2020, ജൂലൈ 8, ബുധനാഴ്‌ച

DUNNO : 7

ആരോഹണത്തിനുള്ള ഒരുക്കം. 

അടുത്ത ദിവസം ഡുനോ ചങ്ങാതിമാരെ പതിവിലും നേരത്തേ ഉറക്കത്തിൽനിന്നുണർത്തി. അവരെഴുന്നേറ്റ് പറക്കാനായ് വസ്ത്രങ്ങളണിഞ്ഞു. 

ട്വിസ്റ്റമും ബെൻഡമും അവനവൻ്റെ തുകൽ ജാക്കറ്റുകളെടുത്തിട്ടു. ഷോട്ട്, മുട്ടോളമെത്തുന്ന തൻ്റെ പ്രിയപ്പെട്ട ബൂട്ടിട്ട്, മുട്ടിനുമേലെ കൊളുത്തിട്ട് മുറുക്കി. ദീർഘയാത്രകൾക്ക് അനുയോജ്യമായൊരു ബൂട്ടാണത്. സ്വിഫ്റ്റി   തൻ്റെ "മിന്നൽ" ഉടുപ്പാണണിഞ്ഞത്. അതിനെക്കുറിച്ചൊരു വാക്ക് പറയേണ്ടതുണ്ട്. സ്വിഫ്‌റ്റി എപ്പോഴും തിരക്കിലായതുകൊണ്ട്, അവന് ഒരു നിമിഷംപോലും പാഴാക്കാൻ പറ്റില്ല. അതുകൊണ്ടവൻ അവനുവേണ്ടി സ്വന്തമായി ഒരു കുടുക്കില്ലാക്കുപ്പായമുണ്ടാക്കി. 
കുടുക്കിടാനുമഴിക്കാനും സമയമെത്ര പാഴാകുമെന്ന് എല്ലാവർക്കും അറിവുള്ളതാണല്ലോ. സ്വിഫ്റ്റിയുടെ ഉടുപ്പിന് വെവ്വേറെ ഷർട്ടും ട്രൗസറുമൊന്നുമില്ല. ആകെക്കൂടി ഒരൊറ്റക്കുപ്പായം. അയഞ്ഞ ഒരു 
പുറങ്കുപ്പായം പോലെ. തലക്കുമുകളിൽ ഒരൊറ്റ കെട്ടിലത് കുടുങ്ങിക്കിടക്കും. കെട്ടഴിഞ്ഞാൽ, കണ്ണടച്ച് തുറക്കുംമുമ്പ്, അത് ചുമലിലൂടെ കാൽക്കീഴിലേക്ക് വീഴും. 

ട്രീക്ളീ സ്വീറ്റർ കള്ളികളുള്ള കുപ്പായമാണിട്ടത്. അയാളെന്നും കളങ്ങളുള്ള കുപ്പായങ്ങളാണ് ധരിക്കാറ്. അയാളുടെ ട്രൗസറിനും, ജാക്കറ്റിനും കള്ളികളുണ്ടാകും; തൊപ്പിക്കുമുണ്ടാകും കള്ളികൾ. തെരുവിലൂടെ അയാൾ നടന്നു വരുമ്പോൾ, മൈറ്റുകൾ വിളിച്ചു പറയും: "നോക്ക്! ദാ, ചതുരംഗപ്പലക വരവായി!" പ്രാപ്സ് അണിഞ്ഞത് ഒരു മഞ്ഞിലൂടെ തെന്നിപ്പായുമ്പോഴിടാറുള്ള കുപ്പായമാണ്. അത് യാത്ര സുഖകരമാക്കുമെന്ന് അവനുറപ്പായിരുന്നു. പ്രോബ്‌ളി വരകളുള്ളൊരു ബനിയനും, വരകളുള്ളൊരു ട്രൗസറുമാണ് ധരിച്ചത്; വരകളുള്ളൊരു തൂവാല കഴുത്തിൽ കെട്ടുകയും ചെയ്തു. ചുരുക്കത്തിൽ, മൂപ്പരാകെ വരകളായിരുന്നു. ദൂരെനിന്ന് നോക്കിയാൽ, അവനൊരു മൈറ്റല്ല, മെത്തയാണെന്ന് തോന്നിപ്പോകും. 

എല്ലാവരും അവരവർക്കുള്ള മികച്ച വസ്ത്രങ്ങളാണണിഞ്ഞത്; എല്ലാവരും, അതായത്, സ്കാറ്റർബ്രെയ്‌ൻ ഒഴിച്ച്. സാധനങ്ങൾ കണ്ടിടത്ത് വലിച്ചെറിയുന്ന സ്വാഭാവമാണ് അവന്റേത്. അതുകൊണ്ട്, സ്മരണാർഹമായ ഈ പുലരിയിൽ അവന് തൻ്റെ ജാക്കറ്റ് കണ്ടെടുക്കാൻ പറ്റിയില്ല. അവൻ്റെ തൊപ്പിയും കാണനില്ലായിരുന്നു. പക്ഷേ, ചെവിച്ചിറകുകളുള്ള ആ ശീതത്തൊപ്പി കിടക്കക്കടിയിൽനിന്ന് കണ്ടുകിട്ടി. 

കലാകാരൻ ബ്ലോബ്സ് യാത്രക്കിടയിൽ കാണുന്നതെല്ലാം പകർത്താൻ തീരുമാനിച്ചിരുന്നു. പുറപ്പാടിന്‌ എത്രയോ മുമ്പുതന്നെ അദ്ദേഹം ചായങ്ങളും ബ്രഷും ബലൂണിൻ്റെ കുട്ടയിൽ വച്ചിരുന്നു. ട്രിൽസ് തൻ്റെ ഓടക്കുഴൽ കൂടെയെടുത്തു. ഡോ. പിൽമാൻ തൻ്റെ മരുന്നുസഞ്ചി കൂടയിലുണ്ടായിരുന്ന ബെഞ്ചുകളിലൊന്നിൽ വച്ചു. അത് സാമാന്യബുദ്ധിക്ക് നിരക്കുന്ന ഒരു കാര്യമായി. ഇങ്ങനെയുള്ളൊരു അസാമാന്യയാത്രയിൽ ആർക്കെങ്കിലും രോഗം വരുമെന്നത് ഉറപ്പാണല്ലോ.

ക്ളോക്ക് ആറടിക്കുന്നതിന് മുമ്പ്, പട്ടണവാസികളിൽ ഏകദേശമെല്ലാവരും വീടിനു ചുറ്റും കൂടിയിരുന്നു. പലരും വേലിപ്പുറത്തോ, വീടുകളുടെ മേൽക്കൂരകളിലോ കയറി ഇടം പിടിച്ചിരുന്നു.   

കൂടയിലേക്ക്‌ ആദ്യം കയറിയ സ്വിഫ്റ്റി ഏറ്റവും സുഖപ്രദമായ ഇരിപ്പിടം തനിക്കായ്‌ തെരഞ്ഞെടുത്തു. അടുത്തതായ് ഡന്നോ കയറി. 
"നോക്കൂ! അവർ ഇരിക്കാൻ തുടങ്ങിക്കഴിഞ്ഞു!" കാണികൾ വിളിച്ചു പറഞ്ഞു. 

"എന്താ ഇതിനെയൊരർത്ഥം?" ഡുനോ ചോദിച്ചു. "കയറാറായില്ല! 
ഒന്നിറങ്ങിപ്പോയേ!"
"എന്തേ?" ഡന്നോ ചോദിച്ചു. "നമ്മൾ പുറപ്പെടാത്തതെന്തേ?"
"എന്തേ!" ഡുനോ പുച്ഛിച്ചു. "ആദ്യം ബലൂണിൽ ചൂടു വായു നിറക്കണം. അതന്നേ."
"എന്തിന്?" സ്വിഫ്റ്റി വീണ്ടും ചോദിച്ചു.
"ചൂടു വായുവിന് തണുത്ത വായുവിനേക്കാൾ കനം കുറവായതുകൊണ്ട്; അതുകൊണ്ടത് മുകളിലേക്കുയരും. ചൂടു വായുകൊണ്ട് ബലൂൺ നിറച്ചാൽ, അപ്പോഴത്‌ കൂടയുമായ് മുകളിലേക്ക് പൊങ്ങും," ഡുനോ വ്യക്തമാക്കി. 
"അപ്പൊ, അതിലേക്കിനി ചൂടുകാറ്റ് പമ്പടിച്ച് കേറ്റണം," സ്വിഫ്റ്റിക്കൊപ്പം കൂടയിൽനിന്ന് പുറത്തിറങ്ങുമ്പോൾ, നിരാശ കലർന്ന സ്വരത്തിൽ ഡന്നോ പറഞ്ഞു. 

"നോക്ക്!" ഒരയൽവീട്ടിലെ മേൽക്കൂരയിൽനിന്ന് ആരോ വിളിച്ചു കൂവി. "അവരതാ പുറത്തിറങ്ങുന്നു. ഒടുവിൽ, അവർ പോകണ്ടാന്ന് തീരുമാനിച്ചു."
"സ്വാഭാവികം!" മറ്റൊരുമേൽക്കൂരയിൽനിന്നൊരു സ്വരം വന്നു. അതുപോലൊരു ബലൂണിൽ ആർകെങ്കിലും ആകാശത്ത് പറക്കാൻ പറ്റുമോ! അവർ നമ്മെ മണ്ടന്മാരാക്കാൻ നോക്കുകയാണ്."

ഇതങ്ങനെ നടന്നുകൊണ്ടിരിക്കേ, കുറച്ചു ചാക്കുകളിൽ മണൽ നിറച്ച് കുട്ടയിൽ വെക്കാൻ ഡുനോ കൂട്ടുകാരോട് പറഞ്ഞു. സ്വിഫ്റ്റിയും, മംസും, പ്രാപ്‌സും പറഞ്ഞത് ചെയ്തു.

"അവരെന്താണീ ചെയ്യുന്നത്?" ഒന്നും മനസ്സിലാകാതെ കണ്ടുനിൽക്കുന്നവർ ചോദിച്ചു. "കുട്ടയിൽ മണൽച്ചാക്കെന്തിന് വെക്കണം?"
"എടോ, നിങ്ങൾക്കെന്തിനാ മണൽച്ചാക്കിൻ്റെ ആവശ്യം?" വേലിപ്പുറത്ത് കാൽകവച്ചുവെച്ചിരിക്കുകയായിരുന്ന സിങ്കർ ചോദിച്ചു.
"ഞങ്ങളാകാശത്തെത്തുമ്പോൾ നിങ്ങളുടെയൊക്കെ തലിയിലിടാൻ," ഡന്നോ തിരിച്ച് വിളിച്ചു പറഞ്ഞു.  
ചാക്കുകളെന്തിനെന്ന് ഡന്നോയ്ക്കും അറിയില്ലായിരുന്നു. ആദ്യം തോന്നിയ ഉത്തരം അവൻ പറഞ്ഞെന്നേയുള്ളൂ.
"അതിനാദ്യം മുകളിലെത്തണ്ടേ!"  സിങ്കർ തിരിച്ചടിച്ചു. 
"അവര് പേടിച്ചിരിക്കയാ. അതാ അവനവൻ കയറുന്നതിനു പകരം, 
മണൽച്ചാക്ക് കേറ്റുന്നത്," സിങ്കറിനരികിൽ വേലിമേലിരിപ്പായിരുന്ന മിഡ്‌ജ്‌ എന്നൊരു കൊച്ചുമൈറ്റ് പറഞ്ഞു. എല്ലാവരും പൊട്ടിച്ചിരിച്ചു. 
"പേടിച്ചിരിക്കയാണെന്നത് വാസ്തവം. പക്ഷേ, പേടിക്കാനെന്താണുള്ളത്? ബലൂൺ പൊങ്ങില്ലല്ലോ."
"പൊങ്ങിയാലോ?" വേലിപ്പഴുതിലൂടെ പാളിനോക്കുകയായിരുന്ന ഒരു കൊച്ചു പെൺമൈറ്റ് ചോദിച്ചു. 

അവരിങ്ങനെ ബലൂൺ ഉയരമോ, ഇല്ലയോ എന്ന് തർക്കിക്കവേ, ഡുനോ ചങ്ങാതിമാരെക്കൊണ്ട് മുറ്റത്തൊരു നെരിപ്പോടുണ്ടാക്കിച്ചു. ബെൻഡമും ട്വിസ്റ്റമും അവരുടെ കടയിൽനിന്ന് വലിയൊരു ബോയ്‌ലർ കൊണ്ടുവന്ന് ആ നെരിപ്പോടിനു മുകളിൽ വെക്കുന്നതും കാണികൾക്ക് കാണായി. വായു ചൂടാക്കുന്നതിനാണ് ബെൻഡമും ട്വിസ്റ്റമും ബോയ്‌ലർ ഉണ്ടാക്കിയത്. താഴേക്ക് നന്നായ് മുറുകിനിൽക്കുന്ന ഒരടപ്പുണ്ടായിരുന്നൂ അതിന്; അടപ്പിലൊരു ദ്വാരവും. ബോയ്‌ലറിൻ്റെ പാർശ്വത്തിലും   ദ്വാരമുണ്ടായിരുന്നു. ഈ ദ്വാരത്തിലൊരു പൈപ്പ് ഘടിപ്പിച്ച്, പൈപ്പിൻ്റെ മറ്റേയറ്റം ഒരു പമ്പുമായ്‌ ബന്ധിച്ചിരുന്നു; ബോയ്‌ലറിലേക്ക് കാറ്റടിച്ചു കയറ്റാൻ. വായു ചൂടാകുമ്പോൾ, അടപ്പിലെ ദ്വാരത്തിലൂടെ അത് പുറത്തേക്ക് രക്ഷപ്പെടും. 

കാണികളിലാർക്കും ബോയ്‌ലറെന്തിനെന്ന് മനസ്സിലായില്ലെങ്കിലും, ഒരുരുത്തരും തരാതരംപോലെ ഓരോന്നനുമാനിച്ചു:
"കഞ്ഞിയുണ്ടാക്കാനുള്ള പരിപാടിയായിരിക്കണം. യാത്രപോകും മുമ്പ് നല്ലൊരു പ്രാതലാകാലോ," ഡെയ്‌സി എന്ന പേരുള്ള ഒരു പെൺമൈറ്റ് പറഞ്ഞു.
"ആയിരിക്കണം!" മിഡ്‌ജ്‌ പറഞ്ഞു. "ഇങ്ങനെയൊരു നീണ്ടയാത്ര പോകുമ്പോ, നല്ലൊരു പ്രാതൽ അത്യാവശ്യമാണ്."
"ശരിയാണ്. ഇതവരുടെ അവസാനത്തേതായേക്കും --- " ഡെയ്‌സി നെടുവീർപ്പിട്ടു.
"അവസാനത്തെ എന്തോന്ന്?"
"ഭക്ഷണം. അവരാകാശത്തേക്ക് പൊങ്ങും; ബലൂൺ പൊട്ടും; അതോടെ അവരുടെ കഥ കഴിയും."
"ആശങ്ക വേണ്ടാ," സിങ്കർ പറഞ്ഞു. "ആദ്യം അത് പൊങ്ങിയാലല്ലേ? ഒരാഴ്ചയായി അതിങ്ങനെ തറയിൽ കിടക്കാൻ തുടങ്ങിയിട്ട്. ഒരുത്തനുമിതുവരെ ആകാശത്തെത്തിയില്ലല്ലോ."
"പക്ഷേ, അവർ പൊങ്ങാൻ പോവുകയാല്ലോ," ടിങ്കിളിനൊപ്പം 
ബലൂണുയരുന്നത് കാണാൻ വന്ന പീവീ പറഞ്ഞു.

ഇതൊരു ചൂടേറിയ തർക്കത്തിന് ഹേതുവായി. ബലൂൺ പൊങ്ങുമെന്ന് ഒരാൾ പറഞ്ഞാൽ, ഇല്ലായെന്ന് വേറൊരാൾ പറയും; പൊങ്ങില്ലെന്ന് ഒരാൾ പറയുമ്പോൾ, പൊങ്ങുമെന്ന് മറ്റൊരാൾ. കൂക്കിവിളിയും, ബഹളവും കൊണ്ട് വേറൊരു ശബ്ദവും കേൾക്കില്ലെന്നായി. ഒരു മേൽക്കൂരമേലെ ചെറിയ രണ്ട് ആൺമൈറ്റുകൾ കോപംകൊണ്ട് അടിപിടി തുടങ്ങി. അവരെ പിരിച്ചു വിടാൻ അവർക്കു മേലെ തണുത്ത വെള്ളമൊഴിക്കേണ്ടി വന്നു. 

അപ്പോഴേക്കും, ബോയ്‌ലറിലെ വായു ചൂടായിക്കഴിഞ്ഞിരുന്നു. ബലൂൺ വായുവാൽ നിറക്കേണ്ട സമയമായെന്ന് ഡുനോ പറഞ്ഞു. പക്ഷേ, അതിനു മുമ്പ് ബലൂണിലെ തണുത്ത വായു പുറത്തു കളയേണ്ടിയിരുന്നു. ഡുനോ ചരടഴിച്ചപ്പോൾ, ഒരു വലിയ സീൽക്കാരത്തോടെ വായു പുറത്തു പോകാൻ തുടങ്ങി. എന്താണ് നടക്കുന്നതെന്ന് നോക്കാൻ പറ്റാത്തത്ര തിരക്കിൽ തർക്കിക്കുകയായിരുന്ന കാണികളിപ്പോൾ തലതിരിച്ചു നോക്കി. ബലൂൺ ചെറുതായ്, ചെറുതായ് വരുന്നതാണവർ കണ്ടത്. ചുക്കിച്ചുളിഞ്ഞ്, ഒരുണങ്ങിയ ആപ്പിൾ പോലെയായ ബലൂൺ കൂടക്കടിയിൽ കിടന്നു. നല്ലൊരു ഭീമൻ ബലൂണുണ്ടായിരുന്ന സ്ഥാനത്തിപ്പോൾ, വലയിട്ട വെറും മരക്കുട്ട മാത്രം. 

സീൽക്കാരം നിലച്ചപ്പോൾ, പൊട്ടിച്ചിരിയുടെ ഒരു മാലപ്പടക്കം പൊട്ടി. എല്ലാവരും ചിരിച്ചു --- ബലൂൺ പൊങ്ങുമെന്ന് പറഞ്ഞവരും, പൊങ്ങില്ലെന്ന് പറഞ്ഞവരും. ഡന്നോയുടെ ചങ്ങാതി ഗങ്കി ചിരിച്ചുചിരിച്ച് മേൽക്കൂരയിൽനിന്ന് താഴേക്കു വീണു; അവൻ്റെ തലയിടിച്ച് മുഴച്ചുവന്നു. മുഴച്ചിടത്ത് അയഡിൻ പുരട്ടാനായ്, ഡോ. പിൽമാന്‌ മരുന്നുസഞ്ചിക്കടുത്തേക്ക് ഓടേണ്ടിവന്നു.

"അപ്പൊ, ഇങ്ങനെയാണല്ലേ ആകാശത്തേക്ക് പറക്കുന്നത്!" കണ്ടുനിന്നവർ ആർത്തു. "നല്ല ബലൂണാ ഡുനോ ചിന്തിച്ചുണ്ടാക്കിയത്. ഉണ്ടാക്കാൻ ഒരാഴ്ച്ച! പൊട്ടാനോ ഒരു നിമിഷം! എന്തൊരു തമാശ! എൻ്റെ പൊന്നേ! എന്താ രസം!"

ഡുനോ അതിനൊന്നും, പക്ഷേ, ചെവി കൊടുത്തില്ല. അവൻ ബോയ്‌ലറിൽനിന്ന് പൈപ്പ് ബലൂണിലേക്ക് വലിച്ചു; കൂട്ടുകാരോട് പമ്പു ചെയ്യാൻ പറഞ്ഞു. ബോയ്‌ലറിലേക്ക് ശുദ്ധവായുവും, ബലൂണിലേക്ക് ചൂടു വായുവും കയറിക്കൊണ്ടേയിരുന്നു. ബലൂൺ വീർക്കാനും, കൂടയിൽനിന്ന് പുറത്തേക്ക് വരാനും തുടങ്ങി.

"ദാ, നോക്ക്!" കാണികൾ ആർത്തുവിളിച്ചു. "അത് വീണ്ടും വീർത്തുവരുന്നു. ഇവർക്കെന്താ വട്ടാണോ? അവർക്കിത് രണ്ടാമതും പൊട്ടിക്കണമെന്നുണ്ടോ?"

ബലൂൺ പൊങ്ങിവരുമെന്ന് ആരും വിശ്വസിച്ചില്ല. പക്ഷേ, അത് വലുതായ്, വലുതായ്, ഒടുവിൽ, കൂടയ്ക്ക് മുകളിൽ വലിയൊരു   തണ്ണിമത്തനെപ്പോലിരുന്നു. അത് മെല്ലെയുയർന്ന് വലയെ വലിച്ചുമുറുക്കന്നതാണ്, അവരെല്ലാം പെട്ടെന്ന് കണ്ടത്. അമ്പരപ്പിൽ പട്ടണവാസികൾക്ക് ശ്വാസം നിന്നപോലെയായി. ആരും ബലൂണിനെ കയർകെട്ടി വലിക്കുന്നില്ലെന്ന്, ഇത്തവണ, അവർക്ക് സ്വയം കാണാൻ കഴിഞ്ഞു.
"ബലേ, ഭേഷ്!" ഡെയ്‌സി കൈകൊട്ടിയാർത്തു.
"ഒച്ചവെക്കാതെ!" സിങ്കർ ഒച്ചയിട്ടു.
"പക്ഷേ, നോക്ക്! അതുയരുന്നു!"
"അതിനിയും പൊങ്ങിയിട്ടില്ലല്ലോ; കുട്ടയിൽ കെട്ടിയിട്ടിരിക്കുകയല്ലേ. കുട്ടയേയും, മൈറ്റുകളേയും ഒന്നിച്ച് അതിനൊരിക്കലും പൊക്കാനാവില്ല."

എന്നാൽ, അതേ നിമിഷം, ബലൂൺ കൂടയെ തറയിൽനിന്നുയർത്തുന്നത് സിങ്കർ കണ്ടു. അമ്പരപ്പിലയാൾ ഉച്ചത്തിൽ വിളിച്ചു കൂവി: 
"പിടിച്ചുവെക്കൂ! പിടിച്ചുവെക്കൂ! അത് പറന്നു പോകും! എന്താണാലോചിക്കുന്നത്?"

ബലൂൺ, എന്നാൽ, പറന്നകന്നില്ല. കൂടയെ കുറ്റിച്ചെടിയിൽ കെട്ടിയിരുന്നല്ലോ. അത് നിലത്തുനിന്ന് ഒരിത്തിരിയേ പൊങ്ങിയുള്ളൂ.

"ഭേഷ്!" എല്ലാവശത്തുനിന്നും ആർപ്പുവിളികളുണ്ടായി. "ഡുനോയെ സമ്മതിക്കണം! ബലൂണിനേയും! അവന്തിലെന്താ നിറച്ചത്? നീരാവിയോ?

ബലൂൺ പറക്കുമെന്നതിൽ ഇപ്പോൾ ഒരാൾക്കും സംഹായമുണ്ടായില്ല.
******************************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...