2020, ജൂലൈ 5, ഞായറാഴ്‌ച

DUNNO 4

ഡന്നോ കവിയായ കാര്യം

കലാകാരനാകാനുള്ള തൻ്റെ ശ്രമം വൃഥാവിലായപ്പോൾ, ഡന്നോ ഒരു കവിയാകാമെന്ന് തീരുമാനിച്ചു. ജമന്തിത്തെരുവിൽ ജീവിച്ചിരുന്ന ഒരു കവിയെ അവനറിയാമായിരുന്നു. ആ കവിയുടെ ശരിയായ പേര് റ്റേർണിപ്സ് എന്നായിരുന്നു. പക്ഷേ, സുന്ദരമായ പേരുകൾ പ്രിയമായവരാണ് കവികൾ എന്നതുകൊണ്ട്, അയാൾ തനിക്കായ് വേറൊരു പേര് തെരഞ്ഞെടുത്തു. പോസി എന്നാണ് അയാൾ സ്വയം തനിക്കിട്ട പേര്.

ഒരു നാൾ ഡന്നോ പോസിയെ ചെന്ന് കണ്ട്‌ പറഞ്ഞു: "പോസീ, നിങ്ങളെന്നെ എഴുതാൻ പഠിപ്പിക്കണം. എനിക്കൊരു കവിയാകണം."
"നിനക്കെന്തെങ്കിലും കഴിവുണ്ടോ?" പോസി ചോദിച്ചു.
"പിന്നില്ലാതെ? നല്ല കഴിവുണ്ട്," ഡന്നോ പറഞ്ഞു.
"നമുക്ക് കാണാം," പോസി പറഞ്ഞു. "നിനക്ക് പ്രാസമുണ്ടാക്കാൻ അറിയുമോ?"
"പ്രാസം? അതെന്താണ്?"
"ഒരേ ശബ്ദത്തിൽ അവസാനിക്കുന്ന വാക്കുകൾ കണ്ടുപിടിച്ചാണ് പ്രാസമുണ്ടാക്കുന്നത്. . . 'കുതിര', 'മുതിര', 'ഇന്ദ്രൻ', 'ചന്ദ്രൻ' എന്നിങ്ങനെ. വ്യക്തമായോ?"
"ഉവ്വ്."
"എന്നാ ''സേവകൻ" എന്നതിനൊരു പ്രാസമുണ്ടാക്കൂ."
"ഭീകരൻ"
"മണ്ടാ," പോസി പറഞ്ഞു. "'സേവകൻ', ഭീകരനുമായ് പ്രാസത്തിലൊക്കില്ല. "
"എന്തേ?" ഡന്നോ പറഞ്ഞു. "രണ്ടും ഒരേ ശബ്ദത്തിലാണല്ലോ അവസാനിക്കുന്നത്."
"അവസാനസ്വരം മാത്രമല്ല, അതിന് തൊട്ടുമുമ്പുള്ളതും ഒരേ സ്വരമായിരിക്കണം. .. 'മുഖക്കുരു', 'ചക്കക്കുരു', 'വ്രണിതം', 'ഗണിതം', 'ദുരിതം', 'ത്വരിതം' ... അങ്ങനെ."
"അത് ശരി," ഡന്നോ ഉച്ചത്തിൽ പറഞ്ഞു. "'വ്രണിതം', 'ഗണിതം', 'ത്വരിതം', 'ദുരിതം'. നല്ല രസമുള്ള കാര്യം തന്നെ."
"എന്നാ, 'കത്രിക'ക്കൊരു പ്രാസമുണ്ടാക്കൂ," പോസി പറഞ്ഞു.
"ഷത്രിക," ഡന്നോ പറഞ്ഞു.
"ഷത്രികയോ? അതെന്താത്?" പോസി ചോദിച്ചു. "അങ്ങനെയൊരു വാക്കില്ലല്ലോ."
"ഇല്ലാ?"
"എവിടെ?"
"എന്നാ 'ശത്രിക'."
"ശത്രികയോ, അതെന്താ?" മുമ്പത്തേക്കാൾ അമ്പരപ്പോടെ പോസി ചോദിച്ചു.
"ശത്രിക. ശ്ശ് എന്നൊച്ചയുണ്ടാക്കുന്ന സാധനം തന്നെ."
"അത് നീയിപ്പൊ കെട്ടിച്ചമച്ചതാണ്," പോസി പറഞ്ഞു. "അങ്ങനെയൊരു വാക്കില്ല. ശരിയായ വാക്കുകൾ വേണം തെരഞ്ഞെടുക്കാൻ. അല്ലാതെ, വായിൽത്തോന്നിയ ഏതെങ്കിലും വാക്കല്ല."
"ശരിയായ വാക്കെനിക്ക് കിട്ടിയില്ലെങ്കിലോ?"
"അതിനർത്ഥം നിനക്ക് കവിയാകാനുള്ള കഴിവില്ലെന്നാണ്."
"ശരി. എന്നാൽ 'കത്രിക'ക്ക് നിങ്ങളൊരു പ്രാസമുണ്ടാക്കിയാട്ടെ," ഡന്നോ പറഞ്ഞു.
"ഒരൊറ്റ നിമിഷം," പോസി പറഞ്ഞു.

അയാൾ മുറിയുടെ നടുവിൽ നിന്നു; കൈകൾ മാറത്ത് പിണച്ചു; തല ഒരുവശം ചെരിച്ച്, ആലോചിച്ചു; പിന്നീട്, തല പിറകിലേക്കാക്കി ഉത്തരത്തെ ഉറ്റുനോക്കി ആലോചിച്ചു; അതിനു ശേഷം, താടി കൈകളിലാക്കി, നിലത്തേക്കുറ്റുനോക്കി ആലോചിച്ചു. ഇതൊക്കെക്കഴിഞ്ഞ്, അങ്ങോട്ടുമിങ്ങോട്ടും നടന്ന് തന്നോടുതന്നെ പിറുപിറുക്കാൻ തുടങ്ങി:
"കത്രിക, യത്രിക, ഛത്രിക, തത്രിക. . . " കുറേനേരം പിറുപിറുത്ത ശേഷം, ഒടുവിൽ, അയാൾ പറഞ്ഞു:
"വെറുതേ നേരം കളയാൻ! അതിന് പ്രാസമൊപ്പിക്കാനുള്ള വാക്കൊന്നുമില്ല."
"കണ്ടില്ലേ," ഡന്നോ വിജയാഹ്‌ളാദിതനായി. "നിങ്ങൾ തന്നെ എനിക്ക് പ്രാസമില്ലാത്ത വാക്ക് തന്നിട്ട്, എനിക്ക് കഴിവില്ലെന്ന് പറയുന്നു."
"നിനക്ക് കഴിവുണ്ടാകാം, ദയവായി, ഇവിടെനിന്നൊന്ന് പോയിത്താ," പോസി പറഞ്ഞു. "എൻ്റെ തല കറങ്ങുന്നു. അർത്ഥമുള്ള പ്രാസമുള്ള എന്തും നീ എഴുതിക്കോ. അത് കവിതയായിരിക്കും."
"ശരിക്കും അത്രക്കെളുപ്പമാണോ?" ഡന്നോ ചോദിച്ചു.
"അതെ. കഴിവുണ്ടായാൽ മാത്രം മതി."

ഡന്നോ വീട്ടിലേക്ക് പോയി. വീട്ടിലെത്തേണ്ട താമസം അവൻ കവിതയെഴുത്തിനിരുന്നു. ദിനം മുഴുവൻ അവൻ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തി; ചിലപ്പോൾ നിലത്തേക്കും, മറ്റു ചിലപ്പോൾ ഉത്തരത്തിലേക്കും തുറിച്ചു നോക്കി; താടി കൈകളിലാക്കി സ്വയം പിറുപിറുത്തു.

ഒടുവിൽ കവിത തയ്യാറായി.

"നാട്ടാരേ, കേട്ടാലും!" അവൻ പറഞ്ഞു. "ഞാൻ കുറച്ച് കവിതകൾ എഴുതിയിട്ടുണ്ട്."
"നല്ല കാര്യം! എന്തിനെപ്പറ്റിയാ?" ചങ്ങാതിമാർ ആരാഞ്ഞു.
"നിങ്ങളെപ്പറ്റി," അവൻ പറഞ്ഞു. "ആദ്യകവിത ഡുനോയെപ്പറ്റിയാ:

ഡുനോ ഒരു നാൾ നടക്കാൻ പോയ്; 
വഴിയിലൊരരജശിശുവെ ചാടിക്കടന്നു പോയ്‌."

"എന്ത്?" ഡുനോ ഒച്ചവെച്ചു."ഞാനെപ്പൊഴാ ആട്ടിൻകുട്ടിയെ കടന്ന് ചാടിയത്?"
"പ്രാസത്തിനുവേണ്ടി ചെയ്തതാ," ഡന്നോ വിശദമാക്കി.
"അപ്പൊ, പ്രാസത്തിനുവേണ്ടി നീയെന്ത് നുണയുമുണ്ടാക്കും, അല്ലേ?" ദേഷ്യം വന്ന ഡുനോ ചോദിച്ചു.
"അതേല്ലോ," ഡന്നോ പറഞ്ഞു. "നേരായ കാര്യങ്ങൾ കെട്ടിച്ചമക്കാൻ പറ്റില്ലല്ലോ, ഉവ്വോ?"
"ഒന്നുകൂടി നീ അങ്ങനെ ചെയ്യാൻ നോക്ക്!" ഡുനോ ശാസിച്ചു. "മറ്റുള്ളവരെപറ്റിയും നീയിങ്ങനെ കെട്ടിയുണ്ടാക്കിയോ?"
"ഇതാ, സ്വിഫ്റ്റിയെക്കുറിച്ചൊരെണ്ണം:

വിശന്ന സ്വിഫ്റ്റി, ഞാൻ കേട്ടല്ലോ, 
തണുത്ത ലോഹം തിന്നല്ലോ. "

"ഇത് കേട്ടല്ലോ," സ്വിഫ്റ്റി അലറി. "എന്നെക്കുറിച്ച് അവൻ പറഞ്ഞത് കേട്ടല്ലോ? ജീവിതത്തിലിന്നുവരെ ഞാനൊരു ലോഹവും തിന്നിട്ടില്ല."
"ഒച്ചവെക്കാതെ! 'തിന്നല്ലോ' എന്നെഴുതിയത് പ്രാസത്തിനാണ്."
"ചൂടുലോഹവും ഞാൻ തിന്നിട്ടില്ല," സ്വിഫ്റ്റി ഒച്ചയിട്ടു.
"ചൂടുള്ളതെന്ന് ഞാൻ പറഞ്ഞില്ലല്ലോ. പിന്നെന്തിനായീ ക്ഷോഭം?" ഡന്നോ പറഞ്ഞു. "ഇനി പ്രാപ്‍സിനെക്കുറിച്ചുള്ള എൻ്റെ കവിത കേൾക്കൂ:

തലയിണക്കിടയിൽ പ്രാപ്സ് കണ്ടൂ,
അരക്കിലോ ഭാരമുള്ള കേയ്ക്ക് കണ്ടൂ."

പ്രാപ്സ് നേരെ കിടക്കയിലേക്കോടി തലയിണക്കടിയിൽ തപ്പി.
"ഇവിടെ കേയ്‌ക്കൊന്നുമില്ല," അവൻ പറഞ്ഞു.

"നിങ്ങൾക്ക് കവിത മനസ്സിലാകുന്നില്ല," ഡന്നോ പറഞ്ഞു. "കേയ്ക്ക് ഇല്ലെന്ന് ആർക്കാ അറിയാത്തത്? പ്രാസമുണ്ടാക്കാനാണ് കേയ്ക്ക്. ഡോ.
പിൽമാനെപ്പറ്റിയും കവിതയുണ്ട്."
"ഇത് നമുക്ക് നിർത്തിയേ പറ്റൂ, സുഹൃത്തുക്കളേ," ഡോ. പിൽമാൻ പറഞ്ഞു. "നമ്മളെക്കുറിച്ച് ഇവൻ നുണയുണ്ടാക്കുന്നത്, നമ്മൾ അടങ്ങിയിരുന്ന് കേൾക്കണോ?"
"വേണ്ടാ," എല്ലാവരും യോജിച്ചു. "നമുക്കിത് മതിയായി. ഇത് കവിതയേയല്ല. അവൻ നമ്മളെ കളിയാക്കുകയാണ്."

പക്ഷേ, ഡുനോയ്ക്കും, സ്വിഫ്റ്റിക്കും, പ്രാപ്‍സിനും മറ്റു കവിതകൾ കൂടി കേൾക്കണമായിരുന്നു.

"അവൻ വായിക്കട്ടേ," അവർ പറഞ്ഞു. "ഞങ്ങളെപ്പറ്റി വായിച്ചാൽപ്പിന്നെ, നിങ്ങളെപ്പറ്റി വായിച്ചാലെന്താ?"
"വേണ്ടാ, വേണ്ടാ! ഞങ്ങൾ കേൾക്കില്ലാ!" മറ്റുള്ളവർ ഒച്ചവച്ചു.
"ശരി; നിങ്ങൾ കേൾക്കേണ്ടാ. ഞാനെൻ്റെ അയൽക്കാരെ കേൾപ്പിച്ചോളാം," ഡന്നോ പറഞ്ഞു.
"എന്ത്!" അവരൊച്ചവച്ചു. "അയൽക്കാരുടെ മുമ്പിൽ ഞങ്ങളെ അപമാനിക്കാനോ! അങ്ങനെ ചെയ്‌താൽ, പിന്നെ നീ വീട്ടിലേക്ക് തിരിച്ചു വരില്ല!"
"സഹ്രി, ശരി; ഞാനങ്ങനെ ചെയ്യില്ല," ഡന്നോ പറഞ്ഞു. "എന്നോട് ദേഷ്യപ്പെടല്ലേ."

അന്ന്, അവൻ തീരുമാനിച്ചുറപ്പിച്ചൂ, ഇനിയൊരു കവിത എഴുതില്ലായെന്ന്.
-------------------------------------------------------

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...