2023, ഫെബ്രുവരി 21, ചൊവ്വാഴ്ച

ജീൻ 29 [5]

 *

ലൈംഗിക വ്യവസ്ഥ , സെക്സ്, മൊത്തം അങ്ങെനെയെങ്കിൽ വെറും ഒരേയൊരു ജീൻ മാത്രമാണോ? സ്വയർ രോഗമുള്ള സ്ത്രീകളുടെ എല്ലാ ശരീരകോശങ്ങളിലും ആൺ ക്രോമസോമുകളാണുള്ളത്. എന്നാൽ, ആണത്വനിർണ്ണയജീൻ ഉൾപ്പരിവർത്തനത്താൽ നിഷ്ക്രിയമായതിനാൽ, Y ക്രോമസോം, അക്ഷരാർത്ഥത്തിൽ, വരിയുടക്കപ്പെട്ടിരിക്കുന്നു[ഇപ്പറയുന്നത്, നിന്ദ്യമായ അർത്ഥത്തിലല്ല; തീർത്തും ജീവശാസ്ത്രപരമായ അർത്ഥത്തിലാണ്). സ്വയർ ലക്ഷണമുള്ള സ്ത്രീകളുടെ കോശങ്ങളിൽ Y ക്രോമസോമിന്റെ സാന്നിദ്ധ്യമുള്ളതു കൊണ്ട്, സ്ത്രീശരീരഘടനാവികാസത്തിൽ ചിലത്  തടസ്സപ്പെടുന്നുണ്ട്. പ്രത്യേകിച്ചു പറഞ്ഞാൽ, മുലകൾ ശരിയായി രൂപപ്പെടുന്നില്ല; അണ്ഡാശയങ്ങളുടെ പ്രവർത്തനം അസ്വാഭാവികമാണ്; അതിനാൽ, ഈസ്ട്രജന്റെ അളവ് കുറവുമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും, ശാരീരിക ധർമ്മങ്ങളിൽ അവർക്ക് യാതൊരു ഭംഗവുമില്ല. സ്ത്രീശരീരഘടനയിലെ മിക്കതും തീർത്തും കുറ്റമറ്റ രീതിയിൽ വികസിച്ചിരിക്കുന്നതും കാണാം: യോനിക്കും, യോനീമുഖത്തിനും പിഴവുകളൊന്നുമില്ല; മൂത്രവാഹിനികളെ അവയോട് ഘടിപ്പിച്ചിരിക്കുന്നത്, നൂറു ശതമാനവും, ശരിയായ രീതിയിലാണ്. വിസ്മയകരമായൊരു സംഗതി, സ്വയർ രോഗമുള്ള സ്ത്രീകളുടെ ലിംഗസ്വത്വത്തിലും യാതൊരു കുഴപ്പവുമില്ലെന്നതാണ്: ഒരു ജീൻ ഒന്ന് തിരിഞ്ഞു നിഷ്ക്രിയമാകുന്നതോടെ, അവർ സ്ത്രീകൾ "ആയിത്തീരുക"യാണ്. മുതിർന്നവരിൽ ദ്വിതീയ ലൈംഗിക ലക്ഷണങ്ങൾ വികസിക്കാൻ ഈസ്ട്രജൻ ആവശ്യമാണെന്നത് ശരി തന്നെ; ശരീരപരമായ ചില വശങ്ങൾ ഊട്ടിയുറപ്പിക്കാനും ഈസ്ട്രജൻ വേണം. പക്ഷേ , സ്വയർ ലക്ഷണമുള്ള സ്ത്രീകൾക്ക്, പൊതുവേ, തങ്ങളുടെ ലിംഗത്വത്തെയോ, ലിംഗസ്വത്വത്തെയോ സംബന്ധിച്ച് യാതൊരു തരത്തിലുമുള്ള ആശയക്കുഴപ്പമില്ല. ഒരു സ്ത്രീ ഇങ്ങനെയെഴുതി: "സ്ത്രീകളുടെ ലിംഗവ്യക്തിത്വവുമായാണ് ഞാൻ, തീർച്ചയായും, താദാത്മ്യപ്പെടുന്നത് --- കുറച്ചു കാലം ഞാൻ ൺകുട്ടികളുടെ കൂടെ ഫുട്ബാൾ കളിച്ചിരുന്നു (എനിക്കൊരു ഇരട്ട സഹോദരനുണ്ടെങ്കിലും, ഞങ്ങളെക്കണ്ടാൽ ഒരുപോലെയേ അല്ല). എങ്കിലും, ഞാൻ, നിശ്ചയമായും, ആൺകുട്ടികളുടെ കൂട്ടത്തിൽ കൂടിയ പെൺകുട്ടിയായിരുന്നു. അവരുമായ് ഞാൻ അത്രയ്ക്കങ്ങ്‌ ഒത്തുപോയിരുന്നില്ല. ഞങ്ങളുടെ കളിക്കൂട്ടത്തിന് 'പൂമ്പാറ്റകൾ' എന്നു പേരിടാനാണ് ഞാൻ പറഞ്ഞത്."

സ്വയർ രോഗമുള്ള സ്ത്രീകൾ "ആൺ ശരീരത്തിൽ തളക്കപ്പെട്ട പെണ്ണുങ്ങൾ" അല്ല;  അവർ, ക്രോമസോമനുസരിച്ച് ആണായ (ഒരു ജീനൊഴിച്ച്), "പെൺശരീരത്തിൽ" തളക്കപ്പെട്ട സ്ത്രീകളാണ്. SRY എന്ന ആ ഒരൊറ്റ ജീനിലുള്ള ഉൾപ്പരിവർത്തനം (പൊതുവേ) ഒരു സ്ത്രീശരീരം സൃഷ്ടിക്കുന്നു; അതിലും നിർണ്ണായകമായ കാര്യം, പൂർണ്ണമായൊരു സ്ത്രീസ്വത്വം നിർമ്മിക്കുന്നു. മേശയിൽ ചാരിനിന്നു കൊണ്ട് ഒരു സ്വിച്ചിടുന്നതു പോലെ അനായാസവും, സാധാരണവുമായ കാര്യം.  

*

ഈ വിധം ഏകപക്ഷീയമായാണ് ജീനുകൾ ലിംഗഘടന തീരുമാനിക്കുന്നതെന്നിരിക്കേ, ലിംഗസ്വത്വത്തെ എങ്ങനെയാണ് ഇവ ബാധിക്കുന്നത്? 2004 മേയ് 5നു രാവിലെ, വിന്നിപ്പെഗ്ഗുകാരനായ, മുപ്പത്തിയെട്ട് വയസ്സുള്ള ഡേവിഡ് റെയ്മർ എന്നൊരാൾ  ഒരു  പലചരക്കു കടയുടെ പാർക്കിങ് സ്ഥലത്ത് വച്ച് ഒരു കുറുകിയ കുഴൽത്തോക്കു കൊണ്ട് സ്വയം ഹത്യ നടത്തി. ബ്രൂസ് റെയ്മർ എന്ന പേരിലായിരുന്നൂ, 1965ൽ, ഇയാളുടെ ജനനം. ക്രോമസോം അനുസരിച്ചും, ജീനുകൾ പ്രകാരവും, ആൺകുട്ടി. പിടിപ്പുകെട്ട ഒരു സർജ്ജൻ നടത്തിയ ഭയാനകമായൊരു സുന്നത്തിന് ഇയാൾ ഇരയാവുകയുണ്ടായി. അതു വഴി, കൊച്ചിലേ തന്നെ, അയാളുടെ ലിംഗം സാരമായ രീതിയിൽ താറുമാറായി. ശാസ്ത്രക്രിയ വഴി അതു വീണ്ടും നേരേയാക്കാൻ കഴിയാത്തതിനാൽ, ബ്രൂസിന്റെ മാതാപിതാക്കൾ ജോൺ മണിയുടെ അടുത്തേക്കോടി. ഹോപ്കിൻ യൂണിവേഴ്സിറ്റിയിലെ സൈക്കയാട്രിസ്റ്റ് ആയിരുന്നൂ, ജോൺ മണി. ലിംഗ(വ്യക്തി)ത്വത്തിലും, ലൈംഗികപെരുമാറ്റത്തിലുമുള്ള അദ്ദേഹത്തിന്റെ താൽപ്പര്യം ലോകപ്രസിദ്ധമായിരുന്നു. മണി കുട്ടിയെ നോക്കി; ഒരു പരീക്ഷണത്തിന്റെ ഭാഗമെന്ന നിലയിൽ, കുട്ടിയെ ഷണ്ഡനാക്കാൻ മാതാപിതാക്കളോട് ആവശ്യപ്പെട്ടു; കുട്ടിയെ പെൺകുഞ്ഞായി വളർത്തണമെന്നും. കുട്ടിക്കൊരു "സാധാരണ" ജീവിതം നൽകാൻ പരവശപ്പെട്ട അച്ഛനുമമ്മയും അത് സമ്മതിച്ചു; കുട്ടിയുടെ പേര് ബ്രെൻഡ എന്നാക്കി മാറ്റി. 

തന്റെ പരീക്ഷണത്തിന്  യൂണിവേഴ്സിറ്റിയുടേയോ, ആശുപത്രിയുടേയോ അനുവാദം മണി വാങ്ങിയിരുന്നില്ല. അറുപതുകളിൽ, ഗവേഷകർക്കിടയിൽ, പൊതുവേ നിലവിലുണ്ടായിരുന്ന ഒരു സിദ്ധാന്തം പരീക്ഷിക്കാനാണ് മണി തുനിഞ്ഞത്. ലിംഗസ്വത്വം പ്രകൃതിസഹജമല്ലാ, അത് സാമൂഹിക വൃത്തികളിലൂടെയും സാംസ്കാരികമായ അനുകരണങ്ങളിലൂടെയും നിർമ്മിക്കപ്പെടുന്നതാണെന്ന ആശയം ("നിങ്ങളെന്തു ചെയ്യുന്നുവോ, അതാണ് നിങ്ങൾ; പരിപോഷണത്തിന് പ്രകൃതിയെ മറികടക്കാനാകും") അക്കാലത്ത് പ്രമുഖമായ്‌ നിലനിന്നിരുന്നു. മണി ഈ സിദ്ധാന്തത്തിന്റെ, ഉച്ചസ്വരത്തിൽ ഘോഷിക്കുന്ന , വക്താവായിരുന്നു. ലിംഗമാറ്റത്തിൽ താനൊരു ഹെൻട്രി ഹിഗ്ഗിൻസ് (5) ആണെന്ന ഭാവേന, മണി "ലൈംഗിക പുനർനിയോഗ" ത്തിന്റെ ഉപജ്ഞാതാവായി. പെരുമാറ്റചികിത്‌സയിലൂടെയും, ഹോർമോൺ ചികിത്സയിലൂടെയുമുള്ള ലിംഗസ്വത്വത്തിന്റെ ഈ പുനഃക്രമീകരണം ദശാബ്ദങ്ങൾ ചെലവിട്ടാണ് അദ്ദേഹം കണ്ടുപിടിച്ചത്. ഈ പ്രക്രിയയിലൂടെ കടന്നുപോകുന്ന അദ്ദേഹത്തിന്റെ കക്ഷികൾക്ക്, സകാരാത്മകമായ രീതിയിൽ, സ്വത്വമാറ്റം സംഭവിക്കേണ്ടതാണ്.  'ബ്രെൻഡ'യ്ക്ക് പെണ്ണുടുപ്പുകൾ നൽകപ്പെട്ടു; അവൾ പെൺകുട്ടിയെപ്പോലെ പരിചരിക്കപ്പെട്ടു. അവൾ മുടി നീട്ടിവളർത്തി. അവൾക്ക് പെൺപാവകളെ കിട്ടി; തയ്യൽ യന്ത്രവും.  അവൾക്ക് ലിംഗമാറ്റമുണ്ടായ കാര്യം, ഒരിക്കലും, അവളുടെ അദ്ധ്യാപകരറിഞ്ഞില്ല; ചങ്ങാതികളും.   

ബ്രെൻഡയ്ക്ക് ഒരു സർവ്വസമാന ഇരട്ട സഹോദരനുണ്ടായിരുന്നു. ബ്രയൻ. അവൻ വളർന്നത് ആൺകുട്ടിയായിട്ടാണ്. ബ്രെൻഡയും ബ്രയനും, അവരുടെ ബാല്യകാലത്ത്, ബാൾട്ടിമോറിലുള്ള മണിയുടെ ക്ലിനിക് പതിവായി സന്ദർശിക്കുമായിരുന്നു. ബ്രെൻഡ കൗമാരത്തിലെത്തിയതോടെ, അവളെ പെണ്ണാക്കുന്നതിനു വേണ്ടി, മണി അവൾക്ക് ഈസ്ട്രജൻ മരുന്നുകൾ നൽകി. ശസ്ത്രക്രിയ വഴി അവളിലൊരു കൃത്രിമ യോനി വച്ചുപിടിപ്പിച്ച്,  അവളെ ശരീരഘടനയിലും പൂർണ്ണമായും സ്ത്രീയാക്കാനുള്ള  തയ്യാറെടുപ്പുകളും പൂർത്തിയാക്കി. ലിംഗപരമായ ഈ പുനർനിയോഗത്തിന്റെ അസാധാരണ വിജയം വിളംബരം ചെയ്യുന്ന, ഏറെ ഉദ്ധരിക്കപ്പെട്ട, തുടർച്ചയായ നിരവധി ലേഖനങ്ങൾ മണി പ്രസിദ്ധം ചെയ്തു. തന്റെ പുതിയ സ്വത്വവുമായ്  ബ്രെൻഡ തികഞ്ഞ ശാന്തതയോടെയാണ് പൊരുത്തപ്പെട്ടു വരുന്നതെന്ന് അദ്ദേഹം വാദിച്ചു. അവളുടെ ഇരട്ട, ബ്രയൻ, ഒരു "പരുക്കൻ"" കുട്ടിയാണെങ്കിൽ, ബ്രെൻഡ "ചുറുചുറുക്കുള്ള ഒരു കൊച്ചു പെൺകുട്ടി"യാണ്; സ്ത്രീത്വത്തിലേക്ക് ഇറങ്ങിവരാൻ ബ്രെൻഡയ്ക്ക് തടസ്സങ്ങളൊന്നുമുണ്ടാവില്ല, എന്നൊക്കെയാണ് മണി പ്രഖ്യാപിച്ചത്. "ജനനസമയത്ത് ലിംഗസ്വത്വം വേണ്ടത്ര അപൂർണ്ണമായിട്ടാണ് വേർതിരിഞ്ഞു വരുന്നത്; അതിനാൽ, ജനിതകപരമായ ഒരാണിനെ പെണ്ണായി പുനർനിയോഗിക്കുന്നതിൽ വിജയിക്കാനുള്ള സാദ്ധ്യതയുണ്ട്."

വാസ്തവത്തിൽ, സത്യം ഇതിൽനിന്നൊക്കെ എത്രയോ വിദൂരമായിരുന്നു. നാലാമത്തെ വയസ്സിൽ ബ്രെൻഡ നിർബന്ധത്തിനു വഴങ്ങി ധരിച്ചിരുന്ന തന്റെ വെള്ളയും റോസും കലർന്ന വസ്ത്രം കത്രികകൊണ്ട് ഛിന്നഭിന്നമാക്കി. പെൺകുട്ടിയെപ്പോലെ മിണ്ടാനും നടക്കാനും ആവശ്യപ്പെട്ടപ്പോഴൊക്കെ, അവൾ കോപിഷ്ഠയായി. തന്റേതല്ലാത്ത, തനിക്കനുയോജ്യമല്ലാത്ത, ഒരു സ്വത്വത്തിൽ തളക്കപ്പെട്ടുപോയ അവൾ ആശങ്കാകുലയായി; വിഷാദത്തിലായി; ആശയക്കുഴപ്പത്തിലായി; വേദനയിലുമായി. പലപ്പോഴും, അവൾ ക്രോധത്താൽ പൊട്ടിത്തെറിച്ചു. സ്‌കൂൾ റിപ്പോർട്ടിൽ ബ്രെൻഡ വിശേപ്പിക്കപ്പെട്ടത് ഇങ്ങനെയാണ്: "ആൺകുട്ടിയുടെ ശീലങ്ങളുള്ള പെൺകുട്ടി", "മറ്റുള്ളവരെ ഭരിക്കുന്നവൾ", "സമൃദ്ധമായ കായികോർജ്ജമുള്ളവൾ". പാവകൾക്കൊപ്പം, പെൺകുട്ടികൾക്കൊപ്പവും, കളിക്കാൻ അവൾ കൂട്ടാക്കിയില്ല. പകരം, അവൾ തന്റെ സഹോദരന്റെ കളിപ്പാട്ടങ്ങൾകൊണ്ടാണ് കളിച്ചത് (ഒരേയൊരു തവണ മാത്രമാണ് അവൾ തന്റെ തയ്യൽ യന്ത്രത്തിനൊപ്പം കളിച്ചത്; അച്ഛന്റെ പണിയായുധപെട്ടിയിൽനിന്ന് സ്ക്രൂ ഡ്രൈവർ മോഷ്ടിച്ച്, ആ യന്ത്രത്തിന്റെ സ്ക്രൂവെല്ലാം ഓരോന്നായി ഇളക്കിമാറ്റി, അതിനെ അതീവശ്രദ്ധയോടെ പൊളിച്ചടുക്കാൻ). സ്‌കൂളിൽ, ബ്രെൻഡ ഉപയോഗിച്ചത് പെൺമൂത്രപ്പുര തന്നെയാണ്; പക്ഷേ, അവളുടെ സഹപാഠികളെ അമ്പരിപ്പിച്ചു കൊണ്ട്, കാലുകൾ അകറ്റി, നിന്നുകൊണ്ടാണ് അവൾ മൂത്രമൊഴിച്ചത്.

പതിനാലു വയസ്സായപ്പോൾ, ബ്രെൻഡ ഈ വിലക്ഷണ പ്രഹസനത്തിന് വിരാമമിട്ടു. അവൾ യോനീ ശസ്ത്രക്രിയ നിരസിച്ചു; ഈസ്ട്രജൻ ഗുളികകൾ കഴിക്കുന്നത് നിർത്തി; മുലകളെടുത്തു മാറ്റുന്ന മാസ്റ്റെക്റ്റമിക്ക് വിധേയയായി; ആണത്വത്തിലേക്ക് തിരിച്ചു വരാൻ ടെസ്റ്റോസ്റ്റെറോൺ കുത്തി വച്ചു. അവൾ --- അവൻ --- പേരും മാറ്റി; ഡേവിഡ് ആയി. 1990ൽ അയാൾ ഒരു സ്ത്രീയെ വിവാഹം കഴിച്ചു. പക്ഷേ, ആ ബന്ധം തുടക്കത്തിലേ വഷളായി. ബ്രൂസ്/ ബ്രെൻഡ/ ഡേവിഡ് ---  പെൺകുട്ടിയിൽനിന്ന് പുരുഷനായ് മാറിയ ആൺകുട്ടി --- സർവ്വനാശകരമായഭീതിക്കും, ക്രോധത്തിനും, വിഷാദത്തിനും, നിഷേധത്തിനുമിടയിൽ തെന്നിത്തെറിച്ചുകൊണ്ടേയിരുന്നു. അയാൾക്ക് തന്റെ ജോലി നഷ്ടമായി; വിവാഹം പരാജയമായി; 2004ൽ, ഭാര്യയുമായുള്ള കടുത്ത വഴക്കിനു പിന്നാലെ, ഡേവിഡ് ആത്മഹത്യ ചെയ്തു  

-----------------------------------------------------------------------------------------------------------------------------

(5) ഹെൻട്രി ഹിഗ്ഗിൻസ്: ബർണാർഡ് ഷായുടെ 'പിഗ്മാലിയൻ' നാടകത്തിലെ ഉച്ചാരണ വിദ്വാൻ. കോക്‌നിക്കാരിയായ എലിസബത്ത് ഡൂലിറ്റിലിനെ ശരിയായി ഇംഗ്ലീഷു പറയുന്നത് പഠിപ്പിക്കാൻ തനിക്കാകുമെന്ന് ഈ വിദ്വാൻ അവകാശപ്പെട്ടു. 





















 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...