2020, ജൂലൈ 6, തിങ്കളാഴ്‌ച

DUNNO 5

















ഡന്നോയുടെ സോഡാക്കാർ സവാരി

ബെൻഡമും അയാളുടെ സഹായി ട്വിസ്റ്റമും നല്ല ലോഹപ്പണിക്കാരായിരുന്നു.  രണ്ടുപേരും കണ്ടാൽ ഒരുപോലിരിക്കും; ബെൻഡമിന് ഉയരം ഇത്തിരി  കൂടതലാണെന്നും, ട്വിസ്റ്റമിന് ഉയരം ഇത്തിരി കുറവാണെന്നും മാത്രം. തുകൽ ജാക്കറ്റുകളാണ് രണ്ടു പേരുടേയും വേഷം. കീശനിറയെ പണിയായുധങ്ങളാണ് --- അരങ്ങൾ, സ്ക്രൂഡ്രൈവറുകൾ, കൊടിലുകൾ, അങ്ങനെ പലതും. തുകൽകൊണ്ടുള്ള കീശകളല്ലായിരുന്നുവെങ്കിൽ, അവ പണ്ടേ കീറിപ്പറിഞ്ഞു പോയേനെ. അവരുടെ തൊപ്പികളും തുകൾകൊണ്ടുണ്ടാക്കിയവ തന്നെ. അവയിലെപ്പോഴും കണ്ണടകൾ ഉണ്ടായിരിക്കും. പണിയെടുക്കുമ്പോൾ, കണ്ണിൽ പൊടിപടലങ്ങൾ വീഴാതിരിക്കാൻ, ബെൻഡമും ട്വിസ്റ്റമും അവ താഴേക്ക് വലിച്ചുവെക്കും.

വറവുചട്ടികളും, ചീനച്ചട്ടികളും, ചായക്കെറ്റിലുകളും, എണ്ണയടുപ്പുകളും, അരവുയന്ത്രങ്ങളും നന്നാക്കിക്കൊണ്ട്, അവർ പകൽ മുഴുവൻ കടയിലിരിക്കും. നന്നാക്കാൻ ഒന്നുമില്ലെങ്കിൽ, അവർ മൈറ്റുകൾക്കു വേണ്ടി മൂന്നു ചക്രമുള്ള സൈക്കിളോ, ഉന്തുവണ്ടിയോ ഉണ്ടാക്കും.

ഒരു ദിവസം, ഒന്നുമാരോടുമുരിയാടാതെ, ബെൻഡമും ട്വിസ്റ്റമും കടപൂട്ടി അകത്തിരുന്ന് എന്തോ ഉണ്ടാക്കാൻ തുടങ്ങി. ഒരു മാസത്തോളം, എന്താണ് പണിയുന്നതെന്ന് ആരെയും കാണിക്കാതെ, അവർ ഈരുകയും, ചുറ്റിക കൊണ്ടിടിക്കുകയും, അരംകൊണ്ടുരക്കുകയും, കൂട്ടിവിളക്കുകയുമൊക്കെ ചെയ്‌തു. മാസമൊന്ന് കഴിഞ്ഞപ്പോഴോ, അവർ പണിഞ്ഞത് ഒരു മോട്ടോർകാർ ആണെന്ന് വെളിവായി.

ഈ കാറിനുള്ള ഇന്ധനം സോഡാവെള്ളവും സിറപ്പും ചേർത്ത മിശ്രിതമായിരുന്നു. കാറിൻ്റെ നടുവിലൊരിരിപ്പിടം ഡ്രൈവ്രർക്ക്; അതിനരികിൽ സോഡാവെള്ളത്തിൻ്റെ ടാങ്ക്. ടാങ്കിൽനിന്ന് സോഡ പൈപ്പിലൂടെ പിസ്റ്റണുള്ള ഒരു സിലിണ്ടറിലേക്ക് പോകും. സോഡയുടെ സമ്മർദ്ദം കൊണ്ട് പിസ്റ്റൺ മേലോട്ടും, കീഴോട്ടും, കീഴോട്ടും, മേലോട്ടും പൊങ്ങുമ്പോൾ ചക്രങ്ങൾ തിരിയും. ഡ്രൈവറുടെ ഇരിപ്പിടത്തിന് പിറകിൽ സിറപ്പിൻ്റെ വേറൊരു ടാങ്കുണ്ട്. സിറപ്പൊരു പൈപ്പിലൂടെ വന്ന് എഞ്ചിനെ എണ്ണയിട്ടു മിനുക്കും. ഇത്തരം സോഡാക്കാറുകൾ മൈറ്റുകൾക്ക് വളരെ പ്രിയമായിരുന്നു. പക്ഷേ, ബെൻഡമും ട്വിസ്റ്റമും വളരെ പ്രധാനപ്പെട്ടൊരു മികവ് കാറിലുണ്ടാക്കി. അവർ സോഡാട്ടാങ്കിൽ ഒരു റബ്ബർ പൈപ്പ് ഘടിപ്പിച്ചു; ദാഹിക്കുമ്പോൾ കാർ നിർത്താതെ ഡ്രൈവർക്ക് സോഡാ കുടിക്കാൻ.

സ്വിഫ്റ്റി ഈ കാറോട്ടാൻ പഠിച്ചു. ഒരു സവാരിക്കുവേണ്ടി ആരെങ്കിലും അപേക്ഷിച്ചാൽ അവനത്  നിരസിക്കില്ല. മറ്റാരേക്കാളും കൂടുതലായി സവാരി ചോദിച്ചത് ട്രീക്ലി സ്വീറ്റർ ആയിരുന്നു;  കാറിലാകുമ്പോ ഇഷ്ടം പോലെ സോഡാ കുടിക്കാമല്ലോ.

ഡന്നോയ്ക്കും സവാരി ഇഷ്ടമായിരുന്നു. പക്ഷേ, അവൻ സ്വയം കാറോടിക്കാൻ ആഗ്രഹിച്ചു. അങ്ങനെ, ഒരു ദിവസം അവൻ സ്വിഫ്റ്റിയോട് പറഞ്ഞു:
"ഞാനൊന്ന് ഓടിച്ചോട്ടെ."
"നിനക്കതിനോടിക്കാൻ അറിയില്ലല്ലോ," സ്വിഫ്റ്റി പറഞ്ഞു. "ഇത് മോട്ടോർ കാറാണ്. ഇതെങ്ങനെ കൈകാര്യം ചെയ്യണമെന്നറിയേണ്ടതുണ്ട്."
"എന്തായിത്ര അറിയാനുള്ളത്?" ഡന്നോ ചോദിച്ചു. "നീ ചെയ്യുന്നത് ഞാൻ കണ്ടതല്ലേ! ലിവറു പിടിച്ചു വലിക്കണം; ചക്രം തിരിക്കണം. വളരെ നിസ്സാരം!" 
"കണ്ടാൽ നിസ്സാരമെന്ന് തോന്നും. എന്നാലോ, നല്ല ബുദ്ധിമുട്ടുണ്ട്. നീ കാറിടിച്ച് തകർത്ത് സ്വയം ചാകും."
"ഇരിക്കട്ടേ, സ്വിഫ്റ്റീ," ഡന്നോ  പറഞ്ഞു. "നീ അടുത്ത തവണ എന്നോടെന്തെങ്കിലും ചോദിക്ക്; നിനക്ക് ഞാനത് തരികേയില്ല."

ഒരു ദിവസം സ്വിഫ്റ്റി പുറത്തെവിടെയോ പോയ നേരം, ഡന്നോ മുറ്റത്ത് കാർ കിടക്കുന്നത് കണ്ടു. അവനതിൽക്കയറി; ലിവറുകൾ വലിക്കാനും, പെഡലുകൾ ചവിട്ടാനും തുടങ്ങി. ആദ്യമൊന്നുമുണ്ടായില്ല. പിന്നെ, കാർ തുപ്പിയും  തുമ്മിയും മുമ്പോട്ട് നീങ്ങി. ജനലിലൂടെ പുറത്തേക്ക് നോക്കുകയായിരുന്ന ചില മൈറ്റുകൾ ഇത് കാണാനിടയായി. അവർ വീടിനു പുറത്തേക്കോടി.
"നീയെന്ത് പണിയായീ കാണിക്കുന്നത്?" അവർ ഒച്ചവെച്ചു."നീ എവിടെയെങ്കിലും കൊണ്ടിടിക്കും."
"ഇല്ല, ഇടിക്കില്ല," ഡന്നോ പറഞ്ഞു. പറഞ്ഞുതീരുന്നതിന് മുമ്പ് അവനൊരു
പട്ടിക്കൂട്ടിലിടിച്ചുകേറി. അതപ്പോൾത്തന്നെ തകർന്ന് തരിപ്പണമായി. ഭാഗ്യത്തിന്, ഡോട്ട്  അകത്തുണ്ടായിരുന്നില്ല. അല്ലെങ്കിൽ, അവൻ്റെ  കഥയും തീർന്നേനെ.

"നീയെന്താ ചെയ്തിരിക്കുന്നതെന്ന് നോക്ക്!" ഡുനോ ഒച്ചയിട്ടു. "ഇപ്പൊ നിർത്തിക്കോ കാർ!" 
ഡന്നോക്ക് പേടിയായി. അവന് കാർ നിർത്തണമെന്നുണ്ടായിരുന്നു; പക്ഷേ, എങ്ങനെയെന്ന് അറിയില്ലായിരുന്നു. അവൻ ആ ലിവറും, ഈ ലിവറും വലിച്ചുനോക്കി. പക്ഷേ, നിൽക്കുന്നതിനു പകരം കാർ വേഗത്തിലോടുകയാണുണ്ടായത്. മുറ്റത്തൊരു
ഉഷ്ണകാലപ്പന്തലുണ്ടായിരുന്നു. ബൂം --- ബാങ്.. ധൂം -- പന്തൽ തവിടുപൊടി! ഡന്നോയുടെ ചെവിക്കു ചുറ്റും പട്ടികകൾ അടർന്നു വീണു. ഒന്നവൻ്റെ പുറത്തു വീണു; ഒന്ന് തലയിലും. അവൻ സ്റ്റിയറിങ് വീൽ മുമ്പോട്ടും പിമ്പോട്ടും തിരിച്ചു.
"ഗേറ്റ് തുറക്ക്! ഇല്ലെങ്കിൽ എല്ലാം തരിപ്പണമാകും," മുറ്റത്തിനു ചുറ്റും വേഗത്തിലോടിക്കൊണ്ട് അവൻ വിളിച്ചു പറഞ്ഞു.

മൈറ്റുകൾ ഗേറ്റ് തുറന്നു. ഡന്നോ കാർ റോഡിലേക്കെടുത്തു. ബഹളം കേട്ട് നാട്ടുകാരെല്ലാം വീടുകളിൽനിന്ന് ഓടി വന്നു.
"വഴീന്ന് മാറിൻ!" കാർ ചീറിപ്പായുമ്പോൾ ഡന്നോ വിളിച്ചുകൂവി.
ഡുനോയും, ബെൻഡമും, പ്രാപ്‌സും,  ഡോ. പിൽമാനും, മറ്റു ചില മൈറ്റുകളും അതിനു പിറകേയോടി. പക്ഷേ, അവർക്കൊപ്പമെത്താനായില്ല. കാർ നിർത്തൻപറ്റാതെ ഡന്നോ പട്ടണം മുഴുവൻ ചീറിപ്പാഞ്ഞു. ഒടുവിലത് പുഴ ലക്ഷ്യമാക്കിപ്പാഞ്ഞു; ചെങ്കുത്തായ തീരത്തിലൂടെ തലകുത്തി മറിഞ്ഞു.

ഡുനോയും, ബെൻഡമും, പ്രാപ്‌സും, ഡോ. പിൽമാനും ഡന്നോയെ വീട്ടിലേക്കെടുത്തു. അവൻ്റെ കഥ കഴിഞ്ഞെന്നാണ് അവർ വിചാരിച്ചത്. പക്ഷേ, കിടക്കയിൽ കിടത്തിയയുടനേ, അവൻ കണ്ണുകൾ തുറന്നു.
"ഞാൻ മരിച്ചില്ല?" ചുറ്റുംനോക്കി അവൻ ഞരങ്ങി.
"ഇല്ല," ഡോ. പിൽമാൻ പറഞ്ഞു. "ദയവായി അനങ്ങാതെ കിടക്ക്. നിന്നെ ആകെയൊന്ന് നോക്കട്ടെ."
അയാളവനെ തുണിയൂരി പരിശോധിച്ചു.

"ഒരൊറ്റയെല്ലും പൊട്ടിയിട്ടില്ലായെന്നതാണത്ഭുതം," പരിശോധന തീർന്നപ്പോൾ അയാൾ പറഞ്ഞു. "പക്ഷേ, ഉള്ളിൽ ചില മരച്ചീളുകളുണ്ട്."
"പുറത്തൊരു പട്ടിക വന്നിടിച്ചിരുന്നു," ഡന്നോ വ്യക്തമാക്കി.
"ആ ചീളുകൾ പുറത്തെടുക്കണം," ഡോ. പിൽമാൻ തലയാട്ടിക്കൊണ്ട് പറഞ്ഞു.
"വേദനിക്ക്വോ?" പേടിച്ചുപോയ ഡന്നോ ചോദിച്ചു.
"ഹേയ്, ഇല്ല. ഇതാ, വലിയതൊന്ന് ആദ്യമെടുക്കാം."
"ഹമ്മേ!" ഡന്നോ കരഞ്ഞുപോയി.
"എന്തേ, വേദനിച്ചോ?" ഡോ. പിൽമാൻ അത്ഭുതപ്പെട്ട് ചോദിച്ചു.
"പിന്നിലാതേ!"
"പല്ലു കടിച്ചുപിടിച്ച് സഹിച്ചോ. അത്ര വേദനയൊന്നുമുണ്ടാകില്ല."
"ഉണ്ടെന്നേ. ആഹ്, ആഹ്, ആഹ്! "
"നീ ഒച്ചവെക്കുന്നത് കേട്ടാതോന്നും, ഞാൻ നിൻ്റെ കഴുത്തറുക്കുകയാണെന്ന്. എന്തിനാ ഇത്ര നിലവിളിക്കുന്നത്?" 
"വേദനിക്കുന്നു! നിങ്ങളല്ലേ പറഞ്ഞത് വേദനിക്കില്ലാന്ന്. പക്ഷേ, വേദനയുണ്ടപ്പാ!"
"കൂടുതൽ ഒച്ചയുണ്ടാക്കേണ്ടാ; ഇനിയൊരു ചീളേയുള്ളെടോ!"
"അതവിടെയിരുന്നോട്ടെ. ഒരു ചീളുള്ളത് എനിക്കൊരു പ്രശ്നമല്ല."
"പറ്റില്ല; അത് പഴുക്കും."
"ഹമ്മേ!ഹൂ! "
"കഴിഞ്ഞു. ഇനിയൊരൽപ്പം അയഡിൻ പുരട്ടിയാൽ തീർന്നു."
"അയഡിൻ വേദനയുണ്ടാക്കുമോ?"
"ഹേയ്, ഇല്ല. അയഡിൻ വേദനിപ്പിക്കില്ല. അനങ്ങാതെ കിടക്കൂ."
"ഊ.. ഊ .. ഊ ..."
"ഒന്നടങ്ങെടോ! കാറോടിക്കാൻ ഇത്ര ഭ്രമമാണെങ്കിൽ, അതിൻ്റെ ഭവിഷ്യത്തും സഹിച്ചേ പറ്റൂ."
"ഹമ്മേ, അത് കുത്തുന്നു!"
"കൂടുതൽ നേരം ഉണ്ടാകില്ല. ഇനി, നിൻ്റെ താപനില നോക്കണം."
"വേണ്ട, ദയവായി വേണ്ടാ."
"എന്തേ?"
"വേദനിക്കും."
"താപനില നോക്കുന്നത് ആരെ വേദനിപ്പിക്കാനാ!"
"വേദനിക്കില്ലായെന്ന് നിങ്ങളെപ്പോഴും പറയും; പക്ഷേ, വേദനിക്കും."
"മണ്ടൻ! മുമ്പ് ഞാൻ  നിൻ്റെ താപനില നോക്കിയിട്ടുണ്ടല്ലോ."
"ഇല്ല. നോക്കിയിട്ടില്ല."
"ശരി. അത് നിന്നെ വേദനിപ്പിക്കില്ലെന്ന് ഇപ്പൊക്കാണാം," അതും പറഞ്ഞ് ഡോക്റ്റർ ഉഷ്ണമാപിനിയെടുക്കാൻ പോയി.

അയാൾ പോയയുടനേ, ഡന്നോ കിടക്കയിൽനിന്ന് ചാടിയെഴുന്നേറ്റ്, ജാലകത്തിലൂടെ, ഗങ്കിയുടെ അടുത്തേക്കോടി. ഉഷ്ണമാപിനിയുമായ് ഡോ . പിൽമാൻ തിരിച്ചെത്തിയപ്പോൾ, ഡന്നോയുണ്ടായിരുന്നില്ല.
"നല്ല രോഗി," ഡോക്റ്റർ പിറുപിറുത്തു. "ഞാനവനെ സുഖപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുമ്പോ, ഒരു നന്ദിപോലും പറയാതെ, അവൻ ജനൽ ചാടിക്കടന്നുപോകുന്നു. നാണമില്ലല്ലോ അവന്!"    
*************************************************************************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...