2020, ജൂലൈ 19, ഞായറാഴ്‌ച

DUNNO:14

പട്ടണ പ്രദക്ഷിണം 

നേരിയ അരളിത്തണ്ടുകൾ കൊണ്ടുള്ള  വേലികളാൽ അലംകൃതമായ ഒരു തെരുവിലേക്കാണ് ഹിമബിന്ദുവും, ധാന്യമണിയും, ഡന്നോയും ഇറങ്ങിയത്. വേലിക്കൾക്കു പിറകിൽ ചുകപ്പും പച്ചയുമണിഞ്ഞ മേൽക്കൂരകളുള്ള ഭംഗിയുള്ള വീടുകൾ കാണാമായിരുന്നു; വീടുകൾക്കു മുകളിൽ കുടപിടിക്കുന്ന ഭീമൻ ആപ്പിൾ മരങ്ങളും, പിയർ മരങ്ങളും, പ്ലം മരങ്ങളും. തോട്ടങ്ങളിൽ മാത്രമല്ല, തെരുവുകളിലും മരങ്ങൾ വളർന്നു നിന്നിരുന്നു. നിരവധി മരങ്ങളും, കുറ്റിച്ചെടികളുമുള്ളതിനാൽ ആ പട്ടണത്തിന് "ഗ്രീൻവിൽ" എന്നായിരുന്നൂ പേര്.

ഡന്നോ കൗതുകത്തോടെ ചുറ്റും കണ്ണോടിച്ചു. എല്ലാം ഒരൊറ്റ പൊടിപോലുമില്ലാതെ ശുചിയായിരിക്കുന്നു. ഓരോ പൂന്തോട്ടത്തിലും പെൺമൈറ്റുകൾ ജോലിയിൽ വ്യാപൃതരായിരിക്കുന്നതും കാണായി.

അവരിൽ ചിലർ പുല്ലുചെത്തുകയായിരുന്നു; മറ്റു ചിലർ നടവഴികൾ തൂക്കുന്നുണ്ടായിരുന്നു; ഇനിയും മറ്റുചിലർ പരവതാനിയുടെ ചുരുളുകളിലെ പൊടി കളയുകയായിരുന്നു. ഈ ചുരുളുകൾ ഗ്രീൻവില്ലിലെ വീട്ടുതറകളിൽ മാത്രമല്ല, നടപ്പാതകളിലും, തെരുവുകളിലും വിരിച്ചിരുന്നു. ചില വീട്ടമ്മമാർക്ക് വഴിപോക്കർ തങ്ങളുടെ പരവതാനികൾ മലിനമാക്കുമോ എന്ന വല്ലാത്ത പേടിയുണ്ടായിരുന്നു. അതിനാൽ, അവർ വേലിക്കൽ നിന്ന് അവരോട് പരവതാനിയിൽ ചവിട്ടരുതെന്ന് യാചിച്ചു; ഇനി അഥവാ, ചവിട്ടേണ്ടി വന്നാൽ, അതിനു മുമ്പ് കാലു ശരിക്കു തുടക്കണമെന്നും. മിക്ക അങ്കണോദ്യാനങ്ങളിലെ പാതകളിലും പരവതാനിച്ചുരുളുകൾ വിരിച്ചിരുന്നു. വീടുകൾക്ക് പുറത്ത് കടുംനിറങ്ങളിലുള്ള കംബളങ്ങളും തൂങ്ങിനിന്നിരുന്നു.

മുള കൊണ്ടുള്ള പൈപ്പുകളിലൂടെയാണ് ഗ്രീൻവില്ലിലേക്കുള്ള ജലവിതരണം. മുള, എല്ലാവർക്കുമറിയാവുന്നതുപോലെ, പൊള്ളയാണല്ലോ. അതുകൊണ്ടത് പൈപ്പായ് ഉപയോഗിക്കാൻ പറ്റിയതാണ്. നിങ്ങൾ വിചാരിക്കുമ്പോലെ പൈപ്പിട്ടത് നിലത്തായിരുന്നില്ല. മുളകൾ ചീഞ്ഞു പോകാതിരിക്കാൻ അവ ഭൂമിക്കു മീതേ മരത്തൂണുകളിലാണ് സ്ഥാപിച്ചിരുന്നത്. ചോർച്ചകളുണ്ടോ എന്നു നോക്കി, മൈറ്റുകൾ അവയെ കരുതലോടെ സംരക്ഷിച്ചു പോന്നു. അതിനാൽ അവ ദീർഘകാലം നിലനിന്നു. മുഖ്യജലവിതരണനാളിക്ക് ഓരോ വീട്ടിലേക്കും പോകുന്ന ശാഖകളുണ്ടായിരുന്നു. ഇതുകൂടാതെ, ഓരോ വീടിനുമുമ്പിലും ഒരു ജലധാരയുണ്ടായിരുന്നു. അത് മനോഹരമായിരുന്നുവെന്നു മാത്രമല്ല, പ്രയോജനപ്രദവുമായിരുന്നു. കാരണം, ജലധാരയുടെ അതിരു കവിഞ്ഞൊഴുകുന്ന വെള്ളം തോട്ടങ്ങളെ
നനയ്ക്കുമായിരുന്നു. ഓരോ വീട്ടിലും, ബീറ്റും, മുള്ളങ്കിയും, ക്യാരറ്റും, കിഴങ്ങും, മറ്റു പച്ചക്കറികളും വിളയുന്ന അടുക്കളത്തോട്ടങ്ങളുമുണ്ടായിരുന്നു.

ഒരു തോട്ടത്തിൽ പെൺമൈറ്റുകൾ പച്ചക്കറി ശേഖരിക്കുന്നത് ഡന്നോ കണ്ടു.
ആദ്യം അവർ കിഴങ്ങിനു ചുറ്റുമുള്ള മണ്ണ് കുഴിച്ചെടുത്തു; പിന്നെ, അതിനു മുകളിൽ ഒരു കയറുകെട്ടി സർവ്വശക്തിയുമെടുത്ത് വലിച്ചു. കിഴങ്ങു വേരോടെ പറിഞ്ഞു വന്നപ്പോൾ, അവരത്, ചിരിയും ബഹളവുമായി, വീട്ടിലേക്ക് വലിച്ചു കൊണ്ടുപോയി.

"നിങ്ങളുടെ പട്ടണത്തിൽ പെൺകുട്ടികളെ മാത്രമേ കാണാനുള്ളല്ലോ. അതെന്താ, ഇവിടെ ആൺപിള്ളാരില്ലേ?" ഡന്നോ ചോദിച്ചു.
"ഇല്ല. ആൺപിള്ളാരെല്ലാം പുഴക്കരയിൽ താമസമാക്കിയിരിക്കയാണ്. അവരവിടെ "പട്ടംപട്ടണ"മെന്നൊരു പട്ടണമുണ്ടാക്കിയിട്ടുണ്ട്."
"അവരെന്താ അങ്ങനെ ചെയ്യാൻ?" ഡന്നോ ചോദിച്ചു.
"അവർക്കവിടമാണ് കൂടുതലിഷ്ടം. ഉഷ്ണകാലത്ത് അവർ ദിവസം മുഴുവൻ വെയിലു കായുകയോ, നീന്തുകയോ ചെയ്ത് സമയം കഴിക്കും; ശീതകാലത്ത് മഞ്ഞിൽ തെന്നിക്കളിക്കും. വസന്തത്തിൽ പുഴ കരകവിഞ്ഞ് പട്ടണം വെള്ളത്തിലാകുമ്പോ, അവരൊരുപാട് രസിച്ചു നടക്കും."
"അതിലെന്ത് രസമാണ് അവർക്ക് കിട്ടുക?" ഡന്നോ ചോദിച്ചു.
"അതെനിക്കറിയില്ല," ഹിമബിന്ദു പറഞ്ഞു. "ഞങ്ങളുടെ ആൺമൈറ്റുകൾക്ക് അതൊക്കെ ഇഷ്ടമാണ്. അവർ തോണിയേറി ആൾക്കാരെ രക്ഷിക്കാൻ പോകും. അവർക്ക് സാഹസങ്ങൾ വളരെ ഇഷ്ടമാണ്."
"എനിക്കുമതേ," ഡന്നോ പറഞ്ഞു. "എനിക്കീ നിങ്ങളുടെ ആൺമൈറ്റുകളെ ഒന്ന് പരിചയപ്പെടാൻ പറ്റുമോ?"
"ഇല്ല, പറ്റില്ല," ഹിമബിന്ദു പറഞ്ഞു. "ഒന്നാമത് പട്ടംപട്ടണത്തിലെത്താൻ  ഒരു മണിക്കൂറോളമെടുക്കും. രണ്ടാമത്, അവർ നിൻ്റെ തലയിൽ വേണ്ടാതീനം കുത്തിക്കയറ്റും. ഞങ്ങൾക്കവരോട് ചൊടിയാണെന്നത് മൂന്നാമത്തെ കാര്യം."
"അതെന്താ?"
"അതിന് നല്ല ന്യായമുണ്ട്," ധാന്യമണി പറഞ്ഞു. "ഇക്കഴിഞ്ഞ തണുപ്പുകാലത്ത് അവർ ഞങ്ങളെ ന്യൂ ഇയർ പാർട്ടിക്ക് ക്ഷണിച്ചു; പാട്ടും ഡാൻസുമൊക്കെ ഉണ്ടാകുമെന്ന് പറഞ്ഞു. ഞങ്ങൾ ചെന്നപ്പോ എന്താ ഉണ്ടായതെന്നറിയോ? അവർ ഞങ്ങൾക്ക് നേരെ മഞ്ഞുകട്ടകൾ എറിഞ്ഞു!"
"അതിനെന്താ?" ഡന്നോ പറഞ്ഞു.
"അതിനെന്തെന്നോ? അതിനുശേഷം ഞങ്ങൾ അവരോട് മിണ്ടിയിട്ടേയില്ല.  ഞങ്ങളാരും അവരെക്കാണാൻ പോകാറേയില്ല."
"നിങ്ങളെക്കാണാൻ അവരും വരാറില്ല?"
"ഇല്ല, വരാറില്ല. ആദ്യം അവരിൽച്ചിലരതിന് തുനിഞ്ഞു. പക്ഷേ, അവരുടെ കൂടെ കളിയ്ക്കാൻ ഒരു പെൺകുട്ടിയും തയ്യാറാകില്ലെന്നത് ഉറപ്പാണ്. അവരെ ഞങ്ങൾ തീർത്തും അവഗണിച്ചപ്പോൾ, അവരവരുടെ നല്ല ഗുണം കാട്ടി --- ജനലുകൾ തല്ലിപ്പൊളിച്ചു, വേലികൾ വലിച്ചു താഴെയിട്ടു," ഹിമബിന്ദുവാണത് പറഞ്ഞത്.
"പിന്നെയവർ നെയ്ൽസ് എന്നു പേരുള്ള ഒരു തലതെറിച്ചവനെ ഞങ്ങളുടെ പട്ടണത്തിലേക്ക് പറഞ്ഞതുവിട്ടു," ധാന്യമണി പറഞ്ഞു. "അതൊരുഗ്രൻ സംഗതിയായിരുന്നു!"
"ശരിക്കുമതേ!" ഹിമബിന്ദു ഇടയിൽ പറഞ്ഞു. "ആൺമൈറ്റുകളെ അവനും ഇഷ്ടമല്ലെന്നും, അവർക്കൊരു കൊമ്പ് ജാസ്തിയാണെന്നും, ഞങ്ങളോടതുകൊണ്ട് കൂട്ടുകൂടണമെന്നുണ്ടെന്നുമാണ് അവൻ തട്ടിവിട്ടത്. ഞങ്ങളുടെ പട്ടണത്തിൽ താമസിക്കാൻ ഞങ്ങളവന് സമ്മതം കൊടുത്തു. എന്നിട്ടവൻ ചെയ്തതെന്തെന്ന് നിനക്കറിയാണോ? അവൻ രാത്രി ജനലിലൂടെ പുറത്തു ചാടി; ഒരു വീടിൻ്റെ വാതിലിൽ ഒരു തൂണു കൊണ്ടുവച്ചു; വീട്ടുകാർക്ക് രാവിലെ പുറത്തിറങ്ങാൻ പറ്റാതാക്കി. മറ്റൊരു വീടിൻ്റെ വാതിലിനു മുകളിൽ അവനൊരു മരക്കട്ട തൂക്കിയിട്ടു; ആരാണോ വാതിൽ തുറക്കുന്നത് ആ ആളിൻ്റെ തലക്കിടിക്കാൻ. മൂന്നാമതൊരു വീടിൻ്റെ വാതിൽപ്പടിക്ക് കുറുകേ അവനൊരു ചരടു വലിച്ചുകെട്ടി; പുറത്തേക്ക് ആരു വന്നാലും തട്ടിത്തടഞ്ഞു വീഴാൻ. നാലാമതൊരു വീടിൻ്റെ പുകക്കുഴൽ അടിച്ചുമാറ്റി; അഞ്ചാമതൊന്നിൻ്റെ ജനലടച്ചു..." 

ഇതൊക്കെ കേട്ടുകൊണ്ടിരിക്കേ, ഡന്നോ പൊട്ടിച്ചിരിച്ചു പോയി.
"നിനക്കിതൊക്കെ തമാശയായിരിക്കും," ധാന്യമണി പറഞ്ഞു. "പക്ഷേ, എത്ര പെൺകുട്ടികൾക്കാണ് മൂക്കിൽ മുഴ വന്നതെന്ന് നീ കാണണമായിരുന്നു. പുകക്കുഴൽ നന്നാക്കാൻ പോയ ഒരുത്തി മേൽക്കൂരയിൽനിന്ന് വീണ് കാലൊടിഞ്ഞൂ, ഒടിഞ്ഞില്ലാ എന്ന അവസ്ഥയിലായിരുന്നു."
"ഞാൻ പെൺകുട്ടികളെ ഓർത്തല്ല ചിരിക്കുന്നത്," ഡന്നോ പറഞ്ഞു. "ആ പഹയൻ നെയ്ൽസിനെ ഓർത്തിട്ടാണ്."
"അവനെയോർത്ത് ചിരിക്കുകയല്ല വേണ്ടത്, ചുട്ട അടികൊടുക്കുകയാണ് വേണ്ടത്. പിന്നീടൊരിക്കലും ഇത്തരം ദുഷ്ടപ്രവൃത്തികൾ ചെയ്യാൻ അവനു തോന്നരുത്," ഹിമബിന്ദു പറഞ്ഞു.

ഈ സമയത്ത് അവർ പട്ടണപ്പാതയുടെ നടുവിൽ നിൽക്കുന്ന ഒരാപ്പിൾ മരത്തെ കടന്നു പോവുകയായിരുന്നു. അതിൻ്റെ കൊമ്പുകൾ നിറയെ പഴുത്തു ചുവന്ന ആപ്പിളുകൾ തൂങ്ങി നിന്നിരുന്നു. മരത്തിൽ ചാരിക്കൊണ്ട് ഒരു മരയേണി നിൽപ്പുണ്ടായിരുന്നു. പക്ഷേ, അത് മരത്തടിയുടെ പാതിവരേയെ  എത്തിയിരുന്നുള്ളൂ. മുകളിലുള്ള ശാഖകളിൽനിന്നാകട്ടേ, കയറേണികൾ തൂങ്ങിയാടുന്നുണ്ടായിരുന്നു. മരത്തിനു മുകളിൽ രണ്ടു പെൺകുട്ടികളുമുണ്ടായിരുന്നു. അവരിലൊരുവൾ ഒരാപ്പിളിൻ്റെ കടയ്ക്ക് ഈർച്ചവാൾ കൊണ്ടീരുന്നുണ്ട്; അവൾ താഴെ വീഴാതിരിക്കാൻ മറ്റവൾ അവളെ പിടിച്ചിരിക്കുകയാണ്.

"സൂക്ഷിക്കണം," ധാന്യമണി ഡന്നോയ്ക്ക് മുന്നറിയിപ്പു നൽകി. "ആപ്പിൾ തലയിൽ വീണ് ചാകാതെ നോക്കിക്കോ."
"ഞാനോ, ചാകാനോ!" ഡന്നോ വീമ്പിളക്കി. "എൻ്റെ മണ്ട നല്ല കട്ടിയുള്ളതാ!"
"നല്ല ധൈര്യമുള്ളവരാണ് തങ്ങളെന്നാണ് ആൺകുട്ടികളുടെ വിചാരം. പക്ഷേ, ഞങ്ങളും അവരെപ്പോലെതന്നെ ധൈര്യമുള്ളവരാണ്," ഹിമബിന്ദു പറഞ്ഞു. "നോക്കൂ, എത്ര ഉയരത്തിലാണ്  ആ പെൺകുട്ടികൾ കയറിയിരിക്കുന്നത്!"
"പക്ഷേ, പെൺകുട്ടികൾക്ക് ബലൂണിൽ പോകാനും, മോട്ടോർ കാർ ഓടിക്കാനും ആകില്ലല്ലോ," ഡന്നോ  പറഞ്ഞു.
"ഓഹോ, ആവില്ലാ?" ഹിമബിന്ദു പറഞ്ഞു. "ഞങ്ങളിലൊരുപാട് പെൺകുട്ടികൾക്ക് വണ്ടിയോടിക്കാൻ അറിയാം."
"നിങ്ങൾക്ക് കാറുണ്ടോ?"
"ഉവ്വല്ലോ. പക്ഷേ, ഇപ്പൊ അത് തകരാറിലാണ്. അതെങ്ങനെ ശരിയാക്കുമെന്ന് ഞങ്ങൾക്കറിയില്ല. ഒരു പക്ഷേ, നിനക്കറിയുമായിരിക്കും."
"പിന്നില്ലാതെ!" ഡന്നോ പറഞ്ഞു. "കാറിനെപ്പറ്റി ചിലതൊക്കെ എനിക്കുമറിയാം. ബെൻഡമും ട്വിസ്റ്റമും ആസ്പത്രി വിട്ട് വരട്ടെ. അവരെക്കൊണ്ട് ഞാനത് നന്നാക്കിക്കുന്നുണ്ട്."
"വളരെ ഉപകാരം," കൈകൊട്ടിക്കൊണ്ട് ഹിമബിന്ദു പറഞ്ഞു.

ഈ നേരത്ത് ഡന്നോയുടെ കണ്ണുകൾ അവനിന്നുവരെ കണ്ടിട്ടില്ലായിരുന്ന ഒരു വിസ്മയത്തിലുടക്കി. തെരുവിനു നടുവിൽ രണ്ടോ, എന്തിന്, മൂന്നോ നിലകളുള്ള വീടുകളുടെ വലുപ്പത്തിലുള്ള പച്ചപ്പന്തുകൾ അതാ കിടക്കുന്നു!

"ഇവയും ബലൂണുകളാ?" അവൻ ചോദിച്ചു.
ധാന്യമണിയും ഹിമബിന്ദുവും പൊട്ടിച്ചിരിച്ചു.
"അതാണ് തണ്ണിമത്തൻ," അവർ പറഞ്ഞു. "നീയിതിനുമുമ്പ് തണ്ണിമത്തൻ കണ്ടിട്ടില്ലേ?"
"ഇല്ല," ഡന്നോ സമ്മതിച്ചു. "എൻ്റെ നാട്ടിൽ തണ്ണിമത്തനില്ല. എന്തിനാ അത്?"
"തണ്ണിമത്തനെന്തിനാണെന്നറിയാത്തൊരു പയ്യൻ!" ഹിമബിന്ദുവും ധാന്യമണിയും ചിരിച്ചുപോയി."ഇനി ആപ്പിളും പിയറും
എന്തിനാണെന്നിവൻ ചോദിച്ചേക്കും."
"തിന്നാനുള്ളതാണെന്നോ നിങ്ങൾ പറഞ്ഞുവരുന്നത്?" ഡന്നോ ആശ്ചര്യപ്പെട്ട് ചോദിച്ചു. "ഇത്ര വലിയ ഒന്ന് തിന്നാൻ ഒരു കൊല്ലമെടുക്കുമല്ലോ."
"ഞങ്ങളത് തിന്നാറില്ല; അതിൻ്റെ ചാറെടുക്കുകയാണ് പതിവ്. അത് സിറപ്പു പോലിരിക്കും. തണ്ണിമത്തനടിയിൽ ഒരോട്ടയുണ്ടാക്കിയാൽ, ഒരൊറ്റ മത്തനിൽനിന്ന് വീപ്പിക്കണക്കിന് ചാറു കിട്ടും."
"ഇതു നട്ടുവളർത്താൻ ആർക്കാണപ്പാ തോന്നിയത്?" ഡന്നോ പറഞ്ഞു.
"തിസിൾ എന്നു പേരുള്ള സമർത്ഥയായൊരു പെൺകുട്ടി," ധാന്യമണി പറഞ്ഞു. "പഴങ്ങളും പച്ചക്കറികളും വളർത്താനും, പുതിയ ഇനങ്ങളെ കണ്ടെത്താനും അവൾക്ക് വലിയ ഉത്സാഹമാണ്. ഇവിടെ തണ്ണിമത്തൻ ഉണ്ടായിരുന്നിട്ടേയില്ല. കാട്ടിൽ തണ്ണിമത്തൻ കണ്ടെന്ന് ഒരു ദിവസം ആരോ പറഞ്ഞു. ആ ശരത്ക്കാലത്ത് ഒരന്വേഷണ സംഘത്തെയും കൂട്ടി അവൾ കാട്ടിലേക്ക് പോയി; അവിടെ കാട്ടുമത്തൻ കണ്ടെത്തി. അവരതിൻ്റെ വിത്തുകളുമായി തിരിച്ചുപോന്നു. ആ വസന്തകാലത്ത് തിസിൾ ആ വിത്തുകൾ പാകി. അവയിൽനിന്ന് വളർന്ന തണ്ണിമത്തങ്ങകൾ വലുതായിരുന്നു; പക്ഷേ, ചാറിന് നല്ല പുളിപ്പായിരുന്നു. തിസിൾ രാപ്പകൽ കഷ്ടപ്പെട്ട്, ഓരോ മത്തനും രുചിച്ചുനോക്കി; ഒടുവിൽ, അത്ര പുളിപ്പില്ലാത്ത മത്തങ്ങകൾ കണ്ടെത്തി. അടുത്ത വർഷം അവൾ ഈ മത്തങ്ങയുടെ വിത്തുകൾ പാകി. പുതിയ പഴങ്ങൾ മധുരമുള്ളവയായിരുന്നു. അവയിൽ ഏറ്റവും മധുരമുള്ളവയുടെ വിത്തുകൾ തിസിൾ തെരഞ്ഞെടുത്ത്, അടുത്ത വർഷം വിതച്ചു. വർഷാവർഷം അങ്ങനെ ചെയ്ത്, ചെയ്ത് ഒടുവിലവൾക്ക്  മധുമാധുര്യമുള്ള  തണ്ണിമത്തങ്ങകൾ കിട്ടി."
"ഇപ്പൊ, എല്ലാവരും തിസിളിനെ പുകഴ്ത്തുന്നവരാണ്; പക്ഷേ, അവരൊക്കെ ഒരിക്കൽ അവളെ ശകാരിച്ചവരാണ്," ഹിമബിന്ദു പറഞ്ഞു.
"അവരെന്തിനാ അവളെ ശകാരിച്ചത്?" ഡന്നോ ചോദിച്ചു.
"ഈ മത്തങ്ങകൾ കൊണ്ട് എന്തെങ്കിലും ഗുണമുണ്ടാകുമെന്ന് ആരും വിശ്വസിച്ചില്ല. മാത്രമല്ലാ, പട്ടണമാകെ മത്തങ്ങകളായിരുന്നു --- തണ്ണിമത്തങ്ങളെക്കൊണ്ട് വഴി നടക്കാൻ പറ്റാതെയായി. അവ വീടുകൾക്കരികിലാണ് പലപ്പോഴും വളർന്നു പടർന്നത്. മത്തങ്ങകൾ 
ചെറുതായിരിക്കുന്നേടത്തോളം അതത്ര സാരമുള്ള കാര്യമായിരുന്നില്ല. പക്ഷേ,  അവ വലുതായപ്പോൾ ചുമരു തള്ളിയിടുമെന്നായി. ഒരു മത്തങ്ങ കാരണം ഒരു വീട് ശരിക്കും ഇടിഞ്ഞു വീണുപോയി. ഞങ്ങളിൽ ചില പെൺകുട്ടികൾ തണ്ണിമത്തൻ നടുന്നത് തടയാനാഗ്രഹിച്ചവരാണ്. പക്ഷേ, തിസിളിനൊപ്പം നിൽക്കുകയും അവളെ ജോലിയിൽ സഹായിക്കുകയും ചെയ്തു. "

ഈ സമയമായപ്പോഴക്കും, അവർ ഒരു പുഴക്കരയിലെത്തികഴിഞ്ഞിരുന്നു.

"ഇതാണ് തണ്ണിമത്തങ്ങാപ്പുഴ," ഹിമബിന്ദു പറഞ്ഞു. "നോക്കൂ, എത്ര തണ്ണിമത്തനുകളാണ് കരയിൽ വിളയുന്നത്."

പുഴയുടെ ഇക്കരയിൽനിന്ന് മറുകരയിലേക്ക് ഒരു പരവതാനിച്ചീളെന്നു തോന്നിപ്പിക്കുന്ന ഒരിടുങ്ങിയ പാലമുണ്ടായിരുന്നു. അതുണ്ടാക്കിയത്  ബലവും വണ്ണവുമുള്ള ഏതോ സാധനം കൊണ്ടായിരുന്നു.
"ഞങ്ങളാണിത് നിർമ്മിച്ചത്," ധാന്യമണി പറഞ്ഞു. ഈ സാധനം നെയ്തെടുക്കാൻ ഒരു മാസം വേണ്ടി വന്നു. പിന്നീട്, പുഴയ്ക്കു കുറുകെ ഇതു വലിച്ചുകെട്ടാൻ ആൺകുട്ടികൾ സഹായിച്ചു."
"അത് നല്ല രസമായിരുന്നു!" ഹിമബിന്ദു പറഞ്ഞു. "അവരിലൊരുത്തൻ വെള്ളത്തിൽ വീണ് മുങ്ങിച്ചാകാറായതാണ്. പിന്നെ, അവനെയാരോ വലിച്ചുകയറ്റി."

ധാന്യമണി പാലത്തിലൂടെ തന്റേടത്തോടെ നടന്ന് അക്കരേക്ക് പോയി. അത്ര തന്നെ ചങ്കൂറ്റത്തോടെ ഡന്നോയും നടന്നു; പക്ഷേ, പാലം ഉലയാൻ തുടങ്ങിയപ്പോൾ അവൻ നിന്നുകളഞ്ഞു.
"എന്തേ നിന്നുകളഞ്ഞത്?" ഹിമബിന്ദു ചോദിച്ചു. "പേടിയാ?'
"എന്ത് പേടി! എന്തൊരു വിചിത്രമായ പാലമാണിതെന്ന് ചിന്തിച്ചു പോയതാണ്."
പാലത്തിൻ്റെ വശങ്ങളിൽപ്പിടിച്ച് അവൻ കുനിഞ്ഞു; പേടിയില്ലെന്ന് കാണിക്കാൻ ഒന്നു പൊട്ടിച്ചിരിക്കുകയും ചെയ്തു.

ഹിമബിന്ദു അവൻ്റെ ഒരു കൈ ഗ്രഹിച്ചു; ധാന്യമണി മറ്റേക്കയ്യും. രണ്ടുപേരും കൂടി അവനെ പാലം കടത്തി. അവന് പേടിയുണ്ടെന്ന് രണ്ടു പേർക്കും മനസ്സിലായിരുന്നു. പക്ഷേ, അവർ ചിരിച്ചില്ല. തങ്ങളെ
കളിയാക്കിച്ചിരിക്കുന്നത് ആൺമൈറ്റുകൾക്ക് ഇഷ്ടമല്ലല്ലോ. മറുകരയെത്തിയപ്പോൾ അവരൊരു തെരുവിലൂടെ കീഴോട്ടു നടന്ന്, ഒടുവിൽ, പച്ചമേൽക്കൂരയുള്ള ഒരു വെള്ളക്കെട്ടിടത്തിനടുത്തെത്തി.

"ഇതാണ് ഞങ്ങളുടെ ആശുപത്രി," ധാന്യമണി പറഞ്ഞു.

***************************************************** 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...