2023, ഫെബ്രുവരി 6, തിങ്കളാഴ്‌ച

ജീൻ 28 (6)

 ബുദ്ധിയെന്ന ആശയത്തെ സംബന്ധിച്ച ചരിത്രപരവും വാചാടോപപരവുമായ ഈ മാറ്റങ്ങളിൽ കാര്യമായ ഒന്നുമില്ല. ചില പ്രത്യേക സാഹചര്യങ്ങളിൽ, പ്രത്യേക വ്യക്തികൾക്ക് നൽകിയ പരീക്ഷകൾ തമ്മിലുള്ള സ്ഥിതിവിവരപരമായ പരസ്പര ബന്ധമായിട്ടാണ് പൊതുവിജ്ഞാനം (g) ഉറവെടുത്തത്. അത് "പൊതുബുദ്ധി" എന്ന ആശയമായി പരിണമിച്ചത്  മനുഷ്യർ അറിവാർജ്ജിക്കുന്നത്തിൻ്റെ സ്വഭാവത്തെ സംബന്ധിച്ച ഒരു  അനുമാനത്തിൻ്റെ ബലത്തിലാണ്. അത് IQ ആയി ക്രോഡീകരിക്കപ്പെട്ടത് യുദ്ധത്തിലെ സവിശേഷമായ അത്യാവശ്യങ്ങൾക്ക് ഉപയോഗിക്കുവാൻ വേണ്ടിയായിരുന്നു. സാംസ്കാരികമായ അർത്ഥത്തിൽ, gയുടെ നിർവ്വചനം സ്വയം പ്രബലപ്പെടുത്തുന്ന ഒരു പ്രതിഭാസമായിരുന്നു. അതുള്ളവർ "ബുദ്ധിമാന്മാരായി" വാഴ്ത്തപ്പെട്ടു. ആ നിർവ്വചനത്തിന് പ്രചാരം നൽകാൻ ലോകത്തിലെ എല്ലാത്തരത്തിലുമുള്ള പ്രേരണകളും അവർക്കുണ്ടായിരുന്നു. പരിണാമജീവശാസ്ത്രജ്ഞനായ റിച്ചാർഡ് ഡോക്കിൻസ് ഒരിക്കൽ "മീമി"നെ (meme) ഇങ്ങനെ നിർവ്വചിക്കുകയുണ്ടായി: പരിവർത്തനപ്പെട്ടും, അനുകരിക്കപ്പെട്ടും, തെരഞ്ഞെടുക്കപ്പെട്ടും ആളുകളിൽ നിന്ന് ആളുകളിലേക്ക് സമൂഹത്തിലൂടെ പടർന്നു പിടിക്കുന്ന സാംസ്കാരികമായ ഒരു ഘടകമാണ് മീം. അങ്ങനെ സ്വയം പ്രചരിക്കുന്ന ഒരു ഘടകമായ് നമുക്ക് gയെ കാണാം. അതിനെ വേണമെങ്കിൽ "സ്വാർത്ഥg" എന്നു വിളിക്കുകയും ചെയ്യാം. 

ഒരു സംസ്കാരത്തെ നേരിടാൻ അതിനെതിരായ മറ്റൊരു സംസ്കാരം തന്നെ വേണം. 1960കളിലും 1970കളിലും അമേരിക്കയെ ഗ്രസിച്ച, വ്യാപകമായ ഫലങ്ങളുളവാക്കിയ, രാഷ്ട്രീയ മുന്നേറ്റങ്ങൾ പൊതുവിജ്ഞാനം, IQ എന്നീ ആശയങ്ങളെ വേരോടെ പിടിച്ചു കുലുക്കിയത്, ഒരു പക്ഷേ, അനിവാര്യമായ ഒരു കാര്യമായിരുന്നു. പൗരാവകാശപ്രസ്ഥാനങ്ങളും, സ്ത്രീവാദപ്രസ്ഥാനവും അമേരിക്കയിൽ വേരുറച്ചുപോയ രാഷ്ട്രീയ, സാമൂഹിക അസമത്വങ്ങളെ എടുത്തുയർത്തിക്കാട്ടി. ജീവശാസ്ത്രപരവും, മാനസികവുമായ ലക്ഷണങ്ങൾ പ്രകൃത്യാ ഉള്ളതു മാത്രമല്ലെന്ന് വ്യക്തമായി. പരിസ്ഥിതിയും സാഹചര്യവും അവയെ സാരമായ് സ്വാധീനിക്കുന്നുണ്ടെന്നും തെളിഞ്ഞു. ബുദ്ധിക്ക് ഒരൊറ്റ രൂപം മാത്രമേ ഉള്ളൂവെന്ന വരട്ടുവാദത്തെ വെല്ലുവിളിക്കാനുള്ള ശാസ്ത്രീയമായ തെളിവുകൾ ഉണ്ടായി. ലൂയിസ് തേർസ്റ്റൺ (അമ്പതുകളിൽ), ഹൊവാർഡ് ഗാർഡ്നർ (എഴുപതുകളുടെ അവസാനം) തുടങ്ങിയ വ്യക്തിവികാസ മനഃശാസ്ത്രജ്ഞർ "പൊതുവിജ്ഞാന"ത്തിനെതിരെയുള്ള വാദങ്ങളുമായി വന്നു. ദൃശ്യ-സ്ഥല-ഗണിത- ഭാഷാപരമായ് ബഹുരൂപിയും സൂക്ഷ്മരൂപിയുമായിരിക്കുന്ന ബുദ്ധിയെ എല്ലാം കൂടി ഒരു നുകത്തിൽക്കെട്ടുന്നത് കഷ്ടമാണെന്ന് അവർ വാദിച്ചു. ഈ വിവരങ്ങളൊക്കെ വീണ്ടു വായിക്കുന്ന ഒരു ജനിതകകാരൻ, g (ഒരു പ്രത്യേക സന്ദർഭത്തിൽ ഉപയോഗിക്കാൻ വേണ്ടി കണ്ടുപിടിക്കപ്പെട്ട വെറും സിദ്ധാന്താത്മകമായ ലക്ഷണത്തിൻ്റെ അളവ്) ജീനുകളുമായ് ഒരു ബന്ധവുമില്ലാത്ത ലക്ഷണമാണെന്ന നിഗമനത്തിലെത്താനാണ് സാദ്ധ്യത. എന്നാൽ, ഇതൊന്നും മുറേയേയോ, ഹേൺസ്റ്റെയിനിനേയോ കുലുക്കിയില്ല. പാരമ്പര്യമായി ആർജ്ജിക്കാവുന്നതാണ് g എന്നും, അത് വംശങ്ങൾക്കിടയിൽ വ്യത്യസ്തമാണെന്നും, (ഏറ്റവും പ്രധാനമായി ) വംശീയമായ അസമത്വം വെള്ളക്കാർക്കും ആഫ്രിക്കൻ-അമേരിക്കക്കാർക്കും ഇടയിലുള്ള സഹജമായ ജനിതകവ്യത്യാസങ്ങൾ കൊണ്ടാണെന്നും സമർത്ഥിക്കാൻ അവർ തുനിഞ്ഞു. 

                                                            *

പാരമ്പര്യമായി ആർജ്ജിക്കാവുന്നതാണോ g?  ഒരർത്ഥത്തിൽ അതെ. 1950കളിൽ പുറത്തുവന്ന ഒരു പറ്റം ലേഖനങ്ങൾ, പ്രബലമായൊരു ജനിതക ഘടകത്തെ ദ്യോതിപ്പിക്കുകയുണ്ടായി. അവയിൽ രണ്ടു പഠനങ്ങൾ ആധികാരികമായിരുന്നു. ഒരേ രീതിയിൽ പരിപാലിക്കപ്പെട്ട സർവ്വസമാന ഇരട്ടകളെ  (അതായത്,  പൊതുവായ ജീനുകളും, പൊതുവായ പരിസ്ഥിതിയിലുമുള്ള ഇരട്ടകളെ) മനഃശാസ്ത്രജ്ഞർ, അമ്പതുകളുടെ ആദ്യം, പരീക്ഷണ വിധേയമാക്കിയപ്പോൾ അവരെ അത്ഭുതപ്പെടുത്തിയ ഒരു കാര്യമുണ്ടായി: ഈ ഇരട്ടകളുടെ IQകൾ തമ്മിൽ സാരമായ സാമ്യമുണ്ടായിരുന്നു. പാരസ്പര്യ സംഖ്യ 0 .86 ആയിരുന്നു(3). എൺപതുകളുടെ അവസാനം, ജനനത്തോടെ വേർപെടുത്തി, വെവ്വേറെ പരിപാലിക്കപ്പെട്ട സർവ്വസമാന ഇരട്ടകളെ പരീക്ഷിച്ചപ്പോൾ, ഈ പാരസ്പര്യം 0.74 ആയി കുറഞ്ഞു. എങ്കിലും, ആ അളവും അസാധാരണമായിരുന്നു. 

ഒരു ലക്ഷണം, അതെത്ര പ്രബലമാണെങ്കിലും, പരമ്പരാഗതമായി ആർജ്ജിക്കുന്നതിനു കാരണം നിരവധി ജീനുകളാണ്; അവയിലോരോ ജീനും ചെറിയ തോതിലുള്ള സ്വാധീനങ്ങൾ ഒരുമിച്ചു ചെലുത്തുന്നതിനാലാണ്. കാര്യങ്ങൾ അങ്ങനെയാണെങ്കിൽ, സർവ്വസമാന ഇരട്ടകളിലെ gയുടെ അന്യോന്യ ബന്ധം വളരെ ശക്തമായിരിക്കും; അതേസമയം, മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ഈ ഐക്യം വളരെ കുറവായിരിക്കും. ഉദാഹരണമായി, ഒന്നിച്ചു താമസിക്കുന്ന മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള പരസ്പര ബന്ധം 0.42 ആയി കുറഞ്ഞതായിക്കണ്ടു. അകന്നു താമസിക്കുന്ന കുട്ടികളുള്ള മാതാപിതാക്കളുടെ കാര്യത്തിൽ, അവരും കുട്ടികളും തമ്മിലുള്ള 0.22 ആയി ഈ സമാനത താഴ്ന്നു പോയി. IQ പരീക്ഷകൾ അളക്കുന്നത് എന്തു തന്നെയായാലും, ആ ഘടകം പരമ്പര്യമായ് ആർജ്ജിക്കപ്പെടുന്നതാണ്; പക്ഷേ, അതിൽ ഒന്നല്ല, നിരവധി ജീനുകൾ സ്വാധീനം ചെലുത്തുന്നുണ്ട്; മാത്രമല്ല, പരിതസ്ഥിതിയും കാര്യമായ രീതിയിൽ അതിനെ സ്വാധീനിക്കുന്നുണ്ടാകണം. അതു പാതി സഹജവും, പാതി വളർത്തു സാഹചര്യവുമാണ്.

മേൽപ്പറഞ്ഞ വസ്തുതകളിൽ നിന്ന് നമുക്കൊരു നിഗമനത്തിലെത്താം: ജീനുകളും പരിതസ്ഥിയും തമ്മിലുള്ള ചില സംയോജനം gയെ സാരമായ് സ്വാധീനിക്കാം; എന്നാൽ, ഈ സംയോജനം മാതാപിതാക്കളിൽനിന്ന് കുട്ടികളിലേക്ക് അതേപടി പകരുന്നത് വളരെ വിരളമാണ്. ജീനുകളുടെ സവിശേഷമായ ക്രമപരിവർത്തനങ്ങൾ തലമുറ മാറുന്തോറും  ചിതറിപ്പോകുമെന്ന് മെൻഡലിൻ്റെ നിയമം ഏറെക്കുറെ ഉറപ്പാക്കുന്നുണ്ട്. പാരിസ്ഥിതികമായ വ്യവഹാരങ്ങളാകട്ടേ, ഗ്രഹിക്കാനും പ്രവചിക്കാനും വിഷമമാണെന്നതിനാൽ, കാലാന്തരത്തിൽ പുനഃസൃഷ്ടിക്കുവാനും കഴിയില്ല. ചുരുക്കിപ്പറഞ്ഞാൽ, ബുദ്ധി പരമ്പരാഗതമായി ആർജ്ജിക്കപ്പെടുന്നത്  (അതായത്, ജീനുകളാൽ സ്വാധീനിക്കപ്പെടുന്നത്) തന്നെ; എന്നാൽ, അനായാസമായ് ആർജ്ജിക്കപ്പെടുന്നതല്ല (അതായത്, ഒരു തലമുറയിൽനിന്ന് മറ്റൊന്നിലേക്ക് അപ്പാടെ നീങ്ങുന്നതല്ല).   

മുറേയും ഹേൺസ്റ്റെയ്‌നും ഈ നിഗമനങ്ങളിലാണ് എത്തിച്ചേർന്നിരുന്നതെങ്കിൽ, അവർ ധിഷണയുടെ പരമ്പരാഗതമായ ആർജ്ജനത്തെക്കുറിച്ചുള്ള,  വിവാദങ്ങളുളവാക്കാത്തതെങ്കിലും, സത്യസന്ധമായ ഒരു പുസ്തകം പ്രസിദ്ധീകരിക്കുമായിരുന്നു. എന്നാൽ, ബെൽ കർവിൻ്റെ ആകർഷക കേന്ദ്രം IQ ആർജ്ജിക്കുന്നതിനെകുറിച്ചല്ല, അത് വംശങ്ങളിൽ ഏതനുപാതത്തിലാണുള്ളത് എന്നതിനെക്കുറിച്ചാണ്. വിവിധ വംശങ്ങൾക്കിടയിലെ IQകളെ താരതമ്യം ചെയ്യുന്ന 156 സ്വതന്ത്ര പഠനങ്ങൾ മുറേയും ഹേൺസ്റ്റെയ്‌നും പുനരവലോകനം ചെയ്തു. അവയെല്ലാം ഒന്നിച്ചെടുത്തപ്പോൾ, വെള്ളക്കാരുടെ ശരാശരി IQ 100 ആണെന്നു കണ്ടു (നിർവ്വചനമനുസരിച്ച്, അടിസ്ഥാനമായെടുക്കുന്ന ജനതയുടെ ശരാശരി IQ നൂറു തന്നെ ആയിരിക്കണം); ആഫ്രിക്കൻ-അമേരിക്കക്കാരുടെ IQ 85 ആണെന്നും കണ്ടു. 15 ബിന്ദുക്കളുടെ വ്യത്യാസം. ആഫ്രിക്കൻ-അമേരിക്കക്കാർക്കെതിരെ പക്ഷപാതം കാണിക്കുന്നതാണ് പരീക്ഷണങ്ങളെന്ന സാദ്ധ്യത ആരായാൻ മുറേയും ഹേൺസ്റ്റെയ്‌നും, ഒരൽപ്പം തൻ്റേടത്തോടെ, ശ്രമിക്കുകയുണ്ടായി. 1960കൾക്ക് ശേഷം പരീക്ഷണവിധേയമായവരിലേക്ക് അവർ പഠനം പരിമിതപ്പെടുത്തി; പ്രാദേശികമായ പക്ഷപാതം ഒഴിവാക്കാൻ തെക്കൻ അമേരിക്കയിലെ തെക്കുള്ളവരിലേക്ക് മാത്രമായും പഠനം ചുരുക്കി. എന്നാൽ, IQവിലുള്ള വ്യത്യാസം 15 ആയി തുടർന്നു.    

വെള്ളക്കാർക്കും കറുത്തവർക്കും ഇടയിലുള്ള IQ അളവിലുള്ള ഈ വ്യത്യാസം സാമൂഹിക സാമ്പത്തിക സ്ഥിതിയുടെ ഫലമായിരിക്കുമോ? പോഷകാഹാരക്കുറവുള്ള കുട്ടികൾ, അവരുടെ വംശമേതായാലും, IQപരീക്ഷകളിൽ മികവു കാട്ടാറില്ലെന്നത് പണ്ടേ അറിവുള്ളതാണ്.  IQവിലുള്ള വംശപരമായ വ്യത്യാസത്തെക്കുറിച്ചുള്ള എല്ലാ അനുമാനങ്ങളിലും വച്ച്, സത്യത്തിൽ, വിശ്വസനീയമായ സിദ്ധാന്തം ഇതാണ്: കറുത്തവർക്കും വെളുത്തവർക്കും ഇടയിലുള്ള വ്യത്യാസത്തിന് കൂടുതലും കാരണം (പരീക്ഷിക്കപ്പട്ടവരിൽ) പാവപ്പെട്ട കറുത്തവരുടെ എണ്ണം കൂടുതലായതാണ്.  1990ൽ എറിക് ടർക്ഹെയ്‌മെർ എന്ന മനഃശാസ്ത്രജ്ഞൻ ഈ സിദ്ധാന്തം തെളിയിക്കുകയുണ്ടായി. IQനിർണ്ണയിക്കുന്നതിൽ ജീനുകൾക്കുള്ള പങ്ക്, കടുത്ത ദാരിദ്ര്യമുള്ള സാഹചര്യങ്ങളിൽ, വളരെച്ചെറുതാണെന്ന് അദ്ദേഹം സ്ഥാപിച്ചു. വിശപ്പും, ദാരിദ്ര്യവും, രോഗവുമുള്ള കുട്ടികളുടെ IQവിനെ ആ ഘടകങ്ങൾ പ്രബലമായിബാധിക്കുന്നതാണ്. അത്തരം പരിമിതികളുടെ അഭാവത്തിൽ മാത്രമേ IQവിനെ നിയന്ത്രിക്കുന്ന ജീനുകൾക്ക് പ്രാധന്യമുണ്ടാകൂ.    

ഒരു പരീക്ഷണശാലയിൽ ഇതിനു സമാന്തരമായ ഫലമുണ്ടാക്കാൻ അനായാസമായ് സാധിക്കും. കുറഞ്ഞ വളം കിട്ടുന്ന രണ്ടു ചെടികളെ വളർത്തുക. ഉയരമുള്ള ഒന്നും, അധികം ഉയരമില്ലാത്ത മറ്റൊന്നും. രണ്ടു ചെടികൾക്കും, അവയുടെ ജനിതക പ്രേരണ എന്തായാലും,   ഉയരക്കൂടുതലുണ്ടാവില്ല. നേരെമറിച്ച്, വളം നിർലോപം നൽകുകയാണെങ്കിലോ, ഉയരക്കൂടുതലുള്ള സസ്യം അതിൻ്റെ പൂർണ്ണ വളർച്ച പ്രാപിക്കും. ജീനുകൾക്കാണോ, പരിസ്ഥിതിക്കാണോ [പ്രകൃതിക്കോ, പരിപാലനത്തിനോ] പ്രബലസ്വാധീനമെന്നത് സന്ദർഭോചിതമാണ്. പരിതസ്ഥിതികളിൽ പരിമിതികളുണ്ടാകുമ്പോൾ അവയുടെ സ്വാധീനത്തിന് ആക്കം കൂടുന്നു. ആ പരിമിതികളുടെ അഭാവത്തിൽ ജീനുകൾക്ക് പ്രാമുഖ്യം ലഭിക്കുന്നു(4).  



----------------------------------------------------------------------------------------------------------------------------

(3)കുറച്ചുകൂടി നവീനമായ കണക്കുകൾ പ്രകാരം, സമാനഇരട്ടകൾക്കിടയിലെ പാരസ്പര്യ സംഖ്യ 0.6 - 0.7 ആണ്. ലിയോൺ കാമിൻ അടക്കമുള്ള നിരവധി മനഃശാസ്ത്രജ്ഞന്മാർ 1950കളിലെ കണക്കുകൾ പുനഃപരിശോധിച്ചപ്പോൾ, അന്നുപയോഗിച്ച സമ്പ്രദായം കുറ്റമറ്റതല്ലെന്നു കണ്ട്, ആദ്യകാല കണക്കുകളെ ചോദ്യം ചെയ്തു. 

(4) സമത്വത്തിനായുള്ള ഇതിലും ശക്തമായൊരു ജനിതകവാദം വേറൊന്നില്ല. മനുഷ്യരുടെ പരിതസ്ഥിതികൾ തുല്യമാക്കാതെ അവരുടെ ജനിതകസാദ്ധ്യതകളെ നിർണ്ണയിക്കുക അസാദ്ധ്യമാണ്. 
















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...