2020, ജൂലൈ 22, ബുധനാഴ്‌ച

DUNNO: 16

ട്രി സംഗീതക്കച്ചേരി

സുപ്രസിദ്ധ സഞ്ചാരി ഡന്നോയും കൂട്ടുകാരും ആശുപത്രിയിൽ പരിചരണത്തിലാണെന്ന വിവരം താമസിയാതെ പട്ടണം മുഴുവൻ പരന്നു. ഫ്ലഫും മിന്നിയും വീടുവീടാന്തരം ഓടിനടന്ന് സുഹൃത്തുക്കളിൽ വാർത്ത എത്തിച്ചു. ആ സുഹൃത്തുക്കൾ മറ്റുള്ളവരോടത് പറഞ്ഞു; അവർ ഇനിയുമുള്ളവരോട് പറഞ്ഞു. അങ്ങനെ, ഒടുവിൽ, ഗ്രീൻവില്ലിലെ ബഹുജനമെല്ലാം ആശുപത്രിയിൽ തടിച്ചുകൂടി. എല്ലാവർക്കും രോഗികളെ ഏതെങ്കിലും രീതിയിൽ സഹായിക്കണമെന്നുണ്ടായിരുന്നു: ഒരാൾ വീട്ടിലുണ്ടാക്കിയ കേയ്ക്ക് കൊണ്ടുവന്നു; ഇനിയൊരാൾ ഒരു ഭരണി ജാമും. ഇനിയുമൊരാൾ കൊണ്ട് വന്നതോ, വേവിച്ച പഴങ്ങളും.

അരമണിക്കൂറിനുള്ളിൽ ആശുപത്രിത്തെരുവ് സന്ദർശകരെക്കൊണ്ട് നിറഞ്ഞു. സ്വാഭാവികമായും, അത്തരമൊരാൾക്കൂട്ടത്തെ ആശുപത്രിയിൽ കയറ്റാൻ പറ്റില്ലല്ലോ. തേന്മൊഴി പൂമുഖത്തേക്കിറങ്ങി വന്ന്, രോഗികൾക്കാവശ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് പറഞ്ഞു; എല്ലാവരും ഇത്രയും ബഹളമുണ്ടാക്കാതെ വീടുകളിലേക്ക്, ദയവായി,  തിരിച്ചു
പോയാട്ടേ, എന്നും പറഞ്ഞു.

പക്ഷേ, സന്ദർശകർ വീടുകളിലേക്ക് മടങ്ങാൻ ഇഷ്ടപ്പെട്ടില്ല. മുഖ്യ സഞ്ചാരിയായ ഡന്നോ തൻ്റെ ചങ്ങാതിമാരായ ബ്ലോബ്സിനും ട്രിൽസിനുമൊപ്പം ആശുപത്രി വിടുന്നുണ്ടെന്ന്,  അജ്ഞാതമായ ഏതോ വഴിക്ക്, അവർ അറിഞ്ഞിരുന്നു.

തേന്മൊഴി ഒരിക്കൽ കൂടി പൂമുഖത്ത് പ്രത്യക്ഷപ്പെട്ടു; ആൾക്കൂട്ടം പിരിഞ്ഞുപോയാലേ ഡന്നോയെ ആശുപത്രിയിൽനിന്ന് വിടുള്ളൂവെന്ന് പറഞ്ഞു. അവർക്കപ്പോൾ പിരിഞ്ഞുപോകാതെ നിവർത്തിയില്ലെന്നായി. പക്ഷേ, പെൺകുട്ടികളാരും അവരവരുടെ വീടുകളിലേക്കല്ല പോയത്. അവർ ആശുപത്രിത്തെരുവിൽ താമസിക്കുന്ന തങ്ങളുടെ സുഹൃത്തുക്കളുടെ വീടുകളിലേക്കാണ് പോയത്. ധാന്യമണിയുടെയും, ഹിമബിന്ദുവിൻ്റെയും അകമ്പടിയോടെ ഡന്നോയും, ബ്ലോബ്‌സും, ട്രിൽസും പുറത്തുവന്നപ്പോൾ, ജനലുകളുടെയും വാതിലുകളുടെയും പിറകിൽനിന്ന് അസംഖ്യം കണ്ണുകൾ തങ്ങളെ തുറിച്ചുനോക്കുന്നുണ്ടെന്ന് അവർക്ക് തോന്നി. ഇത്തരമൊരു ജനപ്രീതി ഡന്നോയെ വല്ലാതെ സന്തോഷിപ്പിച്ചു.

"ഇതിലാരാ ഡന്നോ? സുപ്രസിദ്ധ ഡന്നോ?" ആരോ താഴ്ന്ന സ്വരത്തിൽ ചോദിച്ചു.
"ആ മഞ്ഞ ട്രൗസറിട്ടവൻ," ഉത്തരം ഉടനെ വന്നു.
"ആ നായച്ചെവിയനോ? അതാണ് ഡന്നോയെന്ന് എനിക്കു വിശ്വസിക്കാനേ   വയ്യ. അവനെക്കണ്ടാൽ ഒരു പൊട്ടനെപ്പോലെയുണ്ട്."
"ഉവ്വല്ലേ? പക്ഷേ, അവൻ്റെ ആ ഭാവത്തിൽ എന്തോ ഒന്നുണ്ട്. അതവനാണ്. എൻ്റെ വാക്ക് വിശ്വസിക്കാം."

തെരുമൂലയിലെ ഒരു വീടിൻ്റെ രണ്ടാംനിലയിലുള്ള ജാലകത്തിൽനിന്ന് ഒരു പെൺകുട്ടി, ഡന്നോ കണ്ണിൽപ്പെട്ടയുടൻ, ആവേശത്തോടെ കൈവീശിത്തുടങ്ങി.
"ഡന്നോ! ഡന്നോ!" അവൾ കൂവിവിളിച്ചു. "ബലേ, ഭേഷ്! ഡന്നോ!"
ജാലകത്തിലൂടെ വളരെമുന്നോട്ട് ആഞ്ഞതിനാൽ അവൾ താഴേക്ക്  വീണൂവീണില്ലാ എന്നായി. ഭാഗ്യത്തിന് അവളുടെ കൂട്ടുകാരികൾ അവളെ കാലിൽപിടിച്ച് പിറകിലേക്ക് വലിച്ചു.

"നാണമില്ലല്ലോ!" കൂർത്തകൊച്ചുമുഖവും, കൂർത്ത താടിയുമുള്ള ഒരു മൈറ്റ് പറഞ്ഞു. "എല്ലാരേക്കാളും കേമനാണ് താനെന്ന് ഈ ഡന്നോയെ നീ ധരിപ്പിക്കും."
"ശരിക്കും അത് നേരാണ്, ബേഡി," അവളുടെ, കുറുകിയ മേൽച്ചുണ്ടും മിന്നുന്ന വെള്ളപ്പല്ലുകളുമുള്ള, ചങ്ങാതി യോജിച്ചു. "തങ്ങളെ പരിഗണിക്കുന്നുണ്ടെന്ന് ആൺകുട്ടികൾക്ക് തോന്നാനേ പാടില്ല. അവരുടെ പിത്തലാട്ടം ആരും ശ്രദ്ധിക്കുന്നില്ലെന്ന് കാണുമ്പോ, അവരത് താനേ മതിയാക്കിക്കോളും."
"അതു തന്നെയാ ഞാനും പറയുന്നത്, കിറ്റി," ബേഡി അനുകൂലിച്ചു. "ആൺകുട്ടികൾ ആദരവർഹിക്കുന്നില്ല. അവരോട് നമുക്ക് പുച്ഛമാണെന്നറിയുമ്പോൾ, നമ്മളെ ദ്രോഹിക്കാൻ അവർക്ക് പേടിയുണ്ടാകും."

അങ്ങനെ, നവാഗതരായ ആൺകുട്ടികളെ അനാദരിക്കേണ്ടതാണെന്ന് ബേഡിയും, കിറ്റിയും ഓരോ കാതിലും മന്ത്രിച്ചു തുടങ്ങി. അവരെ ഒട്ടും ശ്രദ്ധിക്കില്ലെന്ന് എല്ലാ പെൺകുട്ടികളെക്കൊണ്ടും അവർ സമ്മതിപ്പിച്ചു; അവരിലാരെങ്കിലും വരുന്നതുകണ്ടാൽ വഴിയുടെ മറുവശത്തേക്ക് മാറണമെന്നും.

ഈ ഉടമ്പടികൊണ്ട് ഫലമൊന്നുമുണ്ടായില്ല. ബ്ലോബ്സ് ഒരു കലാകാരനാണെന്നും, ട്രിൽസ് മനോഹരമായ് മുരളിയൂതുന്ന ഒരു സംഗീതകാരനുമാണെന്ന് വെളിവായിക്കഴിഞ്ഞിരുന്നു. എല്ലാവർക്കും അയാൾ വായിക്കുന്നത് കേൾക്കാൻ തിടുക്കമായിരുന്നു. ഗ്രീൻവില്ലുകാർ ആകെക്കേട്ടിരുന്നത് വീണ മാത്രമായിരുന്നല്ലോ. അവിടെയാരും ഇതുവരെയായും ഓടക്കുഴൽ കേട്ടിരുന്നില്ല. അങ്ങിനെയൊരു ഉപകരണമുണ്ടെന്ന് അവിടത്തെ പല അന്തേവാസികൾക്ക് അറിയുകപോലുമില്ലായിരുന്നു.

ബ്ലോബ്‌സും ട്രിൽസും ആപ്പിൾ സ്ക്വയറിലുള്ള ബട്ടണിൻ്റെ വീട്ടിലേക്ക് താമസം മാറ്റിയതായ്, കുറച്ചുകഴിഞ്ഞ്, അവരറിഞ്ഞു. ഈ വീടിൻ്റെ രണ്ടാംനിലയിൽ വലിയൊരു മുറിയുണ്ടായിരുന്നു; മുറിയുടെ ഒരു ചുമർ മുഴുവനും നിറഞ്ഞുനിൽക്കുന്ന ഒരു ജനാലയും. മുറിയിൽ നിറയെ കാറ്റും വെളിച്ചവുമുണ്ടായതിനാൽ, ബ്ലോബ്സിനത് ഇഷ്ടപ്പെടാൻ താമസമുണ്ടായില്ല. അങ്ങനെയാണ് ട്രിൽസും അയാളും ആ മുറിയിലേക്ക് മാറിയത്.

മുറിയിലെ ജനൽ തുറക്കുന്നത് ആപ്പിൾ സ്ക്വയറിലേക്കായിരുന്നു. ആപ്പിൾ സ്‌ക്വയർ ഒരിക്കലും സായാഹ്നസവാരിക്കുള്ള ഒരു സ്ഥലമായിരുന്നില്ല. പക്ഷേ, ആ വൈകുന്നേരം ആളുകൾ അവിടെ ഉലാത്തുന്നത് കാണാമായിരുന്നു. ജോഡികളായി കൈകോർത്ത് നടന്ന അവർ ഇടയ്ക്കിടെ രണ്ടാംനിലയിലെ ജാലകത്തിലേക്ക് ഒളികണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു. അത്, എന്തായാലും, ബ്ലോബ്സിനെയും ട്രിൽസിനെയും കാണായിരുന്നില്ല; സംഗീതം കേൾക്കാനുള്ള ആഗ്രഹം കൊണ്ടായിരുന്നു.

ഇടയ്ക്കിടെ അവർ മുടി നന്നായ് ചീകിയൊതുക്കിയ ബ്ലോബ്സിനെക്കണ്ടു; ചിലപ്പോൾ, നാനാവശത്തേക്കും തലമുടി എഴുന്നേറ്റുനിൽക്കുന്ന ട്രിൽസിനെയും. ഒരു തവണ ബ്ലോബ്സ് ജാലകപ്പടിയിലൂന്നിനിന്ന് ശൂന്യതയിലേക്ക് കണ്ണയക്കുന്നതും അവർ കണ്ടു. അപ്പോൾ അവനൊപ്പം ട്രിൽസും വന്നുചേരുകയും, അവനുമായ് തലകുലുക്കിയും കൈവീശിയും ചൂടുപിടിച്ച ചർച്ചയിലേർപ്പെടുന്നതും അവർ കണ്ടു. അതിനു ശേഷം രണ്ടു പേരും അവിടെനിന്ന് പോയി.

ആ രാത്രി രസകരമായതൊന്നും ഇനിയുണ്ടാവില്ലെന്ന് തോന്നി. എങ്കിലും, ആരും പിരിഞ്ഞുപോയില്ല. അതേതായാലും നന്നായേയുള്ളൂ. കാരണം, അല്പസമയത്തിനുള്ളിൽ, രണ്ടാം നിലയിലെ ജനലിലൂടെ, ഒരരുവിയുടെ കളകളാരവം പോലെ, ഒരോടക്കുഴൽ നാദം ഒഴുകി വന്നു. പിന്നെ, ഒരു തിരക്കു പിന്നാലെ മറ്റൊരു തിരയെന്ന പോലെ, സ്വരങ്ങൾ ഒന്നിനുപിറകെയൊന്നായി ഉയരുവാൻ തുടങ്ങി. പിന്നീടവ, പൊടുന്നനെ, ആരോഹണത്തിലായി; ഒന്നു മറ്റൊന്നിനു പിന്നാലെ, അന്തരീക്ഷത്തിൽ, വീണുമുരുണ്ടും  അനുധാവനം ചെയ്യുകയായി. അത് പ്രസന്നവും ഉണർവ്വുള്ളതുമായ സംഗീതമായിരുന്നു. എല്ലാവരേയും അത് ആനന്ദഭാവത്തിലാക്കി. സംഗീതം അവരുടെ കൈകാലുകളെ പിടിച്ചുലച്ച് നൃത്തമാടാൻ പ്രേരിപ്പിക്കുകയാണെന്ന് തോന്നി.

വീടുകളുടെ വാതിലുകൾ ഒന്നൊന്നായ് പതിയെ തുറക്കപ്പെട്ടു. സ്‌ക്വയറിലെ എല്ലാ ചലനങ്ങളും നിലച്ചു. സംഗീതത്തിലെ ഒരു സ്വരമെങ്കിലും വിട്ടുപോകാതിരിക്കാൻ ഏവരും നിശ്ചലരായ് നിലകൊണ്ടു.

ഒടുവിൽ, മുരളി മൂകമായി. പക്ഷേ, ചത്വരത്തിന് മറുവശത്തുള്ള ഒരു വീടിൻ്റെ മട്ടുപ്പാവിൽനിന്ന് ഒരു വീണാനാദമുയർന്നു. അത് ഓടക്കുഴലുണ്ടാക്കിയ രാഗം ആവർത്തിക്കുന്നതുപോലെ തോന്നി. ഏതോ വിരലുകൾ ആ രാഗം ശങ്കിച്ചുശങ്കിച്ച് തന്ത്രികളിൽ മീട്ടുന്നതുപോലെ. അൽപ്പാൽപ്പമായ് ആ രാഗം മഞ്ഞുമാഞ്ഞുപോയപ്പോൾ, അതാ, ഓടക്കുഴൽ വീണ്ടും അതേറ്റു പിടിച്ചു. വീണാവായന തുടരുന്നതിന് അതുത്തേജകമായി. അടുത്തനിമിഷം, രണ്ടാമതൊരു വീണ കൂടി അതിൽ പങ്കാളിയായി; പിന്നെ, മൂന്നാമതൊന്നു കൂടി. രാഗം മുമ്പത്തേക്കാളേറെ പ്രസന്നവും, ആനന്ദമയവുമായി. 

കൃത്യം ഈ സമയത്താണ്, ബ്ലോബ്സിനുള്ള ചായങ്ങളും ബ്രഷുമായി, ഡന്നോ പടികൾ ചാടിക്കയറി വന്നത്. പെൺകുട്ടികളെല്ലാം ശ്വാസമടക്കിപ്പിടിച്ച് സംഗീതത്തിന് കാതു കൊടുക്കുന്ന കാഴ്ച്ച കണ്ട് അവൻ അമ്പരന്നു പോയി. അവനും സംഗീതമാസ്വാദിക്കാൻ നിന്നു. ശ്രദ്ധയാകർഷിക്കാമെന്ന പ്രതീക്ഷയോടെ അവൻ ഒന്നുരണ്ടു ചുവുടകൾ വച്ചു. പക്ഷേ, ആരുമവനെ ശ്രദ്ധിച്ചതേയില്ല. അതിനാൽ അവൻ ബട്ടണിൻ്റെ  വീടിലേക്കുള്ള വാതിലിലേക്ക് മുങ്ങി.
************************************************************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...