2023, ഫെബ്രുവരി 23, വ്യാഴാഴ്‌ച

ജീൻ 30

 

അവസാന നാഴിക 

അറിയപ്പെടാത്ത ഇരട്ടകളെ വെറുതേ വിടുന്നതാണ് നല്ലത്, ഉറങ്ങുന്ന നായ്ക്കളെപ്പോലെ.

--- വില്യം റൈറ്റ്, 'അങ്ങനെ ജനിച്ചവർ'

 

പാരമ്പര്യം, മുൻഗണന, വക്രത, തെരഞ്ഞെടുപ്പ് എന്നിവകളെ സംബന്ധിച്ച ദേശീയ ചർച്ചകൾക്കുള്ള പ്രകോപനമല്ലാ, സാധാരണ ഗതിയിൽ, അവ്യക്തമായ ജനനേന്ദ്രിയത്തോടെ ജനിക്കുന്ന രണ്ടായിരത്തിലൊരു കുഞ്ഞിന്റെ ലിംഗ രൂപം പ്രകൃതിസഹജമാണോ, ആർജ്ജിതമാണോ എന്ന കാര്യം.  എന്നാൽ, ലൈംഗിക സ്വത്വം (സംഭോഗപങ്കാളികളുടെ കാര്യത്തിലുള്ള മുൻഗണനയും തെരഞ്ഞെടുപ്പും) സഹജമാണോ, ആർജ്ജിതമാണോ എന്നത്, തീർച്ചയായും, ദേശീയതലത്തിൽ ചർച്ചചെയ്യപ്പെടുന്നതാണ്. 1950കളിലും '60കളിലും, കുറച്ചു കാലത്തേക്ക്, ഈ ചർച്ചയ്‌ക്കൊരു അവസാനതീർപ്പുണ്ടായതായി തോന്നി. ലൈംഗികമായ പ്രാഥമ്യം (അതായത്, 'ഋജുത്വ'ത്തിനെതിരേ  'സ്വവർഗ്ഗരതി') സഹജമല്ല, ആർജ്ജിതമാണെന്ന സിദ്ധാന്തമാണ്  സൈകയാട്രിസ്റ്റുകളുടെ ഇടയിൽ പ്രബലമായ് നിലനിന്നിരുന്നത്. മാനസികമായ പിരിമുറക്കത്തിൽനിന്നുള്ള ഉൽക്കണ്ഠയുടെ അടിച്ചമർത്തപ്പെട്ട ആവിഷ്‌കരണമായാണ് സ്വവർഗ്ഗരതി ചിത്രീകരിക്കപ്പട്ടത്. 1956, സൈക്കയാട്രിസ്റ്റ് സാൻഡോർ ലോറൻഡ് എഴുതി: "സ്വവർഗ്ഗരതി ശീലമാക്കിയവർ, എല്ലാ വക്രബുദ്ധികളെയും പോലെ, മനോരോഗികളാണെന്നത് മിക്ക മനസികാപഗ്രഥന വിദഗ്ദ്ധരും ഒരുപോലെ സമ്മതിക്കുന്നുണ്ട്." അറുപതുകളുടെ അവസാനം മറ്റൊരു സൈക്കയാട്രിസ്റ്റ് എഴുതി: "സ്വവർഗ്ഗസ്നേഹിയുടെ യഥാർത്ഥ ശത്രു [അവന്റെ] വക്രതയല്ല; അവനു സഹായം ലഭിക്കാനുള്ള സാദ്ധ്യതയെക്കുറിച്ചുള്ള അജ്ഞതയാണ്; ഒപ്പം, ചികിത്സ ഒഴിവാക്കാൻ അവനെ പ്രേരിപ്പിക്കുന്ന മാനസികമായ ആത്മപീഡനരതിയും." 

 

1962. സ്വവർഗ്ഗപ്രേമികളായ പുരുഷന്മാരെ നേർവഴിക്കു കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ പേരിൽ വിഖ്യാതനായ ന്യൂയോർക്ക് സൈക്കയാട്രിസ്റ്റ്, ഇർവിങ് ബീബർ, ലോകത്തെ ഭീമമായ് സ്വാധീനിച്ച, പുസ്തകമെഴുതി: ആൺസ്വവർഗ്ഗസ്നേഹികളെക്കുറിച്ചൊരു മനോവിശ്ലേഷണപഠനം.  വികലമായ കുടുംബബന്ധങ്ങളാണ് ആൺസ്വവർഗ്ഗപ്രേമത്തിനു ഹേതുവെന്നാണ് അദ്ദേഹം വാദിച്ചത്. മകനോട് "ഒട്ടിപിടിക്കുന്ന", [ലൈംഗികമായി] അടുപ്പമുള്ള", എന്നാൽ പരസ്യമായ് വശീകരിക്കാത്ത,സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന ഒരമ്മ; സ്നേഹമില്ലാതെ, അകന്നു നിൽക്കുന്ന, "വൈകാരികമായ് ശത്രുത"യുള്ള ഒരച്ഛൻ. ഇത്തരത്തിലൊരു ചേരുവ മാരകമാണ്. ഈ വക ശക്തികളോട് ആൺകുട്ടികൾ പ്രതികരിക്കുന്നത് മനസികപിരിമുറക്കം കാണിച്ചും, ആത്മനാശകവും, വൈകല്യമുളവാക്കുന്നതുമായ സ്വഭാവം പ്രദർശിപ്പിച്ചുമാണ് ("എതിർലിംഗത്തോടുള്ള വ്യവഹാരത്തിൽ, പോളിയോ രോഗിയുടെ കാലുകൾക്കെന്നപോലെ, വൈകല്യം സംഭവിച്ചവനാണ് സ്വവർഗ്ഗപ്രേമി" എന്ന 1973ലെ ബീബറുടെ പ്രസ്താവന പ്രസിദ്ധമാണ്). ഇത്തരം ആൺകുട്ടികളിൽ, അമ്മയുമായ് താദാത്മ്യം പ്രാപിക്കാനും, അച്ഛനെ ഷണ്ഡീകരിക്കാനുമുള്ള അവരുടെ ഉപബോധത്തിലുള്ള വാഞ്ഛ, സാമാന്യ സാമൂഹ്യമര്യാദയ്‌ക്കു ബാഹ്യമായ ഒരു ജീവിതശൈലിയെ പുണരുന്നതിനോടുള്ള ഇഷ്ടമായ്, ഒടുവിൽ, പ്രകടമാകുന്നു. ലൈംഗികമായ് "പോളിയോ ബാധിതനായവൻ" രോഗാതുരമായ ഒരു ജീവിതശൈലി തെരഞ്ഞെടുക്കുന്നുവെന്ന് ബീബർ വാദിച്ചു; പോളിയോ രോഗികൾ രോഗാതുരമായൊരു സഞ്ചാരശൈലി കൈക്കൊള്ളുന്നതു പോലെ. 1980കളുടെ അന്ത്യത്തോടെ, സ്വവർഗ്ഗപ്രേമം എന്നത് വഴിപിഴച്ച ഒരു ജീവിതശൈലി തെരഞ്ഞെടുക്കുന്നതിനെ പ്രതിനിധാനം ചെയ്യുന്നതാണെന്ന വരട്ടു വാദമായ് ഖരീഭവിച്ചു. 1992ൽ, അന്നത്തെ വൈസ് പ്രസിഡണ്ടായിരുന്ന ഡാൻ ക്വയിലിനെ, "സ്വവർഗ്ഗരതി, ജീവശാസ്ത്രപരമായ ഒരവസ്ഥ എന്നതിലുപരി, ഒരു തെരഞ്ഞെടുപ്പാണ്" എന്നു പ്രസ്താവിക്കുന്നതിലേക്ക് നയിച്ചത് ഈ വാദമാണ്. 

1993, ജൂലായ്. "ഗേ ജീൻ" എന്നു പൊതുവേ വിളിക്കപ്പെട്ട ജീൻ കണ്ടുപിക്കപ്പെടുന്നു. അതോടെ, ജീനുകൾ, സ്വത്വം, തെരഞ്ഞെടുപ്പ് എന്നിവയെ സംബന്ധിച്ച, ജനിതകശാസ്ത്രത്തിന്റെ ചരിത്രത്തിലെ അത്യന്തം ചൂടുപിടിച്ച, ജനകീയസംവാദത്തിനത് പ്രേരണയായി. പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാനും, ചർച്ചയുടെ വ്യവസ്ഥകളെ ഏറെക്കുറെ അട്ടിമറിക്കാനും ജീനിനുള്ള കഴിവിനെ ഉദാഹരിക്കുന്നതായിരുന്നൂ ആ കണ്ടുപിടുത്തം. പീപ്പിൾ മാസിക (സമൂലസാമൂഹികമാറ്റത്തിനു വേണ്ടി അത്രയുറക്കെ മുറവിളി കൂട്ടുന്ന മാസികയല്ലാ അതെന്ന് ശ്രദ്ധിക്കണം)യിൽ കോളമെഴുതുന്ന കരോൾ സാർലെർ അക്കൊല്ലം ഒക്റ്റോബറിൽ എഴുതി: "മൃദുലസ്വഭാവിയായ, ആർദ്രതയുള്ള ഒരാൺകുട്ടി വളർന്നു വരുമ്പോൾ, അതേ സ്വഭാവമുള്ള മറ്റൊരാൺകുട്ടിയെ സ്നേഹിക്കാനുള്ള സാദ്ധ്യത (സാദ്ധ്യത മാത്രമാണെന്നത് ശ്രദ്ധിക്കുക) ഉണ്ടെന്നതിനാൽ, അവനെ ഗർഭത്തിലേ നശിപ്പിക്കുവാൻ തീരുമാനിക്കുന്ന ഒരു സ്ത്രീയെക്കുറിച്ചെന്തു പറയണം? അവൾ  വികലയും വിഭക്തയുമായ ഒരു രാക്ഷസിയാണെന്ന് പറയേണ്ടി വരും. ആ കുട്ടിയുടെ ജീവിതം --- പ്രസവിക്കാൻ അവൾ നിർബന്ധിതയാൽ --- അവൾ നരകമാക്കും. ഒരു കുട്ടിക്കും അങ്ങനെയൊരമ്മ ഉണ്ടാക്കരുതെന്നേ നാം പറയൂ."       

സംവാദം തലകീഴായതിനുള്ള ഉദാഹരണമാണ് "മൃദുലസ്വഭാവിയായ, ആർദ്രതയുള്ള" എന്ന പദപ്രയോഗം (കുട്ടിയുടെ സഹജമായ പ്രവണതയെ ചിത്രീകരിക്കാനാണ്, അല്ലാതെ, പ്രായപൂർത്തിയായ ഒരാളുടെ വഴിതെറ്റിയ ഇഷ്ടത്തെ ചിത്രീകരിക്കാനല്ല ഈ പ്രയോഗം). ലൈംഗികമായ ഇഷ്ടത്തിൻ്റെ വികാസത്തിൽ ജീനുകൾ  ഉൾപ്പെട്ടിരിക്കുന്നുവെന്നു വന്നതോടെ, സ്വവർഗ്ഗപ്രേമിയായ കുട്ടി, "സാധാരണ" കുട്ടിയായ് മാറി. വിദ്വേഷം നിറഞ്ഞ അവന്റെ ശത്രുക്കൾ അസാധാരണ രാക്ഷസന്മാരായി.  

*

സാമൂഹികമാറ്റത്തിനുള്ള ത്വരയേക്കാളുപരി, മടുപ്പാണ് ഗേ ജീൻ അന്വേഷിക്കുന്നതിനുള്ള പ്രേരണയായത്. നാഷണൽ ക്യാൻസർ ഇൻസ്റ്റിട്യൂട്ടിലെ ഗവേഷകൻ, ഡീൻ ഹാമർ, വിവാദമുണ്ടാക്കാൻ പുറപ്പെട്ടതായിരുന്നില്ല. എന്തിന്, പരസ്യമായ് ഗേ ആയിരുന്ന അദ്ദേഹം,  തന്നെത്തന്നെ തിരയുകയുമായിരുന്നില്ല. ഒരു തരത്തിലുമുള്ള സ്വത്വത്തിന്റെയും --- ലൈംഗികമായാലും, അതല്ലാത്തതായാലും --- ജനിതകശാസ്ത്രത്തിൽ അദ്ദേഹത്തിന് പ്രത്യേകിച്ച് താൽപ്പര്യമൊന്നുമുണ്ടായിരുന്നില്ല. "തറ മുതൽ മച്ചു വരെ കുപ്പികളും ഫ്ലാസ്കുകളും കുഴഞ്ഞുമറിഞ്ഞു കിടക്കുന്ന, പൊതുവേ ശാന്തമായ, ഒരമേരിക്കൻ സർക്കാർ ലാബിൽ", അദ്ദേഹം മെറ്റാലോതയോനിൻ (MT) എന്ന ജീനിന്റെ നിയന്ത്രണം നിരീക്ഷിച്ചുകൊണ്ട്, സ്വസ്ഥവും സുരക്ഷിതവുമായിരിക്കുകയായിരുന്നു. വിഷമയമായ ചെമ്പ്, നാകം മുതലായ സാന്ദ്രത കൂടിയ ലോഹങ്ങളോട് സംവേദനം ചെയ്യാൻ കോശങ്ങൾ ഉപയോഗിക്കുന്നതാണ് MT.    

1991ലെ ഉഷ്ണകാലം. ഹാമർ ഓക്സ്ഫോർഡിലേക്ക്‌ പറക്കുന്നു --- ജീൻ നിയന്ത്രണത്തെക്കുറിച്ചുള്ള ഒരു ശാസ്ത്രസെമിനാറിൽ സംസാരിക്കാൻ. അദ്ദേഹം സാധാരണ ചെയ്യാറുള്ള ഗവേഷണപ്രഭാഷണമാണത്. പതിവു പോലെ, ഇത്തവണയും പ്രഭാഷണം നല്ല രീതിയിൽ സ്വീകാര്യമായി.  പക്ഷേ, ചർച്ചകൾക്കായി വേദി തുറന്നു കൊടുത്തപ്പോൾ ഉയർന്നു വന്ന ചോദ്യങ്ങൾ, ഒരു ദശാബ്ദത്തിനു മുമ്പ് താൻ ചെയ്ത പ്രഭാഷണത്തെ തുടർന്നുണ്ടായ അതേ ചോദ്യങ്ങളായിട്ടാണ് അദ്ദേഹത്തിന് അനുഭവപ്പെട്ടത്. പഴയ അനുഭവത്തിൻ്റെ ഈ പുനരാവർത്തനം അദ്ദേഹത്തെ അത്യന്തം വിഷാദവാനാക്കി. അടുത്ത പ്രഭാഷകൻ, മറ്റൊരു ലാബിൽനിന്നുള്ള, മത്സരാർത്ഥിയായിരുന്നു. അയാളാകട്ടേ, ഹാമറിന്റെ ഗവേഷണത്തെ സ്ഥിരീകരിക്കുകയും, കൂടുതൽ മുമ്പോട്ടു കൊണ്ടുപോവുകയുമാണുണ്ടായത്. അത് ഹാമറിനുണ്ടായ വിരസതയും വിഷാദവും ഘനീഭവിപ്പിച്ചു. "ഇനിയുമൊരു പത്തുകൊല്ലം കൂടി ഞാൻ ഇതേ ഗവേഷണത്തിൽത്തന്നെ തുടരുകയാണെങ്കിൽപ്പോലും,  എനിക്ക് ആകെ പ്രതീക്ഷിക്കാൻ കഴിയുക, നമ്മുടെ [ജനിതക] മാതൃകയുടെ ഒരു ത്രിമാന രൂപം നിർമ്മിക്കാമെന്നതു മാത്രമാണ്. അത് അത്ര വലിയൊരു ജീവിതലക്ഷ്യമായ് [എനിക്കു] തോന്നിയില്ല."

പരിപാടിയിലെ ഇടവേളയിൽ ഹാമർ, സ്വപ്നാടനത്തിലെന്നപോലെ, മഥിക്കപ്പെടുന്ന മനസ്സോടെ, പുറത്തേക്കിറങ്ങി; ഹൈ സ്ട്രീറ്റിലെ ഗുഹപോലുള്ള ബ്ലാൿവെൽ പുസ്തകക്കടയുടെ മുമ്പിലെത്തിയപ്പോൾ, അവിടെ  നിന്നു. പുസ്തകശാലയുടെ കേന്ദ്രീകൃതമായിരിക്കുന്ന മുറികൾ ഓരോന്നിലേക്കായി, ജീവശാസ്ത്രഗ്രന്ഥങ്ങൾ മറിച്ചു നോക്കിക്കൊണ്ട്, അദ്ദേഹം ഇറങ്ങിപ്പോയി. രണ്ടു പുസ്തകങ്ങൾ അദ്ദേഹം വാങ്ങിച്ചു. അവയിലൊന്ന് ഡാർവ്വിന്റെ "മനുഷ്യോൽപ്പത്തി: ലൈംഗികതയുമായ് ബന്ധപ്പെട്ട നിർദ്ധാരണം" എന്ന പുസ്തകമായിരുന്നു. ഡാർവ്വിന്റെ, 1871ൽ പ്രസിദ്ധീകൃതമായ, ഈ പുസ്തകം മനുഷ്യൻ വന്നത് ആൾക്കുരങ്ങു പോലുള്ളൊരു പൂർവ്വികനിൽനിന്നാണെന്ന് അവകാശപ്പെട്ടതിന്റെ പേരിൽ വിവാദങ്ങളുടെ ഒരു കൊടുങ്കാറ്റുയർത്തിയിരുന്നു (ജീവോൽപ്പത്തിയിൽ, മനുഷ്യോൽപ്പത്തിയുടെ പ്രശ്നം ഡാർവ്വിൻ തൊടാതെ വിട്ടിരുന്നു; മനുഷ്യോൽപ്പത്തിയിൽ അദ്ദേഹം ഇതേ പ്രശ്നത്തെ നേർക്കുനേർനിന്ന് നേരിട്ടു).        

 സാഹിത്യബിരുദവിദ്യാർത്ഥികൾക്ക് 'യുദ്ധവും സമാധാനവും' ഏതുപോലെയാണോ, അതുപോലെയാണ് ജീവശാസ്ത്രജ്ഞന്മാർക്ക് 'മനുഷ്യോൽപ്പത്തി'. മിക്കവാറും എല്ലാ ജീവശാസ്ത്രകാരന്മാരും ഈ പുസ്തകം വായിച്ചതായി അവകാശപ്പെടും; അല്ലെങ്കിൽ, അതിന്റെ അടിസ്ഥാന പ്രമേയമെന്തെന്ന് അറിയാമെന്നു ഭാവിക്കും. പക്ഷേ, ചുരുക്കം ചിലരേ അതിന്റെ താളുകൾ തുറന്നു നോക്കുകയെങ്കിലും ചെയ്തിട്ടുള്ളൂ. ഹാമറും അതു വായിച്ചിരുന്നില്ല. ലൈംഗികത, സംഭോഗപങ്കാളികളുടെ തെരഞ്ഞെടുപ്പ്, അധികാരപരമായപെരുമാറ്റങ്ങൾക്കും സാമൂഹികസംവിധാനത്തിനും മേലുള്ള അതിന്റെ സ്വാധീനം എന്നിവക്കു വേണ്ടി പുസ്തകത്തിന്റെ സാരമായൊരു ഭാഗം ഡാർവ്വിൻ ചെലവഴിച്ചതു കണ്ട് ഹാമർ വിസ്‌മയിച്ചു പോയി. ലൈംഗിക പെരുമാറ്റത്തെ പാരമ്പര്യം ശക്തമായ് സ്വാധീനിക്കുന്നുണ്ടെന്ന് ഡാർവ്വിന് വ്യക്തമായ് അനുഭവപ്പെട്ടിരുന്നു. എങ്കിലും, ലൈംഗിക വ്യവഹാരത്തിന്റേയും ഇഷ്ടങ്ങളുടേയും ജനിതകസ്വാധീനങ്ങൾ --- "ലൈംഗികതയുടെ അന്തിമഹേതു" --- അദ്ദേഹത്തിന് അജ്ഞാതമായിത്തന്നെ നിലകൊണ്ടു.   

ഇക്കാലത്ത്, പക്ഷേ, ലൈംഗിക വ്യവഹാരങ്ങൾ, അല്ലെങ്കിൽ ഏതു പെരുമാറ്റവും, ജീനുകളുമായ് ബന്ധമുള്ളതാണെന്ന ചിന്ത പ്രചാരത്തിലില്ലായിരുന്നു. ഹാമർ വാങ്ങിയ രണ്ടാമത്തെ പുസ്തകം റിച്ചാർഡ് ലെവോൺടിനിന്റേതായിരുന്നു: 'നമ്മുടെ ജീനുകളില്ലാത്തവ: ജീവശാസ്ത്രം, പ്രത്യയശാസ്ത്രം, മനുഷ്യപ്രകൃതി'. 1948ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകത്തിലെ വീക്ഷണം ഡാർവ്വിന്റേതിൽ നിന്ന് വ്യത്യസ്തമായിരുന്നു. മനുഷ്യസ്വഭാവത്തിലെ ഭൂരിഭാഗവും ജീവശാസ്ത്രപരമായ് നിർണ്ണയിക്കപ്പെട്ടതാണെന്ന ആശയത്തെ ലെവോൺടിൻ, പ്രസ്തുത പുസ്തകത്തിലൂടെ, ആക്രമിക്കുകയുണ്ടായി. ജനിതകപരമായ് നിശ്‌ചയിക്കപ്പെട്ടതെന്ന് നാം കരുതുന്ന മനുഷ്യസ്വഭാവഘടകങ്ങൾ, ലെവോൺടിനിന്റെ വാദമനുസരിച്ച്, വസ്തുനിഷ്ഠമല്ല; അവ തന്ത്രപരമായ് ഉപയോഗപ്പെടുത്താൻ വേണ്ടി മെനഞ്ഞവയാണ് --- അധികാരവ്യവസ്ഥകളെ ഊട്ടിയുറപ്പിക്കാൻ വേണ്ടിയുള്ള  സംസ്കൃതിയുടെയും സമൂഹത്തിന്റെയും നിർമ്മിതികളാണ്. "സ്വവർഗ്ഗരതിക്ക് ജനിതകാടിസ്ഥാനമുണ്ടെന്നുള്ളതിന് അംഗീകൃതമായ തെളിവുകളൊന്നുമില്ല --- കെട്ടുകഥ മാത്രമാണത്,"ലെവോൺടിൻ എഴുതി. ജീവോൽപ്പത്തിയെ സംബന്ധിച്ച് ഡാർവ്വിൻ പൊതുവേ ശരിയായിരുന്നു --- മനുഷ്യസ്വത്വവികാസത്തിന്റെ കാര്യത്തിൽ അല്ല.   

ഇവയിൽ ഏതു സിദ്ധാന്തമാണ് ശരി? ചുരുങ്ങിയത് ഹാമറിനെ സബന്ധിച്ചെങ്കിലും, ലൈംഗിക അഭിവിന്യാസം വളരെയേറെ അടിസ്ഥാനപരമാകയാൽ, തീർത്തും സാംസ്കാരികപ്രേരണകൾകൊണ്ടു മാത്രം അതു നിർമ്മിക്കിക്കപ്പെടുകയില്ല. "എന്തുകൊണ്ടാണ് ലെവോൺടിൻ, പ്രബലനായൊരു ജനിതകശാസ്ത്രജ്ഞൻ, സ്വഭാവം പരമ്പരാഗതമായ് ആർജ്ജിക്കപ്പെടില്ലെന്നു വിശ്വസിക്കുന്നത്?" ഹാമർ ആലോചനയിലായി. "സ്വഭാവത്തെ ജീനുകൾ സ്വാധീനിക്കുന്നില്ലെന്ന് പരീക്ഷണശാലയിൽ തെളിയിക്കാൻ പറ്റാത്തതുകൊണ്ട്, അതിനെതിരെ അദ്ദേഹമൊരു രാഷ്ട്രീയവാദം എഴുതിയാണോ? ഒരു പക്ഷേ, യഥാർത്ഥ ശാസ്ത്രത്തിന് ഇവിടെയൊരിടമുണ്ടായിരിക്കണം." ലൈംഗികവ്യവഹാരത്തിന്റെ ജനിതകശാസ്ത്രത്തെ സംബന്ധിച്ച ഒരതിവേഗതീവ്രപഠനത്തിന് ഹാമർ തുനിഞ്ഞിറങ്ങി. പര്യവേക്ഷണത്തിനായ് അദ്ദേഹം തന്റെ ലാബിലേക്ക് തിരിച്ചു. കഴിഞ്ഞകാലത്തു നിന്ന്, പക്ഷേ, പഠിക്കാൻ ഒന്നുമുണ്ടായിരുന്നില്ല. 1966 മുതൽ പ്രസിദ്ധീകരിക്കപ്പെട്ട ശാസ്ത്രമാസികകളുടെ വിവരശേഖരത്തിൽ, "സ്വവർഗ്ഗരതി", "ജീൻ' എന്നിവയെക്കുറിച്ചുള്ള ലേഖനങ്ങൾ പരതിയപ്പോൾ  ഹാമറിന് കിട്ടിയത് 14 എണ്ണമായിരുന്നു. അതിനു വിരുദ്ധമായ്, മെറ്റാലോതയോനിനു വേണ്ടി തിരഞ്ഞപ്പോൾ കിട്ടിയതോ, 654ഉം. 

എങ്കിലും, ശാസ്ത്രസാഹിത്യത്തിൽ പാതിമറഞ്ഞിരുന്ന, പ്രലോഭനീയമായ, ചില സൂചനകൾ ഹാമറിന് ലഭിച്ചു; 1980കളിൽ, ഒരു മനഃശാസ്ത്രപ്രഫസർ, ജെ. മൈക്കേൽ ബെയ്‌ലി, ഇരട്ടകളെ നിരീക്ഷിക്കുന്ന ഒരു പരീക്ഷണത്തിലൂടെ, ലൈംഗിക അഭിവിന്യാസത്തിന്റെ ജനിതകശാസ്ത്രം പഠിക്കാൻ ശ്രമിച്ചിരുന്നു. ബെയ്‌ലിയുടെ സമ്പ്രദായം ചിരസമ്മതമായ ഒന്നായിരുന്നു: ലൈംഗിമായ ആഭിമുഖ്യം ഭാഗികമായെങ്കിലും പരമ്പരാഗതമെങ്കിൽ, നല്ലൊരു ശതമാനം സർവ്വസമാന ഇരട്ടകളിൽ, അങ്ങനെയല്ലാത്ത ഇരട്ടകളിൽ നിന്ന് വ്യത്യസ്‍തമായി, രണ്ടു പേരും 'ഗേ' ആയിരിക്കേണ്ടതാണ്. 'ഗേ മാസികകളിലും പത്രങ്ങളിലും തന്ത്രപരമായ് പരസ്യം ചെയ്യുക വഴി, ബെയ്‌ലി 110 ആൺ ഇരട്ടകളെ തെരഞ്ഞെടുത്തു. ഈ ജോഡികളിലെ ഒന്നെങ്കിലും ഗേ ആയിരുന്നു (ഇന്നിത് പ്രയാസമുള്ളതാണെന്ന് തോന്നുന്നുവെങ്കിൽ, 1978ൽ ഈ പരീക്ഷണം നടത്തുന്നത് സങ്കൽപ്പിക്കുക. അക്കാലത്ത്, ആണുങ്ങൾ അങ്ങനെ പരസ്യമായ് വെളിപ്പെട്ടിരുന്നില്ല; സ്വവർഗ്ഗസംഭോഗം ചില സംസ്ഥാനങ്ങളിൽ ശിക്ഷ കിട്ടുന്ന കുറ്റവുമായിരുന്നു). 

ഇരട്ടകൾക്കിടയിൽ ബെയ്‌ലി സ്വവർഗ്ഗാഭിമുഖ്യത്തിനുള്ള ഐക്യം തിരഞ്ഞു. ഫലം അമ്പരപ്പിക്കുന്നതായിരുന്നു. സർവ്വസമാനഇരട്ടകളുടെ 56 ജോഡികളിലെ  52 ശതമാനത്തിൽ രണ്ടിരട്ടകളും ഗേ ആയിരുന്നു(2). സർവ്വസമാനല്ലാത്ത 54 ജോഡി ഇരട്ടകളിലെ, രണ്ടു പേരും ഗേ ആയിരുന്നത് 22 ശതമാനമായിരുന്നു. സർവ്വസമാന ഇരട്ടകളിലെ തോതു വച്ചു നോക്കുമ്പോൾ, ഈ അനുപാതം കുറവാണെങ്കിലും, സാമാന്യജനത്തിൽ കണ്ടു വരുന്ന പത്തു ശതമാനം സ്വവർഗ്ഗപ്രേമികളേക്കാൾ ഇത് തുലോം കൂടുതലാണ്. 


(2) ഗർഭപാത്രപരിസ്ഥിതിയും, ഗർഭകാലവികകാസവേളയിലെ സ്വാധീനങ്ങളും ഒന്നാകുന്നതാകാം ഈ യോജിപ്പിനു കാരണം. പക്ഷേ, ഇതേ പരിതഃസ്ഥിതികളിലുടലെടുക്കുന്ന, സർവ്വസമാനരല്ലാത്ത ഇരട്ടകളിൽ ഈ ഐക്യത്തിന്റെ തോത് കുറവാണെന്നത് അത്തരം വാദങ്ങൾക്കെതിരാണ്. സാധാരണ ജനങ്ങൾക്കിടയിൽ ഈ ഐക്യത്തിന്റെ തോത്, സ്വവർഗ്ഗപ്രേമികളായ സഹോദരരിലുള്ളതിനേക്കാൾ കുറവാണെന്നത്, (സർവ്വസമാന ഇരട്ടകളിലേതിനേക്കാൾ കുറവാണിതെങ്കിലും) സംഗതി ജനിതകപരമാണെന്ന വാദത്തിന് ആക്കം കൂട്ടുന്നു. ലൈംഗികാഭിമുഖ്യം നിർണ്ണയിക്കുന്നത് പരിസ്ഥിതിപരവും ജനിതകപരവുമായ ഘടകങ്ങളുടെ ഒരു മിശ്രണമാണെന്ന് ഭാവിപഠനങ്ങൾ വെളിപ്പെടുത്തിയേക്കാം; പക്ഷേ, ജീനുകളാണ് പ്രധാന ഘടകങ്ങളെന്നത് നിലനിൽക്കാനാണ് സാദ്ധ്യത. 






   

























അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...