2020, ജൂലൈ 2, വ്യാഴാഴ്‌ച

DUNNO 2

 ഡന്നോ സംഗീതം പഠിക്കുന്നു

ഡന്നോയ്ക്ക് ഒന്നും ഒരിക്കലും ശരിക്കും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. അക്ഷരങ്ങൾ മാത്രം വായിക്കാനേ  അവനാകൂ; അച്ചടിച്ച വാക്കുകൾ എഴുതാനും. അവൻ്റെ തലയിൽ ഒന്നുമില്ലെന്നാണ് ചിലയാളുകൾ പറഞ്ഞത്. പക്ഷേ, അതത്ര ശരിയല്ല. അവൻ അധികമൊന്നും ആലോചിക്കാറില്ലാ എന്നത് നേരാണ്. എന്നാലും, അവൻ ബൂട്ടിടുന്നത് കാലിൽത്തന്നെയാണ്, തലയിലല്ല. അതിനും കുറച്ച് ബുദ്ധി വേണമല്ലോ.  

എങ്ങനെയായാലും, അവൻ അത്ര മോശക്കാരനായിരുന്നില്ല. അവന് 
പഠിക്കണമെന്നുണ്ട്; പക്ഷേ, പണിയെടുക്കാൻ വയ്യ. അദ്ധ്വാനിക്കാതെ പഠിക്കാനാണ് അവൻ  ആഗ്രഹിച്ചത്. എന്നാൽ, ബുദ്ധികൂടിയ മൈറ്റുകൾക്ക് പോലും അത് നടപ്പില്ലല്ലോ.

ആൺമൈറ്റുകൾക്കും, പെൺമൈറ്റുകൾക്കും സംഗീതം പ്രാണനായിരുന്നു. അക്കൂട്ടത്തിലുള്ള ട്രിൽസ് വളരെ നല്ലൊരു സംഗീതകാരനായിരുന്നു. അയാളുടെ പക്കം എല്ലാവിധ സംഗീതോപകരണങ്ങളും ഉണ്ടായിരുന്നു. അവയൊക്കെ അയാൾ വായിക്കുമായിരുന്നു. അയാളുടെ മീട്ടലിനെ എല്ലാവരും ശ്ലാഘിച്ചു. അത് ഡന്നോയിൽ അസൂയയുണ്ടാക്കി. അതിനാൽ, ഒരു നാൾ അവൻ അയാളോട് പറഞ്ഞു:
"എന്നെയും മീട്ടാൻ പഠിപ്പിക്കൂ; എനിക്കും ഒരു സംഗീതകാരനാകണം."
"കേമമായി," ട്രിൽസ് പറഞ്ഞു. "നിനക്ക് ഏതാണ് മീട്ടേണ്ടത്?"
"ഏതാണെളുപ്പം?"
"ബലലെയ്‌ക്ക,"*
"താ, ഞാൻ നോക്കട്ടെ."

ട്രിൽസ് അവന്  ബലലെയ്‌ക്ക കൊടുത്തു. അവനത് കുറച്ചു നേരം മീട്ടി നോക്കി; പിന്നെ, പറഞ്ഞു:
"ഇതിന് വേണ്ടത്ര ഒച്ചയില്ല. കുറച്ചു കൂടി ഒച്ചയുണ്ടാക്കുന്നത് താ."

ട്രിൽസ് അവനൊരു ഫിഡിൽ കൊടുത്തു. ഡന്നോ അതിൽ കുറച്ചു നേരം 
ഉരച്ചു. 
"കുറേക്കൂടി ഒച്ചയുള്ളതില്ലേ?"
"കുഴലുണ്ട്."
"ഞാനതൊന്ന് നോക്കട്ടെ."

ട്രിൽസ് അവന് വലിയൊരു പിത്തളക്കുഴൽ കൊടുത്തു. അവനതിലൂടെ സർവ്വശക്തിയുമെടുത്ത് ഊതി; കർണ്ണകഠോരമായ ഒരു ശബ്ദം പുറത്തു വന്നു.  
"ഇതൊരു നല്ല സാധനം തന്നെ," ഡന്നോ പറഞ്ഞു. "നല്ല ഒച്ച."
"ശരി; വേണമെങ്കിൽ കുഴലൂത്ത് പഠിക്കാം."
"എന്തിന്?" ഡന്നോ പറഞ്ഞു. "പഠിക്കാതെതന്നെ എനിക്കറിയാലോ."
"ഹേ, ഇല്ല," ട്രിൽസ് പറഞ്ഞു.
"ഉവ്വ്. എനിക്കറിയാലോ,"  സർവ്വശക്തിയുമെടുത്ത് അവനൂതി: ബൂം... ബാം.
"നീ വെറുതേ ഊതുകയാണ്, വായിക്കുകയല്ല," ട്രിൽസ് പറഞ്ഞു.
"വായിക്കുകയല്ലെന്നോ," ഡന്നോ രൂക്ഷമായ് പറഞ്ഞു. "ഞാൻ നന്നായ് വായിക്കുന്നുണ്ട്. ഒരു പാട് ഒച്ചയുണ്ടാകുന്നുണ്ടല്ലോ."
"ഒച്ചയല്ല, സംഗീതമല്ലേ വേണ്ടത്?"
"ഇതല്ലേ സംഗീതം?"
"അല്ലല്ലോ," ട്രിൽസ്  പറഞ്ഞു. "നിനക്ക് സംഗീതബോധമില്ലെന്ന് മനസ്സിലായി."
"നിനക്കാണതില്ലാത്തത്," ഡന്നോ ദേഷ്യത്തോടെ പറഞ്ഞു. "നിനക്കസൂയയാ; അതാ കാര്യം. നിനക്കു കിട്ടുന്ന, നിനക്കേറെ ഇഷ്ടമുള്ള, പ്രശംസ, വേറൊരാൾക്ക് കിട്ടുമെന്ന  പേടി."
"അത് ശരിയല്ല," ട്രിൽസ് പറഞ്ഞു. "പഠിക്കേണ്ടെങ്കിൽ,
കുഴലെടുത്ത് നിനക്ക് തൃപ്തിയാകുംവരെ ഊതിക്കോ. ആളുകൾ നിന്നെ പുകഴ്ത്തുന്നത് കാണട്ടെ." 
"അതെന്നെയാ ഞാൻ ചെയ്യാൻ പോകുന്നത്," ഡന്നോ പറഞ്ഞു.

അവൻ കുഴലെടുത്ത് ഊതാൻ തുടങ്ങി. എങ്ങനെ ഊതണമെന്നറിയാത്തതുകൊണ്ട്, കുഴൽ അലറാനും, കുരക്കാനും, തുമ്മാനും തുടങ്ങി. ട്രിൽസിന് സഹികെട്ടപ്പോൾ, അയാൾ തൻ്റെ വെൽവെറ്റ് ജാക്കറ്റിട്ട്, ടൈക്കു പകരം ഒരു ചോപ്പ് വില്ലും കെട്ടി, ഒരു ചങ്ങാതിയെ കാണാൻ പോയി.   

അന്നു വൈകുന്നേരം, എല്ലാവരും വീട്ടിലിരിക്കേ, ഡന്നോ കുഴലെടുത്ത് വീണ്ടും ഊതാൻ തുടങ്ങി.
ബൂം --- ബൂം -- ബൂം!
"എന്തായീ ഒച്ച?" ആളുകൾ ഉച്ചത്തിലാരാഞ്ഞു. 
"ഒച്ചയല്ല," ഡന്നോ പറഞ്ഞു. "ഞാൻ കുഴലൂതുന്നതാ."
"ഇപ്പൊ നിർത്തിക്കോ," ഡുനോ പറഞ്ഞു. "എനിക്ക് തല വേദനിക്കുന്നു."
"അത് നിനക്ക് ശീലമില്ലാത്തതു കൊണ്ടാ. ശീലമായാൽ തലവേദനയുണ്ടാകില്ല."
"എനിക്കാ ശീലം വേണ്ടെങ്കിലോ?"
പക്ഷേ, ഡന്നോ ഊത്ത് തുടർന്നു.
ബൂം --- ബൂം --- ഗിർഗിർ --- ബൂം -- ബൂം!

"നിർത്തെടോ," എല്ലാ മൈറ്റുകളും അലറി. "ആ വൃത്തികെട്ട കുഴലുമെടുത്ത് എവിടേക്കെങ്കിലും പോ."
"ഞാനെവിടെപ്പോകാൻ?"
"മൈതാനത്ത് പോയിയൂത്."
"അവിടെ ആര് കേൾക്കാൻ?"
"ഇത് കേൾക്കാൻ ആളു വേണോ?"
"പിന്നെ, വേണ്ടേ?"
"പുറത്തുപോയി, നിൻ്റെ അയൽക്കാരെ കേൾപ്പിക്ക്."
ഡന്നോ പുറത്തുപോയി, തൊട്ടടുത്ത വീടിനു മുമ്പിൽ കുഴലൂതി. അയലത്തുള്ളവരൊക്കെ വന്ന് അവനോട് ഒച്ചയുണ്ടാക്കരുതെന്ന് പറഞ്ഞു. അവൻ മറ്റൊരു വീട്ടിലേക്ക് പോയി. അവരും അവനെ ഓടിച്ചു.  മൂന്നാമതൊരു വീട്ടിലും ഇതേപോലെ നടന്നപ്പോൾ, അവൻ, രോഷാകുലനായ്, കിട്ടാവുന്ന ശക്തിയെല്ലാമെടുത്ത് കുഴലൂതി. അതോടെ നാട്ടുകാർക്ക് ഭ്രാന്തായി. അവർ വീടുകളിൽ നിന്നോടിവന്ന്, അവനെ അടിച്ചോടിച്ചു. കുഴലോടെ ഓടിപ്പോവുകയേ അവന്  നിവർത്തിയുണ്ടായിരുന്നുള്ളൂ.

അതിനു ശേഷമൊരിക്കലും അവൻ കുഴലൂതിയില്ല.
"ആർക്കുമെൻ്റെ സംഗീതം ഇഷ്ടമല്ല," അവൻ പറഞ്ഞു. "അവരതിനു മാത്രം വളർന്നിട്ടില്ല. അത്ര വളരുമ്പോൾ അവരത് കേൾക്കാൻ വരും. അപ്പോഴേക്കും അവർ വൈകിയിരിക്കും. അവര്ക്കായ് ഞാനിത് ഊതില്ല."

***********************************************  
*മൂന്നു കമ്പികളിട്ട ത്രികോണാകൃതിയിലുള്ള ഒരു റഷ്യൻ സംഗീതോപകരണം .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...