2023, ഫെബ്രുവരി 5, ഞായറാഴ്‌ച

 മാർക്കസ് ഫെൽഡ്മനും റിച്ചാർഡ് ലെവോൻടിനും ഇങ്ങനെ പറയുന്നു:  "പൊതുവായ ജീവശാസ്ത്ര പ്രാധാന്യമുള്ളതല്ല വംശീയമായ നിയോഗം. മനുഷ്യവർഗ്ഗത്തെ സംബന്ധിച്ച് പറയുകയാണെങ്കിൽ, മനുഷ്യരെ     വംശീയമായി മുദ്രയടിക്കുന്നതു ജനിതകവ്യത്യാസത്തെക്കുറിച്ച്, പൊതുവായ്,  ഒന്നും തന്നെ സൂചിപ്പിക്കുന്നില്ല. സ്റ്റാൻഫോർഡിലെ ജനിതകശാസ്ത്രജ്ഞനായ ലൂയിജി കവാലി സ്ഫോർസ മാനവ ജനിതകശാസ്ത്രത്തെയും, ദേശാടനത്തെയും, വംശത്തെയും കുറിച്ചുള്ള 1994ൽ പ്രസിദ്ധപ്പെടുത്തിയ ബൃഹത്തായ ഗവേഷണ പ്രബന്ധത്തിൽ, വംശപരമായ വർഗ്ഗീകരണത്തെ, ജനിതകവ്യതിയാനത്താൽ പ്രേരിതമെന്നതിലുപരി, സാംസ്കാരികമായ തീർപ്പുകളാൽ പ്രേരിതമായ ഒരു "വൃഥാ വ്യായാമം" എന്ന് വിശേഷിപ്പിക്കുന്നുണ്ട്. "വർഗ്ഗീകരണം ഏതു തലം വരെഎത്തിയാണോ നാം അവസാനിപ്പിക്കുന്നത്, ആയതിനു യാതൊരു യുക്തിയുമില്ല ... ജനതകളുടെ ഒരു 'ഗണ'ത്തെ നമുക്ക് തിരിച്ചറിഞ്ഞ്  അടയാളപ്പെടുത്താം --- എന്നാൽ, ഇങ്ങനെ ഗണമായ് വേർതിരിക്കുമ്പോഴുള്ള ഓരോ ഘട്ടവും വ്യത്യസ്‍തമായ ഒരു വിഭജനമാണ് നിർണ്ണയിക്കുക --- അവയിൽ ഏതെങ്കിലുമൊന്നിന് പ്രാധാന്യം നൽകുന്നതിന് ജീവശാസ്ത്രപരമായ ഒരു കാരണവുമില്ല."  കവാലി സ്ഫോർസ തുടർന്ന് പറയുന്നു: "ഇതിനുള്ള ജീവപരിണാമപരമായ വിശദീകരണം ലളിതമാണ്. ജനസമൂഹങ്ങളിൽ, വളരെച്ചെറിയവയിൽപ്പോലും, വലിയതോതിലുള്ള ജനിതകവൈജാത്യമുണ്ട്.  വ്യതിരിക്തമായ ഈ വൈജാത്യം കാലാന്തരത്തിലൂടെ ശേഖരിക്കപ്പെട്ടതാണ്. കാരണം, മിക്ക  ജനിതകവൈജാത്യങ്ങളും അഞ്ചു ലക്ഷത്തിൽ കുറഞ്ഞ വർഷങ്ങൾക്കു മുമ്പ്,  ഭൂഖണ്ഡങ്ങൾ വേർപെട്ടു പോകുന്നതിനു മുമ്പേ, ഒരു പക്ഷേ, വർഗ്ഗോൽപ്പത്തിക്കു മുമ്പേ, ഉള്ളതാണ് --- അതുകൊണ്ടു തന്നെ, പിന്നീട്, സാരമായ വൈജാത്യങ്ങൾ സമാഹരിക്കപ്പെടാനുള്ള കാലം വളരെ, വളരെ കുറവായിരുന്നു."  

അവസാനത്തെ അസാധാരണമായ ഈ പ്രസ്താവന ഭൂതകാലത്തോടുള്ളതാണ്. അത് അഗാസിസിനും ഗാൾട്ടണുമുള്ള അളന്നുമുറിച്ച ശാസ്ത്രീയമായ മറുപടിയാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ അമേരിക്കയിലുണ്ടായിരുന്ന യൂജെനിസിസ്റ്റുകൾക്കുള്ള തിരിച്ചടി. ഇരുപതാം നൂറ്റാണ്ടിലെ നാസീ ജനിതകശാസ്ത്രജ്ഞർക്കുള്ള തിരിച്ചടി. പത്തൊമ്പതാം നൂറ്റാണ്ടിലെ ജനിതകശാസ്ത്രം  ശാസ്ത്രീയമായ വംശീയവാദത്തിൻ്റെ ദുർഭൂതത്തെ കുപ്പിയിൽ നിന്നൂരി പുറത്തു വിട്ടിരുന്നല്ലോ. നന്ദിയോടെ പറയട്ടെ, ജനോമികഗവേഷണം, ആ ഭൂതത്തെ തിരിച്ചു കുപ്പിയിലാക്കി. ദ ഹെൽപ് എന്ന സിനിമയിൽ മേ മോബ്‌ളേയോട്  ആഫ്രിക്കൻ-അമേരിക്കൻ വീട്ടുവേലക്കാരി എയ്‌ബീ പറയുന്നതു പോലെ, " അപ്പൊ, നമ്മളെല്ലാവരും ഒന്നാണ്. നിറത്തിൽ മാത്രമേ ഭേദമുള്ളൂ."

                                                                              *

1994. നരവംശങ്ങളെക്കുറിച്ചും ജീനുകളെക്കുറിച്ചുമുള്ള തൻ്റെ സമ്പൂർണ്ണ പഠനം ലൂയിജി കവാലി സ്‌ഫോർസ പ്രസിദ്ധീകരിച്ച അതേ വർഷം. ജീനുകളെക്കുറിച്ചും വംശത്തെക്കുറിച്ചുമുള്ള വളരെ വ്യത്യസ്തമായ മറ്റൊരു പുസ്തകത്തെച്ചൊല്ലി അമേരിക്കക്കാർ അതേ സമയം ആധി കൊള്ളുകയായിരുന്നു. ചേഷ്ടാമനഃശാസ്ത്രജ്ഞനായ റിച്ചാർഡ് ഹേൺസ്‌റ്റെയ്‌നും രാഷ്ട്രതന്ത്രം പഠിക്കുന്ന ചാൾസ് മുറേയും എഴുതിയ ദ ബെൽ കർവ്.  "വർഗ്ഗം, വംശം, ധിഷണ എന്നിവയ്ക്കു നേരെ തീ തുപ്പുന്ന പ്രബന്ധം" എന്നാണ് ടൈംസ്  അതിനെ വിശേഷിപ്പിച്ചത്. ജീനുകളുടെയും വംശത്തിൻ്റെയും ഭാഷയെ എത്ര എളുപ്പത്തിൽ വികലമാക്കാമെന്നതിനെക്കുറിച്ചും, അത്തരം വൈകല്യങ്ങൾ എത്ര മാരകമായി പാരമ്പര്യത്തെക്കുറിച്ചും വംശത്തെക്കുറിച്ചും ഭ്രാന്തെടുക്കുന്ന ഒരു സംസ്കൃതിയിൽ അനുരണനങ്ങളുണ്ടാക്കുമെന്നതിനെപ്പറ്റിയും  ബെൽ കർവ്  ഒരവലോകനം നൽകി. 

തീ തുപ്പുന്ന കാര്യത്തിൽ ഹേൺസ്റ്റെയ്നിന് നല്ല തഴക്കമുണ്ട്. അദ്ദേഹത്തിൻ്റെ 1985ലെ പുസ്തകമായ കുറ്റവും മനുഷ്യപ്രകൃതവും  അതിൻ്റേതായ തീക്കാറ്റ് ഉയർത്തിയിരുന്നു. വ്യക്തിത്വം, മനോഭാവം തുടങ്ങിയ രൂഢമൂലമായ ലക്ഷണങ്ങൾ കുറ്റവാസനയുമായ് ബന്ധപ്പെട്ടിരിക്കുവെന്നാണ് ആ പ്രബന്ധം അവകാശപ്പെട്ടത്. ഒരു ദശാബ്ദത്തിനു ശേഷം, ബെൽ കർവ് അതിനേക്കാൾ പ്രകോപനപരമായ മറ്റൊരു അവകാശവാദവുമായിട്ടാണ് മുന്നോട്ടു വന്നത്.  ബുദ്ധിയും, പൊതുവേ, രൂഢമൂലമാണെന്നാണ്, അതായത് ജനിതകപരമാണെന്നാണ്, മുറേയും ഹേൺസ്റ്റെയ്‌നും വാദിച്ചത്. വംശങ്ങൾക്കിടയിൽ അസമമായിട്ടാണ് അവയുടെ വിതരണം. വെള്ളക്കാരിലും ഏഷ്യക്കാരിലും പൊതുവേ IQ കൂടുതലാണ്. ആഫ്രിക്കക്കാരിലും ആഫ്രിക്കൻ-അമേരിക്കക്കാരിലും IQ പൊതുവേ കുറവാണ്. ആഫ്രിക്കൻ-അമേരിക്കക്കാർ സാമൂഹിക സാമ്പത്തിക മണ്ഡലങ്ങളിൽ ഏറെക്കാലമായ് മികവു കാണിക്കാത്തതിനു കാരണം 'ബുദ്ധിവൈഭവ'ത്തിലുള്ള ഈ വ്യതാസമാണെന്നാണ് മുറേയും ഹേൺസ്റ്റെയ്‌നും അവകാശപ്പെട്ടത്. അമേരിക്കയിൽ ആഫ്രിക്കൻ-അമേരിക്കക്കാർ പിന്നോക്കം പോകുന്നത് സാമൂഹിക ഉടമ്പടികളിലുള്ള തകരാറു കൊണ്ടല്ല; നേരെ മറിച്ച്, അവരുടെ മനോഘടനയിലുള്ള വ്യവസ്ഥാപിതമായ ന്യൂനതകൾ കൊണ്ടാണ്. 

ബെൽ കർവ് മനസ്സിലാക്കാൻ ആദ്യം നാം 'ബുദ്ധി'യുടെ നിർവ്വചനമെന്തെന്ന് അറിയേണ്ടതുണ്ട്. ബുദ്ധിയുടെ ഒരിടുങ്ങിയ നിർവ്വചനമാണ് മുറേയും ഹേൺസ്റ്റെയ്‌നും തെരഞ്ഞെടുത്തതെന്നതിൽ തർക്കമില്ല. പത്തൊമ്പതാം നൂറ്റാണ്ടിലെ ബയോമെട്രിക്‌സിലേക്കും യൂജെനിക്സിലേക്കും നമ്മെ എത്തിക്കുന്ന നിർവ്വചനം. ബുദ്ധി അളക്കുന്ന കാര്യത്തിൽ ഗാൾട്ടണും ശിഷ്യർക്കും വലിയ കമ്പമായിരുന്നുവെന്ന് ഓർക്കുന്നുണ്ടല്ലോ. നിഷ്പക്ഷവും പാരിമാണികവുമായ ഏതോ രീതിയിൽ ബുദ്ധി അളക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള പലപല പരീക്ഷകളും, 1890നും 1910നുമിടയിൽ, അമേരിക്കയിലും യൂറോപ്പിലും രൂപകൽപ്പന ചെയ്യപ്പെട്ടിരുന്നു.  1904ൽ, ബ്രിട്ടീഷുകാരനായ ചാൾസ് സ്‌പിയർമാൻ, ഒരു സ്ഥിതിവിവരണ ശാസ്ത്രജ്ഞൻ, ഈ പരീക്ഷകളുടെ ഒരു പ്രധാനസ്വഭാവം ശ്രദ്ധിക്കുകയുണ്ടായി: ഒരു പരീക്ഷയിൽ മികവ് കാട്ടുന്നവർ പൊതുവേ മറ്റു പരീക്ഷകളിലും മികവ് കാട്ടുന്നു. ഗുണാത്മകമായ ഇത്തരമൊരു പരസ്പര ബന്ധത്തിനു കാരണം, ഈ പരീക്ഷകൾ പരോക്ഷമായ് നിഗൂഢമായി എതോ പൊതു ഘടകത്തെ അളക്കുന്നതുകൊണ്ടാണെന്ന് സ്‌പിയർമൻ സിദ്ധാന്തിച്ചു. ഈ ഘടകം ശുദ്ധമായ അറിവ് അല്ലാ എന്നും അദ്ദേഹം വാദിച്ചു.  അത്, അമൂർത്തമായ വിജ്ഞാനം ആർജ്ജിക്കാനും ഉപയോഗിക്കാനുമുള്ള വൈഭവമാണ്. ഇതിനെ സ്പിയർമൻ 'പൊതുവിജ്ഞാനം' --- General Intelligence --- എന്ന് വിളിച്ചു. അതിന് അദ്ദേഹം g എന്ന് പേരിട്ടു.   

ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തോടെ, g പൊതുജന ശ്രദ്ധ പിടിച്ചുപറ്റി. ആദ്യകാല യൂജെനിസിസ്റ്റുകളെയാണ്  ആദ്യം അത് ആകർഷിച്ചത്. 1916ൽ, അമേരിക്കയിലെ യൂജെനിക്സ് പ്രസ്ഥാനത്തിൻ്റെ കടുത്ത ആരാധകനും സ്റ്റാൻഫോർഡിലെ മനഃശാസ്ത്രജ്ഞനുമായിരുന്ന ലൂയിസ് ടെർമൻ ഒരു മാനകപരീക്ഷ രൂപപ്പെടുത്തി. വേഗത്തിലും, പാരിമാണികമായും 'പൊതുവിജ്ഞാനം' വിലയിരുത്താനുള്ള ഒരു പരീക്ഷ. ഉൽക്കർഷമായ ജീനുകളുള്ളവരെ വളർത്തിയെടുക്കുന്നതിനു വേണ്ടി ബുദ്ധി കൂടുതലുള്ള മനുഷ്യരെ തെരഞ്ഞെടുക്കയായിരുന്നൂ ലക്ഷ്യം. കുട്ടികൾ വളർന്നു വരുന്നതിനനുസരിച്ച് ഇതിൻ്റെ അളവിൽ വ്യത്യാസമുണ്ടെന്ന് കണ്ട ടെർമൻ ഒരു പുതിയ അളവുകോൽ മുന്നോട്ടു വച്ചു.  പ്രായമനുസരിച്ചുള്ള ബുദ്ധി അളക്കാൻ പറ്റിയൊരു മാനദണ്ഡം. പരീക്ഷിക്കപ്പെടുന്നയാളുടെ 'മാനസിക വയസ്സും' അയാളുടെ പ്രായവും ഒന്നാണെങ്കിൽ, അയാളുടെ 'ധൈഷണികാങ്കം' അഥവാ IQ കൃത്യം 100 എന്ന് നിർവ്വചിക്കപ്പെടും. പ്രായത്തേക്കാൾ കുറവാണ് മാനസിക വയസ്സെങ്കിൽ, IQ നൂറിൽ കുറവെന്ന് വരും. മാനസിക വയസ്സ് കൂടിയാൽ, അയാൾക്ക് 100ൽ കൂടിയ IQ നൽകപ്പെടും. 

ധിഷണയുടെ സംഖ്യാപരമായ വിലയിരുത്തൽ ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായതായിരുന്നു. ദ്രുതവും പാരിമാണികവുമായ പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് വ്യത്യസ്ത കഴിവുകൾ ആവശ്യമായ യുദ്ധകാലജോലികൾ പട്ടാളക്കാർക്ക് കൊടുത്തിരുന്നത്. യുദ്ധശേഷം നാട്ടിലെത്തിയ പട്ടാളക്കാർ ഒരു പാട് ബുദ്ധി പരീക്ഷകൾക്ക് വിധേയരായി. 1940കളുടെ തുടക്കത്തോടെ ഇത്തരം പരീക്ഷകൾ അമേരിക്കൻ സംസ്കാരത്തിൻ്റെ അഭേദ്യഭാഗമായ് അംഗീകരിക്കപ്പെട്ടു. ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കാനും, കുട്ടികളെ സ്‌കൂളിൽ ചേർക്കാനും, സീക്രട്ട് സർവ്വീസിലേക്ക് ആളെ എടുക്കാനും IQ പരീക്ഷകളെ പ്രയോജനപ്പെടുത്തി. 1950കളിൽ അമേരിക്കക്കാർ ജോലിക്കുള്ള തങ്ങളുടെ ബയോഡാറ്റകളിൽ അവരവരുടെ IQ ചേർത്തു തുടങ്ങി; ജോലിക്കുള്ള അപേക്ഷകൾക്കൊപ്പം IQ പരീക്ഷാഫലവും സമർപ്പിച്ചു; എന്തിന്,  ഈ പരീക്ഷകളുടെ അടിസ്ഥാനത്തിൽ ഇണകളെപ്പോലും തെരെഞ്ഞെടുത്തു. 'മേന്മയേറിയകുഞ്ഞുങ്ങൾ' --- Better Babies --- എന്ന മത്സരത്തിൽ പ്രദർശിപ്പിക്കപ്പെട്ട കുട്ടികളുടെ മേൽ IQ നേട്ടം കുത്തിനിർത്തപ്പെടുകയുമുണ്ടായി (രണ്ടു വയസ്സു പ്രായമുള്ളവരുടെ IQ എങ്ങനെ അളക്കുമെന്നത് ഇന്നുമൊരു രഹസ്യമാണ്).         

    







അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...