2020, ജൂലൈ 5, ഞായറാഴ്‌ച

DUNNO 3

ഡന്നോ കലാകാരനായ കാര്യം

ബ്ലോബ്സ്  വളരെ നല്ലൊരു കലാകാരനായിരുന്നു. സ്മോക് എന്ന പേരുള്ള ഒരയഞ്ഞ കുപ്പായമാണ് അയാൾ എപ്പോഴും ധരിക്കാറുള്ളത്. സ്മോക്കുമിട്ട്, തലമുടി പിന്നിലേക്കാക്കി, കയ്യിൽ ചായത്തട്ടുമായ് ചിത്രപീഠത്തിനരികിൽ നിൽക്കുന്ന അയാളെ കണ്ടാൽ ഗംഭീരമെന്നേ തോന്നൂ. അയാൾ ശരിക്കുമൊരു കലാകാരനാണെന്ന് ആർക്കും മനസ്സിലാകും.

ഡന്നോയുടെ സംഗീതം കേൾക്കാൻ മൈറ്റുകൾ വിസമ്മതിച്ചപ്പോൾ, അവൻ ഒരു കലാകാരനാകാൻ ഉറപ്പിച്ചു. ഒരു ദിവസം അവൻ ബ്ലോബ്സിനെ കണ്ട് പറഞ്ഞു:
"നോക്ക്, ബ്ലോബ്സേ, ഞാനൊരു കലാകാരനാകാൻ തീരുമാനിച്ചിരിക്കുകയാണ്. എനിക്ക് കുറച്ച് ചായവും ബ്രഷും തരൂ."
വളരെ ഉദാരമതിയായ ബ്ലോബ്സ് തൻ്റെ പഴയ ചായങ്ങളും ബ്രഷുകളും അവന് കൊടുത്തു.

കൃത്യം ആ നേരത്ത് ഡന്നോയുടെ സുഹൃത്ത് ഗങ്കി അവനെ കാണാനെത്തി.
"നീ ഇവിടെ ഇരി, ഗങ്കി," ഡന്നോ പറഞ്ഞു. "ഞാൻ നിൻ്റെ ചിത്രം വരക്കാം."

തൻ്റെ ചിത്രം വരച്ചു കിട്ടുന്നതിൽ ഗങ്കിക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. അവനിരുന്നു. ഡന്നോ ചിത്രരചന ആരംഭിച്ചു. ഗങ്കിയെ ഉള്ളതിനേക്കാൾ സുന്ദരനായി വരക്കാനാണ് അവൻ ആഗ്രഹിച്ചത്. അതുകൊണ്ടവൻ മൂക്കിന് ചുവപ്പും, ചെവികൾക്ക് പച്ചയും, ചുണ്ടുകൾക്ക് നീലയും, കണ്ണുകൾക്ക് ഓറഞ്ചു നിറവും നൽകി. തൻ്റെ ഛായാപടം കാണാൻ ഗങ്കിക്ക് ധൃതിയായി. ഉൽക്കണ്ഠകൊണ്ട് അവന് കസേരയിൽ ഇരിപ്പുറക്കാതായി.

"നീയിങ്ങനെ ഇളകിക്കൊണ്ടിരുന്നാൽ, ചിത്രം നിന്നെപ്പോലെ തീരെയുണ്ടാവില്ല," ഡന്നോ പറഞ്ഞു.
"ഇപ്പൊ, അതെന്നെപ്പോലുണ്ടോ?" ഗങ്കി ചോദിച്ചു.
"ശരിക്കും," മീശക്ക് കരിംചുവപ്പ് നിറം കൊടുത്തുകൊണ്ട് ഡന്നോ പറഞ്ഞു.

"ഒന്ന് നോക്കാമോ?" പടംവര തീർന്നപ്പോൾ ഗങ്കി ചോദിച്ചു.
ഡന്നോ അവനെയത് കാണിച്ചു.
"എന്നെക്കണ്ടാൽ ഇങ്ങനെയാണോ?" ഞെട്ടിപ്പോയ ഗങ്കി അലറി.
"പിന്നല്ലാതെ!"
"നീയെന്തിനാ ഈ മീശ വരച്ചത്; എനിക്ക് മീശയില്ലല്ലോ?"
"ഒരുനാൾ മീശ വരുമല്ലോ."
"ഈ മൂക്കെന്തിനാ ചുവപ്പിച്ചത്?"
"ഭംഗി കൂട്ടാൻ."
"തലമുടി നീലയാക്കിയതോ? എൻ്റെ തലമുടി നീലയാണോ?"
"ഉവ്വല്ലോ," ഡന്നോ പറഞ്ഞു."നിനക്കതിഷ്ടമായില്ലെങ്കിൽ, പച്ചയാക്കിത്തരാം."
"ഇതൊരു പൊട്ടച്ചിത്രമാണ്," ഗങ്കി പറഞ്ഞു."ഞാനിത് കീറിക്കളയും, നോക്കിക്കോ."
"ഒരു കലാസൃഷ്‌ടി കീറിക്കളയാൻ ഞാൻ നിന്നെ അനുവദിക്കില്ല," ഡന്നോ പറഞ്ഞു.

ഗങ്കി അവൻ്റെ കയ്യിൽനിന്ന് പടം പിടിച്ചു വാങ്ങാൻ ഒരു ശ്രമം നടത്തി. രണ്ടുപേരുംകൂടി ഉന്തും തള്ളുമായി. അവരുണ്ടാക്കിയ കോലാഹലം കേട്ട്, ഡുനോയും, ഡോ. പിൽമാനും മറ്റു ചില മൈറ്റുകളും ഓടിയെത്തി.

"എന്തിനായീ കലഹം?" അവർ ചോദിച്ചു.
"ഇതു നോക്ക്," ഗങ്കി പറഞ്ഞു. "ആരുടെ പടമാ ഇത്? എന്നെക്കണ്ടാൽ ഇങ്ങനെയാണോ?"
"ഏയ്, ഇല്ലേയില്ല," മൈറ്റുകൾ പറഞ്ഞു. "ഇതൊരു നോക്കുകുത്തിപോലുണ്ട്."
"അതതിന് പേരിടാത്തതുകൊണ്ടാണ്," ഡന്നോ പറഞ്ഞു. "ഞാനതിന് പേരിട്ടു കഴിയുമ്പോൾ, അതാരെന്ന് ആരും പറയാതെ ആർക്കും മനസ്സിലാകും."

അവനൊരു പെൻസിലെടുത്ത് വെണ്ടക്കാ വലുപ്പത്തിൽ എഴുതി:"ഗങ്കി"; പിന്നീടവനാ ഛായാപടം ചുമരിൽ തൂക്കിയിട്ടു.
"എല്ലാവർക്കും കാണാൻ പാകത്തിൽ അതിവിടെ കിടക്കട്ടെ," അവൻ പറഞ്ഞു.
"ഞാൻ സമ്മതിക്കില്ല," ഗങ്കി പറഞ്ഞു. "നീ ഉറങ്ങാൻ പോയാലുടൻ, ഞാനത് താഴെയിറക്കി, കീറിക്കളയും."
"ഞാൻ ഉറങ്ങാൻ പോവില്ല; രാത്രി മുഴുവൻ ഉറക്കമിളച്ച് കാവലിരിക്കും," ഡന്നോ പറഞ്ഞു.
ദേഷ്യം വന്ന ഗങ്കി, വാതിൽ വലിച്ചടച്ച് വീട്ടിലേക്ക് പോയി.

ഡന്നോ രാത്രി ഉറക്കമിളച്ചിരിക്കുകതന്നെ ചെയ്തു. എല്ലാവരും ഉറങ്ങിയപ്പോൾ, അവൻ തൻ്റെ എല്ലാ ചങ്ങാതിമാരുടെയും ചിത്രങ്ങൾ വരച്ചു. റോളിപൊളിയെ അവൻ ചിത്രത്തിലൊതുക്കാൻ പറ്റാത്തത്ര പൊണ്ണനാക്കി. സ്വിഫ്റ്റിക്ക് എട്ടുകാലിക്കാലുകളും, പട്ടിവാലും കൊടുത്തു. ഡോ. പിൽമാൻ്റെ മൂക്കിനു പകരം ഉഷ്ണമാപിനിയാണ് വരച്ചുവച്ചത്. ഡുനോയ്ക്ക് കഴുതച്ചെവി വച്ചുകൊടുത്തു. ഒറ്റവാക്കിൽ പറഞ്ഞാൽ, അവൻ എല്ലാവരേയും കഴുതകളാക്കി. രാവിലെ അവൻ എല്ലാ ചിത്രങ്ങൾക്കും പേരെഴുതി വച്ചു; പിന്നെ, അവ തൂക്കിയിട്ടു. അത് ശരിക്കുമൊരു ചിത്രശാലയായി.

ആദ്യം ഉറക്കമുണർന്നത് ഡോ. പിൽമാനായിരുന്നു. ചിത്രങ്ങൾ കണ്ടതും ആ വിദ്വാൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി. അയാൾക്കവ ഏറെ ഇഷ്ടമായി. ഒന്നുകൂടി നന്നയിക്കാണാൻ അയാൾ കണ്ണടയണിഞ്ഞു. ചിത്രങ്ങൾ ഒന്നിനു പിറകേ ഒന്നായി നോക്കി, അയാൾ പൊട്ടിപ്പൊട്ടിച്ചിരിച്ചു.
"ഡന്നോ നന്നായ് വരും!" അയാൾ പറഞ്ഞു. "ജീവിതത്തിലിന്നേവരെ ഞാനിത്ര ചിരിച്ചിട്ടില്ല."  

ഒടുവിലയാൾ സ്വന്തം ചിത്രത്തിന് സമീപമെത്തി.
"ഇതാര്?"അയാൾ കർക്കശസ്വരത്തിൽ ചോദിച്ചു. "ഞാനോ?  ഹേയ്, ഞാനാവാൻ തരമില്ല. ഒരു സാദൃശ്യവുമില്ലല്ലോ. അത് താഴെയിറക്ക്."
"എന്തിന്?" ഡന്നോ ചോദിച്ചു. "മറ്റുള്ളവയുടെ കൂടെ അതുമിരിക്കട്ടെ."
"നിനക്ക് ഭ്രാന്താണ്, ഡന്നോ," ഡോ. പിൽമാൻ രോഷത്തോടെ പറഞ്ഞു. "അതല്ലെങ്കിൽ, നിൻ്റെ കണ്ണിനെന്തോ കുഴപ്പമുണ്ട്. എൻ്റെ മൂക്ക് ഉഷ്ണമാപിനിയാണെന്ന് നിനക്ക് തോന്നാനെന്താ കാര്യം? ഇന്നു രാത്രി നീ കിടക്കാൻ പോകുമ്പോൾ നല്ലൊരു ഡോസ് ആവണക്കെണ്ണ നിനക്ക് തരേണ്ടിവരുമെനിക്ക്."
ഡന്നോയ്ക്ക് ആവണക്കെണ്ണ വെറുപ്പായിരുന്നു.
"അയ്യോ, അരുത്!" അവൻ വിതുമ്പി. "ആ ചിത്രം നിങ്ങളെപ്പോലെയല്ലെന്ന് എനിക്ക് മനസ്സിലായി." അവനത് താഴേക്കെടുത്ത് കീറിക്കളഞ്ഞു.

പിന്നെയുണർന്നത് ഷോട്ടായിരുന്നു. അവന് ചിത്രങ്ങൾ ഇഷ്ടമായി; അവൻ ചിരിച്ച് മരിച്ചില്ലായെന്നേയുള്ളൂ. പക്ഷേ, സ്വന്തം ചിത്രം കണ്ണിൽപ്പെടേണ്ട താമസം, അവൻ്റെ ചിരി നിലച്ചു.
"വളരെ മോശം," അവൻ പറഞ്ഞു. "ഇതെന്നെപ്പോലെയല്ലേയല്ല. നീയിത് എടുത്തുമാറ്റിയില്ലെങ്കിൽ, ഇനിയൊരിക്കലും ഞാൻ നിന്നെ നായാട്ടിന് കൂടെക്കൂട്ടില്ല."
അങ്ങനെ ഡന്നോയ്ക്ക് ഷോട്ടിൻ്റെ പടവും മാറ്റേണ്ടി വന്നു.

മറ്റുള്ളവരുടെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചത്. ഓരോ മൈറ്റിനും മറ്റുള്ളവരുടെ പടങ്ങൾ ഇഷ്ടമായി; അവനവൻ്റെ പടം തീരെ ഇഷ്ടപ്പെട്ടില്ല.   

മറ്റുള്ളവർ ഉറങ്ങിക്കഴിഞ്ഞാൽ മാത്രം ഉറങ്ങാറുള്ള ബ്ലോബ്സാണ്, അവസാനമുറക്കമുണർന്നത്. തൻ്റെ ചിത്രം കണ്ടപ്പോൾ അയാൾ അരിശം കൊണ്ട് പുകഞ്ഞു. അതൊരു ഛായാപടമേയല്ലെന്നാണ് അയാൾ പറഞ്ഞത് --- കലയുമായ് പുലബന്ധമില്ലാത്ത ചായച്ചെളിക്കൂട്ട്.
അയാളത് പിച്ചിച്ചീന്തി; ഡന്നോയിൽനിന്ന് ചായവും ബ്രഷും പിടിച്ചു വാങ്ങി.  

ഒടുവിൽ, ചുമരിൽ, ഗങ്കിയുടെ ചിത്രം മാത്രം തൂങ്ങിനിന്നു. അതുമെടുത്ത് ഡന്നോ തൻ്റെ ചങ്ങാതിയെ കാണാൻ പോയി.

"വേണമെങ്കിൽ നീ നിൻ്റെ ചിത്രമെടുത്തോ, ഗങ്കീ," അവൻ പറഞ്ഞു."അപ്പോപ്പിന്നെ നമുക്ക് വീണ്ടും കൂട്ടുകാരായിരിക്കാലോ."
ഗങ്കി പടമെടുത്ത് നുറുങ്ങുനുറു‌ങ്ങാക്കിക്കീറി. "ശരി, നമുക്ക് കൂട്ടുകാരായിരിക്കാം," അവൻ പറഞ്ഞു. "പക്ഷേ, ഇനി നീയെന്നെ വരക്കില്ലെന്ന് വാക്കു തരണം."
"നിന്നെയെന്നല്ല, ഇനി ഞാൻ ഒരാളേയും വരക്കില്ല," ഡന്നോ പറഞ്ഞു. "വരച്ചിട്ടെന്ത് പ്രയോജനം? എത്ര പരിശ്രമിച്ചാലും, ഒടുവിൽ കുറ്റം മാത്രം ബാക്കി. എനിക്കൊരിക്കലും കലാകാരനാകേണ്ട."

_---------------------------------------------------------

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...