2020, ജൂലൈ 7, ചൊവ്വാഴ്ച

DUNNO 8

ബലൂണിൽ
ആകാശത്ത്


അവസാനം, ബലൂൺ പൊട്ടാറാകുംവരെ അതിൽ ചൂടു വായു നിറഞ്ഞു.  ഡുനോ ബോയ്‌ലർ മാറ്റിവെപ്പിച്ചു; ബലമുള്ള ഒരു ചരടുകൊണ്ട് ; സ്വയം ബലൂണിൻ്റെ അറ്റം കെട്ടി. ചൂടുകാറ്റ് പുറത്തുപോകരുതല്ലോ. അതിനുശേഷം അവൻ ചങ്ങാതിമാരോട് കുട്ടയിലേക്ക് കയറാൻ ആവശ്യപ്പെട്ടു. ആദ്യം സ്വിഫ്റ്റി കയറി. റോളീപോളി കയറിയപ്പോൾ മറ്റുള്ളവരുടെ തലയിൽ വീണു, വീണില്ലായെന്നായി. ആ തടിയൻ കീശകളിൽ പഞ്ചസാരയും, ബിസ്കറ്റും, മറ്റു പലതും കുത്തിനിറച്ചിട്ടുണ്ടായിരുന്നു. കൂടാതെ, അവൻ ചെളിബൂട്ടിട്ടിരുന്നു; മഴ വന്നാലോ എന്നോർത്ത് ഒരു കുടയും കരുതിയിരുന്നു. ചങ്ങാതിമാർ സഹായിച്ചിരുന്നില്ലെങ്കിൽ, അവനാ കുട്ടയിൽ കയറാൻ പറ്റുമായിരുന്നില്ല. റോളീപോളി അപകടമില്ലാതെ അകത്തായപ്പോൾ, മറ്റ് മൈറ്റുകൾ കോണി കയറാൻ ബഹളം കൂട്ടി. കാര്യങ്ങൾ കുഴപ്പമില്ലാതെ നീങ്ങുന്നുവെന്ന് അറിയാൻ ട്രീക്ലി സ്വീറ്റർ തിക്കിത്തിരക്കി നടന്നു.
"കയറ്, കയറ്," അയാൾ ആവർത്തിച്ചുകൊണ്ടേയിരുന്നു. "എല്ലാവരും സ്വസ്ഥമായിരിക്ക്. ബലൂണിൽ എല്ലാവർക്കും സ്ഥലമുണ്ട്."
"നീയും കയറിക്കോ," മറ്റുള്ളവർ പറഞ്ഞു.
"സമയമുണ്ടല്ലോ ധാരാളം," അയാൾ പറഞ്ഞു. "ആദ്യം നിങ്ങളൊക്കെ ഒന്ന് സ്വസ്ഥമാകട്ടെ."
മറ്റുള്ളവർ കയറുമ്പോൾ അയാൾ കൈപിടിച്ച് സഹായിച്ചു; പിറകിൽ നിന്ന് ചെറുതായ് തള്ളിക്കൊടുക്കുകയും ചെയ്തു.

ഒടുവിൽ എല്ലാവരും കയറി; ട്രീക്ലി സ്വീറ്റർ ഒഴികേ.
"നീയെന്തേ കേറാത്തെ," അവൻ്റെ  ചങ്ങാതിമാർ ചോദിച്ചു. 
"കേറാതിരിക്കുന്നതാ നല്ലത്,"അയാൾ പറഞ്ഞു. "ഞാൻ നല്ല തടിയനാ. അല്ലെങ്കിലേ അവിടെ ആളു കൂടുതലാണ്. കൂടക്ക് ഭാരം തങ്ങാൻ പറ്റാതാകും."
"അങ്ങനെയൊരു പേടി വേണ്ട," അവർ പറഞ്ഞു.
"ഞാനില്ലാതെ പോകുന്നതാ ഭംഗി. ഞാനിവിടെ നിങ്ങളേയും കാത്തിരിക്കാം. എന്നെക്കൊണ്ട് ആർക്കും കുഴപ്പമുണ്ടാകരുത്."
"ആർക്കെന്ത് കുഴപ്പം," ഡുനോ പറഞ്ഞു. "നിങ്ങൾ കയറിയേ. ഒപ്പം പോകാമെന്ന് തീരുമാനിച്ചാ, ഒപ്പം തന്നെ."

ട്രീക്ലി സ്വീറ്റർ മടിച്ചുമടിച്ച് കയറി. അപ്പൊ, പ്രതീക്ഷിക്കാത്ത ഒരു കാര്യം നടന്നു. കുട്ടയും ബലൂണും നിലത്തിരുന്നു.

"അപ്പൊ, ഇങ്ങനെയാ ഇവർ പറക്കുന്നത്!" വേലി മേൽ ഇരിപ്പായിരുന്ന മിഡ്‌ജ്‌ പൊട്ടിച്ചിരിച്ചു.
"എന്താ ഇത്ര ചിരിക്കാൻ?" സിങ്കർ പരുഷമായ് ചോദിച്ചു. "ഒരപകടമുണ്ടാവുമോ ചിരിക്കുന്നത് മര്യാദയല്ല."
"ഇതപകടമൊന്നുമല്ല," ഗ്ലാസ് ഐ പറഞ്ഞു. "പതിനഞ്ചാളുകളെ മാത്രേ ബലൂണിന് പൊക്കാൻ പറ്റൂ. പതിനാറു പേരെയാവില്ല."
"അപ്പൊ, ഇതാകാശത്തേക്ക് പൊങ്ങില്ലാ?" സിങ്കർ ചോദിച്ചു.
"ആദ്യം ആരെങ്കിലുമൊരാൾ പുറത്തിറങ്ങണം," ഗ്ളാസ് ഐ പറഞ്ഞു.
"മിക്കവാറും ഡന്നോയെ ആയിരിക്കും പുറത്താക്കുക," ടിങ്കിൾ പറഞ്ഞു.

കാര്യങ്ങൾ ഇങ്ങനെയായതിൽ ട്രീക്ക്ലി സ്വീറ്ററിന് നല്ല സന്തോഷമായിരുന്നു; അയാൾക്ക് ബലൂണിൽക്കയറി മുകളിലോട്ട് പൊങ്ങാൻ പേടിയായിരുന്നല്ലോ.
"ഭാരം താങ്ങാനാകില്ലെന്ന് ഞാൻ പറഞ്ഞതല്ലേ," അയാൾ പറഞ്ഞു. "ദാ, ഞാൻ പുറത്തേക്കിറങ്ങി."

അയാൾ കാലൊരുവശത്തേക്ക് നീട്ടിയപ്പോഴേക്കും, ഡുനോ മണൽച്ചാക്കുകളിലൊന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു. ആ നിമിഷം ബലൂൺ മുകളിലേക്ക് പൊങ്ങി. കുട്ടയിൽ മണൽച്ചാക്ക് വച്ചതിൻ്റെ ഗുട്ടൻസ് അപ്പോഴാണ് എല്ലാവർക്കും മനസ്സിലായത്.

അവിടെ അപ്പോൾ ഒരു കരഘോഷമുണ്ടായി. പക്ഷേ, ഡുനോ കയ്യുയർത്തി അവരെ നിശ്ശബ്ദരാക്കി. അതിനുശേഷം, അവൻ ഒരു ഭാഷണം നടത്തി.
"ചങ്ങാതിമാരേ, ഗുഡ് ബൈ!" അവൻ പറഞ്ഞു. "ഞങ്ങൾ ഒരു നീണ്ട യാത്ര പോവുകയാണ്. ഒരാഴ്ച കഴിഞ്ഞേ ഞങ്ങൾ തിരിച്ചെത്തൂ. അപ്പൊ, വീണ്ടും കാണും വരെ ഗുഡ് ബൈ!"
തൊപ്പികളും കൈകളും വീശി നാട്ടുകാരും പറഞ്ഞു, "ഗുഡ് ബൈ!ഗുഡ് ബൈ! സുഖയാത്ര!"  

ഡുനോ കീശയിൽനിന്ന് ഒരു പേനാക്കത്തിയെടുത്തു. ബലൂണിനെ കുറ്റിച്ചെടിയിൽ കെട്ടിയിരുന്ന കയർ അറുത്തു.  പതുക്കെ, ബലൂൺ ഉയരാൻ തുടങ്ങി. ഒരു നിമിഷം അത് ചെടിയുടെ ഒരു കൊമ്പിൽ തടഞ്ഞു നിന്നു; താമസം വിനാ, ആ പിടി വിട്ട്, വേഗതയാർജ്ജിച്ച്, വായുവിലേക്ക് ഉയരാൻ തുടങ്ങി.

"ഭേഷ്! ഭേഷ്!" കാണികൾ ഉച്ചത്തിൽ പറഞ്ഞു. "ഡുനോയ്ക്കും കൂട്ടുകാർക്കും ഭേഷ്! ഭേഷ്!"
ആളുകൾ കയ്യടിച്ചു; തൊപ്പികളൂരി വായുവിലേക്കെറിഞ്ഞു. ആവേശം ബാധിച്ച പെൺമൈറ്റുകൾ പരസ്‌പരം കെട്ടിപ്പിടിച്ചു. പീവിയും ടിങ്കിളും പരസ്‌പരം ഉമ്മവെക്കുക കൂടി ചെയ്തു. മാർഗിയോ, കണ്ണീരൊഴുക്കി.

അപ്പോഴേക്കും ബലൂൺ ഉയരത്തിലുയരത്തിലേക്ക് പൊങ്ങിപ്പോയിരുന്നു. കാറ്റ് അതിനെയും വലിച്ചുകൊണ്ടുപോയി. ഒട്ടും വൈകാതെ, നീലാകാശത്തിൽ കാണാൻ പറ്റാത്ത ഒരു പൊട്ടായ് അത് മാറി.

ഗ്ലാസ് ഐ ഒരു വീടിൻ്റെ മേൽക്കൂരയിൽ കയറി; തൻ്റെ ടെലസ്കോപ് അതിനു നേരെ തിരിച്ചു.

അയാൾക്കടുത്ത്, മേൽക്കൂരയുടെ ഒത്ത ഓരത്ത്, കവി പോസി നിൽപ്പുണ്ടായിരുന്നു. ആവേശഭരിതമായ ആൾക്കൂട്ടത്തെ കയ്യുംകെട്ടി നോക്കി നിന്ന അയാളെക്കണ്ടാൽ, ഏതോ ആഴത്തിലുള്ള ചിന്തയിലാണ് മൂപ്പരെന്നേ തോന്നു.  പൊടുന്നനെ, കൈകൾ വായുവിലേക്കെറിഞ്ഞ് അയാൾ വിളിച്ചു കൂവി:
"കവിത! എൻ്റെ കവിത കേട്ടാലും."

അക്ഷണം അവിടെ നിശ്ശബ്ദത നിറഞ്ഞു. എല്ലാ തലകളും പോസിക്കു നേരെ തിരിഞ്ഞു.
"കവിത!" മൈറ്റുകൾ പരസ്‌പരം മന്ത്രിച്ചു. "നമുക്കിപ്പൊ ഒരു കവിത കേൾക്കാം."
അവസാനത്തെ മർമ്മരവും അടങ്ങുന്നതു വരെ പോസി കാത്തു നിന്നു: പിന്നെ, ഒരു കൈ മാഞ്ഞുപോകുന്ന ബലൂണിനു നേരെ നീട്ടി; കണ്ഠം ശരിയാക്കി; വീണ്ടും പറഞ്ഞു:
"കവിത!"
ഒന്ന് നിർത്തി പോസി ആ നിമിഷം പടച്ച കവിത ചൊല്ലി:
"ഇന്നീയുത്സവനേരത്ത്
 ബലൂണിലേറിപ്പോയല്ലോ
നമ്മുടെ സോദരമൈറ്റന്മാർ.
ചിറകുകളില്ലാ, എന്നാലും
പറവകളെപ്പോലവർ പാറുന്നു.
ബുദ്ധിയവർക്കുണ്ടതിനാലേ,
അദ്ധ്വാനികളവരതിനാലേ
ഇങ്ങനെ പൊങ്ങിപ്പോകുന്നു.
ട്രലലാ .. ട്രലലാ ... ലാലാല."

എന്തൊരു കരഘോഷവും, ആർപ്പുവിളിയുമായിരുന്നൂ അവിടെ. ആൺമൈറ്റുകൾ പോസിയെ മേൽക്കൂരയിൽനിന്ന് വലിച്ചു
താഴെയിറക്കി. അവർ അയാളെ ചുമലിലേറ്റി വീട്ടിലെത്തിച്ചു. പെൺമൈറ്റുകൾ,അവർ പോകുന്ന വഴിയിൽ, പൂക്കളിൽനിന്ന് ഇതളുകൾ പറിച്ച് വിതറി. അവരുടെ ചെയ്തി കണ്ടാൽ, പോസിയാണ് ബലൂണുണ്ടാക്കിയതും, അതിൽക്കേറിപ്പോയതുമെന്ന് തോന്നും. മൈറ്റുകൾ അയാളുടെ കവിത ഹൃദിസ്ഥമാക്കി, തെരുവുതോറും പാടി നടന്നു.

അന്ന് വൈകുന്നേരം, എവിടെപ്പോയാലും, ആളുകൾ പാടുന്നത് കേൾക്കാമായിരുന്നു: 

"ഇന്നീയുത്സവനേരത്ത്
 ബലൂണിലേറിപ്പോയല്ലോ
നമ്മുടെ സോദരമൈറ്റന്മാർ.
ചിറകുകളില്ലാ, എന്നാലും
പറവകളെപ്പോലവർ പാറുന്നു.
ബുദ്ധിയവർക്കുണ്ടതിനാലേ,
അദ്ധ്വാനികളവരതിനാലേ
ഇങ്ങനെ പൊങ്ങിപ്പോകുന്നു.
ട്രലലാ .. ട്രലലാ ... ലാലാല."
_------------------------------------------------------------------------

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...