2023, ഫെബ്രുവരി 14, ചൊവ്വാഴ്ച

ജീൻ 29 [2]

*

സ്വത്വത്തെ വെളിപ്പെടുത്താൻ ജീനുകൾക്കാകുമോ എന്ന് സംശയിക്കുന്നവർ  വേറൊരു ലോകത്തായിരിക്കണം ജീവിക്കുന്നത്. മനുഷ്യർ, അടിസ്ഥാനപരമായ്, രണ്ടു ജാതികളായാണ്, ആണും പെണ്ണുമായാണ്, പിറവികൊള്ളുന്നതെന്ന് അവർ മനസ്സിലാക്കുന്നില്ല. സംസ്കാരവിമർശകർ, സ്വവർഗ്ഗരതിയുടെ സൈദ്ധാന്തികർ, ഫാഷൻ ഫോട്ടോഗ്രാഫർമാർ, ലേഡി ഗാഗ എന്നിവരൊക്ക നമ്മെ ഒരു കാര്യം ശരിയായ് ബോദ്ധ്യപ്പെടുത്തുന്നുണ്ട്: [ആണും പെണ്ണുമെന്ന] ഈ തരംതിരിവ് അടിസ്ഥാനപരമല്ല; അതിൻ്റെ അതിരുകളിൽ പലപ്പോഴും താറുമാറാക്കുന്ന അവ്യക്തതകൾ ഒളിഞ്ഞിരിപ്പുണ്ട്. എങ്കിലും, മൂന്ന് അടിസ്ഥാന വസ്തുതകൾ തള്ളിക്കളയുക കഠിനമാണ്. ഒന്ന്, ആണും പെണ്ണും രൂപപരമായും ധർമ്മപരമായും വ്യത്യസ്തരാണ്. രണ്ട്, ഈ വ്യത്യാസത്തിനു കാരണം ജീനുകളാണ്. മൂന്ന്, സ്വത്വത്തിൻ്റെ സാമൂഹിക, സാംസ്കാരിക നിർമ്മിതിയുമായ് ഈ വ്യത്യാസം ഉൾച്ചേരുമ്പോൾ, അത് വ്യക്തികളെന്ന നിലയിലുള്ള നമ്മുടെ സ്വത്വത്തെ വെളിപ്പെടുത്തുന്നതിൽ വീര്യമേറിയ ഒരു സ്വാധീനമായിത്തീരുന്നു. 

ലിംഗം, ലിംഗ(വ്യക്തി)ത്വം, ലിംഗസ്വത്വം(2) എന്നിവ നിർണ്ണയിക്കുന്നതിൽ ജീനിനു പങ്കുണ്ടെന്നുള്ള ആശയം നമ്മുടെ ചരിത്രത്തിൽ താരതമ്യേന നവീനമാണ്. ഈ മൂന്നു വാക്കുകൾ തമ്മിലുള്ള വ്യത്യാസം ഈ ചർച്ചയിൽ വളരെ പ്രസക്തമാണ്. ആൺ/ പെൺ ശരീരങ്ങളുടെ ഘടനയും ധർമ്മവും സൂചിപ്പിക്കാനാണ് ലിംഗം എന്ന പദം ഞാൻ ഉപയോഗിക്കുന്നത്. ലിംഗത്വം എന്ന പദം കുറേക്കൂടി സങ്കീർണ്ണമായ ആശയത്തെ സൂചിപ്പിക്കുന്നു: ഒരാളുടെ മാനസിക, സാമൂഹിക, സാംസ്കാരിക ധർമ്മം. ലിംഗസ്വത്വം ഒരാളുടെ വ്യക്തിത്വബോധത്തെയാണ് ധ്വനിപ്പിക്കുന്നത് [താൻ ആണാണെന്ന, പെണ്ണാണെന്ന, ഇവ രണ്ടുമല്ലെന്ന, അല്ലെങ്കിൽ ഇവക്കിടയിൽ എന്തോ ആണെന്ന ബോധത്തെ). 

സഹസ്രാബ്ദങ്ങളോളം, ആണിൻ്റെയും പെണ്ണിൻ്റെയും ശരീരങ്ങൾ തമ്മിലുള്ള വ്യത്യാസത്തിൻ്റെ --- ശരീരഘടനയിലെ ലിംഗസംബന്ധിയായ ദ്വിരൂപത്തിൻ്റെ ---  അടിത്തറ മനസ്സിലാക്കുന്നതിൽ നാം ഒരു പരാജയമായിരുന്നു. പുരാതന ലോകത്തിലെ പ്രമുഖ ശരീരഘടനാശാസ്ത്രജ്ഞനായ ഗാലനെ എടുക്കുക. ആൺ/പെൺ പ്രത്യുൽപാദനാവയവങ്ങൾ ഒരു പോലെയാണെന്ന് സ്ഥാപിക്കുന്നതിനു വേണ്ടി, AD 200ൽ, അദ്ദേഹം നിരവധി ശരീരവിച്ഛേദനങ്ങൾ നടത്തി. ആണുങ്ങളിൽ ഈ അവയവങ്ങൾ പുറത്തോട്ടും, പെണ്ണുങ്ങളിൽ അവ അകത്തോട്ടും തള്ളിയിരിക്കുന്നുവെന്ന വ്യത്യാസമേയുള്ളൂ. അണ്ഡാശയങ്ങൾ, പെൺശരീരത്തിൽ അകത്താക്കപ്പെട്ട, വൃഷണങ്ങളാണെന്ന് അദ്ദേഹം വാദിച്ചു; ഈ അവയവങ്ങളെ പുറത്തോട്ടു തള്ളാനുള്ള ഒരുതരം "പ്രാണതാപം" സ്ത്രീശരീരത്തിലില്ലാത്തതാണ് ഇതിനു കാരണമെന്നും. "സ്ത്രീകളുടെ അവയവം പുറത്തേക്കും, ആണുങ്ങളുടേത് അകത്തേക്കും തിരിച്ചാൽ, രണ്ടും ഒന്നാണെന്നു കാണാം," അദ്ദേഹമെഴുതി. ഗാലൻ്റെ ശിഷ്യന്മാരും അനുയായികളും ഈ താരതമ്യത്തെ,  ഒരസംബന്ധസന്ധിയിലെത്തിക്കുന്നതു വരെ, അക്ഷരാർത്ഥത്തിൽ, വലിച്ചുനീട്ടി. വൃഷണ സഞ്ചി ഉള്ളിലേക്ക് ബലൂണു പോലെ വീർത്തു വന്നതാണ് ഗർഭപാത്രമെന്നു വരെ അവർ വാദിച്ചു; അണ്ഡവാഹിനിക്കുഴൽ, ശുക്ലസഞ്ചി വീർത്തു വികസിച്ചതാണെന്നും. വൈദ്യവിദ്യാർത്ഥികൾക്ക് ശരീരശാസ്ത്രം ഓർമ്മിക്കാൻ സഹായിക്കുന്നതിനു വേണ്ടിയുണ്ടാക്കിയ ഒരു മദ്ധ്യകാലകവിത ഈ സിദ്ധാന്തത്തിൻ്റെ സ്മാരകമായുണ്ട്:

ലിംഗം വിഭിന്നമെങ്കിലും 
അവരും, മൊത്തത്തിൽ, നമ്മളെപ്പോലെയല്ലോ.
അശ്രാന്ത ഗവേഷണം ചെയ്തവർ കണ്ടെത്തീ 
പുറം അകമായ പുരുഷൻ മാത്രമാണ് സ്ത്രീ. 

എങ്കിലും, കാലുറകളെപ്പോലെ, ആണിനെ 'പുറത്തേക്ക് തിരിക്കുന്ന'തും, പെണ്ണിനെ 'അകത്തേക്ക് തിരിക്കുന്ന'തുമായ ശക്തി ഏതാണ്?  ന്യൂയോർക്കിലെ വാസസ്ഥലങ്ങളെപ്പോലെ ലിംഗത്വം നിർണ്ണയിക്കപ്പെടുന്നത് തീത്തും സ്‌ഥാനം കൊണ്ടാണെന്ന്, BC 400ൽ, ഗാലന് നൂറ്റാണ്ടുകൾക്ക്  മുമ്പ്, യവനദാർശനികനായ അനക്‌സഗോറസ് അവകാശപ്പെടുകയുണ്ടായി. പുരുഷബീജമാണ് പാരമ്പര്യത്തിൻ്റെ സത്ത വഹിക്കുന്നതെന്ന് പൈത്തഗോറസ്സിനെപ്പോലെ അനക്‌സഗോറസ്സും ധരിച്ചു. ഭ്രൂണം ഉൽപ്പാദിപ്പിക്കാനായി ശുക്ലത്തെ 'രൂപപ്പെടുത്തുക' മാത്രമാണ് സ്ത്രീ ചെയ്യുന്നത്. ഇതേ രീതിയിലാണ് ലിംഗത്വം പരമ്പരാഗതമാക്കുകുന്നതും. ഇടതു വൃഷണത്തിലെ ശുക്ലം ആൺകുഞ്ഞുങ്ങളെ ഉണ്ടാക്കും; വലതു വൃഷണത്തിലേത് പെൺകുഞ്ഞുങ്ങളെയും. സ്ഖലന സമയത്തെ ഇടതു-വലതു സ്ഥാനമനുസരിച്ച്, ലിംഗത്വത്തിൻ്റെ ഈ കൃത്യത ഗർഭപാത്രത്തിലും തുടരും. ഗർഭപാത്രത്തിൻ്റെ വലതു കൊമ്പിൽ ആൺഭ്രൂണവും, ഇടതു കൊമ്പിൽ പെൺഭ്രൂണവും വളരും.  

അനക്‌സഗോറസ്സിൻ്റെ സിദ്ധാന്തത്തെ കാലഹരണപ്പെട്ടതെന്നും വിചിത്രമെന്നും ചിരിച്ചു തള്ളാൻ എളുപ്പമാണ്. അതിലെ ഇടതു-വലതു ക്രമത്തെക്കുറിച്ചുള്ള നിർബന്ധബുദ്ധി [ലിംഗത്വം കത്തിയും മുള്ളും ക്രമീകരിക്കുന്നു പോലെ നിർണ്ണയിക്കപ്പെടുന്നത്] മറ്റൊരു കാലത്തേതാണെന്നതിന് സംശയമില്ല. പക്ഷേ, അക്കാലത്ത് ആ സിദ്ധാന്തം വിപ്ലവകരമായിരുന്നു. കാരണം, അതു നിർണ്ണയകമായ രണ്ടു മുന്നേറ്റങ്ങൾ സൃഷ്ടിച്ചു. ഒന്ന്, ലിംഗത്വ നിർണ്ണയം ആകസ്മികമാണെന്ന് അതു തിരിച്ചറിഞ്ഞു. അതിനാൽ, അതു വിശദീകരിക്കാൻ ഒരു യാദൃച്ഛിക കാരണം [ബീജത്തിൻ്റെ ഇടത്തോ, വലത്തോ ആയിട്ടുള്ള ഉത്ഭവം] വേണ്ടി വന്നു.  രണ്ടാമതായി, ആദ്യത്തെ ആകസ്മികത സംഭവിച്ചു കഴിഞ്ഞാൽ, അതു വിപുലീകരിക്കപ്പെട്ട്, ബലപ്പെടണം. എങ്കിലേ, ലിംഗത്വം പൂർണ്ണമായും ഉടലെടുക്കൂ. ഭ്രൂണത്തിൻ്റെ വികാസപദ്ധതി പരമപ്രധാനമാണ്. വലതുവശത്തെ ബീജം ഗർഭപാത്രത്തിൻ്റെ വലതു വശത്തേക്കുള്ള വഴി കണ്ടെത്തുന്നു; അവിടെ, അത്  ആൺ ഭ്രൂണമായ് വ്യക്തത പ്രാപിക്കുന്നു. ഇടതു വശത്തെ ബീജം, ഇടത്തേക്കു നീക്കപ്പെട്ട്, പെൺഭ്രൂണത്തിന് കാരണമാകുന്നു. ലിംഗത്വ നിർണ്ണയം ഒരു ശൃംഖലാ പ്രതിപ്രവർത്തനമാകുന്നു; തുടക്കം ഒരു പടിയായിട്ടാണെങ്കിലും, പിന്നീടത് ഭ്രൂണത്തിൻ്റെ സ്ഥാനത്താൽവലുതാക്കപ്പെട്ട്. ആൺ/ പെൺ എന്ന ദ്വിരൂപ ഭാവത്തിലേക്ക് പൂർണ്ണമായി വളരുന്നു.  

ലിംഗനിർണ്ണയം, പൊതുവേ, നൂറ്റാണ്ടുകളോളം ഈയൊരു സ്ഥിതിയിലായിരുന്നു. സിദ്ധാന്തങ്ങൾ നിരവധി പിറന്നു; എല്ലാം, പക്ഷേ, അന്തഃസഗോറസ്സിൻ്റെ ആശയത്തിൻ്റെ വകഭേദങ്ങൾ: ലിംഗം തീരുമാനിക്കപ്പെടുന്നത് ആകസ്മികമായൊരു പ്രവൃത്തിയിലൂടെയാണ്; അണ്ഡത്തിൻ്റെ, അല്ലെങ്കിൽ ഭ്രൂണത്തിൻ്റെ പരിസ്ഥിതിയാണ് അതിനെ പ്രബലപ്പെടുത്തുന്നതും, വിപുലപ്പെടുത്തുന്നതും. "ലിംഗം പരമ്പാരാഗതമല്ല," 1900ത്തിൽ, ഒരു ജനിതകകാരൻ എഴുതി. എന്തിന്, വളർച്ചയിൽ ജീനുകൾക്കുള്ള പങ്കിനെ കട്ടക്ക് പിന്തുണച്ച തോമസ് മോർഗൻ പോലും, ജീനുകളിലൂടെ ലിംഗം നിർണ്ണയിക്കാവതല്ലെന്നാണ് വാദിച്ചത്. 1903ൽ, മോർഗൻ എഴുതി: ബഹുവിധ പാരിസ്ഥിതിക ഘടകങ്ങളായിരിക്കണം, ഒറ്റപ്പെട്ട ജനിതക ഘടകമായിരിക്കില്ല, ലിംഗം നിർണ്ണയിക്കുന്നത്. "ലിംഗത്തെക്കുറിച്ചു പറയുകയാണെകിൽ, അണ്ഡം ഒരു തരം സമതുലിതാവസ്ഥയിലാണെന്ന് തോന്നുന്നു. ഏതു ചുറ്റുപാടുകളാണോ അതിനെ സ്വാധീനിക്കുന്നത് --- അവയാകണം, ഏത്  ലിംഗം ആവിർഭവിക്കണമെന്നന്ന് നിശ്ചയിക്കുന്നത്. എല്ലാ തരത്തിലുമുള്ള അണ്ഡങ്ങളിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്ന ഏതെങ്കിലും ഒരു ഘടകത്തെ കണ്ടെത്താൻ ശ്രമിക്കുന്നത് വ്യർത്ഥമാകാനാണ് സാദ്ധ്യത."

*
1903ലെ ശൈത്യകാലം. ലിംഗനിർണ്ണയത്തെ സംബന്ധിച്ച ജനിതക സിദ്ധാന്തം,  പിന്നാലോചനയില്ലാതെ മോർഗൻ നിരസിച്ചത് പ്രസിദ്ധീകരിക്കപ്പെട്ട അതേ കൊല്ലം. ബിരുദവിദ്യർത്ഥിയായിരുന്ന നെറ്റി സ്റ്റീവൻസ്, അക്കാലം, ഒരു ഗവേഷണം നടത്തി. ആ പഠനം ഈ മേഖലയെ മാറ്റിമറിച്ചു. 1861ലാണ് സ്റ്റീവൻസ് ജനിച്ചത്. വെർമോണ്ടിലെ ഒരു ആശാരിയുടെ മകൾ. അവർ പഠിച്ചത് സ്‌കൂൾഅദ്ധ്യാപികയാകാൻ വേണ്ടിയാണ്. എന്നാൽ, 1890ൻ്റെ ആദ്യപാദമായപ്പോഴേക്കും, ട്യൂഷനെടുത്തു സമ്പാദിച്ച പണം കൊണ്ട് അവർ കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ ചേർന്നു. 1900ത്തിൽ, ജീവശാസ്ത്രത്തിനുള്ള ബിരുദവിദ്യാലയത്തിൽ ചേരാനായിരുന്നൂ അവരുടെ താൽപ്പര്യം. അക്കാലത്തെ സ്ത്രീകൾ താൽപ്പര്യപ്പെടാതിരുന്ന കാര്യം. ദൂരെ, നേപ്പിൾസിലുള്ള ജന്തുശാസ്ത്രകേന്ദ്രത്തിൽ, വാതിൽപ്പുറജോലിയാണ് അവർ തെരഞ്ഞെടുത്തതെന്നതാണ് അതിലും വിചിത്രം. അവിടെയാണ് തിയൊഡോർ ബോവേരി കടൽച്ചൊറികളുടെ മുട്ടകൾ ശേഖരിച്ചു വച്ചിരുന്നത്. ദേശത്തെ മുക്കുവരുമായ് സംസാരിക്കാൻ അവർ ഇറ്റാലിയൻ ഭാഷ പഠിച്ചു. തീരത്തിൽ നിന്ന് മുട്ടകൾ പെറുക്കി, ഈ മുക്കുവർ അവർക്ക് എത്തിച്ചു കൊടുത്തു. ബോവേരിയിൽ നിന്നും അവർ  മുട്ടകളിൽ നിറം ചാലിക്കാനും പഠിച്ചു; ക്രോമസോമുകളെ, കോശങ്ങളിൽ നിവസിക്കുന്ന, നീലച്ഛവിയുള്ള, വിചിത്രമായ ആ നാരുകളെതിരിച്ചറിയാൻ ---    
മാറ്റം സംഭവിച്ച ക്രോമോസോമുകളുള്ള കോശങ്ങൾ സ്വാഭാവികമായി വളർന്നു വരില്ലെന്ന് ബോവേറി തെളിയിച്ചിട്ടുണ്ട്. അതിനർത്ഥം, വളരാൻ വേണ്ടിയുള്ള പരമ്പരാഗത സന്ദേശം ക്രോമസോമുകൾ വഹിക്കുന്നുവെന്നാണ്. എന്നാൽ, ലിംഗനിർണ്ണയത്തിനുള്ള ഘടകം വഹിക്കുന്നതും ക്രോമസോമുകളാകുമോ? ഒരു ജീവിയുടെ ക്രോമസോം ഘടനയും അതിൻ്റെ ലിംഗവുമായുള്ള പരസ്പര ബന്ധം അന്വേഷിക്കാൻ,1903ൽ, സ്റ്റീവൻസ് അസങ്കീർണ്ണമായ ഒരു ജീവിയെ - ഭക്ഷണപ്പുഴുവിനെ - തെരെഞ്ഞെടുത്തു.  ആൺ/പെൺ പുഴുക്കളിലെ ക്രോമസോമുകളിൽ ബൊവേറിയുടെ സങ്കേതമുപയോഗിച്ച് സ്റ്റീവൻസ് നിറംചാലിച്ചപ്പോൾ, സൂക്ഷ്മദർശിനിയിൽ നിന്ന്, ഉത്തരം പുറത്തേക്ക് ചാടി: ഒരേയൊരു ക്രോമസോമിലുള്ള ഒരു വൈജാത്യം പുഴുവിൻ്റെ ലിംഗവുമായ് നൂറു ശതമാനവും യോജിക്കുന്നതാണ്. ഈ പുഴുക്കളിൽ മൊത്തം ഇരുപതു ക്രോമസോമുകളാണുള്ളത് --- പത്തുജോഡികൾ ( മിക്ക ജന്തുക്കളിലും ക്രോമസോമുകൾ ജോഡികളായിട്ടാണ് കാണപ്പെടുന്നത്; മനുഷ്യരിൽ ഇവ ഇരുപത്തിമൂന്നു ജോഡികളാണ്). പെൺപുഴുക്കളിലെ കോശങ്ങളിൽ പത്തു ജോഡികളും, ജോഡികളായിത്തന്നെ ഇരുന്നു; പക്ഷേ, ആൺ പുഴുക്കളിലെ കോശങ്ങളിൽ ജോഡി ചേരാത്ത രണ്ടു ക്രോമസോമുകളുണ്ടായിരുന്നു --- കൊച്ചു മുഴ പോലുള്ള ഒരെണ്ണവും, അതിനേക്കാൾ വലുപ്പമുള്ള മറ്റൊന്നും. ലിംഗനിർണ്ണയത്തിന് വലുപ്പം കുറഞ്ഞ ക്രോമസോംമതിയാകുമെന്നാണ് സ്റ്റീവൻസ് നിർദ്ദേശിച്ചത്. ആ ക്രോമസോമിനെ അവർ ലിംഗാക്രോമസോം എന്നു വിളിച്ചു.  

  ലളിതമായൊരു ലിംഗനിർണ്ണയ സിദ്ധാന്തമായാണ് സ്റ്റീവൻസ് ഇതിനെ കണ്ടത്. ആൺ ഗൊണാഡിൽ (3) ബീജമുണ്ടാകുമ്പോൾ, അത് രണ്ടു വിധത്തിലാണ് സൃഷ്ടിക്കപ്പെടുന്നത് --- ഒന്ന്, മുഴ പോലുള്ള ആൺ ക്രോമസോം; മറ്റേത് സാധാരണ വലുപ്പത്തിലുള്ള പെൺ ക്രോമസോം. രണ്ടും ഏറെക്കുറെ ഒരേ അനുപാതത്തിലായിരിക്കും. ആൺ ക്രോമസോമുള്ള ബീജം ['ആൺബീജം'] അണ്ഡവുമായ് ബീജസങ്കലനത്തിലാകുമ്പോൾ, ഭ്രൂണം ആണായി പിറക്കും; 'പെൺബീജ'മാണ് സങ്കലനത്തിലാകുന്നതെങ്കിൽ, ഫലം പെൺഭ്രൂണമാകും.   











-------------------------------------------------------------------------------------------------------------------------

(2) sex, gender, gender identity എന്നീ വാക്കുകൾക്ക് പകരമാണ് യഥാക്രമം ലിംഗം, ലിംഗ(വ്യക്തി)ത്വം, ലിംഗസ്വത്വം എന്നിവ.
(3) gonad: വൃഷണമോ, അണ്ഡാശയമോ   








      





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...