2020, ജൂലൈ 4, ശനിയാഴ്‌ച

DUNNO:9

അങ്ങുയരെ
മേഘമാലകളിൽ 

ആകാശത്തേക്ക് ബലൂൺ ഉയർന്നുയർന്ന് പോയത് ഒരു ബുദ്ധിമുട്ടും കൂടാതെയായതിനാൽ, നമ്മുടെ ധീരപര്യവേക്ഷകർ അതറിഞ്ഞതേയില്ല. ഒരു മിനിട്ട് കഴിഞ്ഞ്, ഒരു വശത്തൂടെ പാളിനോക്കിയപ്പോൾ മാത്രമാണ്, അവർ, അങ്ങ് താഴെയുള്ള, മൈറ്റുകളുടെ കൂട്ടം കൈകളും തൊപ്പികളും വായുവിലേക്കെറിയുന്നത്  കണ്ടത്. "ഭേഷ്!" എന്ന ആരവവും അവർ നേരിയതായ് കേട്ടു. 
"ഗുഡ് ബൈ!" മറുപടിയായ് ഡുനോയും ചങ്ങാതികളും വിളിച്ചു പറഞ്ഞു. 

അവരും തൊപ്പികളെടുത്ത് വീശിത്തുടങ്ങി. സ്കാറ്റർബ്രെയ്ൻ തൊപ്പിയെടുക്കാൻ കൈപൊക്കിയപ്പോൾ, തനിക്ക് തൊപ്പിയില്ലാ എന്ന് കണ്ടെത്തി. 
"ബലൂൺ നിർത്തൂ," അവൻ ഒച്ചവെച്ചു."ഞാനെൻ്റെ തൊപ്പി മറന്നുപോയി."
"നിനക്കെപ്പോഴും മറവിയാണ്!" ഗ്രംപ്സ് മുറുമുറുത്തു. 
"ബലൂണിപ്പോ നിർത്താൻ പറ്റില്ല," ഡുനോ പറഞ്ഞു. "വായു തണുക്കുന്നതുവരെ അതിങ്ങനെ പൊ ണ്ടിരിക്കും. തണുത്താൽ, ഭൂമിയിലേക്കിറങ്ങും."
"അപ്പൊ ഞാനെന്ത് ചെയ്യണം? തൊപ്പിയില്ലാതിരിക്കണോ?" അപമാനിക്കപ്പെട്ട സ്വരത്തിൽ സ്കാറ്റർ ബ്രെയ്ൻ ചോദിച്ചു. 
"കിടക്കക്ക് കീഴിൽനിന്ന് നിൻ്റെ തൊപ്പി കിട്ടിയെന്നല്ലേ ഞാൻ വിചാരിച്ചത്," റോളിപോളി പറഞ്ഞു.
"കിട്ടിയതായിരുന്നു," സ്കാറ്റർ ബ്രെയ്‌ൻ പറഞ്ഞു. "പക്ഷെ, ചൂട് തോന്നിയപ്പോ ഞാനതൂരി മേശപ്പുറത്ത് വച്ചതാ. അവസാനനിമിഷം, അതെടുക്കാൻ വിട്ടുപോയി." 
" അവസാനനിമിഷം നീ എപ്പോഴും എന്തെങ്കിലും മറക്കും," ഗ്രംപ്സ് മുറുമുറുത്തു. 
"നോക്ക്, നമ്മൾ നമ്മളുടെ വീട് വിട്ടിരിക്കുന്നു," പൊടുന്നനെ, ഡന്നോ വിളിച്ചുപറഞ്ഞു.
എല്ലാവരും പൊട്ടിച്ചിരിച്ചു. അപ്പോൾ, ഗ്രംപ്സ് ചോദിച്ചു:
"എന്താ, അത് കൂടെക്കൊണ്ടുപോകാമെന്ന് വിചാരിച്ചോ നീയ്?"
"ഇല്ലാ," വാടിയ  മുഖത്തോടെ ഡന്നോ പറഞ്ഞു."അത് പെട്ടെന്ന് താഴേ കണ്ടപ്പോ, അവിടെ താമസിച്ചിരുന്ന നമ്മളിപ്പോ ഒരു ബലൂണിൽ പറക്കുന്നത് എന്തൊരു തമാശയാണെന്ന് വിചാരിച്ചു പോയി." 
"ഉം," ഗ്രംപ്സ് പറഞ്ഞു. "ഈ പറക്കൽ നമ്മളെ എവിടെക്കൊണ്ടെത്തിക്കുമെന്ന് ആർക്കറിയാം!"
"നിനക്കെപ്പോഴും പരാതിയാണ്, ഗ്രംപ്സേ," ഡന്നോ പറഞ്ഞു. "ബലൂണിൽപ്പോലും നീ എല്ലാവരുടേയും രസം നശിപ്പിക്കും."
"നിനക്കിഷ്ടമായില്ലെങ്കി, പുറത്തേക്കിറങ്ങിപ്പോയ്‌ക്കോ,"  ഗ്രംപ്സ് പറഞ്ഞു. 
"എനിക്കെങ്ങനെ പുറത്തുപോകാനാകും?" ഡന്നോ ചോദിച്ചു.
"ഒന്ന് നിർത്ത്വോ," ഡുനോ പറഞ്ഞു. "കലഹിക്കാനുള്ള സ്ഥലമല്ല ബലൂൺ."

അപ്പോഴേക്കും, ബലൂൺ വളരെ ഉയരത്തിൽ എത്തിയിരുന്നു. പൂമ്പട്ടണം മൊത്തം ഒറ്റ നോട്ടത്തിൽ കാണാൻ കഴിയാറായി. വീടുകൾ വെറും പൊട്ടുകളായ് മാറി. മൈറ്റുകളെ കാണാനേ ഇല്ലായിരുന്നു. കാറ്റ് ബലൂണിനെ മുമ്പോട്ട് തള്ളിക്കൊണ്ടുപോയി. താമസിയാതെ, പട്ടണം ദൂരെദൂരെയായി.

ബലൂണിൻ്റെ യാത്ര എങ്ങോട്ടെന്നറിയാൻ, ഡുനോ കീശയിൽനിന്ന് ഒരു വടക്കുനോക്കിയന്ത്രം  പുറത്തെടുത്തു. 

അകത്തൊരു കാന്തസൂചിയുള്ള ഒരു കൊച്ചുലോഹപേടകമാണ് വടക്കുനോക്കിയന്ത്രം. സൂചി എപ്പോഴും വടക്കോട്ടു തിരിഞ്ഞിരിക്കും. അതിനാൽ, നമ്മളെങ്ങോട്ട് പോകുന്നുവെന്ന് അത് നോക്കിയാൽ അറിയാൻ പറ്റും; അതുപോലെ തിരിച്ചു പോകാനും അത് സഹായകമാകും. അതുകൊണ്ടാണ് ഡുനോ വടക്കുനോക്കിയന്ത്രം കയ്യിൽ കരുതിയത്. 

"വടക്കോട്ടാണ് കാറ്റ് നമ്മളെ കൊണ്ടുപോകുന്നത്," ഡുനോ പറഞ്ഞു. "അതായത്, നമുക്ക് തിരിച്ചു പോകേണ്ടത് തെക്കോട്ടാണെന്നർത്ഥം."

ഈ നേരമായപ്പോഴേക്കും വളരെ ഉയരത്തിലെത്തിയ ബലൂൺ, ചില മൈതാനങ്ങൾക്ക് മീതെ യാത്ര ചെയ്യുകയായിരുന്നു. പട്ടണം വിദൂരതയിലേക്ക്  മാഞ്ഞുകഴിഞ്ഞു. താഴത്ത് ദൂരെയായി, മൈറ്റുകൾ വെള്ളരിപ്പുഴയെന്ന് വിളിക്കുന്ന അരുവിയൊരു കുഞ്ഞുനാടപോലെ വളഞ്ഞുപുളഞ്ഞു കിടന്നു. മൈതാനങ്ങളിൽ അവിടെയുമിവിടെയുമായ്ക്കണ്ട മരങ്ങൾ പൂടപിടിച്ച കുറ്റിച്ചെടികളെപ്പോലിരുന്നു.

പെട്ടെന്ന്, റോളിപോളി അങ്ങ് താഴെ ഒരിരുണ്ട ബിന്ദു ശ്രദ്ധിച്ചു. അത് നിലത്തുകൂടെ അതിവേഗം നീങ്ങുന്നുണ്ടായിരുന്നു; ബലൂണിന് പിറകേ ഓടുന്നത് പോലെ.

"ആരോ നമുക്ക് പിന്നാലെ ഓടുന്നുണ്ട്," റോളിപോളി വിളിച്ചു കൂവി.    
ഏവരും താഴെയുള്ള ആ ഇരുണ്ട പൊട്ടിലേക്ക് നോക്കി.
"ദാ, അത് പുഴക്ക് നേരെ കുറുകെ ചാടുന്നു," സ്കാറ്റർബ്രെയ്‌ൻ ഒച്ചയിട്ടു.
"എന്തായിരിക്കും?" സ്വിഫ്റ്റി ചോദിച്ചു.
"ഇപ്പോഴത് മരങ്ങൾക്ക് മുകളിലൂടെ ചാടുന്നു."

ഈ സമയത്ത് ബലൂൺ ഒരു കാടിനുമുകളിലൂടെ ഒഴുകുകയായിരുന്നു. ആ കറുത്ത പൊട്ട് മരങ്ങൾക്കു മീതേ തെന്നിനീങ്ങുന്നത് കാണാമായിരുന്നു. ഡോ. പിൽമാൻ കണ്ണടവെച്ചുനോക്കി. എന്നിട്ടും, ആ പൊട്ടെന്താണെന്ന് പിടികിട്ടിയില്ല. 

"എനിക്കറിയാം," ഒട്ടും പ്രതീക്ഷിക്കാതെ, ഡന്നോ വിളിച്ചു പറഞ്ഞു. "ഞാനാ ആദ്യം കണ്ടുപിടിച്ചത്! അത് ഡോട്ടാണ്. ഡോട്ടിനെ ഒപ്പം കൂട്ടാൻ  മറന്നതു   കൊണ്ട് അവൻ നമുക്കൊപ്പം ഓടിവരികയാണ്."
"അതവനല്ല," ഷോട്ട് പറഞ്ഞു. "ഡോട്ട് ബെഞ്ചിനടിയിൽ എൻ്റെ കാലിനരികിൽ ഇരിപ്പുണ്ടല്ലോ."
"പിന്നെയത് എന്തായിരിക്കും? നിനക്ക് പറയാമോ, ഡുനോ?"

ഡുനോ വടക്കുനോക്കിയന്ത്രം മാറ്റിവച്ച്, താഴേക്ക് നോക്കി.
"ഹേയ്, ഇത് നമ്മുടെ നിഴലല്ലേ!" അവനൊരു ചിരിയോടെ പറഞ്ഞു.
"എന്ത്? നമ്മുടെ നിഴലോ?" എല്ലാവരും അത്ഭുതം കൂറി.
"ഉവ്വ്. നമ്മുടെ ബലൂണിൻ്റെ നിഴൽ നമുക്കു പിന്നാലെ വരുന്നതാ."

മൈറ്റുകൾ നിഴലിലേക്ക് കണ്ണുകൾ തറപ്പിച്ചു. അത് ചെറുതായിച്ചെറുതായ് തീരെ ഇല്ലാതായി.

"അതിനെന്ത് പറ്റി?" അവർ പേടിച്ച് ചോദിച്ചു.
"നമ്മുടെ നിഴലു കാണാൻ പറ്റാത്തത്ര ഉയരത്തിലായി നമ്മൾ," ഡുനോ വ്യക്തമാക്കി.
"ഇതിനപ്പുറം ഇനി വരാനില്ല," ഗ്രംപ്സ് മുറുമുറുത്തു."നമ്മുടെ നിഴലു പോലും കാണാൻ പറ്റാത്തത്ര ഉയരത്തിൽ പറക്കാനാണെങ്കിൽ ഞാൻ വരില്ലായിരുന്നു."
"തുടങ്ങി വീണ്ടും!" ഡന്നോ പറഞ്ഞു. "നീ ആർക്കും ഒരു സ്വൈര്യവും കൊടുക്കില്ല!"
"സ്വൈര്യം!" ഗ്രംപ്സ് പുച്ഛിച്ചു. "സ്വൈര്യമാണ് നിനക്ക് വേണ്ടതെങ്കിൽ, ബലൂണിൽ പറക്കാതെ, വീട്ടിൽപോയിരിക്ക്!"
"നീ പോയിരിക്ക് വീട്ടില്!"
"എനക്കല്ലല്ലോ സ്വൈര്യം വേണ്ടത്!"
"വീണ്ടും തുടങ്ങിയോ?" ഡുനോ ഇടപെട്ടു.
"ബലൂൺ താഴെയിറക്കി രണ്ടിനേയും ഞാൻ പുറത്താക്കും."

അത് ഡന്നോയേയും, ഗ്രംപ്സിനേയും വല്ലാതെ ഭയപ്പെടുത്തി. അവർ കലഹം നിർത്തി.

കൃത്യം ആ നേരത്ത് ബലൂൺ പുകപോലെയോ, മാഞ്ഞുപോലെയോ ഉള്ള ഒന്നിനുള്ളിലേക്ക് കയറി. അവർക്കിപ്പോൾ നിലം കാണാതെയായി. ചുറ്റിനുമാരോ വെളുത്ത തിരശ്ശീലകൾ തൂക്കിയിട്ടതുപോലെ.

"എന്തായിത്?" അവരെല്ലാരും കൂവിവിളിച്ചു.
"എവിടുന്നാ ഈ പുക?"
 "ഇത് പുകയല്ല," ഡുനോ പറഞ്ഞു. "മേഘങ്ങളാണ്. നമ്മൾ മേഘങ്ങളിൽ എത്തിച്ചേർന്നിരിക്കുന്നു. നമ്മളിപ്പോ അവയ്ക്കുള്ളിലാ."
"നീയത് ഉണ്ടാക്കിപ്പറയുന്നതാണ്," ഡന്നോ പറഞ്ഞു. "മേഘങ്ങൾ വെളുത്ത് പഞ്ഞിപോലെ, പഞ്ഞിമിഠായിപോലെയല്ലേ? ഇത് മൂടൽമഞ്ഞുപോലുണ്ട്."
"മേഘങ്ങൾ എന്തുകൊണ്ടുണ്ടാക്കിയതാണെന്നാ നിൻ്റെ വിചാരം?"ഡുനോ ചോദിച്ചു. "അവ മഞ്ഞുകൊണ്ടുണ്ടാക്കിയതാണ്. ദൂരത്തുനിന്ന് നോക്കുമ്പോഴാണ് അവയ്ക്ക് കനമുണ്ടെന്ന് തോന്നുന്നത്."

ഡന്നോയ്ക്ക് അവനെ വിശ്വാസമായില്ല.
"അവൻ പറയുന്നത് കേൾക്കണ്ട," അവൻ മറ്റുള്ളവരോട് പറഞ്ഞു. "അവന് ഒരു പാട് കാര്യങ്ങൾ അറിയാമെന്ന് നമ്മളെ ബോദ്ധ്യപ്പെടുത്താനുള്ള ശ്രമമാണ്. എന്നാലോ, അവനൊരു ചുക്കും അറിയില്ല താനും. മേഘങ്ങളെയുണ്ടാക്കിയത് മഞ്ഞുതുള്ളികളെകൊണ്ടാണെന്ന് നമ്മളെ പഠിപ്പിക്കാൻ നോക്കുകയാ! അവ പഞ്ഞിമിഠായികൊണ്ടുണ്ടാക്കിയതാണ്! ഞാനിതുവരെ പഞ്ഞിമിഠായി കഴിക്കാത്തതുപോലെ!"

ബലൂൺ കൂടുതൽകൂടുതൽ ഉയരത്തിലേക്ക് പൊങ്ങി. താമസിയാതെ, അത് മേഘങ്ങൾക്കുള്ളിൽനിന്ന് പുറത്തുവന്ന്, അവയ്ക്ക് മുകളിലൂടെ സഞ്ചരിക്കാൻ തുടങ്ങി. ഡന്നോ തഴേക്കുനോക്കിയപ്പോൾ മേഘങ്ങളെ കണ്ടു. നാലുഭാഗത്തും അവ പടർന്നു നിന്നതിനാൽ, ഭൂമി കാണാതായി.
"ദൈവമേ!" ഡന്നോ ആശ്ചര്യപ്പെട്ടു. "ആകാശം നമ്മൾക്ക് കീഴെയായിരിക്കുന്നു! തലതിരിഞ്ഞാണ് നമ്മുടെ യാത്ര!"
"നമ്മൾ തലതിരിഞ്ഞാണിരിക്കുന്നതെന്ന് നിന്നോടാര് പറഞ്ഞു?" എല്ലാവരും അവനോട് ചോദിച്ചു.
"ആകാശം താഴെയാണെന്ന് എല്ലാവർക്കും കാണാവുന്നതല്ലേ!"

"മേഘങ്ങൾക്ക് മുകളിലൂടെയാണ് നമ്മൾ യാത്ര ചെയുന്നത്," ഡുനോ പറഞ്ഞു. "മേഘങ്ങളെക്കാളും ഉയരത്തിൽ കയറിയിരിക്കുകയാണ് നമ്മൾ. അതാണവ തലക്കു മുകളിലല്ലാതെ, കാൽച്ചോട്ടിലായിരിക്കുന്നത്." 

പക്ഷേ, ഡന്നോ ഇപ്പോഴും അവനെ വിശ്വസിച്ചില്ല. അവൻ ശ്വാസമടക്കിപിടിച്ചിരുന്നു. തൊപ്പി താഴെ വീണാലോ എന്ന് പേടിച്ച് അത് രണ്ടുകൈകൊണ്ടും മുറുക്കിപ്പിടിച്ചു.

അവരേയുംകൊണ്ട് കാറ്റ് വേഗത്തിൽ മേഘങ്ങൾക്ക് മുകളിലൂടെ പോയി. കുറച്ചുകഴിഞ്ഞപ്പോൾ, ബലൂൺ താഴേക്കാണ് പോകുന്നതെന്ന് മൈറ്റുകൾ ശ്രദ്ധിച്ചു.
"ഇതെന്തേ ഇങ്ങനെ?"
അവർ പേടിയോടെ ചോദിച്ചു.
"ബലൂണിലെ വായു തണുക്കുകയാണ്," ഡുനോ പറഞ്ഞു.
"അപ്പൊ, നമ്മളുടനേ നിലം തൊടുമോ?" സ്വിഫ്റ്റി ചോദിച്ചു.
"ഈ മണൽച്ചാക്കുകൾ പിന്നെന്തിനാന്നാ വിചാരിച്ചത്?" ഡുനോ ചോദിച്ചു. "മണല് കളഞ്ഞാൽ ബലൂൺ വീണ്ടുമുയരും."
പ്രാപ്സ് ഒരു ചാക്കെടുത്ത് വലിച്ചെറിഞ്ഞു.
"നീയെന്തായീ ചെയ്യുന്നത്?" ഡുനോ ചോദിച്ചു. "ചാക്കങ്ങനെ വലിച്ചെറിയരുത്. അതാരുടെയെങ്കിലും തലയിൽ  വീണാലോ!"
"ഒരു പക്ഷേ, വീഴില്ലായിരിക്കും." പ്രാപ്സ് പറഞ്ഞു.
"ഒരു പക്ഷേ, വീഴില്ലായിരിക്കും," ഡുനോ അവനെപരിഹസിച്ചു. "ചാക്ക് തുറന്ന് മണൽ കുറേശ്ശക്കുറേശ്ശെ പുറത്തേക്ക് കളയണം."
"അത് ഞാൻ ചെയ്തോളാം," പ്രോബ്‌ളി സ്വയം സന്നദ്ധനായി.
അവൻ മറ്റൊരു ചാക്കഴിച്ച് കുട്ടക്കടയിലൊഴിച്ചു. 
"നീ നിൻ്റെ ചേട്ടനെപ്പോലെത്തന്നെ മോശക്കാരനാണ്," ഡുനോ തലകുലുക്കിപ്പറഞ്ഞു. "മണൽ കൂടയിലൊഴിച്ചിട്ടെന്ത് നേടാൻ? അതുകൊണ്ട് കുട്ടക്ക് ഭാരമില്ലാതാകുമോ?"
"ഒരു പക്ഷേ, അത് പുറത്തേക്കെറിയുന്നതാവും നല്ലത്," കൈനിറച്ച് മണൽ വാരി പുറത്തേക്കെറിഞ്ഞുകൊണ്ട് പ്രാപ്സ് പറഞ്ഞു.  
"നോക്കിചെയ്യ്‌!" സ്കാറ്റർബ്രെയ്‌ൻ പറഞ്ഞു."നീ മണ്ണെൻ്റെ കണ്ണിലാക്കും."
"ഒരു പക്ഷേ, ആക്കില്ലായിരിക്കും," പ്രാപ്സ് പറഞ്ഞു. പക്ഷേ, ആ പറഞ്ഞ നിമിഷം, അവനത് കണ്ണിലാക്കി.

എല്ലാവരും അവനെ ശകാരിക്കാൻ തുടങ്ങി. അവർ ശകാരിച്ചു കൊണ്ടിരിക്കേ, പ്രോബ്‌ളി ഒരു കത്തിയെടുത്ത് കൂടയുടെ അടിയിലൊരു ദ്വാരമുണ്ടാക്കി; മണലിറങ്ങിപ്പോകാൻ.

"നിർത്തൂ! എന്തായീ ചെയ്യുന്നത്!" അത്ഡുനോ നിലവിളിച്ചു. "കൂട തവിടുപൊടിയായി നമ്മളെല്ലാം ഊർന്ന് വീഴും.
"അങ്ങനെ സംഭവിക്കില്ലായിരിക്കും," പ്രോബ്‌ളി മറുപടി പറഞ്ഞു.
"'പക്ഷേ', 'ഇല്ലായിരിക്കും'... ഈ രണ്ടുവാക്കേ നിങ്ങൾ
ചേട്ടാനിയൻമാർക്കറിയൂ," അതും പറഞ്ഞ്, ഡുനോ അവനിൽനിന്ന് കത്തിയെടുത്ത് മാറ്റി. 

കുട്ടയിലെ ഓട്ടയിലൂടെ മണൽ ചോരുന്നതിനനുസരിച്ച്, ബലൂൺ ഭാരം കുറഞ്ഞ് ആകാശത്തേക്ക് വീണ്ടുമുയരാൻ തുടങ്ങി. മൈറ്റുകൾ തൃപ്തിയോടെ ചുറ്റും നോക്കി. ബലൂൺ മുകളിലോട്ട് കയറുന്നത് അവരെ സന്തോഷിപ്പിച്ചു. ഗ്രംപ്സിന് മാത്രമായിരുന്നൂ അതൃപ്തി. അവനെപ്പോഴും മുറുമുറുക്കാൻ എന്തെങ്കിലും കണ്ടുപിടിക്കും.
"മേലോട്ടും, താഴോട്ടും, താഴോട്ടും, മേലോട്ടും, " അവൻ പറഞ്ഞു. "ഇങ്ങനെയാണോ നല്ലൊരു ബലൂൺ പെരുമാറുക?"
മറ്റൊന്നും കൂടുതൽ പറയാൻ കിട്ടാത്തതുകൊണ്ട് അവൻ റോളിപോളിയെ നോക്കി. റോപോളിയാകട്ടെ, ഒരു ശർക്കരകഷ്ണം നുണയുകയായിരുന്നു.
"നീയെന്താ കൊറിക്കുന്നത്?" അവൻ ചോദിച്ചു.
"ശർക്കരത്തുണ്ട്. കീശയിലുണ്ടായിരുന്നതെടുത്ത് നുണയാൻ തുടങ്ങിയതാ."
"വെല്ലം തിന്നാൻ പറ്റിയ സമയം! നിലം തൊടുന്നവരെ ക്ഷമിക്കാൻ പറ്റില്ലേ?"
"അധികഭാരം ചുമക്കേണ്ട കാര്യമെനിക്കില്ലല്ലോ!" റോളിപോളി പറഞ്ഞു. "ഞാനീ ശർക്കര തിന്നാൽ, ബലൂണിന് ഭാരം കുറയും; അതിന് കൂടുതലുയരാൻ കഴിയും."
"തിന്ന്തിന്ന് നീ തന്നെയൊരു ശർക്കരയാകും," ഗ്രംപ്സ് പിറുപിറുത്തു. 
-------------------------------------------------------------------------------------------------------------

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...