2020, ജൂലൈ 13, തിങ്കളാഴ്‌ച

ഡന്നോ 11

അന്യ ദേശത്ത്

ഉണർന്നപ്പോൾ താൻ പരിചയമില്ലാത്ത ഒരു മുറിയിലാണെന്ന് ഡന്നോയ്ക്ക് മനസ്സിലായി. അവനൊരു പതുപതുത്ത കിടക്കയിൽ കിടക്കുകയായിരുന്നു. പൂവിതളുകൾ നിറച്ചതുപോലെ മൃദുവായ മെത്ത. സംസാരിക്കുന്ന ശബ്ദം കേട്ടതുകൊണ്ടായിരുന്നൂ അവൻ ഉണർന്നത്. അവ വരുന്നതെവിടെനിന്നെന്നറിയാൻ അവൻ ചുറ്റും കണ്ണോടിച്ചു. മുറിയുടെ മൂലകളിൽ ചാരുകസേരകൾ ഉണ്ടായിരുന്നു. ചുവരുകളിൽ കമ്പളങ്ങളും പൂക്കളുടെ ചിത്രങ്ങളും തൂങ്ങിനിന്നിരുന്നു. ജലകത്തിനരികിൽ ഒരൊറ്റക്കാലൻ മേശ കണ്ടു. അതിനു മുകളിൽ ചിത്രത്തുന്നലുകളുള്ള ഒരു കൂന പട്ടുതുണികളുണ്ടായിരുന്നു; തുന്നൽ സൂചികളും, മൊട്ടുസൂചികകളും, മുള്ളൻപന്നിയുടെ മുള്ളുകൾ പോലെ തള്ളി നിൽക്കുന്ന ഒരു കൊച്ചു തലയിണയും. അധികം ദൂരത്തല്ലാതെ, എഴുത്തു സാമഗ്രികളുള്ള
ഒരെഴുത്തുമേശയുമായുണ്ടായിരുന്നു. അതിനരികിൽ പുസ്തകങ്ങളുടെ ഒരു കൊച്ചലമാരയും.

അകലെയുള്ള ചുമരിൽ, വാതിലിനു സമീപം, വലിയൊരു ആൾക്കണ്ണാടി. കണ്ണാടിക്കു മുമ്പിൽ രണ്ടു പെൺമൈറ്റുകൾ. അവർ സംസാരിക്കുന്നുണ്ടായിരുന്നു. അവരിലൊരുവൾ, പാട്ടുനാടകൊണ്ട് പിന്നിൽ വില്ലുകെട്ടിയ ഒരു നീലപ്പട്ടുടുപ്പണിഞ്ഞിരുന്നു. അവൾക്ക് നീലക്കണ്ണുകളും, മെടഞ്ഞിട്ട നീണ്ടിരുണ്ട മുടിയുമുണ്ടായിരുന്നു. ഇളംചുവപ്പു പൂക്കളും,
കടുംചുവപ്പു പൂക്കളുമുള്ള  ഒരുടുപ്പായിരുന്നു മറ്റേ പെൺകുട്ടി ധരിച്ചിരുന്നത്. അവളുടെ മുടിക്ക് ഇളം മഞ്ഞ നിറമായിരുന്നു. അത് ചുമൽ കവിഞ്ഞ് കിടന്നിരുന്നു. അവളൊരു തൊപ്പി ധരിച്ചു നോക്കുകുകയിരുന്നു; കൂട്ടത്തിൽ ഒരു കുരുവിയെപ്പോലെ ചിലയ്ക്കുന്നുമുണ്ടായിരുന്നു:

"എന്തൊരു വെറുപ്പിക്കുന്ന തൊപ്പി! എങ്ങനെ ധരിച്ചാലും
വൃത്തികേടായിരിക്കും. വക്കിന് നല്ല വീതിയുള്ള ഒരു തൊപ്പിയുണ്ടാക്കാനാണ് ഞാൻ ആഗ്രഹിച്ചത്. പക്ഷേ, വേണ്ടത്ര
സാമഗ്രിയുണ്ടായിരുന്നില്ല.  അതുകൊണ്ടെന്താ, വക്ക് ചെറുതാക്കേണ്ടി വന്നു. അതിട്ടാൽ മുഖം ചന്ദ്രനെപ്പോലെ വട്ടത്തിലാകും. അത്ര സുഖമുള്ള കാര്യമല്ല. നീയെന്തു പറയുന്നു?"
"ഈ കണ്ണാടിക്കു മുമ്പിൽ നീ നില്ക്കാൻ തുടങ്ങിയിട്ട് നേരം കുറേയായി," നീലക്കണ്ണുകളുള്ള പെൺകുട്ടി പറഞ്ഞു. "നേരം മുഴുവൻ കണ്ണാടിക്കു മുമ്പിൽ കഴിയുന്നവരെ എനിക്ക് സഹിക്കാനാവില്ല."
"കണ്ണാടി പിന്നെന്തിനാന്നാ നിൻ്റെ വിചാരം?" ഇളംമഞ്ഞമുടിയുള്ളവൾ   തുടർന്നു. അവളാ തൊപ്പി തലയിൽ വളരെ പിന്നിലേക്ക് വച്ച്, എങ്ങനെയുണ്ടെന്ന് കണ്ണു കൂർപ്പിച്ചു നോക്കി.

ഡന്നോയ്ക്ക് ഇതൊക്കെ തമാശയായിത്തോന്നി. അവന്
പൊട്ടിച്ചിരിക്കാതിരിക്കാനായില്ല. ചിരിയടക്കാൻ ശ്രമിച്ചപ്പോൾ, ഒരു മുരളിച്ച പുറത്തേക്ക് ചാടി. ഇളംമഞ്ഞമുടിയുള്ള പെൺകുട്ടി ചെറുതായൊന്ന് നടുങ്ങി. അവൾ സംശയത്തോടെ ചുറ്റും കണ്ണോടിച്ചു. പക്ഷേ, ഡന്നോ കണ്ണടച്ച് ഉറങ്ങുന്നതായി നടിച്ചു. രണ്ടു പെൺകുട്ടികളും
കാൽവിരലുളൂന്നി കിടക്കക്കരികിലേക്ക് നടന്നു വരുന്നത് അവൻ കേട്ടു. അവർ അവനിൽനിന്ന് ഒരൽപ്പമകലേ വന്നുനിന്നു.

"ഇവനെന്തോ പറഞ്ഞതായ് എനിക്കു തോന്നി," അവരിലൊരാൾ മന്ത്രിച്ചു. "എനിക്ക് തോന്നിയതാകാം; ഇവനെപ്പോഴാ ബോധം വരിക? പോയ വൈകുന്നേരം മുതൽ ബോധമില്ലാതെ കിടക്കുകയാണ് പഹയൻ."
"അവനെ ഉണർത്തരുതെന്നാണ് തേന്മൊഴി പറഞ്ഞത്," മറ്റേ പെൺകുട്ടി പറഞ്ഞു. "അവൻ സ്വയമുണർന്നാൽ അവളെ വിളിക്കണമെന്നാണ് അവൾ പറഞ്ഞത്."

"ആരായിരിക്കുമീ തേന്മൊഴി?" ഡന്നോ വിസ്‍മയിച്ചു; പക്ഷേ, അവരെ കേട്ടതായേ അവൻ ഭാവിച്ചില്ല.

"വല്ലാത്തൊരു ധീരൻ തന്നെയിവൻ!" വീണ്ടുമാ സ്വരമുയർന്നു. "ബലൂണിൽ ആകാശത്ത് പറക്കുന്നതൊന്നോർത്തേ."
സന്തോഷം കൊണ്ട് ചെവിമുതൽ ചെവിവരെ ചിരിക്കാതിരിക്കാൻ ഡന്നോയ്ക്ക് പാടുപെടേണ്ടി വന്നു.
"ഞാൻ പിന്നീട് വരാം, ഇവൻ ഉണർന്ന് കഴിഞ്ഞ്," അവരിലൊരാൾ പറഞ്ഞു. "അവനോടാ ബലൂണിനെക്കുറിച്ച് ചോദിക്കാൻ എനിക്ക് കൊതിയായിട്ടു വയ്യ! അവൻ്റെ തലച്ചോറിന് വല്ല ക്ഷതവുമുണ്ടോയെന്തോ?"
മണ്ടി! ഡന്നോ വിചാരിച്ചു. എനിക്കതൊന്നുമില്ല.

ഇളംമഞ്ഞ മുടിയുള്ള പെൺമൈറ്റ് വിടപറഞ്ഞു പോയി. അതിനുശേഷം മുറിയിൽ നിശ്ശബ്ദത നിറഞ്ഞു. എന്തെങ്കിലും ശബ്ദം കേട്ടാൽ അതു പിടിച്ചെടുക്കാൻ പ്രയാസപ്പെട്ട് കാതുകൂർപ്പിച്ചുകൊണ്ട്, ഡന്നോ ഏറെ നേരം കണ്ണടച്ചു കിടന്നു. ഒടുവിലവൻ ഒരു കണ്ണു തുറന്നു നോക്കി. നീലനയനിയായ പെൺമൈറ്റ് അവനുമേലെ കുനിഞ്ഞു നോക്കുന്നതാണ് അവൻ കണ്ടത്. അവളൊന്നു മന്ദഹസിച്ചു; പിന്നെ, നെറ്റിചുളിച്ചു; ഒരു വിരലവനു നേരെയിളക്കി.

"ഇങ്ങനെയാ നീ ഉണരുക --- ഒരു സമയം ഒരു കണ്ണു തുറന്ന് ?" അവൾ ചോദിച്ചു.
ഡന്നോ തലയൊന്നാട്ടി മറ്റേക്കണ്ണും തുറന്നു.
"ഓ, നീ ഉറക്കമായിരുന്നല്ല, അല്ലേ?"
"ആയിരുന്നു. ഇപ്പോഴാ ഉണരുന്നത്."
അവൾ അവൻ്റെ ചുണ്ടിൽ വിരൽ അമർത്തിയില്ലായിരുന്നുവെങ്കിൽ, അവൻ സംസാരം തുടർന്നേനെ.
"ശ്ശ് ... സംസാരം വേണ്ടാ. നിനക്ക് സുഖമില്ല."
"ഇല്ല; എനിക്കൊന്നുമില്ല."
"നിനക്കെങ്ങനെ അറിയാം? നീയെന്താ ഡോക്റ്ററാ?"
"അല്ല."
"അപ്പോപ്പിന്നെ, അങ്ങനെയൊന്നും പറയാൻ നിനക്കവകാശമില്ല. ഞാൻ ഡോക്റ്ററെ വിളിക്കുന്നതു വരെ, അനങ്ങാതെ അവിടെക്കിട. എന്താ നിൻ്റെ പേര്?"
"ഡന്നോ. നിന്റേയോ?"
"ധാന്യമണി."
"എത്ര നല്ല പേര്!" ഡന്നോ പറഞ്ഞു.
"നിനക്കതിഷ്ടമായതിൽ സന്തോഷം. നീ തറവാട്ടിൽപ്പിറന്ന ഒരു കൊച്ചുകുട്ടിയാണെന്ന്  തോന്നുന്നു."
ഡന്നോ പുഞ്ചിരിച്ചു. അവനവനെ പുകഴ്ത്തുന്നത് കേൾക്കുക ഒരു സുഖമാണല്ലോ. അഭിന്ദനത്തേക്കാൾ ശകാരമാണല്ലോ അവനു ശീലം. മുറിയിൽ ആൺമൈറ്റുകളില്ലാത്തതിനാൽ, ഒരു പെൺകുട്ടിയോട് സംസാരിക്കുന്നുവെന്ന അപമാനമില്ലാതെ, അവനവളോട് വിനയത്തോടെ മിണ്ടാമല്ലോ.

"മറ്റേക്കുട്ടിയുടെ പേരെന്തുവാ?"
"ഏതു കുട്ടി?"
"നിന്നോട് സംസാരിച്ചവൾ. ഇളംമഞ്ഞമുടിയുള്ള സുന്ദരി."
"ഓഹോ!" ധാന്യമണി ഉറക്കെപ്പറഞ്ഞു. "അപ്പൊ, നീ ഉറങ്ങുകയായിരുന്നില്ലല്ലേ!"
"അയ്യോ, അതേ. ഒരു നിമിഷം കണ്ണു തുറന്നുപോയി. പിന്നെ, വീണ്ടുമുറങ്ങിപ്പോയി."
"നാണമില്ലല്ലോ!" അവനു നേരെ നെറ്റിചുളിച്ച് തല കുലുക്കിക്കൊണ്ട്, ധാന്യമണി പറഞ്ഞു. "അപ്പൊ, ഞാൻ സുന്ദരിയല്ലാ എന്നാണോ നിൻ്റെ വിചാരം?"
"അല്ലപ്പാ!" ഡന്നോ പേടിച്ചു പറഞ്ഞു. "നീയും സുന്ദരിയാ."
"ആരാ കൂടുതൽ സുന്ദരി?"
"നീ. അവളുമതേ. രണ്ടാളും."
"നീയൊരു കൊച്ചുകള്ളൻ തന്നെ; എങ്കിലും നിന്നോട് ഞാൻ പൊറുത്തിരിക്കുന്നു," ധാന്യമണി പറഞ്ഞു. "ഹിമബിന്ദുവെന്നാണ് അവളുടെ പേര്. അവളെ നിനക്കിനിയും കാണാം. ഞാനിനി കൂടുതൽ സംസാരിക്കുന്നത് നിനക്ക് ദോഷം ചെയ്യും. കിടക്കയിൽ അനങ്ങാതെ കിടക്കണം. എഴുന്നേൽക്കരുത്. ഞാൻ തേന്മൊഴിയെ വിളിക്കട്ടെ."
"ആരാ ഈ തേന്മൊഴി?"
"ഡോക്റ്റർ. അവൾ നിന്നെ സുഖപ്പെടുത്തും."

ധാന്യമണിയും പുറത്തേക്ക് പോയി. ഡന്നോ ഉടനെ കിടക്കയിൽനിന്ന് പുറത്തേക്ക് ചാടി, തൻ്റെ ഉടുപ്പുകൾ തിരയാൻ തുടങ്ങി. എത്രയും പെട്ടെന്ന് അവിടെനിന്നോടിപ്പോകാനായിരുന്നൂ അവൻ്റെ തീരുമാനം. ആവണക്കെണ്ണ കുടിപ്പിക്കാനും അയഡിൻ പുരട്ടാനും ഏറെ താല്പര്യമുള്ളവരാണ് ഡോക്റ്റർമാർ എന്ന കാര്യം അവന് അറിവുള്ളതാണല്ലോ. പക്ഷേ, അവനവൻ്റെ ഉടുപ്പുകൾ കണ്ടെത്താനായില്ല. പകരം, ഒരു ബെഞ്ചിൽ ചുമരും ചാരിയിരിക്കുന്ന ഒരു പാവയെ കണ്ടു.

പാവയെ പൊളിച്ചുനോക്കി അതിനകത്തെന്താണെന്ന് നോക്കാനായിരുന്നു അവനാദ്യം തോന്നിയത്‌. അകത്ത് ഈർച്ചപ്പൊടിയാകാം, അല്ലെങ്കിൽ,
പരുത്തിയാകാം. അവൻ ഉടുപ്പിൻ്റെ കാര്യം അപ്പാടെ മറന്നു; ഒരു കത്തിക്കായ് തിരച്ചിൽ തുടങ്ങി. ആ നേരത്താണ് അവൻ തന്നെ സ്വയം കണ്ണാടിയിൽ കണ്ടത്. അവൻ പാവയെ നിലത്തേക്കിട്ട്, കണ്ണാടിയിൽ നോക്കി കോക്രി കാട്ടാൻ തുടങ്ങി. കുറേ നേരം കോക്രി കാട്ടി മടുത്തപ്പോൾ അവൻ പറഞ്ഞു: "ഞാനൊരു കൊച്ചുസുന്ദരൻ തന്നെ; എൻ്റെ മുഖം അത്ര വട്ടത്തിലൊന്നുമല്ല."

ആ നിമിഷം, വാതിലിനപ്പുറത്തുനിന്ന് കാലൊച്ചകൾ കേൾക്കാറായി. ഡന്നോ കിടക്കയിലേക്കൂളിയിട്ട്, കംബളംകൊണ്ട് മൂടിപ്പുതച്ചു. മുറിയിലേക്ക് ധാന്യമണി കടന്നു വന്നു; ഒപ്പം, കയ്യിലൊരു കൊച്ചു തവിട്ടുസഞ്ചിയുമായ്, വെള്ളക്കോട്ടും തൊപ്പിയും ധരിച്ച മറ്റൊരു പെൺമൈറ്റും. അവൾക്ക് ചുവന്നുരുണ്ട കവിളുകളും, കൊമ്പുകൊണ്ടുള്ള ചട്ടയിട്ട കണ്ണടയിലൂടെ കർക്കശമായി നോക്കുന്ന ചാരക്കണ്ണുകളുമുണ്ടായിരുന്നു. ഇതാകണം  ഡോക്റ്റർ, ഡന്നോ വിചാരിച്ചു.

തേന്മൊഴി ഡന്നോയുടെ മെത്തക്കരികിലേക്ക് ഒരു കസേര വലിച്ചുവച്ചു; അതിൽ തൻ്റെ സഞ്ചി നിക്ഷേപിച്ചു; പിന്നെ, തലകുലുക്കിക്കൊണ്ട്, പറഞ്ഞു:
"കർത്താവേ! എന്തൊരു താന്തോന്നിപ്പോക്കിരികളാണീ ആൺമൈറ്റുകൾ! എപ്പോഴും, എന്തെങ്കിലും കുരുത്തക്കേടൊപ്പിക്കും! എന്തു കണ്ടിട്ടാ നീയാ ബലൂണിൽ ആകാശത്തേക്ക് പോയത്? നിക്ക്, നിക്ക്. ഒന്നും മിണ്ടണ്ട. നീയെന്താ പറയാൻ പോകുന്നതെന്ന് എനിക്കറിയാം: 'ഇനി ഞാനിങ്ങനെ ചെയ്യില്ല!' എന്നല്ലേ? എല്ലാ ആൺമൈറ്റുകളും ഇതു തന്നെയാ പറയാറ്; എന്നിട്ടോ, അടുത്ത നിമിഷം വേറൊരു കുരുത്തക്കേടൊപ്പിക്കും."

തേന്മൊഴി സഞ്ചി തുറന്നു. മുറിയിൽ അയഡിന്റേയും മറ്റു മരുന്നുകളുടേയും ഗന്ധം നിറഞ്ഞു. ഡന്നോ ഒന്നു കിടുങ്ങി. തേന്മൊഴി അവനു നേരെ തിരിഞ്ഞു:
"എഴുന്നേറ്റിരിക്കൂ, ദയവായി."
ഡന്നോ കിടക്കയിൽനിന്ന് ഒരു കാൽ പുറത്തേക്കിട്ടു.
"അതാണ് നിനക്കിഷ്ടമെങ്കിൽ, അവിടെത്തന്നെ കിടന്നോ," അവൾ ദേഷ്യപ്പെട്ട് പറഞ്ഞു. "എഴുന്നേറ്റിരിക്കാനാണ് ഞാൻ പറഞ്ഞത്."
ഡന്നോ ചുമലൊന്നു കുലുക്കി എഴുന്നേറ്റിരുന്നു.
"ചുമലു കുലുക്കാതെ,"തേന്മൊഴി പറഞ്ഞു. "നാവൊന്ന് നീട്ടിക്കേ."
"എന്തിന്?"
"ദയവായി, ചോദ്യങ്ങളൊന്നും വേണ്ട. നാവ് കാണിച്ചേ."
ഡന്നോ  നാവു പുറത്തേക്ക് തള്ളി.
"ആ.. ആ ... എന്ന് പറഞ്ഞാട്ടെ."
"ആ ... ആ ..." ഡന്നോ പറഞ്ഞു.

സഞ്ചിയിൽനിന്ന് ഒരു മരക്കുഴലെടുത്ത് തേന്മൊഴി അവൻ്റെ ഹൃദയത്തോടും ശ്വാസകോശത്തോടും ചേർത്തുവച്ച് കാതോർത്തു.
"ആഴത്തിൽ ശ്വസിച്ചാട്ടെ, ദയവായി."
ഡന്നോ ഒരാവിയന്ത്രത്തെപ്പോലെ ശ്വസിക്കാൻ തുടങ്ങി.
"ശ്വാസം നിർത്തിയാട്ടെ, ദയവായി,"
"ഹി.. ഹി... ഹി!" ഡന്നോ ഇക്കിളിയിട്ടപോലെ ചിരിച്ചു.
"എന്തായിത്ര കിളിക്കാൻ? ഞാൻ തമാശയൊന്നും പറഞ്ഞില്ലല്ലോ?"
"ശ്വാസം നിർത്താൻ എനിക്കാവില്ലല്ലോ," അപ്പോഴും ചിരിച്ചുകൊണ്ട് ഡന്നോ പറഞ്ഞു.
"ശ്വാസം ആകെയങ്ങ് നിർത്താനല്ല. ഒരു നിമിഷത്തേക്ക് നിർത്താനാവില്ലേ?"
"അതെനിക്കാകും," അതും പറഞ്ഞ് ഡന്നോ ശ്വസിക്കുന്നത് നിർത്തി.

പരിശോധന കഴിഞ്ഞ് തേന്മൊഴി എഴുത്തുമേശക്കരികിൽപ്പോയി ഒരു  കുറിപ്പടിയെഴുതി.
"രോഗിക്ക് ചുമലിലൊരു പരിക്കുണ്ട്," അവൾ ധാന്യമണിയോട് പറഞ്ഞു. "മരുന്നുകടയിൽപ്പോയി തേൻപരട്ടിയ പ്ലാസ്റ്റർ വാങ്ങിയാട്ടെ. അത്തിൽനിന്നൊരു കഷണം വെട്ടിയെടുത്ത് അവൻ്റെ ചുമലിലൊട്ടിക്കുക. എഴുന്നേൽക്കാൻ വിടരുത്.  വിട്ടാൽ, അവൻ നിങ്ങളുടെ പാത്രങ്ങളെല്ലാം എറിഞ്ഞുടക്കും; ആരുടെയെങ്കിലും തലക്കിട്ട് കിഴുക്കുകയും ചെയ്യും. ആൺമൈറ്റുകളോട് നമ്മളെപ്പോഴും കർക്കശക്കാരായിരിക്കണം."
തേന്മൊഴി മരക്കുഴൽ മാറ്റിവച്ചു; ഡന്നോയെ ഒരു നിമിഷം തുറിച്ചു നോക്കി; പിന്നീട്, പുറത്തേക്കിറങ്ങി.

ധാന്യമണി കുറിപ്പടി എടുത്തു.
"അവർ പറഞ്ഞത് കേട്ടല്ലോ? എഴുന്നേൽക്കാൻ പാടില്ല," അവൾ പറഞ്ഞു.
ഡന്നോ മുഖം കൊണ്ട് കോക്രി കാട്ടി.
"കോക്രി കാട്ടണ്ട, ഇനിയിപ്പോ. നിൻ്റെ ഉടുപ്പുകൾ അന്വേഷിക്കുകയും വേണ്ട. അതൊക്കെ ഭദ്രമായ് വച്ചിട്ടുണ്ട്, " ധാന്യമണി പറഞ്ഞു. അതിനുശേഷം അവൾ കുറിപ്പടിയുമായ് പുറത്തേക്കിറങ്ങി.
**********************************************  






























 





































































































അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...