2020, ജൂലൈ 12, ഞായറാഴ്‌ച

Dunno 10

അപകടം

ഉയരത്തിലെത്ര പോകുന്നോ, അത്രയും ചൂടു കൂടുമെന്നാണ് ചിലരുടെ വിചാരം. അതുനേരല്ല. ഉയരുന്തോറും കൂടുക തണുപ്പാണ്. സൂര്യൻ മൂപ്പരുടെ രശ്മികൾ കൊണ്ട് ഭൂമിയെ ചൂടാക്കുന്നു. ഭൂമി ഒരടുപ്പുപോലെയാകുന്നു. അടുപ്പിനെത്ര അടുത്തിരിക്കുന്നുവോ, അത്രയും ചൂട് കൂടും. ഇതെല്ലാവർക്കും അറിയാവുന്ന കാര്യമല്ലിയോ?

ഭൂമിയിൽനിന്ന് ബലൂണിൽ പറന്നകന്നപ്പോൾ, മൈറ്റുകൾക്കിക്കാര്യം മനസ്സിലായി. മേഘങ്ങൾക്ക് മുകളിൽ നല്ല തണുപ്പായിരുന്നു. അവരുടെ കൈകളും കവിളുകളും ചുവന്നു. കാലുകളിടിച്ചും, കൈകൾ വീശിയും അവർക്ക് തണുപ്പകറ്റേണ്ടി വന്നു. ഏറ്റവുമധികം തണുപ്പേറ്റത് സ്കാറ്റർബ്രെയിനിനാണ്. അവൻ തൻ്റെ തൊപ്പി മറന്നുപോയിരുന്നല്ലോ. അവനാകെ വിറച്ചു; പല്ലുകൾ കൂട്ടിയിടിച്ചു; അവൻ്റെ മൂക്കിനറ്റത്ത് ഒരു കൊച്ചു ഹിമബിന്ദു രൂപം കൊണ്ടു.

"പല്ലിടിക്കാതെ നോക്കെടോ," ഗ്രംപ്സ് മുറുമുറുത്തു. "നിൻ്റെ പല്ലുകൾ കൂട്ടിയിടിക്കുന്നത് കേൾക്കാതെ തന്നെ, ആവശ്യത്തിന് തണുപ്പുണ്ട്."
"ഇത്രയും ത..ണു..പ്പുള്ളത് എൻ്റെ കുറ്റം കൊണ്ടാണോ," സ്കാറ്റർബ്രെയ്‌ൻ വിറച്ചു.
"പല്ല് കൂട്ടിയിടിക്കുന്നത് എനിക്ക് സഹിക്കാനാകില്ല," എഴുന്നേറ്റുകൊണ്ട് ഗ്രംപ്സ് പറഞ്ഞു. "എനിക്ക് പേടിയാകും."

അവൻ പോയി ബ്ലോബ്സിനരികിലിരുന്നു. പക്ഷേ, ബ്ലോബ്‌സിൻ്റെ പല്ലുകളും കൂട്ടിയിടിക്കുകയായിരുന്നു. ഗ്രംപ്സ് അയാളെ സംശയത്തോടെ നോക്കി.
"നിങ്ങളും അതന്നെ ചെയ്യുകയാണല്ലേ?" അവൻ പറഞ്ഞു. "എന്നെ ദേഷ്യം പിടിപ്പിക്കാൻ, അല്ലേ?"
"അല്ലേയല്ല. ഭയങ്കര ത..ണു..പ്പേ!"

ഗ്രംപ്സ് എഴുന്നേറ്റ് മറ്റൊരിരിപ്പിടത്തിലേക്ക് മാറി. ഏതുനേരവും ഇങ്ങനെ ഇരിപ്പിടം മാറിക്കൊണ്ടിരുന്നതിനാൽ, അവനെല്ലാവർക്കും വലിയ ശല്യമായി.

ബലൂണാകട്ടെ കട്ടമഞ്ഞുകൊണ്ട് ആവൃതമായി. വെയിലിലത് വെള്ളിപോലെ മിന്നിത്തിളങ്ങി. റബ്ബറിനകത്തെ വായു, മന്ദമന്ദം, തണുത്തു വന്നു. ബലൂൺ താഴേക്കിറങ്ങാൻ തുടങ്ങി. ഒരു നിമിഷം, അത് വായുവിലൂടെ അതിവേഗം അവരോഹണത്തിലായി. വലിച്ചെറിയാൻ മണൽച്ചാക്കുകൾ ബാക്കിയുണ്ടായിരുന്നില്ല. അവരോഹണമവരോധിക്കാൻ ഒന്നുമുണ്ടായിരുന്നില്ല.

"ര..ക്ഷി..ക്കൂ," ട്രീക്ളീ സ്വീറ്റർ നിലവിളിച്ചു.
"നമ്മുടെ കഥ കഴിഞ്ഞു," അതും പറഞ്ഞ് ഡന്നോ ഒരു ബെഞ്ചിനടിയിലേക്ക് ഊളിയിട്ടു.
"അവിടന്ന് പുറത്ത് വരാൻ!" ഡുനോ അവനു നേരെ ഒച്ചയിട്ടു.
"എന്തിന്?"
"നമ്മൾ പാരഷ്യൂട്ടിട്ട് ചാടാൻ പോകുന്നു."
"ഇവിടെയിരിക്കുന്നതാ എനിക്ക് നല്ലത്," ബെഞ്ചിനടിയിൽനിന്ന് ഡന്നോ പറഞ്ഞു.
ഡുനോ അവനെ കുത്തിനുപിടിച്ച് വെളിയിലേക്ക് വലിച്ചു.
"എന്നെ തൊടരുത്!" ഡന്നോ നിലവിളിച്ചു. "ഞാൻ കേസ് കൊടുക്കും."
"കാറാതിരിക്ക്," ഡുനോ ശാന്തനായ് പറഞ്ഞു. "ദയവായ്,  ചാപല്യമൊന്നും കാട്ടാതെ. ഞാൻ താഴേക്ക് ചാടുന്നതു നോക്കി, അതുപോലെ ചാടൂ."

അവൻ്റെ ശാന്തസ്വരം ഡന്നോവിനെ ഒട്ടൊന്ന് നേരെയാക്കി. ഡുനോ
കൂടയുടെ അതിരിലേക്ക് നീങ്ങി.
"എല്ലാവരുമൊന്ന് ശ്രദ്ധിച്ചേ!" അവൻ പറഞ്ഞു. "എനിക്കു പിറകേ, നിങ്ങളോരുരുത്തരായിച്ചാടണം. ആരെങ്കിലും വിട്ടുപോയാൽ, അവരെയും കൊണ്ട് ബലൂൺ മുകളിലോട്ട് പൊങ്ങും. പാരഷ്യൂട്ട് റെഡിയാക്കിക്കോ, ചാടിക്കോ!"

ഡുനോ ചാടി; സുഖമായ് താഴേക്ക് പോയി. അടുത്തതായ് ചാടിയത് സ്വിഫ്റ്റിയാണ്. അവനു, പക്ഷേ, ഇറക്കം സുഖമായില്ല. ചാടിയതിനു പിന്നാലെ പാരഷ്യൂട്ട് തുറക്കുന്നതിനു പകരം, പാരഷ്യൂട്ട് തുറന്നതിനു ശേഷമാണ് അവൻ ചാടിയത്. പാരഷ്യൂട്ട് കൂടയുടെ ഒരു വശത്ത് പിണഞ്ഞു നിന്നു; കാലുകൾ കയറിൽ കുടുങ്ങി അവൻ തലകീഴായി. മീൻപിടിക്കാനുള്ള കൊളുത്തിലെ പുഴുവെപ്പോലെ അവൻ പിടഞ്ഞു, കാലു കുതറിച്ചു. പക്ഷേ, പാരഷ്യൂട്ട്  പിടിവിട്ട് വന്നില്ല.  
"കർത്താവേ! പാരഷ്യൂട്ട് വേറിട്ടാൽ, സ്വിഫ്റ്റി തല കുത്തി വീഴും!" ഡോ. പിൽമാൻ നിലവിളിച്ചു.
മൈറ്റുകൾ ഉടനടി പാരഷ്യൂട്ടിൻ്റെ കയറുകൾ പിടിച്ചെടുത്ത്, സ്വിഫ്റ്റിയെ കൂടയിലേക്ക് തിരിച്ചാക്കി.
ബലൂൺ വീണ്ടും പൊങ്ങുകയാണെന്ന് ഡുനോ ശ്രദ്ധിച്ചു.
"നോക്കൂ! ഇനിയാരും ചാടേണ്ടതില്ല!" അവൻ പറഞ്ഞു. "ബലൂണിപ്പോ താഴേക്ക് വീഴുന്നില്ലാ!"
"അതെന്താ?" പ്രാപ്സ് അത്ഭുതപ്പെട്ട് ചോദിച്ചു.
"ഡുനോ പുറത്തേക്ക് ചാടിയപ്പോ, ബലൂണിന് ഭാരം കുറഞ്ഞു, അതാ. അത് മനസ്സിലാകുന്നില്ലേ, മണ്ടാ?" ഗ്രംപ്സ് പറഞ്ഞു.
പ്രാപ്സ് തൻ്റെ ചുമലൊന്ന് മെല്ലെ ഇളക്കി.
"ഡുനോയില്ലാതെ നമ്മളെന്തു ചെയ്യും?"
"ഫൂ! ഡുനോയില്ലാതെ നമ്മൾക്കൊന്നും ചെയ്യാനാകാത്തതു പോലെ!" ഡന്നോ പറഞ്ഞു.
"എന്തു ചെയ്യണമെന്ന് നമ്മളോട് പറയാൻ ആരെങ്കിലും വേണ്ടതല്ലേ?" റോളിപോളി ചോദിച്ചു.
"ഇനിമുതൽ എന്തു ചെയ്യണമെന്ന് ഞാൻ പറയാം," ഡന്നോ പ്രഖ്യാപിച്ചു. "ഇനിയങ്ങോട്ട് കാര്യങ്ങൾ ഞാനേറ്റെടുക്കുകയാണ്."
"നീയോ!" അത്ഭുതത്തോടെ ഗ്രംപ്സ് പറഞ്ഞു. "നിൻ്റെപോലത്തെ തലയുള്ളോരാളോ!"
"എൻ്റെ തലക്കെന്താ കുഴപ്പം?" ഡന്നോ പറഞ്ഞു. "നിനക്കെൻ്റെ തല പിടിക്കുന്നില്ലെങ്കിൽ, പുറത്തേക്ക് ചാടി നീയും ഡുനോയ്‌ക്കൊപ്പം കൂടിക്കോ."

ഗ്രംപ്സ് അരുകിലൂടെ പാളി നോക്കി.
"ഞാനവനെ എങ്ങനെ കണ്ടുപിടിക്കാനാണ്?" അവൻ പറഞ്ഞു. "നമ്മൾ അതു കഴിഞ്ഞ് കുറേ ദൂരം യാത്ര ചെയ്തില്ലേ? അവൻ തുള്ളിയപ്പോഴേ നമ്മളും തുള്ളേണ്ടതായിരുന്നു."
"ഇപ്പൊ ചാടൂ. സമയം കളയാതെ ചാടിക്കോ."
ഗ്രംപ്സും ഡന്നോയും കലഹിക്കാൻ തുടങ്ങി. ഇടപെടാൻ ഡുനോ ഇല്ലാതിരുന്നതു കൊണ്ട് കലഹം വൈകുന്നേരം വരെ  നീണ്ടുനീണ്ടുപോയി.
സൂര്യൻ അസ്തമിച്ചു. കാറ്റടിക്കാൻ തുടങ്ങി. ബലൂണിനകത്ത് വായുവിൻ്റെ തണുപ്പ് കൂടിക്കൂടി വന്നു. ബലൂൺ വീണ്ടും താഴേക്കിറങ്ങാൻ തുടങ്ങി. എന്നിട്ടും, ഡന്നോയും ഗ്രംപ്സും തമ്മിലുള്ള തമ്മിൽത്തല്ല് അവസാനിച്ചില്ല.

"മതിയാക്കിൻ!" ട്രീക്ലി സ്വീറ്റർ ഡന്നോയോട് പറഞ്ഞു. "നീയാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെങ്കിൽ, എന്താ വേണ്ടതെന്ന് പറ. ബലൂൺ വീണ്ടും വീഴുകയാണ്."
"പറയാം; ഒരു നിമിഷം," ഡന്നോ പറഞ്ഞു. 
അവനൊരു ബെഞ്ചിൽ ചെന്നിരുന്ന്, നെറ്റിയിലൊരു വിരൽ ചേർത്ത് ആലോചനയിലായി. അതിനിടയിൽ, ബലൂൺ മുമ്പത്തേക്കാളും വേഗത്തിൽ തഴോട്ടൂർന്ന് വീഴാൻ തുടങ്ങി.

"എന്തായിത്ര ചിന്തിക്കാൻ?" ബെൻഡം പറഞ്ഞു. "താഴേക്കെറിയാൻ ചാക്കുണ്ടായിരുന്നെങ്കിൽ, എറിയാമായിരുന്നു."
"വളരെ ശരിയാണ്," ആ ഒരാശയത്തിൽ കയറിപ്പിടിച്ച് ഡന്നോ പറഞ്ഞു. "മണൽച്ചാക്ക് ബാക്കിയില്ലാത്തതിനാൽ, നിങ്ങളിലൊരാളെ പുറത്തേക്കെറിയേണ്ടി വരും. അപ്പൊ, ബലൂൺ വീണ്ടും മുകളിലേക്കുയരും."
"പക്ഷേ, ആരെപിടിച്ചെറിയും?"
"അതെനിക്കറിയില്ല," ആലോചനയിലാണ്ട ഡന്നോ പറഞ്ഞു. "ഏറ്റവുമധികം മുമുറുക്കുന്നൊരാളെ പുറത്തേക്ക് വലിച്ചെറിഞ്ഞാലോ?"
"എന്നെപ്പിടിച്ച് പുറത്തേക്കെറിയാൻ എനിക്കിഷ്ടമായില്ലെങ്കിലോ!" ഗ്രംപ്സ് പറഞ്ഞു. ഏറ്റവുമധികം മുറുമുറുക്കുന്നൊരാളെ പിടിച്ചെറിയണമെന്ന നിയമമൊന്നുമില്ല. ഏറ്റവുമധികം തടിയുള്ളയാളെ നമുക്കു പിടിച്ചെറിയാം."
"അതൊരു നല്ല ആശയമാണ്," ഡന്നോ പറഞ്ഞു. "നമുക്ക് റോളിപോളിയെ പുറത്തേക്കെറിയാം. അവനാണ് ഏറ്റവുമധികം വണ്ണം."
"വളരെ ശരിയാണ്," ട്രീക്ലി സ്വീറ്റർ പറഞ്ഞു.
"എന്ത്!" റോളോപോളി അലറി. "ഏറ്റവും കൂടുതൽ വണ്ണമെനിക്കെന്നോ? ട്രീക്ലി സ്വീറ്ററിന് എന്നേക്കാൾ വണ്ണക്കൂടുതലുണ്ട്!" 
"എനിക്ക് അവനേക്കാൾ വണ്ണക്കൂടുതലോ!" ട്രീക്ലി സ്വീറ്റർ പൊട്ടിച്ചിരിച്ചുകൊണ്ട് റോളിപോളിക്കു നേരെ വിരൽ ചൂണ്ടി."എല്ലാരും ഒന്ന് നോക്കിയേ. ഒന്നു നോക്കിയേ, ഹാ, ഹാ, ഹ! ആർക്കാണ് വണ്ണക്കൂടുതലെന്ന് അളന്നു നോക്കിക്കോ, വിശ്വാസം വരുന്നില്ലെങ്കിൽ."
"എന്നാ, അളന്നുനോക്ക്," അതും പറഞ്ഞ് റോളിപോളി ഒരു പോരുകോഴിയെപ്പോലെ ട്രീക്ളീ സ്വീറ്റർക്ക് മീതെ ചാടി.

ഡന്നോ കീശയിൽനിന്നൊരു ചരടെടുത്ത് റോളിപോളിയുടെ അരക്കെട്ടിനെ ചുറ്റിവച്ചു; പിന്നീട്, ട്രീക്ലി സ്വീറ്ററിൻ്റെ അരയ്ക്കുചുറ്റും വച്ചുനോക്കി. ഒടുവിൽ, ട്രീക്ലി സ്വീറ്റർക്കാണ് കൂടുതൽ തടിയെന്ന് വന്നു.

"ഞാനത് വിശ്വസിക്കില്ലാ!" ട്രീക്ലി സ്വീറ്റർ ഒച്ചവച്ചു. "റോളിപോളി പറ്റിച്ചതാണ്. അവൻ വയറുള്ളിലേക്ക് വലിച്ചതാണ് --- ഞാൻ കണ്ടതല്ലേ."
"ഞാനൊന്നും വലിച്ചില്ല," റോളിപോളിയും ഒച്ചവെച്ചു.
"നീ വലിച്ചു. ഞാൻ കണ്ടതാ. വീണ്ടും ഒന്നുകൂടെ അളന്നു നോക്ക്."

ഡന്നോ റോളിപോളിയെ അളക്കുമ്പോൾ, അവനുചുറ്റും ഓടിച്ചാടി, ട്രീക്ലി സ്വീറ്റർ പറഞ്ഞു:
"എടോ, ഇനിയിത് നടപ്പില്ല മോനേ! വയറിലേക്ക് വായുവലിച്ചുകേറ്റിപ്പിടി."
"എന്തിന് വായുവലിച്ചുകേറ്റണം?" റോളിപോളി പറഞ്ഞു. "അപ്പോപ്പിന്നെ എനിക്ക് നിൻ്റത്രയും തടിയാകും."
"വേണ്ടാ, വലിച്ചുകേറ്റണ്ട. എന്നാ, വയറുള്ളിലേക്ക് തള്ളുകയുമരുത്. ഉള്ളിലേക്ക് തള്ളാൻ നിനക്കൊരവകാശവുമില്ല. അവനെന്താ ചെയ്യുന്നതെന്ന് എല്ലാവരുമൊന്ന് നോക്കിക്കേ. ഇത് ശരിയല്ല! ചതിയാനാണിവൻ!"

റോളിപോളിയുടെ അളവ് കൃത്യമായെടുത്തതുപോലെ, ഡന്നോ ട്രീക്ലി സ്വീറ്ററിന്റേയും അളവ് കൃത്യമായെടുത്തു. ഇത്തവണ രണ്ടുപേരുടേയും അളവ് തുല്യമാണെന്ന് വന്നു.
"രണ്ടുപേരേയും പുറത്തെറിയേണ്ടിവരും," ഡന്നോ ഒരു നെടുവീർപ്പോടെ പറഞ്ഞു.
"പക്ഷേ, എന്തിന്? ഒരാള് മതിയെന്ന് വരുമ്പോൾ ..." ട്രീക്ലി സ്വീറ്റർ ചോദിച്ചു.

നായാടി ഷോട്ട് പുറത്തേക്കു നോക്കിയപ്പോൾ, ഭൂമി അതിവേഗം അടുത്തേക്കു വരുന്നതാണ് കണ്ടത്.
"വേഗം വേണം, ഡന്നോ; നമ്മൾ നിലത്തിടിച്ച് വീഴുന്നതിന് മുമ്പ്," അയാൾ പറഞ്ഞു. 
"ആരെ വലിച്ചെറിയണമെന്ന് നമുക്ക് എണ്ണിത്തൊട്ട് പറയാം," പ്രാപ്സ് പറഞ്ഞു.
"അത് ന്യായം." ട്രീക്ലി സ്വീറ്റർ പറഞ്ഞു. "പക്ഷെ, എല്ലാവരെയുമെണ്ണണം; മെലിഞ്ഞവരെയും, തടിച്ചവരെയും. ആരേയും വിഷമിപ്പിച്ചുകൂടല്ലോ."
"ശരി, ശരി," ഡന്നോ പറഞ്ഞു. "ഞാൻ എണ്ണാം."

എല്ലാവരും വട്ടത്തിൽ നിന്നു. ഡന്നോ ഓരോരാളിലും വിരൽ കുത്തിക്കൊണ്ട് എണ്ണാൻ തുടങ്ങി:

നാരങ്ങ ത്തോട്ടം 
ഇലകൾ പച്ച 
പൂക്കൾ മഞ്ഞ ... 

പിന്നെ, അവൻ പറഞ്ഞു:
"എനിക്കതിഷ്ടായില്ല. ദാ, ഞാൻ വീണ്ടുമെണ്ണാം:

ഒന്നേ ഒന്നേ പോ 
ഒന്നാനാം കുന്നിൽപ്പോ 
രണ്ടേ  രണ്ടേ പോ 
രണ്ടാനാം  കുന്നിൽപ്പോ ....

ആ നിമിഷം, കൂട താഴെയിടിച്ച് മലക്കം മറിഞ്ഞു. പ്രാപ്സ് പ്രോബ്‌ളിയുടെ കൈ കയറിപ്പിടിച്ചു; രണ്ടുപേരും ഒരുമിച്ച് പുറത്തേക്ക് വീണു. എല്ലാ മൈറ്റുകളും പയർമണികൾ പോലെ പുറത്തേക്കുരുണ്ടു പോയി. എല്ലാവരുമെന്നാൽ, ഡന്നോ ഒഴിച്ച്.  ഡന്നോ കൂടയുടെ ഓരത്തിൽ അള്ളിപ്പിടിച്ചിരുന്നു; അവൻ്റെ ട്രൗസറിൽ പല്ലുകൊണ്ടള്ളിപ്പിടിച്ച്  ഡോട്ടും. ബലൂൺ നിലത്തിടിച്ചപ്പോൾ, അത് മുകളിലേക്ക് വീണ്ടും പൊങ്ങി; ഒപ്പം കൂടയും.  പിന്നെയത്, കൂടയെ പിന്നാലെ വലിച്ചു കൊണ്ട്, പതുക്കെ നിലത്തേക്കിറങ്ങാൻ തുടങ്ങി. താമസിയാതെ, ബലൂൺ കടുപ്പമുള്ള എന്തിലോ തട്ടി, വലിയൊരു ശബ്ദത്തോടെ പൊട്ടിത്തെറിച്ചു.

ഡോട്ട് വായുവിലൊരു മലക്കം മറിഞ്ഞ്, ഓരിയിട്ടോടി. ഡന്നോ കൂടയിൽനിന്ന് പുറത്തേക്ക് വീണ്, നിലത്ത് നിശ്ചലനായികിടന്നു. 

അങ്ങനെ ബലൂൺ സവാരി അവിടെ അവസാനിച്ചു.
**********************************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...