2023, ഫെബ്രുവരി 11, ശനിയാഴ്‌ച

ജീൻ 28 (7)

ദാരിദ്ര്യത്തിൻ്റെ,  ഇല്ലായ്മയുടെ, ഫലമാണ് കറുത്തവർക്കും വെളുത്തവർക്കും ഇടയിൽ പൊതുവേ കാണപ്പെടുന്ന IQ വ്യത്യാസത്തിന് ന്യായമായ കാരണം. പക്ഷേ, മുറേയും ഹേൺസ്റ്റെയ്‌നും കൂടുതൽ ചുഴിഞ്ഞു നോക്കി. സാമൂഹികസാമ്പത്തിക സ്ഥിതി നേരെയാക്കിയതിനു ശേഷവും, കറുത്തവർക്കും വെളുത്തവർക്കുമിടയിലുള്ള അളവു വ്യത്യാസം പൂർണ്ണമായും ഒഴിഞ്ഞുപോകുന്നില്ലെന്നാണ് അവർ കണ്ടത്. ആഫ്രിക്കൻ-അമേരിക്കക്കാരുടെ IQവും, വെള്ളക്കാരുടെ IQവും, സാമൂഹികസാമ്പത്തിക സ്ഥിതി കൂടുന്നതിനനുസരിച്ച്, കൂടിക്കൂടി വരുന്നതായ് കണ്ടു. അത് സ്വാഭാവികമായിരുന്നു. വെളുത്ത വർഗ്ഗത്തിൽപ്പെട്ടവരായാലും, കറുത്ത വർഗ്ഗത്തിൽപ്പെട്ടവരായാലും, സമ്പന്ന സന്താനങ്ങൾ ദരിദ്രസന്താനങ്ങളേക്കാൾ മികവു കാട്ടും. എന്നിരിക്കിലും, ഈ രണ്ടു വർഗ്ഗങ്ങൾക്കുമിടയിലുള്ള IQവ്യത്യാസം നിലനിന്നുപോന്നു. വിരോധാഭാസമെന്ന് പറയാം, കറുത്തവരുടെയും വെളുത്തുവരുടെയും സാമൂഹികസാമ്പത്തിക നില കൂടുന്നതിനനുസരിച്ച് അവർക്കിടയിലെ ആ വ്യത്യാസം  വർദ്ധിക്കുന്നതായാണ് കണ്ടത്. സമ്പന്നരായ വെള്ളക്കാരും സമ്പന്നരായ കറുത്തവരും തമ്മിലുള്ള IQ വ്യത്യാസം ഇനിയും ഗണ്യമായിരുന്നു. ഉന്നതവരുമാനമുള്ളവരെയെടുക്കുമ്പോൾ, ഈ അകൽച്ച കുറയുന്നതിനു പകരം കൂടുന്നതായാണ് കണ്ടത്.  

                                                                          *
പ്രസ്തുത പരീക്ഷണഫലങ്ങളെ അപഗ്രഥിക്കാനും, പുനർവിചാരണ ചെയ്യാനും, പൊളിച്ചുകാട്ടാനും വേണ്ടി  പുസ്തകങ്ങളിലും, പത്രങ്ങളിലും, ശാസ്ത്രമാസികകളിലുമായ് ചെലവഴിക്കപ്പെട്ട മഷിക്ക് കണക്കില്ല. പരിണാമജീവശാസ്ത്രജ്ഞനായിരുന്ന സ്റ്റീഫൻ ഗൗൾഡ് ന്യൂയോർക്കറിൽ എഴുതിയ ലേഖനം ഇതിനൊരുദാഹരണമാണ്. ഫലം തീക്ഷ്ണമല്ലാത്തതിനാലും, പരീക്ഷകളിലെ വ്യതിയാനങ്ങൾ വിശാലമായതിനാലും, ഈ വ്യത്യാസത്തെ സംബന്ധിച്ച് സ്ഥിതിവിവരപരമായ എന്തെങ്കിലും നിഗമനങ്ങളിലെത്താൻ കഴിയില്ലെന്നാണ് അദ്ദേഹം വാദിച്ചത്. വെള്ളക്കാർക്കും ആഫ്രിക്കൻ-അമേരിക്കക്കാർക്കും ഇടയിലെ സാംസ്കാരിക വിടവിന് അടിമത്തത്തിൻ്റെയും, വംശവെറിയുടെയും, അന്ധവിശ്വാസത്തിൻ്റെയും ചരിത്രഭാരം നാടകീയമായ ആഴമുളവാക്കിയതിനാൽ, വംശങ്ങൾക്കിടയിൽ ജീവശാസ്ത്രപരമായ ലക്ഷണങ്ങളെ അർത്ഥവത്തായ രീതിയിൽ താരതമ്യം ചെയ്യാനാകില്ലെന്ന്, ഹാർവാർഡിലെ ചരിത്രകാരനായിരുന്ന ഒർലാൻഡോ പറ്റേഴ്സൺ, "മണി വളയുന്നത് ആർക്കുവേണ്ടി" (For Whom the  Bell Curves) എന്ന് തന്ത്രപൂർവ്വം തലക്കെട്ടിട്ട ഒരു പുസ്തകത്തിലൂടെ, വായനക്കാരെ ഓർമ്മപ്പെടുത്തി. സാമൂഹികമനഃശാസ്ത്രജ്ഞനായ ക്ലോഡ് സ്റ്റീൽ മറ്റൊന്നു തെളിയിച്ചു: പുതിയൊരു ഇലക്ട്രോണിക് പേന ഉപയോഗിക്കാനോ, അല്ലെങ്കിൽ മാർക്കു കിട്ടാനുള്ള പുതിയൊരു രീതി ഉപയോഗിക്കാനോ വേണ്ടി കറുത്ത വിദ്യാർത്ഥികളോട് IQ പരീക്ഷക്കിരിക്കാൻ ആവശ്യപ്പെട്ടപ്പോൾ, അവരാ പരീക്ഷകളിൽ മികവു കാട്ടി. എന്നാൽ, അവരുടെ "ബുദ്ധി"യാണ് പരീക്ഷിക്കപ്പെടുന്നതെന്ന് അതേ കുട്ടികളോട് പറഞ്ഞപ്പോൾ, അവരുടെ മാർക്ക് കുറയുകയുണ്ടായി. അതിനർത്ഥമെന്താണ്? പരീക്ഷിക്കപ്പെടുന്നത് "ബുദ്ധി"യല്ല; അഭിരുചിയാണ്, ആത്മവിശ്വാസമാണ്, അല്ലെങ്കിൽ കേവലം അഹംഭാവമോ, ആശങ്കയോ ആണ്. സാർവ്വത്രികവും, വിദ്വേഷപൂരിതവുമായ വിവേചനം പതിവായി അനുഭവിക്കുന്ന കറുത്തവരിൽ ഇത്തരമൊരു പ്രവണത സ്വയം ശക്തിപ്പെടുന്നതാണ്. കറുത്ത കുട്ടികൾ പരീക്ഷകളിൽ മോശപ്പെടുന്നത്, പരീക്ഷകളിൽ അവർ മോശക്കാരാണെന്ന് അവരോട് പറഞ്ഞുകൊണ്ടേയിരിക്കുന്നതുകൊണ്ടാണ്. അങ്ങനെ പറഞ്ഞതു കേട്ട്, അവർ പരീക്ഷയിൽ പരാജയപ്പെടുന്നു. ആ പരാജയം, അവർ "ബുദ്ധി"യില്ലാത്തവരാണെന്ന ആശയത്തെ വളർത്തുന്നു. ഇതങ്ങനെ അനന്തമായ് തുടർന്നു പോകുന്നു. 

ബെൽ കർവിലെ അന്തിമവും മാരകവുമായ പിഴവ്, പക്ഷേ, ഇതിനേക്കാളൊക്കെ ലളിതമായൊരു സംഗതിയാണ്. എണ്ണൂറോളം താളുകളുള്ള ആ പുസ്തകത്തിലെ നിസ്സാരമായൊരു ഖണ്ഡികയിൽ, തീർത്തും അദൃശ്യമായ് പോയേക്കാവുന്ന വിധം, മറഞ്ഞിരിക്കുന്ന ഒരു വസ്തുത. ഒരേ IQഅളവുള്ള (ഉദാഹരണത്തിന്, 150) കറുത്തവരെയും വെളുത്തവരെയുമെടുത്ത്, വിഭിന്നമായ ഉപപരീക്ഷകളിലുള്ള അവരുടെ പ്രകടനം പരിശോധിച്ചാൽ, ചില പരീക്ഷകളിൽ (ഉദാഹരണത്തിന്, ഹ്രസ്വകാല ഓർമ്മ പരീക്ഷിക്കുന്നവയിൽ) കറുത്ത കുട്ടികളും മറ്റു ചിലവയിൽ (ദൃശ്യ-സ്ഥലപരമായ പരീക്ഷകളിലും, ഗ്രഹണാത്മകമായ മാറ്റങ്ങളുടെ പരീക്ഷകളിലും) വെളുത്ത കുട്ടികളും മെച്ചപ്പെട്ട വിജയം നേടുന്നത് കാണാം. മറ്റു വാക്കുകളിൽ പറഞ്ഞാൽ, വിവിധ വർഗ്ഗങ്ങളിൽപ്പെടുന്നവരും, അവരുടെ ജീൻ വൈജാത്യങ്ങളും ഒരു IQ പരീക്ഷയിൽ നടത്തുന്ന പ്രകടനം, ആ പരീക്ഷ രൂപപ്പെടുത്തിയ രീതിയെ ആശ്രയിച്ചിരിക്കും. ഒരേ പരീക്ഷയിലെത്തന്നെ കട്ടികളും തുലാസും മാറ്റുകയാണെങ്കിൽ, ബുദ്ധിയുടെ അളവിലും വ്യത്യാസം വരുന്നതാണ്. 

1976ൽ സാന്ദ്രാ സ്‌കാറും റിച്ചാർഡ് വെയ്ൻബർഗും നടത്തിയ, പൊതുവേ വിസ്മൃതമായിരിക്കുന്ന, ഒരു പഠനം ഇത്തരമൊരു പ്രവണതയ്ക്കുള്ള ശക്തമായ തെളിവ്, നൽകുന്നുണ്ട്. വെളുത്ത മാതാപിതാക്കൾ ദത്തെടുത്ത കറുത്ത കുട്ടികളെയാണ് സ്കാർ പഠനവിധേയമാക്കിയത്. ഈ കുട്ടികളുടെ ശരാശരി IQ, 106 ആണെന്ന് കാണുകയുണ്ടായി. അത് വെളുത്ത കുട്ടികളുടെ IQവോളം തന്നെ  ഉയർന്നതായിരുന്നു. സമാനസ്ഥിതിയിലുള്ള കറുത്ത മറ്റുകുട്ടികളെക്കൂടി ശ്രദ്ധയോടെ അപഗ്രഥിച്ച ശേഷം, സ്കാർ ഒരു നിഗമനത്തിലെത്തി: "ബുദ്ധി"യല്ലാ മെച്ചപ്പെടുന്നത്; ബുദ്ധിയുടെ പ്രത്യേകമായഉപപരീക്ഷകളിലുള്ള പ്രകടനമാണ്. 

ഇന്ന് രൂപകൽപ്പന ചെയ്യപ്പെട്ടിട്ടുള്ള IQപരീക്ഷകൾ, യഥാർത്ഥ ലോകത്തിലുള്ള പ്രകടനം പ്രവചിക്കുന്നതുകൊണ്ട്,  കൃത്യത ഉള്ളതാണെന്ന് പറഞ്ഞ് ഈ അനുമാനത്തെ നമുക്ക് തള്ളിക്കളയാൻ സാദ്ധ്യമല്ല. അത്തരം പ്രവചനങ്ങൾ നടക്കുന്നുവെന്നത് ശരി തന്നെ. അതിന് കാരണമുണ്ട്. IQ എന്ന സങ്കൽപ്പം പ്രബലമാം വിധം സ്വയം ശക്തീകരിക്കുന്നതാണ്. സ്വയം പ്രചാരണം ധർമ്മമായ, ഭീമമായ അർത്ഥവും മൂല്യവും ചാലിച്ച ഒരു ലക്ഷണത്തെയാണ് IQ അളക്കുന്നത്. അതിൻ്റെ യുക്തിയുടെ വൃത്തം തീർത്തും അടഞ്ഞതും അഭേദ്യവുമാണ്. എന്നാൽ, ആ പരീക്ഷയുടെ യഥാർത്ഥമായ രൂപകൽപ്പന പൊതുവേ സ്വേച്ഛാപരമാണ്. ഒരു പരീക്ഷയിലെ സംതുലനാവസ്ഥ മാറ്റുക വഴി (ഉദാഹരണത്തിന്, ദൃശ്യ-സ്ഥല ഗ്രഹണശക്തിയിൽ നിന്ന് ഹ്രസ്വകാല ഓർമ്മയിലേക്ക് മാറ്റുക വഴി) ബുദ്ധി എന്ന വാക്ക് സാരശൂന്യമാകില്ല; പക്ഷേ, കറുത്തവർക്കും വെളുത്തവർക്കുമിടയിലെ IQ വ്യത്യാസം മാറുക തന്നെ ചെയ്യും. കുഴപ്പം അവിടെയാണ്. g എന്ന ആശയത്തിലുള്ള കെണി ഇതാണ്: അത്,  അളക്കാനും പാരമ്പര്യമായ് ആർജ്ജിക്കാനും കഴിയുന്ന ജീവശാസ്ത്രപരമായ ഒരു ലക്ഷണമാണെന്ന് ഭാവിക്കുന്നു; പക്ഷേ, വാസ്തവത്തിൽ, അത് ശക്തമായ സാംസ്കാരികമായ പ്രാധാന്യങ്ങളാൽ നിർണ്ണയിക്കപ്പെടുന്ന ഒന്നാണ്. ലളിതമായ് പറഞ്ഞാൽ, ഏറെ അപകടകാരിയായ ഒന്നാണത്: ജീൻ എന്ന ഭാവേന വ്യവഹരിക്കുന്ന ഒരു മീം. 

വൈദ്യാത്മകജനിതകശാസ്ത്രം നമ്മെ പഠിപ്പിക്കുന്ന ഒരു പാഠമുണ്ട്: ജീവശാസ്ത്രവും സംസ്കാരവും തമ്മിലുള്ള ഇത്തരം തെറ്റിദ്ധാരണ ശ്രദ്ധിക്കേണ്ടതാണെന്ന പാഠം. മനുഷ്യർ പൊതുവേ ജനിതകപരമായി സദൃശരാണെന്ന് ഇന്ന് നമുക്കറിയാം; എന്നാൽ, ശരിയായ നാനാത്വമുളവാക്കാൻ മതിയായ വൈജാത്യം നമ്മളിലുണ്ട്. കൃത്യമായ് പറഞ്ഞാൽ, ജനോമിൻ്റെ വിശാലമായ തലത്തിൽ ചെറുതായിരിക്കുന്ന വൈജാത്യങ്ങളെ വിപുലീകരിക്കുവാനുള്ള ജീവശാസ്ത്രപരവും സാംസ്കാരികവുമായ പ്രവണത നമ്മിലുണ്ട്. കഴിവുകളിലെ വ്യതിയാനങ്ങൾ കണ്ടുപിടിക്കാൻ വേണ്ടി രൂപപ്പെടുത്തിയ പരീക്ഷകൾ, ആ വ്യതിയാനങ്ങൾ കണ്ടുപിടിക്കാനുള്ള സാദ്ധ്യതയുണ്ട്. ആ വ്യതിയാനങ്ങളാകട്ടേ, വംശപരമായിരിക്കാനും സാദ്ധ്യതയുണ്ട്. എന്നാൽ, അത്തരമൊരു പരീക്ഷയിലെ അളവിനെ "ബുദ്ധി" എന്ന് വിളിക്കുന്നത് (പ്രത്യേകിച്ചും, ആ പരിമാണം, പരീക്ഷയുടെ രൂപകൽപ്പനയോട് സവിഷേശമായും പ്രതികരണക്ഷമതയുള്ളതായതിനാൽ) ആ പരീക്ഷ അളക്കാൻ തുനിയുന്ന ലക്ഷണത്തെത്തന്നെ അപമാനിക്കുന്നതിനു തുല്യമാണ്. 

മനുഷ്യരിലെ വൈവിധ്യത്തെ എങ്ങനെ വർഗ്ഗീകരിക്കണമെന്നും, മനസ്സിലാക്കണമെന്നും നമ്മോടു പറയുവാൻ ജീനുകൾക്ക് കഴിയില്ല. അത് പറയാൻ കഴിയുന്നത് പരിതസ്ഥിതികൾക്കാണ്;സംസ്കാരങ്ങൾക്കാണ്; ദേശങ്ങൾക്കാണ്; ചരിത്രങ്ങൾക്കാണ്. ഈയൊരു തെറ്റിദ്ധാരണ മനസ്സിലാക്കുന്നതിൽ നമ്മുടെ ഭാഷ ബദ്ധപ്പെടുന്നു. ഒരു ജനിതക വൈജാത്യം, സ്ഥിതിവിവരപരമായ്, സർവ്വസാധാരണമെങ്കിൽ നാം അതിനെ സ്വാഭാവികം  എന്നു വിളിക്കുന്നു. സ്ഥിവിവരപ്രകാരം സാന്നിദ്ധ്യക്കൂടുതൽ ഉണ്ടെന്നു മാത്രമല്ലാ ആ വാക്ക് വ്യഞ്ജിപ്പിക്കുന്നത്; ഗുണപരമായും, ധാർമ്മികമായിപ്പോലും, മുൻതൂക്കമുണ്ടെന്നാണ്. [മെറിയം-വെബ്സ്റ്റർ നിഘണ്ടുവിൽ സ്വാഭാവികത്തിന് എട്ടിൽ കുറയാത്ത അർത്ഥങ്ങൾ കാണാം: 'സഹജമായുള്ളത്', 'ദേഹപരമായും, മാനസികപരമായും അരോഗമായത്' എന്നിങ്ങനെ.] വൈജാത്യം വിരളമാണെങ്കിൽ അതിനെ 'പിരിതിരിഞ്ഞത്' [mutant] എന്ന് വിളിക്കും. ആ വാക്ക് സ്ഥിതിവിവരപ്രകാരം വിരളമാണെന്നു മാത്രമല്ല ധ്വനിപ്പിക്കുന്നത്; ഗുണപരമായി നീചമെന്നും,ധാർമ്മികമായ് ജുഗുപ്സാവഹമെന്നുപോലും ആണ്.   

ജനിതകവൈജാത്യത്തിനുമേൽ ഭാഷാപരമായ വിവേചനം ചാർത്തിയും, ജീവശാസ്ത്രത്തിൽ കാമന ചാലിച്ചും കഥ അങ്ങനെ നീങ്ങുന്നു. ഒരു ജനിതകവ്യതിയാനം പ്രത്യേകമായൊരു ചുറ്റുപാടിൽ ഒരു ജീവിയുടെ ആരോഗ്യത്തിൽ ഇടിവുണ്ടാക്കുമ്പോൾ [ഉദാഹരണത്തിന്, അൻ്റാർട്ടിക്കയിലെ രോമമില്ലാത്ത ഒരാൾ]ആ പ്രതിഭാസത്തിന് നാം ജനിതകരോഗം എന്ന് പേരിടുന്നു. അതേ വ്യതിയാനം മറ്റൊരു ചാറ്റുപാടിൽ ആരോഗ്യം മെച്ചപ്പെടുത്തുമ്പോൾ നാം ആ ജീവി ജനിതകപരമായ് മെച്ചപ്പെട്ടുവെന്ന് പറയുന്നു. ഇത്തരം നിർണ്ണയങ്ങൾ അർത്ഥശൂന്യമാണെന്ന്  പരിണാമജീവശാസ്ത്രവും ജനിതകശാസ്ത്രവും തമ്മിലുള്ള സംശ്ലേഷണം നമ്മെ ഓർമ്മിപ്പിക്കുന്നു. 'മേന്മ', അല്ലെങ്കിൽ 'രോഗം' എന്നിവ ഒരു പ്രത്യേക ജനിതകരൂപത്തിന്, പ്രത്യേക പരിതസ്ഥിയോടുള്ള ഇണക്കത്തെ അളക്കുന്ന വാക്കുകൾ മാത്രമാണ്. പരിതസ്ഥിതിയിൽ മാറ്റമുണ്ടായാൽ, വാക്കുകളുടെ അർത്ഥവും തിരിഞ്ഞു പോകാം. മനഃശാസ്ത്രജ്ഞനായ അലിസൺ ഗോപ്നിക് എഴുതുന്നു: "ആരും വായിക്കാതിരുന്ന കാലത്ത്, പദാന്ധത [dyslexia] ഒരു പ്രശ്നമല്ലായിരുന്നു. ആളുകൾ വേട്ടയാടിയിരുന്ന കാലത്ത്, ശ്രദ്ധകേന്ദ്രീകരിക്കാനുള്ള നിങ്ങളുടെ കഴിവിലെ ജനിതകപരമായ ഒരു കുഞ്ഞു വ്യതിയാനം വലിയൊരു പ്രശ്നമേ ആയിരുന്നില്ല; ചിലപ്പോഴത് ഒരു നേട്ടം പോലുമായിരുന്നിരിക്കണം [ഒരേ സമയം, പല ലക്ഷ്യങ്ങളിൽ ശ്രദ്ധയൂന്നാൻ വേട്ടക്കാരനെ അതു സഹായിച്ചിരുന്നിരിക്കാം]. ഭൂരിപക്ഷം പേർക്കും ഹൈസ്‌കൂൾ കടന്നുകിട്ടേണ്ടത് അത്യാവശ്യമാകുമ്പോൾ, ഇതേ വ്യതിയാനം ജീവിതത്തെ മാറ്റിയേക്കാവുന്ന രോഗമായ് വന്നേക്കാം."           

                                                                                  *
മാനുഷരെ വംശീയമായ് തരം തിരിക്കാനുള്ള മോഹവും, ബുദ്ധി [അല്ലെങ്കിൽ, കുറ്റവാസന, സർഗ്ഗവാസന, ഹിംസാത്മകത) തുടങ്ങിയ ലക്ഷണങ്ങൾ വംശീയമായ് ചാർത്തിക്കൊടുക്കാനുള്ള ആവേശവും, ജനിതകശാസ്ത്രത്തെയും വർഗ്ഗീകരണത്തെയും കുറിച്ചുള്ള ഒരു പ്രമേയത്തെയാണ് ചിത്രീകരിക്കുന്നത്. ഇംഗ്ലീഷ് നോവലിനെ, അല്ലെങ്കിൽ മുഖങ്ങളെ എന്ന പോലെ മാനവജനോമിനേയുംവ്യതസ്തമായ നിരവധി  രീതികളിൽ ഒന്നിച്ചു ചേർക്കാനും വേർതിരിക്കാനും സാധിക്കും. ഒന്നിപ്പിക്കണോ, വേർതിരിക്കണോ, തരംതിരിക്കണോ, സംശ്ലേഷിപ്പിക്കണോ എന്നത് നമ്മുടെ തീരുമാനമാണ്. ജനിതകരോഗം (ഉദാഹരണത്തിന്, അരിവാൾ അനീമിയ) പോലുള്ള വ്യതിരിക്തവും, പരമ്പരാഗതവുമായ ഒരു ജൈവലക്ഷണത്തിന് മുൻ‌തൂക്കമുണ്ടാകുമ്പോൾ, ആ ലക്ഷണത്തിൻ്റെ സ്ഥാനം കണ്ടെത്താൻ ജനോമിനെ പരിശോധിക്കുന്നത് പൂർണ്ണമായും യുക്തിസഹമാണ്. പരമ്പരാഗതമായ ആ ലക്ഷണം എത്ര കൃത്യമായ് നിർവ്വചിക്കാൻ കഴിയുന്നുവോ, അത്രയും എളുപ്പത്തിൽ അതിൻ്റെ ജനിതകസ്ഥാനം നമുക്ക് കണ്ടെത്താം; ഏതെങ്കിലും മനുഷ്യസമൂഹത്തിൽ ആ ലക്ഷണത്തെ വേർതിരിച്ചെടുക്കാനും [ഉദാഹരണമായി, ടേ-സാക് രോഗത്തിൻ്റെ കാര്യത്തിൽ ആഷ്കെനാസി ജൂതർ; അരിവാൾ അനീമിയയുടെ കാര്യത്തിൽ ആഫ്രോ-കരീബിയൻമാർ] കഴിയും. മാരത്തോൺ ഓട്ടം ഒരു ജനിതകകായികവിനോദമാകുന്നതിന് ഒരു കാരണമുണ്ട്. ഒരു ഭൂഖണ്ഡത്തിലെ ഇടുങ്ങിയ ഒരു കിഴക്കൻ ചീളായ എത്യോപ്യയിലെയും കെന്യയിലെയും ഓട്ടക്കാർ ഈ മത്സരത്തിൽ മുൻപന്തിയിലെത്തുന്നതിന് കാരണം കഴിവും പരിശീലനവും മാത്രമല്ല; പ്രത്യേകതരത്തിലുള്ള ഒരു തരം അതിസഹനശക്തിയുടെ പരീക്ഷയായി മരത്തോണിനെ ചുരുക്കി നിർവ്വചിച്ചതുകൊണ്ടു കൂടിയാണ്. ഈ സഹനശക്തിയെ സശക്തമാക്കുന്ന ജീനുകൾ [വ്യത്യസ്തമായ ശരീരഘടനയും ധർമ്മവും ഉപാപചയവും സൃഷ്ടിക്കുന്ന വിജാതീയ ജീനുകളുടെ സംയോജനം] പ്രകൃത്യാ നിർദ്ധാരണം ചെയ്യപ്പെട്ടതാണ്.       

ഇതിനു വിപരീതമായി, ഒരു ലക്ഷണത്തിൻ്റെ [ഉദാഹരണത്തിന്, ബുദ്ധി, സ്വാഭാവപ്രവണത] നിർവ്വചനം വിപുലമാക്കുമ്പോൾ, ആ ലക്ഷണത്തിന് ഒറ്റപ്പെട്ട ജീനുകളുമായ് പരസ്പര ബന്ധമുണ്ടാകാനുള്ള സാദ്ധ്യത കുറവാണ്; അതു വഴി,  വംശങ്ങൾക്കും ഗോത്രങ്ങൾക്കും ഉപവിഭാഗങ്ങൾക്കും ബന്ധമുണ്ടാകാനുള്ള സാദ്ധ്യത കുറവാണ്. മാരത്തോൺ ഓട്ടം പോലെയല്ലാ ബുദ്ധിയും, സ്വഭാവപ്രവണതകളും. അവയ്ക്ക് സ്ഥിരമായ വിജയ മാനദണ്ഡങ്ങളില്ല; തുടക്കവും ഒടുക്കവുമില്ല. തിരിഞ്ഞോടിയാലും, തെറ്റി ഓടിയാലും വിജയിക്കാനുള്ള സാദ്ധ്യതയുണ്ട്. 

ഒരു ലക്ഷണത്തിൻ്റെ സങ്കുചിതമോ, വ്യാപകമോ ആയ നിർവ്വചനം, വാസ്തവത്തിൽ, സ്വത്വസംബന്ധിയായ പ്രശ്നമാണ്. മനുഷ്യരെ [അതായത്, നമ്മളെ] സാംസ്കാരികമായും, സാമൂഹികമായും, രാഷ്ട്രീയമായും നാമെങ്ങിനെ നിർവ്വചിക്കുകയും, വർഗ്ഗീകരിക്കുകയും, മനസ്സിലാക്കുകയും ചെയ്യുന്നുവെന്നതിനെ സംബന്ധിക്കുന്ന പ്രശ്നം. വംശനിർവ്വചനത്തെച്ചൊല്ലിയുള്ള  നമ്മുടെ കലങ്ങിയ സംവാദങ്ങളിൽ ഇല്ലാതിരിക്കുന്ന നിർണ്ണായകമായൊരു ഘടകം, അപ്പോൾ, സ്വത്വനിർവ്വചനത്തെക്കുറിച്ചുള്ള സംവാദമാണ്.  






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...