2020, ജൂലൈ 14, ചൊവ്വാഴ്ച

dunno 12

പുതിയ ചങ്ങാതികൾ

ധാന്യമണി പുറത്തു പോയതിനു ശേഷം ഡന്നോ ഒരൽപ്പനേരം അനങ്ങാതെ കിടന്നു. അതുകഴിഞ്ഞ് അവനാ പവയെപ്പറ്റി ഓർമ്മ വന്നു. അതെന്തുകൊണ്ട് നിറച്ചതാണെന്നറിയാൻ അവനുദ്ദേശിച്ചതായിരുന്നല്ലോ. അവൻ എഴുന്നേൽക്കാൻ നോക്കിയപ്പോഴേക്കും, പുറത്തുനിന്നുള്ള കാലൊച്ചകൾ കേട്ടു; ആരോ താഴ്ന്ന സ്വരത്തിൽ സംസാരിക്കുന്നതും.

 "അവനെവിടെ?"
"അകത്തുണ്ട്."
"എന്തു ചെയ്യുന്നു?"
"കിടപ്പാ."
"മരിച്ചോ? "
"ഏയ്."
"ഞാനൊന്ന് നൊക്കട്ടെ."
"വേണ്ട."

ഡന്നോ വാതിലിനു നേരെ തിരിഞ്ഞു. ആരോ വാതിൽപ്പഴുതിലൂടെ ഒളിഞ്ഞു നോക്കുന്നുണ്ടെന്ന് അവനു തോന്നി.

"മാറ്, കൊതിച്ചീ! നിന്നെപ്പോലെ എനിക്കും കാണാൻ തിടുക്കമായി," ആ മന്ദസ്വരം പറഞ്ഞു.
അതേത്തുടർന്ന് ഒരുന്തിന്റേയും തള്ളിന്റേയും ബഹളം കേൾക്കായി.
"ഞാൻ മാറില്ല. നീയെന്നെ കൊതിച്ചീയെന്ന് വിളിച്ചില്ല?"
"ഉന്താതെ!" ആരോ ദേഷ്യത്തിൽ പറഞ്ഞു. "ഇനിയെന്നെ ഉന്തിയാ, നിൻ്റെ മുടി ഞാൻ പിടിച്ചു വലിക്കും. "
"അപ്പൊ, ഞാനും പിടിച്ചു വലിക്കും; ബോണസ്സായി ഒരു കിഴുക്കും വച്ചുതരും!"

ആരാണതെന്നറിയാൻ ഡന്നോ ആഗ്രഹിച്ചു. കിടക്കയിൽനിന്ന് ചാടിയെണീറ്റ് അവൻ വാതിൽ തള്ളിത്തുറന്നു. അതെന്തിലോ പോയി തട്ടുന്ന ശബ്‍ദം അവൻ കേട്ടു.

"ഊഹ്!" തലയിൽ കൈപൊത്തി ചാടിയകന്ന രണ്ടു പെൺമൈറ്റുകളുടെ ശ്വാസം നിലച്ചുപോയി. അതിലൊരുവളുടെ മുൻതുണിയിൽ ഒരു പച്ചമുയലിൻ്റെ ചിത്രം തുന്നിവെച്ചിരുന്നു; മറ്റേ മൈറ്റിന്റേതിൽ ചുകന്ന ഒരണ്ണാനേയും. ഒരു നിമിഷം അവർ ഡന്നോയെ ഭീതിയോടെ നോക്കി; പിന്നെ കണ്ണുകളൊന്ന് ചിമ്മി, കരച്ചിലായി. വാതിലിനു വലതുവശത്തുള്ള മരഗോവണിയിലൂടെ അവരോടിപ്പോയി.

"ബൂ...ഹൂ!" തലയ്ക്കിരുഭാഗത്തുനിന്നും രണ്ടു കൊച്ചു പന്നിവാലുകൾ തള്ളിനിൽക്കുന്നവൾ തേങ്ങി.
"ബൂ...ഹൂ!" തലയ്ക്കേറ്റവും മുകളിൽ വലിയൊരു നിലവില്ലു കെട്ടിവച്ചവളും തേങ്ങി.

ഡന്നോ ചെവിക്കു പിറകിൽ ചൊറിഞ്ഞു:
"വളരെ നല്ല പരിചയപ്പെടൽ! വാതിലുകൊണ്ട് ഞാനവർക്ക് നല്ലൊരിടി കൊടുത്തുവെന്ന് തോന്നുന്നു."

പരിചയമില്ലാത്ത ഈ വീട്ടിൽ താൻ വീണ്ടും വല്ല കുഴപ്പവും കാട്ടുമെന്ന് ആശങ്കിച്ച്, അവൻ കിടക്കയിൽ കയറി ഉറക്കം നടിച്ചു.

താമസിയാതെ, വാതിൽ തുറന്ന് മറ്റൊരു പെൺമൈറ്റ് എത്തിനോക്കി. അവൾക്ക് ചുരുണ്ട മുടിയും, കൂർത്തമൂക്കുള്ള ചുണയുള്ള മുഖവും, കുസൃതി തിളങ്ങിനിൽക്കുന്ന  കണ്ണുകളുമുണ്ടായിരുന്നു.
"തെമ്മാടിചെക്കൻ! തെമ്മാടിച്ചെക്കൻ!" അവനു നേരെ അവൾ ഒച്ചവെച്ചു.
വല്ലാതെ പരിഭ്രമിച്ചുപോയ അവൻ കിടക്കയിൽ നീണ്ടുനിവർന്നിരുന്നുപോയി. ഉടനടി, വാതിലുച്ചത്തിൽ കൊട്ടിയടഞ്ഞു; കൊച്ചുകാലടികൾ വേഗത്തിൽ ദൂരേക്കകലുന്ന ശബ്ദം അവനു കേൾക്കാനായി.
"കുട്ടിയഹങ്കാരി!" പരിഹാസത്തോടെ അവൻ മുരണ്ടു.

തലയിണയിലേക്ക് തല വച്ച് അവനൊന്നുറങ്ങാൻ നോക്കിയപ്പോഴേക്കും, വാതിൽ വീണ്ടും വെട്ടിത്തുറന്നു; ആ ചുരുൾമുടിത്തലയതാ വീണ്ടും!
"തെമ്മാടി!" അവൾ ഒച്ചവെച്ചു. "വലിയ, വലിയ, തെമ്മാടി! ഹാ, ഹാ , ഹാ!"
വീണ്ടും വാതിൽ കൊട്ടിയടഞ്ഞു. ഡന്നോ കിടക്കയിൽനിന്ന് ചാടിയെണീറ്റ് ഹാളിലേക്കോടി. പക്ഷേ, അവിടെയാരേയും കണ്ണിൽ പെട്ടില്ല.
"കാത്തിരുന്നോ! ഞാൻ നിനക്ക് കാണിച്ചു തരുന്നുണ്ട്!" അവൻ ഭീഷണി ഉയർത്തി.

എഴുത്തുമേശയിലുള്ള ഒരു മരസ്കെയിൽ കൈക്കലാക്കി അവൻ വാതിലിനു പിറകിലൊളിച്ചു. അവന് അധികം കാത്തുനിൽക്കേണ്ടി വന്നില്ല. ഉടൻതന്നെ, ഹാളിലൂടെ കാലൊച്ചകൾ കേട്ടുതുടങ്ങി. ഡന്നോ സ്കെയിൽ പൊക്കിപ്പിടിച്ചു. വാതിൽ തുറന്നതും, സ്കെയിൽ താഴേക്ക് വന്നു.
"ഔച്ച്!"
അത് ധാന്യമണിയായിരുന്നു.

"നീയെന്തിനായെന്നെ സ്കെയിലുകൊണ്ടടടിച്ചത്?" അവൾ തല
പൊത്തിപ്പിടിച്ചുകൊണ്ട് നിലവിളിച്ചു. "നെറ്റി പൊട്ടിക്കാണും."
"ഉണ്ടാവില്ല." സ്കെയിൽ വിരലുകൾക്കിടയിലിട്ടു വിഷമത്തോടെ തിരിച്ചു കൊണ്ട് ഡന്നോ പറഞ്ഞു.
"ഉണ്ടടവും. ഉണ്ടാകും! എൻ്റെ തൊലിയെത്ര ലോലമാണെന്ന് നിനക്കറിയില്ല! ഒരു തൂവൽ കൊണ്ടാൽ മതി മുറിയാൻ," അവൾ കരഞ്ഞു.
"നമുക്കതിനുമേലെ ഒരു കഷണം പ്ലാസ്റ്ററൊട്ടിക്കാം," പെട്ടെന്നുണ്ടായ പ്രചോദനത്തോടെ ഡന്നോ പറഞ്ഞു. "മരുന്നുകടയിൽനിന്ന് നീ പ്ലാസ്റ്റർ കൊണ്ടുവന്നിട്ടുണ്ടല്ലോ, അല്ലേ?"
"ഉവ്വ്; പക്ഷേ, അത് നിനക്കു വേണ്ടിയാ."
"അത് നമുക്ക് രണ്ടാൾക്കും മതിയാകും."
അവൻ കത്രികയെടുത്ത് പ്ലാസ്റ്റർ  നാലു തുണ്ടുകളാക്കി.
"വേഗം," ധാന്യമണി പറഞ്ഞു. "ഇതാ, ഇവിടെ വെക്കൂ ... ഇവിടെ."
അവൾ കുനിഞ്ഞുനിന്ന് തിണർത്ത ഭാഗം കാട്ടിക്കൊടുത്തു.

ഡന്നോ പ്ലാസ്റ്ററൊട്ടിച്ചു; പിന്നെ, അത് നേരെയാവാത്തതുകൊണ്ട്, പറിച്ചെടുത്തു.
"ഔ! ഒന്ന്  മെല്ലെ!" ധാന്യമണി ഒച്ചവെച്ചു."വേദനിക്കുന്നൂ!"
"ഇപ്പൊ ശരിയായി," പ്ലാസ്റ്റർ നേരെയായപ്പോൾ ഡന്നോ പറഞ്ഞു.

ധാന്യമണി കണ്ണാടിക്കടുത്തേക്കോടി.
"എന്തേ നീ പറഞ്ഞത്, ശരിയായെന്നോ? എൻ്റെ നെറ്റിയിലീ പ്ലാസ്റ്റർ ആരെങ്കിലും കണ്ടാൽ നന്നായി! ഇവിടെ വാ, നിൻ്റെ ചുമല് കാണിക്ക്. എവിടെയാ മുറിവ്?"
ധാന്യമണി അവൻ്റെ മേൽ പ്ലാസ്റ്റർ ഒട്ടിക്കാൻ തുടങ്ങി.
"നിന്നെയിടിക്കാനല്ല ഞാൻ വിചാരിച്ചത്," ഡന്നോ  പറഞ്ഞു.
"പിന്നെയാരെ?"
ചുരുൾമുടിക്കാരിയെ എന്നു പറയാൻ ഡന്നോ വിചാരിച്ചു; പിന്നെ, താൻ നുണപറയുകയാണെന്നവൾ ചിന്തിച്ചാലോയെന്ന് പേടിച്ചു.
"ഓ, അങ്ങനെയാരുമല്ല," അവൻ പറഞ്ഞു. "സ്കെയിലുകൊണ്ട് നല്ല  അടികൊടുക്കാൻ പറ്റുമോയെന്ന് നോക്കിയതാ."
"നിങ്ങൾ ആൺമൈറ്റുകൾക്ക് എപ്പോഴും തല്ലണമെന്ന ചിന്തയേയുള്ളൂ; പക്ഷേ, അവനവന് തല്ലു കിട്ടുന്നത് ഇഷ്ടമില്ല താനും. എന്തോന്ന് കണ്ടിട്ടാ നീയീ ചിരിക്കുന്നത്? എൻ്റെ നെറ്റിയിലെ പ്ലാസ്റ്റർ കാണാൻ അത്ര നല്ല തമാശയാ?"
അവൾ വീണ്ടും ആൾക്കണ്ണാടിക്കരികിലേക്കോടി.

"ഇത് ശരിക്കും കളിയാക്കിച്ചിരിക്കാൻ പാകത്തിലുണ്ട്," അവൾ സമ്മതിച്ചു.
"അതൊരു വട്ടത്തിൽ മുറിച്ചെടുക്ക്. അപ്പൊ, കാണാൻ ശരിയായേക്കും," ഡന്നോ നിർദ്ദേശിച്ചു.
അവളത് വലിച്ചെടുത്ത്, വട്ടത്തിൽ മുറിച്ച്, തിരിച്ചൊട്ടിച്ചു.
"ഇപ്പോളെങ്ങനെ,നന്നായിട്ടുണ്ടോ?" അവൾ ഡന്നോയ്ക്ക് നേരെ തിരിഞ്ഞു ചോദിച്ചു.
" ഉവ്വ്. നിനക്കത് നന്നായി ചേരുന്നുവെന്നു കൂടി എനിക്ക് തോന്നുന്നു ," അവൻ പറഞ്ഞു.
ധാന്യമണി കണ്ണുകൾ ഇറുക്കി കണ്ണാടിയിൽ തന്നെ നിരീക്ഷിച്ചു.
"ഇനിയെൻ്റെ ഷർട്ടും ട്രൗസറും താ," ഡന്നോ  പറഞ്ഞു.
"അതൊക്കെ പല്ലും മുഖവുമൊക്കെ വൃത്തിയാക്കിയതിനു ശേഷം," അവൾ പറഞ്ഞു.

ധാന്യമണി ഡന്നോയെ അടുക്കളയിലേക്ക് കൂട്ടിക്കൊണ്ടുപോയി; അവിടെയുണ്ടായിരുന്ന മുഖം കഴുകാനുള്ള ബേസിനും, സോപ്പും പേയ്സ്റ്റും വച്ച തട്ടും, ആണിയിൽ തൂക്കിയിട്ട തോർത്തും കാട്ടിക്കൊടുത്തു.

"ഇതാ, പല്ലുതേക്കാനുള്ള ബ്രഷും പേസ്റ്റും. പല്ലു തേച്ചാട്ടെ," ധാന്യമണി ബ്രഷ് അവനു നേരെ നീട്ടി.
"ടൂത്ത് പേസ്റ്റ് എനിക്ക് സഹിക്കാൻ പറ്റില്ല," ഡന്നോ പിറുപിറുത്തു.
"എന്തേ?"
"അതിനൊരു പൊട്ട രുചിയാണ്."
"അതിനത് തിന്നണ്ട കാര്യമില്ലല്ലോ."
"എന്നാലും, നാവെരിയും."
"കുറച്ചു നേരത്തേക്കല്ലേ."

അവൻ ബ്രഷെടുത്ത്, മനസില്ലാമനസ്സോടെ രണ്ടോ മൂന്നോ തവണ പല്ലുകൾക്ക് മീതെ ഓടിച്ചു; എന്നിട്ട്, തുപ്പി; മുഖം വികൃതമാക്കി. പിന്നീടവൻ വായ കുലുക്കിയുഴിഞ്ഞു കഴുകി; സോപ്പുകൊണ്ട് കൈകളും കഴുകി. കൈകഴുകിയതിനു ശേഷം, സോപ്പ് തട്ടിൽ തിരിച്ചു വച്ച്, അവൻ മുഖവും കഴുകി. 

"പറ്റില്ലാ! മുഖവും സോപ്പുകൊണ്ട് കഴുകണം," ധാന്യമണി പറഞ്ഞു.
"നാശം!" ഡന്നോ പറഞ്ഞു. "സോപ്പ് എൻ്റെ കണ്ണിൽ പോയാലോ?"
"സോപ്പിട്ട് മുഖം കഴുകിയില്ലെങ്കിൽ നിനക്കു നിൻ്റെ ഉടുപ്പ് കിട്ടില്ല," ധാന്യമണി അവസാന വാക്കായ് പറഞ്ഞു.

രക്ഷയില്ലെന്ന് അവനു മനസ്സിലായി. അവൻ മുഖത്ത് സോപ്പ് പതപ്പിച്ചു; ആകാവുന്നത്ര വേഗം മുഖം കഴുകി.
"ബ്ർ..ർ..ർ," അവൻ തണുത്തു വിറച്ചു. "വെള്ളത്തിനെന്തൊരു തണുപ്പ്!"  
ഒന്നു രണ്ടു തവണ മുഖത്ത് വെള്ളം തളിച്ച ശേഷം, അവൻ കണ്ണുതുറക്കാതെ ചുമരിൽ തപ്പി.
"നീയെന്തായീ തപ്പുന്നത്?" ചിരിയടക്കാൻ പാടുപെട്ട് ധാന്യമണി ചോദിച്ചു.
"ത്...തോർ..ത്ത്."
"കണ്ണടച്ചാൽ അതെങ്ങിനെ കാണും? കണ്ണ് തുറ."
"എന്നിട്ടു വേണം സോപ്പ് കണ്ണിലാകാൻ."
"ശരിക്ക് കഴുകിയിട്ടുണ്ടെങ്കിൽ കണ്ണിലാകില്ല."

ധാന്യമണി തോർത്തെടുത്ത് അവനെയേൽപ്പിച്ചു. മുഖം അഞ്ചാറു തവണ തുടച്ചതിനു ശേഷമേ ഡന്നോ കണ്ണു തുറന്നുള്ളൂ.

"ഇപ്പൊ നിന്നെക്കണ്ടാൽ, മുമ്പത്തേക്കാൾ എത്രയോ വൃത്തിയും സൗന്ദര്യവും തോന്നുന്നുണ്ട്." ധാന്യമണി പറഞ്ഞു; പക്ഷേ, തോർത്തിലെ അഴുക്കിൻ്റെ  അടയാളങ്ങൾ കണ്ടപ്പോൾ അവൾ കൂട്ടിച്ചേർത്തു: "ഇത്തവണ ഞാൻ നിന്നോട് അൽപ്പം ദയവ് കാണിച്ചു. അടുത്ത തവണ ഇതിനേക്കാൾ നന്നായി കഴുകിയേക്കണം."

അതിനു ശേഷം, അവൾ അവൻ്റെ  ഉടുപ്പുകൾ കൊണ്ടു വന്നു.

"ഉടുപ്പണിഞ്ഞു കഴിഞ്ഞാൽ മുകളിലേക്ക് വാ. ചായ കുടിക്കാം," അവൾ പറഞ്ഞു. "വിശക്കുന്നുണ്ടാകും, അല്ലെ?"
"നല്ല വിശപ്പുണ്ട്," ഡന്നോ സമ്മതിച്ചു. "ഒരാനയെത്തിന്നാനുള്ള വിശപ്പ്."
"പാവം!"  ധാന്യമണി പറഞ്ഞു. " ശരി, വേഗമാകട്ടെ. ഞങ്ങൾ നിന്നെ കാത്തിരിക്കുന്നുണ്ടാകും.
**************************************************






















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹാംലെറ്റ് II. 2

II. 2  വാദ്യമേളം.  രാജാവ്, രാജ്ഞി, റോസൻക്രാൻറ്സ്, ഗിൽഡൻസ്റ്റേൺ(1) എന്നിവർ പ്രവേശിക്കുന്നു; ഒപ്പം പരിചാരകരും.   രാജാവ്: പ്രിയപ്പെട്ട റോസൻക്രാ...