2023, ഫെബ്രുവരി 13, തിങ്കളാഴ്‌ച

ജീൻ 29 [1]

  സ്വത്വത്തിൻ്റെ  പ്രവണത(1) 

"സ്വത്വം" സ്ഥിരമായൊരു വസ്തുവാണെന്ന നിലയിലുള്ള ഗവേഷണങ്ങൾ   പൊളിച്ചെഴുതുന്നതിൽ, ദശാബ്ദങ്ങളോളമായ്,  നരവംശശാസ്ത്രം പങ്കാളിയാണ്. സാമൂഹ്യവ്യവഹാരത്തിലൂടെയാണ് ആളുകൾ തങ്ങളുടെ സ്വത്വം വിളക്കിയെടുക്കുന്നതെന്നും, ആയതിനാൽ അതിന് സ്ഥിരമായൊരു സത്തയില്ലെന്നുമുള്ള ആശയത്തിൻ്റെ അടിസ്ഥാനത്തിലാണ് ലിംഗം, ലൈംഗികത എന്നിവയിലുള്ള ആധുനിക ഗവേഷണത്തിൻ്റെ മുന്നേറ്റം.  സമൂഹസ്വത്വം ആവിർഭവിക്കുന്നത് രാഷ്ട്രീയ സമരങ്ങളിലൂടെയും, ഒത്തുതീർപ്പുകളിലൂടെയുമാണെന്ന ആശയത്തിലധിഷ്ഠിതമാണ് വർഗ്ഗം, വംശം, ദേശീയത എന്നിവയെക്കുറിച്ചുള്ള സമകാലീന പഠനങ്ങൾ. 
                                             - പോൾ ബ്രോഡ്‌വിൻ, "ജനിതകവും,സ്വത്വവും, സ്ഥിരസത്തയുടെ നരവംശശാസ്ത്രവും"

നീ എൻ്റെ സഹോദരനല്ല, എൻ്റെ കണ്ണാടിയാണെന്നാണ് എനിക്ക് തോന്നുന്നത്
 - വില്യം ഷേക്സ്പിയർ, 'പ്രമാദങ്ങളുടെ പ്രഹസനം', അങ്കം 5, രംഗം 1.  

എൻ്റെ അച്ഛൻ്റെ കുടുംബം ബരിസാൽ ഉപേക്ഷിക്കുന്നതിന്  അഞ്ചുകൊല്ലങ്ങൾക്കു മുമ്പ്, 1942 ഒക്ടോബർ 6ന്,  ദില്ലിയിൽ എൻ്റെ അമ്മ രണ്ടു വട്ടം പിറന്നു. ആദ്യം പിറന്നത് അമ്മയുടെ സർവ്വസമാന ഇരട്ടയായ ബുലുവാണ്; ശാന്തയും, മനോഹരിയുമായി. കുറേ നിമിഷങ്ങൾ കഴിഞ്ഞാണ് അമ്മ, തുലു, പിറന്നത്; പിടഞ്ഞും മാരകമായ് കരഞ്ഞും. ഭാഗ്യമെന്ന് പറയാമല്ലോ, അതിസുന്ദരികളാണ് അഭിശപ്തകളെന്ന് തിരിച്ചറിയാനുള്ളത്ര,  ശിശുക്കളെക്കുറിച്ചുള്ള, ജ്ഞാനം പതിച്ചിക്ക് ഉണ്ടായിരുന്നിരിക്കണം. ഉന്മേഷമില്ലായ്‌മയുടെ വക്കോളമെത്തിയ, മിണ്ടാത്ത ഇരട്ട അങ്ങേയറ്റം ഭക്ഷണക്കുറവുള്ളതായിരുന്നു. അതിന്, കമ്പിളിയിൽ പൊതിഞ്ഞ്, ജീവൻ കൊടുക്കേണ്ടി വന്നു. വല്യമ്മയുടെ ആദ്യത്തെ ചില ദിവസങ്ങൾ അത്യന്തം  അനിശ്ചിതമായിരുന്നു.  അവർക്ക് മുല കുടിക്കാൻ കഴിഞ്ഞില്ലെന്നാണ് പറയപ്പെട്ടത്‌. അതൊരു പക്ഷേ, ശരിയായിരിക്കണമെന്നില്ല. നാൽപ്പതുകളിലെ ദില്ലിയിൽ കുപ്പിപ്പാലുമില്ലായിരുന്നു. പാലിൽ മുക്കിയ പരുത്തിത്തിരിയിലൂടെയാണ് അവരെ കുടിപ്പിച്ചത്; പിന്നെ, സ്പൂണു പോലെ, കവിടി ഉപയോഗിച്ചും. അവരെ ശുശ്രൂഷിക്കാൻ ഒരു ആയയെ വെക്കുകയുണ്ടായി. ഏഴാം മാസത്തിൽ മുലപ്പാൽ വറ്റാൻ തുടങ്ങിയപ്പോൾ, അമ്മയെ പാലു കുടിക്കുന്ന ശീലത്തിൽ നിന്ന് മാറ്റി, അവരുടെ സഹോദരിക്ക് അവസാനത്തെ തുള്ളികൾ നൽകി. അങ്ങനെ, തുടക്കം മുതൽ, അമ്മയും അവരുടെ ഇരട്ടയും ജനിതകശാസ്ത്രത്തിലെ ജീവിക്കുന്ന പരീക്ഷണങ്ങളായിരുന്നു. പ്രകൃത്യാ രണ്ടുപേരും തീർത്തും സർവ്വസമാനമായിരുന്നു; പാലനത്തിൽ, പോഷണത്തിൽ, തീർത്തും വ്യത്യസ്‍തവും.   

അമ്മ, രണ്ടു പേരിലും വച്ച് മിനുട്ടുകളുടെ പ്രായക്കുറവുള്ളവൾ, ബഹളക്കാരിയായിരുന്നു. ക്ഷിപ്രകോപി. നിർഭയ. തോന്ന്യവാസി. പഠിക്കാൻ മിടുക്കി. തെറ്റു ചെയ്യുന്നതിൽ കൂസലില്ലാത്തവൾ. ബുലു,  ശാരീരികമായ് ചുരുങ്ങുന്നവളായിരുന്നു. മനസ്സിന് ചുറുചുറുക്കുള്ളവൾ. നാവിന് മൂർച്ചയുള്ളവൾ. തുളച്ചുകയറുന്ന ഫലിതബോധമുള്ളവൾ. തുലു, സാമൂഹ്യജീവിയായിരുന്നു. എളുപ്പം കൂട്ടുകൂടുന്നവൾ. അപമാനമൊന്നും അവളിൽ ഒരു പോറലുമുണ്ടാക്കില്ല. ബുലുവാകട്ടെ, ഏകാന്തത ഇഷ്ടപ്പെടുന്നവളായിരുന്നു. മിണ്ടാട്ടം കൂടുതലില്ലാത്തവൾ. വേഗം മനസ്സുടഞ്ഞു പോകുന്നവൾ. തുലുവിന് നാടകം ഇഷ്ടമായിരുന്നു; നൃത്തവും. ബുലു കവിതയെഴുതി; സ്വപ്നങ്ങൾ കണ്ടു. 

എന്നിരിക്കിലും, ഈ വൈരുദ്ധ്യങ്ങൾ അവരുടെ സാദൃശ്യങ്ങളെ ഉയർത്തിക്കാട്ടുകയാണുണ്ടായത്. തുലുവും ബുലുവും കണ്ണുതള്ളിപ്പിക്കും വിധം ഒരു പോലിരുന്നു: ഒരേ തരത്തിലുള്ള, കാക്കപ്പുള്ളികളുള്ള, ചർമ്മം; ബദാം കുരു പോലുള്ള മുഖം; ബംഗാളികളിൽ അങ്ങനെയൊന്നും കാണാത്ത ഉന്തിയ കവിളെല്ലുകൾ; കണ്ണിൻ്റെ പുറത്തെ അറ്റത്ത്, കീഴോട്ടായി, ഇത്തിരിപ്പോന്ന ചെരിവ് --- തങ്ങൾ വരക്കുന്ന മഡോണകളിൽ നിഗൂഢമായ കാരുണ്യം വഴിയുന്നത് ദ്യോതിപ്പിക്കാൻ ഇറ്റാലിയൻ ചിത്രകാരന്മാർ ഉപയോഗിക്കുമായിരുന്ന തരം സംഗതി. ഇരട്ടകൾക്ക് പൊതുവായുള്ള ആന്തരഭാഷ ഇവർക്കും പൊതുവായുണ്ടായിരുന്നു. അവർക്കു മാത്രം പരസ്പരം മനസ്സിലാകുന്ന തമാശകളും അവർക്കിടയിലുണ്ടായിരുന്നു. 

കാലാന്തരത്തിൽ, അവരുടെ ജീവിതങ്ങൾ അകന്നു മാറി. 1965ൽ, തുലു അച്ഛനെ വിവാഹം കഴിച്ചു (അതിന് മൂന്നു വർഷങ്ങൾക്കു മുന്നേ അദ്ദേഹം ദില്ലിയിലേക്ക് താമസം മാറ്റിയിരുന്നു). വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു; എങ്കിലും, അതൊരു കുഴപ്പം പിടിച്ച സംഗതിയായിരുന്നു. 
പുതിയൊരു നഗരത്തിലേക്ക് ചേക്കേറിയ അച്ഛൻ്റെ കയ്യിൽ നയാപ്പൈസ ഇല്ലായിരുന്നു. അതിനു പുറമേ, ഒപ്പം, മറ്റുള്ളവരുടെമേൽ കുതിര കയറുന്ന ഒരമ്മയും, വീട്ടിൽ അടയിരിക്കുന്ന അരവട്ടനായ സഹോദരനും. അമ്മയുടെ പച്ച പരിഷ്കാരികളായ പടിഞ്ഞാറൻ ബംഗാളീ ബന്ധുക്കൾക്ക്, അച്ഛൻ്റെ  ബന്ധുക്കൾ കിഴക്കൻ ബംഗാളികളുടെ നാടൻ മട്ടിൻ്റെ പ്രതിസ്വരൂപങ്ങളായിരുന്നു. അദ്ദേഹത്തിൻ്റെ ആങ്ങളമാർ ഊണു കഴിക്കാനിരിക്കുമ്പോൾ ചോറു കുന്നുപോലെ കൂട്ടിവച്ച്, അതിൽ കറിയൊഴിക്കാൻ അഗ്നിപർവ്വതമുണ്ടാക്കുന്നതു പോലുള്ള കുഴി കുഴിക്കും. അതു കണ്ടാൽ, ഗ്രാമത്തിൽ തങ്ങളനുഭവിച്ച, ശമിക്കാത്ത, നിരന്തരമായ, വിശപ്പിനെ, താലത്തിൽ കുഴിയുണ്ടാക്കി, അവർ ഓർമ്മിക്കുകയാണെന്ന് തോന്നിപ്പോകും. ബുലുവിൻ്റെ കല്യാണം, താരതമ്യേന, ഭദ്രമായിരുന്നുവെന്നു വേണം പറയാൻ. വക്കീലായ ഒരു ചെറുപ്പക്കാരനുമായിട്ടാണ് അവരുടെ കല്യാണം, 1966ൽ,  തീരുമാനിച്ചത്. കൊൽക്കത്തയിലെ പേരുകേട്ട ഒരു തറവാട്ടിലെ മൂത്ത സന്തതി. 1967ൽ, ബുലു അയാളുടെ ഭാര്യയായി; അദ്ദേഹത്തിൻ്റെ തെക്കൻ കൊൽക്കത്തയിലുള്ള, പരന്നു കിടക്കുന്ന, ഇടിഞ്ഞുപൊളിയാറായ ബംഗ്ലാവിൽ പൊറുതി തുടങ്ങി. കളകളാൽ ശ്വാസം മുട്ടുന്ന ഒരു പൂന്തോട്ടവും അവിടെ ഉണ്ടായിരുന്നു. 

ഞാൻ ജനിച്ചത് 1970ലാണ്. അപ്പോഴേക്കും, ഈ സഹോദരിമാരുടെ ഭാഗധേയങ്ങൾ അവിചാരിതമായ ദിശകളിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നു. 1960കളുടെ അന്ത്യപാദത്തിൽ, കൊൽക്കത്ത, നരകത്തിലേക്കുള്ള അതിൻ്റെ ഇടതടവില്ലാത്ത സഞ്ചാരം ആരംഭിച്ചു. നഗരത്തിൻ്റെ സമ്പദ്വ്യവസ്ഥ തളരുകയായിരുന്നു; അതിൻ്റെ കെട്ടുറപ്പില്ലാത്ത അടിസ്ഥാനസൗകര്യങ്ങൾ കുടിയേറ്റക്കാരുടെ വേലിയേറ്റത്തിൽ ഞെരുങ്ങുകയായിരുന്നു. പരസ്പരം പൊരുതി നശിക്കുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങൾ കൂടെക്കൂടെ പൊട്ടിപ്പുറപ്പെട്ടപ്പോൾ, തെരുവുകൾ അടഞ്ഞുകിടന്നു; വ്യാപാരം ഗതിമുട്ടി. അക്രമത്തിലും അനാസ്ഥയിലുമായി നഗരം വട്ടം കറങ്ങിയപ്പോൾ, പിടിച്ചുനിൽക്കാനുള്ള തത്രപ്പാടിൽ, ബുലുവിൻ്റെ നവകുടുംബത്തിന് സമ്പാദ്യമെല്ലാം വാർന്നു പോയി. അവരുടെ ഭർത്താവ് തനിക്ക് ജോലിയുണ്ടെന്ന നാട്യത്തിൽ നടന്നു. എന്നും രാവിലെ, ആവശ്യമായ ബ്രീഫ്കേസും ചോറ്റുപാത്രവുമായ്, അദ്ദേഹം വീടു വിടും. പക്ഷേ, നിയമത്തെ കൈവിട്ട നഗരത്തിൽ ഒരു വക്കീലിനെ ആർക്കു വേണം? ഒടുവിൽ, കുടുംബം പൂപ്പലു തിന്നുന്ന, ഗംഭീരമായ വരാന്തയും അകത്തളവുമുള്ള, വീടു വിറ്റു; രണ്ടു മുറികളുള്ള ഒരു കൊച്ചു ഫ്ലാറ്റിലേക്ക് മാറി. എൻ്റെ മുത്തശ്ശിയെ  കൊൽക്കത്തയിലെ അവരുടെ ആദ്യ രാത്രിയിൽ സംരക്ഷിച്ച വീട്ടിൽനിന്ന് ഒരിത്തിരി നാഴിക അകലേക്ക്.      

അച്ഛൻ്റെ വിധി മറ്റൊന്നായിരുന്നു. അത്, അദ്ദേഹം തനിക്കായ്‌ തെരഞ്ഞെടുത്ത നഗരത്തെപ്പോലെയായിരുന്നു. ഇന്ത്യയുടെ, തിന്നു ചീർത്ത ഒരു കുട്ടിയെപ്പോലിരിക്കുന്ന, തലസ്ഥാന നഗരിയാണ്  ദില്ലി. ഒരു മഹാവിശ്വനഗരി കെട്ടിപ്പടുക്കാനുള്ള ദേശത്തിൻ്റെ ആവേശം കൊണ്ട് ഉത്തേജിതമായ, ആനുകൂല്യങ്ങളും ധനസഹായങ്ങളും കൊണ്ട് വീർത്ത, അതിൻ്റെ പാതകൾക്ക് വീതി കൂടി; സമ്പദ്‌വ്യവസ്ഥ വികസിതമായി. ഒരു ജപ്പാൻ അന്താരാഷ്ട്ര കമ്പനിയിൽ അദ്ദേഹം പദവികളുടെ പടവുകൾ കയറിപ്പോയി; നീചമദ്ധ്യവർഗ്ഗത്തിൽ നിന്ന് ഉച്ചമദ്ധ്യവർഗ്ഗത്തിലേക്ക് അതിവേഗം പിടിച്ചു കയറി. ഒരിക്കൽ ഞങ്ങളുടെ പരിസരത്തിനു ചുറ്റും മുൾക്കാടുകളായിരുന്നു.  നാഥനില്ലാത്ത ആടുകളും പട്ടികളും സമൃദ്ധമായ് അലയുന്നിടം. എത്ര വേഗത്തിലാണ് അത് നഗരത്തിലെ അതിസമ്പന്നമായ വാസഭൂമികളിലൊന്നായ് തീർന്നത്! ഞങ്ങൾ അവധിക്കാലത്ത് യൂറോപ്പിൽ പോയി; കോലുകളുപയോഗിച്ച് ആഹാരം കഴിക്കാൻ ശീലിച്ചു; ചൂടുകാലത്ത് ഹോട്ടൽക്കുളങ്ങളിൽ നീന്തി. കൊൽക്കത്തയിലാകട്ടെ, മഴക്കാലത്ത്, തെരുവിലെ ചപ്പുചവറുകളുടെ കൂനകൾ ഓടകളെ മൂടി നഗരത്തെ രോഗം പരത്തുന്ന ചതുപ്പാക്കി മാറ്റി. കൊതുകുകൾ മുട്ടയിട്ടു പെരുകുന്ന അത്തരമൊരു കെട്ടിക്കിടക്കുന്ന ചതുപ്പ് എല്ലാ കൊല്ലവും ബുലുവിൻ്റെ വീട്ടിനു വെളിയിൽ നിക്ഷേപിക്കപ്പെടുമായിരുന്നു. 'എൻ്റെ സ്വന്തം നീന്തൽക്കുളം' എന്നാണ് അവർ അതിനെ വിളിച്ചത്. 

ആ വിളിയിൽ ലാക്ഷണികമായ ഒരു കാര്യമുണ്ടായിരുന്നു. ഒരു ലാഘവത്വം. വിധിവൈപരീത്യങ്ങൾ തുലുവിനെയും ബുലുവിനെയും തീർത്തും വ്യത്യസ്തമായ രീതിയിൽ മാറ്റിയിരിക്കും എന്നാണ് നമ്മൾ വിചാരിക്കുക. എന്നാൽ, അങ്ങനെയല്ല. കാലാന്തരത്തിൽ അവരുടെ ശാരീരിക സാദൃശ്യം ചുരുങ്ങിച്ചുരുങ്ങി ഇല്ലാതായെന്നു തന്നെ പറയാം. എന്നാൽ, അവാച്യമായ എന്തോ ഒന്ന് --- ഒരു സമീപനം, സ്വഭാവസവിശേഷത --- അവർക്കിടയിൽ അസാധാരണമാം വിധം സദൃശമായ് നിലനിന്നു. പരസ്പരം ഒന്നിച്ചു ചേരുമ്പോൾ അതു മുഴച്ചു നിൽക്കുകയും ചെയ്തു. രണ്ടു സഹോദരിമാർക്കിടയിലും സാമ്പത്തിക വിടവ് നിലനിൽക്കേത്തന്നെ, ലോകത്തെക്കുറിച്ച് രണ്ടു പേർക്കും നല്ല ശുഭാപ്തി വിശ്വാസമുണ്ടായിരുന്നു; ജിജ്ഞാസ ഉണ്ടായിരുന്നു; നർമ്മബോധമുണ്ടായിരുന്നു; കുലീനതയിലെത്തിനിൽക്കുന്ന, അഹംഭാവം തീണ്ടിയിട്ടില്ലാത്ത, അക്ഷോഭ്യത ഉണ്ടായിരുന്നു. ഞങ്ങൾ വിദേശത്ത് പോയി വരുമ്പോൾ, അമ്മ ബുലുവിനു വേണ്ടി സ്മരണികകൾ കൊണ്ടു വരും. ബെൽജിയത്തു നിന്ന് ഒരു മരപ്പാവ; അമേരിക്കയിൽ നിന്ന് പഴരുചിയുള്ള, എന്നാൽ, നാട്ടിലൊരിടത്തുമില്ലാത്ത പഴത്തിൻ്റെ മണമുള്ള, ച്യൂയിങ് ഗം; സ്വിറ്റ്സർലാൻഡിൽ നിന്ന് ഒരു സ്ഫടികാഭരണം. ഞങ്ങൾ സന്ദർശിച്ച രാജ്യങ്ങളുടെ യാത്രാസഹായികൾ വല്യമ്മ വായിക്കും. പിന്നെ, സ്മരണികകൾ ചില്ലുകൂട്ടിൽ ഒതുക്കിവച്ചു കൊണ്ട്, സ്വരത്തിൽ യാതൊരു കൈപ്പുമില്ലാതെ, പറയും: "ഞാനും ഇവിടെയൊക്കെ പോയിട്ടുണ്ട്."

ഒരു മകൻ അമ്മയെ മനസ്സിലാക്കാൻ തുടങ്ങുന്നുവെന്ന ബോധം അവനിലുദിക്കുന്ന ആ നിമിഷത്തിന് പകരം വെക്കാൻ ഇംഗ്ലീഷിൽ ഒരു വാക്കോ, വാചകമോ ഇല്ല. ഉപരിപ്ലവമായ മനസ്സിലാക്കലല്ല; അവൻ സ്വയം മനസ്സിലാക്കുന്ന അവഹാഗമായ അതേ സ്ഫുടതയോടെയുള്ള മനസ്സിലാക്കൽ. എൻ്റെ ബാല്യത്തിൻ്റെ ആഴത്തിൽ എവിടെയോ ഉള്ള ആ നിമിഷത്തിൻ്റെ അനുഭവം ദ്വിവിധമാണ്. അമ്മയെ മസ്സിലാക്കുന്നതിനൊപ്പം, ഞാൻ അവരുടെ ഇരട്ടയെയും മനസ്സിലാക്കാൻ പഠിച്ചു. അവരെപ്പോൾ ചിരിക്കും, അവർക്കെപ്പോൾ അപമാനം തോന്നും, അവരെയെന്ത് ഉത്തേജിപ്പിക്കും, അവർക്കെന്താണ്, ആരെയാണ് ഇഷ്ടം എന്നതൊക്കെ എനിക്ക് പകൽവെട്ടം പോലെ വ്യക്തമായി. ലോകത്തെ എൻ്റെ അമ്മയുടെ കണ്ണുകളിലൂടെ കാണുകയെന്നാൽ, അത് അവരുടെ ഇരട്ടയുടെ കണ്ണുകളിലൂടെ കാണുന്നതു പോലെയായിരുന്നു. ഒരേയൊരു വ്യത്യാസം, ഒരു പക്ഷേ, കാണുന്നത് ഒരിത്തിരി നിറവ്യത്യാസമുള്ള കണ്ണടകളിലൂടെയാണെന്നു മാത്രം. 

ഒരു കാര്യം ഞാൻ തിരിച്ചറിഞ്ഞു: അമ്മയ്ക്കും അവരുടെ സഹോദരിക്കുമിടയിലെ സാദൃശ്യം ബാഹ്യരൂപത്തിലുള്ള വ്യക്തിത്വമല്ല; മറിച്ച്, വ്യക്തിത്വത്തിൻ്റെ 'പ്രവണത'യാണ്. ഗണിതശാസ്ത്രത്തിലെ ഒരു പദം കടമെടുത്തു പറഞ്ഞാൽ, വ്യക്തിത്വത്തിൻ്റെ ആദ്യ ഡെറിവേറ്റീവ്. ഗണിതശാസ്ത്രത്തിൽ, ഒരു ബിന്ദുവിൻ്റെ ആദ്യ ഡെറിവേറ്റീവ് അതിൻ്റെ  സ്ഥാനമല്ല; സ്‌ഥാനം മാറാനുള്ള അതിൻ്റെ പ്രവണതയാണ്. വസ്തു എവിടെ ആണ് എന്നതല്ല; അത് സ്ഥലകാലത്തിൽ എങ്ങനെ ചരിക്കുന്നുവെന്നതാണ്. പലർക്കും മനസ്സിലാകാത്ത, ,എന്നാൽ, ഒരു നാലു വയസുകാരന് പകൽപോലെ തെളിഞ്ഞ ഈ പൊതുവായ  ലക്ഷണമായിരുന്നൂ അമ്മയ്ക്കും അവരുടെ ഇരട്ടക്കുമിടയിലെ സ്ഥിരമായ ബന്ധം. തുലുവിനും ബുലുവിനും ഇപ്പോൾ രൂപസാദൃശ്യമില്ല; ഉള്ളത്, 'പ്രവണതാ' സാദൃശ്യമാണ്.  

*
 ---------------------------------------------------------------------------------------------------------------------------  (1) ഗണിതശാസ്ത്രത്തിലെ 'First Derivative' എന്നതിനെയാണ് 'പ്രവണത' എന്ന പദം ഇവിടെ സൂചിപ്പിക്കുന്നത്. ഒന്നിൻ്റെ സ്‌ഥാനമോ/രൂപമോ അല്ല, അതിൻ്റെ ചലിക്കാനുള്ള പ്രവണതയെയാണ് First Derivative ഗണിതശാസ്ത്രത്തിൽ അർത്ഥമാക്കുന്നത്. ഇവിടെ, സ്വത്വത്തിൻ്റെ ബാഹ്യരൂപമല്ല, അതിൻ്റെ പ്രവണതയെ (സ്വഭാവത്തെ) സൂചിപ്പിക്കാനാണ്  ലേഖകൻ First Derivative എന്ന പദമുപയോഗിക്കുന്നത്.                                    
 

[ജീൻ 29 തുടരും]

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...