2020, ജൂലൈ 20, തിങ്കളാഴ്‌ച

DUNNO: 15

ആസ്പത്രിയിൽ 

അവർ വാതിൽക്കലേക്ക് നടന്നു. ഹിമബിന്ദു വാതിലിലെ 'റിംഗ് ... റിംഗ് ... റിംഗ്' എന്നൊച്ചയുണ്ടാക്കുന്ന ബെല്ലമർത്തിയപ്പോൾ, വെള്ളയുടുപ്പും തൊപ്പിയുമിട്ട ഒരു നഴ്സ് വന്ന് വാതിൽ തുറന്നു. അവളുടെ നെറ്റിയിൽ സ്വർണ്ണമുടിച്ചുരുളുകൾ തുള്ളിക്കളിക്കുന്നുണ്ടായിരുന്നു.

"കർത്താവേ! ഇനിയുമൊരു രോഗിയോ!" അവരെ കണ്ടപ്പോൾ അവൾക്ക് ശ്വാസം നിലച്ചതുപോലെയായി. "നേരായിട്ടും പറയുവാ, ഇവനെ കിടത്താനിവിടെ സ്ഥലമില്ല. ഏത് പാതാളത്തിൽനിന്നാവോ ഇവരൊക്കെ വരുന്നത്? കൊല്ലം മുഴുവൻ ഈ ആസ്പത്രിയിൽ ആളേ ഉണ്ടായിരുന്നില്ല. ഇന്നോ, ഇപ്പോൾത്തന്നെ പതിനാലു രോഗികളായി!"
"ഇത് രോഗിയല്ല," ഹിമബിന്ദു പറഞ്ഞു. "ഇവനിവൻ്റെ ചങ്ങാതിമാരെ കാണാൻ വന്നതാണ്."
"ഓ, അതാണ് കാര്യമെങ്കിൽ, വന്നാട്ടെ."

മൂന്നുപേരും ഡോക്റ്ററുടെ ആപ്പീസിലേക്ക് കയറിപ്പോയി. അവിടെ ഒരു മേശക്കരികിലിരിക്കുന്ന തേന്മൊഴിയെ അവർ കണ്ടു. അവർക്കു മുമ്പിൽ ഒരു കൂന കാർഡുകൾ ഉണ്ടായിരുന്നു. അവരതിൽ ഓരോ രോഗിയുടെയും രോഗവിവരങ്ങൾ കുത്തിക്കുറിക്കുകയായിരുന്നു. ധാന്യമണിയേയും, ഹിമബിന്ദുവിനേയും കണ്ടയുടൻ അവർ പറഞ്ഞു:
"രോഗികളെ കാണാൻ വന്നതാണ്, അല്ലേ? എനിക്കതനുവദിക്കാൻ പറ്റില്ല. രോഗികൾക്ക് ശാന്തിയും സമാധാനവും വേണമെന്ന കാര്യം നിങ്ങൾ മറക്കുന്നു. നിൻ്റെ നെറ്റിയിലെന്താണ്, ധാന്യമാണീ? പ്ലാസ്റ്ററോ? മിടുക്കി!ഇങ്ങനേ വരൂ എന്ന് ഞാൻ പറയാത്തതല്ലല്ലോ. ഈ ആൺകുട്ടികൾ എത്ര അപകടകാരികളാണെന്ന് ആരെക്കാളും നന്നായ് എനിക്കറിയാം. ഒന്നിനെ വീട്ടിൽ കടത്തിയാൽ മതി, പിന്നെ, ഇടിയും ചതവുമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ട."
"രോഗികളെക്കാണേണ്ടത് ഞങ്ങൾക്കല്ല," ഹിമബിന്ദു പറഞ്ഞു. "ഇവനാണ്. അവരൊക്കെ ഇവൻ്റെ  ചങ്ങാതിമാരാണ്."
"ഹും. ഈ കൊച്ചു പഹയനോട് ഞാൻ അനങ്ങാതെ കിടക്കാൻ പറഞ്ഞതാണ്. എന്നിട്ടിപ്പോ, ഇവനിതാ ഇവിടെ ഡോക്റ്ററുടെ ആജ്ഞയും ലംഘിച്ച് എല്ലാവരോടും അടിപിടി കൂടുന്നു. ഇവനെ കടത്തിവിടാൻ എനിക്ക് പറ്റില്ല. അടികൂടാനുള്ള സ്ഥലമല്ലാ ആസ്പത്രി."
"ഞാൻ അടികൂടില്ല," ഡന്നോ പറഞ്ഞു.
"ഇല്ലാന്ന്, അല്ലേ?" തേന്മൊഴി, തൻ്റെ മരക്കുഴൽ മേശയിലിടിച്ച്, കാർക്കശ്യത്തോടെ പറഞ്ഞു. "അടികൂടില്ലെന്നാണ് എല്ലാ ആൺകുട്ടികളും എപ്പോഴും പറയാറ്. എന്നിട്ടോ, എപ്പോഴും അടികൂടിക്കൊണ്ടേയിരിക്കും."

ഈ കാര്യത്തിൽ തേന്മൊഴി ഒരു തീരുമാനത്തിലെത്തിയതു പോലെ തോന്നി. കാരണം, അവർ ധാന്യമണിയുടെ നേർക്ക് തിരിഞ്ഞുകൊണ്ട് പറഞ്ഞു: "നിൻ്റെയാ നെറ്റിയൊന്ന് കാണിക്ക്, മോളേ."
അവർ പ്ലാസ്റ്റർ വലിച്ചൂരി, തിണർത്ത ഭാഗം പരിശോധിച്ചു.
"ഇനിയുമീ പ്ലാസ്റ്റർ വെക്കേണ്ട കാര്യമില്ല," പരിശോധന കഴിഞ്ഞ് അവർ പറഞ്ഞു. "എൻ്റെ കൂടെ വരൂ, മോളേ. നിൻ്റെയാ മുഴ അൾട്രാ വയലറ്റ് രശ്മികൾ കൊണ്ട് സുഖപ്പെടുത്താം. അപ്പോപ്പിന്നെ, അത് കരിനീലിച്ചു നിൽക്കില്ല.

അവരും ധാന്യമണിയും മുറിയിൽനിന്ന് പുറത്തേക്കു പോയി. അവർ പോകേണ്ട താമസം, ഒരു കൊളുത്തിൽ തൂങ്ങിക്കിടക്കുന്ന വെള്ളക്കുപ്പായവും തൊപ്പിയും ഡന്നോയുടെ കണ്ണിൽപ്പെട്ടു. അവൻ ഉടനെ അവയെടുത്തണിഞ്ഞു. മേശമേൽ തേന്മൊഴി വച്ചുപോയ കണ്ണടയും അവനെടുത്തണിഞ്ഞു. പിന്നീട്, അവരുടെ മരക്കുഴലുമെടുത്ത് അവൻ വെളിയിലേക്ക് നീങ്ങി. ഹിമബിന്ദു അവനെ ഭയാദരവോടെ നോക്കിനിന്നു.

ഇടനാഴിയിലൂടെ നടന്ന് അവൻ ചങ്ങാതിമാർ കിടക്കുന്ന വാർഡിൻ്റെ വാതിൽ തുറന്നു. അവനാദ്യം കണ്ട കിടക്കയിൽ കിടന്നിരുന്നത്, എന്നെത്തേക്കാളും മുഷിഞ്ഞു കറുത്ത മുഖത്തോടെയുള്ള  ഗ്രംപ്സ് ആയിരുന്നു.
"എങ്ങനെയുണ്ടെൻ്റെ സുഹൃത്തേ?" ഡന്നോ സ്വരം മാറ്റി ചോദിച്ചു.
"ഗംഭീരം!" ഇപ്പോൾ ചത്തുപോകുമെന്ന മുഖഭാവം വരുത്തി ഗ്രംപ്സ് പറഞ്ഞു.
"എഴുന്നേറ്റിരുന്നാട്ടേ, ദയവായി," ഡന്നോ പറഞ്ഞു.
ഗ്രംപ്സ് വളരെ ആയാസപ്പെട്ട് എഴുന്നേറ്റിരുന്ന്, നേരെ മുമ്പിലേക്ക് നീരസത്തോടെ നോക്കി.
"ശ്വാസം നീട്ടി വലിച്ചു വിട്ടാട്ടെ, ദയവായി."
"മനുഷ്യനെ സ്വസ്ഥമായിരിക്കാൻ വിടില്ലല്ലേ?" ഗ്രംപ്സ് മുറുമുറുത്തു. "'എണീക്ക്!', 'കിടക്ക്!', 'ശ്വാസം വിട്!', 'ശ്വാസം പിടിച്ചുവെക്ക്!'"
മരക്കുഴലുകൊണ്ട് ഡന്നോ അവൻ്റെ തലക്കൊന്നു കൊടുത്തു.
"നീ ഒരിഞ്ചു പോലും മാറിയിട്ടില്ല, ഗ്രംപ്സേ," അവൻ പറഞ്ഞു.
"ഡന്നോ!" അവനെക്കണ്ടമ്പരന്ന ഗ്രംപ്സ് പറഞ്ഞു.
"ശ്ശ്!" ഡന്നോ അവനെ വിലക്കി.

"നോക്ക്, ഡന്നോ. നീയെന്നെ ഇവിടെനിന്ന് രക്ഷപ്പെടാൻ ഒന്ന് സഹായിക്ക്," ഗ്രംപ്സ് ഒച്ച താഴ്ത്തിപ്പറഞ്ഞു. ഞാൻ പരിപൂർണ്ണമായും സുഖപ്പെട്ടു; സത്യമായിട്ടും. എൻ്റെ കാൽമുട്ടൊന്നു മുട്ടി. അത്രേയുള്ളൂ. അതിപ്പോ വേദനിക്കുന്നുപോലുമില്ല. അവരെനിക്കെൻ്റെ ഉടുപ്പു തരുന്നില്ല. ഇവിടെനിന്നാ എനിക്ക് ഭ്രാന്ത് പിടിക്കും. എനിക്കൊന്നെണീറ്റ് പുറത്തുപോയാ മതി."
ഡന്നോ  പോകാതിരിക്കാൻ ഗ്രംപ്സ് അവൻ്റെ കുപ്പായക്കയ്യിൽക്കയറിപിടിച്ചു.
"ഞാനെന്തെങ്കിലും ചെയ്യാം," ഡന്നോ പറഞ്ഞു. "നീ കുറച്ചു കൂടി ക്ഷമിക്ക്. ഞാൻ പറയുന്നത് പോലെ ചെയ്യുമെന്ന് വാക്ക് താ.  ബലൂൺ ആരാണുണ്ടാക്കിയയതെന്ന് ആരെങ്കിലും ചോദിച്ചാ, ഞാനാണെന്ന് പറയണം, പറയില്ലേ? "
"നീയെന്നെ ഇവിടെനിന്നൊന്ന് രക്ഷപ്പെടുത്തിയാൽ, നീ പറയുന്നതെന്തെന്നതും ചെയ്യാം," ഗ്രംപ്സ് പറഞ്ഞു.
"അത് നീ എനിക്ക് വിട്ടേക്ക്," ഡന്നോ ആത്മവിശ്വാസത്തോടെ പറഞ്ഞു.

പിന്നെയവൻ ഡോ. പിൽമാൻ കിടക്കുന്ന അടുത്ത കിടക്കക്കരികിലേക്ക് പോയി.

"എന്നെ രക്ഷിക്കൂ!" ഡോ. പിൽമാൻ നിരാശയോടെ മന്ത്രിച്ചു. "ഒന്നാലോചിച്ചുനോക്കിയേ! എൻ്റെ ആയുഷ്കാലം മുഴുവൻ ഞാൻ മറ്റുള്ളവരെ സുഖപ്പെടുത്തി; ഇപ്പൊ, മറ്റുള്ളവർക്കെന്നെ സുഖപ്പെടുത്തണം!"
"അവർ സുഖപ്പെയുത്തിയാലെന്താ?"
"എങ്ങനെ?" ഡോ. പിൽമാൻ പറഞ്ഞു. "എനിക്കതിന് ഒരു കുഴപ്പവുമില്ലല്ലോ. മൂക്കിനൊരു പോറലും, ചുമലിലൊരു ചതവും മാത്രമുള്ള ഒരാളെ ആസ്പത്രിയിൽ കിടത്തരുത്."
"പിന്നെ നിങ്ങളെയെന്തിനാണവർ വച്ചുകൊണ്ടിരിക്കുന്നത്?"
"അവർക്ക് വേറേ രോഗികളില്ലാത്തതതുകൊണ്ട്. അവർക്കാരെയെങ്കിലും പരിചരിച്ചേ മതിയാകൂ. ഈ പെൺകുട്ടികളേ! അവർക്കു വല്ലതും അറിയാവുന്നതുപോലെ! ഫാ! പുറത്ത് പ്ലാസ്റ്ററിടാനും, അകത്ത് തേനൊഴിക്കാനും മാത്രമാണ് അവർക്കറിയാവുന്നത്. ഒക്കെ തെറ്റാണ്! പുറത്ത് അയഡിൻ പുരട്ടുകയാണ് വേണ്ടത്; അകത്തേക്ക് ആവണക്കെണ്ണയും. ഇവരുടെ രീതികളെ ഞാൻ ഹൃദയം തുറന്ന് എതിർക്കുന്നു."
"ഞാനും," അടുത്ത കിടക്കയിൽ നിന്ന് പ്രാപ്സ് അനുകൂലിച്ചു. "നടക്കരുത്! ഓടരുത്! ഒളിച്ചു കളിക്കരുത്! കണ്ണുപൊത്തിക്കളി പാടില്ല! എന്തിന്, പാട്ടുപോലും പാടിക്കൂടാ. അവർ ഞങ്ങളുടെ ഉടുപ്പുകളെല്ലാം ഊരിയെടുത്ത് കുറേ തൂവാലകൾ മാത്രം തന്നു. ഞങ്ങൾക്കിവിടെക്കിടന്ന് ആകെ ചെയ്യാവുന്നത് മൂക്കു ചീറ്റൽ മാത്രം."
"പിന്നെ നിങ്ങളെന്തിന് ആസ്പത്രിയിലേക്ക് വന്നു?"
"തലേന്ന് രാത്രി കൂടയിൽനിന്ന് വീണതിനു ശേഷം, ഞങ്ങളെല്ലാവരും ഉറങ്ങാൻ കിടന്നു. പിറ്റേന്ന് രാവിലെ ചില പെൺകുട്ടികൾ വന്ന് ഞങ്ങളെ ഉണർത്തി, ഞങ്ങൾ എവിടെനിന്നാണ് വന്നതെന്ന് ചോദിച്ചു. ഇവിടെ വന്നിടിച്ചു വീണ ബലൂണിലാണ് ഞങ്ങൾ വന്നതെന്ന് ഞങ്ങൾ അവരോട് പറഞ്ഞു. 'ഇടിച്ചു വീണെന്നോ?' അവരു ചോദിച്ചു. 'മുറിവു പറ്റിയോ,' എന്നും ചോദിച്ചു. 'അപ്പോപ്പിന്നെ, ഞങ്ങളുടെ ആസ്പത്രിയിൽ വന്നേ പറ്റൂ' എന്നായി. അങ്ങനെയാണ് ഞങ്ങൾ ഇവിടെ പെട്ടത്."
"അപ്പോ, ആർക്കുമൊന്നും പറ്റിയില്ല?"
"ഇല്ല, ഷോട്ടിനൊഴികെ."

ഡന്നോ ഷോട്ടിൻ്റെ  കിടക്കയിലേക്ക് പോയി.
"നിനക്കെന്ത് പറ്റി?" അവൻ ചോദിച്ചു.
"എൻ്റെ കണങ്കാലുളുക്കി. നടക്കാനേ പറ്റില്ല. പക്ഷേ, അതല്ല എൻ്റെ വിഷമം. ഡോട്ടിനെ കാണാനില്ല. അവനിവിടെ എവിടെയെങ്കിലും ഉണ്ടാകും. പക്ഷേ, എനിക്കവനെ തിരയാൻ പറ്റില്ല. അവനെയൊന്ന് കണ്ടുപിടിക്കാമോ. നല്ലൊരുത്തനാണവൻ."
"ഞാൻ നോക്കാം," ഡന്നോ പറഞ്ഞു. "നിനക്കുവേണ്ടി ഞാനവനെ കണ്ടെത്തും. ഞാൻ കണ്ടെത്തിയിരിക്കും. അതായത്, ഞാനാണ് ബലൂൺ ഉണ്ടാക്കിയതെന്ന് എല്ലാവരോടും പറഞ്ഞാൽ."

ഡന്നോ ഓരോ കിടക്കയും സന്ദർശിച്ചു. താനാണ് ബലൂൺ ഉണ്ടാക്കിയതെന്ന് പറയാൻ എല്ലാവരോടും താക്കീതു പോലെ നിർദ്ദേശിച്ചു. ഒടുവിലവൻ ഡോക്റ്ററുടെ ആപ്പീസിലേക്ക് തിരിച്ചു പോയി. അവിടെ അവനെക്കാത്ത് ഹിമബിന്ദു ക്ഷമകെട്ട് നിൽപ്പുണ്ടായിരുന്നു.
"എങ്ങനെയുണ്ട് നിൻ്റെ അസുഖം ബാധിച്ച ചങ്ങാതിമാർ?" അവൾ ചോദിച്ചു.
"അവർക്കൊന്നും ഒരു കുഴപ്പുവുമില്ല," ഡന്നോ ഒരു ചെറു ചിരിയോടെ പറഞ്ഞു. "എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ അത് ഷോട്ടിന് മാത്രമാണ്."
"അപ്പൊ, അവർക്കുടനെ ആശുപത്രി വിടാം? നന്നായി!" ഹിമബിന്ദു പറഞ്ഞു.
"ഞാൻ ഒരു കാര്യമാലോചിച്ചത് നിനക്കൂഹിക്കാമോ? അവർ സുഖം പ്രാപിച്ചതിൻ്റെ  പേരിൽ ഒരു നൃത്തവിരുന്നൊരുക്കാൻ! നല്ല രാസമായിരിക്കില്ലേ?"
"അവരെ ഉടനെയൊന്നും പറഞ്ഞയക്കുന്ന മട്ടില്ലായെന്ന് തോന്നുന്നു, " ഡന്നോ പറഞ്ഞു.

ആ നിമിഷം തേന്മൊഴിയും ധാന്യമണിയും തിരിച്ചെത്തി.
"ആ ഉടുപ്പിടാൻ നിന്നോടാരാ പറഞ്ഞത്?" തേന്മൊഴി ദേഷ്യപ്പെട്ട് പറഞ്ഞു. "ഇത്തരമൊരനുസരണക്കേട് ഞാനിതേവരെ കണ്ടിട്ടില്ല."
"അനുസരണക്കേടല്ല," ഡന്നോ പറഞ്ഞു. "ഞാനെൻ്റെ ചങ്ങാതിമാരുടെ സുഖവിവരമന്വേഷിക്കാൻ പോയതാണ്."
"എന്നിട്ടവരെങ്ങനെയുണ്ട്?" തേന്മൊഴി പരിഹാസത്തോടെചോദിച്ചു.
"ഒരാളൊഴികെ ആർക്കുമൊരു കുഴപ്പവുമില്ല; അവർക്കെല്ലാം ആസ്പത്രി വിടാം."
"എന്ത്!" തേന്മൊഴി ഭയപ്പാടോടെ പറഞ്ഞു. "പതിനാല് ആൺപിള്ളാരെ ഒരേസമയത്ത് ഒറ്റക്ക് വിട്ടാൽ എന്തുണ്ടാവുമെന്ന് നിനക്കാലോചിക്കാമോ? അവരീ പട്ടണം തലകീഴായ്‌ മറിച്ചിടും! ഒരു വീടിനും ഒരൊറ്റ ജനലുപോലുമുണ്ടാകില്ല. മാത്രമോ, നമ്മളെല്ലാവരും മുഴകളും ചതവുകളും കൊണ്ട് നിറയും. ഒടിവുകളുടേയും ചതവുകളുടേയും മഹാമാരി ഒഴിവാക്കാൻ ആൺകുട്ടികളെ ആശുപത്രിയിൽത്തന്നെ കിടത്തേണ്ടതാണ്."

"ഒരു സമയത്ത് ഒരാളെ എന്ന രീതിയിൽ നമുക്കവരെ പുറത്തു വിട്ടാലോ?" ധാന്യമണി നിർദ്ദേശിച്ചു. "ഒരു ദിവസം ഒരാളെ?"
"അത് വളരെ മെല്ലെയായിപ്പോയി," ഹിമബിന്ദു പറഞ്ഞു. "ഒരു ദിവസം ചുരുങ്ങിയത് രണ്ടുപേരെയെങ്കിലും വിടണം. അതല്ലെങ്കിൽ, നൃത്തവിരുന്നൊരുക്കാൻ ആകില്ല."
"ഒരു ദിവസം ഒരുവൻ!" തേന്മൊഴി വാശിപിടിച്ചു. "ഒരു ലിസ്റ്റുണ്ടാക്കി, നാളെ മുതൽ ഓരോരുത്തനെയായി പുറത്തുവിടാം."
"ഒരു ദിവസം രണ്ടുപേരെ, പൊന്നേ! രണ്ടു പേർ," തേന്മൊഴിയെ കൈകൊണ്ട് വരിഞ്ഞ്, അവരുടെ കവിളിലൊരുമ്മ കൊടുത്ത് ഹിമബിന്ദു കൊഞ്ചി. "ഒരു നൃത്തവിരുന്നൊരുക്കാൻ എനിക്കത്ര കൊതിയുണ്ട്! നിങ്ങളും വരണം. നിങ്ങളുടെ ഡാൻസ് എത്ര മനോഹരമാണ്!
"ശരി, അങ്ങനെയാകട്ടെ, ഒരു ദിവസം രണ്ടു പേർ," തേന്മൊഴി പറഞ്ഞു. "നല്ല അച്ചടക്കമുള്ളവരെത്തൊട്ട് തുടങ്ങാം. അതിന് നിൻ്റെ സഹായം വേണം," ഡന്നോയുടെ നേരെ തിരിഞ്ഞു കൊണ്ട് അവർ പറഞ്ഞു.
"അവരെല്ലാവരും നല്ല അച്ചടക്കമുള്ളവരാണ്," ഡന്നോ പറഞ്ഞു.
"എന്നെയങ്ങനെ വിശ്വസിപ്പിക്കാൻ നോക്കേണ്ട. ആൺകുട്ടികൾ ഒരിക്കലൂം അച്ചടക്കം പാലിക്കാത്തവരാണ്. കുറുമ്പു കാട്ടുന്നതിൽനിന്ന് അവരെ അകറ്റിനിർത്താൻ അവർക്കെപ്പോഴും എന്തെങ്കിലും പണി കൊടുക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതുണ്ട്."
"അങ്ങനെയെങ്കിൽ ബെൻഡമും ട്വിസ്റ്റമും ആകട്ടെ ആദ്യം. അവർക്ക് പുറത്തു വന്നയുടൻ  കാറു നന്നാക്കിത്തുടങ്ങാമല്ലോ," ധാന്യമണി പറഞ്ഞു.
"വളരെ നല്ല ആശയം!" തേന്മൊഴി പറഞ്ഞു. "അപ്പൊ, ലിസ്റ്റിലാദ്യം ബെൻഡമും ട്വിസ്റ്റമും."
ലോഹപ്പണിക്കാരുടെ പേരുകൾ ലിസ്റ്റിൽ ചേർക്കപ്പെട്ടു.

"അടുത്തത് ആ ഗ്രംപ്സാകട്ടെയെന്നാണ് എൻ്റെയൊരാശ," തേന്മൊഴി പറഞ്ഞു.
"ദിവസം മുഴുവൻ അവിടെക്കിടന്ന് മുറുമുറുക്കുന്ന അവനൊരു ശല്യം തന്നെയാണ്."
"അവനെ വിടരുത്!" ഡന്നോ പറഞ്ഞു. "അവൻ്റെയാ മുറുമുറുപ്പ് സുഖമാകും വരെ അവൻ ആശുപത്രിയിൽത്തന്നെ കിടക്കട്ടെ."
"എന്നാൽ, ഡോ. പിൽമാൻ ആകട്ടെ അടുത്തത്. അയാൾ എപ്പോഴും ഞങ്ങളുടെ രീതികളെ കുറ്റപ്പെടുത്തുകയാണ്. ഞങ്ങൾ ചെയ്യുന്നതിനോടെല്ലാം അങ്ങേർക്ക് വിരോധമാണ്. അയാളെ കേട്ടിരിക്കുക തന്നെ എത്ര കഠിനമാണെന്നോ! അങ്ങേരൊന്ന് ഒഴിവായിക്കിട്ടിയാൽ എനിക്ക് നല്ല സന്തോഷമുണ്ടാകും."
"അയാളേയും വിട്ടയക്കരുത്," ഡന്നോ പറഞ്ഞു. "ജീവിതകാലം മുഴുവൻ അയാൾ മറ്റുള്ളവരെ ചികിത്സിച്ചതല്ലേ; ഇനി ആ ചികിത്സ മൂപ്പർക്കും കുറച്ചു കിട്ടട്ടെ. നമുക്ക് ബ്ലോബ്‌സിനെ വിട്ടയക്കാം. അയാൾ നല്ലൊരു കലാകാരനാണ്. അയാൾക്കുള്ള പണി നമുക്കടനേ കണ്ടെത്താം. അയാൾ എൻ്റെ ശിഷ്യനാണ്. ഞാനാണ് അയാളെ ചിത്രം വരയ്ക്കാൻ പഠിപ്പിച്ചത്.
"ഓ, അയാളെ വിട്ടയക്കൂ!" ഹിമബിന്ദു യാചിച്ചു. "അയാളെ ഇ നിമിഷം തന്നെ വിട്ടുകൂടെ? അയാളോട് ഞാനെൻ്റെ പടം വരക്കാൻ അപേക്ഷിക്കും."
"അതുപോലെ ട്രിൽസിനെയും," ഡന്നോ കൂട്ടിച്ചേർത്തു. "അയാളും എൻ്റെ ശിഷ്യനാണ്. ഞാനാണ് അയാളെ ഓടക്കുഴലൂതാൻ പഠിപ്പിച്ചത്."

തേന്മൊഴിയുടെ കഴുത്തിൽ ഹിമബിന്ദു വീണ്ടും കൈകൾ വച്ചു.
"ബ്ലോബ്‌സിനെയും ട്രിൽസിനെയും വിട്ടയച്ചാട്ടെ, പൊന്നേ!" അവൾ ഒച്ചയിട്ടു. "ദയവായ്, ദയാവായ്."

"അവരുടെ കാര്യത്തിൽ ഒരിളവ് കൊടുക്കാമെന്ന് തോന്നുന്നു," അവർ പറഞ്ഞു. "മറ്റുള്ളവർ അവരുടെ ഊഴം കാത്തിരിക്കട്ടെ."

ഒടുവിൽ ലിസ്റ്റ് തയ്യാറായി. ബ്ലോബ്സിനും ട്രിൽസിനും അവരുടെ ഉടുപ്പുകൾ തിരിച്ചു നൽകാൻ തേന്മൊഴി കൽപ്പനയിട്ടു. അല്പനിമിഷങ്ങൾക്കുള്ളിൽ, സന്തോഷത്താൽ പുഞ്ചിരിച്ചുകൊണ്ട്, ഇരുവരും അവരുടെ ആപ്പീസിലെത്തി.
"ഞങ്ങൾ നിങ്ങളെ പുറത്തു വിടുകയാണ്," തേന്മൊഴി പറഞ്ഞു. "അച്ചടക്കോത്തോടെയിരിക്കണം. അല്ലെങ്കിൽ, വീണ്ടും പിടിച്ച് നേരെ ആശുപത്രിയിലാക്കും."
*************************************************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...