2023, ഫെബ്രുവരി 17, വെള്ളിയാഴ്‌ച

ജീൻ 29 [3]

സ്റ്റീവൻസിൻ്റെ ഉറ്റ സഹഗവേഷകൻ എഡ്മണ്ട് വിൽ‌സൺ, ഒരു കോശജീവശാസ്ത്രകാരൻ, അവരുടെ ഗവേഷണഫലത്തെ സ്ഥിരീകരിച്ചു. അയാൾ അവരുടെ സാങ്കേതിക പാദങ്ങളെ കൂടുതൽ ലളിതമാക്കിക്കൊണ്ട്, ആൺ ക്രോമസോമിനെ Y എന്നും, പെൺ ക്രോമസോമിനെ X എന്നും വിളിച്ചു. ക്രോമസോം ഭാഷയനുസരിച്ച്, ആൺ ക്രോമസമുകൾ XYയും, പെൺ ക്രോമസോമുകൾ XXഉമായി. Yക്രോമസോമുള്ള ബീജം അണ്ഡവുമായ് സങ്കലനത്തിലാകുമ്പോൾ, XY സംയുക്തമുണ്ടാവുകയും, ആണത്വം  തീരുമാനിക്കപ്പെടുകയും ചെയ്യുന്നു. അണ്ഡവുമായ്‌ X ക്രോമസോമുള്ള ബീജം സങ്കലനത്തിലേർപ്പെടുമ്പോൾ, ഫലം XX ആകുന്നു; അതു  വഴി പെണ്ണത്വം തീരുമാനിക്കപ്പെടുന്നു. ഇടതു-വലതു വൃഷണങ്ങളല്ലാ ലിംഗനിർണ്ണയത്തിനു ഹേതു; അതുപോലെയുള്ള മറ്റൊരു ആകസ്മികമായ പ്രക്രിയയാണ്. അണ്ഡവുമായ് ആദ്യം സംഗമിച്ച്  അതിനെ ബീജസങ്കലനം ചെയ്യുന്ന ജനിതകച്ചരക്കിൻ്റെ പ്രകൃതമാണ് ലിംഗനിർണ്ണയഹേതു. 

*

സ്റ്റീവൻസും വിത്സണും കണ്ടുപിടിച്ച XY വ്യവസ്ഥക്ക് പ്രധാനപ്പെട്ടൊരു അനന്തരഫലമുണ്ടായി: ആണത്വം നിശ്ചയിക്കുന്ന എല്ലാ സന്ദേശവും വഹിക്കുന്നത് Y ക്രോമസോമാണെങ്കിൽ, ഭ്രൂണത്തെ ആണാക്കാനുള്ള ജീനുകളെ ആ ക്രോമസോം വഹിക്കുന്നുണ്ടാകണമല്ലോ. തുടക്കത്തിൽ, നിരവധി ആൺ-നിർണ്ണയ ജീനുകൾ Y ക്രോമസോമിൽ കണ്ടെത്താമെന്ന് ജനിതകശാസ്ത്രജ്ഞന്മാർ പ്രതീക്ഷിച്ചു. ഘടനാപരവും, വ്യവഹാരപരവും, മനോപരവുമായ നിരവധി ലക്ഷണങ്ങളുടെ കിറുകൃത്യമായ ഏകോപനം വേണ്ടതാണല്ലോ, എന്തായാലും,  ലിംഗം. അതുകൊണ്ടുതന്നെ, വ്യത്യസ്തമായ  ഈ പ്രവൃത്തികളെല്ലാം ഒരൊറ്റ ജീനിന് തനിച്ചു ചെയ്യാൻ കഴിയുമെന്ന് വിചാരിക്കുക പ്രയാസമായിരുന്നു. അങ്ങനെയാണ് കാര്യമെങ്കിലും, ജനിതകശാസ്ത്രം സൂക്ഷ്മമായ്‌ പഠിക്കുന്നവർക്ക് ഒന്നറിയാമായിരുന്നു: ജീനുകൾക്ക് പാർക്കാൻ പറ്റിയ ഇടമല്ലാ Y ക്രോമസോം. മറ്റു ക്രോമസോമുകളിൽ നിന്ന് വ്യത്യസ്തമായി, Y ക്രോമസോം ജോഡി ചേരാത്തതാണ്; അതായത്, അതിനൊരു സോദരക്രോമസോമില്ല; മറ്റൊരു പകർപ്പുമില്ല. അതിനാൽ, ആ ക്രോമോസോമിലെ ജീനുകളെല്ലാം സ്വന്തം കാര്യം സ്വയം നോക്കി ജീവിക്കേണ്ടവയാണ്. മറ്റേതൊരു ക്രോമസോമിലുമുണ്ടാകുന്ന ഉൾപ്പരിവർത്തനത്തെ, അതിൻ്റെ സോദരക്രോമസോമിൽ നിന്നുള്ള പരിവർത്തനം സംഭവിക്കാത്ത ജീനിൻ്റെ പകർപ്പുപയോഗിച്ച് നന്നാക്കാൻ കഴിയും. പക്ഷേ, Y ക്രോമസോമിലുള്ള ഒരു ജീനിനെ ഇങ്ങനെ നന്നാക്കാനോ, മറ്റൊരു ക്രോമസോമിൽ നിന്ന് പകർത്താനോ സാദ്ധ്യമല്ല. അതിന് പിന്തുണയായി ഒരു പകർപ്പോ, വഴി കാട്ടാൻ ഒരു സഹായിയോ ഇല്ല [എന്നരിക്കിലും, Y ക്രോമസോമിലെ ജീനുകളുടെ കേടുപാടുകൾ തീർക്കാൻ സവിശേമായൊരു ആന്തരിക സംവിധാനമുണ്ട്]. ഉൾപ്പരിവർത്തനങ്ങളുടെ ആക്രമണത്തിന്   Y ക്രോമസോം വിധേയമാകുമ്പോൾ, സന്ദേശങ്ങൾ വീണ്ടെടുക്കുവാനുള്ള സംവിധാനങ്ങളില്ല. അതിനാൽത്തന്നെ, ചരിത്രത്തിൻ്റെ വടുക്കളും കലകളും കൊണ്ട് നിറഞ്ഞതാണ് Y ക്രോമസോം. മാനവജനോമിലെ തീരെ ഭദ്രമല്ലാത്ത ഇടം.  

ഇടതടവില്ലാത്ത ജനിതകപരമായ ആഘാതങ്ങൾ കൊണ്ട്, സഹസ്രാബ്ദങ്ങൾക്കു മുമ്പേതന്നെ, മനുഷ്യൻ്റെ Y ക്രോമസോം അതിലെ സന്ദേശങ്ങൾ ഉപേക്ഷിക്കാൻ തുടങ്ങിയിരുന്നു. അതിജീവനത്തിന് അത്യന്താപേക്ഷിതമായ ജീനുകൾ, ജനോമിലെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റപ്പെട്ടിരിക്കണം. അത്ര അത്യാവശ്യമല്ലാത്ത ജീനുകൾ കലഹരണപ്പെട്ടുപോയിരിക്കണം, അല്ലെങ്കിൽ, അവ കർമ്മരഹിതമായിരിക്കണം; അതുമല്ലെങ്കിൽ, അവയ്ക്കു പകരക്കാർ വന്നിരിക്കണം; അവശ്യം ആവശ്യമായ ജീനുകൾ മാത്രമാണ് സൂക്ഷിക്കപ്പെട്ടത് [ഇവയിൽ ചില ജീനുകൾ Y ക്രോമസോമിൽത്തന്നെ  പകർത്തപ്പെട്ടു കിടപ്പുണ്ട്. പക്ഷേ, ഈ ഉപായമൊന്നും പ്രശ്നത്തിന് പരിഹാരമാകുന്നില്ല]. സന്ദേശങ്ങൾ ഉപേക്ഷിക്കപ്പെട്ടതോടെ, ഉൾപ്പരിവർത്തനത്തിൻ്റെയും, ജീൻ നഷ്ടത്തിൻ്റെയും വിഷാദവൃത്തത്തിലൂടെ ഓരോരോ ചീളായി നഷ്ടപ്പെട്ട് Y ക്രോമസോം തന്നെ ചുരുങ്ങിപ്പോയി. ഉൾപ്പരിവർത്തനത്തിൻ്റെയും, ജീൻ നഷ്ടത്തിൻ്റെയും വിഷാദവൃത്തത്തിലൂടെ ഓരോരോ ചീളായി നഷ്ടപ്പെട്ട് അത് ചുരുങ്ങിച്ചുരുങ്ങി വന്നു. Y ക്രോമസോം ഏറ്റവും ചെറിയ ക്രോമസോം ആയിപ്പോയത് യാദൃച്ഛികമല്ല. അത്, ആസൂത്രിതമായ കാലഹരണപ്പെടുത്തലിലൂടെ സംഭിച്ചതാണ് [സുപ്രധാനമായ ജീനുകളിൽ ചിലവ Yൽ എന്നെന്നേക്കുമായ് വാസമുറപ്പിച്ചിട്ടുണ്ടാകണമെന്ന്, 2014ൽ,  ശാസ്ത്രജ്ഞന്മാർ കണ്ടുപിടിച്ചിട്ടുണ്ട്]. 

മേൽപ്പറഞ്ഞ കാര്യം സൂചിപ്പിക്കുന്നത് , ജനിതകശാസ്ത്രഭാഷയിൽ പറഞ്ഞാൽ, വിചിത്രമായൊരു വിരോധാഭാസമാണ്. മനുഷ്യലക്ഷണങ്ങളിൽ അതിസങ്കീർണ്ണമായ ഒന്നാണ് ലിംഗം. നിരവധി ജീനുകൾ അതിനെ കോഡിലാക്കാൻ സാദ്ധ്യതയില്ല. അതിനു പകരം, Y ക്രോമസോമിൽ ഒട്ട് അനിശ്ചിതമായി ആഴ്ന്നുകിടക്കുന്ന ഒരേയൊരു ജീനായിരിക്കണം ആണത്വത്തിൻ്റെ മഹാനിയന്ത്രകൻ(4). മേൽഖണ്ഡിക വായിച്ച പുരുഷ വായനക്കാർ ഒരു കാര്യം  ശ്രദ്ധിക്കുക; തലനാരിഴക്കാണ് നമ്മൾ കാര്യം സാധിച്ചത് 


(4) ഇത്രയുംപരാധീനത നിറഞ്ഞതായിരിക്കെ, എന്തിനാണ് ലിംഗത്വ നിർണ്ണയത്തിനുള്ള ഈ XY വ്യവസ്ഥ നിലവിലിരുക്കുന്നതെന്ന് നാംഅമ്പരന്നാൽ തെറ്റില്ല. വ്യക്തമായ ഇത്രയും കുഴപ്പങ്ങളുടെ ഭാരം പേറുന്ന  ഒരു ലിംഗനിർണ്ണയ സംവിധാനം എന്തിനാണ് സസ്തനികൾ പരിണാമത്തിലൂടെ വികസിപ്പിച്ചെടുത്തത്? ലിംഗനിർണ്ണയ ജീനിനെ, എന്തിനാണ്, വേറെ എത്രയോ ഇടങ്ങളുണ്ടായിട്ടും, ജോഡി ചേരാത്ത, പ്രതികൂലമായ ഒരു ക്രോമസോമിനെ വഹിക്കാനേൽപ്പിച്ചത്? ആ ക്രോമസോമാണല്ലോ ഉൾപ്പരിവർത്തനങ്ങളുടെ ആക്രമണത്തിന് പ്രസ്തുത ജീൻ വിധേയമാകാൻ അത്യന്തം സാദ്ധ്യതയുള്ള സ്ഥലം.  
ഈ ചോദ്യത്തിനുത്തരം പറയാൻ, നമുക്കൊന്നു പിറകോട്ടു പോയി, അടിസ്ഥാനപരമായൊരു ചോദ്യം ചോദിക്കേണ്ടതുണ്ട്. എന്തിനാണ് ലൈംഗിക പ്രത്യുൽപ്പാദനം സൃഷ്ടിക്കപ്പെട്ടത്? ഡാർവിൻ ചിന്തിച്ചതു പോലെ, രണ്ടു ലൈംഗിക ഘടകങ്ങളുടെ സംഗമം തന്നെ വേണമോ പുതിയ ജീവികളെ  ഉൽപ്പാദിപ്പിക്കുവാൻ? പാർത്തിനോജെനിസിസ് [ബീജസങ്കലനമില്ലാതെ തന്നെ അണ്ഡം ഭ്രൂണമാകുന്ന പ്രക്രിയ] പോരേ? 

സംഭോഗം സൃഷ്ടിക്കപ്പെട്ടത് ജീനുകളെ അതിവേഗ പുനഃസമ്മിശ്രണത്തിനു വേണ്ടിയാണെന്ന് മിക്ക പരിണാമജീവശാസ്ത്രകാരന്മാരും സമ്മതിക്കുന്നുണ്ട്. രണ്ടു ജീവികളിൽനിന്നുള്ള ജീനുകളെ മിശ്രണം ചെയ്യാൻ അവയുടെ അണ്ഡവും ബീജവും മിശ്രണം ചെയ്യുന്നതിനേക്കാൾ വേഗതയുള്ള മറ്റൊരു വഴിയും, ഒരു പക്ഷേ, നിലവിലില്ല.  ബീജകോശത്തിൻ്റെയും അണ്ഡകോശത്തിൻ്റെയും പിറവി തന്നെയും ,  പുനഃസംയോജനത്തിലൂടെ, ജീനുകൾ കൂടിക്കലരുന്നതിന് കാരണമാകുന്നു. ലൈംഗിക പ്രത്യുൽപ്പാദന സമയത്ത് സംഭവിക്കുന്ന ജീനുകളുടെ ശക്തമായ പുനർമിശ്രണം വൈജാത്യം വർദ്ധിപ്പിക്കുന്നു.  ഈ വൈജാത്യമാകട്ടേ, നിരന്തരം മാറിക്കൊണ്ടിരിക്കുന്ന പരിതസ്ഥിതിയിൽ, ജീവിയുടെ അതിജീവന, ആരോഗ്യ സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നു. "ലൈംഗിക പ്രത്യുൽപ്പാദനം" എന്ന വചനം, അതിനാൽത്തന്നെ,  ഒരബദ്ധ സംജ്ഞയാണ്.  സംഭോഗത്തിൻ്റെ പരിണാമലക്ഷ്യം "പ്രതിൽപ്പാദനമല്ല". സംഭോഗം ഇല്ലാതെയും ജീവികൾക്ക് അവയേക്കാൾ മെച്ചപ്പെട്ട പകർപ്പുകൾ --- പുനഃസൃഷ്ടികൾ --- നിർമ്മിക്കാനാകും. ലിംഗം [സംഭോഗം] സൃഷ്ടിക്കപ്പെട്ടതിന് കാരണം തീർത്തും വിപരീതമായ മറ്റൊന്നാണ്: പുനഃസംയോജനം സാദ്ധ്യമാക്കാൻ.    

എന്നാൽ, "ലൈംഗിക പ്രത്യുൽപ്പാദന"വും, "ലിംഗനിർണ്ണയ"വും രണ്ടും രണ്ടാണ്. ലൈംഗിക പ്രത്യുൽപ്പാദനത്തിൻ്റെ ബഹുവിധ നേട്ടങ്ങൾ നാം സമ്മതിച്ചു കൊടുത്താലും, ഒരു ചോദ്യം പിന്നെയും ബാക്കിയാണ്: എന്തിനാണ് മിക്ക സസ്തനികളും ലിംഗത്വ നിർണ്ണയത്തിന് XY സംവിധാനം ഉപയോഗിക്കുന്നത്? ചുരുക്കത്തിൽ, എന്തുകൊണ്ട് Y? അതു നമുക്കറിയില്ല. ലിംഗത്വം നിർണ്ണയിക്കുന്നതിനുവേണ്ടിയുള്ള XY സംവിധാനം ജീവിപരിണാമത്തിൽ സഹസ്രാബ്ദങ്ങൾക്ക് മുമ്പേ സൃഷ്ടിക്കപ്പെട്ടതാണെന്ന് വ്യക്തമാണ്. പക്ഷികളിൽ, ഉരഗങ്ങളിൽ, ചില പ്രാണികളിൽ ഈ സംവിധാനം നേർ വിപരീതമാണ്; അവയിൽ സ്ത്രീകളാണ് വ്യത്യസ്തമായ രണ്ടു ക്രോമസോമുകൾ വഹിക്കുന്നത്; സർവ്വസമാനമായ രണ്ടു ക്രോമസോമുകൾ ആണുങ്ങളും. ഇനിയും മറ്റു ചില ജീവികളിൽ, ചില ഉരഗങ്ങളിലും പക്ഷികളിലും, ലിംഗത്വം നിർണ്ണയിക്കുന്നത് അണ്ഡത്തിൻ്റെ  ഊഷ്മാവാണ്; അല്ലെങ്കിൽ, ജീവിയുടെ,അതിനോട് മത്സരിക്കുന്ന എതിരാളികൾക്ക് ആപേക്ഷികമായുള്ള, വലുപ്പമാണ്.  ഇത്തരത്തിലുള്ള ലിംഗത്വ നിർണ്ണയ സംവിധാനങ്ങൾ സസ്തനികളിലെ XY സംവിധാനത്തിനു മുമ്പേയുള്ളതാണ്.  പക്ഷേ, എന്തുകൊണ്ടാണ് സസ്തനികളിൽ XY സംവിധാനം സ്ഥിരമായിപ്പോയത്? എന്തുകൊണ്ടാണ് അതിപ്പോഴും നിലവിലിരിക്കുന്നത്? ഇവയ്ക്കുള്ള ഉത്തരം ഇപ്പോഴും രഹസ്യമായ്ത്തന്നെ മരുവുന്നു. രണ്ടു ലിംഗങ്ങൾ ഉണ്ടാകുന്നതുകൊണ്ട് സ്പഷ്ടമായ പ്രയോജനങ്ങളുണ്ട്: ആണിനും പെണ്ണിനും അവർക്കു സവിശേഷമായ ധർമ്മങ്ങൾ നിർവ്വഹിക്കാൻ പറ്റും; സംഭോഗത്തിൽ വ്യത്യസ്‌തമായ ഭാഗങ്ങൾ നിറവേറ്റാൻ പറ്റും. എന്നാലും, രണ്ടു തരം ലിംഗങ്ങൾ ഉണ്ടാകാൻ, അടിസ്ഥാനപരമായ്, Y ക്രോമസോമിൻ്റെ ആവശ്യമില്ല. ഒരു പക്ഷേ, ലിംഗനിർണ്ണയത്തിനുള്ള ഒരതിവേഗ, താൽക്കാലിക പരിഹാരമായ് ജീവപരിണാമം Y ക്രോമസോമിൽ  തട്ടിത്തടഞ്ഞെത്തിയതാകാം. ആൺ നിർണ്ണയത്തിനുള്ള ജീൻ വേറിട്ടൊരു ക്രോമസോമിൽ തളച്ചിട്ട്, ആണത്വം നിയന്ത്രിക്കാനുള്ള പ്രബലമായൊരു ജീൻ അതിൽ സ്ഥാപിക്കുന്നത് പ്രാവർത്തികമായൊരു പരിഹാരമാണ്. Y ചുരുങ്ങിക്കൊണ്ടേയിരിക്കുമെന്നാണ് ചില ജനിതകകാരന്മാർ കരുതുന്നത്.മറ്റു ചിലരാകട്ടെ, അത് , SRYജീനും, മറ്റവശ്യ ജീനുകളും സൂക്ഷിച്ചുകൊണ്ട്,  ഒരു പരിധിവരെമാത്രമേ ചുരുങ്ങുള്ളൂവെന്ന് വിശ്വസിക്കുന്നു. 



 

   
















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...