദത്തിനു ശേഷം, ജനിതക അടയാളങ്ങൾ വഴിവിളക്കുകളെപ്പോലെ ക്രോമസോമുകൾ നീളെ തൂക്കിയിട്ടിരിക്കുന്നതായ് കണ്ടെത്തപ്പെട്ടതിനാൽ, ആശയപരമായെങ്കിലും, അതു സാദ്ധ്യമായി. 

രണ്ടാമത്തേത്, AIDS ആയിരുന്നു. 1980കളുടെ അവസാനം, ഈ രോഗം ഗേ സമൂഹത്തെ ആകെ തകർത്തു കളഞ്ഞിരുന്നു. സാമൂഹ്യപ്രവർത്തകരുടെയും  രോഗികളുടെയും കൂടെക്കൂടെയുള്ള പൗരനിസ്സഹകരണവും ആക്രമണോത്സുകമായ പ്രതിഷേധവും കൊണ്ട്, NIHന്, ഒടുവിൽ, AIDS സംബന്ധമായ ഗവേഷണത്തിന് ദശലക്ഷക്കണക്കിന് ഡോളറുകൾ നീക്കിവെക്കേണ്ടി വന്നു. AIDSഗവേഷണത്തിന്റെ പിറകിലിരുന്ന് ഗേ ജീനിനെ വേട്ടയാടാനാണ് ഹാമർ തന്ത്രപരമായ് നീങ്ങിയത്. AIDS രോഗികളായ ഗേ പുരുഷന്മാരിൽ ശ്രദ്ധേയമാം വിധം കാപോസിസ് സാർകോമ(3) (മുമ്പ് ഈ ക്യാൻസർ അപൂർവ്വവും, നിരുപദ്രവുമായിരുന്നു) ആവർത്തിച്ചുണ്ടാകുന്നതായി ഹാമറിന് അറിയാമായിരുന്നു. ഈ രോഗം മൂർച്ഛിക്കുന്നതിനുള്ള കാരണം സ്വവർഗ്ഗരതിയുമായ് ബന്ധപ്പെട്ടതായിരിക്കണമെന്ന് ഹാമർ അനുമാനിച്ചു. അങ്ങനെയെങ്കിൽ, ആ  കാരണവുമായ് ബന്ധപ്പെട്ട ജീനിനെ കണ്ടുപിടിച്ചാൽ, മറ്റേ ജീനിനെയും കണ്ടുപിടിക്കാമല്ലോ. ഈ ഊഹം ഒരുജ്ജ്വല പരാജയമായിരുന്നു. കാപോസിസ് സാർകോമ പരത്തുന്നത് ഒരു വൈറസ് ആണെന്ന് പിന്നീട് കണ്ടെത്തുകയുണ്ടായി --- സംഭോഗം വഴി പകരുന്ന ഈ രോഗം, മുഖ്യമായും, രോഗപ്രതിരോധശേഷി കുറഞ്ഞവരിലാണ് ഉടലെടുക്കുന്നത്. അതിനാലാണ് അത് AIDSനൊപ്പം സംഭവിക്കുന്നത്. പക്ഷേ, ഹാമറിന്റെ നീക്കം തന്ത്രപരമായ് ഉജ്ജ്വലമായിരുന്നു. 1991ൽ, NIH ഹാമറിന്, തന്റെ പുതിയ പരീക്ഷണപദ്ധതിക്കു (പ്രൊട്ടോക്കോളിനു) വേണ്ടി, $ 75,000 അനുവദിച്ചു കൊടുത്തു --- സ്വവർഗ്ഗരതിസംബന്ധമായ ജീനുകളെ കണ്ടെത്താനുള്ള ഗവേഷണത്തിന്. 

 

പ്രോട്ടോകോൾ # 92 - C - 0078 ആരംഭിക്കുന്നത് 1991ലെ ശരൽക്കാലത്താണ്. 1992 ആയപ്പോഴേക്കും ഹാമർ 114 ഗേ പുരുഷന്മാരെ തന്റെ ഗവേഷണത്തിലേക്ക് ആകർഷിച്ചു. ഇവരിൽ ബന്ധുക്കളായവരെ ഉപയോഗിച്ച് വിശദമായ കുടുംബവൃക്ഷങ്ങൾ സൃഷ്ടിക്കാൻ ഹാമർ പദ്ധതിയിട്ടു --- ലൈംഗികാഭിമുഖ്യം കുടുംബങ്ങളിലുള്ളതാണോ എന്നു തീരുമാനിക്കാൻ; അതിന്റെ പാരമ്പര്യ മാതൃക വിവരിക്കാൻ; ആ ജീനിന്റെ ഇടം രേഖപ്പെടുത്താൻ. സഹോദരജോഡികളിലെ രണ്ടുപേരും ഗേ ആണെങ്കിൽ, ഗേജീനിനെ സ്ഥലചിത്രണം ചെയ്യുക ഏറെ എളുപ്പമാകുമെന്ന് ഹാമറിന് അറിയാമായിരുന്നു. ഇരട്ടകൾക്ക് ഒരേ തരം ജീനുകളാണുള്ളതെങ്കിലും, സഹോദരർക്കു ജനോമിലെ ചില ഭാഗങ്ങൾ  മാത്രമേ പൊതുവായുള്ളൂ. ഗേ സഹോദരന്മാരെ കിട്ടിയാൽ, ഹാമറിന് അവരിലെ ജനോമിൽ പൊതുവായുള്ള ഉപഭാഗം കണ്ടുപിടിക്കാനും, അങ്ങനെ, ഗേ ജീനിനെ വേർതിരിക്കാനും കഴിയും. അതിന്, ഹാമറിന്, കുടുംബവൃക്ഷങ്ങൾ മാത്രം പോരാ; അത്തരം സഹോദരൻമാരിൽനിന്നുള്ള ജീൻ മാതൃകകൾ വേണം. ആ വിധമുള്ള സഹോദരന്മാരെ വാഷിങ്ങ്ടണിലേക്ക് വിമാനം വഴി കൊണ്ടുവരാനും, വാരാന്ത്യ വേതനമായി അവർക്ക് $ 45 നൽകാനും അദ്ദേഹത്തിന്റെ ബജറ്റ് മതിയായി.

1992ലെ ഗ്രീഷ്മത്തിനവസാനം. ഏകദേശം ഒരായിരം കുടുംബാംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഹാമർ ശേഖരിച്ചു; 114 ഗേ പുരുഷന്മാരിൽ ഓരോരുത്തരുടെയും കുടുംബവൃക്ഷം പടുത്തുയർത്തി. ജൂണിൽ, ഈ വിവരങ്ങളുടെ ആദ്യാവലോകനത്തിനായി അദ്ദേഹം തന്റെ കമ്പ്യൂട്ടറിനു മുമ്പിലിരുന്നു. ആദ്യനിമിഷത്തിൽത്തന്നെ അദ്ദേഹത്തിൽ നിന്ന് സംഗതികൾ ശരിയാണെന്നതിന്റെ ഒരു സംതൃപ്‌ത നിശ്വാസമുതിർന്നു. ബെയ്‌ലിയുടെ ഗവേഷണത്തിലെന്നതുപോലെ, ഹാമറിന്റെ ഗവേഷണത്തിലും ഐക്യാനുപാതം താരതമ്യേന ഉയർന്നതായിരുന്നു --- 20 ശതമാനത്തിനടുത്ത്, സാമാന്യജനസംഖ്യയിലെ നിരക്കായ 10 ശതമാനത്തിന്റെ ഇരട്ടി. ഗവേഷണം ശരിക്കുമുള്ള വിവരം തന്നിരിക്കുന്നു . . . പക്ഷേ, ഈ സംതൃപ്തി ഹ്രസ്വായുസ്സായിരുന്നു. അക്കങ്ങൾ അരിച്ചു പെറുക്കിയ ഹാമറിന് മറ്റൊരുൾക്കാഴ്ച്ചയും ലഭിച്ചില്ല. ഗേ സഹോദരർക്കിടയിലെ ഐക്യത്തിനപ്പുറത്ത്, വ്യക്തമായ മറ്റൊരു മാതൃകയോ, പ്രവണതയോ അദ്ദേഹത്തിന് കാണാനായില്ല.

ഹാമർ തകർന്നു പോയി. അദ്ദേഹം അക്കങ്ങളെ ഗണങ്ങളും ഉപഗണങ്ങളുമാക്കിത്തിരിച്ചു. പക്ഷേ, പ്രയോജനമൊന്നുമുണ്ടായില്ല. കടലാസു കഷണങ്ങളിൽ വരച്ചു വച്ചിരുന്ന കുടുംബവൃക്ഷങ്ങൾ വലിച്ചെറിയാൻ അദ്ദേഹം മുതിരുമ്പോഴാണ്, ഒരു പ്രവണത അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടത് --- മനുഷ്യനേത്രങ്ങൾക്കു മാത്രംസാദ്ധ്യമാകുന്നത്ര സൂക്ഷ്മമായൊരു നിരീക്ഷണം. വൃക്ഷങ്ങൾ വരക്കുന്ന നേരം, യാദൃച്ഛികമായി, അദ്ദേഹം ഓരോ കുടുംബത്തിലെയും പിതൃഭാഗത്തുനിന്നുള്ള ബന്ധുക്കളെ ഇടത്തും, മാതൃഭാഗത്തുനിന്നുള്ള ബന്ധുക്കളെ വലത്തുമായാണ് പ്രതിഷ്ഠിച്ചിരുന്നത്. ഗേ പുരുഷന്മാരെ അടയാളപ്പെടുത്തിയിരുന്നത് ചുകപ്പിലായിരുന്നു. കടലാസുകൾ കാശാക്കിയപ്പോൾ, അദ്ദേഹം, സഹജമായ്‌, ഒരു പ്രവണത തിരിച്ചറിഞ്ഞു: ചുകപ്പിൽ അടയാളപ്പെടുത്താത്ത പുരുഷന്മാരെല്ലാം ഇടതുവശത്ത് കൂടിയിരിക്കുന്നു; ചുകപ്പന്മാർ വലത്തും. ഗേ പുരുഷരുടെ അമ്മാവന്മാരെല്ലാം ഗേ തന്നെയെന്നും  കണ്ടു --- പക്ഷേ, മാതൃഭാഗത്തുനിന്നുള്ള അമ്മാവന്മാർ മാത്രം. ഗേ ബന്ധുക്കളെത്തേടി ഹാമർ കുടുംബവൃക്ഷങ്ങൾ കയറിയിറങ്ങുന്നതിനൊപ്പം --- ഒരു ഗേ റൂട്സ് പ്രോജക്റ്റ്(4) എന്നാണ് അദ്ദേഹം പിന്നീടിതിനെ വിളിച്ചത് --- ഈ പ്രവണതയും വർദ്ധിച്ചു വന്നു. മാതൃഭാഗത്തുനിന്നുള്ള ബന്ധുക്കളിലെ ഐക്യനിരക്ക് ഉയർന്നതായിരുന്നു --- പിതൃബന്ധുക്കളുടേത്, എന്നാൽ, അങ്ങനെയായിരുന്നില്ല. അമ്മാവിമാർ വഴിയുള്ള മാതൃബന്ധുക്കളിലെ ഐക്യമാകട്ടേ, മറ്റു ബന്ധുക്കൾക്കിടയിലുള്ളതിനേക്കാൾ കൂടുതലായിക്കണ്ടു.

(3) Kaposi's Sarcoma: എയ്‌ഡ്‌സ്‌ മൂലമുണ്ടാകുന്ന, ചർമ്മത്തിൽ മുഴകൾ വരുന്ന, ക്യാൻസർ.

(4) Roots Project: അനാഥ ബാലികാബാലന്മാരെ മെച്ചപ്പെടുത്താനുള്ള പദ്ധതി.  












അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...