2020, ജൂലൈ 8, ബുധനാഴ്‌ച

10: gene

രൂപാന്തരണം  


യാഥാർത്ഥ്യത്തിൽനിന്നുള്ള ഒരു വിരാമമായ്, 
ഒരു "അക്കാദമികജീവിത"മാണ് നിങ്ങളിഷ്ടപ്പെടുന്നതെങ്കിൽ 
ജീവശാസ്ത്രത്തിലേക്ക് വരണ്ട. 
ജീവിതത്തോട് 
കൂടുതലടുക്കാനാഗ്രഹിക്കുന്നവർക്കുള്ളതാണ്
ഈ മേഖല. 
-- ഹെർമൻ മുള്ളർ 

ജനിതകശാസ്ത്രജ്ഞർ സൂക്ഷ്മദർശിനിക്ക് കീഴിൽ 
ജീനുകളെ കാണുമെന്നത് ... ഞങ്ങൾ നിഷേധിക്കുന്നു...
സ്വയം പുനരുൽപ്പാദിപ്പിക്കുന്ന സവിശേഷമായ ഏതെങ്കിലും പദാർത്ഥത്തിലല്ല 
പാരമ്പര്യത്തിൻ്റെ അടിത്തറ.
-- ട്രോഫിം ലൈസെങ്കോ  

'ആധുനിക സംശ്ലേഷണം', അല്ലെങ്കിൽ, കൂടുതൽ ഗംഭീരമായി, 'മഹാസംശ്ലേഷണം' എന്നാണ് ജനിതക ശാസ്ത്രവും ജീവപരിണാമവും തമ്മിലുള്ള അനുരഞ്ജനത്തിനിട്ട പേര്. പാരമ്പര്യവും, പരിണാമവും, പ്രകൃതിനിർദ്ധാരണവും തമ്മിലുള്ള സംശ്ലേഷണം ജനിതകശാസ്ത്രജ്ഞർ ആഘോഷിച്ചു. അപ്പോഴും, ജീനിൻ്റെ ദ്രവ്യസ്വഭാവം പരിഹാരമാകാത്ത ഒരു കടങ്കഥയായിത്തന്നെ നിലകൊണ്ടു. "പാരമ്പര്യത്തിൻ്റെ പരമാണുക്കൾ" എന്നാണ് ജീനുകൾ വർണ്ണിക്കപ്പെട്ടത്. പക്ഷേ, ഭൗതീകമായോ,   രാസപരമായോ ആയ അർത്ഥത്തിൽ ആ "പരമാണു" 
എന്താണെന്നതിനെപ്പറ്റിയുള്ള യാതൊരു വിവരവും ആ വിവരണം വഹിച്ചിരുന്നില്ല. "ഒരു ചരടിലെ മണികളായി" തോമസ് മോർഗൻ ജീനുകളെ വിഭാവനം ചെയ്തിരുന്നു. എന്നാൽ, പദാർത്ഥരൂപത്തിൽ ആ വർണ്ണനയുടെ അർത്ഥമെന്തെന്ന് മോർഗനും പിടിയുണ്ടായിരുന്നില്ല. എന്തു കൊണ്ടുണ്ടാക്കിയവയാണ് ഈ "മണികൾ"? ആ "ചരടി"ൻ്റെ പ്രകൃതമെന്താണ്?   

ജീനുകളെ അവയുടെ രാസരൂപത്തിൽ ജീവശാസ്ത്രജ്ഞർ ഒരിക്കലും പിടികൂടിയിരുന്നില്ല. ജീനിൻ്റെ ദ്രവ്യഘടന തിരിച്ചറിയുന്നതൊരു വെല്ലുവിളിയായതിന് ഭാഗികമായ കാരണം അതായിരുന്നു. ജീവലോകത്തിൽ ജീനുകൾ പൊതുവേ സഞ്ചരിക്കുന്നത് ലംബമാനമായിട്ടാണ് --- അതായത്, മാതാപിതാക്കളിൽ നിന്ന് സന്തതികളിലേക്ക് അഥവാ, മാ/പിതൃകോശങ്ങളിൽ നിന്ന് 
പുത്രീകോശങ്ങളിലേക്ക്. ഉൾപരിവർത്തനങ്ങളുടെ ലംബമാനമായ പ്രസരണം മോർഗനെയും മെൻഡലിനെയും, പാരമ്പര്യമാതൃകകളുടെ അപഗ്രഥനം വഴി, ജീനുകളുടെ പ്രവർത്തനം പഠിക്കാൻ സഹായിച്ചിരുന്നു (മാ/പിതൃശലഭങ്ങളിൽ നിന്ന് അവയുടെ സന്തതികളിലേക്കുള്ള വെള്ളക്കണ്ണെന്ന ഗുണത്തിൻ്റെ സഞ്ചാരം, ഉദാഹരണം).പക്ഷേ, ജീവിയേയോ, ജീവകോശത്തേയോ ജീൻ ഒരിക്കലും വിട്ടുപോകില്ലെന്നതാണ്, ലംബമാനമായ പരിവർത്തനം പഠിക്കുന്നതിലുള്ള കുഴപ്പം. ഒരു കോശം വിഭജിക്കപ്പെടുമ്പോൾ, അതിൻ്റെ ജനിതകദ്രവ്യം അതിനകത്തു തന്നെ വിഭജിക്കപ്പെടുകയും, അതിൻ്റെ സന്തതികൾക്കായ് വീതിക്കപ്പെടുകയും ചെയ്യുന്നു. ഈ പ്രക്രിയയിലുടനീളം ജീനുകൾ ജൈവീകമായ് ദൃശ്യമാകും; പക്ഷേ, രാസപരമായ് അഭേദ്യമായിരിക്കും --- കോശമെന്ന കരിമ്പെട്ടിക്കകമേ അടഞ്ഞിരിക്കും. 

എന്നാൽ, വളരെ വിരളമായ്, ജനിതകപദാർത്ഥത്തിന് ഒരു ജീവിയിൽ നിന്ന് മറ്റൊരു ജീവിയിലേക്ക് കടന്നു പോകാനാകും --- പിതാവിനും  സന്തതിക്കുമിടയിലല്ല; ഒരു ബന്ധവുമില്ലാത്ത രണ്ട് അപരിചിതർക്കിടയിൽ. ജീനുകളുടെ തിരശ്ചീനമായ ഈ വിനിമയത്തെ രൂപാന്തരണം [transformation] എന്ന് വിളിക്കുന്നു. ആ വാക്കു തന്നെയും നമ്മുടെ വിസ്മയത്തെ സൂചിപ്പിക്കുന്നതാണ്: പ്രത്യുൽപ്പാദനത്തിലൂടെ മാത്രം ജനിതകവിവരങ്ങൾ പകരുന്നതാണ് നമ്മൾ മനുഷ്യർക്ക് പരിചയം --- എന്നാൽ, രൂപാന്തരണ നേരത്ത്, ഒരു ജീവി മറ്റൊരു ജീവിയായ് പരിണമിക്കുന്നതായ് നമുക്ക് തോന്നും; ഡാഫ്നേ(ഒരു വനകന്യക)യിൽ മരച്ചില്ലകൾ മുളക്കുന്നത് പോലെ  (അഥവാ, ജീനുകളുടെ സഞ്ചാരം ഒരു ജീവിയുടെ ലക്ഷണങ്ങൾ മറ്റൊരു ജീവിയുടെ ലക്ഷണങ്ങളായിരൂപാന്തരപ്പെടുത്തുന്നതു പോലെ; ജനിതകഭാഷയിലെ വന്യകല്പനപ്രകാരം, മരച്ചില്ലയുണ്ടാക്കുന്ന ജീനുകൾ എങ്ങനെയോ ഡാഫ്നേയുടെ ജനിതകശ്രേണിയിൽ കയറുകയും, മനുഷ്യചർമ്മത്തിൽനിന്ന് മരത്തൊലിയും, തടിയും, ഖരവ്യൂഹങ്ങളും പുറത്തേക്ക് തള്ളിക്കാൻ പ്രാപ്തമാക്കുകയും ചെയ്യുന്നു).

സസ്തനങ്ങളിൽ  രൂപാന്തരണം സംഭവിക്കാറേയില്ലെന്നു തന്നെ പറയാം. പക്ഷേ, ജീവലോകത്തിലെ പരുക്കനതിരുകളിൽ ജീവിക്കുന്ന ബാക്റ്റീരിയകൾക്ക് ജീനുകളെ തിരശ്ചീനമായി വിനിമയം ചെയ്യാനാകും (ഈ സംഭവത്തിൻ്റെ വൈചിത്ര്യം മനസ്സിലാക്കാൻ ഇങ്ങനെ കൽപ്പന ചെയ്യുക: രണ്ട് ചങ്ങാതിമാർ. അതിലൊരാൾക്ക് നീലക്കണ്ണും, മറ്റേയാൾക്ക് തവിട്ടുകണ്ണും. അവരൊരു വൈകുന്നേരസവാരിക്ക് പോകുന്നു. തിരിച്ചു വരുമ്പോൾ, ജീനുകൾ അലക്ഷ്യമായ് കൈമാറുകവഴി, അവരുടെ നേത്രനിറങ്ങൾ മാറിപ്പോയതായ് കാണുന്നു). ജനിതകവിനിമയത്തിൻ്റെ ആ മുഹൂർത്തം, വിശേഷിച്ചും, അസാധാരണവും, അത്ഭുതകരവുമാണ്.  രണ്ടുജീവികൾക്കിടയിൽ സംക്രമവേളയിൽ അകപ്പെടുന്ന ജീൻ, ഒരു നിമിഷനേരത്തേക്ക്, ശുദ്ധമായ രാസദ്രവ്യമായായിരിക്കും നിലനിൽക്കുക. ജീനിൻ്റെ രാസസ്വഭാവം ഗ്രഹിക്കാനാഗ്രഹിക്കുന്ന ഒരു രസതന്ത്രജ്ഞന് ഇതിനേക്കാൾ നല്ലൊരു മുഹൂർത്തം വേറെ കിട്ടില്ല.

 

ഫ്രഡറിക് ഗ്രിഫിത് എന്ന പേരുള്ള ഒരു ബാക്ടീരിയാവിദഗ്ദ്ധനാണ് രൂപാന്തരണം കണ്ടുപിടിച്ചത്. 1920കളിൽ, ബ്രിട്ടീഷ് ആരോഗ്യ മന്ത്രാലയത്തിൽ മെഡിക്കൽ ആപ്പീസറായിരിക്കേ, ഗ്രിഫിത് സ്ട്രെപ്റ്റോകോക്കസ് ന്യൂമോണിയേ അഥവാ ന്യൂമോകോക്കസിൽ പരീക്ഷണങ്ങൾ ആരംഭിച്ചു. 1918ലെ സ്‌പാനീഷുപനി, ഭൂഖണ്ഡത്തിലാകെ കത്തിക്കയറി, ലോകത്താകമാനം 20 ദശലക്ഷം ആളുകളെ കൊന്ന്,   ചരിത്രത്തിലെ അതിമാരകമായൊരു പ്രകൃതിദുരന്തമെന്ന പദവി കൈവരിച്ചിരുന്നു. ഈ ജ്വരബാധിതർക്ക്, ന്യൂമോകോക്കസ് ഹേതുവായ്, രണ്ടാമതൊരു പനി പലപ്പോഴും പിടിപെടാറുണ്ടായിരുന്നു. ഈ രോഗം ഏറെ  വേഗമുള്ളതും, മാരകവുമായതിനാൽ ഡോക്റ്റർമാർ അതിനെ "മരണത്തിൻ്റെ മനുഷ്യരുടെ കപ്പിത്താൻ"എന്ന് വിളിച്ചു പോന്നിരുന്നു.  ജ്വരബാധക്ക് പിന്നാലെയുള്ള ന്യൂമോകോക്കസുണ്ടാക്കുന്ന ന്യൂമോണിയ --- മഹാമാരിക്കുള്ളിലെ മഹാമാരി --- വളർത്തിയ ആശങ്ക ചെറുതൊന്നുമായിരുന്നില്ല. ആ ബാക്റ്റീരിയത്തെ പഠിച്ച്, ഒരു വാക്സീൻ നിർമ്മിക്കാൻ മന്ത്രാലയം ശാസ്ത്രജ്ഞരുടെ ഒരു സംഘത്തെ അണിനിരത്തിയിരുന്നു.

രോഗാണുവിൽ ശ്രദ്ധയൂന്നിക്കൊണ്ടാണ് ഗ്രിഫിത് ഈ പ്രശ്നത്തെ സമീപിച്ചത്: ന്യൂമോകോക്കസ് മൃഗങ്ങൾക്കിത്ര മാരകമാകുന്നതെന്തുകൊണ്ട്? ജർമ്മനിയിൽ മറ്റുള്ളവർ ചെയ്ത ഗവേഷണം പിന്തുടരവേ, ഈ ബാക്റ്റീരിയത്തിൻ്റെ രണ്ടിനങ്ങളുണ്ടെന്ന് അദ്ദേഹം കണ്ടെത്തി. ഒരിനം "പതുപതുത്തത്". അതിൻ്റെ കോശോപരിതലത്തിലെ ആവരണം വഴുവഴുപ്പുള്ളതും, പഞ്ചസാരപോലുള്ളതുമായിരുന്നു. അതിന് ഒരു സലമാൻഡറിൻ്റെ ചതുരതയോടെ രോഗപ്രതിരോധവ്യൂഹത്തെ മറികടക്കാനാകും. ഇനിയൊരിനം "പരുപരുത്ത"താണ്. അതിന് പഞ്ചസാരപോലുള്ള ആവരണമില്ല. അതിന് പ്രതിരോധത്തെ ചെറുത്തുനിൽക്കാനുള്ള കഴിവില്ല. പതുപതുത്തയിനം ചുണ്ടെലികളിൽ കുത്തിവെച്ചപ്പോൾ, അവ ന്യൂമോണിയ പിടിച്ച്‌ അതിവേഗം ചത്തുമലച്ചു. എന്നാൽ, പരുപരുത്തയിനം കുത്തിവെക്കപ്പെട്ട എലികൾ പ്രതിരോധമുയർത്തുകയും, അതിജീവിക്കുകയും ചെയ്തു.

യാദൃച്ഛികമായ്, തന്മാത്രാജീവശാസ്ത്ത്രതിൽ ഒരു വിപ്ലവത്തിന് തുടക്കം കുറിച്ച ഒരു പരീക്ഷണം ഗ്രിഫിത് നടത്തുകയുണ്ടായി. ആദ്യം, അദ്ദേഹം മാരകമായ പതുപതുത്തയിനം ബാക്റ്റീരിയയെ ചൂടാക്കിക്കൊന്നു. എന്നിട്ടാ ബാക്റ്റീരിയയെ ചുണ്ടെലികളിൽ കുത്തിവെച്ചു. പ്രതീക്ഷിച്ചപോലെ, ബാക്റ്റീരിയയുടെ മൃതാവശിഷ്ടം എലികളിൽ ഒരു ഫലവുമുണ്ടാക്കിയില്ല: ചത്തുപോയ അവക്ക് അണുബാധയുണ്ടാക്കാനുള്ള ശേഷിയില്ലായിരുന്നു. എന്നാൽ, മാരയിനത്തിൻ്റെ മൃതാവശിഷ്ടം, ജീവനുള്ള അമാരകയിനവുവായി മിശ്രണം ചെയ്തപ്പോൾ, എലികൾ വേഗത്തിൽ ചത്തൊടുങ്ങി. ഗ്രിഫിത് എലികളെ പോസ്‌റ്റുമോർട്ടം ചെയ്‍തപ്പോൾ, പരുപരുത്ത ബാക്റ്റീരിയ മാറിയതായ് കണ്ടു: മരിച്ച ബാക്റ്റീരിയായുടെ അവശിഷ്ടവുമായുള്ള സമ്പർക്കമൊന്നുകൊണ്ടുമാത്രം അവ, മാരകസ്വഭാവത്തിന് നിദാനമായ പതുപതുത്ത ആവരണം ആർജ്ജിച്ചിരിക്കുന്നു. നിരുപദ്രവിയായ ബാക്റ്റീരിയ എങ്ങനയോ മാരകരൂപത്തിലേക്ക് "രൂപാന്തര"പ്പെട്ടിരിക്കുന്നു.

ചൂടുകൊണ്ട് ചത്ത ബാക്ടീരിയാവശിഷ്ടത്തിന് ---  ഇളംചൂടുമാത്രമുള്ള സൂക്ഷ്മാണുവിൻ്റെ രാസദ്രാവകത്തിന് --- വെറും സമ്പർക്കംകൊണ്ട് മാത്രം, ജീവനുള്ള ഒരു ബാക്റ്റീരിയത്തിലേക്ക് ഒരു ജനിതകഗുണം കടത്തിവിടാൻ കഴിഞ്ഞതെങ്ങനെ? ഗ്രിഫിത്തിന് ഉറപ്പില്ലായിരുന്നു. ഒരു ധീരൻ്റെ കരൾ തിന്നുന്നതിലൂടെ മറ്റൊരാളിലേക്ക് ധൈര്യമോ, ഊർജ്ജമോ പകരുന്ന ഒരു വൂഡൂ അനുഷ്ഠാനത്തിലെന്ന പോലെ, ജീവനുള്ള ബാക്റ്റീരിയ മൃതബാക്റ്റീരിയയെ തിന്ന് ആവരണം മാറ്റിയതാണോ എന്നദ്ദേഹം, ആദ്യം, സംശയിച്ചു. പക്ഷേ, ഒരിക്കൽ രൂപാന്തരണം പ്രാപിച്ചാൽ, ബാക്റ്റീരിയ ഈ പുതിയ ആവരണം തലമുറകളോളം നിലനിർത്തും --- ഏത് ആഹാരസ്രോതസ്സും പൂർണ്ണമായില്ലാതായിക്കഴിഞ്ഞ്, എത്രയോ കാലത്തിനു ശേഷവും.

അപ്പോൾപ്പിന്നെ, അതിലളിതമായൊരു വിശദീകരണമേയുള്ളൂ: രണ്ടു രണ്ടിനത്തിനുമിടയിൽ ജനിതകവിവരം രാസരൂപത്തിൽ കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നു. "രൂപാന്തരണ" സമയത്ത് ഉഗ്രത നിയന്ത്രിക്കുന്ന ജീൻ --- പതുപതുത്ത ആവരണമുണ്ടാക്കുന്നത് --- ബാക്റ്റീരിയായിൽനിന്ന് രാസദ്രാവകത്തിലേക്ക് എങ്ങനയോ വഴുതി വീണു; അവിടെനിന്നത് ജീവനുള്ള ബാക്റ്റീരിയയിലേക്ക് കടക്കുകയും, അതിൻ്റെ ജനിതകഘടനയിൽ ഉൾച്ചേരുകയും ചെയ്‌തു. അതായത്, പ്രത്യുൽപ്പാദനം വഴിയല്ലാതെതന്നെ, രണ്ടു ജീവികൾക്കിടയിൽ ജീനുകൾ സംക്രമിക്കാം. അവ വിവരങ്ങൾ ചുമക്കുന്ന സ്വതന്ത്ര ഏകകങ്ങളാണ് --- ദ്രവ്യ ഏകകങ്ങൾ. കോശങ്ങൾക്കിടയിൽ സന്ദേശങ്ങൾ മന്ത്രിച്ചുകൊടുക്കുന്നത് അലൗകികമായ സർവ്വജനിതകങ്ങളോ, ജെമ്യൂളുകളോ ഒന്നുമല്ല. പരമ്പരാഗത സന്ദേശങ്ങൾ പകർന്നുകൊടുക്കപ്പെടുന്നത് ഒരു തന്മാത്രയിലൂടെയാണ്. ഒരു കോശത്തിന് പുറത്ത് രാസരൂപത്തിൽ സ്ഥിതിചെയ്യാനാകുന്ന ഒരു തന്മാത്ര. കോശത്തിൽനിന്ന് കോശത്തിലേക്ക്, ജീവിയിൽ നിന്ന് ജീവിയിലേക്ക്, മാ/പിതാവിൽനിന്ന് സന്തതിയിലേക്ക് വിവരങ്ങൾ കൊണ്ടുപോകാനുള്ള കഴിവ് അതിനുണ്ട്.

അമ്പരപ്പിക്കുന്ന ഈ പരീക്ഷണഫലം ഗ്രിഫിത് അന്ന് പ്രസിദ്ധീകരിച്ചിരുന്നുവെങ്കിൽ, ജീവശാസ്ത്രത്തെ ആകമാനം അദ്ദേഹം ജ്വലിപ്പിച്ചേനെ. 1920കളിൽ, ശാസ്ത്രജ്ഞമാർ ജീവവ്യവസ്ഥകളെ രാസപരമായ് മനസ്സിലാക്കാൻ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ജീവശാസ്ത്രം രസതന്ത്രമായ് മാറുകയായിരുന്നു. രാസദ്രവ്യങ്ങളുടെ ഒരു ചഷകമാണ് കോശമെന്ന് ജീവരസതന്ത്രജ്ഞർ വാദിച്ചു: "ജീവൻ" എന്ന പ്രതിഭാസത്തെ ഉൽപ്പാദിപ്പിക്കാൻ പ്രതിപ്രവർത്തിക്കുന്ന മിശ്രിതങ്ങളുടെ  ചർമ്മബന്ധിതമായ ഒരു കിഴി. ജീവികൾക്കിടയിൽ പാരമ്പര്യനിർദ്ദേശങ്ങൾ വഹിക്കാൻ കഴിവുള്ള ഒരു രാസവസ്തു --- "ജീൻ തന്മാത്ര" --- ഉണ്ടെന്ന ഗ്രിഫിത്തിൻ്റെ കണ്ടുപിടുത്തം, ഒരായിരം വാദങ്ങൾക്ക് തിരികൊളുത്തിയേനെ; ജീവനെക്കുറിച്ചുള്ള രാസസിദ്ധാന്തം പുനഃസംഘടിപ്പിക്കപ്പെട്ടേനെ.

പക്ഷേ, ഗ്രിഫിത്, താഴ്മയുള്ളവനും ദയതോന്നിപ്പിക്കുംവിധം ലജ്‌ജാലുവുമായ ഈ ശാസ്ത്രജ്ഞൻ, ---- ഒരു മർമ്മരത്തിനു മേലെ സംസാരിക്കാത്ത ...ഈ കൊച്ചുമനുഷ്യൻ ---- തൻ്റെ പരീക്ഷണഫലങ്ങളുടെ വിശാലമായ പ്രസക്തിയും വശ്യതയും പരസ്യമാക്കുമെന്ന് പ്രതീക്ഷിക്കുക അസാദ്ധ്യമായിരുന്നു. "തത്ത്വാധിഷ്ഠിതമായാണ് ഇംഗ്ലീഷുകാർ കാര്യങ്ങൾ ചെയ്യുക,"യെന്ന് ജോർജ് ബർണാഡ് ഷാ ഒരിക്കൽ പറയുകയുണ്ടായി. ഗ്രിഫിത് ജീവിച്ചത് അതിവിനയമെന്ന തത്ത്വമനുഷ്ഠിച്ചാണ്. ലണ്ടനിലെ തൻ്റെ ലാബിനരികേയുള്ള, അതിസാധാരണമായ ഒരു ഫ്‌ളാറ്റിലും, ബ്രൈറ്റണിൽ സ്വയം നിർമ്മിച്ച, അടിസ്ഥാനസൗകര്യങ്ങൾ മാത്രമുള്ള, ഒരാധുനിക വെള്ളക്കോട്ടേജിലുമായാണ് അദ്ദേഹം താമസിച്ചത്.  ജീവികൾക്കിടയിൽ ജീനുകൾ സഞ്ചരിച്ചിരുന്നിരിക്കാം; പക്ഷേ, ഗ്രിഫിത്തിനെ തൻ്റെ ലാബിൽനിന്ന് സ്വന്തം പ്രഭാഷണങ്ങൾക്കായ് സഞ്ചരിക്കുവാൻ നിർബന്ധിക്കാൻ കഴിയുമായിരുന്നില്ല. ശാസ്ത്രപ്രഭാഷണങ്ങൾക്കായ് അദ്ദേഹത്തെ കെണിയിൽ വീഴ്ത്താൻ, സുഹൃത്തുക്കൾ അദ്ദേഹത്തെ ടാക്സിയിൽ കുത്തിക്കേറ്റും; ലക്ഷ്യസ്ഥാനത്തേക്കുള്ള വണ്ടിക്കൂലി മാത്രം കൊടുക്കും.

മാസങ്ങളോളം മടിച്ചു നിന്നതിന് ശേഷം ("ദൈവത്തിന് തിരക്കില്ല; പിന്നെ, എനിക്കെന്തിനാണ്?"), 1928ൽ, ജേർണൽ ഓവ് ഹൈജീനിൽ ഗ്രിഫിത് തൻ്റെ വിവരങ്ങൾ പ്രകാശിപ്പിച്ചു. ആ മാസികയുടെ തികഞ്ഞ അപ്രസിദ്ധി മെൻഡലിൽപ്പോലും മതിപ്പുളവാക്കിയേനെ. താഴ്മയേറിയ ക്ഷമാപണസ്വരത്തിലുള്ള ആ രചന കണ്ടാൽ, ജനിതകശാസ്‌ത്രത്തെ വേരോടെ പിടിച്ചുകുലുക്കിയതിൽ ഗ്രിഫിത്തിന് ശരിക്കും ഖേദമുണ്ടായിരുന്നുവെന്ന് തോന്നിപ്പോകും. രോഗാണുജീവശാസ്ത്രത്തിലെ ഒരു കൗതുകമായിട്ടാണ്, ആ പഠനത്തിൽ അദ്ദേഹം രൂപാന്തരണം ചർച്ച ചെയ്യുന്നത്. പാരമ്പര്യത്തിൻ്റെ രാസാടിസ്ഥാനസാദ്ധ്യതയെക്കുറിച്ചുള്ള വ്യക്തമായ ഒരു പരാമർശവും, പക്ഷേ, അതിലുണ്ടായിരുന്നില്ല. ഒരു ദശാബ്ദത്തിലെ സുപ്രധാനമായൊരു ജീവരസതന്ത്രലേഖനത്തിലെ സുപ്രധാനമായൊരു നിഗമനം, വിനയമാർന്നൊരു മുരടനക്കൽ പോലെ, ദുർഗ്രഹമായൊരു ലേഖനത്തിൽ ആണ്ടുകിടന്നു.



ജീൻ ഒരു രാസപദാർത്ഥമാണെന്ന അത്യാധികാരികമായ് തെളിയിച്ചത് ഗ്രിഫിത്തിൻ്റെ പരീക്ഷണമാണെങ്കിലും, മറ്റു ശാസ്ത്രജ്ഞമാരും ആ ആശയത്തിനു ചുറ്റും വട്ടമിട്ട് പറക്കുന്നുണ്ടായിരുന്നു. 1920ൽ, തോമസ് മോർഗൻ്റെ പൂർവ്വവിദ്യാർത്ഥി ഹെർമൻ മുള്ളർ ഈച്ചകളുടെ ജനിതകം പഠിക്കാൻ ന്യൂയോർക്കിൽനിന്ന് ടെക്‌സാസിലേക്ക് താമസംമാറ്റി. പാരമ്പര്യത്തെ മനസ്സിലാക്കാൻ മറുജീവികളെ ഉപയോഗിക്കാമെന്ന് മോർഗാനെപ്പോലെ മുള്ളറും ആശിച്ചു. പക്ഷേ, പ്രകൃതിയിൽ ആവിർഭവിക്കുന്ന മറുജീവികൾ --- പഴമീച്ചകളെ പഠിക്കുന്ന
ജനിതകകാരന്മാരുടെ  ചോറ് --- വളരെ വിരളമായിരുന്നു. ന്യൂയോർക്കിൽ മോർഗനും അദ്ദേഹത്തിൻ്റെ വിദ്യാർത്ഥികളും കണ്ടെത്തിയിരുന്ന
വെള്ളക്കണ്ണുകളുള്ളതോ, ഇരുണ്ട ശരീരമുള്ളതോ ആയ ഈച്ചകൾ, ശലഭങ്ങളുടെ ഭീമമായ ഒരു പറ്റത്തിലൂടെ അതികഠിനമായ്  വേട്ടയാടിപിടിക്കപ്പെട്ട് കഴിഞ്ഞിരുന്നു. മറുജീവികളെ നായാടി മുള്ളർക്ക് മടുത്തു. അവയുടെ ഉൽപ്പാദനം ശീഘ്രതരമാക്കാൻ കഴിയുമോയെന്ന് അദ്ദേഹം ആലോചിച്ചു --- ഒരു പക്ഷേ, ഈച്ചകളെ ചൂടിനോ, പ്രാകാശത്തിനോ , ഊർജ്ജത്തിൻ്റെ ഉയർന്ന അളവുകൾക്കോ വിധേയമാക്കുക വഴി.

സൈദ്ധാന്തികമായി, കാര്യം ലളിതമെന്ന് തോന്നാം. പക്ഷേ, പ്രയോഗത്തിലത് കുഴപ്പം പിടിച്ചതായിരുന്നു. മുള്ളർ ഈച്ചകളെ എക്സ് റേക്ക് വിധേയമാക്കി. അവ ചത്തുപോയി. നിരാശിതനായ മുള്ളർ, എക്സ് റേയുടെ തോത് കുറച്ചു. അപ്പോഴവ വന്ധീകൃതരായി. മറുജീവികൾക്ക് പകരം അദ്ദേഹത്തിന് ഉൽപ്പാദിപ്പിക്കാൻ പറ്റിയത്, ആദ്യം, മൃതശലഭങ്ങളേയും, പിന്നീട്, വന്ധ്യശലഭങ്ങളേയുമായിരുന്നു. 1926ൽ, അദ്ദേഹത്തിനൊരു ഭാവന തോന്നി. ഒരു പട ഈച്ചകളെ അദ്ദേഹം ഇനിയും കുറഞ്ഞ തോതിലുള്ള എക്സ് റേ
പ്രസരണത്തിന് വിധേയമാക്കി. ഇങ്ങനെ എക്സ് റേക്ക് വിധേയമാക്കപ്പെട്ട ആൺപെൺ ഈച്ചകളെ ഒരു പാൽക്കുപ്പിയിലിട്ട് ഇണചേർത്ത്, അദ്ദേഹം പുഴുക്കൾ വിരിഞ്ഞുവരുന്നത് നിരീക്ഷിച്ചു നിന്നു.

വെറുതേയൊന്ന് നോക്കിയപ്പോൾത്തന്നെ, ഒരു പ്രധാന കാര്യം ഉറപ്പായി: ഒരു പാട്, ഒരു പക്ഷേ, നൂറുകണക്കിന് നവജാതശലഭങ്ങൾ ഉൾപ്പരിവർത്തനം ആർജ്ജിച്ചിരിക്കുന്നു. രാത്രി വൈകിയ ആ നേരത്ത് ആ വാർത്ത പങ്കുവെക്കാൻ ആകെ ഒരാളെ ഉണ്ടായിരുന്നുള്ളു: താഴത്തെ നിലയിൽ ജോലിചെയ്തിരുന്ന, ഏകാകിയായ ഒരു സസ്യശാസ്ത്രജ്ഞൻ. ഒരു മറുജീവിയെ കണ്ടെത്തുന്ന ഓരോ തവണയും, മുള്ളർ ജാലകത്തിലൂടെ താഴേക്ക് വിളിച്ചു പറയും: "ഒന്നുകൂടെ കിട്ടി."  ഒരമ്പത് മറുശലഭങ്ങളെ കിട്ടാൻ മോർഗനും വിദ്യാർത്ഥികൾക്കും ന്യൂയോർക്കിൽ മുപ്പത് വർഷങ്ങളോളം വേണ്ടിവന്നിരുന്നു. മുള്ളറാകട്ടെ, അതിൽ പാതിയെണ്ണത്തെ
ഒറ്റ രാത്രിയിൽ കണ്ടുപിടിച്ചിരിക്കുന്നുവെന്ന്, ആ സസ്യശാസ്ത്രജ്ഞൻ, ഒരൽപ്പം നീരസത്തോടെ, മനസ്സിലാക്കി.

ഈ കണ്ടുപിടുത്തം മുള്ളറെ ഗോളാന്തരപ്രശസ്തയിലേക്ക് വിക്ഷേപിച്ചു. ഈച്ചകളിലെ ഉൾപ്പരിവർത്തനത്തിൻ്റെ നിരക്കിന്മേൽ പ്രകാശവികിരണത്തിനുള്ള പ്രഭാവം ഉടനടി രണ്ടുകാര്യങ്ങളാണ്  സൂചിപ്പിച്ചത്: ഒന്ന്, ജീനുകൾ പദാർത്ഥം കൊണ്ടുണ്ടാക്കപ്പെട്ടവയായിരിക്കണം. വികിരണം, എന്തായാലും, വെറും ഊർജ്ജമാണല്ലോ. ഫ്രഡറിക് ഗ്രിഫിത് ജീനുകളെ ജീവികൾക്കിടയിൽ സഞ്ചരിപ്പിച്ചിരുന്നു. മുള്ളറാകട്ടെ, ഊർജ്ജമുപയോഗിച്ച് ജീനുകളെ മാറ്റിയിരിക്കുകയാണ്. അപ്പോൾ, ജീൻ, അതെന്തായാലും, സഞ്ചാരത്തിനും, സംക്രമണത്തിനും, ഊർജ്ജപ്പ്രേരിതപരിവർത്തനത്തിനും പ്രാപ്തിയുള്ളതാണ്.  ഈ ലക്ഷണങ്ങളാകട്ടെ, പൊതുവേ, രാസദ്രവ്യവുമായ് ബന്ധപ്പെട്ടതാണ്.

ജീനിൻ്റെ ദ്രവ്യസ്വഭാവത്തെക്കാൾ ശാസ്ത്രജ്ഞരെ ഞെട്ടിച്ചത് ഗണിതകഘടനയുടെ മയപ്പെടാനുള്ള  തികഞ്ഞ കഴിവാണ് --- എക്സ് റേക്ക് ജീനുകളെ കളിമൺകുഴമ്പുപോലെയാക്കി കളിക്കാനായല്ലോ. പ്രകൃതിയുടെ അടിസ്ഥാനപരമായ പരിവർത്തനശീലത്തിൻ്റെ ശക്തരായ മൗലിക വക്താക്കളിലൊരാളായ ഡാർവ്വിൻ പോലും, ഈ ഉൾപ്പരിവർത്തനനിരക്ക് കണ്ട് വിസ്മയിച്ചേനെ. ഡാർവ്വിൻ്റെ വ്യവസ്ഥയനുസരിച്ച്, ജീവപരിണാമം ത്വരിതമോ, മന്ദമോ ആക്കാൻ  പ്രകൃതിനിർദ്ധാരണനിരക്ക് കൂട്ടുകയോ, കുറക്കുകയോആകാമെങ്കിലും,  ഒരു ജീവിയുടെ പരിവർത്തനത്തോത്, പൊതുവേ, സ്ഥിരമാണ്. പാരമ്പര്യത്തെ വളരെ അനായാസമായ് കൈകാര്യം ചെയ്യാമെന്ന് മുള്ളറുടെ പരീക്ഷണം തെളിയിച്ചു: ഉൾപ്പരിവർത്തനനിരക്ക് തന്നെയും മാറ്റത്തിന് വിധേയമാണ്. "സ്ഥിരമായൊരു സ്ഥിരസ്ഥിതി [status quo] പ്രകൃതിയിലില്ല," മുള്ളർ എഴുതി. "യോജിപ്പിന്റേയും, പുനർയോജിപ്പിന്റേയും,അല്ലെങ്കിൽ, അന്തിമമായ പരാജയങ്ങളുടെയും ഒരു പ്രക്രിയ മാത്രമാണെല്ലാം." ഉൾപ്പരിവർത്തനത്തോതുകൾ മാറ്റിയും, അതനുസരിച്ച് വൈജാത്യങ്ങളെ തെരഞ്ഞെടുത്തും, ജീവപരിണാമചക്രത്തെ തനിക്ക്, ഒരു പക്ഷേ, അതിവേഗത്തിലേക്ക് തള്ളിവിടാനാകുമെന്ന് മുള്ളർ സ്വപ്നം കണ്ടു; തികച്ചും നൂതനമായ വർഗ്ഗങ്ങളേയും, ഉപവർഗ്ഗങ്ങളേയും തൻ്റെ പരീക്ഷണശാലയിൽ സൃഷ്ടിക്കാമെന്നു പോലും വിഭാവനം ചെയ്തു --- തൻ്റെ ശലഭങ്ങളുടെ പൊന്നുതമ്പുരാനെപ്പോലെ പ്രവർത്തിച്ച്.

മനുഷ്യയൂജെനിക്സിന് ദൂരവ്യാപകമായ വിവക്ഷകളേകുന്നതാണ് തൻ്റെ പരീക്ഷണമെന്നും മുള്ളർ മനസ്സിലാക്കിയിരുന്നു. വളരെച്ചെറിയ അളവിലുള്ള വികിരണത്തിന് ഈച്ചജീനുകളെ മാറ്റാമെങ്കിൽ, മാനവജീനുകളുടെ പരിവർത്തനം അത്ര വിദൂരമാണോ? ജനിതകപരിവർത്തനങ്ങൾ കൃത്രിമമായ് പ്രോത്സാഹിപ്പിക്കാ"മെങ്കിൽ (അദ്ദേഹമെഴുതി), പാരമ്പര്യത്തെ "നമുക്കുമേലെ കളിവിളയാട്ടം നടത്തുന്ന അപ്രാപ്യമായൊരു ദൈവത്തിൻ്റെ" സവിശേഷാവകാശമായി ഇനിയും പരിഗണിക്കാനാവില്ല.

തൻ്റെ കാലഘട്ടത്തിലെ പല ശാസ്ത്രജ്ഞമാരെയും,
സാമൂഹ്യശാസ്ത്രകാരന്മാരെയും പോലെ മുള്ളറും, 1920മുതൽക്കേ, യൂജെനിക്സിൽ ആകൃഷ്ടനായിരുന്നു. 'ക്രിയാത്മകമായ യൂജെനിക്സിൽ' ഗവേഷണം ചെയ്യാനും, അതു പ്രോത്സാഹിപ്പിക്കാനുമായ് കൊളംബിയാ യൂണിവേഴ്‌സിറ്റിയിൽ അദ്ദേഹം, ബിരുദത്തിനു പഠിക്കുമ്പോൾ, ഒരു ബയളോജിക്കൽ സൊസൈറ്റി രൂപീകരിച്ചിരുന്നു. പക്ഷേ, ഇരുപതുകളുടെ അവസാനത്തോടെ, അമേരിക്കയിലെ യൂജെനിക്സിൻ്റെ ഭീഷണമായ വളർച്ചക്ക് അദ്ദേഹം സാക്ഷിയായി. അതോടെ, തൻ്റെ ഉത്സാഹത്തെ അദ്ദേഹം പുനഃപരിശോധിക്കാൻ തുടങ്ങിയിരുന്നു. കുടിയേറ്റക്കാരെയും, 'താന്തോന്നികളെയും', 'വൈല്യമുള്ളവരെ' ഉന്മൂലനം ചെയ്യുന്നതിനുള്ള സംഘടിതപ്രവർത്തനത്തിലും, വംശശുദ്ധിയിലും വ്യാപൃതമായിരുന്ന
യൂജെനിക്സ് റിക്കാർഡ് ആപ്പീസ്, മറയില്ലാത്ത വിധം പൈശാചികമായ് അദ്ദേഹത്തിന് തോന്നി. അതിൻ്റെ അപ്പോസ്തലന്മാരായ ഡാവൻപോർട്ടും, പ്രിഡിയും, ബെല്ലുമൊക്കെ വിചിത്രവും, കപടശാസ്ത്രീയക്കാരുമായ ഉന്മാദികളായിരുന്നു.

യൂജെനിക്സിൻ്റെ ഭാവിയെപ്പറ്റിയും, മനുഷ്യജനിതകഘടന മാറ്റുന്നതിനുള്ള സാദ്ധ്യതയെക്കുറിച്ചും വിചാരം ചെയ്യവേ, മുള്ളർ, ഗാൾട്ടണും സഹകാരികൾക്കും അടിസ്ഥാനപരമായൊരു സൈദ്ധാന്തികാബദ്ധം സംഭവിച്ചിരുന്നില്ലേയെന്ന് ശങ്കിച്ചു. ഗാൾട്ടണെയും, പിയേഴ്സണെയും പോലെ, മുള്ളറും യാതന ലഘൂകരിക്കാൻ യൂജെനിക്സിനെ ഉപയോഗിക്കാനുള്ള ആഗ്രഹത്തോട് അനുകൂലിച്ചിരുന്നു. എന്നാൽ, സമൂലമായ സമത്വം കൈവരിച്ചു കഴിഞ്ഞ ഒരു സമൂഹത്തിൽ മാത്രമേ ക്രിയാത്മക യൂജെനിക്സ് പ്രാപ്യമാകൂ എന്ന് മുള്ളർക്ക് മനസ്സിലായിത്തുടങ്ങി. സമത്വത്തിന് മുന്നോടിയാകാൻ യൂജെനിക്സിനാവില്ല. മറിച്ച്, സമത്വം യൂജെനിക്സിനുള്ള
മുൻവ്യവസ്ഥയാകണം. സമത്വത്തിൻ്റെ അഭാവത്തിൽ, തെണ്ടിത്തിരിയൽ, ദാരിദ്ര്യം, താന്തോന്നിത്തം, മദ്യാസക്തി, ബുദ്ധിമാന്ദ്യം തുടങ്ങിയ സാമൂഹികാരോഗങ്ങൾ ജനിതക രോഗങ്ങളാണെന്ന  അനുമാനങ്ങളിൽ യൂജെനിക്സ് അനിവാര്യമായും ഇടറിനിൽക്കും.  ഈ വക രോഗങ്ങൾ പ്രതിഫലിപ്പിക്കുന്നത്, സത്യത്തിൽ, അസമത്വത്തെയാണ്. കാരി ബക്കിനെപ്പോലുള്ള സ്ത്രീകൾ ജനിതകപരമായ് മൂഢകളായിരുന്നില്ല. അവർ ദരിദ്രരായിരുന്നു; നിരക്ഷരരും, രോഗികളും, അധികാരമില്ലാത്തവരുമായിരുന്നു --- തങ്ങളുടെ സാമൂഹികഭാഗദേയത്തിൻ്റെ ഇരകൾ; അല്ലാതെ, ജനിതകഭാഗ്യക്കുറി കിട്ടാത്തവരല്ല. അശക്തരെ ശക്തരാക്കുക വഴി യൂജെനിക്സ്, അന്തിമമായ്, സമൂലമായ സമത്വം കൊണ്ടുവരുമെന്നാണ് ഗാൾട്ടണും കൂട്ടരും ഉറച്ചു വിശ്വസിച്ചത്. ആ യുക്തിയെ മുള്ളർ തലതിരിച്ചിട്ടു. സമത്വമില്ലെങ്കിൽ, ശക്തർക്ക് അശക്തരെ ഭരിക്കാനുള്ള ഒരു സംവിധാനമായ് യൂജെനിക്സ് അധഃപതിക്കുമെന്നാണ് അദ്ദേഹം വാദിച്ചത്. 



ടെക്‌സാസിൽ മുള്ളറുടെ ശാസ്ത്രഗവേഷണം അതിൻ്റെ ഉച്ചകോടിയിലേക്ക് കുതിക്കുമ്പോൾ, അദ്ദേഹത്തിൻ്റെ സ്വകാര്യജീവിതം താറുമാറാവുകയായിരുന്നു. അദ്ദേഹത്തിൻ്റെ വിവാഹജീവിതം പതറി, പരാജയപ്പെട്ടു. കൊളംബിയാ സർവ്വകലാശാലയിൽ തൻ്റെ ലാബ് പങ്കാളികളായിരുന്ന ബ്രിഡ്ജെസും സ്റ്റർട്ടെവണ്ടുമായുള്ള മത്സരം ഒരു പൊട്ടിത്തെറിയുടെ വക്കിലെത്തി. മോർഗനുമായുള്ള, ഒരിക്കലും ഊഷ്മളമല്ലായിരുന്ന, ബന്ധം തണുത്തുറഞ്ഞ വിദ്വേഷത്തിലേക്ക് വികസിച്ചു.

തൻ്റെ രാഷ്ട്രീയച്ചായ്‌വുകളുടെ പേരിലും മുള്ളർ വേട്ടയാടപ്പെട്ടു. ന്യൂയോർക്കിൽ അദ്ദേഹം നിരവധി സോഷ്യലിസ്റ്റു സംഘങ്ങളിൽ ചേർന്നിരുന്നു; പല പത്രങ്ങളുടെയും പത്രാധിപനായിരുന്നു; വിദ്യാർത്ഥികളെ നിയമിച്ചിരുന്നു; നോവലിസ്റ്റും, സാമൂഹ്യപ്രവത്തകനുമായ  തിയഡോർ ഡ്രെയ്സറുടെ സുഹൃത്തായിരുന്നു. ജനിതകശാസ്ത്രത്തിലെ ഈ ഉദയതാരകം ടെക്‌സാസിൽ ഒളിവിൽ പ്രവർത്തിക്കുന്ന ഒരു സോഷ്യലിസ്റ്റ് പത്രത്തിൻ്റെ പത്രാധിപരായി: ദ സ്പാർക്ക് ( ലെനിനിൻ്റെ ഇസ്‌ക്രയ്ക്ക് ശേഷം വന്നത്) എന്ന പത്രത്തിൻ്റെ.  ആഫ്രിക്കനമേരിക്കക്കാരുടെ പൗരാവകാശങ്ങൾക്കും, സ്ത്രീവോട്ടവകാശത്തിനും, കുടിയേറ്റക്കാരുടെ വിദ്യാഭ്യാസത്തിനും, തൊഴിലാളികളുടെ കൂട്ടഇൻഷൂറൻസിനും വേണ്ടി വാദിച്ചൊരു പത്രമാണ് സ്പാർക്ക്. ഇന്നത്തെ മാനദണ്ഡങ്ങൾ വച്ചു നോക്കിയാൽ തീരെ വിപ്ലവകരമല്ലാത്ത കാര്യപരിപാടി. പക്ഷേ, അദ്ദേഹത്തിൻ്റെ സഹപ്രവർത്തകരെ ക്രോധിതരാക്കാനും, ഭരണസമിതിയെ അരിശപ്പെടുത്താനും അതു മതിയായിരുന്നു. അദ്ദേഹത്തിൻ്റെ പ്രവർത്തികൾ FBI അനേഷിക്കാൻ തുടങ്ങി. അട്ടിമറിക്കാരാനെന്നും, കൊമ്മിയെന്നും, ചുകപ്പൻവട്ടനെന്നും, സോവിയറ്റനുകൂലിയെന്നും, വികൃതിയെന്നുമൊക്കെ പത്രങ്ങൾ അദ്ദേഹത്തെ വിശേഷിപ്പിച്ചു.

ഒറ്റപ്പെട്ട്, വിദ്വേഷമാർന്ന്, വർദ്ധിതമായ ശങ്കാരോഗവും, നൈരാശ്യവും ബാധിച്ച മുള്ളർ ഒരു രാവിലെ ലാബിൽനിന്ന് അപ്രത്യക്ഷനായി. ക്ലാസ്സുമുറിയിലും അദ്ദേഹത്തെ കാണാനില്ലായിരുന്നു. മണിക്കൂറുകൾ കഴിഞ്ഞ്, ബിരുദവിദ്യാർത്ഥികളുടെ ഒരന്വേഷണസംഘം അദ്ദേഹത്തെ കണ്ടെത്തി. അദ്ദേഹം ഓസ്റ്റിനിലെ പ്രാന്തപ്രദേശത്തുള്ള കാടുകളിൽ അലയുകയായിരുന്നു. ബോധമറ്റവനെപ്പോലെ നടക്കുകയായിരുന്ന അദ്ദേഹത്തിൻ്റെ ഉടുപ്പുകൾ ചാറ്റൽമഴ വീണ് മുഷിഞ്ഞിരുന്നു; മുഖം ചെളി പുരണ്ടിരുന്നു; കണങ്കാലുകളിൽ പോറലുകളുണ്ടായിരുന്നു. സ്വയം കൊല്ലാനായി അദ്ദേഹം ഉറക്കമരുന്നുകൾ കഴിച്ചിട്ടുണ്ടായിരുന്നു. പക്ഷേ, ഒരു മരത്തിനരികിലിരുന്ന് ഉറങ്ങിപ്പോയതോടെ, അവയുടെ വീര്യം  നശിച്ചുപോയിരുന്നു. അടുത്ത ദിവസം രാവിലെ, നാണത്തോടെ, അദ്ദേഹം ക്ലാസ്സിൽ ഹാജരായി.

ആത്മഹത്യാശ്രമം പരാജയപ്പെട്ടു. പക്ഷേ, അതദ്ദേഹത്തിൻ്റെ രോഗത്തിൻ്റെ സൂചന നൽകി. മുള്ളർക്ക് അമേരിക്ക മതിയായി --- അവിടത്തെ വൃത്തിഹീനശാസ്ത്രവും, വികൃതരാഷ്ട്രീയവും, സ്വാർത്ഥസമുദായവും. ശാസ്ത്രവും, സാമൂഹികസമത്വവും കൂടുതലെളുപ്പത്തിൽ വിളക്കിച്ചേർക്കാൻ പറ്റുന്ന ഒരിടത്തേക്ക് രക്ഷപെടാൻ അദ്ദേഹം ആഗ്രഹിച്ചു. സമൂലമായ സാമൂഹിക സമത്വമുള്ള ഒരു സമൂഹത്തിലേ വിപ്ലവകരമായ ജനിതക ഇടപെടലുകൾ വിഭാവനം ചെയ്യുക സാദ്ധ്യമാകൂ. ബർലിനിൽ, സോഷ്യലിസ്റ്റ് പ്രവണതയുള്ള, ഉൽക്കർഷേച്ഛയുള്ള ഒരുദാരജനാധിപത്യം ഗതകാലത്തിൻ്റെ ഉറയൂരിക്കളഞ്ഞ്, ഒരു പുതിയ റിപ്പബ്ലിക്കിൻ്റെ പിറവിക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നുണ്ടെന്ന്, മുപ്പതുകളിൽ, അദ്ദേഹം അറിഞ്ഞു. ലോകത്തിലെ "നവീനതമനഗരം" ആണതെന്ന് [മാർക്] ട്വൈൻ എഴുതിയിട്ടുണ്ടായിരുന്നു. സ്വതന്ത്രവും, ഭവിഷ്യോന്മുഖവുമായ ഒരു സമൂഹത്തെ വാർത്തെടുക്കാൻ എഴുത്തുകാരും, ശാസ്ത്രജ്ഞരും, തത്ത്വചിന്തകരും, ബുദ്ധിജീവികളും കഫേകളിലും സലൂണുകളിലുമൊക്കെ ഒത്തുചേരുന്ന നഗരം. ജനിതകശാസ്ത്രമെന്ന ആധുനിക ശാസ്ത്രത്തിൻ്റെ സർവ്വസാദ്ധ്യതകളേയും കെട്ടഴിച്ചുവിടണമെന്നുണ്ടെങ്കിൽ, അതു ബർലിനിലായിരിക്കുമെന്ന് മുള്ളർ വിചാരിച്ചു.

1932ലെ ശീതകാലത്ത് മുള്ളർ കെട്ടുകെട്ടി; ഈച്ചകളുടെ നൂറുകണക്കിനുള്ള ഇനങ്ങളും, ഒരായിരം സ്ഫടികക്കുപ്പികളും, പതിനായിരം സ്‌ഫടികനാളികളും, ഒരു സൂക്ഷ്മദർശിനിയും രണ്ട് സൈക്കിളുകളും, ഒരു '32 മോഡൽ ഫോർഡും കപ്പൽ വഴി കടത്തി, ബർലിനിലെ കൈസർ വിൽഹെം ഇൻസ്ടിട്യൂട്ടിലേക്ക് മുള്ളർ യാത്രയായി. താൻ തെരഞ്ഞെടുത്ത നഗരം, ശരിക്കും, ഈ പുതിയ ശാസ്ത്രമായ ജനിതകശാസ്ത്രത്തെ കെട്ടഴിച്ചു വിടുന്നതിന് സാക്ഷിയാകുമെന്ന് അദ്ദേഹത്തിന് നേരിയൊരു ധാരണ പോലുമുണ്ടായിരുന്നില്ല. പക്ഷേ, ചരിത്രത്തിലെ അതിഭീകരമായ രീതിയിലായിരുന്നൂ ആ കെട്ടഴിച്ചുവിടലുണ്ടായത്.
*********************************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...