2020, ജൂലൈ 17, വെള്ളിയാഴ്‌ച

DUNNO :13

ഡന്നോ സ്വന്തം  വീരസാഹസകഥ പറയുന്നു 
ഡന്നോ തിടുക്കപ്പെട്ട് ഉടുപ്പുകളണിഞ്ഞു; കരയുന്ന മരഗോവണി കയറി രണ്ടാം നിലയിലെത്തി.

താഴത്തെ നിലയിലെ മുറിയെക്കാൾ ചെറുതെങ്കിലും, ഈ മുറി കൂടുതൽ സുഖദായകമായിരുന്നു. മനോഹരമായ തിരശ്ശീലകളിട്ട, പങ്കയുടെ രൂപമുള്ള രണ്ടു ജനലുകൾ  തെരുവിനഭിമുഖമായിരുന്നു. ജാലകങ്ങൾക്കിടയിലൊരു വാതിൽ. അത് തുറക്കുന്നതോ, ബാൽക്കണിയിലേക്കും. മുറിയുടെ മദ്ധ്യേ ഒരു മേശ. അതു നിറയെ അപ്പവും, അടയും, വടയും, മറ്റു സ്വാദിഷ്ടമായ മധുര വിഭവങ്ങളും നിറച്ച താലങ്ങളും, താംബാളങ്ങളും. ഡന്നോവിനൊരു സദ്യ നൽകി സൽക്കരിക്കാൻ പെൺമൈറ്റുകൾ ഉറപ്പിച്ചിരുന്നുവെന്ന് സ്പഷ്ടം. മേശയിലേക്ക് നോക്കിയപ്പോൾ ഡന്നോയ്ക്ക് തല കറങ്ങിയില്ലെന്നേയുള്ളൂ.

മൂർദ്ധാവിൽ വില്ലു കെട്ടിയ പെൺമൈറ്റും, പന്നിവാലുകളുള്ള പെൺമൈറ്റും ചായ പകരുകയായിരുന്നു. ചുരുൾമുടിക്കാരിയാകട്ടെ, ഒരു വശത്തുള്ള തട്ടിൽനിന്ന് അൽപ്പം മധുരപാലഹാരമെടുക്കുകയായിരുന്നു.

ധാന്യമണി തൻ്റെ ചങ്ങാതിമാരെ ഡന്നോയ്ക്ക് പരിചയപ്പെടുത്തി. പന്നിവാലുള്ള പെൺമൈറ്റിന് പേര് ചിപ്പി; വില്ലുകെട്ടിയവളുടേത് ബണ്ണി; ചുരുൾമുടിക്കാരിയുടേത് ഫ്ലിറ്റി. ഡന്നോയ്ക്ക് ഒന്നിരുന്ന് തിന്നാൻ തുടങ്ങണമെന്നേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, അപ്പോഴേക്കും നാലു പെൺകുട്ടികൾ കൂടിയെത്തി. അവരെക്കൂടി ഡന്നോയ്ക്ക് പരിചയപ്പെടേണ്ടി വന്നു.
"ഇതാണ് ഞങ്ങളുടെ അയൽക്കാർ: വിന്നി, മിന്നി, മാർജി, ഫ്ലഫ്," ധാന്യമണി പറഞ്ഞു.
തനിക്കു ചുറ്റും പെൺമൈറ്റുകൾ മാത്രമാണെന്ന് ഡന്നോ മനസ്സിലാക്കി.

"നീ ഇവിടേക്ക് ബലൂണിലാണോ വന്നത്?" ഇരുൾമുടിക്കാരി മിന്നി ചോദിച്ചു.
"ഉവ്വല്ലോ," ഒരു കണ്ണ് മേശയിൽനിന്നെടുക്കാതെ, ഡന്നോ  ഗൗരവത്തിൽ പറഞ്ഞു.
"ബലൂണിൽ ആകാശത്തൂടെ പറക്കാൻ പേടിതോന്നിയില്ലേ?" കൊച്ചുതടിച്ചി ഫ്ലഫ് ചോദിച്ചു.
"വല്ലാതെ .... ങ് .. അതായത്, ലവലേശമില്ല!" ഡന്നോ പറഞ്ഞു.
"വല്ലാത്ത ധൈര്യം തന്നെ! ലോകത്തിലുള്ള എന്തു കിട്ടിയാലും ഞാനൊരു ബലൂണിൽക്കേറി പറക്കില്ല!" അതു പറഞ്ഞത് വിന്നിയായിരുന്നു .
"ഏതാ നിൻ്റെ നാട്?" മാർജിയാണ് ചോദിച്ചത്.
"പൂമ്പട്ടണം."
"അതെവിടെയാ?"
"അങ്ങേപ്പുറത്ത്," എങ്ങോട്ടെന്നില്ലാതെ കൈവീശിക്കൊണ്ട് ഡന്നോ പറഞ്ഞു. "വെള്ളരിപ്പുഴക്കക്കരെ."
"അങ്ങനെയൊരു പുഴയെപ്പറ്റി ഞാൻ കേട്ടിട്ടില്ലല്ലോ," മിന്നി പറഞ്ഞു. "വളരെവളരെ ദൂരെയായിരിക്കണം."
"വളരെവളരെ," ഡന്നോ യോജിച്ചു.
"ചായ തണുക്കുന്നതിനു മുമ്പ്, വന്നുകഴിക്ക്," ധാന്യമണി പറഞ്ഞു.

ഡന്നോയോട് രണ്ടാമത് ആവശ്യപ്പെടേണ്ട കാര്യമുണ്ടായിരുന്നില്ല. നിമിഷത്തിനുള്ളിൽ ഇരിപ്പിടത്തിലെത്തി, അവൻ കേയ്ക്കും, ജാമും, അടയും, വടയുംകൊണ്ട് വായ കുത്തിനിറച്ചു. അവൻ്റെ കൂട്ടുകാർ ഒന്നും കഴിച്ചില്ലെന്നുതന്നെ പറയാം. ബലൂണിനെക്കുറിച്ചുള്ളതെല്ലാമറിയാൻ അവർക്കത്ര ആകാംക്ഷയായിരുന്നു. ഒടുവിൽ, ഫ്ലഫിന് സ്വയമടക്കാൻ ആയില്ല.

"ബലൂൺ വഴി യാത്ര ചെയ്യാൻ ആർക്കാണാദ്യംതോന്നിയത്?" അവൾ ചോദിച്ചു.
"എനിക്ക്," സർവ്വശക്തിയുമെടുത്ത് കേയ്ക്കിന് പിറകേ കേയ്ക്ക് ചവച്ചു വിഴുങ്ങിക്കൊണ്ട് ഡന്നോ പറഞ്ഞു.
"വിശ്വസിക്കാനാവുന്നില്ല! നിനക്കാണോ തോന്നിയത്, ശരിക്കും?" ചോദ്യം മേശയുടെ നാനാവശത്തുനിന്നുമായിരുന്നു.
"ഞാൻ ആണയിട്ടു പറയാം," ഒരുണക്കമുന്തിരി തൊണ്ടയിൽ വിലങ്ങി ശ്വാസം മുട്ടിപ്പോകുമെന്നായ ഡന്നോ പറഞ്ഞു.
"നല്ല രസം തോന്നുന്നുണ്ട്. എല്ലാമൊന്ന് പറഞ്ഞാട്ടെ!" ഫ്ലഫ് ആവശ്യപ്പെട്ടു.

"ഇതിലെന്തിത്ര പറയാനിരിക്കുന്നൂ!" ചുമലു വെട്ടിച്ചുകൊണ്ട് ഡന്നോ പറഞ്ഞു. "തങ്ങൾക്കെന്തെങ്കിലും ചെയ്യാൻ എന്തെങ്കിലുമൊന്ന് ആലോചിക്കാൻ മൈറ്റുകളെന്നെ ശല്യപ്പെടുത്തിക്കൊണ്ടേയിരുന്നു. 'എന്തെങ്കിലുമൊന്നാലോചിക്ക്,' അവരാവാശ്യപ്പെട്ടുകൊണ്ടേയിരുന്നു. 'നിങ്ങൾക്കുവേണ്ടി ആലോചിച്ചാലോചിച്ച് എനിക്ക് മതിയായി,' ഞാൻ പറഞ്ഞു. 'നിങ്ങൾ സ്വയം ആലോചിച്ചാ മതി.' 'ഞങ്ങളോ!' അവരു പറഞ്ഞു. 'ഞങ്ങൾക്കെന്തെങ്കിലും  ആലോചിക്കാൻ കഴിയുമ്പോലെ! കൂട്ടത്തിൽ ബുദ്ധിയുള്ളത് നിനക്കല്ലേ! കാര്യങ്ങൾ ആലോചിക്കുന്നത് നിനക്ക് പുല്ലുപോലെ എളുപ്പമല്ലേ!' 'ശരി, ശരി,' ഞാൻ പറഞ്ഞു. 'ആലോചിച്ചേ പറ്റൂ എന്നാണ് തോന്നുന്നത്.' അങ്ങനെ ഞാൻ ആലോചന തുടങ്ങി.

ശ്രദ്ധമുഴുവൻ കേന്ദ്രീകരിക്കുകയാണെന്ന ഭാവത്തോടെ ഡന്നോ ഒരു ബണ്ണു ചവക്കാൻ തുടങ്ങി. പെൺമൈറ്റുകൾ അവനെ അക്ഷമയോടെ നോക്കിയിരുന്നു. ആ ബണ്ണു തീർന്നപ്പോൾ, അവൻ മറ്റൊന്നിന് കൈനീട്ടി. ചിപ്പിക്ക് ക്ഷമ കെട്ടു.

"നീ പറയുകയായിരുന്നു ...ങ് .. നീ ആലോചിക്കാൻ തുടങ്ങിയെന്ന്..."  അവൾ പറഞ്ഞു.
"ഉവ്വേ," സ്വപ്നത്തിൽനിന്ന് പെട്ടെന്നുണർന്ന ഒരാളെപ്പോലെ, അവൻ ബൺ മേശമേൽ വച്ചു. "മൂന്നു രാവും, മൂന്നു പകലും ഞാൻ ആലോചിച്ചു. അതുകഴിഞ്ഞ് ഞാൻ ചങ്ങാതിമാരോട് പറഞ്ഞു: "സുഹൃത്തുക്കളേ! ഞാൻ ഒരു കാര്യം ആലോചിച്ചിരിക്കുകയാണ്! ഞാനൊരു ബലൂണിനെപ്പറ്റിയാണ് ചിന്തിച്ചത്! അങ്ങനെ ഞങ്ങൾ ബലൂണുണ്ടാക്കാനുള്ള പുറപ്പാടിലായി. പോസി --- അങ്ങനെയൊരു കവി ഞങ്ങളുടെ നാട്ടിലുണ്ട് --- പോസി എന്നെപ്പറ്റി ഒരു കവിത പോലുമെഴുതിയിട്ടുണ്ട്. അതിങ്ങനെ തുടങ്ങും: 'നമ്മുടെ ഡന്നോ ഒരു ബലൂണു തീർത്തു...', അല്ല, ...'ഒരു ബലൂണു തീർത്തു നമ്മുടെ ഡന്നോ...', അങ്ങനെയുമല്ല, ' നമ്മുടെയീ ബലൂൺ ഡന്നോ തീർത്തത്...' നാശം! അതെങ്ങനെ തുടങ്ങുന്നുവെന്ന് ഞാൻ മറന്നു പോയി. എന്നെപ്പറ്റി ഒരു പാടു കവിതകളുള്ളതുകൊണ്ട് , ഒക്കെ കൂടിക്കുഴഞ്ഞുപോയി."
ഡന്നോ പുളിയുള്ള ഒരൽപ്പം ജാം അകത്താക്കി.

"നിങ്ങളെങ്ങനെയാ ബലൂണുണ്ടാക്കിയയത്?" ധാന്യമണി ചോദിച്ചു.
"അതിന് അത്യദ്ധ്വാനം വേണ്ടിവന്നു. അതിലൊരു സംശയവും വേണ്ട. എൻ്റെ സഹായികൾ രാവും പകലുമാണ് പണിയെടുത്തത്. ചിലർ റബ്ബറിന്മേൽ പാലു പുരട്ടി. ചിലർ പമ്പടിച്ചു. ഞാനൊരു രാഗവും മൂളിക്കൊണ്ട് ചുറ്റിനും നടന്നു --- അതായത്, വെറും രാഗം മൂളലല്ല, കൂട്ടത്തിൽ നിർദ്ദേശങ്ങളും കൊടുക്കും. എന്നെക്കൂടാതെ ആർക്കുമൊന്നും ചെയ്യാനാവില്ലല്ലോ.  എല്ലാം എല്ലാവർക്കും വിശദീകരിച്ചുകൊടുക്കണം. കാണിച്ചു കൊടുക്കണം. ഭീകരമായ ഉത്തരവാദിത്തമാണ്. ബലൂൺ ഏതു നിമിഷവും പൊട്ടിത്തെറിക്കാമല്ലോ? എനിക്ക് രണ്ടു സഹായികളുണ്ടായിരുന്നു. ബെൻഡമും ട്വിസ്റ്റമും. സമർത്ഥരായ ലോഹപ്പണിക്കാർ. അവർക്കവരുടെ കൈകൾകൊണ്ട് എന്തും ചെയ്യാൻ പറ്റും; തലകൊണ്ട് പറ്റില്ല. എല്ലാം കാട്ടിക്കൊടുത്ത് വിശദീകരിക്കണം. അവരെ ഞാൻ ബോയ്‌ലർ ഉണ്ടാക്കാൻ പഠിപ്പിച്ചു. അവർ കാര്യങ്ങൾ മുന്നോട്ട് നീക്കി. ബോയ്‌ലർ തിളച്ചു. വെള്ളം പതച്ചു. നീരാവി സീൽക്കാരമിട്ട്  പൈപ്പിലൂടെ പുറത്തേക്ക് ചാടി.  എന്തൊരു ബഹളമായിരുന്നു!"

പെൺകുട്ടികൾ എല്ലാം ശ്വാസമടക്കിപ്പിടിച്ച് കേട്ടു.
"പിന്നീട്? പിന്നീടെന്തുണ്ടായി?" അവനൊന്ന് നിർത്തിയപ്പോൾ അവർ ചോദിച്ചു.
"ഒടുവിൽ യാത്രക്കുള്ള ദിവസമെത്തി," ഡന്നോ തുടർന്നു. "ആയിരക്കണക്കിന് മൈറ്റുകളാണ് അത് കാണാനെത്തിയത്. അവരിൽ ചിലർ ബലൂൺ പൊങ്ങുമെന്ന് പറഞ്ഞു; മറ്റു ചിലർ  പൊങ്ങില്ലെന്നും. അങ്ങനെ ഒരടിപിടിയുണ്ടായി. പൊങ്ങുമെന്ന് പറഞ്ഞവർ പൊങ്ങില്ലെന്ന് പറഞ്ഞവരെത്തല്ലി; പൊങ്ങില്ലെന്ന് പറഞ്ഞവർ പൊങ്ങുമെന്ന് പറഞ്ഞവരെയും. അതല്ലെങ്കിൽ, നേരെ തിരിച്ചായിരിക്കണം നടന്നത്: പൊങ്ങുമെന്ന് പറഞ്ഞവന്മാർ പൊങ്ങില്ലെന്ന് പറഞ്ഞവരെയായിരിക്കണം ഇടിച്ചത്. അതോ, നേരെ മറിച്ചോ? ഒറ്റവാക്കിൽപ്പറഞ്ഞാൽ, ആര് ആരെ ഇടിച്ചുവെന്ന് പറയാൻ പറ്റില്ല. എല്ലാവരും എല്ലാവരെയും
ഇടിക്കുകയായിരുന്നു."

"അത് കാര്യമാക്കണ്ട," ധാന്യമണി പറഞ്ഞു. "വഴക്കിൻ്റെ കാര്യം വിട്ട്, ബലൂണിൻ്റെ കാര്യം പറ."
"ശരി," ഡന്നോ പറഞ്ഞു. "അവരങ്ങനെ വഴക്കിടുമ്പോൾ, ഞങ്ങൾ കൂടയിൽ കയറിപ്പറ്റി. പുറപ്പെടുംമുമ്പ് ഞാൻ ഒരു പ്രസംഗം നടത്തി; ഞങ്ങളെങ്ങനെ പുറപ്പെടുന്നുവെന്നും, കുറേ കാലത്തേക്ക് നാട്ടിലേക്കില്ലെന്നുമൊക്കെ. ഒടുവിൽ, ഗുഡ് ബൈയും പറഞ്ഞു. പിന്നെ ഞങ്ങൾ മുകളിലോട്ട്, മുകളിലോട്ട് പോയി, ഇതാ, ഭൂമി ഈ കേയ്ക്ക് കഷണത്തിൻ്റെയത്ര വലുപ്പമാകുന്നതു വരെ."
"നേരായിട്ടും!" പെൺമൈറ്റുകളുടെ ശ്വാസം നിലച്ചു പോയി.
"എന്നാണെ നേര്!" ഡന്നോ പറഞ്ഞു.
"ഇടക്കു കയറിപ്പറയാതെ,"  ധാന്യമണി ദേഷ്യപ്പെട്ട് പറഞ്ഞു. "നിങ്ങളവനെ  കഥ പൂർത്തിയാക്കാൻ വിടില്ല. അവൻ നമ്മളോട് നുണ പറയില്ല."
"ശരിയാണ്," ഡന്നോ പറഞ്ഞു. " നിങ്ങളെൻ്റെ നുണക്കഥ ...ങ്... കഥയിൽ ഇടങ്കോലിടരുത്."
"തുടര്, തുടര്," അവരെല്ലാം കൂട്ടത്തോടെ പറഞ്ഞു.

"കാര്യങ്ങൾ ഇങ്ങനെയായിരുന്നു," ഡന്നോ പറഞ്ഞു. "ഞങ്ങൾ പൊങ്ങിപ്പൊങ്ങി, ഉയരത്തിലുയര ത്തിലങ്ങനെ പോകുമ്പോ, പെട്ടെന്നോർക്കാപ്പുറത്ത് ... ഭും! ബലൂൺ പരിപൂർണ്ണനിശ്ചലം! ഞങ്ങൾ ഒരു മേഘത്തിൽ ചെന്നിടിച്ചിരിക്കുന്നു. എന്തു ചെയ്യും? ഒരു തീരുമാനത്തിലെത്താൻ എനിക്കധികം സമയം വേണ്ടി വന്നില്ല. ഞാനൊരു മഴുവെടുത്ത് മേഘത്തിലൊരു തുള വെട്ടിയുണ്ടാക്കി. ഞങ്ങൾ വീണ്ടും മുകളിലോട്ട് കയറാൻ തുടങ്ങി. പക്ഷേ, ഇത്തവണ ഞങ്ങളുടെ യാത്ര തലകുത്തനെ ആയിരുന്നു --- കാൽച്ചോട്ടിലാകാശവും, തലച്ചോട്ടിൽ ഭൂമിയും."
"അതെന്തേ?" അത്ഭുതപ്പെട്ടുപോയ ശ്രോതാക്കൾ ചോദിച്ചു.
"പ്രകൃതിനിയമം," ഡന്നോ പറഞ്ഞു. "മേഘങ്ങൾക്ക് മുകളിലായാൽ, പിന്നെപ്പറക്കുക തലകീഴായാണ്. ഞങ്ങളങ്ങനെ പോയിപ്പോയി, അങ്ങറ്റം വരെയെത്തി. അവിടെയാണെങ്കിൽ, തണുപ്പോതണുപ്പ്. പൂജ്യത്തിന് താഴെ ആയിരത്തിലധികം ഡിഗ്രി തണുപ്പ്. എല്ലാം മരവിച്ചുറച്ചുപോയി. ബലൂൺ തണുത്ത് താഴേക്ക് വീഴാൻ തുടങ്ങി. പക്ഷേ, ഞാൻ ബുദ്ധിമാനല്ലേ --- ഈ ഞാൻ. ഇങ്ങനെ സംഭവിക്കുമെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ട്, മുമ്പേ തന്നെ ഞാൻ ബലൂണിൽ കുറച്ച് മണൽച്ചാക്കുകൾ വച്ചിരുന്നു. ഞങ്ങളത് തീരും വരെ ഒന്നൊന്നായ് പുറത്തേക്ക് വലിച്ചെറിഞ്ഞു. എന്നിട്ടും, ബലൂൺ താഴേക്കു തന്നെ വീണുകൊണ്ടിരുന്നു. എന്തു ചെയ്യും? ഞങ്ങളുടെ കൂട്ടത്തിൽ ഡുനോ എന്നു പേരുള്ള ഒരുത്തനുനുണ്ടായിരുന്നു --- ഒരു കൊച്ചു പേടിത്തൊണ്ടൻ. ബലൂൺ വീഴുന്നത് കണ്ടപ്പോൾ, അവൻ പേടിച്ച് കരയാൻ തുടങ്ങി. പിന്നെ, ഒട്ടും നിനച്ചിരിക്കാതെ, അവനൊരു പാരഷ്യൂട്ടെടുത്ത് പുറത്തേക്ക് ചാടി, വീട്ടിലേക്ക് പോയി. കൂടക്കങ്ങനെ കനം കുറഞ്ഞപ്പോ, ബലൂൺ വായുവിലേക്ക് ഉയരാൻ തുടങ്ങി. പക്ഷേ,
അതധികനേരം നീണ്ടില്ല. അയ്യോ പൊത്തോന്ന് അത് താഴേക്ക് ഒരൊറ്റ വീഴ്ച!  അത് ഭൂമിയിൽ ഇടിച്ചു നിന്നു! പിന്നെ, വീണ്ടുമൊന്ന് പൊങ്ങി! വീണ്ടും നിലത്തിടിച്ചു! ഞാനോ, പുറത്തേക്ക് വീണു ... ബ്ലും... നേരെ തല കുത്തി വീണു." 

കഥ പറഞ്ഞു വന്ന ആവേശത്തിൽ ഡന്നോ മേശയിൽ മുഷ്ടികൊണ്ട് പ്ളേറ്റിൽ ഇടിച്ചു. നാനാവശത്തേക്കും ജാം പറന്നു. പെൺമൈറ്റുകൾ ഞെട്ടി,  കസേരകളിൽനിന്ന് വീണൂവീണില്ലാ എന്നായി.
"പിന്നെ എന്തുണ്ടായി?" സ്വബോധം വന്നപ്പോൾ അവർ ചോദിച്ചു.
"അത്രയേ എനിക്കോർമ്മയുള്ളൂ."

ഒരു നിമിഷം, ആരുമൊന്നും പറഞ്ഞില്ല. പെൺമൈറ്റുകൾ ഡന്നോയെ ഭയാദരവോടെ അങ്ങനെ നോക്കിയിരുന്നു. അവരുടെ കണ്ണിൽ അവൻ ശരിക്കുമൊരു വീരനായകനായി.

"നിൻ്റെ ബലൂൺ ഞങ്ങളെ വല്ലാതെ പേടിപ്പിച്ചു," ധാന്യമണി, ഒടുവിൽ, പറഞ്ഞു. "ഞങ്ങൾ ബാൽക്കണിയിൽ ഇരിക്കുമ്പോഴാണ്, ഒരു ഭീമൻ ബലൂൺ വീടിനു മുകളിലേക്ക് പാറിവരുന്നത് കണ്ടത്. ഓർക്കാപ്പുറത്ത് അതൊരു വേലിയിൽത്തട്ടി ... ഭും... പൊട്ടിത്തെറിച്ചു! ഞങ്ങളെവിടേക്കോടിയപ്പോ കണ്ടതോ, വെറുമൊരു മരക്കൂട മാത്രം."
"നീ നിലത്ത് ചത്തപോലെ കിടക്കുകയായിരുന്നു," ബണ്ണി കൂട്ടിച്ചേർത്തു.
"ബൂട്ടിലൊന്ന് നിൻ്റെ കാലിലും, മറ്റേത് വേലിയിലുമായിരുന്നു; നിൻ്റെ തൊപ്പി ഒരു മരക്കൊമ്പിൽ തൂങ്ങിക്കിടപ്പായിരുന്നു, " ചിപ്പി കൂട്ടിച്ചേർത്തു.
"നിൻ്റെ ജാക്കറ്റിൻ്റെ ഒരു കയ്യ് പറിഞ്ഞുപോയിരുന്നു. അതിന്ന് രാവിലെയാണ് കിട്ടിയത്," ഫ്ലിറ്റി പറഞ്ഞു. "അത് തിരിക്കിട്ട് തുന്നിക്കൂട്ടേണ്ടി വന്നു."
"ഞാനെങ്ങനെ കിടക്കയിലെത്തി?" ഡന്നോ  ചോദിച്ചു.
"ഞങ്ങൾ കൊണ്ടുക്കിടത്തി. രാത്രി മുഴുവൻ നിന്നെ നിലത്ത് കിടത്താൻ പറ്റില്ലല്ലോ," ധാന്യമണി പറഞ്ഞു.
"നീ ശരിക്കും ചത്തതുപോലെയായിരുന്നു," ബണ്ണി പറഞ്ഞു. "പക്ഷേ, നീ ജീവിക്കുമെന്ന് തേന്മൊഴി പറഞ്ഞു. കാരണം, നിൻ്റെ --- എന്താ അതിനെ പറയുക -- ങാ, ങ് .... കായ ... സ്ഥി...തി ശക്തമാണ്."   
"ശരിയാ, എനിക്ക് കായബലമുണ്ട്; എന്നാലെൻ്റെ തല അതിലേറെ ബലമുള്ളതാണ്," ഡന്നോ വീമ്പിളക്കി. "അതല്ലെങ്കിൽ എൻ്റെ തലച്ചോറിന് മുട്ടു കിട്ടിയേനെ."
"മുട്ടല്ല--- തട്ട്,"  ധാന്യമണി അവനെ തിരുത്തി.
"അതേ --- തട്ട്," ഡന്നോ സമ്മതിച്ചു.
"പക്ഷേ, ബലൂണിൽ നീ ഒറ്റക്കല്ലായിരുന്നുവെന്നാണ് ഞങ്ങൾക്ക് തോന്നിയത്," ധാന്യമണി പറഞ്ഞു.
"അല്ലായിരുന്നു. ഞങ്ങൾ പതിനാറു പേരുണ്ടായിരുന്നു. ഡുനോ ചാടിപ്പോയെന്നത് ശരി. ബാക്കി പതിനഞ്ചുപേരുണ്ടായിരുന്നു."
"അവരൊക്കെയെവിടെ?" മിന്നിയാണ് ചോദിച്ചത്.
"അറിയില്ല," ചുമൽ വെട്ടിച്ച് ഡന്നോ പറഞ്ഞു. "കൂടയിൽ ആരെയും കണ്ടില്ലേ?"
"ഒരു പെട്ടി ചായവും, ഒരു മരുന്നുസഞ്ചിയുമാണ് ആകെ കണ്ടത്."
"ചായം ബ്ലോബ്സിന്റേതാണ്; സഞ്ചി ഡോ. പിൽമാന്റേയും,"  ഡന്നോ  പറഞ്ഞു.

ആ സമയത്ത് വാതിൽ തുറന്ന് ഹിമബിന്ദു മുറിയിലേക്കോടി വന്നു.
"നിങ്ങളറിഞ്ഞോ?" അവൾ ഉച്ചത്തിൽ ചോദിച്ചു. "ഏറ്റവുംപുതിയ
പുതുപുത്തൻ വാർത്ത! മറ്റൊരു ബലൂൺ താഴെവീണ് പോയിരിക്കുന്നു. അതിൽ പതിനാലു ആൺമൈറ്റുകളുണ്ടായിരുന്നു. തലേരാത്രി പട്ടണത്തിൻ്റെ അതിരിലാണത് വീണത്. നമ്മുടെ പെൺകുട്ടികൾ ഇന്നു രാവിലെ അതു കണ്ട്, അവരെയെല്ലാം ആസ്പത്രിയിലാക്കി."
"അവർക്കെല്ലാം മുറിവേറ്റോ?" ശ്വാസമടക്കി ചിപ്പി ചോദിച്ചു.
"അത്ര സീരിയസ്സല്ല," കൈവീശിക്കൊണ്ട് ചിപ്പി പറഞ്ഞു. "അവരെയുടൻ നടക്കാനാക്കുമെന്നാണ് തേന്മൊഴി പറഞ്ഞത്."
"അതെൻ്റെ ചങ്ങാതിമാരായിരിക്കണം," ഡന്നോ പറഞ്ഞു. "ഞാൻ നേരെ ആസ്പത്രിയിലേക്ക് പോയി നോക്കട്ടെ."
"ഞാനും വരാം, കൂടെ," ധാന്യമണി പറഞ്ഞു.
"ഞാനും," ഹിമബിന്ദുവും പറഞ്ഞു.

അപ്പോഴാണവൾ ധാന്യമണിയുടെ നെറ്റിയിലെ  പ്ലാസ്റ്ററിൻ്റെ വട്ടം കണ്ടത്.
"എൻ്റെ പൊന്നേ!" അവൾ ഒച്ചയിട്ടു."എത്ര മനോഹരമായിരിക്കുന്നൂ! എനിക്കും വേണം അതുപോലെരെണ്ണം. ഇത് പുതിയ ഫാഷനാ?" 
"ഫാഷനൊന്നുമല്ല," ധാന്യമണി ചീറ്റി."ഇത് പ്ലാസ്റ്ററാ. എൻ്റെ തലയൊന്നിടിച്ചു."
"ഓ, അത്രേയുള്ളൂ," ഹിമബിന്ദു, കണ്ണാടിക്കരികിലേക്ക് നടന്ന്, തൊപ്പിയണിഞ്ഞുകൊണ്ട്, പറഞ്ഞു.

ഒരു നിമിഷത്തിനുള്ളിൽ മുറി കാലിയായി. എല്ലാവരും അയൽക്കാരെ വിവരമറിയിക്കാൻ ഓടിപ്പോയ്ക്കഴിഞ്ഞിരുന്നു.
*******************************************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...